Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 17, 2005

പാട്ടി.

വരികയാണ്...

രാത്രിയുടെ എതോ യാമത്തിൽ ഉറക്കച്ചടവിൽകാത്തിരുന്ന തന്റെ കൈകളിലേക്ക്‌, ചിപ്പിയുപേക്ഷിച്ച്‌ വീണ മുത്ത്‌.

പിന്നൊരു സന്ധ്യയിൽ മഞ്ഞൾവെള്ളം ഉടലിൽ പൊതിയുമ്പോൾ പഴയ ചിട്ടകൾക്കെതിരെ ഉയർന്ന സ്വരം.

വർഷങ്ങൾക്ക്‌ ശേഷം നാലു നാൾ ആഘോഷം കഴിഞ്ഞ്‌ പട്ടിലും പൊന്നിലും പൊതിഞ്ഞ്‌ സ്വയം നേടിയെടുത്ത സൌഭാഗ്യത്തിന്റെ സാഫല്യവുമായി നിറകണ്ണുകളോടെ പറിച്ചുനടപ്പെട്ട പുണ്യം.

അവൾ വരികയാണ്...

കാലിൽ കൊലുസിന്റെ സംഗീതമില്ലാതെ,
കൈകളിൽ വളകളുടെ പൊട്ടിച്ചിരിയില്ലാതെ,
നിലത്തിഴയുന്ന പട്ട്‌ ചേലയുടെ സ്വരമില്ലാതെ,
മുടിയിൽ, പൂക്കളുടെ മന്ദഹാസമില്ലാതെ,
പൊൻ വർണമാർന്ന മുഖത്ത്‌ സൂര്യതേജസ്സില്ലാതെ,
സീമന്തരേഖയിൽ സിന്ദൂരത്തിളക്കമില്ലാതെ.
കൈകളിൽ ചേർത്തുകൊടുത്ത കൈകളില്ലാതെ,

പേരക്കുട്ടി...

നിറമില്ലാത്ത തന്റെ ലോകത്തിനൊരു കൂട്ടായി വിധി പറഞ്ഞയച്ചവൾ.
സ്വീകരിക്കാൻ, ഹൃദയത്തോട്‌ ചേർത്ത്‌ പുൽകാൻ, ആ കണ്ണിലെ കടൽ എന്നെങ്കിലും വറ്റിച്ചെടുക്കാൻ തനിക്കാവുമോ?

ഇല്ല, വയ്യ, സ്വരുക്കൂട്ടി വെച്ച ശക്തിയെല്ലാം ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞു.

പാട്ടീ....

വെള്ളച്ചേലയിൽ ആ രൂപം ഒന്നു മിന്നിമറഞ്ഞോ. കാണാൻ കരുത്തില്ല.
വിട......

ഹൃദയം അവസാനമായി തേങ്ങി, പിന്നെ നിശബ്ദമായി.

11 Comments:

Blogger SunilKumar Elamkulam Muthukurussi said...

:)

Sat Dec 17, 01:28:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഈശ്വരന്മാര്‍ കൊടുത്തതിലും വലിയ ശിക്ഷ മനുഷ്യര്‍ വിധിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഒരറ്റത്ത് മുന്നോട്ടുള്ള വഴി മാഞ്ഞുപോയി പകച്ചുനില്ക്കുന്ന ആയിരങ്ങളില്‍ ഒരുവള്‍.
"നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം"
യുവാക്കള്‍ക്കുളള സമരാഹ്വാനം കേട്ടില്ലെന്നു നടിക്കാം. ഒരിക്കലും പൊളിയാത്തൊരു ചിപ്പിക്കുള്ളില്‍ നമുക്കൊന്നുകൂടി കൂനിക്കൂടാം.
വിരിയനിരിക്കുന്ന ചിപ്പിക്കുള്ളില്‍ ഒരു മുത്തായിരിക്കുമെന്നവര്‍ വെറുതേ കിനാവു കണട്ടെ.

Sat Dec 17, 04:07:00 pm IST  
Blogger സു | Su said...

പ്രിയൻ വെള്ളാനി,

ഈ ബ്ലോഗിലുള്ള JUNE 20 Monday 2005 ന് ഞാൻ വെച്ച പോസ്റ്റ് കണ്ടില്ല അല്ലേ. എവിടെയോ ഒരു കീ ജയ് വിളി കണ്ടു. അതുകൊണ്ട് ചോദിച്ചതാ.

Sat Dec 17, 05:50:00 pm IST  
Blogger സു | Su said...

പിന്നെ, പ്രിയൻ വെള്ളാ‍നിയ്ക്ക് അന്യരുടെ കുറ്റവും കുറവും കണ്ടുപിടിക്കൽ അല്ലാതെ വേറെ ജോലിയൊന്നുമില്ലെങ്കിൽ ഒരു പത്ത് കഥ എഴുതിത്തന്നാൽ വല്ല വാരികയ്ക്കോ മാസികയ്ക്കോ വിറ്റ് കാശാക്കാമായിരുന്നു. ഭയങ്കര ദാരിദ്ര്യം.

Sat Dec 17, 06:02:00 pm IST  
Blogger Kalesh Kumar said...

:(

Sat Dec 17, 06:18:00 pm IST  
Blogger സു | Su said...

സുവിന്റെ കണ്ടുപിടിത്തങ്ങൾ

പ്രിയൻ വെള്ളാനി ഐ ഡി ഉണ്ടാക്കിയത് സെപ്തംബറിൽ.

രേഷ്മ, സുധച്ചേച്ചി, കുട്ട്യേടത്തി എന്ന വേറെയും സ്ത്രീബ്ലോഗ്ഗർമാരുണ്ടെങ്കിലും പ്രിയൻ വെള്ളാനി എന്ന വെറും ഒരു ഐ ഡി ( ബ്ലോഗില്ല) വന്ന് തുലനം ചെയ്യുന്നതും കുറ്റം കണ്ടുപിടിക്കുന്നതും സു വിന്റെ ബ്ലോഗിൽ മാത്രം.

അതുല്യാമാഡം പെട്ടെന്ന് എഴുതിയ ഒരു കഥയുമായി തുലനം ചെയ്തത് സു ഇന്ന് പോസ്റ്റ് ചെയ്ത കഥ.അർഥം വേറെ വാക്കുകൾ വേറെ.

അതേ സമയം സു പണ്ടെങ്ങോ എഴുതിയ ഒരു കഥയുമായി അതുല്യാമാഡം ഇന്ന് പെട്ടെന്ന് എഴുതിവെച്ച കഥയ്ക്കുള്ള സാമ്യം കാണാതെ അതിനു ഒരു കീ ജയ് വിളിക്കൽ.

പ്രിയൻ വെള്ളാനി വന്ന് കുറ്റം തിരയുന്നത് ഓഫീസ് ടൈമിൽ മാത്രം. ( ഇനി അതു മാറും. ചിലപ്പോൾ ഇന്നു തന്നെ )

ഇതിന്റെയൊക്കെ അർഥം എന്താ?

അസൂയയോ ഇൻഫീരിയോറിറ്റി കോമ്പ്ലക്സോ?

അതോ വേറെ വല്ലതുമോ?

ഇനി സുവിന്റെ തീരുമാനം.
ഒരു പ്രിയനോ, ഒരു ലവനോ ഒരു മൂകസാക്ഷിയോ വന്ന് മുഖമില്ലാതെ നാടകം നടത്തിയാൽ സു എഴുതുന്നത് നിലയ്ക്കില്ല. അതിനു ഒന്നുകിൽ ദൈവം വിചാരിയ്ക്കണം അല്ലെങ്കിൽ സു.

ഒരു കാര്യത്തിൽ സു വിനു വളരെ സന്തോഷമുണ്ട്. ഒരു വർഷം യാതൊരു കള്ളത്തരവും തട്ടിപ്പുമില്ലാതെ
ബ്ലോഗിൽ പോസ്റ്റ് വെച്ച്, എല്ലാവരുടെയും ബ്ലോഗിൽ സുവിന്റെ സ്വന്തം ഐ ഡിയിൽ ലോഗിൻ ചെയ്ത് കമന്റ് വെച്ച് ആരോടും മത്സരമില്ലാതെ, അസൂയയില്ലാതെ , അപരന്മാരേയും, പരിചയക്കാരേയും ഇടപെടുത്താതെ, മുന്നോട്ട് പോകുന്നു. ഇനിയും അതു തന്നെ തുടരും. അതിനൊരു പേരുണ്ട്. സംസ്കാരം.

Sat Dec 17, 09:04:00 pm IST  
Blogger myexperimentsandme said...

നല്ല കഥ, സൂ.. നന്നായിരിക്കുന്നു. സൂ പറഞ്ഞതുപോലെ, എഴുതണമെന്നു തോന്നുമ്പോളൊക്കെ എഴുതുക. വായിയ്ക്കാനും അഭിപ്രായം പറയാനും ആൾക്കാർ അനവധി.

Sat Dec 17, 09:20:00 pm IST  
Blogger ഉമേഷ്::Umesh said...

എന്തിനാ സൂ ഈ വേണ്ടാത്ത വഴക്കൊക്കെ ഉണ്ടാക്കുന്നേ? (ഞാന്‍ ചേട്ടനോടു പറയുമേ :-) ) സമയവും എനര്‍ജിയും സമചിത്തതയുമൊക്കെ കളഞ്ഞു്‌?

പ്രിയനു്‌ അങ്ങനെ ഒരു അഭിപ്രായം തോന്നിയെങ്കില്‍ ഇങ്ങനെയോ മറ്റോ ഒരു മറുപടി എഴുതിയാല്‍ പോരേ?

പ്രിയനു്‌,

വിധവകളെപ്പറ്റി ഒരുപാടു പേര്‍ കഥകളെഴുതിയിട്ടുണ്ടു്‌. പ്രധാന ആശയത്തിലല്ലാതെ അതുല്യയും ഞാനുമെഴുതിയ കഥകള്‍ക്കു്‌ ഒരു സാദൃശ്യവുമില്ല.

ഇനി മറിച്ചു്‌ ഒരു ഉദാഹരണം വേണമെങ്കില്‍ ഞാന്‍ ജൂണ്‍ 20-നു്‌ എഴുതിയ ഈ കഥയും, അതുല്യ ഡിസംബര്‍ 12-നു്‌ എഴുതിയ ഈ കഥയും വായിച്ചുനോക്കൂ. സാദൃശ്യങ്ങളുണ്ടെങ്കിലും രണ്ടാമത്തേതു്‌ ആദ്യത്തേതിന്റെ അപഹരണമോ അനുകരണമോ ആണെന്നു പറയുന്നതു മണ്ടത്തരമല്ലേ?

സു

ഇത്രയും പോരേ? അതല്ലാതെ "കീജെയ്‌ വിളി", "തെണ്ടിപ്പട്ടികള്‍", "ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സ്‌" എന്നൊക്കെ പറയുകയും അഭിപ്രായം പറയുന്നവരുടെ ഉല്‍പത്തിയുടെ ചരിത്രം ചികഞ്ഞെടുക്കുകയും ചെയ്യുന്നതു്‌ എന്തിനാണു്‌?

ഇതു സു മാത്രമല്ല, മറ്റു പലരും ചെയ്യുന്നുണ്ടു്‌. എല്ലാവരോടും കൂടിയാണു ഞാന്‍ പറയുന്നതു്‌.

ലവന്‍ എഴുതിയ ഒരു കമന്റിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയതു്‌ ഇങ്ങനെയാണു്‌: "നാം പോസ്റ്റുകളെയാണു വിമര്‍ശിക്കേണ്ടതു്‌, പോസ്റ്റ്‌ എഴുതിയവരെയല്ല." ലവനോടു ഞാന്‍ 100% യോജിക്കുന്നു.

ഒരു കാലത്തു്‌ ഇവിടെ മറ്റുള്ളവരുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കി, പ്രോത്സാഹിപ്പിച്ചും തെറ്റുതിരുത്തിയും മുന്നോട്ടു പോയിരുന്ന ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതിനു പകരം എന്തിനു്‌ ഇപ്പോള്‍ ഇങ്ങനെ ചേരി തിരിഞ്ഞു തല്ലുന്നു?

സൂവിന്റെയും അതുല്യയുടെയും വഴക്കു്‌ വേലിയുടെ അപ്പുറവും ഇപ്പുറവും നിന്നു പരസ്പരം ചീത്ത വിളിക്കുന്ന നാടന്‍ കൊച്ചമ്മമാരെ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ രണ്ടുപേരും വളരെയധികം കഴിവുള്ള എഴുത്തുകാരാണു്‌. അവനവന്റെ (അതോ അവളവളുടെ എന്നാണോ പറയേണ്ടതു്‌?) ശൈലിയില്‍ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമാകും. സിബുവിനെക്കൊണ്ടു്‌ ആ "If I were..." ലേഖനം എഴുതിക്കേണ്ടി വരുമായിരുന്നില്ല. ഞങ്ങള്‍ക്കു നിങ്ങള്‍ രണ്ടുപേരുടെയും കഥകള്‍ ഇഷ്ടമാണു്‌.

പിന്നെ, കഥയെഴുതാന്‍ കഴിയാത്തവന്‍ അഭിപ്രായം പറയേണ്ടാ എന്ന അഭിപ്രായത്തോടു (ഈ അഭിപ്രായം ആദിത്യനും വേറേ പലരും പറഞ്ഞിട്ടുണ്ടു്‌.) യോജിക്കാന്‍ കഴിയില്ല. രചനയും ആസ്വാദനവും രണ്ടാണു്‌. യേശുദാസിന്റെ പാട്ടിനെയും മോഹന്‍ ലാലിന്റെ അഭിനയത്തെയും കൊള്ളില്ലെന്നു തോന്നിയാല്‍ കൊള്ളില്ലെന്നു ഞാന്‍ പറയും. അവരുടെ കഴിവിന്റെ ആയിരം കോടിയിലൊരു അംശം പോലും എനിക്കില്ലെങ്കിലും.

പണ്ടു ദ്വിതീയാക്ഷരപ്രാസവാദം എന്ന ബാലിശമായ വാദം നടന്നു്‌ അന്നത്തെ കവികളെല്ലാം ചേരി തിരിഞ്ഞു തല്ലിയപ്പോള്‍ അവസാനം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞു: ...വെറുതേ വാഗ്വിവാദം തുടങ്ങിപ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരേ..." എന്നു്‌. അതുപോലെ ഞാനും പറയുന്നു: "വെറുതേ വഴക്കെടിക്കാതെ കഥകളും കവിതകളും ലേഖനങ്ങളും നാട്ടുവിശേഷങ്ങളുമൊക്കെ എഴുതിക്കൂട്ടുവിന്‍ കൂട്ടുകാരേ".

അയ്യോ ജോലി....

Sat Dec 17, 10:15:00 pm IST  
Blogger evuraan said...

സു

നന്നായിരിക്കുന്നു.

ഇൻഡെന്റിങ്ങ് കഥയുടെ മാറ്റ്‍കൂട്ടിയിട്ടുണ്ട്.

--ഏവൂരാൻ

Sat Dec 17, 10:19:00 pm IST  
Blogger സു | Su said...

ഉമേഷ്,
എനിക്ക് ആരോടും ഒരു വഴക്കുമില്ല.

പോസ്റ്റിനെപ്പറ്റി അഭിപ്രായം പറയണം എന്നുള്ളത് എല്ലാ വായനക്കാർക്കും ബാധകമാണ്. ബ്ലോഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും. അതിനുപകരം എഴുതുന്നവരെപ്പറ്റി അഭിപ്രായം വരുന്നതുകൊണ്ടല്ലേ വഴക്കിലേ കാര്യങ്ങൾ നിൽക്കൂ എന്ന് വരുന്നത്?

Sun Dec 18, 10:03:00 am IST  
Blogger അഭയാര്‍ത്ഥി said...

അനുകരണം മാത്റമാണു സത്യം. അതുല്യയും ,സു വും, ഷകെസ്പെയറും, യേശുദാസും , ഇസക്‌ നൂെടണും അനുകരിക്കുന്നു.
പക്ഷെ പ്റതികരിക്കുന്നവറ്‍ ഈ ലിസ്റ്റില്‍ സുവും അതുല്യയും.

ഗന്ധര്‍വോപദേശം ഫ്റീ ആയി:- പോട്ടും.

സുവിന്റെ കഥ നന്നായിരിക്കുന്നു. സുവിന്റെ വ്യക്തി മുദ്ര പതിഞ്ഞിരിക്കുന്നു. എഴുതുക- കഥകള്‍.
(I did n't mean that u copied atulya- only similarity is that the stories are of 2 different widows)

Sun Dec 18, 10:18:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home