Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 27, 2008

പാവം

പുലരിയിൽ വന്നണയുന്ന സൂര്യനെക്കാണുവാൻ
പതിവായി മൺ‌കട്ട കാത്തിരുന്നു.
സൂര്യനുദിച്ചു നടന്നുതുടങ്ങുമ്പോൾ
മൺകട്ടയെന്തിനോ സന്തോഷിച്ചു.
ഒരുനാൾ, എന്നെങ്കിലുമൊരുനാളിൽ സൂര്യൻ
തന്നെയും കാണുമെന്നാശ്വസിച്ചു.
സൂര്യൻ വരുമ്പോൾ ചിരിക്കുന്ന പൂക്കളും
ചെടികളും, മൺകട്ട കണ്ടുനിന്നു.
സൂര്യനവരുമൊത്തുല്ലസിച്ചാറാടി,
ഒടുവിൽ കടലിൽ മറഞ്ഞുപോകും.
സൂര്യനോടൊപ്പം ചിരിച്ചുമിണ്ടുന്നത്
നിത്യവും മൺകട്ട സ്വപ്നം കണ്ടു.
പറയാതെയറിയാതെ വന്നൊരു മഴയിൽ
പാവമാ മൺകട്ടയലിഞ്ഞുപോയി.
മഴ പോയൊളിച്ചനാൾ വീണ്ടുമെത്തീ സൂര്യൻ
മൺകട്ട കാത്തിരിപ്പില്ലെന്നാലും.

Labels:

Monday, September 22, 2008

കടൽ

ആഞ്ഞടിക്കുന്ന ചിന്തകളും,
ആഴത്തിലെവിടെയോ മുങ്ങിക്കിടക്കും മോഹങ്ങളും,
അനുഭവങ്ങളുടെ ഉപ്പുരസവും,
യാഥാർത്ഥ്യത്തിന്റെ പരുക്കൻ മണൽത്തരികളും,
സ്വപ്നത്തിന്റെ പവിഴപ്പുറ്റുകളും,
എത്ര ശ്രമിച്ചാലും പിടിതരാതെയോടുന്ന, ആഗ്രഹത്തിന്റെ ഞണ്ടുകളും
എന്നെയോർമ്മിപ്പിക്കുന്നു.
മനസ്സൊരു കടലാണ്.
എന്നാലും ശാന്തമായിരിക്കണം.
കടലിനെ സ്നേഹിക്കുന്നവർക്കും,
അറിയാൻ ശ്രമിക്കുന്നവർക്കും,
സുനാമിത്തിരകൾ ഒരു ശാപമാവും.

Labels:

Tuesday, September 16, 2008

വെളിച്ചം

ദൈവം കൊളുത്തും വിളക്കാണു സൂര്യൻ,
വിളിക്കാതെയണയും സുഹൃത്താണു സൂര്യൻ,
ഭൂമിക്കു കിട്ടിയ വരമാണു സൂര്യൻ.
ഭൂമിക്കു മുഴുവൻ വെളിച്ചമേകാൻ,
ഒരു കുഞ്ഞുപൊട്ടായ് ഉദിച്ചുനിൽക്കും,
പിന്നെജ്ജ്വലിച്ചു തിളങ്ങിനിൽക്കും,
അതുകഴിഞ്ഞാലോ മറഞ്ഞുനില്ക്കും.
ഒരു നാളിൽ വന്നില്ല സൂര്യനെങ്കിൽ
ഭൂമിയിരുട്ടിൽ കിടന്നുഴറും.
എന്നുമാദീപം കൊളുത്തിവയ്ക്കും
ദൈവത്തിനെന്നും നാം നന്ദിയോതാം.
പതിവായി സൂര്യൻ വരുന്നപോലെ
ദുഃഖത്തിനിരുളിൽ നാം നിന്നിടുമ്പോൾ
ദൈവമോ സൗഖ്യത്തിൻ വെട്ടം തരും.
എന്നും ഭൂമിയിലിരുളാവില്ലതുപോലെ-
യെന്നും മനുഷ്യർക്ക് ദുഃഖമില്ല.

Labels:

Monday, September 15, 2008

ഒരോണംകൂടെ വന്നു പോയി

ഒരോണംകൂടെ നമ്മുടെ ഇടയിലേക്ക് വന്നുപോയി. വീണ്ടും വരാമെന്നും പറഞ്ഞ് പോയതുതന്നെ. കുട്ടിക്കാലത്തെ ഓണമാണ് ശരിക്കുള്ള ഓണം. ഇന്നത്തെ കുട്ടികളുടെ കാലമല്ല. നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ഓണം. ഇന്നത്തെക്കുട്ടികൾക്ക് അത്രയ്ക്ക് പുതുമയൊന്നുമില്ല ഓണം വരുമ്പോൾ. പൂക്കളം ഇടാൻ നേരവുമില്ല. പൂ പറിക്കാൻ പോകാറുമില്ല. വീട്ടിലിരുന്ന് ഒഴിവുദിനം ആഘോഷിക്കും. അത്ര തന്നെ. നാട്ടിൻപുറത്ത് കുട്ടികൾക്കൊക്കെ ഇന്നും അന്നത്തെപ്പോലെ ഓണം ഉണ്ട്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ഓണത്തെ വരവേൽക്കാൻ നേരമില്ല. വലിയവർക്കു പറ്റില്ലെങ്കിൽ കുട്ടികൾക്കും പറ്റില്ല.

ഐതിഹ്യം

മഹാബലിയങ്ങനെ എല്ലാ ജനങ്ങളേയും ഒരുപോലെയാക്കി, കള്ളവും ചതിയുമൊന്നുമില്ലാത്ത രാജ്യം ഭരിച്ചങ്ങനെ കഴിയുമ്പോൾ, ദേവന്മാർക്കൊക്കെ അസൂയയായി. അപ്പോൾ അവർ മഹാവിഷ്ണുവിനെത്തന്നെ അഭയം പ്രാപിച്ച് ഇയാളെയിങ്ങനെ വിട്ടാൽ എവിടെയെത്തും, നമുക്കൊരു പാര പണിയേണ്ടേ എന്നു ചോദിച്ചപ്പോൾ വിഷ്ണു, വാമനന്റെ രൂപത്തിൽ പുറപ്പെട്ടു ചെന്ന് മൂന്നടി മണ്ണ് ചോദിച്ചു. ഇന്നാണെങ്കിൽ മൂന്നടി മണ്ണാണെങ്കിലും വെറുതേ ചോദിച്ചാൽ മുന്നൂറ് കിട്ടും. മണ്ണല്ല. അടി. ദാനധർമ്മിഷ്ഠനായ മഹാബലി പറഞ്ഞു, മൂന്നടി മണ്ണല്ലേ എടുത്തോളൂ എടുത്തോളൂ എന്ന്. അപ്പോ വാമനന്റെ രൂപം മാറി. മൂപ്പർ ആകാശം പോലെയങ്ങ് വളർന്ന്, രണ്ടടികൊണ്ട് എല്ലാ ലോകങ്ങളും അളന്നു. മൂന്നടിയ്ക്ക് സ്ഥലമില്ല. തലയ്ക്കടിയേറ്റപോലെ നിന്ന മഹാബലിയോട് മൂന്നാമത്തെ അടി എവിടെവയ്ക്കും എന്നു ചോദിച്ചപ്പോൾ, മഹാബലിയ്ക്ക് ദേഷ്യം വന്നിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ നീയെന്റെ തലേലേയ്ക്ക് വെച്ചോ എന്നു പറയില്ലല്ലോ. ഏതായാലും ചാൻസ് കളയാതെ വാമനൻ, മഹാബലിയുടെ തലയും അളന്നു. ഒടുവിൽ പാതാളത്തില്‍പ്പോയി വസിച്ചോ എന്നും പറഞ്ഞു. അപ്പോ ഞാനെന്റെ പ്രജകളെയൊക്കെ എങ്ങനെ കാണും എന്നു ചോദിച്ചപ്പോൾ, വർഷത്തിലൊരിക്കൽ വന്നു കാണാൻ റിട്ടേൺ ടിക്കറ്റും തരമാക്കിക്കൊടുത്തു വാമനൻ. ഓണത്തിനു വന്നോ കണ്ടോ പൊയ്ക്കോന്നു പറഞ്ഞു. അങ്ങനെ പ്രജകളെക്കാണാൻ മഹാബലി വരുമ്പോൾ പ്രജകൾ സന്തോഷമായി ആഘോഷിക്കുന്നതാണ് ഓണം.
ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ശരിക്കും ആഘോഷിക്കും. അത്തം മുതൽ പത്തുദിനം, പൂവൊക്കെപ്പറിച്ചും, പൂക്കളം തീർത്തും, തൃക്കാക്കരപ്പനെ വെച്ചു പൂജിച്ചും, സദ്യയൊരുക്കിയും, ഓണക്കോടിയണിഞ്ഞും, ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കും.

അന്നോണം


എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഓണാഘോഷം അതിഗംഭീരമായിരുന്നു എന്നു പറയാം. ആദ്യമേ അച്ഛനോട് പറയും, ഓണക്കോടിയുണ്ടെങ്കിലേ ഞങ്ങൾ പൂക്കളമിടൂ എന്ന്. പൂക്കളമിടുന്നവർക്കേ കോടിയുള്ളൂന്ന് അച്ഛനും പറയും. വെറുതേ അങ്ങോട്ടുമിങ്ങോട്ടും പുന്നാരം പറയുകയാണെന്നും കോടിയും പൂക്കളവും ഉണ്ടാവും എന്ന് രണ്ട് കൂട്ടർക്കും അറിയാം. പച്ച ഓലകൊണ്ട് പൂക്കൊട്ട ഉണ്ടാക്കിയിട്ടുണ്ടാവും വീട്ടിലെ മുതിർന്നവർ ആരെങ്കിലും. ചെറിയ ഇടുങ്ങിയ കൊട്ടയിൽ/അഥവാ കുട്ടയിൽ തുമ്പപ്പൂ ഇടും. വേറെ രണ്ടെണ്ണം കൂടെയുണ്ടാവും. ഒന്നിൽ വലിയ പൂക്കളൊക്കെ ഇടും. ഒന്നിൽ കാക്കപ്പൂവും, നെല്ലിന്റെ വരിയും ഒക്കെ. നെല്ലാവുന്നതിനുമുമ്പുള്ളത്. വയലിന്റെ ഉടമകളോട് അതിനു ആവശ്യത്തിനു കിട്ടുകയും ചെയ്യും. അതിരാവിലെ എണീറ്റ് പുറപ്പെടും. പൂവിളിയുമായി. പൂവേപൊലിപ്പാട്ടും, ആന പോകുന്ന പൂമരത്തിന്റെ എന്നപാട്ടുമാണ് അധികം പാടുക. ഓരോ വഴികളിലൂടെയൊക്കെപ്പോയി, വരമ്പത്തും വേലിയിലും നിൽക്കുന്ന പൂക്കളൊക്കെ എല്ലാവരും മത്സരിച്ച് കൊട്ടയിലാക്കും. പൂക്കളമിടാത്ത വീടോ, നിറയെ പൂവുള്ള വീടോ ഉണ്ടെങ്കിൽ അവർ, ഞങ്ങളെ കാണുമ്പോൾ ചിലപ്പോൾ പൂവ് തരികയും ചെയ്യും. ദൂരെയൊക്കെ ചുറ്റിക്കറങ്ങി വന്ന്, അടുത്തുള്ള പറമ്പിൽ നിന്നൊക്കെ പൂവൊക്കെ സംഘടിപ്പിച്ച്, കൊണ്ടുവെച്ച് കുളിച്ചമ്പലത്തില്‍പ്പോയി വന്ന്, മുക്കുറ്റിപ്പൂവ് പറിക്കും. ശ്രദ്ധയോടെ ചെയ്യണം. ഓരോ മുക്കുറ്റിപ്പൂവ് ആയിട്ട് പറിച്ചെടുക്കണം. പിന്നെ മുള്ളിന്റെ പൂവ്/ തൊട്ടാവാടിപ്പൂവ് പറിക്കും. അതുകഴിഞ്ഞ് വീട്ടിലെ ചെടികളിൽ എന്തൊക്കെയുണ്ടോ അതൊക്കെ പറിക്കും. അതാരും കൊണ്ടുപോവില്ലല്ലോ. ചെമ്പരുത്തിയുണ്ടാകും, കാശിത്തുമ്പയുണ്ടാവും. സീനിയ എന്ന പൂവുണ്ടാവും. പിന്നെ അപൂർവ്വം ചില പൂക്കൾ ഒന്നോ രണ്ടൊ ഒക്കെയുണ്ടാവും. മന്ദാരവും കോളാമ്പിപ്പൂവും സുഗന്ധരാജ് എന്ന പൂവും ഉണ്ടാവും. അതൊക്കെ കുറച്ചേ ഉണ്ടാവൂ. എന്നാലും പറിച്ചെടുക്കും. പിന്നെ കളർ ഇലകൾ ഒക്കെ അരിഞ്ഞെടുക്കും. മൺ‌വരമ്പിൽ നിന്ന് പച്ച ഇല പറിച്ചെടുക്കും. മുറ്റത്ത് മഴപെയ്താൽ ഒക്കെ പോകില്ലേ? അതുകൊണ്ട് വരാന്തയിലാണ് പൂക്കളം. ഞങ്ങളുടെ ജോലിക്കാരി ചിലപ്പോൾ അടിച്ചുവാരി വൃത്തിയാക്കിയിട്ടിട്ടുണ്ടാവും. അല്ലെങ്കിൽ ഞങ്ങൾ തന്നെ ജോലിക്കാർ ആവും. വൃത്തിയാക്കി പൂക്കളം തീർക്കും. അതുകഴിഞ്ഞാൽ ചായ. ചിലപ്പോൾ പൂവൊക്കെപ്പറിച്ച് കുളിച്ചുവരുമ്പോഴേക്കും വിശന്നിട്ടു കണ്ണുകാണില്ല. അപ്പോൾ ആദ്യം ചായ, പിന്നെ പൂക്കളം. അതുകഴിഞ്ഞാൽ അമ്മയെ ജോലിയിൽ കുറച്ച് സഹായിച്ച് വീടുവിട്ടിറങ്ങും. അതും വീട്ടുകാർക്ക് ഒരു സഹായം തന്നെ. ;) എന്നിട്ട് കൂട്ടുകാരുടെയൊക്കെ വീടുകളില്‍പ്പോയി അവരിട്ട പൂക്കളമൊക്കെ കണ്ട്, അന്നത്തെ പൂവിന്റെ നിലവാരമൊക്കെ ചർച്ച ചെയ്ത് വീട്ടിലെത്തും. പിന്നെ ഉച്ചയ്ക്കുശേഷം കൂട്ടുകാരൊക്കെ വരുമ്പോൾ സാറ്റ് കളി, നീന്തൽ, അങ്ങനെ പോകും. പിറ്റേന്ന് വീണ്ടുമെണീറ്റ് പൂ പറിയ്ക്കൽ. ഉത്രാടത്തിനോ തിരുവോണത്തിനോ ഓണപ്പൊട്ടൻ വരും. ഓണപ്പൊട്ടൻ അല്ലെങ്കിൽ ഓണേശ്വരന്റെ വേഷം കെട്ടി വരുന്നതാണ്. മണികിലുക്കി, ഓലക്കുടയിൽ തൊങ്ങലും തൂക്കി വരും. എല്ലാ വീടും കയറിയിറങ്ങും. അരിയോ പൈസയോ കൊടുക്കണം. ഓണത്തിനു വരുന്ന നല്ല ഏതെങ്കിലും സിനിമ കാണാനും പോകാറുണ്ട്. പിന്നെ സ്കൂൾ തുറക്കുമ്പോഴേക്കും ഓണവിശേഷങ്ങളുമായി, ഓണപ്പുടവയും ഇട്ട് ഓടിച്ചെല്ലാൻ കാത്തിരിക്കും.

ഇന്നോണം


ഇന്ന് മഹാബലി ഓടിക്കിതച്ചുവരുമ്പോഴോ? പണ്ടൊക്കെ നല്ല ഉഷാറായിരുന്നു ആളുകൾ. ഇന്ന് അതിലും ഉഷാർ. പഠിക്കാൻ പോകുന്നു, ജോലിക്കു പോകുന്നു. തിരക്കോടുതിരക്ക്. ഓണത്തിനു പൂക്കളം ഇടേണ്ട സമയത്തോ? പുരുഷന്മാർ മദ്യഷാപ്പിനു മുന്നിൽ ക്യൂ നിൽക്കുന്നു. സ്ത്രീകൾ വസ്ത്രക്കടകളിലും ആഭരണക്കടകളിലും കയറിയിറങ്ങുന്നു. കുട്ടികൾ ടി. വി. യ്ക്കും കമ്പ്യൂട്ടറിനും മുന്നിലിരിക്കുന്നു. പൂക്കളവുമില്ല, പൂവിളിയുമില്ല. എന്നാൽ സദ്യയെങ്കിലും വേണ്ടേന്ന് ചോദിച്ചാൽ ഓണസ്സദ്യക്കിറ്റും വാങ്ങി ഓടിക്കിതച്ചുവരും.
ഇത്തവണ ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകേട്ടാൽ, കുടിക്കാതെതന്നെ മഹാബലി ബോധം കെടും.
ചാനലുകളാണെങ്കിൽ ഞങ്ങളോടൊപ്പം ഞങ്ങളോടൊപ്പം എന്നും പറഞ്ഞ് സകല പടങ്ങളും എടുത്തിട്ട് നമ്മെ അതിനുമുന്നിൽ ഇരിപ്പിക്കും.

അന്നുമിന്നും

അന്നായാലും ഇന്നായാലും ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ഉണ്ട്. അതിന്റെ പ്രാധാന്യത്തോടെ തന്നെ. പൂക്കളമിട്ട് സദ്യയൊരുക്കി സന്തോഷം പങ്കുവെക്കുന്നവർ. എത്ര ദൂരത്തിലായാലും ഒരുവിധം നിവൃത്തിയുണ്ടെങ്കിൽ ഓണത്തിനു നാടും വീടുമണയുന്നവർ. അല്ലെങ്കിൽ ഉള്ളിടത്തുനിന്ന്, ഉള്ളതുപോലെ ഓണമാഘോഷിക്കുന്നവർ. ഓണം സന്തോഷമായി കണ്ട് തന്റെ സന്തോഷത്തിൽ നിന്ന് മറ്റുള്ളവർക്കും ഒരു പങ്കുകൊടുക്കുന്നവർ. പ്രിയപ്പെട്ടവർ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നറിയുമ്പോൾ ഓണത്തിന്റെ സന്തോഷം ഇരട്ടിക്കുന്നു.
എനിക്ക് അന്നും ഇന്നും ഓണം ആഘോഷിക്കുന്നതാണിഷ്ടം. ഓണം ആഘോഷിക്കുന്നവരെയാണിഷ്ടം. വസ്ത്രത്തിന്റേയും ആഭരണത്തിന്റേയും പൊലിമയിലും, ഓണത്തിനു “പൊടിച്ചു’ കളയുന്ന കാശിലുമല്ല കാര്യം. ഓണം സന്തോഷമായി ആഘോഷിക്കുന്നതിലാണ്. കോടിയുണ്ടെങ്കിൽ ഉടുക്കുക. അല്ലെങ്കിൽ നല്ല വസ്ത്രം ഉടുക്കുക. കൂട്ടുകാരോടൊക്കെ ഓണത്തിന്റെ സന്തോഷം പങ്കുവെക്കുക. നല്ലൊരു സദ്യ, ചെറിയ തോതിലാണെങ്കിലും വീട്ടിലുണ്ടാക്കിക്കഴിക്കുക. ആഘോഷിക്കണമെന്നുണ്ടെങ്കിലും ഒരുപാട്പേർക്ക് അതൊരു സ്വപ്നമായിരിക്കും. സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക. ഓണക്കാലത്തെങ്കിലും എല്ലാവരും സുഖവും സന്തോഷവുമായിരിക്കാൻ പ്രാർത്ഥിക്കുക.

മഹാബലി വരുന്നു എന്നു പറയുന്നത് ഒരു സങ്കല്പം ആയിരിക്കാം. എന്നാലും ഓണമാഘോഷിക്കുമ്പോൾ വരുന്ന സന്തോഷത്തെ മഹാബലിയായി കണക്കാക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി അടുത്ത ഓണംവരേയ്ക്കും കഴിഞ്ഞുപോയ ഓണക്കാലം മനസ്സിൽ സൂക്ഷിക്കാം.

“പൂവിളി പൂവിളി പൊന്നോണമായീ,
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ....”

നേരിട്ട് ആശംസിക്കാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകകൂട്ടുകാർക്കൊക്കെ ഞാൻ മനസ്സിൽ ആശംസ നേർന്നു. എന്നെങ്കിലുമൊരു പൊന്നോണം എല്ലാ കൂട്ടുകാരുടേയും കൂടെ ആഘോഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെനിക്ക്.

Labels:

Tuesday, September 02, 2008

പ്രിയനന്ദിനി

ബെല്ലടിച്ചത് സ്വപ്നത്തിലല്ല എന്തായാലും. തണുപ്പുള്ള ഒരു നട്ടുച്ചയും. അതു കടന്നുപോവാൻ സുഖകരമായ ഒരുക്കവും. അതാണ് പകുതിവഴിക്കു തീർന്നത്.
ഏതെങ്കിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങൾ കെട്ടിയേല്‍പ്പിച്ച് പോകാൻ വരുന്ന സമർത്ഥരിൽ വല്ലവരും ആയിരിക്കും. ആണെങ്കിൽ ഇന്നവരുടെ ദിവസം ഇത്രയും നേരത്തെപ്പോലെ ആവില്ല. അവർ ഇങ്ങോട്ട് പറയുന്നതിനുമുമ്പ് അങ്ങോട്ട് കേൾക്കും.
മുടിയൊന്ന് കോതി, പീപ്പിംഗ് ഹോളിലൂടെ നോക്കുമ്പോൾ കണ്ടത് ഷീലച്ചേച്ചിയെ. വാതിൽ തുറന്നതും, സന്തോഷത്തോടെയുള്ള ചിരിയും, കൈകൊട്ടും കേട്ടു. പ്രിയനന്ദിനി.
“സോറി മാലൂ, തീരെ കൂട്ടാക്കുന്നില്ല. എവിടെയെങ്കിലും പോകണംന്ന്. എല്ലാവരും ഉറക്കമായിരിക്കും. അതുകൊണ്ട് ഇങ്ങോട്ടേ വരാൻ തോന്നിയുള്ളൂ.”
“നല്ല ഉറക്കമായിരുന്നു.” പുഞ്ചിരിച്ചു.
“ആന്റീ’ എന്ന് അവ്യക്തമായ സ്വരത്തില്‍പ്പറഞ്ഞ് പ്രിയനന്ദിനി വന്ന് കെട്ടിപ്പിടിച്ചു.
“അമ്മ പോട്ടേ, നന്ദു വരുന്നോ?” അവൾ വീടിനുള്ളിലേക്ക് കൈ കാണിച്ചു.
‘കുറച്ചുകഴിഞ്ഞുവരാം മാലൂ.’ ഷീലച്ചേച്ചി പോയി.
കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും, വായിൽ നിന്ന് നീരൊലിക്കും, അലറും, പലപ്പോഴും വാശിയും.
എന്നാലും പ്രിയനന്ദിനി എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതിനു സ്നേഹം അഭിനയിക്കാൻ അറിയില്ലല്ലോ. പ്രിയനന്ദിനിയ്ക്ക് വയ്യായിരുന്നു. ശരിക്കും നടക്കില്ല, പത്തുവയസ്സായിട്ടും മറ്റുള്ളവരെപ്പോലെ വ്യക്തമായി ഒന്നും പറയില്ല. ഇടയ്ക്ക് മാത്രം ശക്തിയായി എന്തെങ്കിലും പറയും. അങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ ഇങ്ങോട്ട് അതിനല്ല മറുപടി പറയുന്നത്. നമ്മുടെ ശ്രദ്ധ തിരിക്കുന്നതുപോലെ വേറെ എന്തെങ്കിലുമൊക്കെപ്പറയും. എന്നാലും സ്നേഹമാണ്. അതും ചിലരോട് മാത്രം. 3- ബിയിലെ ലളിതച്ചേച്ചിയേയും 4- സിയിലെ അനിതയേയും ഒന്നും ഇഷ്ടമല്ല. അവരുടെ കുട്ടികൾ ദ്രോഹിക്കുന്നതുകൊണ്ടാണോയെന്തോ.
ഷീലച്ചേച്ചി പരാതി പറയുന്നതും കേൾക്കാം. ‘കുട്ടികൾക്ക് അറിയില്ലെങ്കിലും ഇതിനു അറിയാഞ്ഞിട്ടാണ് വികൃതിയും വാശിയുമെന്ന് അമ്മമാർക്കറിയില്ലേ മാലൂ. എന്നാലും എപ്പോഴും കുറ്റം പറയും. കേൽക്കുന്നത് ചിരിച്ചുകൊണ്ടാണെങ്കിലും, ഉള്ളിൽ കരയുന്ന എന്നെ അവർക്ക് മനസ്സിലാവില്ലേ? ‘
ടി. വി. യിലേക്ക് കൈചൂണ്ടിപ്പറഞ്ഞു. ‘കാണാം’. ഇനി ഉറക്കം കണക്കു തന്നെ. അവൾ എന്തായാലും ഉറങ്ങില്ല. മൃഗങ്ങളൊക്കെയുള്ള ഒരു ചാനൽ വെച്ചുകൊടുത്തു. അതു നോക്കുകയൊന്നുമില്ല. ഒരുമിനുട്ട് കഴിഞ്ഞാൽ എണീറ്റുനടന്ന് മുറിയിലുള്ളതൊക്കെ എടുക്കാൻ തുടങ്ങും. അല്ലെങ്കിൽ ബിസ്ക്കറ്റോ മറ്റോ കൊടുക്കണം. പകുതി താഴെയാവുമെങ്കിലും കുറച്ചൊക്കെ തിന്നും. അല്ലെങ്കിൽ താഴെയിട്ടേക്കും. ഇടയ്ക്കു മാത്രം ഒരു ശാന്തതയുണ്ട്. വയ്യാഞ്ഞിട്ടാണോ എന്നറിയില്ല. കണ്ണും ഉരുട്ടി എന്തൊക്കെയോ ഒരു കളിയുണ്ട് ഇടയ്ക്ക്. അടങ്ങിയിരിക്കാൻ പറഞ്ഞാലും കേൽക്കില്ല. ചിലപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
മുഖം കഴുകി വന്നപ്പോഴാണ് നന്ദുവിന്റെ കൈയിൽ മുട്ടിനു മുകളിലായി ഒരു പോറൽ കണ്ടത്.
“എന്താ നന്ദൂ, ഇത്?”
“ശ്ശ്” കൈപിടിച്ചതുകൊണ്ടാവണം അവൾ അസഹ്യതയിൽ മുഖം ചുളിച്ച് ശബ്ദമുണ്ടാക്കിയത്.
“എന്തു പറ്റീ?”
അവളുടെ മുഖം വാടി. “പോകണം’.
അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
“അവൾക്ക് പോകണംന്ന് പറഞ്ഞു ഷീലേച്ചീ.”
“ഇങ്ങനെയൊരു കുട്ടി. അടങ്ങിയിരുന്നൂടേ കുറച്ചുനേരം’.
“കൈയിൽ എന്തോ മുറിഞ്ഞപോലെയുണ്ട്. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.’
“കത്തിയെടുത്ത് കളിച്ചിട്ടുണ്ടാവും.’ നിസ്സാരമായി ഷീലച്ചേച്ചി പറഞ്ഞു.
തിരിച്ചുപോന്ന് വീണ്ടും ഉറക്കം. ഒരു രാക്ഷസൻ, നന്ദുവിന്റെ പിന്നാലെ പായുന്നു. അവളെ രക്ഷിക്കാൻ താനും. മൂന്നുപേരും അലറുന്നുണ്ട്. ശ്വാസം കിട്ടുന്നില്ല. കരഞ്ഞുകൊണ്ട് ഉണർന്നപ്പോൾ ആരുമില്ല. എന്നാലും ആ സ്വപ്നം മനസ്സിൽനിന്നു പോകാതെ, വീട്ടുജോലിക്കിടയിൽ കൂടെ വന്നു. സേതുവേട്ടനോട് പറഞ്ഞാൽ നിനക്ക് നല്ല സ്വപ്നം കണ്ടൂടേന്ന് ചോദിക്കും. അത്ര തന്നെ. ഇറങ്ങിപ്പോയവരൊക്കെ വരാനായി. സ്കൂൾ ബസ് വരുമ്പോൾ ഗേറ്റിൽ കണ്ടില്ലെങ്കിൽ കുട്ടികൾ പിണങ്ങും. അമ്മയ്ക്കൊന്ന് വേഗം അവിടെ വന്നു നിന്നാലെന്താ? നിന്നാലെന്താ? ഒന്നുമില്ല. ഉച്ച മുഴുവൻ ഉറങ്ങിതീർക്കുകയല്ലായിരുന്നോ.
"ഇതാരുടേയാ അമ്മേ?" സോഫയിൽ നിന്ന് കളിപ്പാട്ടം എന്തോ എടുത്ത് അനു പറഞ്ഞു.
“നന്ദുവിന്റെയാവും. അവളുച്ചയ്ക്ക് വന്നിരുന്നു. കൊടുത്തിട്ട് വരൂ.”
ദിവസങ്ങൾ നിറഞ്ഞപുഴപോലെ ഒഴുകിയൊഴുകിപ്പോകുന്നുണ്ടായിരുന്നു. സ്വപ്നങ്ങൾ ചിലതൊക്കെ ചോദ്യം ചോദിച്ചുകൊണ്ട് പിറകെ വന്നു.
നന്ദു കരഞ്ഞുംകൊണ്ടാണ് ഒരുദിവസം വന്നത്.
“എന്തുപറ്റി?”
എന്തൊക്കെയോ പറഞ്ഞു. അലറി. പിന്നെ ശാന്തമായി മുറിയിലൊക്കെ നടന്ന് കണ്ടതൊക്കെയെടുത്തു. മാറ്റമൊന്നുമില്ല. വാശി. വികൃതി, അലർച്ച.
ഷീലച്ചേച്ചി വന്നപ്പോൾ നന്ദു ടി. വി. കാണുകയായിരുന്നു. അവൾ എന്തുകൊണ്ടോ ചേച്ചിയെ നോക്കിയതുമില്ല, ഒന്നും മിണ്ടിയതുമില്ല. കൂടെ പോയതുമില്ല.
“എന്തു പറ്റീ?” വീണ്ടും ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ പേടി കണ്ടു. മനസ്സിലായില്ല എന്താവും കാരണമെന്ന്. ഒരു അമ്മക്കണ്ണിലൂടെ നോക്കി. എന്നിട്ടും ഒന്നുമില്ല. ഒളിക്കുന്നുണ്ടാവും എന്തെങ്കിലും. മനസ്സ് പോകുക എന്തെങ്കിലുമൊക്കെ വിചാരത്തിലേക്കാവും.
കൈകൾ വീശിയെറിഞ്ഞ് കാലുകൾ അമർത്തിച്ചവിട്ടി കാട്ടാളൻ വരുന്നത് സ്വപ്നത്തിൽ . നന്ദുവും, കാവൽക്കാരിയായി ഞാനും. നന്ദുവിന് അധികം ശ്രദ്ധ കൊടുക്കരുതിനി. അവൾ മറ്റുള്ള കുട്ടികളെപ്പോലെയാവട്ടെ. കൈയില്ലേ? കാലില്ലേ? എല്ലാവരോടും പെരുമാറുന്നതുപോലെ എന്നും പറഞ്ഞുനോക്കി. അവൾ ശ്രദ്ധതിരിക്കാൻ എന്തെങ്കിലും പറഞ്ഞാൽ അതിലുമുച്ചത്തിൽ ഞാനും.
കടയിലൊക്കെ പോയ ഒരു ദിവസം. തിരിച്ചുവന്നപ്പോൾ ഷീലച്ചേച്ചി കരയുന്നു, വാതിലിനു മുന്നിൽ നിന്ന്. ഫ്ലാറ്റിലെ കുറച്ചുപേർ വട്ടംകൂടി നില്‍പ്പുണ്ട്.
നന്ദുവിനെ കാണുന്നില്ലെന്ന് ആരോ പറഞ്ഞു.
“രാക്ഷസൻ.” മനസ്സ് പറഞ്ഞു.
ചുറ്റുപാടും തിരഞ്ഞു. എവിടേം ഇല്ല. ഫ്ലാറ്റിന്റെ അപ്പുറത്തൊരു വീടുണ്ട്. പഴയ വലിയ വീട്. അവിടെ ഒരുഭാഗത്തുമാത്രമേ ആൾക്കാരുള്ളൂ. അവിടെപ്പോയി ചോദിക്കാം. അവരും പറഞ്ഞു, കണ്ടില്ലെന്ന്.
അഭിപ്രായങ്ങളും ചർച്ചകളും ആളുകളും വർദ്ധിച്ചുകൊണ്ടിരുന്നു. എത്രയോ ആൾക്കാർ പ്രതികളായി. നന്ദുവിന്റെ വീട്ടുകാർ നിരുത്തരവാദികളായി.
ഒടുവിൽ നന്ദുവിനെ കണ്ടെത്തി. വലിയ വീടിന്റെ ഒരു ഭാഗത്തുള്ള പുളിമരത്തിന്റെ പിന്നിൽ വിരിപ്പിട്ടപോലെ കിടക്കുന്ന പുളിയിലകൾക്കു മീതെ സുഖമായി ഉറങ്ങുന്നു. ഫ്ലാറ്റിൽ നിന്നു റോഡിൽക്കൂടെയല്ലാതെ ആ വീട്ടിലേക്കു കടക്കാൻ ഒരു മുള്ളുവേലിയുണ്ടെന്ന് എല്ലാരും കണ്ടു. വീട്ടുകാരുടെ പഴയ സൗഹൃദത്തിന്റെ ബാക്കിയാവും. പണ്ട് നന്ദുവിന്റെ കൈ മുറിഞ്ഞതിന്റെ കാര്യം മനസ്സിലായി.
ഷീലച്ചേച്ചി അവളെ വിളിച്ചുണർത്തി. കരയുന്നുണ്ടായിരുന്നു അവർ. നന്ദു എണീറ്റ് ഇരുന്ന് എന്നെയാ‍ണ് നോക്കിയത്. പതിവുപോലെ ചിരിച്ചു. കണ്ണീരിനിടയിലും ചിരിവന്നു. കൂടെയുള്ളവരൊക്കെ അവരുടെ അഭിപ്രായങ്ങൾ മുഴുവൻ പതിരാണെന്ന് കണ്ട് നിരാശയോടെ തിരിച്ചുപോയി.
നന്ദുവിനേയും വലിച്ചുകൊണ്ട് ഷീലച്ചേച്ചി പോയി. പിന്നാലെ ഞാനും. ഷീലച്ചേച്ചിയുടെ മനസ്സപ്പോൾ എനിക്കുമറിയാമായിരുന്നു. അമ്മയുടെ സന്തോഷം.
മുള്ളുവേലി പതുക്കെ മാറ്റാനും പുളി പെറുക്കി തിരിച്ചുവരാനും ഫ്ലാറ്റിലെ മറ്റു കുട്ടികളോടൊപ്പം മിടുക്കിയായി കളിക്കാനും നന്ദുവിനെ പഠിപ്പിക്കുന്നുണ്ടെങ്കിലും എന്നെങ്കിലും അവളുടെ ജീവിതം ചോദ്യചിഹ്നമായി മാറുമെന്ന തിരിച്ചറിവിൽ നെഞ്ചിലെവിടെയോ ഒരു നോവ് കൊളുത്തിവലിക്കുന്നുണ്ട്. എത്രയൊക്കെ വയസ്സായാലും കുട്ടിത്തത്തിനെ പോകാൻ വിടാതെ ദൈവം അയച്ച കുറേ ജന്മങ്ങൾ. ദൈവം എന്താവും ഇവരെക്കുറിച്ചൊക്കെ ചിന്തിച്ചിരിക്കുക? ഈ ലോകത്തിന്റെ വിശാലതയിലേക്ക് എന്നെങ്കിലുമൊരിക്കൽ കൈയും വീശി കടന്നുചെല്ലുമോ ഇവരൊക്കെ. താഴെ, കുറേ ജന്മങ്ങളുടെ സർക്കസ്സ് കണ്ട് മുകളിലിരുന്ന് ചിരിക്കുന്നുണ്ടാവണം ആ ദയാമയൻ!

Labels: