Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 30, 2008

നവംബറിലെ ദുഃഖം








ദൂരത്താണെങ്കിലുമെല്ലാവരും
പ്രാർത്ഥിച്ചിരുന്നൂ നിങ്ങൾക്കുവേണ്ടി
പോരാടുവാനുറച്ചു നിങ്ങൾ
മുന്നോട്ടു കാലടികൾ വച്ചപ്പോഴും
എല്ലാരുമെവിടെയും പ്രാർത്ഥിച്ചിരിക്കും
തങ്ങളെ കാത്തിടും സോദരർക്കായ്.
നന്മയ്ക്കായ് നിങ്ങൾ പോരാടുമ്പോൾ,
ജീവൻ ത്യജിക്കേണ്ടി വന്നുവല്ലോ.
ഓരോ ജീവനും കാക്കുന്ന നിങ്ങളെ
ലോകം മുഴുവനും ആദരിക്കും.
ഇല്ലിനി, നിങ്ങളീ ഭൂമിയിലെങ്കിലും
ഓർമ്മകളെന്നുമുണർന്നീടട്ടെ.
നിങ്ങളെയോർക്കുമ്പോൾ അഭിമാന-
മെങ്കിലും പൊഴിക്കാതെ വയ്യ കണ്ണീർപ്പൂവുകൾ.

മുംബൈയിൽ 26/11/2008 നു നടന്ന തീവ്രവാദിആക്രമണത്തിൽ, അവരെ ചെറുത്ത് നിന്ന് ജനങ്ങൾക്കുവേണ്ടി പോരാടിയ എല്ലാ വീരന്മാർക്കും അഭിനന്ദനങ്ങൾ.


ധീരതയോടെ പോരാടി, മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ ജീവൻ ത്യജിക്കേണ്ടിവന്ന എല്ലാവർക്കും ആദരാഞ്ജലികൾ. നിങ്ങളെയോർത്ത് ഞങ്ങളൊക്കെ അഭിമാനിക്കുന്നു.


മക്കൾ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും സ്നേഹം.

ബുധനാഴ്ച വൈകുന്നേരം കറന്റ് പോയ സമയത്താണ് ഞങ്ങൾ, മുംബൈയിൽ പോകുന്ന കാര്യത്തെക്കുറിച്ച് അരമണിക്കൂർ ചർച്ച ചെയ്തത്. ബുധനാഴ്ച രാത്രിയാണ് അക്രമം തുടങ്ങുന്നത്. ഞാൻ എന്തോ പുസ്തകം വായിക്കുകയായിരുന്നു. അതുകഴിഞ്ഞ് ഉറക്കവും. അതുകൊണ്ട് അറിഞ്ഞില്ല. അറിയുന്നത്, പിറ്റേന്നു രാവിലെയാണ്. “ഓ...ഇതൊക്കെ അങ്ങനെ പോകും, നമ്മുടെ പോലീസും പട്ടാളവും ഒക്കെയുണ്ടല്ലോ” എന്നായിരുന്നു എന്റെ കരുതൽ. ഉച്ചയ്ക്കും തീരാഞ്ഞപ്പോൾ ഒരു പരിഭ്രമം. വൈകുന്നേരമായപ്പോൾ, ഞാൻ കരുതിയതുപോലെ നിസ്സാരമല്ല കാര്യങ്ങൾ എന്നു മനസ്സിലായി. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മോളെ വിളിച്ചു. അവൾ മുംബൈയിലാണ് പഠിക്കുന്നത്. ‘ഹലോ’ ന്നും പറഞ്ഞ് ചിരിക്കുന്നു! ഇങ്ങനെ കുറേ വിളി വന്നതാണെന്ന മട്ടിൽ. കുറച്ചു സമാധാനമായി. പുറത്തൊന്നും ഇറങ്ങരുതെന്നു പറഞ്ഞു. ഇപ്പഴത്തെ കുട്ടികളല്ലേ, എല്ലാർക്കും കൂടെ പോയി ചിത്രമൊക്കെ എടുത്തുവരാംന്ന് പറഞ്ഞാലോ. പിന്നെ ചാനലുകൾ മാറ്റിമാറ്റി ഒരിരുപ്പായിരുന്നു. വെടിയൊച്ച, തീ, പുക. അതിനുള്ളിലൊക്കെ പെട്ടവരെയൊക്കെ കുറിച്ചോർക്കുമ്പോൾ എന്താ ഒരു വിഷമം എന്നു പറയാൻ വയ്യ. വെറും കാഴ്ച്ചക്കാരെ സംബന്ധിച്ച് എന്തായാലും അനേകം മണിക്കൂറിനുശേഷം ഒക്കെയവസാനിച്ചു. നഷ്ടപ്പെട്ടവർക്കോ? അവർക്ക് പുതിയൊരു ജീവിതം തുടങ്ങുന്നേയുള്ളൂ. അവരുടെ ജീവിതത്തിലെ ശൂന്യത ഒരിക്കലും തീരാൻ പോകുന്നില്ല. അവർക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. നമ്മുടെ രാജ്യത്തിലേക്ക് അതിഥികളായി വന്ന ചിലരുണ്ട്. അവരെ വേണ്ടപോലെ രക്ഷിക്കാനും ആദരിക്കാനും വന്നെത്തുമ്പോഴുള്ള അതേ സന്തോഷത്തോടെ തിരിച്ചയയ്ക്കാനും നമുക്ക് കഴിഞ്ഞില്ല. അതിൽ ലജ്ജിക്കുക. ജീവൻ കളഞ്ഞും, അപകടത്തിലേക്ക് ഓടിയടുത്തും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തുനിഞ്ഞ ധീരരായ ചിലരുണ്ട്. അവരെയോർത്ത് അഭിമാനിക്കുക.

Labels: ,

Tuesday, November 25, 2008

ആശാപൂർണ്ണാദേവി വീണ്ടും

പ്രമുഖബംഗാളി എഴുത്തുകാരിയായ ആശാപൂർണ്ണാദേവിയുടെ രണ്ടു നോവലുകളാണ് അണിയറസംഗീതവും ബകുളിന്റെ കഥയും.

മറ്റു രണ്ടുകഥകളെക്കുറിച്ച് ഇവിടെയുണ്ട്.

ബകുളിന്റെ കഥ


ബകുളിന്റെ കഥ പറയുന്നതിനുമുമ്പുതന്നെ ബകുളിന്റെ മുത്തശ്ശി സത്യയുടേയും, അമ്മ, സുബർണ്ണലതയുടെയും കഥ നമ്മൾക്കായി പറഞ്ഞിരുന്നു ആശാപൂർണ്ണാദേവി. കുടുംബജീവിതത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് സ്വാതന്ത്ര്യം തേടി, വേരുകൾ പൊട്ടിച്ചെറിഞ്ഞ് പോയ അമ്മസത്യയെപ്പോലെ ഭാഗ്യവതിയായിരുന്നില്ല, സുബർണ്ണലത. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ അപ്രാപ്യമായിരുന്ന സ്ത്രീ. മരണം വരെ വെറുതേ പോരാടിയെന്നു മാത്രം. ആ രണ്ടു ശക്തമായ കഥാപാത്രങ്ങളുടെ പിന്തുടർച്ചക്കാരിയായിട്ടാണ് ബകുൾ എത്തുന്നത്. അവളുടെ ലോകംഓരോ കാലത്തിലും മാറിവരുന്നുണ്ട്. കുട്ടിക്കാലത്ത് സ്വാതന്ത്ര്യമില്ലായ്മ അനുഭവിച്ചു. അല്പം വലുതായപ്പോൾ, ശരിയെന്നത് തോന്നുന്നത് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. വീണ്ടും വളർന്നപ്പോൾ, സ്വാതന്ത്ര്യം വേണം എന്നൊരു തോന്നൽ വരാത്തൊരു ജീവിതം ലഭിക്കുകയും ചെയ്തു.
ലോകത്തിനുമുന്നിൽ താനെഴുതുന്നത് വായിക്കപ്പെടണമെന്നും, അസ്വാതന്ത്ര്യത്തിന്റെ കൂട്ടിൽ നിന്ന് പുറത്തുകടക്കേണ്ട സ്ത്രീജന്മമാണെന്നൊരു തോന്നലും, ഒക്കെക്കൂടെ ഉള്ളിലൊതുക്കി, ഒന്നുമാവാൻ കഴിയാതെ മരണം വരിച്ച സ്ത്രീയായിരുന്നു സുബർണ്ണലത. അമ്മ മരിച്ചപ്പോൾ, ബകുൾ, തീരുമാനമെടുക്കുന്നു. കഥയെഴുതുമെന്ന്.


ബകുൾ അവിവാഹിതയാണ്. അച്ഛന്റെ വീട്ടിൽ സഹോദരങ്ങളോടും, നാത്തൂന്മാരോടും, മരുമക്കളോടും ഒപ്പമാണ് ജീവിതം. ഒരേ കെട്ടിടത്തിൽ ജീവിക്കുന്നെന്നേയുള്ളൂ. അങ്ങനെ വീട്ടുകാരോട് അടുപ്പമൊന്നുമില്ല. കൂടുതൽ അടുപ്പം എന്നു പറയാവുന്നത് സഹോദരന്റെ മകളായ ശമ്പയോടു മാത്രമാണ്. അവൾ ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ്. എന്തിനും സ്വാതന്ത്ര്യം. ശമ്പ പലരേയും ഇഷ്ടപ്പെടുകയും തഴയുകയും ചെയ്യുന്നുണ്ട്. അതൊക്കെ വന്നു പറയുന്നത് അപ്പച്ചിയോട് മാത്രമാണ്.
വലിയൊരു എഴുത്തുകാരിയായി സാഹിത്യസമ്മേളത്തിനും, മറ്റു സാഹിത്യപരിപാടികൾക്കുമൊക്കെ അതിഥിയായി പോകുന്നുണ്ട് ബകുൾ. അവൾക്ക് കൂടുതൽ സ്വാതന്ത്ര്യമൊന്നും ആവശ്യമില്ല. ആദ്യമൊക്കെ അച്ഛനാലും സഹോദരന്മാരാലും എതിർക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ ആരും എതിർക്കുന്നില്ല. അടുത്ത വീട്ടിലെ നിർമ്മൽ എന്ന യുവാവിനെ സ്നേഹിച്ചിരുന്നെങ്കിലും, ചില കാരണങ്ങൾ കൊണ്ട്, ചിലരുടെ ഇടപെടൽ കൊണ്ട് അവരുടെ വിവാഹം നടക്കുന്നില്ല. പകരം, മാധുരി, നിർമ്മലിന്റെ ഭാര്യയായി വരുകയും, ബകുളിന്റെ കൂട്ടുകാരിയായി മാറുകയും ചെയ്യുന്നു. സഹോദരിമാരിൽ കൂടുതൽ അടുപ്പം പാറുളിനോടാണ്. അവർക്കും എഴുതാനുള്ള താല്പര്യമുണ്ട്. വിധവയായ അവർ, ഗംഗാതീരത്തിനടുത്താണ് താമസം. ബകുളിന്റെ കഥയെഴുതണമെന്ന് പാറുൾ ആഗ്രഹിക്കുന്നുണ്ട്. അതുപോലെത്തന്നെ, നമ്മുടെ കഥയെഴുതണമെന്ന് നിർമ്മലും ആഗ്രഹം പറഞ്ഞിരുന്നു.

ശമ്പ ഒരു ഫാക്ടറിത്തൊഴിലാളിയുടെ കൂടെ ഒളിച്ചോടുന്നു. പാറുളിന്റെ വീട്ടിലാണ് അവർ അഭയം തേടുന്നത്. സഹോദരനെ അറിയിക്കാതെതന്നെ പാറുൾ അവരെ അവിടെ പാർപ്പിക്കുന്നു. ബകുളിനെയാണ് സഹോദരനും ഭാര്യയും ആദ്യം കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ ബകുളിന് അതിൽ മനസ്സറിവൊന്നും ഇല്ലായിരുന്നു. ഒടുവിൽ, അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നു.

സുവർണ്ണയുടെ കാലത്തിൽനിന്നും ബകുളിന്റെ കാലത്തിലേക്കെത്തുമ്പോൾ പല മാറ്റങ്ങളും ഉണ്ട്. സ്ത്രീയ്ക്ക് അടിമയെപ്പോലെ കഴിയേണ്ടിവരുന്നില്ല. അവർക്ക് സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളും ഉണ്ട്. പുസ്തകം വായിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സുവർണ്ണയുടെ, കൊച്ചുമകൾ, അമിതസ്വാതന്ത്ര്യത്തിൽ നടക്കുകയാണ്. സുവർണ്ണയുടെ അഭിപ്രായത്തിന് ആരും വിലകൊടുത്തില്ലെങ്കിലും, ആണ്മക്കൾ പോലും സുവർണ്ണയുടെ ചിന്തകൾക്ക് എതിരായി നിന്നിരുന്നെങ്കിലും, ഇന്ന് ആ മക്കൾക്കും, കൊച്ചുമക്കൾക്കും, അവരുടെ വീട്ടിലെ സ്ത്രീകളുടെ ജീവിതം, അവരുടെ ഇഷ്ടത്തിന് വിടേണ്ടിവരുന്നു. ആ സ്വാതന്ത്ര്യം അവർക്ക് നന്മയാണോ നേടിക്കൊടുക്കുന്നത്? ആണെന്നു തോന്നുന്നില്ല. ബകുളും അനാമിക എന്ന പേരിൽ വലിയ എഴുത്തുകാരിയാവുന്നു. അവളും അനുഭവിക്കുന്നത് അവളുടെ അമ്മ ആഗ്രഹിച്ച സ്വാതന്ത്ര്യമാണോ?

ആ വീട്ടിൽത്തന്നെയുണ്ട് പലപല ആളുകൾ. പാരമ്പര്യത്തിൽ ജീവിക്കുന്നവർ. സ്വാതന്ത്ര്യത്തിൽ മുഴുകിനടക്കുന്നവർ. ജീവിതം തന്നെ കളയുന്നവർ.


ബകുളിന്റെ കഥയിൽ ഒരുപാട് സ്ത്രീകഥാപാത്രങ്ങളുണ്ട്. ബകുളിന്റെ സഹോദരിമാർ, നാത്തൂന്മാർ, മരുമക്കൾ. ബകുൾ പരിചയപ്പെടുന്നവരിൽ ചിലർ, ബകുളിന്റെ സഹോദരിയുടെ പുത്രവധുക്കൾ, പിന്നെ ബകുൾ സ്നേഹിച്ചയാളുടെ ഭാര്യയായെത്തുന്ന, ബകുളിന്റെ കൂട്ടുകാരിയായി മാറുന്നവൾ. ഓരോ കഥാപാത്രങ്ങളും ഓരോ ചിത്രങ്ങളാണ്. ഓരോ സന്ദേശങ്ങളാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, അവരുടെ വിധിയും.


അണിയറസംഗീതം

അണിയറസംഗീതം ജയന്തിയെന്ന സ്ത്രീയുടെ ജീവിതമാണ്. അവരോടൊപ്പമുള്ളവർ, സോമനാഥനും, ചിന്മയനും, രണ്ട് പെൺകുഞ്ഞുങ്ങളും. ജയന്തിയുടേയും സോമനാഥന്റേയും ജീവിതത്തിലേക്ക്, അവരുടെ കുഞ്ഞുമകൾ വരുമ്പോൾത്തന്നെയാണ്, സോമനാഥന്റെ കൂട്ടുകാരൻ, ചിന്മയൻ ഒരു കൈക്കുഞ്ഞുമായി എത്തുന്നത്. ചിന്മയന്റെ ഭാര്യ മരിച്ചു. ഇനി കുഞ്ഞിനെ ജയന്തി നോക്കണം. ചിന്മയൻ ജോലിക്കുവേണ്ടി അകലെ പോവുകയാണ്. ഉത്തരവാദിത്തം ജയന്തി ഏറ്റെടുക്കുന്നു. സ്നേഹവും ഉണ്ട്. എന്നാൽ സോമനാഥന്, ചിന്മയൻ, കുഞ്ഞിനെ വളർത്താനുള്ള ചെലവിലേക്ക് കൊടുക്കുന്ന പണത്തിലാണ് താല്പര്യം. കുഞ്ഞിന് ആയയെയൊക്കെ ഏർപ്പാടാക്കുന്നു. സോമനാഥനു സ്ഥലം മാറ്റം വന്ന് അവരെത്തുന്ന പുതിയ സ്ഥലത്തുവെച്ച് എത്തുമ്പോൾത്തന്നെ ചിന്മയന്റെ കുഞ്ഞ് മരിക്കുന്നു. മരിച്ചത്, നമ്മുടെ കുഞ്ഞാണെന്ന് എല്ലാവരോടും പറയാനും, അതിനാൽ ചിന്മയൻ തരുന്ന പണം മുടങ്ങില്ലെന്നും ഒന്നും ആരും അറിയില്ലെന്നും സോമനാഥൻ ജയന്തിയോട് പറയുന്നു. പുറം ലോകത്തിനുവേണ്ടി കുട്ടിയെ ചിന്മയന്റെ കുട്ടിയായി വളർത്തുന്നു. അച്ഛൻ ചിന്മയനാണെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുന്നു. കഥ അവിടെ തീരുന്നില്ല. അങ്ങനെ പോകുന്നു. ജീവിതം സംഘർഷം നിറഞ്ഞതാവുന്നു.

സ്വന്തം മകളെ, ചിന്മയന്റെ കുട്ടിയെന്ന രീതിയിൽ വളർത്തേണ്ടി വരുന്നതിന്റെ വേദന, പൈസയ്ക്കുവേണ്ടിയാണല്ലോ ഭർത്താവ് അങ്ങനെ ആഗ്രഹിച്ചതെന്ന് ഓർക്കുമ്പോഴുള്ള ദേഷ്യം, മകൾ, അച്ഛന്റെ കൂടെ താമസിക്കാനെന്നും പറഞ്ഞ് പോകുമോയെന്നുള്ള ഭീതി, ചിന്മയൻ എപ്പോൾ വേണമെങ്കിലും മകളെ തിരികെ ആവശ്യപ്പെടുമെന്നുള്ള തളർത്തുന്ന ഓർമ്മ, മകളോടുള്ള സ്നേഹം, ഒക്കെക്കൂടെ ഒരു സ്ത്രീയെ എങ്ങനെയെല്ലാം ചിന്തിപ്പിക്കാമെന്നും, ഒരു വലിയ കള്ളം കാരണം അവർ നേരിടുന്ന പ്രശ്നങ്ങളും ജയന്തിയെന്ന നായികയിലൂടെ കാണാം. സന്തുഷ്ടകരമായ ഒരു ജീവിതം സംഘർഷഭരിതമാകുന്നത് എത്ര വേഗമാണെന്ന് കാണാം. ഒരുനിമിഷത്തിലെടുക്കുന്ന തീരുമാനങ്ങൾ, ജീവിതത്തിലെ വരാൻ പോകുന്ന നിമിഷങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ആർക്കും അറിയില്ലല്ലോ.

ആശാപൂർണ്ണാദേവിയുടെ ഓരോ സ്ത്രീകഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സ്ത്രീജന്മത്തിന്റെ കാഴ്ചപ്പാടുകളും, മനസ്സും, ജീവിതവും, ഒക്കെ വ്യത്യസ്തങ്ങളായ ഓരോ അനുഭവങ്ങളായിട്ട് ഓരോ കഥാപാത്രങ്ങളിൽ നിന്നും നമുക്ക് കിട്ടുന്നു.

ഇതൊക്കെ എന്റെ വായനയിൽ കിട്ടിയതാണ്. നിങ്ങൾക്കും വായിക്കാം. ആശാപൂർണ്ണാദേവിയുടെ കഥപാത്രങ്ങളോട് തോന്നുന്ന അടുപ്പം, അവരുടെ കഥയിലെ ലാളിത്യം ഇതൊക്കെയാണ് എന്നെ അവരുടെ വായനക്കാരിയാക്കിയത്.


കഥ വായിച്ചത് :-
ബകുളിന്റെ കഥ - ആശാപൂർണ്ണാദേവി - വിവർത്തനം. പി. മാധവൻ പിള്ള - കറന്റ് ബുക്സ് തൃശൂർ. - വില 120 രൂപ.


അണിയറസംഗീതം - ആശാപൂർണ്ണാദേവി - വിവർത്തനം. കെ. രാധാകൃഷ്ണൻ - ഡി. സി. ബുക്സ് - വില - 80 രൂപ.

Labels: , , ,

Saturday, November 22, 2008

മനസ്സിനെ ജയിക്കണം

"ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തുശത്രുത്വേഃ വർതേതാത്മൈവ ശത്രുവത്"

ഭഗവത്‌ഗീതയിൽ ധ്യാനയോഗം അദ്ധ്യായത്തിലുള്ള ഒരു ഭാഗമാണിത്.

ആർക്കാണോ മനസ്സിനെ ജയിക്കാൻ കഴിയുന്നത്, അവന്റെ ബന്ധുവാണ് അല്ലെങ്കിൽ സുഹൃത്താണ് മനസ്സ്. മനസ്സിനെ ജയിക്കാത്തവനോ, മനസ്സ് തന്നെയായിരിക്കും ഏറ്റവും വലിയ ശത്രുവെന്നാണ് ഇതിന്റെ ചുരുക്കത്തിലുള്ള അർത്ഥം. ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്. (ഇടയ്ക്ക് ആലോചിക്കാറുണ്ട്;)) മനസ്സിൽ നൂറുവിചാരങ്ങളായിരിക്കും. മനസ്സ് അതു പറയും, ഇത് പറയും. കേട്ടേക്കാംന്നു വിചാരിച്ചേക്കും. കേൾക്കണ്ടാന്നു വിചാരിക്കും. ചിലപ്പോൾ മനസ്സിനെ അനുസരിച്ചാൽ കുഴപ്പം. ചിലപ്പോൾ മനസ്സ് പറയുന്നത് കേൾക്കാഞ്ഞാൽ കുഴപ്പം. എന്നാൽ മനസ്സിനെ അടക്കിവെച്ചാലോ? അതിനോട് എന്തുവേണമെങ്കിലും പറയാം . ഒരു സുഹൃത്തിനെപ്പോലെ കരുതി. അടയ്ക്കിവയ്ക്കാഞ്ഞാലോ? അത് തോന്നിക്കുന്നതൊക്കെച്ചെയ്ത് ഒടുവിൽ അതിനെ ശത്രുവിനെപ്പോലെ കരുതാം. മനസ്സിനെ കീഴടക്കിയാല്‍പ്പിന്നെ അവിടെ ദൈവം കുടികൊള്ളും. പിന്നെ ദൈവം പറയുന്നത് അനുസരിച്ചങ്ങു പോയാൽ മതി. കാമവും ക്രോധവും ലോഭവും മോഹവും ഒക്കെ അടക്കിവയ്ക്കണമെങ്കിൽ മനസ്സിനെ ജയിച്ചേ തീരൂ. അതിനെ സുഹൃത്താക്കണം. ഇതൊക്കെയാണ് എനിക്കു മനസ്സിലായത്. ഇനി ഞാനൊന്ന് മനസ്സിനെ സുഹൃത്താക്കാൻ ശ്രമിച്ചുനോക്കാം. (ശ്രമിക്കാംന്നേ പറഞ്ഞിട്ടുള്ളൂ.)

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു:-

അസംശയം മഹാബാഹോ മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ.

അർജ്ജുനൻ, കൃഷ്ണനോട് പറഞ്ഞു, മനസ്സിനെ അടക്കിനിർത്താൻ പ്രയാസമാണ്. അതിനെ നിയന്ത്രിക്കാൻ കുറച്ച് പാടുപെടേണ്ടിവരും എന്നൊക്കെ. അപ്പോഴാണ് കൃഷ്ണൻ മേലെപ്പറഞ്ഞത് പറഞ്ഞത്.

മനസ്സിനെ അടയ്ക്കിവയ്ക്കുക എന്നൊക്കെപ്പറഞ്ഞാൽ വിഷമം തന്നെയാണ്. എന്നാലും നിരന്തരമായ അഭ്യാസം/ പരിശ്രമം കൊണ്ട് സാധിക്കുവാൻ കഴിയും എന്ന്.
മനസ്സിനെ അടക്കാൻ എന്തൊക്കെച്ചെയ്യാം? ദൈവത്തെ കുടിയിരുത്താം. വിശ്വസിക്കാം. പിന്നെ മനസ്സ് അതിൽ ലയിച്ചു ചേരും. ഈശ്വരനെ വിചാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അത് സഹായിക്കും. ദൈവത്തിനു നിരക്കുന്ന പ്രവൃത്തി എന്നെല്ലാവരും പറയുന്നത് ചെയ്യുക. നല്ല കാര്യങ്ങളിൽ മനസ്സുറയ്ക്കുമ്പോൾത്തന്നെ മനസ്സ് അടങ്ങിയിരിക്കുന്നു എന്നർത്ഥം. വിശ്വസിക്കുന്ന, മനസ്സിൽ കുടിയിരുത്തിയിരിക്കുന്ന, ഈശ്വരനെ വിട്ട് ഓടിനടക്കാൻ ഒരിക്കലും മനസ്സിനെ വിടില്ലല്ലോ.

ഇതൊക്കെയാണ് ഞാനീ ശ്ലോകങ്ങളൊക്കെ വായിച്ചും, അർത്ഥം വായിച്ചും ഒക്കെ തലയിൽക്കയറ്റിയിരിക്കുന്നത്. നിങ്ങൾക്കാർക്കെങ്കിലും കൂടുതൽ അറിയുമെങ്കിൽ പറഞ്ഞുതരിക.


ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്തസ്വാമിപ്രഭുപാദരുടെ പുസ്തകം ആണ് ഇവിടെ ഉള്ളത്. ആരാ വിവർത്തനം എന്ന് നിങ്ങൾ വിചാരിച്ചത്? നാലപ്പാട്ട് ബാലാമണിയമ്മ. പുസ്തകം ഞാൻ കടയിൽക്കയറി വാങ്ങിയതൊന്നുമല്ല. ഒരു യാത്രയ്ക്കിടയിൽ തീവണ്ടിയിൽ, ഒരു സ്വാമി വന്ന് അപ്പുറവും ഇപ്പുറവും നോക്കാതെ എന്നെ ഏല്‍പ്പിച്ചു. അത്ര തിരക്കിൽ എന്റെ കൈയിൽത്തന്നെ തരാനും, എന്നെക്കൊണ്ട് വാങ്ങിപ്പിക്കാൻ തോന്നിച്ചതും ആരാവും? ഭഗവാൻ തന്നെ. ഭഗവാനറിയാം, ഇവൾക്കിത് വായിക്കേണ്ട സമയം ആയെന്ന്. അങ്ങനെ ഇവിടെക്കൊണ്ടുവെച്ചു. എല്ലാം ഒരു നിയോഗം. (അതെ...അതെ...)

ഇനി ഭഗവദ്‌ഗീത വായിക്കേണ്ടവർ, കൈയിൽ പുസ്തകമില്ലെങ്കിൽ വിഷമിക്കേണ്ട. ഞാനയച്ചുതരാം എന്നൊന്നുമല്ല പറയാൻ പോകുന്നത്. ;) വിക്കിയിൽ പോയി വായിക്കൂ. അതൊന്ന് മലയാളീകരിക്കണം ഇനി.

ദൂരദർശനിൽ രാത്രി ഒമ്പതരയ്ക്ക് ഗീതായജ്ഞം ഉണ്ട്. അത് ഇടയ്ക്കേ കാണാറുള്ളൂ. കാണാൻ പറ്റാറുള്ളൂ എന്നതാണ് ശരി. ഇനിയിപ്പോ സി. ഡി. വാങ്ങിക്കൊണ്ടുവരണം.

ആരും വിചാരിക്കേണ്ട ഞാൻ പെട്ടെന്ന് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞുപോയെന്ന്. ഇടയ്ക്ക് അല്പം ഭജനം വേണ്ടേ? എന്നും ഭോജനം പോരല്ലോ. ;) ഇടയ്ക്കെന്തെങ്കിലും ഒരു പുസ്തകം തുറന്നുനോക്കും. ഫലം എന്താണെന്നറിയാൻ. രാമായണം തുറന്ന്, ഏഴുവരിയോ വാക്കോ ഒക്കെ തള്ളി വായിച്ചുനോക്കിയാൽ അതിലെന്താണുള്ളത് അതുപോലെ ഫലം വരും എന്നു കേട്ടിട്ടുണ്ട്. എനിക്കു പിന്നെ രാമായണം എന്നൊന്നുമില്ല. ഖുറാനായിരിക്കും ചിലപ്പോൾ, ചിലപ്പോൾ ഗീതയായിരിക്കും. ബൈബിൾ ഇവിടെ ഇല്ല. വാങ്ങണം. ഒരു പേജ് നിവർത്തി വായിക്കുക. അതുതന്നെ കാര്യം എന്നുവിചാരിക്കുക.

Labels: ,

Tuesday, November 18, 2008

പാവക്കൂത്ത്

ദൈവം അന്ന് ഉറക്കച്ചടവിലായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ കനകയുടെ ജോലികളെല്ലാം പതുക്കെയായിരുന്നു.. ഒന്നു രണ്ടുപ്രാവശ്യം ദൈവം ഞെട്ടിപ്പിടഞ്ഞു. കനകയുടെ കൈയിൽനിന്ന് കയറും വിട്ട് തൊട്ടി കിണറ്റിലേക്ക് വീണതും, കൈയിലൊന്നുമെടുക്കാതെ, ചൂടുള്ള പാത്രം സ്റ്റൗവിൽനിന്ന് ഒന്നുമോർമ്മിക്കാതെ എടുത്ത് കൈപൊള്ളിയതും ദൈവത്തിന്റെ അവഗണനയുടെ നിമിഷങ്ങളിലായിരുന്നു.
കനക വീട്ടുജോലി കഴിഞ്ഞെത്തുന്നത് വസ്ത്രക്കടയിലെ ജോലിക്കാണ്. വീട്ടിലെപ്പോലെ മുഖം കറുക്കുകയോ, അരിശം തോന്നുകയോ, അമ്മയോട് ഉച്ചത്തില്‍പ്പറയുന്നതുപോലെ എന്തെങ്കിലുമൊക്കെ ഉച്ചത്തിൽ പറയുകയോ ചെയ്തുകൂടാ. മറ്റു ജോലിക്കാരെപ്പോലെ, വസ്ത്രങ്ങൾ വാങ്ങാൻ വരുന്നവരുടെ മുന്നിൽ ചിരിച്ചും, വാചകമടിച്ചും, അവരെ വാങ്ങാൻ പ്രോത്സാഹിപ്പിച്ചും നിൽക്കണം. പലതരം ആൾക്കാർ. പലതരം സ്വഭാവം. കുറേക്കാലമായതുകൊണ്ട് കനകയ്ക്ക് അതൊന്നും പ്രശ്നമില്ല. എന്നാലും ദൈവം ഇടയ്ക്കു വേലയൊപ്പിക്കും. അച്ഛനമ്മമാർക്കിഷ്ടമാവുന്നത്, കുട്ടികൾക്കിഷ്ടമാവില്ല. കുട്ടികൾക്കിഷ്ടമാവുന്നത് അച്ഛനും അമ്മയും വേണ്ടെന്നു പറയും. ഭാര്യയ്ക്കും ഭർത്താവിനും ഇടയിലും ഇത്തരം അഭിപ്രായവ്യത്യാസം ഉണ്ടാകും. ചിലപ്പോൾ എടുത്തുകാണിച്ചതൊക്കെ അതേപടി മടക്കിയെടുത്ത് റാക്കിൽ കയറ്റേണ്ടിവരും. ദൈവം ചരടുവലിച്ചുകൊണ്ടിരിക്കും.
ഊണുകഴിക്കുന്ന നേരത്ത് ദൈവമിത്തിരി അയയും. കൂട്ടുകാരികളോടൊപ്പം ചിരിക്കുന്നതും, വിശേഷങ്ങൾ പറയുന്നതും, സിനിമാക്കഥകൾ പറയുന്നതും ഒക്കെ ആ സമയത്തു തന്നെ.
അന്ന്, ദൈവം, ഒരുപാട് ചരടുകൾ തിരക്കിട്ട് വലിച്ചും അയച്ചും ഇരിക്കുന്ന സമയത്താണ് ജോലി കഴിഞ്ഞ്, കനക, തിരക്കുള്ള ബസ്സിലേക്ക് കയറിയത്.
ഏതോ ഒരു വളവിൽ എതിരേ വരുന്ന ലോറിക്ക് സൈഡ് കൊടുക്കാൻ ബസ്സൊന്ന് വെട്ടിച്ചപ്പോൾ, ദൈവം, ഡ്രൈവറെ ബന്ധിച്ച ചരടും, ബസ്സിനെ ബന്ധിച്ച ചരടും, ലോറിയെ ബന്ധിച്ച ചരടും അതിവിദഗ്‌ദ്ധമായി ആഞ്ഞുവലിച്ച് അപകടത്തിൽനിന്നു പലരേയും രക്ഷിച്ചെടുത്തു.
ഡ്രൈവറെ രക്ഷിക്കാൻ ദൈവത്തിനു തോന്നിയത് വേറൊന്നും കൊണ്ടല്ല. ഡ്രൈവറുടെ ഇളയ മോൻ സന്ധ്യാസമയത്ത് നാമജപത്തിന് ഇരുന്നിരുന്നു. “അമ്പോറ്റീ അച്ഛൻ വരുമ്പോൾ മുട്ടായി കൊണ്ടരണേ” ന്ന് ഉറക്കെയുറക്കെ പ്രാർത്ഥിക്കുന്നത് ദൈവം കേട്ടിരുന്നു.
ഡ്രൈവറുടെ കഥയല്ലല്ലോ ഇത്. കനകയുടേതല്ലേ. കനക ആ തിരക്കുള്ള ബസ്സിൽ വാതിലിന്റെ അടുത്തായിരുന്നു. എല്ലാവരും തിക്കിത്തിരക്കി സുരക്ഷിതസ്ഥാനത്ത് പോയിനിന്നപ്പോൾ പാവം കനക, ക്ഷീണം കൊണ്ട്, ഒന്നിനും വയ്യാതെ കിട്ടിയ സ്ഥലത്ത് നിന്നിരുന്നു. ബസ് വെട്ടിച്ചപ്പോൾ നേരെ വാതിലും തുറന്ന് പുറത്തേക്കും. ദൈവമേന്ന് വിളിച്ചത് ഒരുപാടുപേരായതുകൊണ്ട് ദൈവം കൈയിലെ ചരടൊക്കെ ആഞ്ഞുവലിച്ചു നിയന്ത്രണത്തിലാക്കി. എന്നാലും കനക തെറിച്ചുപോയേനെ. തിരക്കിലായതുകൊണ്ട് ദൈവത്തിനല്പം അശ്രദ്ധ തോന്നിയ സമയം. പക്ഷേ അപ്പോഴേക്കും “ഈശ്വരാ...ന്റെ കുട്ടിയെ കാത്തോളണേ” ന്നുള്ള, കനകയുടെ അമ്മൂമ്മയുടെ സ്ഥിരം പല്ലവി ദൈവം കേട്ടു. തെറിച്ചുപോവാൻ തുടങ്ങിയ കനകയെ ഏതോ ഒരു കൈ ആഞ്ഞുപിടിച്ച് ബസ്സിലേക്കിട്ടു.
ദൈവം പിന്നേം ചരടുവലിച്ച് നിയന്ത്രണങ്ങൾ തുടങ്ങി. ഒരുപാട് ചരടുകളിൽ ഒരുപാടു പേരുടെ വിധിയും കൂട്ടിക്കെട്ടി, ഏറ്റവും വലിയ പാവക്കൂത്തുകാരൻ കർമ്മനിരതനായി.

Labels:

Sunday, November 16, 2008

ജീവിതം അടുക്കളയാണ്

പലപല കോണുകളിൽ നിറച്ചുവച്ചിരിക്കുന്നുണ്ട്,
വർണ്ണമുള്ള സ്വപ്നങ്ങളുടെ പലചരക്കുവസ്തുക്കൾ.
അളവുപാത്രങ്ങൾ,
കൂടിയും കുറഞ്ഞും പോകാതെ വീതിക്കുന്ന
സ്നേഹത്തിന്റെ കണക്കറിയിക്കുന്നുണ്ട്.
മോഹപ്പാത്രങ്ങൾ കലമ്പൽ കൂട്ടുന്നുണ്ട്.
അവഗണനയുടെ ചെറുനാളങ്ങൾ,
ഇടയ്ക്കെങ്കിലും മനസ്സു പൊള്ളിക്കുന്നുണ്ട്.
വിരഹത്തിന്റെ അഗ്നി പലപ്പോഴും ജ്വലിക്കുന്നുണ്ട്.
അലസത, നല്ല പപ്പടം പോലെ,പൊള്ളച്ചുനിൽക്കുന്നുണ്ട്.
ഹൃദയം, സ്നേഹപ്പായസത്തിന്റെ മണം പിടിച്ചെടുക്കാൻ,
ആവുന്നത്ര ശ്രമിക്കുന്നുണ്ട്.
നിരാശയുടെ കത്തികൾ,
സ്വപ്നങ്ങളെ, അഴകില്ലാത്ത കഷണങ്ങളാക്കുന്നുണ്ട്.
വറചട്ടിയാകുന്ന മനസ്സിൽക്കിടന്ന്, പൊരിയുന്നുണ്ട് കോപക്കടുകുകൾ.
പരിഭവത്തിന്റെ സ്വരത്തിൽ ഇടയ്ക്കു പുറത്തേക്ക് പൊട്ടിത്തെറിച്ചുപോകുന്നുണ്ട്.
അപ്രതീക്ഷസംഭവങ്ങൾ,
കണക്കുകൂട്ടലുകളൊക്കെ അരച്ചും പൊടിച്ചും കളയുന്നുണ്ട്.
നോവിന്റെ മുളകുപൊടി കണ്ണിലെ നിറത്തിൽ കലരുന്നുണ്ട്.
ശുഭാപ്തിവിശ്വാസത്തിന്റെ പങ്ക,
ചീത്ത ചിന്തപ്പുകകളെ പുറത്തുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സ്നേഹവും, സന്തോഷവും, സന്താപവും, മോഹവും,സ്വപ്നങ്ങളും
സ്പൂണുകളിൽ തയ്യാറായിരിക്കുന്നുണ്ട്.
സൗഹൃദമെന്ന ഉപ്പ്,
ജീവിതവിഭവത്തിന്റെ യഥാർത്ഥസ്വാദ് നിലനിർത്താൻ ശ്രമിക്കുന്നുണ്ട്.
എരിവും പുളിപ്പും മധുരവും കയ്പ്പും ഒക്കെക്കൂടിച്ചേർന്ന്
സന്തോഷത്തിന്റേയും, സന്താപത്തിന്റേയും,
സ്നേഹത്തിന്റേയും, സൗഹൃദത്തിന്റേയും,
വിരഹത്തിന്റേയും, പരിഭവത്തിന്റേയും,
കഷ്ടത്തിന്റേയും, നഷ്ടത്തിന്റേയും
സ്വപ്നങ്ങളുടേയും, മോഹങ്ങളുടേയും
പാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന അടുക്കളയാണ് ജീവിതം.
ഇതൊന്നുമില്ലെങ്കിൽ, തീ പുകയാത്ത,
ഒരു വിഭവവുമില്ലാത്ത, അടുക്കളപോലെ
അശ്രീകരമാവും ജീവിതം.

Labels:

Tuesday, November 11, 2008

ഗുരു

അറിവിന്റെ വീഥികളിലിരുട്ടിനെയകറ്റി,
ഒരു കുഞ്ഞുനാളമായ് ജ്വലിച്ചുനിൽക്കും.
അറിയാത്ത വഴികളിൽ, കാലിടറാതെ,
കൈത്താങ്ങു തന്നെന്നും കൂടെനിൽക്കും,
ഒരുപാടു ചിന്തകളിൽ, ഉത്തരം കിട്ടാതെ,
നിഴലിന്റെ ഇരുളിൽ നാം നിന്നീടുമ്പോൾ,
അറിവിന്റെ വെട്ടം തെളിച്ചു മുന്നിൽ വന്നു
അജ്ഞതയകറ്റിത്തിരിച്ചുപോകും.
ഒരുപാടറിവിന്റെ കുഞ്ഞുനക്ഷത്രങ്ങൾ
നമ്മൾക്കുവേണ്ടി തെളിച്ചുനിർത്തും.
ഗുരുവെന്ന ദീപം മുന്നിൽ തെളിയുമ്പോൾ
കാലിടറാതെ നമുക്കു നീങ്ങാം.
ഗുരുവിനെ വന്ദിച്ചു, എന്നും സ്മരിച്ചു,
ജീവിതം അറിവിന്റെ ലോകമാക്കാം.
ദൈവത്തിൻ സാന്നിദ്ധ്യം നിറയുന്നു ഗുരുവിൽ,
ഗുരുവതു നമ്മിൽ പകർന്നീടുന്നൂ.

Labels:

Sunday, November 09, 2008

എന്തെങ്കിലുമാവട്ടെ

ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി എന്നു കേട്ടിട്ടുണ്ടോ? അസുഖം വന്നു കിടക്കുമ്പോഴാണ് എണീറ്റാൽ ഞാൻ മലമറിക്കും എന്ന രീതിയിൽ കാര്യങ്ങൾ പോകുന്നത്. ഇഞ്ചിയുടെ കഥയിൽ പറഞ്ഞതുപോലെയാണ് അസുഖം വന്നുകിടക്കുമ്പോൾ ഞാൻ ചിന്തിച്ചുകൂട്ടുന്നത്. എന്നാൽ അസുഖം വന്നാൽ പുതച്ചുമൂടിക്കിടക്കുകയാണെന്ന് ആരും കരുതരുത്. ഒരു നൂറു ജോലിയുണ്ടാകും. അതൊക്കെ ഞാൻ തന്നെ ചെയ്യണം.

എന്തിരൻ എന്ന സിനിമ വരുന്നുണ്ടത്രേ. മമ്മുക്കയും ലാലേട്ടനും, ഇങ്ങനെ എന്തരോ എന്തോ എന്ന സ്ഥിതിയിൽ കാര്യങ്ങൾ നീക്കിയാൽ മലയാളസിനിമ എല്ലായിടത്തുനിന്നും ഔട്ടാകും. ഞാൻ മുന്നറിയിപ്പ് തന്നില്ലെന്നുവേണ്ട. കുറച്ച് കാശുമുടക്കി നല്ലൊരു സിനിമ നിർമ്മിച്ചാലെന്താ കുഴപ്പം? കഥ ഞാൻ തരില്ലേ? ;) അല്ലെങ്കിൽ രജനീകാന്ത് വർഷത്തിൽ ഒരു സിനിമയും നിർമ്മിച്ച് സകലരേം തൂത്തുവാരിക്കൊണ്ട് ആ വഴിക്കുപോകും.

ആത്മയുടെ (ചേച്ചിയാണോ അനിയത്തിയാണോന്ന് ദൈവത്തിനറിയാം), ബ്ലോഗ് പോസ്റ്റ് വായിച്ചു. മൂത്തവരെക്കേറി പേരു വിളിക്കാനൊരു മടി. അല്ലാതെ എനിക്കു വയസ്സു കുറവാണെന്നു തെളിയിക്കാനൊന്നുമല്ല. ;) എന്റെ യഥാർത്ഥവയസ്സ് പ്രൊഫൈലിൽ ഉള്ളതുതന്നെയാ. അതു ബ്ലോഗർ. കോം ഓരോ വർഷവും കൂടുമ്പോൾ ഒന്നു കൂട്ടിക്കൊണ്ടിരുന്നോളും. എന്തെങ്കിലുമാവട്ടെ. ആത്മ ജി (എല്ലാരേം ജി ചേർത്തുവിളിച്ചാൽ നോ പ്രോബ്ലം ജി ആയില്ലേ?) ഗൈഡിന്റെ കഥ പറഞ്ഞപ്പോഴാണ്, അത് വായിച്ചിരുന്നു, പിന്നേം വായിച്ചേക്കാം എന്നു തോന്നിയത്. ചേട്ടനോട് ഗൈഡ് എന്നു പറഞ്ഞപ്പോൾ നീയെന്തു പരീക്ഷയ്ക്കാ പോകുന്നതെന്നു ചോദിച്ചു. പുസ്തകത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഛായ്! എന്നു വിചാരിച്ചുകാണും. ഒരു ഡിസൈനർ സാരി വാങ്ങിത്തരണം എന്നുപറയുന്നിടത്താണ് നൂറുറുപ്പ്യേന്റെ പുസ്തകം. നാണക്കേടു തന്നെ. പോരാത്തതിനു പുതിയൊരു സാരിക്കടയുണ്ടെന്ന് ഒരിക്കൽ ചേട്ടൻ പറഞ്ഞിട്ട് ഞാൻ കേട്ട ഭാവം കാണിച്ചില്ല. ;) ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഗൈഡ് വാങ്ങാൻ പോയി. വാങ്ങി. അടുത്ത വീട്ടിലെ ആന്റി ചോദിച്ചു എങ്ങോട്ടാ പോയതെന്ന്. പൊരിവെയിലത്തേ. ഒരു അത്യാവശ്യം ഉണ്ടായിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞു. ഒരു പുസ്തകം വാങ്ങാനാണ് പോയതെന്നുപറഞ്ഞാൽ അവരപ്പോ ഗുരുവായൂരപ്പനെ വിളിച്ചാലോ. ഉച്ചപ്പൂജേം കഴിഞ്ഞ്, ഫ്രീ ആക്കിയപ്പോൾ ഉറങ്ങുന്ന ഭഗവാനെ വെറുതേ എണീപ്പിക്കും. അക്ഷരവൈരികൾ. അവർക്കറിയ്യോ പുസ്തകത്തിന്റെ വില. ജോലിയൊക്കെക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോൾ ആകെ ഒരു പുക. പണ്ടുവായിച്ചപോലെയൊന്നുമില്ല. എപ്പഴെങ്കിലും തീർക്കാം. പനിയും മടിയും ഒന്നിച്ചുവന്നാല്‍പ്പിന്നെ നോക്കണ്ട ഒന്നും.


ഹരിശ്രീ എന്ന ബ്ലോഗർ വിവാഹിതനാവുന്നു. മറ്റെല്ലാ ബ്ലോഗരേയും പോലെയല്ലേന്നു ചോദിച്ചാൽ അല്ല. ഹരിശ്രീയും അനിയൻ ശ്രീയും എന്റെ ബ്ലോഗ് വായിച്ചാൽ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുപോകും, സമയം കിട്ടുമ്പോളെങ്കിലും. അല്ലാതെ പെട്ടിക്കടയിൽ തൂക്കിയിട്ട പുസ്തകം പോലെ ഒന്നോടിച്ച് നോക്കീട്ട് പോകില്ല. ഹരിശ്രീയുടെ ജീവിതപങ്കാളിയും ഇനി എന്റെ ബ്ലോഗ് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ വിവാഹത്തിനുപോകണ്ടേന്ന് ചോദിച്ചാൽ, ആഗ്രഹമൊക്കെയുണ്ട്. ആരു കൊണ്ടുപോകും? ആർക്കും ഒഴിവില്ല. ഒറ്റയ്ക്ക് പോകുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല. എന്നാലും ശീലമില്ലാത്തതുകൊണ്ട് പോകാൻ തോന്നുന്നില്ല. എന്തായാലും അവർക്ക് ആശംസകൾ.

വെറുതേ ഒരു ഭാര്യയ്ക്കുശേഷം കണ്ട പടം ഫാഷൻ ആണ്. രണ്ടു പടങ്ങളും തമ്മിൽ എന്തൊരു വ്യത്യാസം! മധുർ ഭണ്ടാർക്കർ എന്നുകേട്ടതുകൊണ്ടാണ് കണ്ടേക്കാംന്ന് കരുതിയത്. എനിക്കിഷ്ടപ്പെട്ടു. ഫാഷൻലോകത്തെ ഫാഷനില്ലാത്ത ഉള്ളുകള്ളികൾ ആണ് സിനിമ. അവരുടെ യഥാർത്ഥജീവിതം. മധുർ ഭണ്ടാർക്കർ പറഞ്ഞതുകൊണ്ട് അതൊക്കെ ശരി തന്നെ ആയിരിക്കും. പ്രിയങ്ക ചോപ്ര നന്നായി അഭിനയിച്ചിട്ടുണ്ട്. ഇനിയിപ്പോ ഷാരൂഖ് ഖാന്റെ ഒരു സിനിമ വരാൻ പോകുന്നുണ്ട്. അതാണ് ഒരു ആശ്വാസം. ;)

കാവ്യാമാധവന്റെ കല്യാണം തീരുമാനിച്ചു. അതിനും പോയാൽ കൊള്ളാമെന്നൊക്കെയുണ്ട്. പക്ഷെ എന്നെ ആരു വിളിക്കും? കുവൈറ്റിലെത്തിയാൽ കാവ്യ എന്റെ ബ്ലോഗ് വായിക്കുമായിരിക്കും. (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!)

തിരിച്ചറിവ് :- ലോകംന്നു പറയുന്നത് ആകെയൊരു ചുറ്റിക്കളിയാണ്. പണവും പവറും ഉണ്ടെങ്കിലേ വിലയുള്ളൂ. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുകയെങ്കിലും വേണം. ;)
എന്തെങ്കിലുമാവട്ടെ.

Labels:

Thursday, November 06, 2008

ഞഞ്ഞാപിഞ്ഞാ പറയരുത്

അ - അമ്മ ചെന്നൊരുമ്മ നൽകീ,
കണ്ണുതുറന്നൂ പൊന്നുണ്ണി.
പല്ലുതേച്ചു കുളിച്ചൊരുങ്ങി,
പ്രാതലിനായി വന്നെത്തി.

ആ - ആരുണ്ടവിടെ പിള്ളേരേ,
ആന വരുന്നതുകണ്ടില്ലേ,
വാഴപ്പഴവും ശർക്കരയും
തേങ്ങാപ്പൂളുമെടുത്താട്ടേ.

ഇ - ഇല്ലത്തപ്പയ്യിന്റെ പിന്നാലെ ചെന്നപ്പോൾ,
അയ്യോ, എനിക്കൊരു കുത്തുകിട്ടി.
പയ്യിനെ കെട്ടാൻ കയറു പരത്യപ്പോ
കയ്യിൽത്തടഞ്ഞതു പാമ്പിൻ‌കുട്ടി.

ഈ - ഈച്ചയിരുന്നൂ കാപ്പിക്കപ്പിൽ,
ആരും കാപ്പി കുടിച്ചില്ല.
ഈച്ച പറന്നകന്നൂ പിന്നെ
കാപ്പി മുഴുവൻ ബാക്കിയുമായ്.

ഉ - ഉള്ളതുകൊണ്ടു കഴിയേണം,
ഉണ്മയറിഞ്ഞു വളരേണം.
ഉയരത്തിലെത്തുമ്പോഴും നമ്മൾ,
വന്നൊരു വഴികൾ നിനയ്ക്കേണം.

ഊ - ഊണുകഴിക്കാനായല്ലോ
പച്ചടി കിച്ചടിയുണ്ടല്ലോ
ഊണിന്നൊടുവിൽ കഴിക്കാനായ്
പായസം പലതരമുണ്ടല്ലോ.

ഋ - ഋണത്തിൽ മുഴുകിയിരുന്നെന്നാൽ,
ജീവിതസൗഖ്യം പോയീടും.
ഋണങ്ങളെല്ലാം തീരാനായ്
എല്ലുമുറിയെ പണിതോളൂ.


എ - എതിരെ വരുന്നൂ അമ്മാമൻ,
കൂടെ വരുന്നൂ അമ്മായി.
കുട്ടികൾ നമ്മൾക്കുണ്ടല്ലോ
പൊതികൾ നിറച്ചും മുട്ടായി.

ഏ - ഏലക്കാട്ടിൽ പോയിട്ട്
ഏലയ്ക്ക കിട്ടുമോ നോക്കീടാം
ഏലയ്ക്ക മുഴുവൻ വാരിയെടുത്ത്
ഐലസാ പാടി വന്നീടാം.

ഐ - ഐവർ മക്കൾ കുഞ്ചിയ്ക്ക്
അഞ്ചാമൻ കുഞ്ചു പഞ്ചാര.
പഞ്ചാര തിന്നു നടക്കും കുഞ്ചു
പണ്ടാരോ പാടിത്തന്നല്ലോ.

ഒ - ഒത്തൊരുമിച്ചു നടന്നീടിൽ
ഉലകം മുഴുവൻ കാൽക്കീഴിൽ.
ഒത്തുപിടിച്ചാൽ മലയും പോരും
പഴയാ ചൊല്ലൊന്നോർമ്മിക്കൂ.

ഓ - ഓടിപ്പോവും തീവണ്ടീൽ,
ഓടിച്ചാടിക്കയറല്ലേ.
ഓടിച്ചാടിക്കയറാൻ പോയാൽ
കാലു പിഴച്ചു വീണാലോ.

ഔ - ഔഷധമൊന്നു കഴിച്ചെന്നാൽ,
ഓടിപ്പോവും രോഗങ്ങൾ.
ഓടിച്ചാടിക്കളിച്ചീടാം
കൂട്ടരുമൊത്ത് നടന്നീടാം.

അം - അം അം എന്നു പൊന്നുണ്ണി,
വയറു നിറച്ചും മാമുണ്ടു.
മാമുണ്ടപ്പോൾ പൊന്നുണ്ണി
വാവോ വാവോ ഉറങ്ങിപ്പോയ്.

ക - കള്ളനു കഞ്ഞി വയ്ക്കരുത്,
കളവും കാട്ടി നടക്കരുത്.
കള്ളന്മാരായ് നടന്നീടിൽ
കഷ്ടം വയ്ക്കും എല്ലാരും.

ഖ - ഖഡ്‌ഗം കൊണ്ടു മുറിച്ചെന്നാലും,
വാക്കുകൾ കൊണ്ടു മുറിക്കല്ലേ.
ഖഡ്‌ഗം കൊണ്ടു മുറിഞ്ഞീടിൽ
മരുന്നുവെക്കാനുണ്ടല്ലോ.

ഗ - ഗഗനം നോക്കി നടന്നീടിൽ
വീഴും, പല്ലും പോയീടും.
മേലേ നോക്കി നടക്കാതെ,
നേരെ നോക്കിനടന്നീടൂ.

ഘ - ഘനീഭവിച്ചൊരു ദുഃഖം നീക്കാൻ,
ഘനശ്യാമനു മാത്രേ കഴിയുള്ളൂ.
ഘനഗംഭീരരായ് ഇരിക്കുന്നവരും
ഘനശ്യാമനെപ്പോയ്ത്തൊഴുതീടും.


ങ - ങ , ങ്ങാ, എന്നു കാരണവർ,
എന്തിനുമുത്തരമോതീടും.
ങ ങ്ങ എന്നാൽ എന്താണോ?
ശരിയെന്നർത്ഥം കരുതീടാം.

ച - ചതിയാരോടേലും ചെയ്തെന്നാൽ,
ദൈവം ശിക്ഷകൾ നൽകീടും.
ചതിയില്ലാതെ നടന്നീടിൽ
ദൈവം നല്ലത് തന്നീടും.

ഛ - ഛത്രം നല്ലത് വാങ്ങീടാം,
മഴ നനയാതെ പോയീടാം.
മഴയും നനഞ്ഞു നടന്നീടിൽ
പനിയതു വരുമെന്നോർത്തോളൂ.

ജ - ജയിച്ചുവന്നീടുമ്പോഴുണ്ണീ,
നൽകാം ഞാനൊരു പൊന്നുമ്മ.
പഠിച്ചു നന്നായ് പോവുക നീ
മടിച്ചു നിൽക്കാൻ നോക്കരുതേ.

ഝ - ഝൽ ഝിൽ ഝൽ ഝിൽ മഴ വന്നൂ,
കുടയെല്ലാരും നിവർത്തിക്കോ
കുടയില്ലാത്തവരുണ്ടെങ്കിൽ
വേഗം നനയാതോടിക്കോ.

ഞ - ഞഞ്ഞാപിഞ്ഞാ പറയരുത്,
ഞാനെന്ന ഭാവം കാട്ടരുത്.
ഞങ്ങളെന്നു പറഞ്ഞീടാതെ,
നമ്മളെന്നു പറഞ്ഞോളൂ.

ട - ടക് ടക് ടക് ടക് മുട്ടീടുന്നൂ
ആരു തുറക്കും ഈ വാതിൽ?
വാതിൽ തുറന്നു നോക്കീടുമ്പോൾ
അമ്മാ തായേ പിച്ചക്കാർ.


ഠ - ഠ എന്നൊരു മുഴുവട്ടത്തിൽ
മാർക്കതു കിട്ടും മടിയന്മാരേ.
ഠ എന്നു കിട്ടേണ്ടെങ്കിൽ
നന്നായ് പഠിച്ചു നടന്നീടൂ.


ഡ - ഡയറിയിലെന്നും എഴുതീടൂ
അന്നന്നുള്ളൊരു കാര്യങ്ങൾ.
പിന്നെയൊരിക്കൽ നോക്കീടുമ്പോൾ
എല്ലാം രസമായ് തോന്നീടും.

ഢ - ഢക്കയെടുത്തു കളിക്കരുത്,
വാദ്യം നാശം ചെയ്യരുത്.
പറഞ്ഞതു കേൾക്കാതിരുന്നീടിൽ
ഡും ഡും ഡും ഡും ഇടികിട്ടും.


ത - തർക്കിച്ചുനിൽക്കാൻ പോകരുത്,
സൗഹൃദം നമ്മൾ മറക്കരുത്.
തലയിൽക്കയറി നിരങ്ങരുത്,
തറവാടിത്തം കളയരുത്.



ദ - ദണ്ണം നിങ്ങൾക്കുണ്ടെങ്കിൽ
കൂട്ടരോടെല്ലാം ചൊല്ലീടൂ.
പങ്കുവെച്ചാൽ കുറഞ്ഞീടും
പകരം സൗഖ്യം വന്നീടും.


ധ - ധനമോഹികളാവരുതേ,
സ്നേഹം നിങ്ങൾ വെടിയരുതേ.
ധനവും നോക്കിപ്പായാതെ
അറിവുണ്ടാക്കാൻ നോക്കീടൂ.


ന - നന്ദികേടാരും കാട്ടരുത്,
നന്മ വിട്ടു ചലിക്കരുത്.
നന്ദി പറയാൻ മടിവന്നാൽ
നാണക്കേടെന്നോർത്തോളൂ.

പ - പകയില്ലാതെ നടന്നീടൂ,
പകരം പുണ്യം കിട്ടീടും.
പകയില്ലാതെ നടന്നീടിൽ
പകലും രാവും സന്തോഷം.


ഫ - ഫണമുയർത്തീടും സർപ്പത്തോടായ്
പായ്യാരം പറഞ്ഞു നിൽക്കരുതേ.
ഫണമുയർത്തിയ സർപ്പം കണ്ടാൽ
പറപറന്നോടാൻ മടിക്കരുത്.

ബ - ബഹുമാനിക്കുകയെല്ലാരേം
വലുപ്പവും ചെറുപ്പവും നോക്കാതെ.
ബഹുമാനിച്ചു നടന്നീടിൽ
പകരം കിട്ടും ബഹുമാനം.

ഭ - ഭൂമിയിലുള്ളവരെല്ലാരും
ദൈവത്തിന്റെ പൊന്മക്കൾ.
ഒരുമയോടെ വാഴുക നാം.
ഓർക്കുമ്പോഴൊരു സുഖമില്ലേ?


മ - മരണം വരേയും മറക്കല്ലേ
പിന്നിട്ടു പോന്നൊരാ വഴികൾ നമ്മൾ
വന്നൊരു വഴികൾ മറന്നെന്നാൽ
മോശം കാര്യമതോർത്തോളൂ.

യ - യത്നിച്ചീടേണമെന്നെന്നും
ഫലവും നോക്കിയിരിക്കാതെ
യത്നം നമ്മുടെ ഭാഗത്തെങ്കിൽ
ദൈവം ഫലവും നൽകീടും.

ര - രക്തബന്ധമതില്ലെന്നാലും
സ്നേഹം നമ്മളെച്ചേർക്കുന്നു.
രക്തം ദാനം ചെയ്തീടിൽ
ജീവൻ തന്നെ നൽകീടാം


ല - ലക്കു ലഗാനുമില്ലാതെയാരും
ജീവിതയാത്ര നടത്തല്ലേ.
ലക്ഷ്യമതൊന്നുണ്ടെങ്കിൽ,
വേഗം നോക്കി നടന്നോളൂ.

വ - വരനും വധുവും വന്നെത്തീ
ഡും ഡും പെപ്പേ കല്ല്യാണം
വന്നുകൂടിയവരെല്ലാരും
അനുഗ്രഹിച്ചു മടങ്ങേണം

ശ - ശത്രുവിനോട് പൊറുക്കുന്നവരെ
ആരും തോല്‍പ്പിക്കില്ലല്ലോ.
ശത്രുത മനസ്സിൽ വയ്ക്കാതെ
മാപ്പു കൊടുത്തു നടന്നീടൂ.


ഷ - ഷഡ്പദങ്ങളെ ദ്രോഹിക്കരുതേ
ജീവൻ അവരിലുമുണ്ടല്ലോ.
ഷഡ്‌പദങ്ങൾ വന്നീടിൽ
ദൂരേ നിന്നും നോക്കീടാം.

സ - സഹായം ചെയ്ത് തരുന്നവരോട്,
നന്ദിയെന്നോതാൻ മടിക്കരുത്.
സഹായിക്കുന്നവരെ നമ്മൾ
ഒരുകാലത്തും മറക്കരുത്.

ഹ - ഹ ഹ എന്നു ചിരിച്ചീടിൽ,
കാണുന്നോരും ചിരിച്ചീടും.
ഹ ഹ എന്നു ചിരിച്ചീടൂ
ദുഃഖം മറന്നുനടന്നീടൂ.

ക്ഷ - ക്ഷണിക്കാതെവിടേം പോകരുത്.
ക്ഷണിക്കാൻ നമ്മളും മറക്കരുത്.
ക്ഷണക്കത്തൊന്നു കിട്ടീടിൽ
പോവാൻ നമ്മൾ മടിക്കരുത്.


[ഇനിയും അക്ഷരങ്ങൾ ഉണ്ട്. പാട്ടു കിട്ടുമ്പോൾ പോസ്റ്റ് ചെയ്യും. ഇതൊക്കെ പലരും പറഞ്ഞുവെച്ചുപോയിട്ടുള്ളതുതന്നെയാവും. ഞാനൊന്ന് അക്ഷരത്തിന്റെ കൂടെ പാട്ടായിട്ട് ഇട്ടു എന്നു മാത്രം. എനിക്ക് മനസ്സിൽ തോന്നിയതുപോലെ എഴുതിയതാണ്. അത്ര ഗൗരവമായിട്ട് എഴുതിയില്ല. തെറ്റുകുറ്റങ്ങളൊക്കെ പൊറുക്കുക. ഇതിൽ ഇല്ലാതെപോയ അക്ഷരങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ ഒരു പാട്ടുണ്ടെങ്കിൽ പറഞ്ഞുതരിക.]

Labels: