Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 29, 2009

രണ്ടു പ്രണയകഥകൾ

രണ്ടു പുസ്തകങ്ങൾ. ഒന്ന് മലയാളവും ഒന്ന് ഇംഗ്ലീഷും. രണ്ടിലും പ്രണയമാണുള്ളത്. എന്നാൽ രണ്ടെഴുത്തുകാരും, വ്യത്യസ്തരീതിയിലാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടിൽനിന്നും വായിച്ചെടുത്തത്, വളരെച്ചുരുക്കത്തിൽ മാത്രമാണ് താഴെ എഴുതിയിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് ചെറുതായ രീതിയിൽ മനസ്സിലാക്കാൻ ഉപകരിച്ചേക്കും.

1. അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ.

അനുരാഗത്തിന്റെ ദിനങ്ങൾ എന്നത് വൈക്കം മുഹമ്മദ്ബഷീറിന്റെ ഒരു നോവലാണ്. അദ്ദേഹത്തിന്റെ മറ്റുകഥകളിൽ ഉള്ളതുപോലെ അത്ര തമാശയില്ല വായിച്ചെടുക്കാൻ. തീരെയില്ലെന്നൊന്നും പറഞ്ഞൂടാ. ഇത് കാമുകന്റെ ഡയറിയാണ്. ശരിക്കും നോവൽ അല്ല, ജീവിതകഥയാണ്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരുടെ വിചാരങ്ങളും വികാരങ്ങളുമൊക്കെ പ്രകടിപ്പിച്ചിട്ടുള്ള എഴുത്തുകളാണ് ഈ നോവലിൽ മുഴുവൻ. പ്രണയമങ്ങനെ ഉയർന്നും താഴ്ന്നും, പിടിവിട്ടുപോയെന്നു കരുതിയും ഒക്കെ കടന്നുപോകും. കാമുകന്റെ ഡയറി എന്ന് ബഷീർ പറഞ്ഞിട്ടുള്ള ഈ നോവലിന്റെ പേര് “അനുരാഗത്തിന്റെ ദിനങ്ങൾ” എന്ന് ഇടുന്നത് എം. ടി. വാസുദേവൻ‌നായർ ആണ്.

ബഷീറിന് മുപ്പത്തിനാലോ മുപ്പത്താറോ പ്രായമായിരിക്കുമ്പോഴാണ് ഇരുപത്തിയാറരക്കാരിയായ സരസ്വതീദേവി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്നുവെച്ചാൽ മനസ്സിലേക്കും. സരസ്വതീദേവിയുടെ അയൽ‌വക്കത്തെ താമസത്തിനിടയിലാണ് പരിചയം ഉണ്ടാവുന്നത്. പരിചയം തുടങ്ങുന്നത്, സഹവിദ്യാഭ്യാസം എന്നതിനെക്കുറിച്ചൊരു പ്രസംഗം എഴുതിക്കിട്ടാൻ സരസ്വതീദേവി ബഷീറിനെ സമീപിക്കുമ്പോഴാണ്. എഴുതിക്കൊടുക്കുന്നു. പ്രസംഗത്തിൽ സരസ്വതീദേവിയ്ക്ക് ഒന്നാം സമ്മാനം കിട്ടുന്നു.

അങ്ങനെ പരിചയമൊക്കെ ആയി വന്നപ്പോൾ, ദേവി കുറച്ചുദിവസത്തേക്ക് മദ്രാസിലേക്ക് പോകുന്നു.അതിനിടയ്ക്ക്, ദേവിയെക്കുറിച്ചും, ദേവിയ്ക്ക് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ കേട്ടറിയുകയും, ദേവിയുടെ ഒരു പരിചയക്കാരന്റെ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, അതിൽ ദേവിയുടെ അഭിപ്രായങ്ങളുമൊക്കെ വന്നപ്പോൾ, അയാളേയും ദേവിയേയും ചേർത്ത്, വെറുതേ ഓരോന്നൊക്കെ ആലോചിച്ചുകൂട്ടുകയും ഒക്കെച്ചെയ്തപ്പോൾ നമ്മുടെ നായകനു ദേവിയെ മറക്കുന്നതും വെറുക്കുന്നതുമാണു നല്ലതെന്ന് തോന്നി. ഉടനെ, ദേവി മദ്രാസിൽനിന്നു വരുന്നതിനുമുമ്പ് പെട്ടിയും കിടക്കയും ഒക്കെ വാരിക്കെട്ടി, വേറെ വീട്ടിലേക്കു താമസം മാറ്റി. കുറച്ചു ദിവസത്തേക്ക് സ്വന്തം വീട്ടിലേക്കും പോയി.

ദേവി വന്നു. ദേവിയുടെ ആദ്യത്തെ കത്തുവന്നു. തെറ്റിദ്ധരിക്കരുതെന്നും കാണുകയുണ്ടാവില്ലായിരിക്കും എന്നൊക്കെപ്പറഞ്ഞ്. താങ്കളെ ഇഷ്ടമാണ് എന്നും എഴുതിയിരുന്നു. അപ്പോപ്പിന്നെ അങ്ങോട്ടും ഒരു കത്ത്. ദേവിയെ നായകനും ഇഷ്ടമാണെന്നും പറഞ്ഞ്.

പിന്നെ അങ്ങോട്ടുമിങ്ങോട്ടും കത്തുകളുടെ പ്രവാഹമായിരുന്നു. അതാണ് ഈ അനുരാഗത്തിന്റെ ദിനങ്ങളിൽ സംഭവിച്ചത്.

പ്രണയം തുടങ്ങി. അതിലെ തകരാറുകളും തുടങ്ങി. ഇടയ്ക്ക് വഴക്കും ആയി. ഒക്കെ കത്തുകളിലൂടെ പ്രകടിപ്പിച്ചു തുടങ്ങി. ദേവി ഇടയ്ക്ക് മനം മാറി, സഹോദരാ എന്നും വിളിച്ച് കത്തെഴുതും, പിന്നെ സ്നേഹിക്കുന്നെന്നെഴുതും. ബഷീർ പ്രണയം കൊണ്ടു വിവശനാവും. അങ്ങനെ കത്തോട് കത്ത്. അങ്ങോട്ടുമിങ്ങോട്ടും. ദേവിയെ സ്നേഹിക്കുന്നെന്നും വിവാഹം കഴിക്കണമെന്നും നായകൻ. സ്നേഹിക്കുന്നുണ്ടെങ്കിലും, അമ്മയേയും അച്ഛനേയും, കുടുംബത്തേയും മറന്ന് സ്നേഹിക്കാൻ ദേവിക്ക് പേടി, മടി.

അങ്ങനെ കത്തെഴുതിക്കത്തെഴുതി സ്നേഹിച്ചുസ്നേഹിച്ച് ഒടുവിൽ, ദേവിയുടെ കല്യാണം വേറെ ആളുമായി കഴിഞ്ഞു. നായകൻ പറഞ്ഞു. എന്ത്?

“ഭർത്താവിനോട് നമ്മുടെ സ്നേഹത്തെപ്പറ്റി പറയണം. ദേവി പറഞ്ഞില്ലെങ്കിൽ വേറെ ആളുകൾ പറയും. ഞാൻ ദേവിയെ അനുഗ്രഹിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും തന്ന് കരുണാമയനായ ദൈവം ദേവിയെ അനുഗ്രഹിക്കട്ടെ.” (അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ - ഡി. സി. ബുക്സ്)

അങ്ങനെ അവിടെ ശുഭം!

എഴുതിയത് നായകൻ ആണെങ്കിലും, നായികയുടെ വിഷമം, കത്തുകളിലൂടെത്തന്നെ മനസ്സിലാവും. സ്നേഹമുണ്ട്, പ്രണയമുണ്ട്. പക്ഷേ അതൊക്കെ എവിടെയെത്തും എന്ന ഭീതിയും ഉണ്ട്. മുഹമ്മദീയനെയാണ് സ്നേഹിക്കുന്നതെന്ന ആശങ്കയുണ്ട്. കുടുംബാംഗങ്ങളെ വിഷമിപ്പിക്കാനാവില്ലെന്ന തോന്നലുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പ്രത്യേക കരുതലുണ്ട്. ആകപ്പാടെയൊരു പ്രണയമയം. പ്രധാനമായും, കത്തുകളിലൂടെ ഒരു നോവൽ.

-----------------------------------------

2. ലവ് സ്റ്റോറി - എറിക് സെഗാൾ - Love Story - Erich Segal

ഒലിവറിന്റേയും ജെന്നിഫറിന്റേയും കഥ. അവർ കണ്ടുമുട്ടിയതിനെക്കുറിച്ച്, പ്രണയമായതിനെക്കുറിച്ച്, വിവാഹം കഴിച്ചതിനെക്കുറിച്ച് ഒക്കെയുള്ള കഥ. ഈ കഥ സിനിമയായും വന്നിട്ടുണ്ട്. 1970 - ൽ ആണ് ഈ കഥ ആദ്യമായിട്ട് പ്രസിദ്ധീകരിക്കുന്നത്. 21 മില്ല്യണിലധികം കോപ്പികൾ ചെലവായി എന്നു അറിഞ്ഞപ്പോൾ അതിശയമൊന്നും തോന്നിയില്ല. കഥ വായിച്ചുകഴിഞ്ഞപ്പോൾ ജെന്നിയും ഒലിവറും ഹൃദയത്തിലേക്ക് കയറി.

ഒലിവർ സമ്പന്നൻ ആണ്. ജെന്നി പാവമാണ്. സംഗീതം പഠിക്കുന്നു. രണ്ടാളും പ്രണയമായി. കുടുംബാംഗങ്ങളെ പരിചയപ്പെടുന്നു. ജെന്നിയ്ക്ക് ഏറ്റവും അടുത്തത് അവളുടെ അച്ഛൻ മാത്രമാണ്. ഒലിവറിന് പണക്കാരായ കുടുംബം ഉണ്ട്. ഒലിവർ, ജെന്നിയെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് അച്ഛനുമായി തെറ്റുന്നു. എന്നിട്ട് വീടുവിട്ടിറങ്ങി, സ്വന്തം നിലയിൽ ജീവിക്കാൻ തുടങ്ങുന്നു.

രണ്ടാളും ഡിഗ്രിയെടുത്തുകഴിയുമ്പോഴാണ് വിവാഹം. അതുകഴിഞ്ഞ് ജീവിതത്തിന്റെ തിരക്കിലായി. ഓരോ ജോലിയൊക്കെ നോക്കി. ഒലിവർ നിയമബിരുദം നേടി. സന്തോഷമായി ജീവിക്കാൻ തുടങ്ങി.

കുട്ടികളില്ലാതിരുന്നതുകൊണ്ട് ഒരു ഡോക്ടറെ കാണാൻ പോകുന്നിടത്താണ് കഥ മാറുന്നത്. ടെസ്റ്റുകളൊക്കെ നടത്തിച്ച ശേഷം ഡോക്ടർ,അവരുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കിക്കൊണ്ട്, ഒലിവറിനോടു പറയുന്നത് ജെന്നിയ്ക്ക് ലുക്കീമിയ ആണെന്നാണ്. ആദ്യം ജെന്നി അറിയുന്നില്ലെങ്കിലും, പിന്നീട് ഡോക്ടറുടെ അടുത്തുനിന്നുതന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നു. അസുഖം വർദ്ധിക്കുകയും ജെന്നിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പണം ആവശ്യമായതുകൊണ്ട്, ഒലിവർ അച്ഛനെത്തേടി പോകുന്നു. പക്ഷെ, യഥാർത്ഥകാര്യം പറയാൻ തയ്യാറാവുന്നില്ല. ശമ്പളം കിട്ടുന്നില്ലേ, ജെന്നി ജോലി ചെയ്യുന്നില്ലേന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും അച്ഛൻ പണം കൊടുക്കുന്നു. പക്ഷെ, ജെന്നി മരിക്കുന്നു. അച്ഛൻ വന്ന് ഒലിവറിനെ സമാധാനിപ്പിക്കുന്നു.

ജെന്നിയുടേയും ഒലിവറിന്റേയും സ്നേഹത്തിന്റെ, ജീവിതത്തിന്റെ കഥയാണെങ്കിലും, അച്ഛന്റേയും മകന്റേയും സ്നേഹവും, അച്ഛന്റേയും മകളുടേയും സ്നേഹവും ഒക്കെ ഈ കഥയിൽ ഉണ്ട്.

Labels:

Monday, May 25, 2009

അമാവാസി

പൊട്ടിത്തീരാറായ ചില്ലകൾ,
അമാവാസി കാത്തുനില്‍പ്പുണ്ട്.
നിലനില്പിന്റെ ഒടുക്കമറിയാതെ,
വിറങ്ങലിച്ചുനില്‍പ്പുണ്ട്.
മന്ദാരപ്പൂക്കളെ ദൈവം സൃഷ്ടിച്ചത്
കൂരിരുട്ടിലേക്ക് വിരിയാനാവും.
വെണ്മയുടെ ചിരി തൂകി
ഇരുട്ടിനെ നാണിപ്പിക്കാനാവും.
വിരിഞ്ഞേനെ, മനസ്സിലൊരു മന്ദാരം
വേരും തലയും ഒരിടത്തായിരുന്നെങ്കിൽ!
എന്നിട്ടും ചില്ലകൾക്ക് തോന്നുന്നുണ്ട്,
വേരിൽനിന്നും വിട്ടുപോവില്ലെന്ന്.
സ്നേഹത്തിന്റെ നിറപ്പകിട്ട്
ഒറ്റക്കാഴ്ചയിൽ കാണില്ലെന്ന്!



അമാവാസി അഥവാ കറുത്തവാവ് വരുമ്പോൾ അസുഖവും മരണവും ഒക്കെയുണ്ടാവാറുണ്ടെന്ന് പറയാറുണ്ട്. പൊട്ടിത്തീരാറായ ചില്ലകൾ എന്നുവെച്ചാൽ, പൊട്ടിപ്പൊട്ടിത്തീർന്നുകൊണ്ടിരിക്കുന്ന കൊമ്പുകൾ/ ജീവിതങ്ങൾ, അമാവാസിയും കാത്തുനില്‍പ്പാണ്. അതൊന്നു കഴിഞ്ഞേ നിലനില്‍പ്പിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ പറ്റൂ. ഒന്നുകിൽ ഒടുങ്ങും, ഒന്നുമറിയാതെ. അല്ലെങ്കിൽ ഇരിക്കും വീണ്ടും. മന്ദാരപ്പൂക്കൾ, അഥവാ വെളുത്ത മന്ദാരപ്പൂക്കൾ (വെണ്മയുടെ ചിരി എന്നുപറഞ്ഞത് അതുകൊണ്ടാണ്), അതായത് സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ സന്ദേശങ്ങൾ വിരിയേണ്ടത് ഇത്തരം അമാവാസികളിലേക്കാണ്/ഇരുട്ടിലേക്കാണ്. തീരാറായ ജീവിതത്തിലേക്ക് ഒരു നനുത്ത സ്പർശവുമായി. അപ്പോ മരണം ഒന്ന് നാണിക്കും. വേരും തലയും എന്നുദ്ദേശിച്ചത്, ചിന്തയും, സഫലതയും, ഒരുമിച്ചിരുന്നെങ്കിൽ എന്നാണ്. വേരും തലയും പോലെ ചിന്തയും, സഫലതയും, അല്ലെങ്കിൽ മോഹവും സാഫല്യവും മിക്കവാറും രണ്ടറ്റങ്ങളിൽ കിടന്നേക്കും. ചിന്തിക്കുന്നതും അതിന്റെ ഫലവും ഒന്നായിരുന്നെങ്കിൽ മനസ്സിലൊരു വെണ്മ, പുഞ്ചിരി, നിലാവ്, സന്തോഷം ഒക്കെ ഉണ്ടാകുമായിരുന്നു. ചിന്തിക്കുന്നത് നടന്നേക്കില്ലെന്ന തോന്നൽ ഉണ്ടാവുമ്പോഴും, വിട്ടുപോകുമെന്നറിയുമ്പോഴും, ചില്ലകൾക്ക് വേരിനോടൊട്ടിപ്പിടിക്കാൻ മോഹമുണ്ട്. സ്നേഹത്തിന്റെ ആ ഒരിതുണ്ടല്ലോ, അത് പെട്ടെന്ന് കണ്ടെന്നുവരില്ല. ചിലപ്പോൾ വേരും പ്രാർഥിക്കുന്നത്, ചില്ലകൾ വിട്ടുപോകല്ലേന്നാവും. എന്നിട്ടും നിസ്സംഗതയോടെ, നിസ്സഹായതയോടെ, അടങ്ങാത്ത സ്നേഹവുമായി നോക്കിനിൽക്കുന്നു. ആ സ്നേഹത്തിന്റെ നിറം കാണാൻ ചില്ലകൾ ശ്രമിക്കുന്നുണ്ട്.

ഇതൊക്കെയാണ് മുകളിലെ വരികൾ എഴുതുമ്പോൾ, ഞാൻ മനസ്സിലുറപ്പിച്ചിരുന്ന അർത്ഥം. കുറഞ്ഞുപോയോ കൂടിപ്പോയോന്ന് അറിയില്ല.

Labels:

Thursday, May 21, 2009

അങ്ങനേയും ചിലത്

പനി, തലവേദന, തൊണ്ടവേദന
വീട് വൃത്തിയാക്കാൻ ആരോഗ്യമില്ല.
അലങ്കോലമായിക്കിടക്കുന്നു.
നിരാശ, പേടി, വിഷമം
മനസ്സ് വൃത്തിയാക്കാൻ കഴിയുന്നില്ല.
അലങ്കോലമായിക്കിടക്കുന്നു.
മനസ്സായാലും വീടായാലും
ഉള്ളിൽ നന്നായിരിക്കണമെന്നുള്ളൊരാൾക്ക്
അതിനും സാധിക്കുന്നില്ലെങ്കിൽ ഇനിയെന്ത്!
ആകാശമേ,
ഒരു മഴവില്ലെങ്കിലും ഭൂമിയിലേക്കിടുമോ
മനസ്സിനും വീടിനും പകുത്തുകൊടുത്തോളാം.

ഡോക്ടറുടെ അടുത്തുപോയി. ക്ലിനിക്കിൽ ഇരിക്കുമ്പോഴാണ് സംഭവം. ഒരു പെട്ടി ഓട്ടോറിക്ഷ വന്ന് അവിടെ കുറച്ചകലെയായി മുന്നിൽ നിർത്തി. അതിൽനിന്ന് ഡ്രൈവർ ഇറങ്ങി, അവിടെ കുറച്ചകലെയൊരു കടയിൽനിന്ന് ഒരു ചെറിയ ഷെൽഫ് (പുതുതായി ഉണ്ടാക്കിവെച്ച), രണ്ടുമൂന്നാൾക്കാരുടെ സഹായത്തോടെ വണ്ടിയിൽ കയറ്റി. അതുകഴിഞ്ഞ് ഓട്ടോക്കാരൻ, കീശയിൽനിന്ന് കാശെടുത്ത്, എന്തോ കടലാസ്സും എടുത്ത് നോക്കി, ഒരാൾക്കെന്തോ കൊടുക്കുകയും ചെയ്തു. അപ്പോ ഓട്ടോക്കാരന്റെ കൈയിൽനിന്ന് പൈസ താഴെ വീണു. പത്തുരൂപ ആണെന്നു തോന്നി. ഞങ്ങളതൊക്കെ കാണുന്നുണ്ട്. അയാൾ അവിടെത്തന്നെ നിന്ന് എന്തോ കടലാസ് നോക്കുന്നതുകണ്ടപ്പോൾ, പൈസ കണ്ടിട്ടുണ്ടാവുമെന്നും എടുക്കുമെന്നും വിചാരിച്ചു. അയാൾ കടലാസ്സുകൾ നോക്കി, പൈസയും കടലാസുകളും കീശയിലിട്ട്, കടക്കാരനോട് ആംഗ്യവും കാണിച്ച് ഒറ്റപ്പോക്ക്. പിന്നെയാണ് രസം. അയാൾ പൈസ എടുത്തില്ലല്ലോ പാവം, എന്നു വിചാരിക്കുമ്പോഴേക്ക്, ഒരാൾ അവിടെ ആദ്യമേ നിർത്തിയിരുന്ന ബൈക്കിൽ കയറുകയും, തിരിച്ചപ്പോൾ പൈസ കാണുകയും എടുത്തു കീശയിലിടുകയും ചെയ്തു. അതുകഴിഞ്ഞ്, വേറെ ആരെങ്കിലും കണ്ടോന്നല്ല നോക്കുന്നത്, അവിടെ പൈസ വീണത്, വേറെയുണ്ടോന്ന് നോക്കി, ബൈക്കോടിച്ചുപോവുകയും ചെയ്തു. എനിക്കു വയ്യാഞ്ഞിട്ടാണ്. അല്ലെങ്കിൽ ആ പൈസ എടുത്തുകൊണ്ടുവന്ന്, ഓട്ടോക്കാരൻ, ഷെൽഫ് വാങ്ങിക്കൊണ്ടുപോയ കടയിൽ ഏല്‍പ്പിച്ചേനെ. അവർ അയാൾക്കു കൊടുക്കുമോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എന്തായാലും ആ രൂപ ബൈക്കുകാരനു കിട്ടി. അയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ, അത് ഉപയോഗിക്കാം. ഭാഗ്യമില്ലെങ്കിൽ അന്യന്റെ പത്തുരൂപ ഉപയോഗിച്ചതിന് സ്വന്തം നൂറുരൂപ പോകും.

Labels:

Sunday, May 17, 2009

മൈസൂർ യാത്ര

മൈസൂർ, കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ്. (ഞാൻ പറഞ്ഞിട്ടു വേണമല്ലോ നിങ്ങൾ അറിയാൻ). കേരളത്തിൽനിന്ന് പോകുമ്പോൾ ഇഷ്ടം പോലെ ബസ്സുകളുണ്ട്. സ്വന്തം വാഹനത്തിലും പോകാം. അതിലും നല്ലത്, അവിടെയൊക്കെ കറങ്ങിക്കാണാൻ, അവിടെപ്പോയി ടാക്സി വിളിക്കുന്നതാവും കൂടുതൽ സൗകര്യം. മൈസൂർ പാലസും, ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസും, ഒക്കെ അടുത്തടുത്താണ്. രണ്ട് മൂന്ന് കിലോമീറ്ററിനുള്ളിൽ. ദൂരെ പോകാനുള്ളത് ചാമുണ്ഡി ഹിൽ‌സിലേക്കാണ്. അതിനു താഴെ മഹിഷാസുരന്റെ പ്രതിമയുണ്ട്. കുറച്ച് അടുത്തായി തിരിച്ചു മൈസൂരിലേക്കു വരുന്ന വഴി നന്ദിയും ഉണ്ട്. പിന്നെ വൃന്ദാവൻ. സിറ്റിയ്ക്കുള്ളിൽത്തന്നെ ജഗന്മോഹൻ പാലസും കാണാം. അവിടെ ആർട്ട് ഗാലറിയാണ്. ഫോട്ടോയെടുക്കാൻ അനുവാദമില്ല. മൈസൂർ പാലസിനുള്ളിലും ഫോട്ടോയെടുക്കാൻ അനുവാദമില്ല.

ഞങ്ങൾ രാവിലെ കുളിച്ചുപുറപ്പെട്ട് ചായ കുടിച്ച് ടാക്സിയിൽ ചാമുണ്ഡിഹിത്സിലേക്കു പോയി. അവിടെയാണ് ചാമുണ്ഡേശ്വരി അഥവാ മഹിഷാസുരമർദ്ദിനിയുടെ അമ്പലം.




ഒരു ഒമ്പതുമണിയായിക്കാണും. ഒഴിവുദിവസം അല്ലായിരുന്നതുകൊണ്ട് അത്ര തിരക്കില്ല. എന്നാലും ആളില്ലെന്നൊന്നും വിചാരിക്കരുത്. താഴെയുള്ള ചിത്രം അതിന്റെ ഒരു വശത്തുനിന്നാണ്.




അവിടെയെത്തിയാൽ, മാലയും പൂക്കളും പ്രതിമകളും ഒക്കെക്കൊണ്ട് പുറകേ നടക്കുന്നകച്ചവടക്കാർ ഉണ്ട്. വെറുതേ നീട്ടുന്നതുകണ്ട് അതൊക്കെ നിങ്ങളെ സ്വീകരിക്കാനാണെന്ന മട്ടിൽ ചാടിപ്പിടിച്ച് സ്വന്തമാക്കരുത്. ഒക്കെ ചോദിച്ചും കണ്ടും വാങ്ങിയാൽ നിങ്ങൾക്ക് നല്ലത്. ഓട്ടോ അല്ലെങ്കിൽ ടാക്സിയിൽ ഒക്കെ കയറുന്നതിനുമുമ്പും, സാധനങ്ങൾ വാങ്ങുന്നതിനുമുമ്പും ചാർജിലും വിലയിലും ആദ്യം തന്നെ ഒരു ധാരണയിൽ എത്തുക.




ഇവിടെയൊക്കെയുള്ള കച്ചവടക്കാർ പറയുന്നതിന്റെ നേരെ പകുതിയേ വില പറയാവൂ. ഞാൻ പറഞ്ഞുതന്നതാണെന്ന് ഇനി അവിടെപ്പോയിപ്പറയേണ്ട.




അമ്പലത്തിൽ തൊഴുതുകഴിഞ്ഞപ്പോൾ ഞങ്ങൾ മഹിഷാസുരനെ വന്ദിച്ചു. മൂപ്പരവിടെ വാളും കൊണ്ടു നിൽക്കുമ്പോൾ കണ്ടില്ലെന്ന് പറഞ്ഞ് വരാനൊന്നും പറ്റില്ല.




പിന്നെയും വാഹനത്തിൽ കയറി നന്ദി പ്രതിമ ഉള്ളിടത്തേക്ക്. അവിടെയൊക്കെ ഒന്ന് നോക്കിവന്ന് വീണ്ടും വണ്ടിയിൽ കുന്നിന്മുകളിൽനിന്ന് താഴോട്ട്. വരുന്ന വഴിക്ക് ഒന്ന് എത്തിനോക്കിയാൽ മൈസൂർ നഗരത്തിന്റെ തീപ്പെട്ടിക്കാഴ്ചകൾ കാണാം.

പിന്നെ ഞങ്ങൾ പോയത് ജഗ്‌മോഹൻ പാലസിലേക്കാണ്. അകത്തേക്ക് കയറാൻ പൈസ വേണം. വല്യ ആൾക്ക് 20 രൂപ. കുട്ടികൾക്ക് 10 രൂ. അവിടെ ആർട്ട്ഗാലറി ഉണ്ട്. രവിവർമ്മച്ചിത്രങ്ങൾ കുറേയുണ്ട്. രവിവർമ്മ നമ്മുടെ നാട്ടുകാരനല്ലേന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ചിത്രങ്ങളൊക്കെ അവരുടെ അടുത്തെത്തി. പോസ്റ്റ് കാർഡ് ചിത്രങ്ങൾ വാങ്ങാനും കിട്ടും. ഒരുപാട് ചിത്രങ്ങൾ അവിടെയുണ്ട്. അവിടെ നല്ലൊരു ഫ്രഞ്ച് ക്ലോക്ക് ഉണ്ട്. മണിക്കൂറു കൂടുമ്പോൾ, അതിൽ സംഗീതം വരും. അപ്പോൾ അതിനുള്ളിലെ പട്ടാളക്കാരുടെ പ്രതിമകൾ മാർച്ച് ചെയ്യും. സമയം ഉണ്ടെങ്കിൽ അതും നോക്കിയിരിക്കാം. പാലസിനുള്ളിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ല. അവിടെ ക്ലോക്കിലെ മാർച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശന്നു.




എന്നാലും അതുകഴിഞ്ഞ് ഫിലോമിനപ്പള്ളിയിലേക്കു വിട്ടു. അവിടെ കയറിയിറങ്ങി. എവിടെയെങ്കിലും ഹോട്ടലിൽ ഒന്ന് കയറിക്കിട്ടിയാൽ രക്ഷപ്പെട്ടു. ഊണിന്റെ സമയം ആണെങ്കിൽ തിരക്കുതന്നെ. അതുകൊണ്ട് കുറച്ച് നേരത്തെ ഊണുകഴിക്കാനെന്ന മട്ടിൽ ആദ്യം പോയി കഴിച്ചിറങ്ങുന്നതാവും സൗകര്യം. അങ്ങനെ തിരക്കുവരുന്നതിനുമുമ്പ് ഒരിടത്തുകയറി.

ഊണുകഴിഞ്ഞപ്പോൾ പതിവുപോലെ ഉറങ്ങണമെന്നൊക്കെ എനിക്കു തോന്നിയെങ്കിലും സ്വന്തം വീട്ടിൽ അല്ലാത്തതുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി. ശ്രീരംഗപട്ടണത്തിലേക്ക്. അവിടേക്ക് 13 കിലോമീറ്റർ ഉണ്ട്. ആദ്യം രംഗനാഥസ്വാമിക്ഷേത്രം ഉണ്ട്. ഉച്ചയ്ക്ക് എന്നെപ്പോലെത്തന്നെ ഉറങ്ങുന്ന സ്വഭാവം ആ സ്വാമിക്കും ഉള്ളതുകൊണ്ട് വാതിലൊക്കെ ഭദ്രമായി അടച്ചിരുന്നു. പിന്നെക്കാണാം എന്നും പറഞ്ഞ് പോന്നു. അതിനടുത്തു തന്നെ ടിപ്പുവിന്റെ ജയിൽ ഉണ്ട്. ജയിൽ എന്നൊക്കെ പേരേയുള്ളൂ. അതുകഴിഞ്ഞ് പോയാൽ സമ്മർ പാലസ് ഉണ്ട്. പാലസ് എന്നൊന്നും അതിനും പറയാനില്ല. അവിടെ കുറച്ച് ചിത്രങ്ങളും കുറച്ച് ആയുധങ്ങളും ഒക്കെ വെച്ചിട്ടുണ്ട്. അതും കണ്ടിറങ്ങി. ടിപ്പു മരിച്ചുവീണ സ്ഥലം ഉണ്ട്. അതു റോഡിൽ നിന്ന് വാഹനത്തിൽ നിന്നു നോക്കാൻ ഉള്ളതേയുള്ളൂ. പിന്നെ, ഇരുവശവും കോട്ടയാണെന്നൊക്കെ ഡ്രൈവർ പറഞ്ഞു. എന്തു കോട്ട! അയാളു പാവം, കണ്ണൂർ കോട്ടയോ തലശ്ശേരി കോട്ടയോ കണ്ടിട്ടുണ്ടാവില്ല എന്നോർത്ത് ഞാനങ്ങു ക്ഷമിച്ചു. ക്ഷമിച്ചില്ലെങ്കിൽ നമ്മുടെ തടിക്ക് കോട്ടം തട്ടും. വഴിയിൽ ഇറക്കിവിട്ടാൽ നടന്നുപോവാൻ വഴി നമുക്കറിയില്ലല്ലോ.

വാട്ടർ പാർക്കിലൊന്നും പോയാൽ വേഗം പുറത്തിറങ്ങാൻ പറ്റില്ലെന്നുള്ളതുകൊണ്ട് അതൊന്നും വേണ്ടെന്നുവെച്ചു. പോകുന്നവഴിക്ക്, ഒരു അമ്പലം ഉണ്ട്.(പേരെനിക്ക് സംശയം). അവിടെ അരുവി പോലെ ഉണ്ട്. പാർക്ക് ഇല്ല. വാട്ടർ മാത്രേ ഉള്ളൂ. വണ്ടി പാർക്ക് ചെയ്തു. കുട്ടികൾക്കും വലിയവർക്കും ഒക്കെ ഇറങ്ങാം വേണമെങ്കിൽ. ഞങ്ങൾ വെള്ളത്തിൽ ഇറങ്ങിയില്ല. ഇനി പോകുമ്പോൾ ഇറങ്ങാമെന്ന് ഞാൻ വെച്ചു. അവിടേയും കുറേ കടകളൊക്കെയുണ്ട്. വെറുതേ ഓരോന്ന് വാങ്ങിക്കൊണ്ടുവരേണ്ടെന്ന് കരുതി ഒന്നും വാങ്ങിയില്ല. ഇടയ്ക്കിടയ്ക്ക് വാങ്ങിയത്, വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും മാത്രം. വേനൽക്കാലത്ത് അതില്ലാതെ പറ്റില്ല.

അതുകഴിഞ്ഞ് (Ranganthittu Bird Sanctuary)രംഗനതിട്ടു പക്ഷിസങ്കേതത്തിലേക്ക് വിട്ടു. മൈസൂർ നഗരത്തിൽനിന്ന് നേരിട്ടുവന്നാൽ 19 കിലോമീറ്റർ ഉണ്ടാവും.




കുറച്ച് കാക്കേം മൈനേം കോഴീം, ബസ്സിലെ കിളീം. ഇത്രയൊക്കെയായാൽ ഞങ്ങളുടെ കിളിനിരീക്ഷണം കഴിഞ്ഞു.




അതുകൊണ്ട് പലതരം പക്ഷികളെ കാണാതെ പോരാൻ തോന്നില്ല. അവിടെ വെള്ളത്തിലൂടെ ബോട്ടിൽ കൊണ്ടുപോയി ചുറ്റി, പക്ഷികളെ കാണിച്ചുതരും.




വിദേശികളും സ്വദേശികളുമായ പക്ഷികൾ. കുറേയെണ്ണം വെള്ളത്തിൽ പാറമേലും, അരുവിക്കു ചുറ്റുമുള്ള മരത്തിലും ഉണ്ട്. വവ്വാലുകൾ കുറേയെണ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു.




അവിടുന്നു വന്നതാ, ഇവിടുന്നു വന്നതാ എന്നൊക്കെ ബോട്ട് തുഴയുന്ന ആൾ പറഞ്ഞുതരും. അയാൾ ബോട്ട് തുഴയാൻ തുടങ്ങിയപ്പോൾ, അയാളെ സഹായിച്ചേക്കാംന്നു കരുതി, ഞാൻ കൈ വെള്ളത്തിലിട്ട് തുഴയാൻ തുടങ്ങി. അപ്പോ അയാൾ പറഞ്ഞു, മുതലയുണ്ട് വെള്ളത്തിൽ. കൈയും തലയും വെള്ളത്തിലിടരുതെന്ന്. പേടിച്ചുപോയി. അതുകൊണ്ട് നാവ് വരെ പിന്നെ എടുത്തില്ല. മുതല പിടിച്ചൂ, മലയാളം ബ്ലോഗർ ചത്തൂ എന്നൊക്കെപ്പറഞ്ഞാൽ മുതലയ്ക്ക് നാണക്കേടല്ലേ. പിന്നെ, ബോട്ട് പക്ഷികളുടെ അടുത്തുവരെ പോകില്ല. പാറയുണ്ട്. പിന്നെ നമ്മളൊക്കെ ചെന്ന് ഹലോ പറയുന്നതൊന്നും അവയ്ക്ക് ഇഷ്ടമാവും എന്നും തോന്നുന്നില്ല. നല്ല പക്ഷികൾ. ക്യാമറയിൽ കിട്ടിയതൊക്കെ പിടിച്ചു. ബോട്ട് ഒരു വട്ടം കറങ്ങിവന്ന്, കയറിയിടത്ത് ഇറക്കും.



ആദ്യം വിചാരിച്ചു, എല്ലാവരും ബോട്ടിൽ നിന്ന് അനങ്ങി എണീറ്റും ഇരുന്നും കളിക്കാതിരിക്കാനാവും അയാൾ മുതലയുണ്ടെന്ന് പറഞ്ഞതെന്ന്. പിന്നെ കുറേയെണ്ണത്തിനെ കണ്ടപ്പോഴാണ് ബോദ്ധ്യം വന്നത്. ബോട്ടിനു പിന്നാലെ ഒന്നു വന്നുനോക്കി.

അവിടെനിന്ന് പിന്നെയും യാത്ര. വൃന്ദാവനത്തിലേക്ക്. മൈസൂർ നഗരത്തിൽനിന്നു 28 കിലോമീറ്റർ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. അവിടെ രാധയും കണ്ണനുമൊന്നുമില്ല. നമ്മളു തന്നെ. പിന്നെയുള്ളത് കുറേ ഫൗണ്ടൻ മാത്രം.



തോട്ടവും, കൃഷ്ണരാജസാഗർ ഡാമും. കാവേരിനദിയാണ് അവിടെ. കുറേയുണ്ട് കാഴ്ചകൾ കാണാൻ.





അവിടെ ക്യാമറയ്ക്ക് വിലക്കൊന്നുമില്ല. എന്നാലും വീഡിയോ ക്യാമറയ്ക്കും സ്റ്റിൽ ക്യാമറയ്ക്കും ഒക്കെ വേറെ വേറെ തുക കൊടുക്കണം. വൃന്ദാവനത്തിൽ ചുറ്റി നടന്ന് സമയം അധികം കളയാതെ, പെട്ടെന്ന് തന്നെ, മ്യൂസിക്കൽ ഫൗണ്ടൻ ഉള്ളിടത്തേക്കുവന്നു. ഇരുട്ടാവുന്നതിനുമുമ്പ് ഗ്യാലറിയിൽ സ്ഥലം പിടിച്ചാൽ രക്ഷപ്പെട്ടു. ഞങ്ങൾ ആദ്യം പോയതുകൊണ്ട് തിരക്കില്ലാതെ മുകളിൽത്തന്നെ ഇരിക്കാൻ പറ്റി. നാലോ അഞ്ചോ പാട്ട്. അതിനനുസരിച്ച് ഫൗണ്ടനിലൂടെ വെള്ളം ഡാൻസ് കളിക്കും. പല നിറത്തിൽ. നല്ലൊരു കാഴ്ചയാണ് അത്.

അവിടെനിന്ന് ഞങ്ങൾ താമസിക്കുന്നതിനടുത്തുനിന്ന് ഭക്ഷണം കഴിച്ചു. റൂമിൽ വന്നു. ഫ്രഷായി. പിന്നെ ഗുഡ്നൈറ്റ്.

പിറ്റേദിവസം രാവിലെ ആയി. വീട്ടിലല്ലെന്ന് ഓർമ്മ വന്നപ്പോ സന്തോഷമായി. എണീറ്റ് കാപ്പിവെക്കേണ്ടല്ലോ. തലേദിവസത്തെ അലച്ചിലിന്റെ ക്ഷീണം ഉണ്ട്. എന്നിട്ടും എണീറ്റ് കുളിച്ചു ജപിച്ചൊരുങ്ങി, ഭക്ഷണം കഴിക്കാൻ പോയി. കഴിച്ചിറങ്ങി, ഓട്ടോ വിളിച്ചു. സൂവിലേക്കും പാലസിലേക്കും ഒക്കെ പോകാൻ ഓട്ടോ മതി. ചാർജ് ആദ്യമേ ചോദിച്ചുവയ്ക്കണംന്ന് മാത്രം. സൂവിനു മുന്നിലെത്തി. സൂ, സൂ എത്തി എന്ന് ചേട്ടൻ. ഇറങ്ങിയപ്പോഴേക്കും ഒരു കൂളിംഗ്‌ഗ്ലാസ്സുവില്പനക്കാരൻ വന്നു വാങ്ങാൻ നിർബന്ധിച്ചു. അയാൾ പറഞ്ഞതിന്റെ പകുതി ഞാനും പറഞ്ഞു. കുട്ടികൾക്ക് വാങ്ങി. വല്യവരേയും അയാളൊന്ന് നിർബന്ധിച്ചു വാങ്ങാൻ. പക്ഷേ ഞങ്ങൾക്ക് കണ്ണടയിട്ടാൽ ഗ്ലാമർ പോകുമെന്നു പറഞ്ഞ് വാങ്ങാതെ തടിതപ്പി. ഉള്ളതല്ലേ പോകൂ എന്ന് അയാൾ മനസ്സിൽ വിചാരിച്ചുകാണും. ചാമരാജേന്ദ്ര സൂവോളോജിക്കൽ ഗാർഡൻ എന്നാണ് ആ സൂവിന്റെ പേര്. പ്ലാസ്റ്റിക്കുവസ്തുക്കളൊന്നും കടത്തില്ല. ബാഗൊക്കെ ചെക്കു ചെയ്യും. ഭക്ഷണവസ്തുക്കൾ ഒന്നും കൊണ്ടുപോകരുതെന്നൊക്കെയുണ്ട്. ക്യാമറയും ഒക്കെ നോക്കും. ചാർജും ഉണ്ട് അകത്തേക്ക് കടക്കാൻ. നമുക്ക് തനിയേ ചുറ്റിക്കാണണമെങ്കിൽ അങ്ങനെ ആവാം. അതു പറ്റില്ലെങ്കിൽ അവിടെ വണ്ടികളുണ്ട്. അതിനു വേറെ പൈസ കൊടുക്കണം. പിന്നെ അടുത്തുനിന്നു കാണണമെങ്കിൽ അതിൽനിന്നു ഇറങ്ങിക്കാണുകയും വേണം. നടക്കുന്നതു തന്നെ നല്ലത്. ഒരുപാട് പക്ഷിമൃഗാദികൾ ഉണ്ട്. ജിറാഫ്, കണ്ടാമൃഗം, മയിൽ, പല തരം പക്ഷികൾ, പാമ്പുകൾ, കുറച്ചു മുതലകൾ, ആന, സിംഹം, പുലി, കുരങ്ങ്, ആന, പന്നി, കുറുക്കൻ....അങ്ങനെയങ്ങനെ പോകും. അവയിൽ ചിലത് താഴെ.



ഇന്നു നല്ല വെയിലുണ്ട്. ചൂടായിരിക്കും. കുളിച്ചേക്കാം.


കണ്ണീരൊഴുക്കാൻ മാത്രമല്ല, ചിരിക്കാനും എനിക്കറിയാം.


പീലി വിരിച്ചാൽ ഇങ്ങനെയിരിക്കും. ഇഷ്ടമായോ?



ഈ പോസിൽ ഫോട്ടോ പരമാവധി നന്നാവണം. അല്ലെങ്കിൽ..


ഇതാണ് പച്ചവെള്ളം എന്നു മനുഷ്യരു പറയുന്നത്.


ഭൂമിക്കടിയിൽ എന്തായിരിക്കും!

അങ്ങനെ കൂട്ടുകാരെ ഒക്കെകണ്ട് പുറത്തിറങ്ങിയപ്പോൾ രാവിലെ കഴിച്ചതൊക്കെ ദഹിച്ചു. പിന്നെ പഴങ്ങൾ വാങ്ങിക്കഴിച്ചു.

പിന്നെ ഊണുകഴിക്കാൻ എന്നും പറഞ്ഞ് ഒരിടത്തു കയറി. അവിടെ ഊണിനു ഒരുമണിക്കൂർ കൂടെ കഴിയണമായിരുന്നു. ജ്യൂസ് കുടിച്ചു. ഇറങ്ങി. പിന്നെ കുറച്ച് അങ്ങോട്ടുമിങ്ങോട്ടും റോഡിന്റെ നീളം അളന്നു. വെയിലൊക്കെ തലയിലാക്കി. പിന്നെ വേറൊരു ഹോട്ടലിൽ കയറി ഊണു കഴിച്ചു.

അതുകഴിഞ്ഞ് പ്രസിദ്ധമായ മൈസൂർ പാലസ്സിലേക്ക്. ദസറ ഉത്സവം ഒക്കെ അവിടെയാണ്. അവിടേയും കടക്കാൻ പൈസ കൊടുക്കണം. മെയിൻ ഗേറ്റിനുള്ളിൽ ക്യാമറ കൊണ്ടുപോകാം.




പൊരിവെയിൽ ആയതുകൊണ്ട് കൂടുതൽ ചിത്രമെടുത്ത് സമയം കളഞ്ഞില്ല.




കൊട്ടാരത്തിന്റെ അകത്തേക്ക് ക്യാമറ കൊണ്ടുപോകാൻ പറ്റില്ലെന്ന് മാത്രമല്ല, മോബൈൽ ഫോണും ഓൺ ചെയ്യാൻ അനുവദിക്കില്ല. കൊട്ടാരത്തിൽ കടക്കുന്നതിനുമുമ്പ് ചെരുപ്പൊക്കെ അഴിച്ചുവയ്ക്കണം. അവിടെ ചെരുപ്പുസൂക്ഷിക്കുന്നിടം ഉണ്ട്. പൈസ കൊടുക്കണം. ബാഗും ചെക്ക് ചെയ്യും. അകത്തു കടന്ന് മൊബൈൽ ക്യാമറ കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടും. അങ്ങനെ ചെയ്ത ഒരാളെ അവിടുത്തെ സെക്യൂരിറ്റിക്കാർ പിടിച്ചു ചോദ്യം ചെയ്യുന്നതുകണ്ടു. അവിടെ ഉള്ളിൽത്തന്നെ വേറൊരു വശത്തായി, വേറൊരു പാലസും, അമ്പലവും ഒക്കെയുണ്ട്. ഒട്ടകസവാരിയും ആനസവാരിയും ഉണ്ട്. കുട്ടികൾ മാത്രം കയറി. എന്നെ കണ്ടാൽ ഒട്ടകം പേടിച്ചുപോവില്ലേ? ;)

അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും ക്ഷീണമായി. ഭക്ഷണം കഴിച്ചു. പിന്നെ കുറച്ച് ഷോപ്പിംഗ്. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും. മൈസൂർ സിൽക്കിനു പ്രസിദ്ധമാണെങ്കിലും ഞങ്ങൾ സാരിയൊന്നും വാങ്ങിയില്ല. ഇനിയും സ്ഥലങ്ങളൊക്കെയുണ്ടാവും. അതൊക്കെ കാണൽ പിന്നീടൊരിക്കലാവാമെന്നുവെച്ചു.

അങ്ങനെ ഒരു മൈസൂർ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള വാഹനത്തിലേക്ക്. നാട്ടിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കർണാടകയുടേതും കേരളത്തിന്റേതും.

Labels:

Friday, May 15, 2009

ചിറകില്ലാത്തതാണ് നല്ലത്

കടലിനു ചിറക് ഉണ്ടാവുമായിരിക്കും.
തിര കണ്ടാൽ തോന്നുന്നുണ്ട്.
വൃക്ഷങ്ങൾക്ക് ചിറക് ഉണ്ടാവുമായിരിക്കും.
ആടിയാടി രസിക്കുന്നത് കാണാറുണ്ട്.
മഴയ്ക്കും ചിറക് ഉണ്ടാവുമായിരിക്കും.
അടുത്തെത്തി, തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ പോകാറുണ്ട്.
മേഘങ്ങൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
ഒഴുകിയൊഴുകിപ്പോകുന്നത് കാണാറുണ്ട്.
സ്വപ്നങ്ങൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
സഫലമാക്കാൻ നോക്കുമ്പോഴേക്കും ഒഴിഞ്ഞുമാറിപ്പോകുന്നുണ്ട്.
ചിന്തകൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
മാറിമാറിപ്പോകുന്നത് അറിയാറുണ്ട്.
ചിറകില്ലാത്തതാണ്, പക്ഷേ നല്ലത്.
അരിഞ്ഞുപോവുമെന്ന പേടി വേണ്ടല്ലോ.

Labels:

Friday, May 08, 2009

ആളു മാറിപ്പോയീ

കുറേ വർഷങ്ങൾക്കുമുമ്പാണ്. ഞാൻ സ്കൂളു കഴിഞ്ഞോന്ന് ഓർമ്മ വരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൊച്ചുകടകളിലേക്കെത്താൻ, ഞങ്ങളുടെ വീട്ടിൽനിന്ന് കുറേ വഴികളുണ്ട്. ശരിയായ റോഡു വഴി പോകുന്നതും, പാടം കടന്ന്, കനാലു വഴി പോകുന്നതുമാണ് ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്. അങ്ങനെ ഒരു ദിവസം ഞാനും എന്റെ സഹോദരിയും കൂടെ, “ടൗണിലേക്ക്” പുറപ്പെട്ടു. ഒട്ടിപ്പോ പൊട്ട്, ക്ലിപ്പുകൾ, അങ്ങനെ ഓരോ കുണ്ടാമണ്ടികളേ ഞങ്ങൾക്ക് വാങ്ങാനുണ്ടാവൂ. അങ്ങനെ ഞങ്ങൾ പാടം വഴി തന്നെ പോയി. ഒക്കെ വാങ്ങി, തിരിച്ചും പാടം വഴി തന്നെ വന്നു. പാടത്തിന്റെ അറ്റത്തേക്ക്, ശരിയായ റോഡ് കാണാം. ആൾക്കാരെയൊക്കെ ഒരുവിധം മനസ്സിലാവും. വെയിലും മഴയും ഒന്നും ഇല്ലെങ്കിൽ. അല്ലെങ്കിൽ പൊരിവെയിലത്തു ശരിക്കും കാണില്ല. മഴയത്തും ശരിക്കും മനസ്സിലാവില്ല. ആ വെയിലത്ത്, ഞങ്ങൾ കളിച്ചും ചിരിച്ചും വരുന്നതിനിടയിൽ ദൂരെ, റോഡിൽ, ഞങ്ങളുടെ അച്ഛന്റെ സഹോദരനെ കണ്ടു. രണ്ടാളും, ‘ദാ വരുന്നുണ്ട്, ഈ വഴിക്കു വിളിക്കാം‘ എന്നും പറഞ്ഞ് മാടിവിളിച്ചു. കൈകൊണ്ടൊക്കെ ആംഗ്യം കാണിച്ചു. കുറച്ചുംകൂടെ അടുത്തെത്തിയപ്പോളാണ് (അടുത്തെത്താൻ റോഡിലേക്ക് കുറേ ദൂരം പിന്നേം ഉണ്ട്) ഞങ്ങൾ ചമ്മിയത്. അത്, അച്ഛന്റെ സഹോദരൻ ആയിരുന്നില്ല. വേറെ ആളായിരുന്നു. മുടിയുടെ സ്റ്റൈലിൽ, ഉയരത്തിൽ, ഒക്കെ സാമ്യം ഉണ്ട്. ഏകദേശം പ്രായവും ഒരുപോലെയെന്നു തോന്നുന്നു. ഞങ്ങൾ കഥ പറയുന്നിതിനിടയ്ക്ക് അത്ര ശ്രദ്ധിച്ചിരുന്നുമില്ല. ഒറ്റനോട്ടത്തിൽത്തന്നെ മാടിവിളിക്കൽ തുടങ്ങിയിരുന്നു. അദ്ദേഹം, അച്ഛന്റെ അനിയത്തിയുടെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്ന ആളായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയാണ് വീട്. രണ്ടാളുള്ളതുകൊണ്ട് ഞങ്ങൾ ചമ്മൽ പപ്പാതിയെടുത്തു. അദ്ദേഹത്തോട് കാര്യം പറയാതെ വന്നാൽ വീട്ടിൽ നിന്ന് വഴക്കുകേട്ടാലോന്ന് കരുതി, അദ്ദേഹം അടുത്തെത്തുന്നതുവരെ, ചമ്മിപ്പമ്മി നടന്നു. അല്ലെങ്കിൽ തോമസ്സുകുട്ടീ വിട്ടോടാന്നേ പറയുമായിരുന്നുള്ളൂ. റോഡും പാടവും വിട്ട്, രണ്ടാളും മൂന്നാമത്തെ വഴിക്ക് വെച്ചുപിടിച്ചേനെ. അടുത്തെത്തിയപ്പോൾ, അദ്ദേഹത്തോട്, കാര്യം വിശദീകരിച്ചു. പിന്നെ വീട്ടിൽ പോയി എല്ലാവരോടും പറഞ്ഞ് ചിരിച്ചു. ഇപ്പോഴോർക്കാൻ കാരണം അച്ഛന്റെ അനിയത്തിയുടെ വിവാഹത്തിന്റെ (30 വർഷം മുമ്പാണ് - 1979ൽ) ആൽബത്തിൽ, ഫോട്ടോയിൽ ഇദ്ദേഹമുണ്ട്. (അതിൽ ഞാനുമുണ്ട്;)) അതു കണ്ടപ്പോൾ ഇക്കാര്യമെല്ലാം ഓർത്തു. ഇനിയിപ്പോ സഹോദരിയെ വിളിച്ചു ചോദിക്കണം, അവൾക്കിതുവല്ലതും ഓർമ്മയുണ്ടോന്ന്. ആളുമാറിപ്പോയ അമളികൾ പലർക്കുമുണ്ടാവും അല്ലേ?

Labels:

Wednesday, May 06, 2009

ഓടുന്ന ചിന്തകൾ

മഴയൊന്നു വന്നൂ, വഴിതെറ്റിയെന്നപോൽ,
കണിമഞ്ഞപ്പൂക്കളാ മഴയിൽ കുതിർന്നുപോയ്.
വെയിലിന്റെ ചൂടിൽ വിടരുന്ന മേയ്പൂക്കൾ,
മഴ വീണ്ടുമെത്തും വരെ ചിരി തൂകിടും.
വെളിച്ചവും ശബ്ദവും ആലിപ്പഴവുമായ്,
വന്നെത്തുമല്ലോ, വീണ്ടും, മഴക്കാലം
ഇരുട്ടും തണുപ്പുമായ് കർക്കിടകമെത്തിടും,
കള്ളച്ചിരിയുമായ് പഞ്ഞവും നൽകിടും.
മഴ പെയ്തൊഴിഞ്ഞിടും വാനം ചിരിച്ചിടും,
മനസ്സിൽ നിലാവുമായ് ആവണിമാസം വരും.
തുമ്പയും തെച്ചിയും പലതരം പൂക്കളും,
പൂക്കളം തീർത്തോരോ മുറ്റവും നിറഞ്ഞിടും.
ഓരോ നിമിഷവും ഓടിയൊടുങ്ങുന്നു,
ചിന്തകൾ, കാലത്തെ, തോല്‍പ്പിക്കാനോടുന്നു.

Labels: