Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 30, 2009

സാരി

രാം‌ലാലിന്റെ ഭാര്യയ്ക്ക് പൊള്ളലേറ്റ് ആശുപത്രിയിൽ ആണെന്ന് ഭർത്താവ് വിളിച്ചുപറയുമ്പോൾ, ശ്രുതിയുടെ കൂടെ സാരിക്കടയിൽ പോകാൻ ഏതു സാരിയുടുക്കണം എന്നുമാലോചിച്ച് അലമാരയിലെ വസ്ത്രങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. നീ തനിയേ വരില്ലേ എന്നു ചോദിച്ചപ്പോൾ, ഷോപ്പിംഗിന്റെ കാര്യം അവൾ മിണ്ടിയില്ല. വന്നോളാം എന്നുമാത്രം പറഞ്ഞു. രാം‌ലാൽ അവരുടെ പഴയ ഡ്രൈവർ ആയിരുന്നു. അവളുടെ ഭർത്താവിന്റെ കമ്പനിയിലെ ഡ്രൈവർ ആയി ജോലി കിട്ടിയപ്പോൾ അതായിരിക്കും കൂടുതൽ നല്ലതെന്ന് പറഞ്ഞ് അവനെ പറഞ്ഞയയ്ക്കുകയാണുണ്ടായത്. അവന്റെ ഭാര്യയായിരുന്നു, കുട്ടികൾ കുറച്ചുവലുതാവുന്നതുവരെ നോക്കിയിരുന്നത്. ഇടയ്ക്കൊക്കെ വന്ന് കുശലമന്വേഷിക്കും. എന്തെങ്കിലും പാർട്ടിയോ ആഘോഷങ്ങളോ ഉണ്ടാവുമ്പോൾ സഹായിക്കാനും വരും. കഴിഞ്ഞയാഴ്ചയാണ് വന്ന് കുറച്ചുനേരം ജോലിയൊക്കെ ചെയ്തിട്ടുപോയത്. ജോലിക്കാരി രണ്ടു ദിവസത്തെ ലീവിൽ ആയിരുന്നതിനാൽ ഒന്നും സഹായിക്കാനില്ലെന്ന് പറഞ്ഞുമില്ല. അവൾക്കൊരു നല്ല സാരി കൊടുത്തിരുന്നു.

സാരി നല്ലതുതന്നെ ആയിരുന്നു. അവർ ഉത്തരേന്ത്യ സന്ദർശിക്കാൻ പോയപ്പോൾ അവൾക്കിഷ്ടപ്പെട്ട നിറത്തിൽ മനസ്സിന് ഇഷ്ടപ്പെട്ടൊരു സാരി. അധികം ഉടുക്കാൻ പറ്റിയില്ല. ഭാഗ്യം കെട്ടൊരു സാരി. ആദ്യത്തെ പ്രാവശ്യം കാറിന്റെ വാതിലടച്ചപ്പോൾ അതിനു പുറമേയ്ക്ക് പോകുകയും, വാതിൽ തുറന്ന് വീണ്ടുമടച്ചപ്പോൾ അവളുടെ കൈ വാതിലിനു മുട്ടുകയും വേദനിക്കുകയും ചെയ്തു. അമ്മേടെ സാരീടെ ഒരു നീളം എന്നു കുട്ടികൾ പറഞ്ഞു. അതിനു നീളം കൂടുതലാണെന്ന് കൂട്ടുകാരികൾ പലരും നോക്കിയിട്ട് പറഞ്ഞു. ബ്ലൗസിനുള്ള തുണി വെട്ടിയെടുക്കാഞ്ഞതിൽ അവൾക്ക് വിഷമവും തോന്നിയിരുന്നു. പിന്നെയൊരിക്കൽ ലിഫ്റ്റിൽ നിന്നിറങ്ങിയപ്പോൾ സാരിയുടെ തുമ്പ് ചവിട്ടിപ്പോയി അവൾ വീഴാൻ പോവുകയും ചെയ്തു. ഒരുങ്ങിയിറങ്ങി നടക്കുമ്പോൾ വീഴാൻ പോയപ്പോൾ മനസ്സിന്റെയൊരു ആന്തൽ ഇപ്പോഴും അവൾക്ക് അതോർമ്മിക്കുമ്പോൾ അനുഭവപ്പെടും. ഏറ്റവും അപകടം ഉണ്ടായത്, ഷോപ്പിംഗ് മാളിലെ കോണിപ്പടികൾ ഇറങ്ങുമ്പോഴാണ്. കൂട്ടുകാരികൾക്കൊപ്പം കളിച്ചുചിരിച്ച് ഇറങ്ങുമ്പോൾ, പെട്ടെന്ന് പിന്നിൽ നിന്ന് സാരിയുടെതുമ്പിൽ ആരോ ചവിട്ടുകയും അവൾ വീണ് മൂന്നാലുപടികൾ ഉരുണ്ടുപോവുകയും ചെയ്തു. അതോടെ ഇഷ്ടപ്പെട്ട് വാങ്ങിയ സാരി അലമാരയ്ക്കുള്ളിൽ കിടന്നു.

രാം‌ലാലിന്റെ ഭാര്യയ്ക്ക് കൊടുക്കാൻ ഒരു സാരി നോക്കിയപ്പോഴാണ് ഈ സാരി കണ്ടത്. ഇനിയും അപകടങ്ങൾ വിളിച്ചുവരുത്തേണ്ടെന്നുള്ള മനസ്സിന്റെ താക്കീതുമൂലം ആ സാരി അവൾക്ക് കൊടുത്തു. മൂന്നുനാലുദിവസം ആ വിഷമം കൂടെയുണ്ടായിരുന്നു. അവൾ അതുംകൊണ്ട് പോയിട്ട് നാലഞ്ച് ദിവസമേ ആയുള്ളൂ.

“ശ്രുതീ”

“എന്താ? ഇറങ്ങിയോ?”

“ഞാനിന്ന് വരുന്നില്ല. രാം‌ലാലിന്റെ ഭാര്യയില്ലേ? അവൾക്ക് പൊള്ളലേറ്റ് ആശുപത്രിയിലാ. ഒന്നു പോയി നോക്കണം. ഇനിയൊരിക്കൽ പോകാം.”

“ഞാനവിടെ ഡ്രോപ് ചെയ്താല്‍പ്പോരേ? ഷോപ്പിംഗ് കഴിഞ്ഞിട്ട് പോകാം.”

“വേണ്ട. ഇന്ന് പോകാൻ തോന്നുന്നില്ല. സോറി.”

“എന്നാൽ ശരി. ഞാൻ ഡ്രൈവാഷ് ചെയ്യാൻ കൊടുത്തതൊക്കെ വാങ്ങീട്ട് വരാം. എന്തായാലും പുറപ്പെട്ടു. ഞാൻ കൂടെ വരണോ?”

“വേണ്ട. ഞാൻ പോയ്ക്കോളാം. നാളെ വിളിക്കാം.”

“ബൈ.”

ഓട്ടോ കിട്ടാൻ കാത്തുനിന്നപ്പോൾ, വന്നോളാം എന്നു പറയേണ്ടതില്ലായിരുന്നെന്ന് അവൾക്ക് തോന്നി. വന്നിട്ട് രണ്ടുപേർക്കും കൂടെ പോകാം എന്നു പറഞ്ഞാൽ മതിയായിരുന്നു.

എത്തിയപ്പോൾ ഭർത്താവ് അവിടെ നില്‍പ്പുണ്ട്.

“ഒന്നും പേടിക്കാനില്ല. കുറച്ചേ പൊള്ളിയുള്ളൂ. പെട്ടെന്ന് ഇവിടെ എത്തിച്ചു.”


അവൾ മുറിയിലേക്ക് ചെന്നപ്പോൾ രണ്ടു സ്ത്രീകൾ നില്‍പ്പുണ്ട്. രാം‌ലാലും. അവരൊക്കെ ഒരുവശത്തേക്ക് മാറിനിന്നു.

“ഒന്നുമില്ല മാഡം. ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല.” രാം‌ലാൽ പറഞ്ഞു.

അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു.

“വീട്ടിൽ വർഷത്തിലൊരിക്കൽ പതിവുള്ള പൂജയിലായിരുന്നു. ചെരാതുകൾ ഉണ്ടായിരുന്നു, നിറയെ. കത്തിച്ചുവെച്ചിട്ട്. തിരക്കിൽ എന്തൊക്കെയോ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ സാരിയുടെ തുമ്പിൽ തീ പിടിച്ചു. കാലിന്റെ അടുത്ത് പൊള്ളിയപ്പോഴേക്കും എങ്ങനെയൊക്കെയോ എല്ലാരും കൂടെ കെടുത്തി. അതുകൊണ്ട് വലുതായൊന്നും പറ്റിയില്ല. മാഡം തന്ന സാരിയ്ക്ക് കുറേ നീളമുണ്ടായിരുന്നു. അതുകൊണ്ട് അതിന്റെ തുമ്പത്ത് തീ പിടിച്ച് ശരീരത്തിലേക്ക് എത്തിയപ്പോഴേക്കും അറിഞ്ഞുകെടുത്താൻ കഴിഞ്ഞു. അല്ലെങ്കിൽ ചിലപ്പോൾ...ആ സാരിയാണ് ഭാഗ്യമായത്.”

അവൾ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കൂടെ അവിടെ നിന്നിട്ട് പോരാൻ നേരം കുറച്ചുവാക്കുകൾ പറഞ്ഞു ഇറങ്ങി.

വീട്ടിലേക്കുള്ള യാത്രയിൽ ഭർത്താവ് പറഞ്ഞതൊന്നും അവൾ കേട്ടില്ല. ഭാഗ്യമില്ലാത്ത സാരി, ഭാഗ്യം കൊണ്ടുവന്നതിനെക്കുറിച്ചാണ് അവൾ ചിന്തിച്ചത്. ചിലർക്ക് ചിലത് ഭാഗ്യം. ചിലത് ഭാഗ്യക്കേട്.

പിറ്റേ ദിവസം നേരം കിട്ടിയപ്പോൾ, അവൾ രണ്ടുസാരിയും രണ്ട് ബെഡ് ഷീറ്റുകളും എടുത്തുവെച്ചു. രാം‌ലാലിന്റെ ഭാര്യയ്ക്കു കൊടുക്കാൻ.

ഷോപ്പിംഗിനു തയ്യാറായി വന്ന ശ്രുതിയെ കണ്ടപ്പോൾ അവൾ ഇന്നലത്തെ കാര്യമെല്ലാം പറഞ്ഞു.

“ഓരോരോ വിചിത്രമായ കാര്യങ്ങൾ അല്ലേ?” ശ്രുതി ചോദിച്ചു.

അവളും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.

Labels:

Friday, June 05, 2009

മാധവിക്കുട്ടി

പ്രണയം, വിരഹം, രതി, സ്നേഹം, സഹതാപം, സന്തോഷം, സാന്ത്വനം, ചതി, എന്നിങ്ങനെ ജീവിതത്തിലെ പല തലങ്ങളും അടങ്ങിയിട്ടുള്ള കഥകളാണ് മാധവിക്കുട്ടിയുടേത്. അതുകൊണ്ടുതന്നെ ആ കഥകൾ, പല ജീവിതങ്ങളിലും സത്യമാണെന്ന് കണ്ടെത്താനായേക്കും. അനുഭവിച്ചതോ അടുത്തറിഞ്ഞതോ ആയിട്ടുള്ളതെന്ന് വായനക്കാർക്ക് തോന്നുംവിധത്തിലുള്ള കഥകൾ. ഭാവനയിൽനിന്ന് അത്തരം കഥകൾ വിരിയുമ്പോൾ, സത്യമെന്ന് തോന്നിയാലും, ഭാവനയെന്ന് തോന്നിയാലും, ചിലർക്ക് മുഖം ചുളിഞ്ഞേക്കാം. അതിനെ ഗൗനിക്കാതെയാണ് മാധവിക്കുട്ടി എന്ന കഥാകാരി വായനയിഷ്ടപ്പെടുന്നവരുടെ മുന്നിലേക്ക് ഒരുപാട് കഥകൾ നിരത്തിവെച്ചുകൊണ്ട് കടന്നുപോയത്.

“ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.“

1991 - ൽ എഴുതിയ മുഖമില്ലാത്ത കപ്പിത്താൻ എന്ന കഥയിലെ ഭാഗങ്ങളാണ് മുകളിലുള്ളത്. ആ കപ്പിത്താൻ വന്നുകൂട്ടിക്കൊണ്ടുപോയി.

കൃഷ്ണന്റെ രഥത്തിന്റെ ചക്രങ്ങൾ, തന്റെ വഴിയിലൂടെ ഉരുളുമെന്ന് മോഹിച്ച് കാത്തിരുന്ന രാധ. അത് അവർ തന്നെയായിരുന്നു. ഒട്ടുങ്ങാത്ത പ്രണയവും മനസ്സിൽ സൂക്ഷിച്ച് കഥയെഴുതിനിറച്ചത് ആ രാധ തന്നെയായിരുന്നു.

അവരെഴുതിയ കഥകളെക്കുറിച്ച് പറയേണ്ടിവരുമ്പോൾ വാക്കുകളൊന്നും മതിയാവില്ല. ഏതു കഥയെപ്പറ്റി പറയണം എന്ന് പെട്ടെന്ന് തീരുമാനിക്കാനാവില്ല. മിക്ക കഥകളും, കഥാപാത്രങ്ങളും വായനക്കാരുടെ കൂടെത്തന്നെയുണ്ടാവും, വായിച്ചുകഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാലും. നൊമ്പരം വിതറി, മധുരം വിതറി പല കഥകളും ഓർമ്മിക്കപ്പെടും.

എനിക്കിഷ്ടപ്പെട്ടവയിൽ ചില കഥകളെക്കുറിച്ചുമാത്രമാണ് പറയുന്നത്. എല്ലാം കൂടെ പറഞ്ഞുതീർക്കാൻ ആവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ചില കഥകൾ മാത്രം എടുത്തു. ഇവിടെ എഴുതിയിട്ടിരിക്കുന്നത്, പലതും, വളരെച്ചെറിയ കഥകളാണ്.

നെയ്പ്പായസം

ഭർത്താവ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ, ഭാര്യ മരിച്ചുകിടക്കുകയാണ്. മരിച്ചുവെന്ന് ഡോക്ടർ പറയുമ്പോൾ, ഒന്നും അറിയിക്കാതെ, ജീവിതത്തിന്റെ മുഴുവൻ ഭാരവും വിട്ടേല്‍പ്പിച്ചുപോകുന്നതിന്റെ ദേഷ്യം അയാൾക്ക് തോന്നുന്നുണ്ട്. ദഹനം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴോ? പതിവുള്ളതുപോലെ ഭക്ഷണമൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി നെയ്പ്പായസവും. കുട്ടികൾ അമ്മയെപ്പഴാ വരുക എന്നു തിരക്കുമ്പോൾ അമ്മ വരും എന്നാണ് അയാൾ പറയുന്നത്. ഭക്ഷണം കൊടുക്കുമ്പോഴോ? കുട്ടികൾക്ക് നെയ്പ്പായസം മതി. നല്ല സ്വാദുണ്ടെന്നും, അമ്മ അസ്സല് നെയ്പ്പായസമാണുണ്ടാക്കിയതെന്നും കുട്ടികൾ പറയുന്നു. ഒരു പ്രാവശ്യം വായിച്ചാൽ മതി, ഈ നെയ്പ്പായസത്തിന്റെ രുചി മനസ്സിലാവാൻ. പിന്നെ മറക്കില്ല. സങ്കടം, ഭീതി, പിന്നെയൊരുപാട് സ്നേഹവും തോന്നുന്ന കഥ.


ഇടനാഴികളിലെ കണ്ണാടികൾ

ഒരു കമ്പനിയിലെ അമ്പത്തഞ്ചുവയസ്സായ സൗമ്യമൂർത്തിയെന്നയാൾ, തന്റെ കമ്പനിയിലെ ജോലിക്കാരനായ പ്രേമചന്ദ്രൻ എന്നയാളുടെ ഭാര്യ മാധവിയുമായി അടുക്കുന്നു. കഥയും കവിതയുമൊക്കെപ്പറഞ്ഞ് കൂടുതൽ അടുത്തെങ്കിലും, സൗമ്യമൂർത്തിക്ക്, പ്രണയം കുഴപ്പമാണെന്ന് തോന്നുന്നു. അയാൾ പ്രേമചന്ദ്രനെ സ്ഥലം മാറ്റുന്നു. പക്ഷെ, മാധവി, കൂടെപ്പോകാൻ കൂട്ടാക്കുന്നില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും പ്രേമചന്ദ്രൻ സൗമ്യമൂർത്തിയെ അറിയിക്കുന്നു. പക്ഷേ, ഒടുവിൽ മാധവി മരിച്ചു എന്ന വാർത്ത കേൾക്കാൻ കഴിയുന്നു, സൗമ്യമൂർത്തിയ്ക്ക്. വെള്ളത്തിൽ വീണാണ് മരിക്കുന്നത്. പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഒളിച്ചോടാൻ ശ്രമിക്കുകയോ ആണ് സൗമ്യമൂർത്തി ചെയ്യുന്നത്. പ്രേമചന്ദ്രൻ, മാധവിയോട് പറയുന്നതും ആ അടുപ്പത്തിന്റെ കാര്യം തന്നെ. നിന്നെക്കൊണ്ട് അദ്ദേഹത്തിനു ശല്യമായതുകൊണ്ടാണ്, തനിക്കു സ്ഥലം മാറ്റം കിട്ടിയതെന്ന് അയാൾ പറയുന്നുണ്ട്. മാധവിയുടെ സ്നേഹത്തിനുള്ള ദാഹം അവൾ പ്രത്യക്ഷപ്പെടുത്തുന്നു എന്നും പ്രേമചന്ദ്രൻ പറയുന്നു. സ്നേഹിച്ചു ജീവിക്കാൻ കൊതിക്കുന്ന മാധവിയോ, സ്നേഹം മനസ്സിലാക്കാതിരിക്കുന്ന ആ രണ്ടു പുരുഷന്മാരോ, ആരാണ് തെറ്റുകാർ? എന്തായാലും മരണം സ്വന്തമാക്കി, മാധവിയെ.

കോലാട്

ഈ കഥയിൽ പല സ്ത്രീകളുടേയും അവസ്ഥയാണ് പറയുന്നത്. പഠിപ്പും പരിഷ്കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീ. മക്കൾക്ക് അവരുടെ രൂപം പോലും കുറച്ചിലുണ്ടാക്കുന്നതാണ്. ഒടുവിൽ അസുഖമായി ആശുപത്രിയിൽ പോകുമ്പോൾ അവിടെനിന്നും വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. അറിയാവുന്ന ചില ജീവിതങ്ങൾ, ആ കഥയിലേക്ക് ചേർത്തുവെച്ചുനോക്കി. അവരുടെ കഥകൾ, എപ്പോഴേ എഴുതിവെച്ചിരിക്കുന്നുവെന്നു കണ്ട് ആശ്ചര്യം തോന്നി. ഒരു പാവം സ്ത്രീയുടെ കഥ, ജീവിതം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലിയെടുത്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ, അമ്മയെക്കാണുമ്പോൾ മക്കൾക്ക് കോലാടിന്റെ രൂപമാണ് തോന്നുന്നതെന്ന് വായിക്കുമ്പോൾ, ചിലരെങ്കിലും വീട്ടിനുള്ളിൽ, അതുപോലെയുള്ള കോലാടുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിച്ചേക്കും.

രണ്ടു ലക്ഷം

വിദേശത്തുനിന്ന് പണമുണ്ടാക്കി വരുമ്പോൾ, ഭർത്താവിനെ സ്വീകരിക്കാൻ ചെല്ലുന്ന ഭാര്യയും മൂന്നുവയസ്സായ മകനും. രണ്ടുവർഷം കാണാതിരുന്ന മകനെ കാണുമ്പോൾ, മകനോടൊപ്പമുള്ള ജീവിതത്തിൽ നിന്ന് മനോഹരമായ രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ടതിന്റെ വേവലാതിയുണ്ടയാൾക്ക്. അതുപറയുമ്പോൾ, പണമുണ്ടാക്കാൻ വേണ്ടി നിർബ്ബന്ധിച്ച് പറഞ്ഞയച്ചതുകൊണ്ട്, അതുണ്ടായി എന്ന മട്ടിലാണ് ഭാര്യ സംസാരിക്കുന്നത്. സ്നേഹത്തിനു പകരം ഭാര്യയ്ക്കു വേണ്ടത് പണമാണല്ലോ എന്ന മട്ടിൽ അയാൾ സംസാരിക്കുന്നു. പണം, മനുഷ്യനെ അകറ്റുന്നുണ്ടോ? അയാൾക്ക് മകനേയും നോക്കിയിരുന്നാൽ മതിയായിരുന്നോ? ഭാര്യയാണോ അയാളാണോ ശരി? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. മകന്റെ നല്ല കാലത്തിൽ നിന്ന് പണം സമ്പാദിക്കാൻ പോയിട്ട് നഷ്ടപ്പെട്ടുവെന്ന് അയാൾ പറയുമ്പോൾ, പണമില്ലാതെ ജീവിക്കാൻ പാടാണെന്ന് ഭാര്യ പറയുമ്പോൾ, അങ്ങനെയൊക്കെയുണ്ടായ പല ജീവിതങ്ങളും ഇല്ലേ? കഥയും ജീവിതവും വേറെവേറെ കാണേണ്ടിവരില്ല. കഷ്ടപ്പാട്, വാത്സല്യം, സ്നേഹം, നീരസം ഒക്കെയുണ്ട് ഈ കഥയിൽ.


മാധവിയുടെ മകൾ

ഇതിലെ മാധവി, ഒരു വീട്ടിലെ വേലക്കാരി ആണ്. ഇടയ്ക്കുമാത്രമാണ് സ്വന്തം വീട്ടിൽ വരുന്നത്. അവിടെ മാധവിയുടെ അമ്മയുണ്ട്. മാധവിയുടെ ചെറിയ മകളും. കുഞ്ഞിന് അസുഖമാണ്. കുഞ്ഞിനെ താലോലിക്കുന്നു. കുഞ്ഞിനു കരിവള കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുന്നു. എന്നിട്ടും, പിറ്റേ ദിവസം രാവിലെ പോകുമെന്നാണ് മാധവി, അമ്മയോട് പറയുന്നത്. കാരണമോ ജോലിക്കു നിൽക്കുന്ന വീട്ടിലെ കുട്ടി, അവളെ കാണാതെ പാലു കുടിക്കില്ലെന്ന്. ഒരമ്മയ്ക്കു മാത്രം കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ കണങ്ങൾ. എല്ലാവരോടും സ്നേഹമുള്ള അമ്മ. നിറയെ വാത്സല്യമുള്ള അമ്മ. ഒരു കുഞ്ഞുകഥയാണ് ഇത്. എന്നിട്ടും അതിലൂടെ ഒരുപാട് സ്നേഹവും വാത്സല്യവും മനസ്സിലാക്കി തന്നിരിക്കുന്നു.

എഴുതിയാലും പങ്കുവെച്ചാലും തീരാത്ത വിശേഷങ്ങളാണ് മാധവിക്കുട്ടി, കഥകളിലൂടെ തന്നു പോയിട്ടുള്ളത്. വളരെച്ചെറിയ കഥകളിലും, വായിച്ചുകഴിയുമ്പോൾ കഥയേക്കാളും വലുപ്പത്തിൽ നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടാവും. ചന്ദനച്ചിതയൊരുക്കിക്കൊടുക്കാൻ മാത്രം കഴിയുന്ന മക്കളുടെ കഥയും, ഒരുമിച്ച് മരിച്ച് സ്വർഗ്ഗത്തിൽ പോകാമെന്നുപറഞ്ഞ പേരക്കുട്ടി, മരിച്ചുപോയേക്കും എന്നു കാണുമ്പോൾ, അതു വിശ്വസിക്കാതിരിക്കുന്ന മുത്തശ്ശിയുടെ കഥയും, കൃഷ്ണനെ കാത്തിരിക്കുന്ന രാധയുടെ കഥയും, ജോലി തേടിപ്പോയിട്ട്, ഒരാളുടെ കുരുക്കില്‍പ്പെടുമെന്നു തോന്നിയപ്പോൾ, എനിക്കു മരിക്കാനായില്ല, വിവാഹിതയാണ്, അമ്മയാണ് എന്നും പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി, വിഫലമാവുന്ന ഒരു സ്ത്രീയുടെ കഥയും, പ്രണയം ഒരുപാട് നിറച്ചുവെച്ചിട്ടുള്ള കഥകളും ഒക്കെ നമുക്കായി തന്നിരിക്കുന്നു.

ഏതൊക്കെ കഥകളാണ് ഇഷ്ടപ്പെടേണ്ടത്!

ഏതൊക്കെയാണ്, ഇതൊക്കെ സത്യമല്ലേന്ന് അമ്പരപ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് കണ്ണു നിറഞ്ഞുതുളുമ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് മനസ്സിൽ സ്നേഹം തുളുമ്പിനിർത്തുന്നത്!

പ്രണയത്തിന്റെ കഥകൾ, വാത്സല്യത്തിന്റെ കഥകൾ. ഒരുപ്രാവശ്യം വായിച്ചാൽ, ഓർമ്മയിൽ നിൽക്കാൻ വീണ്ടും വായിക്കേണ്ടിവരുന്നില്ലെങ്കിലും, ഇനിയും വായിച്ചേക്കാം എന്നു തോന്നിക്കുന്ന ആകർഷണീയത.

അവരുടെ ഒരു കഥയിൽ അവസാനമുള്ളതുപോലെ, നിന്നുപോയ ഒഴുക്ക് പെട്ടെന്ന് തുടരുകയും, നദി വീണ്ടും മുന്നോട്ടൊഴുകുകയും ചെയ്യുമായിരിക്കും. പക്ഷേ, ഇനിയങ്ങനെയുള്ള കഥകൾ എഴുതിത്തരാൻ അങ്ങനെയൊരാളില്ല.

ആ ഓർമ്മയ്ക്കു മുന്നിൽ ഒരുതുള്ളി കണ്ണുനീർ...

Labels: , ,

Tuesday, June 02, 2009

മിട്ടുക്കഴുതയും കൂട്ടുകാരും

പണ്ടുപണ്ടൊരു നാട്ടിൽ ഒരു അലക്കുകാരൻ ഉണ്ടായിരുന്നു. അയാളുടെ കഴുതയാണ് മിട്ടുക്കഴുത. അലക്കുകാരന്റെ ജോലി വസ്ത്രങ്ങളെല്ലാം അലക്കുകതന്നെ. കഴുതയുടെ ജോലി, അലക്കിയതും മുഷിഞ്ഞതും അങ്ങോട്ടുമിങ്ങോട്ടും ചുമന്ന് അലക്കുകാരന്റെ കൂടെ നടക്കുക തന്നെ. നാട്ടുകാരുടെ വസ്ത്രങ്ങൾ കൂടാതെ, അലക്കുകാരന് രാജകൊട്ടാരത്തിലെ ആൾക്കാരുടെ ഉടുപ്പുകളൊക്കെ അലക്കിക്കൊടുക്കാനും ഉണ്ടായിരുന്നു. അലക്കുകാരൻ, മിട്ടുക്കഴുതയേയും കൂട്ടി നടന്ന് വസ്ത്രങ്ങളൊക്കെ എടുത്തുവരും. അലക്കി വെളുപ്പിച്ചു വൃത്തിയാക്കി മടക്കി തിരിച്ചു കൊണ്ടുക്കൊടുക്കും. രാജകൊട്ടാരത്തിൽ പോകുന്ന ദിവസം അലക്കുകാരനും കഴുതയ്ക്കും കുശാലാണ്. നല്ല നല്ല ഭക്ഷണം കൊടുക്കും, കൊട്ടാരത്തിലുള്ളവർ. അങ്ങനെ ആഴ്ചയിൽ ഒരു ദിവസം പോയി വസ്ത്രങ്ങളെല്ലാം എടുത്തു വരും. അലക്കിയതൊക്കെ തിരിച്ചും കൊടുക്കും. വൈകുന്നേരം വീട്ടിൽ വരുമ്പോഴോ? നിറയെ തിന്നാൻ ഉള്ളതുണ്ടാവും അലക്കുകാരന്റെ കൈയിൽ. മധുരപലഹാരങ്ങളും, പലതരം പഴങ്ങളും ഒക്കെ. അലക്കുകാരൻ, വീട്ടുകാർക്കും, കുട്ടികൾക്കും ഒക്കെ കൊടുക്കും. മിട്ടുക്കഴുതയ്ക്കും നിറയെ ഭക്ഷണം കൊടുക്കും.

മിട്ടുക്കഴുതയെ കെട്ടിയിടുന്നത്, അലക്കുകാരന്റെ ചായ്പിൽ നിന്നു ഓല ചെരിച്ചു കെട്ടിയ ഒരിടത്താണ്. ഭക്ഷണവും വെള്ളവും കൊടുത്ത് അവിടെ കെട്ടിയിട്ട് അലക്കുകാരൻ പോകും. അവിടെ ചുമരരുകിലായി കുറേ ഉറുമ്പുകൾ ഉണ്ടായിരുന്നു. അവരായിരുന്നു, മിട്ടുക്കഴുതയുടെ പ്രിയപ്പെട്ട കൂട്ടുകാർ. അവർ അലക്കുകാരന്റെ വീട്ടിനുള്ളിൽ നിന്ന് മിക്കപ്പോഴും ഭക്ഷണം കടത്തിക്കൊണ്ടുവന്ന് തിന്നും. രാജകൊട്ടാരത്തിൽ പോയി വന്ന ദിവസം, കുറേ മധുരപലഹാരങ്ങൾ മിട്ടുക്കഴുതയ്ക്കും കിട്ടുമ്പോൾ, മിട്ടുക്കഴുത അതിൽ നിന്ന് എപ്പോഴും ഉറുമ്പുകൾക്കും വയറുനിറച്ചു തിന്നാൻ കൊടുക്കും. രാജകൊട്ടാരത്തിലെ കഥയൊക്കെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്യും. അങ്ങനെ അവരൊക്കെ പരസ്പരം സ്നേഹിച്ച് ജീവിച്ചു പോന്നു. ഒരുദിവസം ഉറുമ്പുകളിലൊരാൾക്ക് തോന്നി, രാജകൊട്ടാരത്തിൽ, ഇത്രയൊക്കെയുണ്ടെങ്കിൽ എല്ലാവർക്കും, ഈ ചായ്പ്പിന്റെ ചുമരും വിട്ട് അവിടെപ്പോയി ഇഷ്ടം പോലെ തിന്നു സുഖമായി ജീവിച്ചാലെന്താന്ന്. എല്ലാ ഉറുമ്പുകളോടും ആലോചിച്ച് പോകാൻ തന്നെ തീരുമാനിച്ചു. മിട്ടുക്കഴുതയോടു പറഞ്ഞപ്പോൾ മിട്ടുക്കഴുത സമ്മതിച്ചില്ല. അവിടെയൊക്കെ ഇഷ്ടം പോലെ ആൾക്കാരുണ്ടെന്നും, ഈ ചുമരിന്റെ അരികുപോലെ നല്ലൊരു സ്ഥലം അവിടെ പാർക്കാൻ കിട്ടില്ലെന്നും ഒക്കെ പറഞ്ഞു. മിട്ടുക്കഴുത, തങ്ങൾ പോകുന്നത് വെറുതേ തടയുകയാണെന്ന് ഉറുമ്പുകൾക്ക് തോന്നി. പിന്നെ മിട്ടുക്കഴുതയോട് അവരൊന്നും ചോദിച്ചും പറഞ്ഞുമില്ല.

അലക്കുകാരൻ, മിട്ടുക്കഴുതയേയും കൂട്ടി കൊട്ടാരത്തിലേക്കു പോകുന്ന ദിവസം, ഉറുമ്പുകൾ, പതുങ്ങിപ്പതുങ്ങി, അലക്കിവെച്ച ഉടുപ്പുകൾക്കുള്ളിൽ കയറിപ്പറ്റി. അങ്ങനെ കൊട്ടാരത്തിലെത്തിയപ്പോൾ അലക്കുകാരൻ, അലക്കിക്കൊണ്ടുവന്നതൊക്കെ എടുത്ത് രാജാവിന്റെ വേലക്കാരെ ഏല്‍പ്പിച്ചു. വേലക്കാർ അതൊക്കെ വൃത്തിയായിട്ടുണ്ടോന്ന് ഒന്ന് നോക്കിയപ്പോൾ ഉടുപ്പുകൾക്കുള്ളിലെല്ലാം ഉറുമ്പുകളെ കണ്ടു. അപ്പോ ആദ്യം തന്നെ ഉടുപ്പിൽ നിന്ന് എല്ലാത്തിനേയും കുടഞ്ഞ് നിലത്തിട്ടു. പിന്നെ, വെള്ളമൊഴിച്ചും, ചൂലുകൊണ്ട് അടിച്ചും അവയെ ഒക്കെ ഓടിച്ചു. എല്ലാ ഉറുമ്പുകൾക്കും കണക്കിനു കിട്ടി. കുടഞ്ഞിട്ടപ്പോൾത്തന്നെ ചിതറി ഓടിയതുകൊണ്ട് ഉറുമ്പുകൾക്ക് അധികം അപകടമൊന്നും പറ്റിയില്ല. എല്ലാം കരഞ്ഞുകൊണ്ട് കൊട്ടാരത്തിനു പുറത്ത് നിന്നിരുന്ന കഴുതയുടെ അടുത്തെത്തി വിഷമിച്ച് കാര്യമൊക്കെ പറഞ്ഞു. അവരെയൊക്കെ അവിടെ കണ്ട് അമ്പരന്ന മിട്ടുക്കഴുത എല്ലാത്തിനേം സമാധാനിപ്പിച്ചു. അലക്കുകാരൻ, അലക്കാനുള്ള തുണികളുമായി വന്നപ്പോൾ, മെല്ലെ മെല്ലെ തന്റെ കാലിൽക്കൂടെ ആ ഉടുപ്പുകെട്ടിനുള്ളിലേക്ക് കയറാൻ ഉറുമ്പുകളോട് മിട്ടുക്കഴുത പറഞ്ഞു. ഉറുമ്പുകളൊക്കെ കയറി. വീട്ടിലെത്തി, തുണികളൊക്കെ നിലത്തെടുത്ത് ഇട്ടപ്പോ, ഉറുമ്പുകളൊക്കെ ചായ്പിന്റെ പുറത്തെ ചുമരിന്റെ അരികിലേക്ക് ഓടിപ്പോയി. പിന്നെ അലക്കുകാരൻ, കഴുതയെ അവിടെകൊണ്ടുവന്ന് കെട്ടിയിട്ട് വെള്ളവും ഭക്ഷണവും മധുരപലഹാരങ്ങളും ഒക്കെക്കൊടുത്തപ്പോൾ, അതിൽനിന്നും പതിവുപോലെ ഉറുമ്പുകൾക്കും കൊടുത്തു. ക്ഷീണിച്ച് ഇരുന്ന ഉറുമ്പുകൾ അതൊക്കെ ആർത്തിയോടെ തിന്നു. അപ്പോ മിട്ടുക്കഴുത പറഞ്ഞു “ഇവിടെ കിട്ടുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടായിരുന്നെങ്കിൽ ഇന്ന് നിങ്ങൾക്ക് പറ്റിയപോലെ അപകടം പറ്റില്ലായിരുന്നു. അത്യാഗ്രഹം ഒരിക്കലും പാടില്ല.” ഉറുമ്പുകൾ, അതു ശരി തന്നെയെന്നു പറഞ്ഞു. പിന്നെ അവരൊക്കെ സുഖമായി ജീവിച്ചു.

Labels: