Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 25, 2009

നീറ്റൽ

കണ്മഷിയിട്ട് മിനുക്കിയ
കണ്ണുകൊണ്ടൊരു കാത്തിരിപ്പ്.
കണ്മഷി ചിലപ്പോൾ കണ്ണിനെ നീറ്റുന്നു.
വിരഹം എപ്പോഴും മനസ്സിനെ നീറ്റുന്നു.


(ചേട്ടന് ഞാനെഴുതുന്ന “കവിത” യേക്കാളും ഇഷ്ടം കഥകളോട്. രണ്ടു കഥയെഴുതി വായിക്കാൻ കൊടുത്തപ്പോൾ സന്തോഷമായി. പലരേം പോലെ ഒരു കഥ പകുതിവായിച്ച് ആലോചന വേറെ വഴിക്ക് പോയി. ;) ഭയങ്കര ബുദ്ധിതന്നെ എന്നും പറഞ്ഞു. വീണ്ടും രണ്ടുവരി കണ്ടപ്പോൾ ഇതെന്താ ഇത് എന്നും ചോദിച്ച് പോയി. അടുത്ത കഥയെഴുതുന്നുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കഥയായാലും കവിതയായാലും വെറുതേ കുത്തിക്കുറിക്കുന്നതായാലും എഴുത്തെനിക്കിഷ്ടം. അതിലൊരു സന്തോഷമുണ്ട്.)

Labels:

Sunday, August 23, 2009

ആടുജീവിതം



















ആടുജീവിതം ഒരു നോവാണ്. വെറും നോവലല്ല. ഒപ്പം വന്ന്, പടർന്ന് പടർന്ന് അവസാനം ഒഴിഞ്ഞുപോകുന്ന നോവ്. എല്ലാ ജീവിതങ്ങളും കഥകളാണോ? അറിയില്ല. ആടുജീവിതം എന്ന കഥയിലുള്ളത് ഒരു ജീവിതമാണ്. ഒരു കഥപോലെ വായിക്കാൻ കഴിയില്ല. തുടങ്ങുന്നതുമുതൽ ഒടുങ്ങുന്നതുവരെ ആ ജീവിതത്തിന്റെ ഒരു ഭാഗമായേ തീരൂ നമ്മൾ. ഒരു സ്വപ്നത്തിലെന്നപോലെ നജീബിന്റെയൊപ്പം യാത്ര പോയി ആ യാത്ര തീരുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് നമ്മൾ തിരിച്ചെത്തുന്നു. ഒരു മനുഷ്യന്റെ, പ്രതീക്ഷയിൽ തുടങ്ങിയ ജീവിതം പ്രതീക്ഷകളെയൊക്കെ തകിടം മറിച്ച്, എവിടെയെത്തിച്ച് പകച്ചുനിൽക്കേണ്ടിവരുന്നു എന്ന് വായിച്ചെടുക്കാം.

നജീബും ഹമീദും ബത്തയിലെ പോലീസ്റ്റേഷനുമുന്നിൽ നിൽക്കുന്നിടത്താണ് ആടുജീവിതം തുടങ്ങുന്നത്. അവർക്ക് പോലീസ് എങ്ങനെയെങ്കിലും അവരെപ്പിടിച്ച് അകത്തിടുകയാണ് വേണ്ടത്. കയ്യിൽ അത്യാവശ്യം പേപ്പറുകളില്ലാതെ നടക്കുന്ന അവർക്ക് ജയിലിൽ എത്താൻ എളുപ്പമാണെന്നാണ് കരുതിയത്. പക്ഷെ കുറേ പണിപ്പെട്ടു. ഒന്നും ഫലിക്കാഞ്ഞാണ് സ്റ്റേഷനുമുന്നിലെത്തി നില്‍പ്പുറപ്പിച്ചത്. ചോദ്യം ചെയ്യുകയും അകത്തിടുകയും ചെയ്യുമല്ലോന്നുള്ള വിചാരം. അങ്ങനെ അവസാനം പോലീസ് ചോദ്യം ചെയ്യുകയും ജയിലിൽ എത്തുകയും ചെയ്തു. ആരെങ്കിലും പോലീസ് പിടിച്ച് ജയിലിൽ ഇടണേയെന്ന് കരുതി നടക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെങ്കിൽ, കാരണം എന്തായിരിക്കും എന്നറിയണമെങ്കിൽ, വീണ്ടും മുന്നോട്ടു പോവുക.

ജയിലിൽ കിടക്കുന്ന ഓരോരുത്തരുടേയും വേദനയുടെ കഥകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് നജീബിനും സ്വന്തം വിഷമം കുറച്ചെങ്കിലും ഒഴിവാക്കാൻ കഴിയുന്നത്. ജയിലിലും കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. എല്ലാ ആഴ്ചയിലും നടക്കുന്ന തിരിച്ചറിയൽ പരേഡ് ഉണ്ട്. അവിടെഅറബികൾ വരും. അവരുടെ ജോലിക്കാർ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടുപിടിക്കാൻ. ഉണ്ടെങ്കിൽ അടി, വഴക്ക്, പിന്നെ ഒടുവിൽ ആ അറബിക്കൊപ്പം യാത്ര. നജീബിനൊപ്പം ജയിലിലായ ഹമീദിനേയും അങ്ങനെ അറബി കൂട്ടിക്കൊണ്ടുപോയി. പിന്നൊരിക്കൽ നജീബിനേയും അറബി തേടിയെത്തുന്നു. അവിടെയാണ് നജീബ് പഴയ കഥകൾ ഓർമ്മിക്കുന്നത്.

നജീബും ഹക്കീം എന്ന ഒരു പയ്യനും കേരളത്തിൽനിന്ന് അറബിരാജ്യത്തേക്ക് പുറപ്പെടുന്നു. അവർ എല്ലാവരോടും യാത്ര ചോദിച്ച് പുറപ്പെട്ട് ആദ്യം ബോംബെയിൽ താമസിക്കുകയും പിന്നെ റിയാദ് എയർപ്പോർട്ടിൽ വിമാനമിറങ്ങുകയും ചെയ്യുന്നു. കുറേനേരത്ത കാത്തുനില്പിനുശേഷമാണ് ഒരു അറബി വന്ന് അവരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഭാഷയറിയാത്തതിന്റെ പ്രശ്നം, അറബിയുടെ പഴയ വണ്ടി, അയാളുടെ പെരുമാറ്റം ഒക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. എങ്കിലും അവർ ഗൾഫിൽ എത്തിച്ചേർന്നു എന്ന സന്തോഷത്തിലുമാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ ഹക്കീമിനെ അവിടെ ഇറക്കിവിടുന്നു. ആൾപ്പെരുമാറ്റമില്ലാത്ത പ്രദേശം പോലെയാണ് അവർക്ക് തോന്നുന്നത്. എന്നാലും അറബിയുടെ തെറി കേൾക്കാൻ വയ്യാത്തതുകൊണ്ടും
ഭാഷ അറിയാത്തതുകൊണ്ടും അവർക്ക് കൂടുതലായി പ്രതികരിക്കാൻ കഴിയുന്നില്ല.

ഹക്കീമിനെ വിട്ട് വീണ്ടും യാത്ര. ഒടുവിൽ എത്തിച്ചേർന്നു. ഒരുപറ്റം ആടുകളുടെ ഇടയിൽ. അവിടെ ഒരു മനുഷ്യനും ഉണ്ട്. ഒരു പ്രാകൃതരൂപി. നജീബിന്റെ ജീവിതം തുടരുന്നു. ആടുകളുടെ ഇടയിൽ. ശരിക്കും ഭക്ഷണമില്ല, കിടക്കാൻ നല്ലൊരു സ്ഥലമില്ല. കുടിക്കാൻ വെള്ളം പോലും ശരിക്കില്ല. ആടുകളെ മേയ്ക്കുക, അവയ്ക്ക് തീറ്റയും വെള്ളവും കൊടുക്കുക, കറക്കുക, ഇങ്ങനെ പോകുന്നു ജീവിതചര്യ. ആടിനെ മേയ്ക്കാൻ പോകുമ്പോൾ അറബി ബൈനോക്കുലറിൽക്കൂടെ നോക്കും. അതുകൊണ്ട് രക്ഷപ്പെടാനോ വിശ്രമിക്കാനോ സാധിച്ചെന്നു വരില്ല.

കൂടെയുള്ള പ്രാകൃതരൂപിയെ ഒരു ദിവസം മുതൽ കാണുന്നില്ല. ചോദിച്ചെങ്കിലും അറബി ഒന്നും പറയുന്നില്ല. പിന്നൊരിക്കൽ മണ്ണിനുള്ളിൽനിന്ന് അപ്രതീക്ഷിതമായി ചില അവശിഷ്ടങ്ങൾ കണ്ടെത്തുന്നു. അത് ആ കൂട്ടുജോലിക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ നജീബ് കൂടുതൽ നിസ്സഹായനാവുന്നു.

പിന്നൊരിക്കൽ ആടിനേയും കൂട്ടിപ്പോകുന്നിടത്ത് ഹക്കീമും ആടുകളെയും കൊണ്ടുവരുന്നത് കാണുന്നു. ദൂരെ കാണാൻ മാത്രമേ കഴിയൂ. ഹക്കീമിന് ഒരു കൂട്ടുകാരനെ കിട്ടുന്നു. അവന്റെ കൂടെ ജോലിക്കു നിൽക്കുന്നയാൾ. അവർ എങ്ങനെയൊക്കെയോ മിണ്ടാൻ അവസരം കണ്ടെത്തുന്നു. അവസാനം അവർ മൂന്നുപേരും കൂടെ രക്ഷപ്പെടാൻ ഒരുങ്ങുന്നു. അറബികൾ നിരീക്ഷിക്കാത്ത ദിവസം മൂന്നുപേരും ദൂരേയ്ക്ക് പോകുന്നു. നടന്നുനടന്ന് ഹക്കീം ആദ്യം മണലിൽക്കിടന്ന് മരിക്കുന്നു. വെള്ളം പോലും കിട്ടാതാവുമ്പോൾ പിന്നെ എത്ര നേരം പിടിച്ചുനിൽക്കാൻ. പിന്നെ ഹക്കീമിന്റെ കൂട്ടുജോലിക്കാരനായ ഇബ്രാഹിം ഖാദിരി എന്നയാളും. അയാളുടേതായിരുന്നു രക്ഷപ്പെടാനുള്ള പ്ലാൻ. ഒടുവിൽ എല്ലാ കഷ്ടപ്പാടും സഹിച്ച് രക്ഷപ്പെടാൻ കഴിയുന്നത് നജീബിനു മാത്രം. രക്ഷപ്പെട്ട് എത്തിച്ചേരുന്നത് മലയാളികളുടെ അടുത്താണ്. അവിടെനിന്നാണ് കഴിഞ്ഞുപോയ നാളുകൾ മൂന്നുവർഷത്തിലും അധികമുണ്ടെന്ന് അറിയുന്നത്. അവിടെനിന്നു കിട്ടിയ ഒരാളുമൊത്താണ് പോലീസിനു പിടികൊടുക്കാൻ ശ്രമിക്കുന്നതും ജയിലിൽ ജയിലിൽ എത്തിപ്പെടാൻ ശ്രമിക്കുന്നതും. കഥ തുടങ്ങുന്നത് അവിടെയാണ്. അറബിയെ കണ്ടെങ്കിലും അയാൾ, നജീബ് അയാളുടെ വിസക്കാരൻ അല്ലെന്നുപറഞ്ഞ് നജീബിനെ വിട്ടുപോകുകയാണ്. എംബസിക്കാരുടെ സഹായത്തോടെ നജീബ് നാട്ടിലേക്ക് മടങ്ങുന്നു.

നാട്ടിൽനിന്ന് ഗൾഫിലേക്കൊരു സ്വപ്നയാത്ര. ഭാഷയറിയാതെ ആരും സ്വീകരിക്കാനില്ലാതെ എയർപ്പോർട്ടിൽ കാത്തുനില്‍പ്പ്. കാത്തുനില്‍പ്പിനൊടുവിൽ കൂട്ടിക്കൊണ്ടുപോകാൻ വരുന്നയാൾ കൂട്ടിക്കൊണ്ടുപോകുന്നതോ? ഒരുപറ്റം ആടുകളുടെ ഇടയിലേക്ക്. അവിടെയുള്ള ജീവിതം കൊണ്ട്, വെള്ളമില്ലാതെ കുളിയില്ലാതെ വൃത്തികെട്ട ജീവിതം കൊണ്ട് ഒരു പ്രതീക്ഷയുമില്ലാതെ ഒരുപാടുനാൾ മുന്നോട്ടുപോക്ക്. വീട്ടുകാരെക്കുറിച്ചുള്ള ഓർമ്മ. പിന്നെ അപ്രതീക്ഷിതമായൊരു രക്ഷപ്പെടൽ. ഇതൊക്കെ ആ നോവലിന്റെ ചുരുക്കം മാത്രം. ആടുകളുടെ കൂടെയുള്ള ജീവിതം എങ്ങനെയെന്ന് ശരിക്കും വിവരിച്ചിട്ടുണ്ട് കഥയിൽ. നജീബിന്റെ ജീവിതത്തിൽ പലതും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. എയർപ്പോർട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ അറബിയുടെ ജോലിക്കാരനായിട്ടല്ലായിരുന്നു നജീബിനു പോവേണ്ടിയിരുന്നത് എന്ന് തിരിച്ചറിയുന്നത്, ജയിലിൽനിന്ന് അയാൾ, തിരിച്ചറിയൽ പരേഡിൽ നജീബിനെ കണ്ടിട്ടും കൂട്ടിക്കൊണ്ടുപോകാതെയിരിക്കുമ്പോഴാണ്. നല്ലൊരു ജോലി പ്രതീക്ഷിച്ചെത്തുന്ന നജീബിനു കിട്ടുന്നത് വെറും അടിമപ്പണി. അവിടെയനുഭവിക്കുന്ന കഷ്ടപ്പാട്. ഒടുവിൽ അതെല്ലാം പരിചയിച്ച് വരുന്നുണ്ട്. ആടുജീവിതത്തോട് അടുത്തുവരുന്നുണ്ട്.

നോവൽ വായിച്ചിട്ട് ഇവിടെ എനിക്കറിയാവുന്നതുപോലെ എഴുതിയിരിക്കുന്നത് അതിൽനിന്ന് വളരെച്ചുരുക്കം മാത്രമാണ്. ശരിക്കുമുള്ള ആടുജീവിതം അറിയണമെങ്കിൽ ആ പുസ്തകം വായിച്ചാലേ മതിയാവൂ. ഇതൊരാൾ അനുഭവിച്ചതാവുമ്പോൾ പ്രത്യേകിച്ചും.

ആടുജീവിതം - ബെന്യാമിൻ - ഗ്രീൻബുക്സ് - 120 രൂപ.

Labels:

Wednesday, August 19, 2009

കാന്തി

“കുട്ടീ, കുട്ടീ... എണീറ്റാട്ടെ. എന്തൊരുറക്കാ ഇത്” കൊച്ചേച്ചിയുടെ ഒച്ച കേട്ട് കാന്തി ചാടി എണീറ്റു.

ഇത്രയ്ക്കും ഒച്ചയിടാൻ ഇപ്പോ പെട്ടെന്ന് എന്താ ഉണ്ടായേന്ന് വിചാരിക്കുമ്പോഴേക്കും കൊച്ചേച്ചി വീണ്ടും പറഞ്ഞു.

‘അച്ഛമ്മയ്ക്കു വയ്യ. വേഗം അങ്ങ്ട് വാ.”

അയ്യോ...വല്യമ്മ എന്നു പറഞ്ഞ് കാന്തി മുടിയും കെട്ടി അവരുടെ പിന്നാലെ ഓടി. പാതിരാത്രി കഴിഞ്ഞപ്പോഴാണ് ജോലിയും തീർന്ന് കിടന്നതുതന്നെ. എന്നാലും നേരം വെളുത്തെന്നു തോന്നുന്നില്ല. വീട്ടിൽ എല്ലായിടത്തും ലൈറ്റുണ്ട്. കുറച്ചുദിവസമായിട്ട് ഹോംനഴ്സ് വന്നതുകൊണ്ട് അവൾക്ക് വല്യമ്മയുടെ മുറിയിൽ കിടക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ അവളും വല്യമ്മയും പട്ടിയും പൂച്ചയും ഒക്കെയല്ലാതെ ആരുണ്ട് ആ വല്യ വീട്ടിൽ! വല്യമ്മയുടെ സ്വന്തം എന്നുപറയാൻ അവരുടെ പേരക്കുട്ടികൾ ഉണ്ട്. രണ്ടുപേർ. അവരുടെ ഭാര്യമാരും, മക്കളും. മോനും ഭാര്യയും നേരത്തെ മരിച്ചു. വല്യമ്മ എപ്പഴും പറയും “എന്തൊരു സ്നേഹം കൊടുത്തു വളർത്തിയതാ. ജോലിയും കിട്ടി, പെണ്ണും കെട്ടിയപ്പോ രണ്ടും പാഞ്ഞുപോയി.” അവരൊക്കെ വേറെ താമസിക്കുന്നതുകൊണ്ടുള്ള വല്യമ്മയുടെ വിഷമം. സ്നേഹത്തിനു കുറവൊന്നുമുണ്ടെന്ന് കാന്തിയ്ക്ക് ഒരിക്കലും തോന്നിയില്ല. നിനക്കാണെന്നോട് കൂടുതൽ ഇഷ്ടം എന്നു വല്യമ്മ പറയുമെങ്കിലും, അതു സത്യം ആണെങ്കിലും അവൾ ‘ഞാനിവിടെ നിൽക്കുന്നത് എന്റെ വീട്ടിൽ വല്യ വകയില്ലാഞ്ഞിട്ടാ’ എന്നും പറഞ്ഞ് വെറുതേ ശുണ്ഠിയെടുക്കും.

എല്ലാവരും വല്യമ്മയുടെ ചുറ്റും നിൽക്കുന്നുണ്ട്. പേരക്കുട്ടികളും കുടുംബവും അല്ലാതെ ചില ബന്ധുക്കളുമുണ്ട്. അവൾ എത്തി നോക്കി. നഴ്സ് അവിടെത്തന്നെയുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ വല്യമ്മയ്ക്ക് പറയാൻ നൂറ് കഥകളുണ്ടാവും. ചിലപ്പോൾ ചിരിയുടെ ചിലപ്പോൾ കരച്ചിലിന്റെ ഒടുവിൽ അവർ രണ്ടും ഉറങ്ങും. നഴ്സ് വന്നതില്‍പ്പിന്നെ അതിനു സൗകര്യമില്ല. അവളോട് വല്യമ്മ ഒന്നും പറയാൻ സാദ്ധ്യതയില്ല. അവളൊട്ട് മിണ്ടിക്കുകയുമില്ല.

വല്യമ്മയ്ക്ക് ആരോ വെള്ളം കൊടുക്കുന്നുണ്ട്.

“വല്യമ്മയ്ക്ക് വയ്യാതായി. ഇനി അധികം നേരം നോക്കണ്ട.”

‘അയ്യോ...” അവൾ ഒച്ചയിട്ടു.

“ഇവിടെക്കിടന്ന് അലറണ്ട.”

“എനിക്കും വെള്ളം കൊടുക്കണം.”

എല്ലാവരും അവളെ നോക്കിനിൽക്കുന്നു. ആരും ഒന്നും മിണ്ടിയില്ല.

“ഞാനും കുറച്ച് വെള്ളം കൊടുക്കട്ടെ.”

“ആ കുട്ടിയും കുറച്ച് കൊടുത്തോട്ടെ. കൂടെനിന്ന് ജീവിച്ചതല്ലേ.” ആരോ പറഞ്ഞു.

അവൾക്ക് വേണ്ടി കുറച്ച് അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊടുത്തു എല്ലാരും. അവളും കുറച്ച് വെള്ളം ആ വായിലേക്ക് ഉറ്റിച്ചുകൊടുത്തു.

അവൾ ചായയും കൊണ്ട് ചെല്ലുമ്പോൾ എല്ലാവരും ഇരിക്കുന്നുണ്ട്. വല്ല്യേട്ടൻ, കൊച്ചേട്ടൻ, അവരുടെ ഭാര്യമാർ- കൊച്ചേച്ചിയും വല്യേച്ചിയും- അങ്ങനെ വിളിച്ചാൽ മതിയെന്ന് വല്യമ്മയാണ് അവളോട് പറഞ്ഞത്. ആ ചേച്ചിമാരുടെ മാതാപിതാക്കളും സഹോദരങ്ങളും. പിന്നെ വക്കീലും. ഇടയ്ക്ക് വല്യമ്മയെ കാണാൻ വരുന്നതുകൊണ്ട് അയാളെ കാന്തിയ്ക്ക് അറിയാം. കാന്തി ചായ എല്ലാർക്കും കൊടുത്തു.

“എന്തായാലും ഈ വീട് എനിക്കു തരാമെന്ന് അച്ഛമ്മ എപ്പഴും പറയുമായിരുന്നു.” വല്യേട്ടൻ ചായക്കപ്പ് എടുത്തും കൊണ്ട് പറഞ്ഞു. കുറച്ചുപേർക്കേ കൊണ്ടുവന്നുള്ളൂ ചായ. ഇനിയാർക്കൊക്കെ വേണംന്ന് പറയട്ടേന്നു വെച്ച് കാന്തി അവിടെത്തന്നെ നിന്നു.

“അല്ലെങ്കിലും എനിക്കിവിടെ താല്പര്യമില്ല ഏട്ടാ. ബാക്കിയുള്ള സ്വത്തുക്കളുടെയൊക്കെ കാര്യം തീരുമാനിക്കാം. വേഗമായാൽ നല്ലത്.”

“അതെ. അതാണ് ശരി. എല്ലാം രണ്ടാക്കിത്തന്നെ ഭാഗം വയ്ക്കാം. അതിനു വേണ്ടത് എന്തൊക്കെയാണെന്നുവെച്ചാൽ വേഗം ചെയ്യാം. അങ്ങനെ ആലോചിക്കാൻ വേറെ ആൾക്കാരൊന്നുമില്ലല്ലോ.”

“അതെയതെ.”

“എനിക്കും ഒരു ഭാഗം വേണം.” കാന്തിയുടെ സ്വരം കേട്ട് എല്ലാവരും ഞെട്ടി അവളെ നോക്കി. വക്കീൽ എന്തോ എഴുതുന്നുണ്ടായിരുന്നത് നിർത്തി അവളെ നോക്കി.

“ഹഹഹ...” കൊച്ചേച്ചി ആരെയും ശ്രദ്ധിക്കാതെ ഒറ്റച്ചിരി.

എല്ലാവരും കൂടെച്ചേർന്നു. വല്യമ്മ പോയത് എല്ലാരും മറന്നു.

“എനിക്കെന്തെങ്കിലും തരുമെന്ന് വല്യമ്മ എപ്പഴും പറയുമായിരുന്നു.” കാന്തി ഉറച്ചു പറഞ്ഞു.

“എന്തെങ്കിലും എന്നു പറഞ്ഞാൽ സ്വത്താണോ?” വല്യേച്ചിയുടെ അമ്മ ചോദിച്ചു.

“ഇവിടെ വന്നപ്പോൾത്തന്നെ വല്യമ്മ പറഞ്ഞിരുന്നു. നിനക്കാണെന്നോട് സ്നേഹമെന്നും, നിനക്ക് നല്ലോണം എന്തെങ്കിലും തരുമെന്നും.”

“അതുകൊണ്ട്? ജോലിക്കാരിക്ക് ആരെങ്കിലും സ്വത്ത് കൊടുക്കോ?”

“ഞാൻ ജോലിക്കാരിയായിട്ട് വന്നതല്ല. ഇവിടെ വീട്ടിലെ ഒരാളെപ്പോലെ നിർത്താംന്നു പറഞ്ഞിട്ടാ വന്നത്. വല്യമ്മയെ ഞാൻ നല്ലോണം നോക്കി. കണക്കുപറയൊന്നും അല്ല.”

“സ്നേഹം വേറെ. സ്വത്ത് വേറെ.”

പിന്നേം ചിരി തുടങ്ങി എല്ലാരും. മരിച്ചപ്പോത്തന്നെ പിടിച്ചുപറി തുടങ്ങി. ഒറ്റയെണ്ണത്തിനും ഒന്നും കൊടുക്കരുതെന്ന് ഒരിക്കൽ വല്യമ്മ പറഞ്ഞത് വെറുതെയല്ല. കാന്തിയ്ക്ക് ദേഷ്യം വന്നു.

“നിങ്ങളൊക്കെ വല്യമ്മയെ എപ്പഴെങ്കിലും നോക്കീട്ട്ണ്ടോ?”

“എന്നുവെച്ച്?”

“ഞാനാ കൂടെ നിന്നുനോക്കിയത്. എനിക്കും തരുംന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തരണം.”

“പൊയ്ക്കോണം ഇവിടുന്ന്. തരണം പോലും. എന്തു തരാൻ.” കൊച്ചേച്ചി ദേഷ്യത്തോടെ പറഞ്ഞു. “ഇത്രേം ദിവസം ഇവിടെ നിർത്തേണ്ടായിരുന്നു. അശ്രീകരം. സ്വത്ത് ചോദിക്കുന്നത് കണ്ടില്ലേ. നാണമില്ലാതെ.”

“നാണമില്ലാത്തത് നിങ്ങൾക്കാ. വല്യമ്മ കാണില്ലെന്നു വിചാരിച്ച് അലമാര തുറന്ന് ആഭരണപ്പെട്ടിയെടുക്കുന്നത് കണ്ടിട്ട് വല്യമ്മ ഓടിച്ചുവിട്ടത് ആരും കണ്ടില്ലെന്ന് വിചാരിക്കേണ്ട.”


“ഇറങ്ങിപ്പോടീ..” കൊച്ചേച്ചി എണീറ്റ് കാന്തിയുടെ കൈയിൽ നിന്ന് ട്രേ ടീപ്പോയിയുടെ താഴേക്ക് വലിച്ചെറിഞ്ഞു. കാന്തിയെ പിടിച്ചു തള്ളുകയും ചെയ്തു.

“നിന്റേത് എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്ത് വേഗം സ്ഥലം വിട്ടോ.”

കാന്തി കരഞ്ഞുംകൊണ്ട് അകത്തുപോയി അവളുടെ ബാഗും, ഒരു പ്ലാസ്റ്റിക്ക് കവറിൽ കുറച്ച് വസ്ത്രങ്ങളും എടുത്തുവന്നു.

“ഞാൻ പോവ്വാ...സ്നേഹം ഇല്ലാത്തോരുടെ കൂട്ടത്തിൽ നിൽക്കരുതെന്ന് വല്യമ്മ പറഞ്ഞിരുന്നത് വെറുതേയല്ല.”

“ബാഗ് പരിശോധിക്കണോ?” കൊച്ചേച്ചിയുടെ അമ്മ ചോദിച്ചു.

“നോക്കിക്കോ. നിധിയുണ്ടല്ലോ ഇതിൽ.” കാന്തി ബാഗ് അവരുടെ മുന്നിലേക്കിട്ടുകൊടുത്തു.

“കാന്തീ, ബാഗും എടുത്തു പോയ്ക്കോ ഇപ്പോ. വീട്ടിൽ ഒരു ദിവസംവന്ന് അച്ഛനെ കണ്ടോളാം.” വല്യേട്ടൻ പറഞ്ഞു.

ഒരാളെങ്കിലും സ്നേഹത്തിൽ പറഞ്ഞല്ലോന്നും വിചാരിച്ച് കാന്തി ആരേയും നോക്കാതെ ബാഗും എടുത്ത് ഇറങ്ങി. വല്യേട്ടന്റെ മോൾ ഓടിവന്ന് കാന്ത്യേച്ചി എങ്ങോട്ടു പോവ്വാന്ന് ചോദിച്ചു.

“വീട്ടിലേക്ക്.”

“ഏതുവീട്ടിൽ?”

തനിക്കൊരു വീടുള്ളത് ആ കുഞ്ഞിനറിയില്ലല്ലോ.

“വേറെ വീട്ടിൽ.”

“ഇനിയെപ്പോ വരും?”

വരില്ല എന്നും പിറുപിറുത്തുകൊണ്ട് കാന്തി ഗെയിറ്റു തുറന്ന് പുറത്തേക്കിറങ്ങി.

വല്യമ്മയെ ഓർത്തിട്ടാണ് സങ്കടം. ഇത്രേം നാൾ ഒന്നും വിഷമം ഇല്ലാതെ കഴിഞ്ഞു. പക്ഷേ എത്ര സ്നേഹം കൊടുത്തിട്ടെന്താ. ഒന്നുമില്ലാതെ ഇറങ്ങിപ്പോരേണ്ടിവന്നു. ഒക്കെ ആദ്യം തന്നെ നേടിയെടുത്ത് വെക്കണമായിരുന്നു. എന്തായാലും എന്റെ സ്വത്തുക്കളൊക്കെ സ്നേഹിക്കുന്നവർക്ക് ആദ്യം തന്നെ കൊടുക്കും. അതോർത്തുകഴിഞ്ഞപ്പോൾ അവൾക്ക് ചിരിയും വന്നു. തനിക്കല്ലേ എഴുതിവെക്കാനും മാത്രം സ്വത്ത്. വല്യമ്മ മരിച്ചത് ഓർമ്മയിൽ വന്നെങ്കിലും വിഡ്ഢിത്തം ഓർത്തതിൽ അവൾക്ക് ചിരി വന്നു.

വഴിയിൽ ഒരു ചെറിയ മതിലിന്റെ മുകളിൽ ബാഗ് വെച്ച് അതിൽനിന്നൊരു പേഴ്സെടുത്തുനോക്കി. വല്യമ്മ പലപ്പോഴായി തരാറുള്ള പൈസയൊക്കെ അതിലുണ്ട്. കടയിലൊക്കെ പോയി വന്നാലോ, ബില്ലടച്ചാലോ ഒക്കെ കിട്ടും പൈസ. പലപ്പോഴും വല്യമ്മ ബാക്കി പൈസ നീ വെച്ചോന്ന് പറയും. ഇത് അവർ കാണാഞ്ഞത് നന്നായി. കണ്ടിരുന്നെങ്കിൽ ഇനി കുറേ നേരം വിശദീകരിക്കേണ്ടി വരുമായിരുന്നു. അവൾക്ക് സമാധാനം തോന്നി.

ബസ് കാത്ത് നിൽക്കാൻ വയ്യെന്ന് വിചാരിച്ച് ഓട്ടോ നിർത്തിച്ച് കയറുമ്പോൾ അവൾക്ക് ഒരുപാട് സങ്കടം വന്നു. അത്രയും അധികം സ്നേഹം തന്ന വല്യമ്മയുടെ സ്വത്തിന് ഒരു വിലയും അതിനേക്കാൾ ഇല്ലെന്നും അവൾക്ക് അപ്പോത്തന്നെ മനസ്സിലായി. കരഞ്ഞുംകൊണ്ട് അവൾ ഓട്ടോയിൽ ഇരുന്നു. വല്യമ്മ വിട്ടുപോയതിലും വീടുവിട്ട് ഇറങ്ങേണ്ടിവന്നതിലും വിഷമിച്ച് അവൾ യാത്ര തുടർന്നു.

Labels:

Sunday, August 16, 2009

സ്നേഹം

അസ്തമയത്തിനു ഇനിയും ഒരുപാട് സമയമുണ്ട്. അയാൾ സൂര്യനെ ഒന്ന് നോക്കിയിട്ട് വാച്ചിലേക്ക് നോക്കി. അയാളുടെ മുഷിവു കണ്ടാലറിയാം വന്നിട്ട് അല്പനേരമമായെന്ന്. അവൾ ദൂരെനിന്ന് വരുന്നുണ്ടായിരുന്നു.

“നീ വരാൻ വൈകി അല്ലേ?” അയാൾ പരിഭവം സ്വരത്തിൽ കാണിച്ചുതന്നെ പറഞ്ഞു.

“സ്നേഹം കൊണ്ടു തോന്നുന്നതാണ്. ഈ സമയമാവുമ്പോഴേക്കേ വരാൻ കഴിയൂ എന്ന് പറഞ്ഞില്ലേ വിളിച്ചപ്പോൾ?” അയാൾ നീട്ടിയ കൈ പിടിച്ചുകൊണ്ട് അയാളുടെ അടുത്തിരുന്നു അവൾ.

അയാൾ അവരുടെ പേരുകൾ ചേർത്തെഴുതി. തിരയ്ക്കൊരിക്കലും എത്തിപ്പിടിച്ച് മായ്ക്കാ‍നാവില്ല. അത്രയും ദൂരത്താണവർ ഇരിക്കുന്നത്.

“നിങ്ങൾ തിരകളെ കളിയാക്കുകയാണല്ലേ?”

“അല്ല. തിരകൾ മായ്ക്കേണ്ട. പോകുന്നതുവരെ കണ്ടുകൊണ്ടിരിക്കാം.”

അവൾ അയാളുടെ ദേഹത്തേക്ക് ചാരിയിരുന്നു. അയാൾ സ്നേഹത്തോടെ ഒരു കൈകൊണ്ട് അവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു.

“ഭർത്താവ് കണ്ടില്ലേ നീ വരുന്നത്?”

അത് അവൾ കേട്ടതായി ഭാവിച്ചില്ല.

“മോളെ കുളിപ്പിച്ച് അമ്മയെ ഏല്‍പ്പിച്ചു.അതാണ് അല്പം വൈകിയെന്ന് നിങ്ങൾക്ക് തോന്നിയത്.”

“നിന്റെ താലി എവിടെ?”

നക്ഷത്രമാല രണ്ടുചുറ്റിൽ ഇട്ടിരുന്നു അവൾ. അയാൾ തന്നെ കൊടുത്തതാണ്.

“താലി കാണുമ്പോൾ നിങ്ങൾക്ക് വിഷമം ആകേണ്ടെന്നു വെച്ചു.”

“അതും ശരി തന്നെ.”

അയാൾ മണൽ കൊണ്ട് ഓരോ രൂപങ്ങൾ കെട്ടാൻ തുടങ്ങി.

“താജ്മഹലാണോ?”

“ഏയ്...താജ്മഹൽ കാണാൻ നിന്നെ കൂട്ടിക്കൊണ്ടുപോകാമല്ലോ.”

“മോളില്ലാതെ ഞാനെങ്ങും പോകില്ല.”

“അവളേം കൂട്ടാം.” അയാൾ അത്ര രസത്തിലല്ലാതെ പറഞ്ഞു.

“വേണ്ട. അവളിടയ്ക്ക് കരയും. നിങ്ങൾക്ക് രസിക്കില്ല. ഇവിടെ മണലുകൊണ്ടു കെട്ടിത്തീർക്കാം നമുക്ക്.”

“നീ ഒരു അരസികയാണ്.”

“നിങ്ങൾക്ക് അതുകൊണ്ട് സ്നേഹക്കുറവുണ്ടോ?”

“ഇത്തരം ചോദ്യങ്ങൾ വേണ്ടെന്ന് എത്ര പറയണം? ഒന്നൊന്നര വർഷം എന്നെക്കുറിച്ച് നിന്നെ അറിയിക്കാൻ പറ്റാഞ്ഞപ്പോൾപ്പോലും നീയേ ഉണ്ടായിരുന്നുള്ളൂ എനിക്ക് സ്വന്തം.”

പറയാതെ തന്നെ അയാൾ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.

“മധുരം.”

“അതുകൊണ്ടാണ് സ്നേഹവും.”

“അതു നിന്റെ തെറ്റിദ്ധാരണ മാത്രം. നിന്നോടുള്ള എന്റെ സ്നേഹം നിനക്ക് ഊഹിച്ചെടുക്കാൻ പറ്റില്ല.”

“വയസ്സായി രോഗം വന്ന് വാട്ടർബെഡിൽ കിടക്കുമ്പോഴും കാണുമോ ഈ സ്നേഹം?”

“വട്ടൻ ചോദ്യങ്ങൾ ചോദിക്കാതെ മര്യാദയ്ക്ക് എന്തെങ്കിലും പറയൂ. നിനക്ക് എന്നോടെന്തോ കാര്യമായി പറയാൻ ഉള്ളതുപോലെ തോന്നാറുണ്ട്. എങ്ങനെയാണ് അപരിചിതത്വം വന്നത് നമുക്കിടയിൽ.”

“ഒന്നുമില്ല. പറയാനുണ്ടെങ്കിൽ പറഞ്ഞോളാം.”

“ഉം...എന്നാൽ താജ്മഹലും കെട്ടി അസ്തമയവും കണ്ടുകൊണ്ടിരിക്കാം.”

--------------------------------------------------------------

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തിരിപ്പുണ്ടായിരുന്നു.

“മോളുറങ്ങി. കുറച്ച് ചോറുണ്ടു. വാശിയൊന്നും കാണിച്ചില്ല.”

അവൾ തിടുക്കത്തിൽ അകത്തേക്ക് കയറിപ്പോയി.

“നീ വൈകി.” അമ്മ അവളുടെ പിന്നാലെ ചെന്നുകൊണ്ട് പറഞ്ഞു. “നിനക്കെത്ര പറഞ്ഞാലും മനസ്സിലാവില്ലേ? അവനോട് ഇനിയും കാര്യങ്ങൾ പറയാതിരിക്കുന്നതെന്തിനാ?”

“അമ്മയെന്നെ പ്രാന്തുപിടിപ്പിക്കരുത്.”

“ഇപ്പോക്കാണിക്കുന്നതാണ് പ്രാന്ത്. അവന്റെ മോളല്ലേ ഇത്? അവനെ റജിസ്റ്റർ മാര്യേജ് കഴിക്കാൻ ഇറങ്ങിപ്പോയതല്ലേ പോയതല്ലേ നീ? അന്നെന്തൊക്കെയോ ദേഷ്യം കൊണ്ട് അച്ഛനും അമ്മാവന്മാരും അവനെ പേടിപ്പിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവൻ നിന്നെ വീട്ടിലാക്കിയിട്ട് പോയി.”

“അന്ന് ഞാൻ ശരിക്കും വിചാരിച്ചത്, അദ്ദേഹത്തിന് ഒരു കുടുംബം താങ്ങാൻ നിവൃത്തിയില്ലാതെ എന്നെവിട്ട് ഓടിപ്പോയെന്നാണ്. പിന്നെയല്ലേ എന്തൊക്കെസ്സംഭവിച്ചു എന്ന് അറിഞ്ഞത്. ഇപ്പോ നിങ്ങൾക്കൊക്കെ ഞങ്ങൾ ഒരുമിച്ചു ജീവിക്കണമെന്ന് അല്ലേ? വേണ്ടമ്മേ. കുറച്ചുനാൾ കൂടെ ആ സ്നേഹം എനിക്കുമാത്രം മതി. പങ്കുവെക്കാൻ ഇഷ്ടമല്ല എനിക്ക്.”

“നിനക്ക് പ്രാന്താണ്.”

“സ്നേഹം പെട്ടെന്ന് പങ്കുവെക്കേണ്ടിവന്നാലാണമ്മേ എനിക്കു പ്രാന്തുപിടിക്കുക. കുറച്ചുനാൾ കൂടി ഞങ്ങളിങ്ങനെ ജീവിക്കട്ടെ.”

“നീ മോളെക്കുറിച്ചോർക്കണ്ടേ? അവനു മോളും മോൾക്ക് അച്ഛനും വേണ്ടേ? അപ്പോ സ്നേഹം കൂടുകയേ ഉള്ളൂ.”

“അച്ഛനും മോളും കുറച്ച് കാക്കട്ടെ.”

അമ്മ പതിവുപോലെ ദേഷ്യത്തിൽ തിരിഞ്ഞ് മുറിയിൽ നിന്നിറങ്ങിപ്പോയി. അവൾ ബാഗ് മേശപ്പുറത്തിട്ട് മോളുടെ അടുത്തുചെന്ന് നെറ്റിയിൽ ഉമ്മവെച്ചു. ‘ഇതാ അച്ഛന്റെ സമ്മാനം. തൽക്കാലം ഇത്രേം മതി.”

വാത്സല്യത്തോടെ അല്പനേരം മോളുറങ്ങുന്നതും കണ്ടിരുന്നു. പിന്നെ വേഷം മാറി അടുക്കളഭാഗത്തേക്ക് നടന്നു.

Labels:

Thursday, August 13, 2009

മഞ്ഞ്

മനസ്സിൽ നിറഞ്ഞ മഞ്ഞ്.

പുതപ്പിച്ചുനിർത്താനാവാതെ,
ചിരികൊണ്ടു തയ്ച്ച ഉടുപ്പുകൾ.

നിറഞ്ഞൊഴുകിയോടുമ്പോൾ,
മഞ്ഞിനെന്തൊരു ചൂടാണെന്ന്
കൺപീ‍ലികൾ!

Labels:

Tuesday, August 11, 2009

പനി പനി പനി

ഇടതടവില്ലാതെ മഴ പൊഴിയുമ്പോൾ,
നിറം മാറി, പുഴ നിറഞ്ഞൊഴുകുന്നു.
നിരത്തുകൾ, വീട്ടുമുറ്റങ്ങളുമെല്ലാം,
മഴ ചൊരിഞ്ഞിട്ട് പുഴപോലാകുന്നു.
മഴ വരും മുമ്പേ വന്നു ചേർന്നൊരു പനി
വിട്ടുമാറാതെ നിന്ന് ജനത്തെ വലയ്ക്കുന്നു.
ആശുപത്രികളെല്ലാം നിറഞ്ഞുകവിയുന്നു,
ബാക്കിയുള്ളവർ വീട്ടിൽ ചുരുണ്ടുകിടക്കുന്നു.
കടലാസ്സു തോണി ഒഴുക്കാതെ കൈകൾ
പനിക്ഷീണത്താലയ്യോ തളർന്നുകിടക്കുന്നു.
ഒരു നൂറുതരം പനിയുണ്ടു നാട്ടിൽ,
പനി പിടിച്ചെന്നാൽ കിടപ്പു തന്നെ ഗതി.
മഴ മാറിപ്പോയി പനി ബാക്കിയായി,
പനിയേ നീയൊന്നു വേഗം വഴിമാറിപ്പോകൂ.

Labels:

Friday, August 07, 2009

കാടാണ് മലയാണ് പുഴയാണ്

മനസ്സ് ............

കാടാണ്.
ചിന്തതൻ വൃക്ഷങ്ങൾ
അതിൽ മോഹത്തിൻ വള്ളികൾ
ഇടതൂർന്നു വളരുന്ന കാട്

മലയാണ്.
എത്തിപ്പിടിക്കുവാനാവാത്ത ഉയരത്തിലെന്നും
കൊതിപ്പിച്ചുനിൽക്കുന്ന മേട്.

പുഴയാണ്.
സ്നേഹക്കടലിലേക്കൊഴുകിച്ചെന്നെത്തുവാൻ
വേഗത്തിലോടുന്ന ആറ്.

മഞ്ഞിൻ കൂടാണ്.
ഉരുകിയൊഴുകിയും
ചിലപ്പോളുരുകാതെയുറച്ചും
ജീവിതം കുളിർപ്പിച്ചുനിർത്തുന്ന കൂട്.

സുഹൃത്താണ്.
പരിഭവമില്ലാതെ ചിരിയും കരച്ചിലും
സ്വീകരിച്ചൊപ്പം നടക്കുന്ന കൂട്ട്.

Labels:

Wednesday, August 05, 2009

വിഭീഷണൻ

"നന്നല്ലസജ്ജനത്തോടു വൈരംവൃഥാ
തന്വംഗിതന്നെക്കൊടുക്ക മടിയാതെ
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞുകൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻ പ്രബലൻ തന്നൊ-
ടുൾപ്പൂവിൽമത്സരം വച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തൽ‌പ്രാണനും നശിച്ചീടുമരക്ഷണാൽ
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയം കൊണ്ടുവരുന്നതി-
നിന്നുനാമാളല്ലപോകെന്നു വേർപെട്ടു
ചെന്നുസേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽ ഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യുവരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരേ പറഞ്ഞുതരുന്നതു ഞാനിനി-
ത്താരാർമകളെക്കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽ മാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ
മുമ്പിലേയുള്ളിൽ വിചാരിച്ചുകൊള്ളണം
വൻപനോടേറ്റാൽ വരും ഫലമേവനും
ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം
പങ്കജനേത്രനെസ്സേവിച്ചുവാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽ മഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽനേർവർണ്ണനു ജാനകീദേവിയെ-
ക്കൊണ്ടുക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ.”


രാവണന്റെ സഹോദരനായ വിഭീഷണൻ, രാവണനോടു പറയുന്നത്, രാമൻ ദൈവത്തിന്റെ അവതാരമാണെന്നും, പല ദുഷ്ടന്മാരെയും നിഗ്രഹിച്ച്, ഇപ്പോൾ ദശരഥപുത്രനായിട്ട് പിറന്നത്, രാവണനെ കൊല്ലുവാൻ വേണ്ടിയിട്ടാണെന്നുമാണ്. വാശിയും വീറും പറഞ്ഞ് യുദ്ധത്തിനൊരുങ്ങിയാൽ, ഇപ്പോൾ കൂടെ നിൽക്കുന്നവരൊന്നും കൂടെയുണ്ടാവില്ലെന്നും വിഭീഷണൻ പറയുന്നു. സീതയെ തട്ടിക്കൊണ്ടുപോന്നത്, മോശം കാര്യമാണെന്നും സീതയെ തിരികെക്കൊണ്ടുക്കൊടുത്ത് മാപ്പ് പറയുന്നതാണ് ഉചിതമെന്നും, യുദ്ധം ചെയ്ത് വംശം ഒടുക്കിക്കളയരുതെന്നും പറയുന്നു. യുദ്ധം ചെയ്ത് ഒക്കെ നശിച്ചിട്ട് പിന്നെ, എന്തെങ്കിലും ചെയ്യാമായിരുന്നു എന്നോർത്തിട്ട് കാര്യമുണ്ടാവില്ലെന്നും വിഭീഷണൻ രാവണനോട് പറയുന്നു. രാമന്റെ ഭാഗം പറയുകയാണെങ്കിൽ വേഗം രാമന്റെ അടുത്തേക്ക് പൊയ്ക്കോ എന്ന് രാവണൻ വിഭീഷണനോട് പറയുന്നുണ്ട്. സഹോദരന്റെ കൂടെ നിൽക്കുന്നതിനുപകരം രാമനോടൊപ്പം വിഭീഷണൻ നിൽക്കാൻ തീരുമാനിക്കുന്നത്, സഹോദരനോടുള്ള അനിഷ്ടം കൊണ്ടോ, രാമനെ പേടിയുള്ളതുകൊണ്ടോ അല്ല. രാവണൻ, സീതയെ കട്ടുകൊണ്ടുവന്ന് ലങ്കയിൽ താമസിപ്പിച്ചത് ഉചിതമായിട്ടുള്ള കാര്യമല്ലെന്നും, നീതിയുടേയും നന്മയുടേയും പക്ഷത്ത് നിൽക്കുന്നതാണ് നല്ലതെന്നും തീരുമാനിക്കുന്നതുകൊണ്ടാണ്. വിഭീഷണനെ ഞാൻ വണങ്ങുന്നു.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , , , , ,

Monday, August 03, 2009

ചിഹ്നം

സ്വപ്നങ്ങളേയും മോഹങ്ങളേയും
വിടാതെ പിന്തുടർന്ന്
അല്പവിരാമം.
ആശയങ്ങളേയും ചിന്തകളേയും
പിന്തുടർന്ന് ആശ്ചര്യചിഹ്നം.
പൂർണ്ണവിരാമം, സന്തോഷത്തെ
പിന്തുടർന്നേക്കുമോയെന്ന
ഭീതിയിലാണ്
ജീവിതമെന്ന വാക്കിനെ പിന്തുടരാൻ
ചോദ്യചിഹ്നത്തെ കൊണ്ടുനിർത്തേണ്ടിവരുന്നത്.

Labels: