Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 30, 2009

വരുന്നുണ്ടേ

പുതിയവർഷം വരുന്നുണ്ട്. അതുകൊണ്ട് ചില “ഉറച്ച” തീരുമാനങ്ങൾ എടുത്തേക്കാംന്ന് വെച്ചു. അടുത്തവർഷത്തെ കാര്യപരിപാടികൾ ഇവയൊക്കെയാണ്:-

ഇതുവരെ കാണാത്ത ഏതെങ്കിലുമൊരു സുഹൃത്തിനെ നേരിട്ട് കാണും. സൗഹൃദത്തിന് സ്നേഹം എന്നാണ് ഞാൻ അർത്ഥം കല്‍പ്പിച്ചിരിക്കുന്നത്, അഭിനയം എന്നല്ല എന്നുകൂടെ എല്ലാവരും ഓർമ്മിക്കുക.

വിമാനത്തിൽ കയറും. വിദേശം എന്നു പറയുന്നില്ല. (ഹും..പറഞ്ഞിട്ടെന്തുകാര്യം?) പറ്റുമെങ്കിൽ പോകും. അല്ലെങ്കിൽ സ്വദേശത്തു തന്നെ വിമാനത്തിൽ കയറും.


ഗോവയിലോ തിരുവനന്തപുരത്തോ ഫിലിം ഫെസ്റ്റിവൽ വരുമ്പോൾ പോകും. എവിടെയെങ്കിലും ഒരിടത്ത്. അവിടെയുള്ളവരൊന്നും പേടിക്കേണ്ട. നിങ്ങളുടെ അടുത്തൊന്നും വരുന്നില്ല. ;)

അറിയാത്ത ഒരു ഭാഷ കുറച്ചെങ്കിലും പഠിക്കും. ആ ഭാഷ മാത്രം അറിയാവുന്നവരുടെ മുന്നിൽ അത്യാവശ്യം പിടിച്ചുനിൽക്കാൻ ഉള്ളത്. (പേടിക്കേണ്ട. ആ ഭാഷയിൽ ബ്ലോഗ് തുടങ്ങില്ല.)

തടി പിന്നേം കുറയ്ക്കും. ഹും...

സുഹൃത്തുക്കൾക്കൊക്കെ ജന്മദിനത്തിനു സമ്മാനം കൊടുക്കും. (എന്റെ കഴിവനുസരിച്ചുതന്നെയാണ്. എന്നാലും, ഈ വർഷം കൊടുത്തതുപോലെയല്ല, നിങ്ങളു നോക്കിക്കോ).

ബൂലോഗർ ഇറക്കുന്ന പുസ്തകങ്ങളൊക്കെ വാങ്ങും. ഇതുവരെ ഇറക്കിയതിൽ വാങ്ങാത്തതും. എന്നുവെച്ച് എല്ലാരുംകൂടെ പുസ്തകമിറക്കി എന്നെപ്പറ്റിക്കരുത്.


എന്ത്? ഇതൊക്കെ എവിടെയോ കണ്ടിട്ടുണ്ടെന്നോ? നിങ്ങൾ ലിങ്ക് തരുകയൊന്നും വേണ്ട. ഇത് ഞാൻ കഴിഞ്ഞവർഷം പറഞ്ഞതാണെന്ന് എനിക്കോർമ്മയുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കാൻ ഒരു വർഷം മതിയായില്ലെന്നു മാത്രം. അതുകൊണ്ട് ഒക്കെ പുതുവർഷത്തിലേക്ക് വെച്ചു.

കഴിഞ്ഞ വർഷം നല്ലൊരു വർഷമായിരുന്നു. എപ്പോ തുടങ്ങി, എപ്പോ തീർന്നു എന്നെനിക്ക് അറിയില്ല. എന്നെ അടുത്തറിയാവുന്നവരുടെ അഭിപ്രായമനുസരിച്ച് കഴിഞ്ഞവർഷം എനിക്ക് നല്ലതായിരുന്നില്ല. പിന്നെ എന്റെയൊരു പോസിറ്റീവ് കാഴ്ചപ്പാടനുസരിച്ച് ഇത്രയല്ലേ വന്നുള്ളൂ എന്നൊക്കെ ഒരു ചിന്തയിൽ പിടിച്ചുനിൽക്കുന്നു.

മരണം, അസുഖം, വീട്ടുകാർക്ക് അസുഖം, അപകടം....അങ്ങനെ ചില ദുരിതങ്ങളുടെ നിരയായിരുന്നു കഴിഞ്ഞ വർഷം. എന്നാലും എത്രയോ സൗഭാഗ്യങ്ങളും ദൈവം തന്നു. അതുകൊണ്ട് ഒരു പരാതിയുമില്ലാതെ അങ്ങനെ പോകുന്നു. ഇനി അപകടത്തിന്റെ കാര്യം മാത്രം പറയാം. ഞങ്ങൾ സ്കൂട്ടറിൽ ടൗണിൽ പോയി. അയൽക്കാരിയുടെ കുട്ടിയ്ക്ക് പിറന്നാളിന് ഉടുപ്പു വാങ്ങുക എന്നൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാങ്ങി തിരിച്ചുവരും വഴി, തിരക്കുള്ള റോഡിലേക്ക് ആരോ ചാടി വന്നു. ചേട്ടൻ സ്കൂട്ടർ വെട്ടിച്ചു, തിരിച്ചു, കുറേ പിടിച്ചുനിന്ന ശേഷം ഇനി വീഴാതെ രക്ഷയില്ല എന്നു തോന്നിയപ്പോ ഞാൻ വീണു. ആദ്യം മുട്ടുകുത്തിയെന്ന് എനിക്കോർമ്മയുണ്ട്. മുട്ടിലെ പെയിന്റ് നന്നായിട്ട് പോയി. പിന്നെയെങ്ങനെ മലർന്നുവീണുവെന്ന് എനിക്കറിയില്ല. തലയുയർത്തിപ്പിടിച്ചിരുന്നു. ഏതു വീഴ്ചയിലും തലയുയർത്തിപ്പിടിച്ച് ജീവിക്കണമെന്ന് എനിക്കു പണ്ടേ അറിയാം.;) അതുകൊണ്ട് തലയിടിച്ചില്ല. അതുകൊണ്ടാവും രക്ഷപ്പെട്ടത്. (കഷ്ടമായിപ്പോയി - കോറസ്). കൂട്ടുകാരി എന്റെ മുട്ട് കാണിക്ക് എന്നു പറഞ്ഞപ്പോൾ എനിക്കു നാണം വന്നു. കുട്ടിക്കാലത്താണെങ്കിൽ, കാലിനോ കൈയ്ക്കോ എന്തെങ്കിലും ചെറിയ മുറിവു പറ്റിയാൽ അതു നൂറ് ആൾക്കാരെ കാണിച്ചില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ലായിരുന്നു. ;)


കഴിഞ്ഞ വർഷം പറഞ്ഞതിൽ നാലു സ്ഥലത്തേക്ക് പോകും എന്നു പറഞ്ഞത് പോയി. എല്ലാ തിരക്കുകൾക്കിടയിലും ഒരുപാട് യാത്രകൾ ഉണ്ടായിരുന്നു. പുസ്തകങ്ങൾ വാങ്ങി. ഇനിയും വാങ്ങാനുണ്ട്. വേറെയും ചില കാര്യങ്ങളൊക്കെ നടന്നു. ബാക്കിയെല്ലാ കാര്യങ്ങളും അടുത്ത വർഷത്തേക്കുവെച്ചു.


വർഷം തുടങ്ങാൻ പോകുമ്പോൾ എന്തെങ്കിലും ഒരു കാര്യം മറ്റുള്ളവർക്കു വേണ്ടി പറഞ്ഞില്ലെങ്കിൽ മോശമല്ലേ? എല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. മറ്റുള്ളവരെക്കുറിച്ച് എത്രയൊക്കെ നുണക്കഥകളുണ്ടാക്കിയാലും ഒരിക്കൽ സത്യം പുറത്തുവരും. അതുകൊണ്ട് നുണക്കഥകൾ അടിച്ചിറക്കുന്നവരും മറ്റുള്ളവർ സമാധാനമായും സന്തോഷമായും ഇരിക്കുന്നതിൽ അസൂയ പൂണ്ട് പാര വയ്ക്കുന്നവരും സൂക്ഷിക്കുക. നിങ്ങളെക്കുറിച്ച് പിന്നീട് പുച്ഛം തോന്നാനുള്ള വക നിങ്ങൾ തന്നെ ഉണ്ടാക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ഇനി ഇതിനൊക്കെ കൂട്ടുനിൽക്കുന്നവരോട് പറയാനുള്ളത്, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ നിങ്ങളെക്കുറിച്ചും നുണക്കഥകൾ വന്നേക്കാം. അതുകൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക. നല്ലതിനെ മാത്രം പ്രോത്സാഹിപ്പിക്കുക. തെറ്റു ചെയ്യാൻ കൂട്ടുനിൽക്കില്ലെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക.

ദൈവം എന്നോടൊപ്പം തന്നെയുണ്ടെന്ന് എന്നെ ഓരോ വർഷം കൂടുമ്പോഴും ഉറപ്പിച്ചു കാണിച്ചു തരികയാണ്. പുതുവർഷത്തെ സന്തോഷത്തോടെയാണ് കാത്തുനിൽക്കുന്നത്. വരാൻ പോകുന്ന ദിവസങ്ങളിൽ നല്ല അനുഭവങ്ങളായിരിക്കാം, ചീത്തയായിരിക്കാം. എനിക്കതിനെക്കുറിച്ച് ചിന്തയില്ല. ദൈവം തരുന്നതല്ലേ. ചെയ്യാൻ ഇഷ്ടം പോലെ നല്ല കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും വേറെ ആലോചിക്കാൻ നേരമില്ല.

നാളെ തിരുവാതിരയാണ്. വ്രതത്തിന്റെ ഒടുവിലാണ് 2009 തീർന്ന് 2010 തുടങ്ങുന്നത് എന്നത് ഒരു നല്ല കാര്യമായിട്ടാണ് കരുതുന്നത്.

എന്റെ ബ്ലോഗുകൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി.

എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ!

Labels:

Saturday, December 26, 2009

തിരയുടെ കോപം

തിരയുടെ രൂപത്തിലെത്തിയ ഘാതകൻ
എത്രയോ ജന്മങ്ങൾ കൊണ്ടുപോയി.
കടലിനെ സ്നേഹിച്ച പാവങ്ങളെയാത്തിര
തെല്ലുമേ ചിന്തയില്ലാതെ തകർത്തുപോയ്
കൈവിട്ടുപോയൊരു കൂട്ടരെയോർത്തിട്ടു
കരളിൽ കനലുമായ് ഒരുപാടുപേർ.
ആവുമോ കടലേ നിനക്കു മായ്ച്ചീടുവാൻ
അവരുടെ കണ്ണിലെ ദൈന്യതയെ?
അവരുടെ കൺകളിൽ വീണ്ടും തെളിയുമോ
ജീവിതസ്നേഹത്തിൻ പൂത്തിരികൾ!

Labels:

Thursday, December 17, 2009

നേതാവ്

വെളുക്കെച്ചിരിച്ചീടും
വെളുത്ത മുണ്ടുടുത്തീടും
മരിച്ചറിയിപ്പു വന്നാൽ
പെട്ടെന്നു ഞെട്ടീടും.

വിളക്കുകൊളുത്തീടും
വേദിയിലിരുന്നീടും
തൊണ്ടപൊട്ടിച്ചുച്ചത്തിൽ
പ്രസംഗിച്ചു തകർത്തീടും.

അണികളെ നിരത്തീടും
ഇലക്ഷനു നിന്നീടും
വോട്ടു ചോദിക്കുവാൻ
വെയിലത്തും നടന്നീടും.

ഇലക്ഷനിൽ ജയിച്ചെന്നാൽ
ജനങ്ങളെ മറന്നീടും
വീണ്ടുമിലക്ഷൻ വന്നാൽ
നാട്ടാരെയോർത്തീടും.

Labels:

Tuesday, December 08, 2009

ഉണ്ടായിരുന്നു

ഒരു ബസ്‌സ്റ്റോപ്പ് ഉണ്ടായിരുന്നു.
അവിടെ അവൾ എന്നും ബസ് കാത്തുനിൽക്കാറുണ്ടായിരുന്നു.
അവൻ എന്നും അവളെ കാണാറുണ്ടായിരുന്നു.
അവന് അവളോട് പേരു ചോദിക്കണമെന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.
ഒരു ദിവസം പത്രത്തിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.
അതിനു ചുവട്ടിൽ അവളുടെ പേരുണ്ടായിരുന്നു.
അതിന്റെ തലേന്നാൾ അവനു ജോലിക്കു പോകാൻ മടിയുണ്ടായിരുന്നു.
ആ ദിവസം, ആ ബസ്‌സ്റ്റോപ്പിൽ ഒരു ബോംബ് പൊട്ടിയിട്ടുണ്ടായിരുന്നു.

Labels:

Sunday, December 06, 2009

സവാരി ഗിരി ഗിരി

കാറ്റും മഴയും തന്നെ. എല്ലാവരും വളരെ വിഷമിച്ചിരിക്കുന്നു.
രാധ ചോദിച്ചു.
“എങ്ങോട്ടാ പോണേ?”
കൃഷ്ണൻ പറഞ്ഞു.
“സവാരി ഗിരി ഗിരി.”
രാധയ്ക്ക് ദേഷ്യം വന്നു.
“നീ പോ മോനേ ദിനേശാ.”
കൃഷ്ണനു ദേഷ്യം വന്നു. മനസ്സിലാക്കില്ലെന്നു വെച്ചാൽ!
കൃഷ്ണൻ പോയി പർവ്വതം എടുത്തുയർത്തി.
രാധയോടുള്ള ദേഷ്യത്തിൽ അത് നന്നായി ഉയർന്നു പോയി.
ഗോവർദ്ധനഗിരിയുടെ ചുവട്ടിൽ പശുക്കളും മനുഷ്യരും നനയാതെ നിന്നു.

Labels:

Friday, December 04, 2009

വൃത്തത്തിലാണ്


പഠിച്ചതേ പാടൂ. പക്ഷേ മറന്നുപോയാലോ. അങ്ങനെ മറവിയുടെ ആഴത്തിലേക്ക് പോകും എന്നു തോന്നിയതുകൊണ്ടാണ് ഇത് പൊടിതട്ടിയെടുക്കാൻ തീരുമാനിച്ചത്. ചെയ്തു നോക്കിയപ്പോൾ, മറന്നിട്ടില്ല. പക്ഷേ അത്രയ്ക്ക് ശരിയായിട്ടുമില്ല.എന്റെ തലയ്ക്ക് ഇതൊക്കെ മതി. അടുത്തത് നന്നായിച്ചെയ്തിട്ട് നിങ്ങൾക്ക് തരാംട്ടോ.

Labels: , ,

Tuesday, December 01, 2009

തോന്നാത്തത്

മരമുണ്ട്
മൈതാ‍നവുമുണ്ട്

പകൽ
മരക്കൊമ്പിലിരുന്നൊന്ന്
ഇലകൾക്കുള്ളിലൂടെ ആകാശം നോക്കണം.
ഒരു കഷണം ആകാശം
ഒരു ചീന്ത് വെയിൽ
സൂര്യന്റെ തെളിച്ചത്തിന്റെ ഒരു പങ്ക്
ഒരു പഞ്ഞിത്തുണ്ട് മേഘം
ഒരിത്തിരി നീലനിറം

രാത്രി
മരക്കൊമ്പിലിരുന്നൊന്ന് ഇലകൾക്കിടയിലൂടെ നോക്കണം
പക്ഷിക്കൊക്കുപോലെ അമ്പിളിയമ്മാവന്റെ കാഴ്ച
ഒരു കൂട്ടം നക്ഷത്രത്തിൽനിന്ന് അല്പം
ഇരുട്ടിന്റെ ഒരിത്തിരി

ഇത്തിരിക്കാഴ്ചയിലൊരുപാട് സന്തോഷം
ചുരുങ്ങിക്കൂടലിലെ സുഖം.

അപ്പോഴാണ് വിശാലമായ മൈതാനം ഓർമ്മ വരുന്നത്
അവിടെനിന്ന് ആകാശക്കാഴ്ച ഓർമ്മ വരുന്നത്
സ്വാതന്ത്ര്യത്തിന്റെ സന്തോഷം കിട്ടുന്നതായി അനുഭവിക്കുന്നത്
മനസ്സ് അങ്ങോട്ട് ചായുന്നത്

അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!

Labels: