Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 30, 2010

കാലം മാറി കഥ മാറി

രാഖി കണ്ണാടിയിൽ നോക്കി, മുടി ഒന്നുകൂടെ ഒതുക്കി. മേശപ്പുറത്തുനിന്ന് ബൈക്കിന്റെ താക്കോലെടുത്തു. ചുവരിലെ ഋത്വിക്ക് രോഷന്റെ ചിത്രത്തിലേക്ക് ഒന്നുനോക്കി മുറിക്കു പുറത്തിറങ്ങി. ചാടിത്തുള്ളിക്കൊണ്ട് പടികൾ ഇറങ്ങി. ഹാളിൽ, ടി വിയ്ക്കു മുന്നിൽ അച്ഛനുമമ്മയും ഉണ്ട്. രാകേഷിനെ പരിസരത്തൊന്നും കണ്ടില്ല. അമ്പലത്തിലെങ്ങാൻ പോയിക്കാണും.

“ങാ.. പുറപ്പെട്ടോ? ഇനിയിപ്പോ നാടുവീടാക്കി കയറിവരുന്നത് ഏതുസമയത്താണ്?” അച്ഛൻ ചോദിച്ചു.

“ഞാനിവിടെ ഇരുന്നിട്ടെന്താ? ബോറ്!” രാഖി വരാന്തയിലേക്കിറങ്ങി ചെരുപ്പിട്ട്, മുറ്റത്തുവച്ചിരുന്ന ബൈക്കിലേക്കു കയറി സ്പീഡിൽ ഓടിച്ചുപോയി.

വയലിന്റെ അറ്റത്തുള്ള കനാല്‍പ്പാലത്തിൽ കൂട്ടുകാരികളൊക്കെ ഇരിക്കുന്നുണ്ട്.

“എന്താ വൈകിയത്?”

“നിങ്ങൾ വന്നിട്ട് ഒരുപാടായോ?”

“ഇല്ല. ഏകദേശം എല്ലാവരും ഒരേസമയത്ത് എത്തി. നിനക്ക് മിസ്സടിക്കണോന്ന് വിചാരിക്കുമ്പോഴേക്കും നീയെത്തി.”

“ബൈക്ക് ഞാൻ രാവിലെയൊന്നു കഴുകി. എങ്ങനെയുണ്ട്?”

“അടിപൊളി.”

കൂട്ടുകാരികൾ വിശേഷങ്ങളൊക്കെപ്പറഞ്ഞ് കളിച്ചും ചിരിച്ചും സമയം നീക്കി.

“ദാ...വരുന്നുണ്ട്, ഗോപുവും കൂട്ടുകാരും. നമുക്കൊന്നു വിരട്ടിയാലോ?”

“വേണ്ടെടീ, രാകേഷിനോട് പറഞ്ഞുകൊടുത്ത് അമ്മയെ അറിയിപ്പിക്കും.”

“അതെ. വേണ്ട.”

“ഛെ! നിങ്ങളിങ്ങനെ ആയാലെങ്ങനെയാ?”

“ഡേയ്... ഇങ്ങോട്ടുവാടാ ഗോപൂ.” കീർത്തി വിളിച്ചു. ഗോപുവും ഷിനുവും കാർത്തിക്കും പരുങ്ങിപ്പരുങ്ങി ചെന്നു.

“എങ്ങോട്ടാ? ഒഴിവുദിവസമായിട്ട്?”

“ഞങ്ങൾക്ക് ട്യൂഷൻ ഉണ്ട്.”

“നിങ്ങൾ ഇന്നലെ ബസ്സിലെ കണ്ടക്ടർ ചേച്ചിയെ പേടിപ്പിച്ചെന്നു കേട്ടു. എന്താ കാര്യം?”

“കോളേജിലെ സീനിയർ ചേച്ചിമാരൊക്കെ ഞങ്ങളെ കളിയാക്കുകയും ചിരിക്കുകയും ചെയ്തു. കണ്ടക്ടർ ഒന്നും പറഞ്ഞില്ല എന്നിട്ട്.”

“വെറുതെയൊന്നുമാവില്ല. നീയൊക്കെ ഇന്നലെ യൂനിഫോമിടാതെ ബർമുഡയും ടീഷർട്ടും ഒക്കെയിട്ടാണ് കോളേജിൽ പോയതെന്നു കേട്ടു. കോളേജിൽ ഫാഷൻ പരേഡൊന്നുമില്ലല്ലോ അല്ലേ? “ രാഖി ചോദിച്ചു.

“അതയെതെ. ഇപ്പഴത്തെ ആൺകുട്ടികളുടെ വേഷവിധാനങ്ങൾ വളരെ മോശമാണെന്നും, സ്ത്രീകളെ അടച്ചു കുറ്റം പറയുന്നത് ശരിയല്ലെന്നും ഏതോ ഒരു പിന്തിരിപ്പൻ ചേട്ടൻ പ്രസംഗിച്ചത് പത്രത്തിൽ കണ്ടല്ലോ. നീയൊക്കെ എന്തിനാ ഇത്ര പ്രകോപനപരമായ വേഷം ധരിക്കുന്നത്? ങേ? എന്നിട്ടു ഞങ്ങളെ കുറ്റം പറയുകയും ചെയ്യും.” മീനു പറഞ്ഞു.

“ഞങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ സ്വാതന്ത്ര്യമില്ലേ? ശരിയല്ലാത്ത വേഷം ധരിക്കുന്നതുകൊണ്ടാണെന്നൊക്കെ ചിലർ പറഞ്ഞുണ്ടാക്കുന്നതാണ്. അല്ലെങ്കിലും നിങ്ങളൊക്കെ ഞങ്ങളെ ഉപദ്രവിക്കും.” ഷിനു ഉറച്ച സ്വരത്തിൽ പറഞ്ഞു.

“വേണ്ടാ...വേണ്ടാ... മര്യാദയ്ക്ക് നടന്നാൽ നിനക്കൊക്കെ നല്ലത്. പിന്നെ സ്ത്രീകളെ കുറ്റം പറയരുത്. നിനക്കൊക്കെ തോന്നിയതുപോലെ നടന്നിട്ട് ഞങ്ങൾ നോക്കി, കമന്റടിച്ചു എന്നൊന്നും പറയരുത്.” കീർത്തി പറഞ്ഞു. മീനുവും രാഖിയും ജീനയും ‘അതെയതെ’ എന്നും പറഞ്ഞ് ശരിവച്ചു.

“ നിന്നെ ഒരുത്തിയുടെ കൂടെ ഇന്നലെ വൈകുന്നേരം പാർക്കിൽ കണ്ടല്ലോ.” കാർത്തിക്കിനോട് മീനു ചോദിച്ചു .

“അത്...ഞങ്ങളുടെ കല്യാണം പണ്ടേ പറഞ്ഞുവെച്ചതാ.”

“അതെയോ? എന്നാലും നീയൊക്കെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവളെ കണ്ടിട്ട് എനിക്കത്ര ഇഷ്ടമായില്ല.”

“ഹാ..നീയെന്തിനാടീ അതൊക്കെ അന്വേഷിക്കുന്നത്? അവന്റെ വീട്ടുകാർ നോക്കിക്കോളും” രാഖി പറഞ്ഞു.

“എന്നാലും നമുക്കുമൊരു കടമയുണ്ടല്ലോ?”

രാഖിയും കൂട്ടുകാരികളും ആർത്തുചിരിച്ചു. ഗോപുവും കൂട്ടുകാരും പതുക്കെ അവിടെനിന്ന് രക്ഷപ്പെട്ടു.

“നമ്മൾ നാളെ ഈ വഴി വരണ്ട.” ഗോപു പറഞ്ഞു.

“നമ്മളെന്തിനാ പേടിക്കുന്നത്? അങ്ങനെ എപ്പോഴും പേടിച്ചാൽ ശരിയാവില്ലല്ലോ.” കാർത്തിക്ക് പറഞ്ഞു.

“എന്തായാലും ഇപ്പോ വേഗം പോകാം.”

രാഖി വീട്ടിലെത്തുമ്പോൾ സന്ധ്യയായിരുന്നു. അച്ഛനുമമ്മയും വരാന്തയിൽ ഇരിക്കുന്നുണ്ട്.

“നീ രാവിലെയെങ്ങാനും പോയതല്ലേ. രാത്രിയും പകലുമില്ലാതെ കറങ്ങിക്കോ. പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ.”

രാഖി ഒന്നും മിണ്ടിയില്ല.

“ചേച്ചി എന്നെ ഒന്ന് പാട്ടു ടീച്ചറിന്റെ വീട്ടിൽ കൊണ്ടുവിടുമോ?” രാകേഷ് പുറത്തേക്കുവന്നു ചോദിച്ചു.

“നിനക്ക് തനിച്ചങ്ങു പോയാലെന്താ?”

“സന്ധ്യ കഴിഞ്ഞില്ലേ. ഇനിയവൻ ഒറ്റയ്ക്കു പോകണ്ട. നിനക്കൊന്ന് കൊണ്ടുവിട്ടാലെന്താ? ബൈക്കിൽ രണ്ടുമിനുട്ടല്ലേ വേണ്ടൂ?” അച്ഛൻ പറഞ്ഞു.

“എന്നാൽ വാ. കൊണ്ടുവിട്ടുവരാം.” രാഖി വീണ്ടും ബൈക്കിൽ കയറി. രാകേഷും.

“ക്ലാസ് വിട്ടാൽ തനിച്ചുവരുമോ?”

“ചേച്ചി വരണം. ഇല്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ച് വരാൻ പറയും. എനിക്കൊറ്റയ്ക്കു വരാൻ പേടിയാ.”

“ഇങ്ങനെയൊരു പേടിത്തൊണ്ടൻ.”

രാഖി ബൈക്ക് പറപ്പിച്ചുവിട്ടു. സന്ധ്യ ഇരുട്ടിലേക്ക് പോവുന്നുണ്ടായിരുന്നു.

Labels:

Monday, June 28, 2010

വാവാച്ചിയും പുത്തനുടുപ്പും

വാവാച്ചി രാവിലെ എണീറ്റു വന്നു. പെട്ടെന്ന് വാവാച്ചിയ്ക്ക് ഓർമ്മ വന്നു. ഹായ്! പുത്തനുടുപ്പ്! അച്ഛൻ യാത്ര പോയി വന്നപ്പോ കൊണ്ടുക്കൊടുത്തതാണ്. അമ്മ തിരക്കിലാണെങ്കിലും വാവാച്ചിയെ വേഗം പല്ലുതേപ്പിച്ച് കുളിച്ചൊരുക്കി. പുതിയ ഉടുപ്പിട്ടപ്പോ എല്ലാരും പറഞ്ഞു. ‘ഹായ്, വാവാച്ചീടെ ഉടുപ്പിനെന്തൊരു ഭംഗ്യാ? നല്ല നിറം!” അപ്പോ വാവാച്ചിയ്ക്കും സന്തോഷായി. ചായയും ദോശയുമൊക്കെ കഴിച്ച് വാവാച്ചി പുറത്തേയ്ക്കിറങ്ങി. വാവാച്ചി സ്കൂളിൽ പോകാൻ തുടങ്ങിയില്ല. അതുകൊണ്ട് ചുറ്റിക്കറങ്ങാൻ ഇറങ്ങി. വാവാച്ചിയുടെ കൂട്ടുകാരൊക്കെ കാത്തിരിക്കുന്നുണ്ടാവും.

വാവാച്ചി അങ്ങനെ നടന്നുനടന്ന് പോകുമ്പോൾ, കാക്കയെ കണ്ടു. കാക്ക വാവാച്ചിയോടു പറഞ്ഞു. “വാവാച്ചീ, വാവാച്ചീ, നല്ല ഭംഗീള്ള ഉടുപ്പാണല്ലോ. അതിൽ നല്ല നിറങ്ങളുണ്ടല്ലോ, എനിക്കതിൽനിന്നൊരു നിറം തരുമോ?”

പാവം കാക്കയല്ലേ, എന്നും മിണ്ടീട്ടു പോകുന്നതല്ലേ എന്ന് വാവാച്ചിക്കു തോന്നി. വാവാച്ചി, ഉടുപ്പിൽനിന്നു കുറച്ച് നിറമെടുത്ത് കാക്കയ്ക്ക് കൊടുത്തു.

വാവാച്ചി പിന്നെക്കണ്ടത് മുയൽക്കുട്ടനെയാണ്.

“വാവാച്ചീ, എന്തൊരു ഭംഗ്യാ ഉടുപ്പിന്? എനിക്കിത്തിരി നിറം തന്നൂടേ?” മുയൽക്കുട്ടൻ ചോദിച്ചു.

പാവം മുയൽക്കുട്ടൻ. വാവാച്ചി ഇത്തിരി നിറമെടുത്ത് മുയൽക്കുട്ടനു കൊടുത്തു.

വാവാച്ചി, പിന്നേം നടന്നു. കുളത്തിനടുത്തെത്തി.

അവിടെ കൊറ്റി നിൽക്കുന്നുണ്ടായിരുന്നു. കൊറ്റി വാവാച്ചിയെക്കണ്ട് അടുത്തുവന്നു.

“വാവാച്ചീ, വാവാച്ചീ, ആരാ ഇത്രേം ഭംഗീള്ള ഉടുപ്പ് വാങ്ങിത്തന്നത്? എനിക്കിത്തിരി നിറം കിട്ടിയാൽ നന്നായിരിക്കും.”

“ഈ ഉടുപ്പേ, അച്ഛൻ വാങ്ങിത്തന്നതാ. കൊറ്റിയ്ക്ക് നിറം തരാട്ടോ.” വാവാച്ചി കൊറ്റിയ്ക്കും കുറച്ച് നിറമെടുത്തു കൊടുത്തു.

പിന്നേം നടന്നപ്പോൾ വാവാച്ചി കുയിലിനെ കണ്ടു. എന്നും വാവാച്ചിയ്ക്ക് പാട്ടുപാടിക്കൊടുക്കും.

“വാവാച്ചീ, ഈ പുത്തനുടുപ്പിൽ നിന്ന് എനിക്കിത്തിരി നിറം തരണംട്ടോ.” കുയിൽ ഒരു പാട്ടുപാടിക്കൊടുത്തു.

വാവാച്ചി കുയിലിനും കുറച്ച് നിറം എടുത്ത് കൊടുത്തു.

വാവാച്ചി അങ്ങനെ പോയപ്പോൾ പൂവാലിപ്പശുനെക്കണ്ടു.

“വാവാച്ചീ, വാവാച്ചീ, പുത്തനുടുപ്പൊക്കെയുണ്ടല്ലോ. എനിക്കു കുറച്ചു നിറം തരണംട്ടോ.”

വാവാച്ചി ഉടുപ്പിലെ നിറത്തിൽ നിന്നിത്തിരി പൂവാലിപ്പശുവിനും കൊടുത്തു.

വാവാച്ചി കറക്കമൊക്കെക്കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോ മുത്തശ്ശി പറഞ്ഞു. “അയ്യോ ന്റെ വാവാച്ചീ, എവിടെപ്പോയീ, ഉടുപ്പിന്റെ നിറമെല്ലാം.”

അയ്യോ ശരിയാണല്ലോ. വാവാച്ചി ഓടിപ്പോയി കണ്ണാടിയിൽ നോക്കി. ഉടുപ്പിന്റെ നിറമപ്പടി പോയിരിക്കുന്നു. വാവാച്ചി കരയാൻ തുടങ്ങി.

അപ്പോ അമ്മ ഓടിവന്നു. “എന്താ വാവാച്ചീ കരയുന്നേ? വീണോ?”

“ന്റെ ഉടുപ്പിന്റെ നിറമെല്ലാം പോയി.”

“എങ്ങനെയാ?”

“കാക്കയും, മുയൽക്കുട്ടനും കൊറ്റിയും, പൂവാലിയും, കുയിലും ഒക്കെ ചോദിച്ചു. ഞാൻ കൊടുത്തു.”

“അവരൊക്കെ നിന്റെ കൂട്ടുകാരല്ലേ. സാരമില്ലാട്ടോ. സന്ധ്യാവുമ്പോ വിളക്കുവയ്ക്കുമ്പോ പ്രാർത്ഥിച്ചാ മതി. നിറം തിരിച്ചു കിട്ടും.” അമ്മ വാവാച്ചിയ്ക്ക് തൈരുമാമം കൊടുത്തു.

സന്ധ്യയ്ക്ക് വിളക്കു കത്തിച്ചപ്പോ, വാവാച്ചി, കണ്ണനോടു പറഞ്ഞു.

“ന്റെ ഉടുപ്പിന്റെ നിറം ഇനീം നന്നായിട്ട് ഉണ്ടാവണേ കണ്ണാ.”

അപ്പോ കണ്ണന്റെ തലയിലെ പീലിയിൽ നിന്ന് കുറേ നിറം വാവാച്ചിയുടെ ഉടുപ്പിലേക്ക് കയറി. വാവാച്ചി ചെന്നുനോക്കുമ്പോ ഉടുപ്പിന്റെ നിറം പിന്നേം നല്ല ഭംഗിയിൽത്തന്നെയുണ്ട്.

“ഇപ്പോ നിറം കിട്ടി, ഉടുപ്പ് ഭംഗിയായില്ലേ?” അമ്മ വാവാച്ചിയ്ക്ക് ഉമ്മ കൊടുത്തു. സന്തോഷമായിട്ട് വാവാച്ചി ചിരിച്ചു.

Labels: ,

Wednesday, June 23, 2010

മഞ്ഞക്കാർഡും ചുവപ്പുകാർഡും

കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ട്. മുഖത്ത് പാരവശ്യം ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സമയം ഇടയ്ക്കിടെ നോക്കുന്നുണ്ട്. ബൾബിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പുറത്തെ മഴയെ, ശല്യം എന്ന മട്ടിൽ നോക്കുന്നുണ്ട്. നിങ്ങളു വിചാരിക്കും എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്. സംഭവം വലുതാണ്. കറന്റ് പോയിരിക്കുന്നു. മഴയത്ത്, ചാനൽ പോയ സമയത്ത്. കറന്റ് പോയ സമയത്ത്, ഒരു ഫുട്ബോൾ ആരാധകന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിത്. ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും ഭർത്താവിന് ഇത്രേം ടെൻഷനോ കരുതലോ ഒന്നും ഉണ്ടായിക്കാണില്ല. ഭാര്യ...ഹും...ഒരുത്തി പോയാൽ വേറൊരുത്തി. നാലുകൊല്ലം കൂടുമ്പോൾ മാത്രം വരുന്ന വേൾഡ്കപ്പ് ഫുട്ബോൾ അങ്ങനെയല്ല. അതുപോയാൽ പോയി. ഭാര്യ വീണു കാലൊടിഞ്ഞാൽ, ഒന്നു കാലുളുക്കിയതിന് പേടിക്കാനൊന്നുമില്ലെന്ന് പറയുന്ന ഭർത്താവ്, കളിക്കളത്തിൽ ആരെങ്കിലും വീണാൽ, അയ്യോന്ന് നിലവിളിക്കുന്നു. സ്ട്രെച്ചറോ മരുന്നോ പെട്ടെന്ന് കൊണ്ടുവരുന്നതുവരെ പ്രാർത്ഥിക്കുന്നു. വൈകുന്നേരം വീട്ടിൽ വന്നാല്‍പ്പിന്നെ, കക്കൂസ് പോലും ടി വി യ്ക്കു മുന്നിൽ ആക്കിയേക്കും എന്ന് തോന്നാൻ സാദ്ധ്യതയുള്ള പെരുമാറ്റം. ഭക്ഷണം പിന്നെ എന്തുകൊടുത്താലും പ്രശ്നമില്ല. ഫുട്ബോളിനോടുള്ള ആത്മാർത്ഥത കാണുമ്പോൾ ഫുഡ് കഴിക്കാൻ സമയം, ഓട്സെന്നും പറഞ്ഞ് കാടിവെള്ളം കൊടുത്ത് പരീക്ഷിച്ചാലോന്ന് ഭാര്യയ്ക്ക് തോന്നിയാലും തെറ്റില്ല. ഒന്നും അറിയില്ല. അങ്ങനെയൊരു ഒഴുക്കാണ്. എന്തോ ഒച്ച കേട്ടു, കള്ളനാണോന്ന് നോക്കാം എന്നു പറയുമ്പോൾ, പാതിരാത്രിയ്ക്കാണോ എണീക്കേണ്ടത്, കള്ളൻ വന്നാൽ വരട്ടെ ഉറക്കം കളയാൻ പറ്റില്ലെന്ന് പറയുന്ന ആൾ, പാതിരായ്ക്ക് ആരും വിളിക്കാതെ, ഒച്ചയൊന്നും കേൾക്കാതെ തന്നെ, എണീക്കുന്നു, പതുങ്ങിപ്പതുങ്ങി ടി. വി. ഓൺ ചെയ്യുന്നു, ഉറക്കം തൂങ്ങലില്ലാതെ കളി കാണുന്നു. ഫുട്ബോളിന്റെ വിളി! അത് എന്തിനേക്കാളും ശക്തമാണ്. ബാക്കിയുള്ളവർക്ക് കള്ളനെ പേടിക്കാതെ സ്വസ്ഥമായിട്ട് കിടന്നുറങ്ങാം. ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ചുവാങ്ങാൻ പറ്റിയ സമയവും ഇതു തന്നെ. ഭർത്താവിന്റെ കുടി മാറ്റാൻ ഭാര്യയും കൂടെ കുടി തുടങ്ങിയാൽ മതി എന്നൊരു ഫലിതം കേട്ടിട്ടുണ്ട്. അതുപോലെ ഫുട്ബോളെങ്കിൽ ഫുട്ബോള്. കണ്ടുകൊണ്ടിരിക്കുക തന്നെ നല്ലത്. കളിക്കാരൊക്കെ കണ്ടാൽ ഒരുപോലെ. പച്ചക്കുപ്പായം, നീലക്കുപ്പായം എന്നൊക്കെ വിളിക്കേണ്ടിവരും. പേരു വായിച്ചെടുക്കുന്നതിലും ഭേദം, മമ്മൂട്ടി, മോഹൻ‌ലാൽ, ഷാരൂഖ് ഖാൻ, അമീർ ഖാൻ, വിക്രം, അഭിഷേക്, സൂര്യ, അജിത്, പ്രിഥ്വിരാജ് എന്നൊക്കെ പേരിടുന്നതാണ്. ദിവസവും, ബോളിവുഡ് ഒരു ടീമും, സൗത്ത് ഒരു ടീമും. പേരിടൽ എന്നും ആവർത്തിക്കണം അത്ര തന്നെ. ഈശ്വരാ.. വേൾഡ്കപ്പ് നാലുകൊല്ലത്തിലൊരിക്കൽ ആയത് നന്നായി. കൊല്ലത്തിൽ, കൊല്ലത്തിൽ ആയിരുന്നെങ്കിലോ!

അവസാനമിനുട്ട് :‌-

“ചേട്ടാ, എനിക്കൊരു നെഞ്ചുവേദന. ആംബുലൻസ് വിളിക്കേണ്ടിവരും എന്നു തോന്നുന്നുണ്ട്.”

“എന്തായാലും കുറച്ചുകഴിയട്ടെ. ഫുട്ബോളിന്റെ ഇടയ്ക്കാണോ ഇതൊക്കെപ്പറയുന്നത്! അവസാനമിനുട്ടിൽ ഒരു ഗോൾ വരാൻ ചാൻസ് ഉണ്ട്. അത് മിസ്സാകും.”

ഇക്കണക്കിനു പോയാൽ, ഭാര്യയ്ക്ക് ദൈവം ചുവപ്പുകാർഡ് കാണിക്കുന്നത്, ഭർത്താവേ, താങ്കൾ മിസ്സു ചെയ്യും.

Labels: ,

Monday, June 21, 2010

സാക്ഷി

അടുക്കളയ്ക്കു മുകളിൽ കാവൽ നിന്ന, ഓടും പട്ടികയും, പിണങ്ങി മുഖം തിരിച്ച് നിന്നത് മുതലെടുത്താണ്, ആകാശം മഴയെ പറഞ്ഞയച്ച്, അടുപ്പിൽ ഒളിച്ചുതാമസിച്ചിരുന്ന കനലിനെ, വേഗത്തിൽ കൊന്നതെന്നും, കാരണം തനിക്കറിയില്ലെന്നും, എല്ലാം കണ്ട് ഒരു മൂലയ്ക്കു പതുങ്ങിയിരുന്ന പൂച്ച, ചോദിച്ചവരോടൊക്കെ പറഞ്ഞു.

Labels: ,

Friday, June 18, 2010

കുഞ്ഞും പൊന്നും

കാലിൽ ഛിലുഛിലു പാദസരം
കുഞ്ഞിന്നമ്മ കൊടുത്തല്ലോ.
കൈയിൽ ഛിലുഛിലു പൊൻവളകൾ
കുഞ്ഞിന്നച്ഛൻ കൊടുത്തല്ലോ.
കാതിൽ തൂങ്ങും കമ്മലുകൾ
കുഞ്ഞിനെളേമ്മ കൊടുത്തല്ലോ.
വിരലിൽ മിന്നും മോതിരവും
കുഞ്ഞിനെളേച്ഛൻ കൊടുത്തല്ലോ.
കഴുത്തിൽ നിറയെ മാലകളും
അച്ഛന്റമ്മ കൊടുത്തല്ലോ.
രാവിൽ, ഉറങ്ങും നേരത്ത്,
പെട്ടിയിൽ വെച്ചൊരു പണ്ടങ്ങൾ,
സൂത്രക്കാരൻ കള്ളൻ വന്ന്,
തട്ടിയെടുക്കാൻ നോക്കീലോ.
നായ കുരച്ചൂ, ലൈറ്റു തെളിഞ്ഞൂ
കള്ളൻ ഓടിപ്പോയല്ലോ.

Labels: ,

Wednesday, June 16, 2010

ലേബൽ

തോരാതെ പെയ്തുകൊണ്ടിരിക്കുന്ന വാക്കുകൾ,
മനസ്സിന്റെ താളിൽ നിന്ന് കടലാസ്സിലേക്ക്
ഒഴുകിച്ചേരുന്ന അക്ഷരങ്ങൾ,
നടന്നു തളർന്ന് കടന്നെത്തിയ വഴികൾ,
വിരുന്നെത്തിയ ശബ്ദങ്ങൾ,
ജീവിതത്തിന്റെ എല്ലാ ഒച്ചയനക്കങ്ങളും,
തൂത്തുവാരി സ്വന്തമാക്കാൻ,
കാലത്തിന്റെ ഓരോ വ്യതിയാനങ്ങളിലും
സ്വന്തം ലേബൽ പതിച്ചുവയ്ക്കാൻ,
വ്യർത്ഥമെന്ന അവസ്ഥ കിണഞ്ഞുശ്രമിക്കുന്നുണ്ട്.
അതിന്റെ താഴ്ചയിലേക്ക് കാലിടറിപ്പോകാതെ,
ജീവിതം, പ്രതീക്ഷയ്ക്ക് മുകളിൽ
അള്ളിപ്പിടിച്ചിരിക്കുന്നുണ്ട്.
ഇതിനിടയിലും,
വ്യർത്ഥതയുടെ കണ്ണില്‍പ്പെടാതെ
കണ്ണിറുക്കിച്ചിരിക്കുന്നു പ്രണയം!

Labels:

Friday, June 11, 2010

ഒളിച്ചുകളി

ഒളിച്ചുകളിയിലായിരുന്നു ഞാനും ആകാശവും. ആദ്യം ആകാശം ഒളിക്കാൻ പോയി. ഞാൻ എണ്ണിത്തുടങ്ങിത്തീർത്തപ്പോൾ, ചുറ്റും നോക്കി. കറുത്ത മേഘങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. കണ്ടേ കണ്ടേ എന്ന് ആർത്തുവിളിച്ചത് ആകാശത്തിനു പിടിച്ചില്ല. പെട്ടെന്ന് പിടിക്കപ്പെട്ടതിന്റെ ജാള്യത്തിൽ, ആർത്തലച്ച് കരയാൻ തുടങ്ങിയ ആകാശത്തെ അതിന്റെ പാട്ടിനുവിട്ട്, ഞാൻ ഏകാന്തതയുടെ ഗുഹയിൽ ഒളിച്ചിരുന്നു. ആകാശം മിന്നലിനെ വിട്ട് അന്വേഷിച്ചു. ഇടിയെ പറഞ്ഞയച്ച് പേടിപ്പിച്ചു. എന്നെ കാണാഞ്ഞിട്ട് വീണ്ടും കരയാൻ തുടങ്ങി. കുറേ ആലിപ്പഴം തന്നു. ഒടുവിൽ, ഇറങ്ങിവന്നാൽ, തരാമെന്ന് പറഞ്ഞ് മഴവില്ല് കാണിച്ച് കൊതിപ്പിക്കുന്നു. വീണ്ടും കൂട്ടുകൂടിയേക്കാം അല്ലേ?

Labels:

Monday, June 07, 2010

മഹാലക്ഷ്മിയും ചെരുപ്പും

എല്ലാം വളരെപ്പെട്ടെന്നായിരുന്നു. കോലാപ്പൂരുവരെ വരെ പോയി വന്നു. കൂട്ടുകാരിയുടെ കൂടെ. അവരുടെ ആവശ്യത്തിന്. ഞങ്ങൾ രണ്ടുപേരും മാത്രം അങ്ങനെയൊരു ദൂരയാത്ര ആദ്യമായിട്ട് ആണ്. എന്നാലും യാത്രയിൽ വല്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കോലാപ്പൂരിലേക്ക് പോകാൻ ബംഗലൂരുവിൽ നിന്ന് ബസ്സിലോ ട്രെയിനിലോ കയറുന്നതാവും സൗകര്യം. ബസ്സിന് ചുരുങ്ങിയത് പന്ത്രണ്ട് - പതിനാലു മണിക്കൂർ വേണം. അല്ലെങ്കില്‍പ്പിന്നെ മീറജ് എന്ന സ്ഥലത്തേക്കുപോകുന്ന ട്രെയിനിൽ കയറാം. എറണാകുളത്തുനിന്ന് പൂനയ്ക്കു പോകുന്ന ട്രെയിൻ ഉണ്ട്. അത് മീറജ് വഴി പോകും. മീറജിൽ നിന്ന് സാം‌ഗ്ലി അടുത്താണ്. അരമണിക്കൂർ മതിയാവും. സാംഗ്ലിയിൽ നിന്ന് രണ്ട് മണിക്കൂറു കൊണ്ടു കോലാപ്പൂരിൽ എത്താം. ഏകദേശക്കണക്ക് പറഞ്ഞെന്നേയുള്ളൂ. സ്വന്തം വാഹനത്തിലാണെങ്കിൽ ചോദിച്ചുചോദിച്ചു പോകേണ്ടിവരും.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ പ്രശസ്തമായതിൽ രണ്ടു കാര്യങ്ങളാണ് അവിടെയുള്ള മഹാലക്ഷ്മി അമ്പലവും, ചെരുപ്പും. അമ്പലത്തിന്റെ കാര്യം പറയുകയാണെങ്കിൽ വല്യൊരു അമ്പലമാണ്. ബസ്‌സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് പോകാനുള്ള ദൂരമേയുള്ളൂ. അംബാബായി അമ്പലം എന്നും അവർ പറയുന്നുണ്ട്. പണ്ട് അതു ജൈനന്മാരുടെ അമ്പലം ആയിരുന്നത്രേ. അവിടെത്തന്നെയാണ് മഹാലക്ഷ്മിക്ഷേത്രം ആയത്. അമ്പലത്തിന്റെ ചുവരിലൊക്കെ നല്ല കൊത്തുപണികൾ ഉണ്ട്. വേറെയും ഉപദേവന്മാരും ദേവികളും ഒക്കെ ചെറിയ ചെറിയ സ്ഥലങ്ങളിൽ ഉണ്ട്. അവിടെ വെള്ളികൊണ്ടുള്ള രഥം കണ്ടു. ഒരു സ്ഥലത്ത് പുരയിൽ മറച്ചുവെച്ചിട്ടാണുള്ളത്. ഉത്സവത്തിനുമാത്രം പുറത്തെടുക്കുന്നതായിരിക്കും. തിരുപ്പതിയിൽ ദർശനത്തിനുപോകുന്നവർ ഇവിടെയും വന്നിട്ട് ദർശനം നടത്തിയിട്ട് പോകുമത്രേ. തിരുപ്പതിയിൽനിന്നും കോലാപ്പൂരിലേക്ക് പോകുന്ന ട്രെയിനിന് ഹരിപ്രിയ എക്സ്പ്രസ്സ് എന്നാണത്രേ പേര്. (വിഷ്ണു)ഹരിയുടെ പ്രിയ(മഹാലക്ഷ്മി) ആണല്ലോ ഇവിടെയുള്ളത്. നല്ല തിരക്കാണ് എല്ലാദിവസവും എന്നു തോന്നുന്നു. കുറേ മൊട്ടകളേയും കണ്ടു. തിരുപ്പതിയിൽ നിന്നു വന്നവർ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഫോട്ടോയെടുക്കുന്നതിൽ വിലക്കുണ്ട്. ദർശനത്തിനു ക്യൂവും ഉണ്ട്.

പിന്നെയുള്ളത് ചെരുപ്പാണ്. കോലാപ്പൂരി ചെരുപ്പ് പ്രസിദ്ധമാണ്. ടൗണിൽ ഒരു സ്ഥലത്ത് രണ്ടുഭാഗത്തും ചെരുപ്പുകടകളാണ്. വില നാനൂറ്, മുന്നൂറ് എന്നൊക്കെപ്പറയും നൂറിന്റെ കൂടെ കുറച്ച് ചില്ലറ കൂട്ടിയിട്ട് തരും എന്നേ അങ്ങോട്ട് പറയാവൂ. അവസാനം, അവർ, ഞങ്ങൾക്ക് നഷ്ടമാണ്, എന്നാലും തന്നേക്കാം എന്ന ഭാവത്തിൽ തരും. തുകൽ കൊണ്ടുള്ളതാണ്. ഒട്ടും വെള്ളം അതിൽ ആവാൻ പാടില്ല. നല്ല ഭംഗിയുണ്ട് എന്തായാലും. ഞാൻ രണ്ടുജോടി വാങ്ങി. ചെരുപ്പുകൾ മഞ്ഞ, വെള്ള, ബ്രൗൺ നിറത്തിൽ ഉണ്ട്. പലതരത്തിൽ. ഇനി മഴ കഴിഞ്ഞിട്ടുവേണം അതൊന്ന് പുറത്തെടുക്കാൻ.

പിന്നെ, കോലാപ്പൂരിൽ ഉള്ളത് റംഗ്‌ലാ താലാബ് ആണ്. അതൊരു വല്യ കുളം ആണ്. അതിനു ചുറ്റും ലൈറ്റിംഗ് ഒക്കെയുണ്ട്. രാത്രി നല്ല ഭംഗിയുണ്ട് അതു കാണാൻ. അതിനടുത്ത് ശാലിനി പാലസ് ഉണ്ട്. അതിപ്പോൾ ഒരു ഹോട്ടലാണ്. അവിടെ പണ്ട് സിനിമാഷൂട്ടിംഗ് ഒക്കെ നടക്കുമായിരുന്നത്രേ. കുളത്തിന്റെ അടുത്ത് താഴെ റോഡിൽ ചുറ്റും തട്ടുകടകൾ പോലെയുള്ള കടകൾ ഉണ്ട്. അവിടെ ഭക്ഷണം കഴിക്കാം.

ഞങ്ങൾ സാംഗ്ലി (Sangli) എന്ന സ്ഥലത്തു പോയി. അവിടെ നല്ല സ്വർണ്ണം കിട്ടും എന്നുപറഞ്ഞു. സ്വർണ്ണത്തിനൊക്കെ എന്താ വില! പിന്നെ, കള്ളനു കഞ്ഞിവയ്ക്കൽ എന്റെ ജോലിയുമല്ലല്ലോ. അവിടെ പ്രസിദ്ധമായത് ഗണപതി ക്ഷേത്രമാണ്. വളരെ പുരാതനക്ഷേത്രമാണ്. അതും ബസ്‌സ്റ്റാൻഡിൽ നിന്ന് ഓട്ടോയ്ക്കുള്ള ദൂരം. അമ്പലത്തിൽ പ്രധാനദൈവം ഗണപതിയാണ്. പിന്നെ സൂര്യനാരായണൻ, ലക്ഷ്മീനാരായണൻ, ചിന്താമണീശ്വരി, ചിന്താമണീശ്വരൻ എന്നിവരുടെയൊക്കെ ചെറിയ ചെറിയ അമ്പലങ്ങളും അതിനുള്ളിൽത്തന്നെ ഉണ്ട്. ചിന്താമണീശ്വരന്, മഹാദേവൻ എന്നാണ് ഒരു സ്ത്രീ പറഞ്ഞുതന്നത്. വല്യ അമ്പലമാണ്. ഞങ്ങൾ രണ്ടുസ്ത്രീകൾ മാത്രമായതുകൊണ്ട് ലഗ്ഗേജ് കുറയ്ക്കാമെന്നു കരുതി അത്യാവശ്യം വസ്ത്രങ്ങൾ മാത്രമേ എടുത്തുള്ളൂ. ക്യാമറ എടുക്കാമായിരുന്നു എന്നു പലയിടത്തും തോന്നി.

പിന്നെ ഒരു ജൈനക്ഷേത്രത്തിൽ പോയി. ദിഗംബരജൈനന്മാരുടെ ക്ഷേത്രമാണ്. ഉദ്‌ഗാവ് എന്ന സ്ഥലത്ത്. അവിടെ കുറേ ജൈനമുനിമാർ ഉണ്ട്. സന്യാസിനിമാരും. അവിടെ ഒരു സ്വാമിജി ഉണ്ട്. കുറേ വയസ്സായിട്ടുണ്ട്. അദ്ദേഹം കുറേക്കാലമായി വെറും മോരു കുടിച്ചാണത്രേ ജീവിക്കുന്നത്. ഒരു വർഷത്തിൽ അധികമായി. ജൈനന്മാരുടെ സന്യാസം കഠിനമാണ്. അവർ സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കില്ല. പൊതുവേ ജൈനമതത്തിൽ വിശ്വസിക്കുന്നവരിൽ പലരും അങ്ങനെയാണ്. ഇരുട്ടുന്നതിനുമുമ്പ് ഭക്ഷണം കഴിക്കും. ചില സന്ന്യാസിമാരും, സന്ന്യാസിനിമാരും, രണ്ടുകൈയും കൂട്ടി നിവർത്തിപ്പിടിച്ച് അതിൽ കൊള്ളുന്ന ഭക്ഷണമാണത്രേ കഴിക്കുക. അവരുടെ കൈയിൽ കമണ്ഡലു പോലെ ഒരു പാത്രം ഉണ്ട്. അതിൽ ഒരു ദിവസം രാവിലെ വെള്ളമെടുത്താൽ ആ വെള്ളം കൊണ്ട് രാത്രി വരെയുള്ള ആവശ്യങ്ങളെല്ലാം (കൈ കഴുകുക, മുഖം കഴുകുക, വായ കഴുകുക, കാലു കഴുകുക തുടങ്ങിയവ തീർക്കണമത്രേ). അവർ കുളിക്കില്ല, ചൂടുവെള്ളംകൊണ്ട് മേലൊക്കെ തുടച്ചുവൃത്തിയാക്കുകയാണത്രേ ചെയ്യുക. എന്തും കുറച്ചുപയോഗിക്കുക എന്ന തത്ത്വം ആയിരിക്കും അവർക്ക്.

പിന്നെ ഞങ്ങൾ താമസിച്ച വീടിനടുത്തും ഒരു ജൈനക്ഷേത്രത്തിൽ പോയി. അവിടെ പൂജ ചെയ്യുന്ന ആളുടെ മകളായിരുന്നു ഉണ്ടായിരുന്നത്. പിന്നെ പൂജാരി വന്നു. പൂജയിൽ സഹായി ആയിട്ട് അവളായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ അങ്ങനെയൊരു പതിവില്ലല്ലോ.

ഞങ്ങൾ പോയ സ്ഥലത്തെ വീട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു. അവിടത്തെ ഗൃഹനാഥന്റെ പെങ്ങൾ. അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. കുറേ ആംഗ്യഭാഷയിലാണ്. എനിക്കു മറാത്തി ശരിക്കും അറിയില്ലല്ലോ. അവർക്ക് തൊണ്ണൂറ് വയസ്സുണ്ട്. പക്ഷേ നല്ല ആരോഗ്യം. നിർത്താതെ വർത്തമാനം പറയും. അവരുടെ കൊച്ചുമോളെപ്പോലെത്തോന്നിയതുകൊണ്ടാണ് എന്നോടിത്ര കാര്യം എന്നു പറഞ്ഞു. കാമം, ക്രോധം, മോഹം ഇവയൊക്കെ നമ്മുടെ ശത്രുക്കളാണെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞു. നല്ല ഭക്തിഗാനങ്ങളും പാടി. അവർക്ക് നല്ല മുടിയുണ്ടായിരുന്നു എന്ന് എന്റെ എലിവാൽമുടി തൊട്ടുകാണിച്ചിട്ട് പറഞ്ഞു. എല്ലാവരും പറഞ്ഞു, അവർക്ക് നല്ല കട്ടിയുള്ള, നീളമുള്ള മുടിയുണ്ടായിരുന്നു എന്ന്. എനിക്കവരുടെ വീട്ടിൽ നിന്ന് സമ്മാനങ്ങളൊക്കെ തന്നു. സാരി, ബ്ലൗസ്പീസുകൾ ഒക്കെ. അതൊക്കെ കുറച്ചുദിവസം കഴിഞ്ഞാൽ നശിച്ചുപോകും. പക്ഷേ ഒരിക്കലും നശിക്കാത്തതായ, എത്ര പൈസ കൊടുത്താലും കിട്ടാത്ത ഒരുപാട് സ്നേഹവും വാത്സല്യവുമാണ് ആ വീട്ടുകാർ എനിക്കുതന്നത്. തിരിച്ചുവരാൻ ഒരുങ്ങിയപ്പോൾ, ഇനിയെപ്പോ വരും എന്നു എല്ലാവരും ചോദിച്ചു. ദൈവത്തിനുമാത്രം ഉത്തരം അറിയാവുന്നത്!

Labels: ,