Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 27, 2010

ഇഷ്ടായോ
നവരാത്രിപൂജ കഴിഞ്ഞാൽ വിദ്യാരംഭം ആണ്. അപ്പോ ഞാൻ വിദ്യയാരംഭിക്കാതെ “വീണത്” വിദ്യയാക്കി ഇരിക്കുകയായിരുന്നു. ഒരുവിധം ഭേദമായപ്പോൾ അലസയായി ഇരിക്കാൻ പാടില്ലെന്ന് ഞാൻ എന്നെത്തന്നെ ഉപദേശിച്ചു. നമുക്കാവുന്നത് ചെയ്യുക എന്നതാണല്ലോ കാര്യം! അങ്ങനെ പെയിന്റടിച്ചു. ഇനി ഇതിന്റെ കളറിൽ ഒരു ബെഡ്ഷീറ്റ് കിട്ടുമോന്ന് നോക്കണം. അതും കൂടെ ചെയ്താൽ നന്നായിരിക്കും. കളർ ഒരു പായ്ക്കിൽ സാധാരണ കിട്ടുന്നതേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വേറെ വാങ്ങിയിരുന്നില്ല. പെട്ടെന്ന് തീർക്കാമെന്നു കരുതി ആ നിറങ്ങൾ മതിയെന്നുവെച്ചു. ഡിസൈൻ പുസ്തകം ഞാൻ ബാംഗ്ലൂരിൽ പോയപ്പോൾ വാങ്ങിയതായിരുന്നു. പെയിന്റ് ചെയ്തുകഴിഞ്ഞ് ഇസ്തിരിയിട്ടില്ല. അതിന്റെ ഒരു ചുളിവ് കാണാനുണ്ട്.അതിന്റെ ജോടി തീരുന്നേയുള്ളൂ.

Labels: , , , ,

Saturday, October 23, 2010

ചിന്നുക്കുട്ടി

ചിന്നുക്കുട്ടിയ്ക്കച്ഛൻ നൽകീ
മുത്തുകൾ മിന്നും ഉടുപ്പൊന്ന്.
പുത്തനുടുപ്പിട്ടോടിപ്പോയീ
അമ്പലനടയിൽ പ്രാർത്ഥിയ്ക്കാൻ.
ചിന്നുക്കുട്ടിയ്ക്കേട്ടൻ നൽകീ
വർണ്ണപ്പെൻസിലു രണ്ടെണ്ണം.
ചിന്നുക്കുട്ടി രസിച്ചു വരച്ചൂ
വീടിൻ ചുവരിൽ ചിത്രങ്ങൾ.
ചിന്നുക്കുട്ടിയ്ക്കേച്ചി കൊടുത്തൂ
കടലാസ് തോണി മൂന്നെണ്ണം.
ചിന്നുക്കുട്ടി തോണിയൊഴുക്കീ
നടുമുറ്റത്തെ വെള്ളത്തിൽ.
ചിന്നുക്കുട്ടിയ്ക്കമ്മ കൊടുത്തൂ
നാരങ്ങമിട്ടായി നാലെണ്ണം.
ഏച്ചിയ്ക്കുമേട്ടനുമൊപ്പം തിന്നൂ
മധുരം നിറയും മിട്ടായി.

Labels:

Wednesday, October 20, 2010

കാലിനൊരു കൊഞ്ഞ്

“ഈ കെ. കെ. ജോസഫ് ഇതല്ല ഇതിലപ്പുറവും ചാടിക്കടക്കും.” എന്നോ മറ്റോ ഉള്ള ഡയലോഗ് കേട്ടിട്ടില്ലേ? വിയറ്റ്നാം കോളനിയിൽ? എന്നിട്ടെന്തു സംഭവിച്ചു? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എല്ലാവരും കൂടെ ഒത്തുകൂടി ചെറിയൊരു സദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ചിലർ തേങ്ങ ചിരവുന്നുണ്ട്, ചിലർ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നുണ്ട്, ചിലർ ടിന്റുമോൻ തമാശകൾ പറയുന്നുണ്ട്. അതിനിടയ്ക്ക്, കാളനും എരിശ്ശേരിയ്ക്കുമുള്ള തേങ്ങയരച്ചുകൊടുത്ത് എന്റെ കർത്തവ്യത്തിനു തൽക്കാലം വിരാമമിട്ട്, ഞാനൊന്ന് അമ്പലത്തിൽ പോയി വരാം എന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു. അതിരാവിലെ എനിക്ക് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് അപ്പോ പോയ്ക്കളയാം എന്നുതോന്നി. സമയം അധികമൊന്നും ആയിട്ടുമില്ല. ഇടനാഴിയിൽ നിന്ന് പടി ഇറങ്ങിയത്, മഴക്കാലത്തെ ചളി, മുറ്റത്തുനിന്ന് അകത്തേക്കെത്താതിരിക്കാൻ ഇട്ടിരിക്കുന്ന ചാക്കിലേക്കാണ്. അതു രണ്ടു ചാക്ക് ഉണ്ടെന്നും അടിയിലെ ചാക്കിൽ, ചാക്കിന്റെ തന്നെ ഭാഗമായ ഒരു ഉണ്ട ഉണ്ടെന്നും മനസ്സിലാക്കുന്നതിനു മുമ്പുതന്നെ ആ ഉണ്ടയിൽച്ചവുട്ടി കാലുളുക്കി ഞാൻ ധീം തരികിട തോം ആയിരുന്നു. വീണതും, നക്ഷത്രങ്ങളൊന്നും എണ്ണാൻ നിൽക്കാതെ, ഞാൻ എട്ടരക്കട്ടയിൽ അലറി. ചിലരൊക്കെ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് ഓടിവരാൻ കഴിഞ്ഞില്ല. ബാക്കിയെല്ലാവരും ഓടിവന്നു. എന്റെ ആങ്ങള ഓടിവന്നപാടേ, അവിടെ ഇല തുടച്ചുകൊണ്ടിരുന്ന, ഞങ്ങളുടെ വീട്ടിലെ സഹായിയോട് ചോദിച്ചു, ഇലയ്ക്കൊന്നും പറ്റിയില്ലല്ലോ സദ്യ വിളമ്പേണ്ടതാണെന്ന്. “ഈശ്വരാ! എനിക്കു കണ്ട്രോൾ തരൂ” എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കരഞ്ഞുകൊണ്ടിരുന്നു. കാലിന്റെ എല്ലു വല്ലതും പൊട്ടിയോന്നറിയാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതാണ് നല്ലതെന്ന് എല്ലാവരും കൂടെ തീരുമാനമായി. പിന്നെ ആരൊക്കെ പോകണമെന്ന് തീരുമാനിച്ചു. എന്നെ എന്തായാലും കൂട്ടുമെന്നുള്ളതുകൊണ്ട് ഞാനും വരും ഞാനും വരും എന്നു പറയേണ്ടിവന്നില്ല.

ഇവളാവുമ്പോൾ വല്യ എക്സ്‌റേ വേണ്ടിവരും അതുകൊണ്ടു സൂപ്പർസ്പെഷ്യാലിറ്റിയിൽത്തന്നെ പോകാമെന്ന് പറയുന്നുമുണ്ട്. ച്യൂയിംഗത്തിന്റെ പരസ്യത്തെ ഓർമ്മിച്ച്, കാലിനു മാത്രമേ വിലങ്ങുള്ളൂ എന്ന മട്ടിൽ രണ്ടു പറഞ്ഞാലോന്ന് തോന്നിയെങ്കിലും എന്റെ കരച്ചിൽ ഏറ്റെടുത്ത് നിർവ്വഹിക്കാൻ ആരേയും കിട്ടാഞ്ഞതുകൊണ്ട് ഞാൻ അതു നിർബ്ബാധം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് പഴയ തമാശയും ഇറക്കുന്നുണ്ട്. പട്ടാളക്കാരൻ ഒരാളോട് :- നിങ്ങളുടെ ഒരു കാലു പോയതിനു നിങ്ങളെന്തിനാണു ഹേ ഇത്രയും കരഞ്ഞു ബഹളമുണ്ടാക്കുന്നത്, അപ്പുറത്ത് ഒരുത്തൻ തല പോയിട്ടും മിണ്ടാതെ കിടക്കുന്നതു കണ്ടില്ലേ” എന്ന തമാശ. ഇതിനൊക്കെ ഒരുമിച്ചു പ്രതികാരം ചോദിച്ചുകൊള്ളാമെന്നു മനസ്സിൽ മൂന്നുവട്ടം ഉറപ്പിച്ചുകൊണ്ടു ഞാൻ കരഞ്ഞുകൊണ്ടിരുന്നു. “എന്റെ കാലേ...കാലേ...കാലേ...”

അങ്ങനെ എല്ലാവരും കൂടെ തൂക്കിയെടുത്ത് കാറിലേക്ക്. പിന്നെ ഹോസ്പിറ്റലിൽ, അവിടെ വീൽച്ചെയറിലേക്ക് പ്രതിഷ്ഠിച്ചു. പിന്നെ, ആദ്യം നഴ്സ്, പിന്നെ ഒരു ഡോക്ടർ, പിന്നെ എക്സ്‌റേ. പിന്നെ ഓർത്തോ എന്ന ബോർഡുള്ള മുറിയ്ക്കു മുമ്പിലേയ്ക്ക്. ഓർത്തോ എന്നു കണ്ടപ്പോൾ എനിക്കു ചിരി വന്നു. ഇതൊക്കെപ്പിന്നെ
ഓർക്കാതിരിക്കുമോ? നിങ്ങളു ബോർഡെഴുതിവെച്ചിട്ടുവേണോ ഓർക്കാൻ എന്നൊക്കെ വിചാരിച്ചു ചിരിച്ചു.

ഓർത്തോ ഡോക്ടർ, ഹാർമ്മോണിയം കട്ടയിൽ സംഗതി നോക്കുന്നതുപോലെ എന്റെ കാല്‍പ്പാദത്തിൽ ഞെക്കി ഇവിടെ വേദനയുണ്ടോ ഇവിടെ വേദനയുണ്ടോന്ന് ചോദിച്ചുകൊണ്ടിരുന്നു. കാലുവാരൽ കഴിഞ്ഞ് പറഞ്ഞു. “പ്ലാസ്റ്റർ ഇടണം.”
“പറ്റൂല.”
“അതെന്താ?”
“പുതിയ ചെരുപ്പുണ്ട്. അതാരിടും?”
“അതു പിന്നെ ഇടാം.”
“പറ്റില്ല. ആദ്യം വാങ്ങിയതു ചെരുപ്പാണെങ്കിൽ ആദ്യം ഞാൻ ആ ചെരുപ്പിടും.”

എന്താ വേണ്ടതെന്ന് എന്റെ കൂടെവന്ന സഹോദരീസഹോദരന്മാരോടും ചേട്ടനോടും ചോദിച്ചു. അവർ ഒരേ സ്വരത്തിൽ, മിലേ സുർ മേരാ തുമാരാ സ്വരത്തിൽ പറഞ്ഞു. “പ്ലാസ്റ്റർ ഇടണം ഡോക്ടറേ. ഇവളുടെ മുഖത്തിനും കൂടെ ഇടണം. ഞങ്ങൾക്കു കുറച്ചു ദിവസം സ്വൈരം കിട്ടും.”

പുര കത്തുമ്പോൾത്തന്നെ വാഴ വെട്ടണം മക്കളേ എന്ന മട്ടിൽ അവരെ അവരെ നോക്കിയിട്ട് ഞാൻ ഇരുന്നു. പ്ലാസ്റ്റർ ഇടേണ്ട എന്ന എന്റെ കടും പിടുത്തത്തിനു വഴങ്ങി, അവസാനം ഡോക്ടർ എഴുത്തിത്തന്ന ഗുളികകളും വാങ്ങി, വീട്ടിലേക്ക്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാനും പറഞ്ഞു ഡോക്ടർ.

ഉച്ചയ്ക്ക് എല്ലാരുടേം കൂടെയിരുന്ന് സദ്യ കഴിക്കാൻ പറ്റിയില്ല. ഒരു പ്ലേറ്റിൽ എല്ലാം കൂടെ എടുത്ത് തന്നത് കഴിക്കേണ്ടിവന്നു. കിടന്നു. വൈകുന്നേരം, കുറേ ആയില്ലേ കിടക്കുന്നു, ഇനി ഒന്നു കവാത്ത് നടത്തിക്കളയാം എന്ന മട്ടിൽ ഒന്നെണീറ്റു നോക്കിയതായിരുന്നു. പോയ വേദനകൾ ഒറ്റയടിക്കു പാഞ്ഞെത്തി. വീണ്ടും നിലവിളിച്ചു. എല്ലാരും ഓടിവന്നു.

പിന്നെ നാട്ടുവൈദ്യനെ വിളിക്കാം എന്നു തീരുമാനമായി. അയാൾ വന്നു. കാലു പിടിച്ച് മൂന്നാലു തിരിയ്ക്കൽ, മറിയ്ക്കൽ, ഒടിയ്ക്കൽ. കാറിന്റെ ഗിയറല്ല, എന്റെ കാലാണു മനുഷ്യാ നിങ്ങളുടെ കൈയിൽ എന്നു പറയണം എന്നുണ്ടായിരുന്നു. എല്ലാം വളരെപ്പെട്ടെന്നായതുകൊണ്ട് പറയാൻ പറ്റിയില്ല. അപ്പോ കരഞ്ഞത് റെക്കോഡ് ചെയ്തുവെച്ചിരുന്നെങ്കിൽ ഞാൻ ഗിന്നസ് ബുക്കിൽ കയറിയേനെ. പിന്നെ എന്തോ ഒരു കുഴമ്പു പുരട്ടി. പിന്നെ ഒരു മരുന്ന്, പ്ലേറ്റിൽ ചാലിച്ച്, അതിൽ വെള്ളശ്ശീല മുക്കിപ്പൊക്കി, അതുകൊണ്ട് കാലിൽ വരിഞ്ഞുകെട്ടി. മൂന്നാലു തുണികൊണ്ട് കെട്ടി.

പിറ്റേന്ന് രാവിലെ ആയപ്പോൾ വേദന പത്തനംതിട്ട കടന്നിരുന്നു. ഞാൻ നടത്തം തുടങ്ങി. ആ വൈദ്യനെ വിളിക്കേണ്ടായിരുന്നു, എന്നാൽ രണ്ടാഴ്ച അടങ്ങിക്കിടന്നോളുമായിരുന്നു എന്നു എല്ലാവരും വിചാരിച്ചു.

ശരിയായി വരുന്നു. മരുന്നടിയ്ക്കാത്ത ആപ്പിൾ, കുരുവില്ലാത്ത മുന്തിരി, ഐസ്ക്രീം എന്നിവയൊക്കെ എടുത്ത് എല്ലാവരും എന്നെ കാണാൻ വരുമെന്നു പ്രതീക്ഷിക്കുന്നു.

എന്ത്? അടിതെറ്റിയാൽ ആനയും വീഴും എന്നു പോരായിരുന്നോ തലക്കെട്ട് എന്നോ? അയ്യടാ!

Labels:

Thursday, October 07, 2010

നവരാത്രി

നവരാത്രി തുടങ്ങാൻ പോകുന്നു. വടക്കേഇന്ത്യയിലൊക്കെ നല്ല ആഘോഷമാണ്. പ്രത്യേകിച്ചും ബംഗാളിൽ. നമുക്ക് പ്രധാനം മൂന്നുദിവസം മാത്രം. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി. പണ്ട്, ഗ്രന്ഥം വയ്ക്കുന്ന ദിവസം/ദുർഗാഷ്ടമിയ്ക്ക്, എന്തെങ്കിലും പുസ്തകങ്ങൾ പൊതിഞ്ഞുകെട്ടി അമ്പലത്തിൽ കൊണ്ടുവയ്ക്കും. ഗ്രന്ഥം വെച്ചുകഴിഞ്ഞാല്‍പ്പിന്നെ അത് പൂജ കഴിഞ്ഞ് എടുക്കുന്നതുവരെ വായന പാടില്ലെന്നാണ്. അങ്ങനെ പറയുമെങ്കിലും പഠിക്കാനുള്ള പുസ്തകങ്ങളൊഴിച്ച് സകലതും വായിക്കും. പൂജ കഴിഞ്ഞാൽ അമ്പലത്തിൽനിന്നുതന്നെ പുസ്തകം കുറച്ചു വായിക്കും. അവിടെനിന്നുതന്നെ അക്ഷരങ്ങളൊക്കെ എല്ലാവരും കൂടെ ചൊല്ലും. വല്യ ആൾക്കാരൊക്കെ, അതായത് സ്കൂൾ/കോളേജ് പഠിപ്പ് കഴിഞ്ഞവരൊക്കെ രാമായണവും ഭാഗവതവും പോലെയുള്ള എന്തെങ്കിലും വയ്ക്കും. ഞാനെന്തു പുസ്തകം വയ്ക്കും എന്നാലോചിച്ചുകൊണ്ടിരിക്കുന്നു.

പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ, ഗ്രന്ഥംവയ്ക്കുന്ന ദിവസം, പഠിപ്പുകഴിഞ്ഞ് വരുമ്പോൾ ബസ് കേടായി. അവിടെനിന്ന് കുറേ ദൂരമുണ്ട് ശരിക്കും ഞങ്ങളുടെ നാട്ടിലേക്ക്. എന്നിട്ടും കൂട്ടുകാരികളൊക്കെ, ഇനി തിരക്കുള്ള ബസ്സിൽ കയറേണ്ട, നടക്കാം എന്നുപറഞ്ഞപ്പോൾ കഷ്ടകാലത്തിനു ശരിയെന്നു സമ്മതിച്ചു. നടന്നുനടന്ന് എത്തിയപ്പോൾ ഒരുപാടുനേരമായിരുന്നു. അച്ഛൻ, ഞങ്ങളുടെ വീടിന്റെ മതിലിനുടുത്തുള്ള ചെറിയ മതിലിൽ കാത്തിരിക്കുന്നു. കണ്ടയുടനെ ചോദിച്ചു “എന്താ ഇത്രേം വൈകിയത്” എന്ന്. പിന്നീടൊരിക്കലും പറയാതെ വൈകിയിട്ടില്ല. വൈകേണ്ടിവന്നിട്ടുമില്ല. ബസ്സിന്റെ കാര്യം പറഞ്ഞു. പിന്നെ എല്ലാവരും അമ്പലത്തിൽ പോകാനും ഒക്കെയുള്ള തിരക്കിലായി. ഇപ്പോഴും, അതേ ചോദ്യങ്ങളുണ്ട്, കരുതലുകളുണ്ട്. കാലം മാറി, കുട്ടികളൊക്കെ വല്യവരായി എന്ന തോന്നലൊന്നും അക്കാര്യത്തിൽ മാത്രമില്ല. ഇപ്പോപ്പിന്നെ മൊബൈൽ ഫോണുള്ളതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാമെന്നൊരു സൗകര്യം മാത്രം.

നല്ലകാര്യം ചെയ്യാൻ എനിക്കു കൂടുതൽ അവസരം കിട്ടാറില്ല. എന്നാലും കിട്ടുമ്പോൾ ചെയ്യും. ഒരു വികലാംഗനു സീറ്റു വിട്ടുകൊടുത്തു. ഞാൻ നല്ല ആർഭാടത്തിൽ ഇരിക്കുകയായിരുന്നു, അയാൾ കയറിയപ്പോൾ. എന്നിട്ടും എണീറ്റ് സീറ്റ് കൊടുത്തു. എനിക്കു ബസ്സിൽ മുകളിൽ തൂങ്ങിപ്പിടിക്കാൻ കുറച്ചുപാടാണ്. പിന്നെ വേറൊന്ന്, ഹോട്ടലിൽ പോയപ്പോൾ കുറേപ്പേർക്കിരിക്കാവുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. കുറേപ്പേർ ഒരുമിച്ചുവന്നപ്പോൾ, അവിടെനിന്ന് എണീറ്റ് വേറെ സീറ്റിലേക്ക് മാറിയിരുന്ന് അവർക്കു സീറ്റ് കൊടുത്തു. ഇതൊക്കെ ചെറിയ കാര്യങ്ങളായിരിക്കും. പക്ഷേ, ദൈവം അവിടെ വരയ്ക്കുന്നുണ്ട്, നല്ലതിനും ചീത്തയ്ക്കും വരകൾ. (ദൈവത്തിനതല്ലേ ജോലി!)

പിന്നെ, തലവേദന! നല്ലൊരു ചായകുടിച്ചാൽ തീരുമെന്ന് ചിലർ പറയും. അമ്മ പറയും മുഖമൊക്കെ നല്ലോണം കഴുകിയാൽത്തന്നെപോകുമെന്ന്. ചിലപ്പോൾ അതൊക്കെ ശരിയാണ്. ചിലപ്പോൾ അതൊന്നുമില്ല. അങ്ങനെ കിടക്കും. തലവേദനയ്ക്ക് എന്നോടു പ്രണയം! (പാവം തലവേദന. എന്നല്ലേ? എനിക്കറിയാം).

മഴ കാണുമ്പോൾ സന്തോഷമുണ്ട്. മഴ കാണുമ്പോൾ ദുഃഖവുമുണ്ട്. പലരും എത്ര വിഷമിക്കുന്നു.


“അശോകം, കദംബം, അരനെല്ലി, വെളുത്ത അത്തി തുടങ്ങിയ വൃക്ഷസമൂഹം, പുഷ്പഭരിതമായ താമരപ്പൊയ്കകൾ, താമരപ്പൊടിയിൽ പുരണ്ടുകളിക്കുന്ന പെൺ‌വണ്ടുകളുടെ കൂട്ടം; ബകം, കുയിൽ, ഹംസം മുതലായ പക്ഷിസമൂഹത്തിന്റെ ശബ്ദകോലാഹലം എല്ലാം ചേർന്ന് ആ വനം പഞ്ചേന്ദ്രിയങ്ങൾക്കും ഉത്സവമൊരുക്കി. പരസ്പരാസക്തരായ ദേവദമ്പതികളുടെ സാന്നിധ്യം കൊണ്ട് വനം അത്യാകർഷകം തന്നെ.”

പമ്പഭാരതം വായിക്കുന്നു. മഹാകവി പമ്പൻ എഴുതിയത്. വിവർത്തനം - സി. രാഘവൻ - മാതൃഭൂമി ബുക്സ്. വില. 200/-

ഒറ്റയിരുപ്പിൽ വായിച്ചില്ല. വായിച്ചുകൊണ്ടിരിക്കുന്നു. കണ്ണട വെച്ചാൽ തലവേദന പോകുമോ? നോക്കാം ല്ലേ?

എന്തൊക്കെയോ എഴുതണമെന്നുണ്ട്. പിന്നെയാവാം.

Labels: