Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 29, 2010

കടലും മനസ്സും

ഒന്നുതൊട്ടൊന്നുതൊട്ടൊന്നു തെന്നി
ചിറകടിച്ചൊരു തിര വന്നുപോയി
കരയിൽ ഞാനെഴുതിയതൊന്നുപോലും
ബാക്കിയാക്കീടാതെ മായ്ച്ചുപോയി.
കടലിനോടായ് ഞാൻ പരിഭവമോതുന്നു,
കടലിന്റെ ചിരിയിൽ മനസ്സുകുളിർക്കുന്നു.
മനസ്സും കടലുപോൽ, ആരോ മന്ത്രിക്കുന്നു,
പലതും നിറച്ചു മടുക്കാതെ നിൽക്കുന്നു.
ചിലപ്പോൾ കലിതുള്ളി വന്യമായലറുന്നു,
ചിലപ്പോൾ ശാന്തയായ് പുഞ്ചിരി തൂകുന്നു.
കടലിന്നുള്ളിലെപ്പോലെൻ മനസ്സിലും
ഒരു കൊച്ചുമുത്തു ചിരി തൂകിനിൽക്കുന്നു.

Labels:

Monday, November 15, 2010

ചിരിസിനിമ

ചാർളി ചാപ്ലിന്റെ സിനിമയാണ് സിറ്റി ലൈറ്റ്സ്. 1931ലാണ് ചിത്രം പുറത്തിറങ്ങിയത്. സംഭാഷണങ്ങളില്ലാത്ത ചിത്രം തന്നെ. ചാർളി ചാപ്ലിന്റെ തമാശകളുമായി ചിത്രം തുടങ്ങുന്നു. ഒരു പാവമായ നായകൻ (ചാപ്ലിൻ) പൂക്കൾ വിൽക്കുന്ന കാഴ്ചയില്ലാത്ത ഒരു പെണ്ണിനെ കാണുന്നു. അവൾ വിചാരിക്കുന്നത് നായകൻ വല്യ പണക്കാരനാണെന്നാണ്. ചാപ്ലിൻ അവളെ കാണുമ്പോൾ അവളുടെ മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നുണ്ട്. അപ്പോ അവൾ വിചാരിക്കുന്നത്, അയാളുടെ കാർ ആണെന്നാണ്. ഒരു പണക്കാരൻ ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ ചാപ്ലിൻ രക്ഷപ്പെടുത്തുന്നു. കുടിക്കുമ്പോൾ അയാൾ വളരെ ദുഃഖിതനായി മാറും. അങ്ങനെ വിഷാദവാനായിട്ട് ആത്മഹത്യ ചെയ്യാൻ വന്നപ്പോഴാണ് ചാപ്ലിൻ കണ്ട് രക്ഷപ്പെടുത്തുന്നത്. അവിടെനിന്ന് അയാളെ ചാപ്ലിൻ അയാളുടെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നു. അവിടെയുള്ള ജോലിക്കാർ ചോദിക്കുമ്പോൾ ചാപ്ലിൻ അയാളുടെ സുഹൃത്താണെന്നു പറയും. ചാപ്ലിനെ സൽക്കരിക്കും. രാത്രി കഴിഞ്ഞ് സ്വബോധത്തിൽ വരുമ്പോൾ അയാൾ ചാപ്ലിനെ മറക്കും. വീട്ടിൽ നിന്നു പുറത്താക്കും. പിന്നെയും കുടിക്കുമ്പോൾ ചാപ്ലിനെ കാണും, ചാപ്ലിനെ കൂട്ടി പാർട്ടിക്കൊക്കെ പോകും. പിന്നെയും മറക്കും, ചാപ്ലിനെ ഓടിക്കും. ചാപ്ലിന് അവസരം കിട്ടിയപ്പോൾ കാറിൽ ഒരിക്കൽ ആ പൂക്കാരിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ വീട്ടിൽ വിടും. അവൾക്ക് കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി ചാപ്ലിൻ ഓരോ ജോലികളൊക്കെ ചെയ്യും. പിന്നീട് ആ പണക്കാരന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവിടെ രണ്ടു കള്ളന്മാർ ഉണ്ടായിരുന്നു. പണക്കാരനോട്, ചാപ്ലിൻ, കുറച്ചു രൂപ വാങ്ങുന്നതൊക്കെ കള്ളന്മാർ കാണും. അവർ പിടിച്ചുപറിയ്ക്കാൻ വരുമ്പോൾ, ചാപ്ലിൻ കുറേ സൂത്രങ്ങൾ ഉപയോഗിച്ച് അവരെ ഓടിക്കും. പക്ഷേ, പോലീസിനു ഫോൺ ചെയ്തതിനാൽ പോലീസ് വരുമ്പോൾ ചാപ്ലിനെയാണ് കാണുന്നത്. ചാപ്ലിനെ പരിശോധിക്കുമ്പോൾ പൈസ കിട്ടുകയും ചെയ്യുന്നു. പണക്കാരൻ കൊടുത്തതാണെന്ന് പറഞ്ഞത് പോലീസ് വിശ്വസിക്കുന്നില്ല. എന്നാലും ചാപ്ലിൻ അവരെ പറ്റിച്ച് അവിടെനിന്ന് രക്ഷപ്പെടുന്നു. എന്നിട്ട് പൈസ, കണ്ണുകാണാത്ത ആ പെണ്ണിനു കൊടുക്കുന്നു. അവിടെനിന്ന് പോകുമ്പോൾ പോലീസ് പിടിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, ആ പെണ്ണിനെ കാണുന്നു. അവൾക്കു മനസ്സിലാവില്ല. അവൾക്കു കാഴ്ച കിട്ടിയതുകണ്ട് ചാപ്ലിൻ സന്തോഷിക്കുന്നു. അവൾ ഒരു പൂവ് കൊടുക്കാൻ നോക്കുമ്പോൾ ചാപ്ലിൻ ഒഴിഞ്ഞുമാറും. പണക്കാരനായ ഒരാളാണ് ചാപ്ലിൻ എന്നാണു അവൾ കരുതിയിരുന്നതെന്ന് ചാപ്ലിന് അറിയാം. പക്ഷേ, ഇപ്പോൾ ചാപ്ലിന്റെ വേഷം അത്ര നല്ലതല്ലല്ലോ. പൂ വാങ്ങാതെ ഒഴിഞ്ഞുമാറുമ്പോൾ അവൾ ചാപ്ലിന്റെ കൈ പിടിക്കുകയും, അവൾക്ക് അതു പഴയ സുഹൃത്ത് ആണെന്ന് മനസ്സിലാവുകയും ചെയ്യുന്നു.

ചിരിക്കാൻ ഒരുപാടുണ്ടെന്ന് പറയുന്നതിലും നല്ലത്, അല്പം കുറച്ചു മാറ്റി നിർത്തിയാൽ ചിരിക്കാനേ ഉള്ളൂ എന്നാണ്. ചാപ്ലിന്റെ സിനിമ ആയതുകൊണ്ട് അതു പറയാനൊന്നുമില്ലല്ലോ. ആത്മഹത്യ ചെയ്യാൻ പോകുന്ന പണക്കാരനെ ചാപ്ലിൻ രക്ഷിക്കാൻ പോകുന്ന രംഗം, പിന്നെ ചാപ്ലിൻ, ഗുസ്തിപിടിക്കുന്ന രംഗം, പിന്നെ പാർട്ടി നടക്കുമ്പോഴുള്ള ഓരോ രംഗങ്ങൾ, ഇവയൊക്കെ കണ്ട് ചിരി നിർത്താൻ പറ്റില്ല. ചാപ്ലിൻ തന്നെയാണ് സംവിധാനം.

ഇതു കണ്ടിട്ട് ഓർമ്മ വന്നത് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയാണ്. അതിൽ നായിക പാട്ടുകാരിയാവുന്നു, ഇതിൽ അങ്ങനെയില്ല. പാട്ടുകാരിയാവുന്നതുകൊണ്ട് നല്ല പാട്ടുണ്ട്, അത്ര തന്നെ. കഥ മിക്കവാറും ഇതൊക്കെത്തന്നെ.

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

കാണാത്തവരുണ്ടെങ്കിൽ, പറ്റുമെങ്കിൽ, സിറ്റി ലൈറ്റ്സ് കാണുക. ചിരിക്കുക.

തമാശ സിനിമയുടെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം കൂടെ പറയാം. ഇഷ്ടം എന്ന സിനിമയിൽ നെടുമുടി വേണു പണ്ട് സ്നേഹിച്ചിരുന്ന സ്ത്രീയായി ജയസുധ (അവർ തന്നെയല്ലേ?) അവതരിപ്പിച്ച കഥാപാത്രം ഈ സിനിമ ഹിന്ദിയിൽ ചെയ്തപ്പോൾ അവതരിപ്പിച്ചത് ശോഭനയാണെന്ന് നിങ്ങൾക്കറിയുമോ? മേരേ ബാപ് പെഹലേ ആപ് എന്നാണ് സിനിമയുടെ പേര്. കഥയ്ക്കു പറ്റിയ പേര്. അല്ലേ?

Labels:

Monday, November 08, 2010

വത്തയ്ക്കപ്പാട്ട്




ഉരുണ്ടുരുണ്ടൊരു വത്തയ്ക്ക,
പച്ചച്ച തോലുള്ള വത്തയ്ക്ക,
ഉള്ളിൽ ചോപ്പുള്ള വത്തയ്ക്ക,
കറുകറെ കുരുവുള്ള വത്തയ്ക്ക,
അമ്മാമൻ കൊണ്ടോന്നു വത്തയ്ക്ക,
അമ്മായി മുറിച്ചൂ വത്തയ്ക്ക
മക്കളു തിന്നൂ വത്തയ്ക്ക,
മരുമക്കളു തിന്നൂ വത്തയ്ക്ക,
വെള്ളം നിറഞ്ഞൊരു വത്തയ്ക്ക,
മധുരം നിറഞ്ഞൊരു വത്തയ്ക്ക,
വത്തയ്ക്ക തിന്നിട്ടെല്ലാരും,
ഉറങ്ങാൻ നോക്കും നേരത്ത്,
മാനത്തു കണ്ടൂ വത്തയ്ക്ക,
പാതി മുറിച്ചൊരു വത്തയ്ക്ക,
മഞ്ഞനിറത്തിലെ വത്തയ്ക്ക,
ആരോ പറഞ്ഞു വത്തയ്ക്കയല്ലത്
അമ്പിളിമാമനാ കുട്ട്യോളേ.

Labels:

Wednesday, November 03, 2010

മകൾ

ഉച്ച കഴിഞ്ഞ് അവൾ കയറിച്ചെല്ലുമ്പോൾ ശാന്തതയായിരുന്നു അവിടെ. അവൾ പ്രതീക്ഷിക്കാത്ത വിധത്തിൽ.
മദറിന്റെ മുമ്പിൽ എത്തിയപ്പോൾ അവൾ ആദ്യം പറഞ്ഞത് “ഒരു കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്ക് വേണം“ എന്നാണ്.
മദർ അവളെ സൂക്ഷിച്ചുനോക്കി.
“ദത്തെടുക്കാൻ ചില ചടങ്ങുകളുണ്ട്.”
“ദത്തെടുക്കാനല്ല. എന്റെ മോന് വിവാഹം കഴിക്കാൻ ഒരു കുട്ടിയെ ആണ് വേണ്ടത്. എന്താണ് അതിനുവേണ്ടത്?”
മദറിന് അത്ര വിശ്വാസം വന്നില്ല. എന്താണ് ഇവിടെനിന്നുതന്നെ വേണമെന്ന്? ആദ്യം ആരും വിളിച്ചന്വേഷിച്ചിട്ടും ഇല്ല. നേരിട്ട് വരുന്നതാണ്. കാലം വിശ്വസിക്കാനാവാത്തതാണ്.

“നല്ല കാര്യം. പക്ഷെ, എന്താ ഇവിടുന്നുതന്നെ വേണമെന്ന്?”
“വളർന്നുവലുതായ വീട്ടിൽ നിന്നുതന്നെ മകന് വധുവിനെ കണ്ടെത്തുകയെന്നത് നല്ല കാര്യമല്ലേ? അധികം ആലോചിക്കേണ്ടിവരില്ലല്ലോ.”

മദർ അവളെ വീണ്ടും സൂക്ഷിച്ചുനോക്കി. അവരെ പറ്റിച്ചപോലെ അവൾ ചിരിച്ചു. മദറിന് മനസ്സിലായപ്പോൾ അവൾ പറഞ്ഞു. “ഇടയ്ക്ക് വരാറുണ്ടായിരുന്നു. മദർ ഇവിടെ ഉണ്ടാവാറില്ല.”

അവളുടെ കണ്ണിലേക്ക് നോക്കിയ മദറിനു തോന്നിയത്, അവളെ ഈ വീടിനുമുന്നിൽ കണ്ടെത്തുമ്പോഴും ഉണ്ടായിരുന്നു, കണ്ണീർ നിറഞ്ഞ കണ്ണ് എന്നാണ്.

കാര്യങ്ങളൊക്കെ പരസ്പരം പറഞ്ഞ്, അവൾ പോയപ്പോൾ, മദർ പുറത്തിറങ്ങിനിന്ന് ആ വീടിനോടു പറഞ്ഞു.
“അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ട, അവളുടെ സ്വപ്നങ്ങളും, സങ്കടങ്ങളും ഒക്കെ കണ്ടറിഞ്ഞ വീടേ നീ ഭാഗ്യവതിയാണ്. ഞങ്ങളും. അവൾ നമ്മളെയാരെയും മറന്നില്ല. അവളുടെ അമ്മയ്ക്ക് വലിയൊരു നഷ്ടം തന്നെ ഈ സ്നേഹം.”

Labels: