Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, May 15, 2012

ഭഗീരഥപ്രയത്നം

പണ്ടുപണ്ടു് സഗരൻ എന്നൊരു രാജാവുണ്ടായിരുന്നു. സഗരനു രണ്ടു ഭാര്യമാരും. ഒരാൾക്ക് ഒരു മകനും, മറ്റേയാൾക്ക് അറുപതിനായിരം മക്കളും. എല്ലാ രാജാക്കന്മാരും നടത്തുന്നതുപോലെ, സഗരനും അശ്വമേധയാഗം നടത്തി. ആ യാഗത്തിലെ കുതിരയെ ഇന്ദ്രൻ പിടിച്ചുകൊണ്ടുപോയി. സഗരന്റെ മക്കൾ കുതിരയേം അന്വേഷിച്ച് എല്ലായിടത്തും നടന്നു. ഇന്ദ്രൻ, കുതിരയെ കൊണ്ടുപോയി, പാതാളത്തിൽ തപസ്സുചെയ്തുകൊണ്ടിരിക്കുന്ന കപിലമഹർഷിയുടെ അടുക്കൽ കെട്ടിയിട്ട്, സ്ഥലം വിട്ടു. സഗരരാജാവിന്റെ അറുപതിനായിരം മക്കൾ വന്നുനോക്കുമ്പോൾ, കുതിരയുണ്ട്, ദേ നിൽക്കുന്നു. അവർ സന്തോഷത്തിൽ ബഹളം വെച്ചു. മുനിയെ കള്ളനെപ്പോലെ കാണുകയും ചെയ്തു. മഹർഷിയ്ക്ക് അതത്ര പിടിച്ചില്ല. അദ്ദേഹം എല്ലാത്തിനേയും ഭസ്മമാക്കി. പാവം സഗരൻ. അദ്ദേഹത്തിനു മക്കൾ മരിച്ചാൽ ചെയ്യേണ്ടുന്ന ക്രിയകളൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം അതു അദ്ദേഹത്തിന്റെ പിൻ‌തലമുറക്കാരെ ഏൽ‌പ്പിച്ചു. അങ്ങനെ ആ കർമ്മം തലമുറകൾ കൈമാറിവന്ന് ഭഗീരഥൻ എന്ന രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിനു അവർക്കുവേണ്ടി കർമ്മം ചെയ്യണം എന്നു വാശിയായി. ഭഗീരഥൻ ഗംഗാദേവിയെ പ്രത്യക്ഷപ്പെടുത്താൻ‌വേണ്ടി തപസ്സു ചെയ്തു. തപസ്സു ചെയ്തുചെയ്തു ഗംഗ പ്രത്യക്ഷയായി. (അന്നു മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ, ഭഗീരഥൻ ഒരു മിസ്സ്കോൾ അടിക്കുകയേ ഉണ്ടായിരുന്നുള്ളൂ). അങ്ങനെ ഗംഗ വന്നു. ഗംഗയോടു ഭഗീരഥൻ കാര്യങ്ങളൊക്കെപ്പറഞ്ഞു. ഒഴുകിവന്ന് തന്റെ കുടുംബക്കാരെയൊക്കെ ശുദ്ധീകരിക്കണം എന്നു പറഞ്ഞു. ഗംഗ പറഞ്ഞു, ഞാൻ വരുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല, വന്നാൽ, പക്ഷേ, ഭൂമിയ്ക്ക് അതു താങ്ങാനുള്ള ശക്തിയുണ്ടാവില്ല എന്ന്. ശിവന്റെ ജടയിലേക്കു ആദ്യം വരാം, പിന്നെ പതുക്കെപ്പതുക്കെ ഭൂമിയിലേക്കു വരാം എന്നു ഗംഗ പറഞ്ഞു. ശിവൻ എന്തായാലും വേലീൽ കിടന്ന പാമ്പിനെ എടുത്തുവെച്ചിട്ടുണ്ട്. ഇനി ഒന്നു ജടയിലേക്കും വന്നാൽ ശിവനു കുലുക്കമില്ല. ശിവനെ പ്രാർത്ഥിച്ചു പ്രത്യക്ഷപ്പെടുത്തിയപ്പോൾ, ശിവൻ, ഭഗീരഥനോട്, ഓക്കേ പറഞ്ഞു. ഗംഗ വന്നു. ജടയിലേക്കു കയറിക്കൂടി, ശക്തിയായി ഒഴുകി, ശിവനെപ്പറ്റിക്കാം എന്നു ഗംഗയ്ക്ക് ഒരു വിചാരമുണ്ടായി. ശിവൻ അങ്ങനെ വിട്ടുകൊടുക്കുമോ? ശിവൻ ജടയിൽനിന്നു പുറത്തേക്കുള്ള വഴിയൊക്കെ ബ്ലോക്കുചെയ്തു. ശിവന്റെ ജടയിൽനിന്നു പുറത്തേക്കു വഴി കാണാതെ ഗംഗ വിഷമിച്ചു. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന അവസ്ഥ കണ്ട് ഭഗീരഥൻ വിഷമത്തിലായി. വീണ്ടും, ഭഗീരഥൻ ശിവനെ പ്രാർത്ഥിച്ചു. ശിവൻ ഗംഗയെ പോകാൻ അനുവദിച്ചു. ഗംഗ കുറേ കൈവഴികളായി ഒഴുകി, സഗരന്റെ മക്കളുടെ മരണം നടന്നിടത്തും ഒഴുകി, എല്ലായിടവും ശുദ്ധീകരിച്ചു. അങ്ങനെ അവരുടെയൊക്കെ അന്ത്യകർമ്മം നടത്തിയപോലെയായി. ഭഗീരഥൻ ഹാപ്പിയായി. ഭഗീരഥൻ, ഭൂമിയിലേക്കുകൊണ്ടുവന്നതുകൊണ്ടു ഗംഗയ്ക്കു ഭാഗീരഥി എന്നൊരു പേരും കിട്ടി. ഇത്രയൊക്കെ പ്രയത്നം നടത്തീട്ടു, ഭഗീരഥൻ കാര്യങ്ങളൊക്കെ ചെയ്തതുകൊണ്ടു, ഇപ്പോ ആൾക്കാർ ഇങ്ങനെയൊക്കെ കഠിനപ്രയത്നം നടത്തീട്ടു ചെയ്യുന്ന കാര്യങ്ങൾക്ക്, ഭഗീരഥപ്രയത്നം നടത്തീട്ടാ ഞാനതു സാധിച്ചെടുത്തത് എന്നു പറയുന്നു.

Labels:

Monday, May 14, 2012

മഞ്ഞപ്പൂവേ കുഞ്ഞിപ്പൂവേ

മഞ്ഞപ്പൂവേ കുഞ്ഞിപ്പൂവേ,
ചിരിച്ചുനിക്കണ മുക്കുറ്റിപ്പൂവേ,
ആന പോകുന്നതു കണ്ടോ നീ?
തുമ്പിക്കൈയിൽ മരവും പേറി,
നടന്നുപോണതു കണ്ടോ നീ?
ഉറുമ്പുപോണതു കണ്ടോ നീ?
പഞ്ചാരത്തരിയും ഏറ്റിക്കൊണ്ടു്,
ഓടിപ്പോണതുകണ്ടോ നീ?
പാടും കുയിലിനെ കണ്ടോ നീ?
പാട്ടും‌പാടി, കൂടും നോക്കി,
പറന്നുപോണതുകണ്ടോ നീ?
എന്റെ മിന്നുക്കുട്ടിയെ കണ്ടോ നീ?
ബാഗും തൂക്കി, കരഞ്ഞുംകൊണ്ടു,
സ്കൂളിൽ പോണതു കണ്ടോ നീ?
മഞ്ഞപ്പൂവേ കുഞ്ഞിപ്പൂവേ,
ചിരിച്ചുനിക്കണ മുക്കുറ്റീ,
വെയിലിലിരുന്നു വാടീടാതെ,
എന്റെ വീട്ടിൽ വന്നൂടേ?

Labels: