Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 12, 2012

ഓടുന്ന പടികൾ

ഓടുന്ന പടികൾ എന്നു ഞാൻ പറയുമ്പോൾ നിങ്ങൾ അതിനെക്കുറിച്ചാലോചിച്ചു തലപുണ്ണാക്കേണ്ട. ഓടുന്ന പടികൾ എന്നു പറഞ്ഞാൽ എസ്കലേറ്റർ. നിങ്ങളൊക്കെ എസ്കലേറ്ററിൽ കയറാറുണ്ടാവും അല്ലെങ്കിൽ കയറിയിട്ടുണ്ടാവും അല്ലേ? എന്നാ ഇങ്ങളൊക്കെ ബല്യേ പുല്യേളാണുട്ടോ.

ഞങ്ങൾ പണ്ടൊരിക്കൽ ബംഗളൂരുവിൽ പോയപ്പോഴാണ് എസ്കലേറ്ററിൽ കയറാൻ അവസരം വന്നത്. അത്രയൊന്നും വലുതല്ലാത്ത ഒരു ഷോപ്പിംഗ് സെന്റർ ആയിരുന്നു. അതിനുപോലും എസ്കലേറ്റർ ഉണ്ട്. സിനിമയിലൊക്കെ താരങ്ങൾ എസ്കലേറ്ററിൽ നിന്നു ചിരിച്ചുംകൊണ്ടിറങ്ങിവരുന്നതാണല്ലോ ഞാൻ കണ്ടിട്ടുള്ളത്. എന്റെ ഒരു വിചാരത്തിൽ അതൊരു മഹാസംഭവം ആണ്. വെറുതെ നിന്നുകൊടുത്താൽ മതി. പടി നമ്മളെ മേലോട്ടും താഴോട്ടും കൊണ്ടുപോകും. ഒരു അദ്ധ്വാനവുമില്ല എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി സന്തോഷിച്ച് ഇരുന്നിട്ടുള്ളത്. അങ്ങനെ ബംഗളൂരുവിൽ ഷോപ്പിംഗ്സെന്ററിൽ താഴെ നിന്ന് ഒരു വല്യ പെട്ടി (ട്രോളി ബാഗ്) വാങ്ങി. മുകളിൽ പോകണം. അവിടെനിന്ന് കുട്ടികൾക്കൊക്കെ എന്തെങ്കിലും വാങ്ങാമെന്നു കരുതി. എസ്കലേറ്ററിന്റെ അടുത്തു ചെന്നു. ചേട്ടൻ പെട്ടിയും കൊണ്ട് അതിൽ കയറി. കയറിയതും വീഴാൻ പോയി. പിന്നെ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഞാൻ പേടിച്ചുപോയി. അതിൽ കയറാൻ പോയില്ല. അതിന്റെ കുറച്ചുമാറി ഒരു സെക്യൂരിറ്റി ആൾ ഇരിക്കുന്നുണ്ട്. അയാൾ പറഞ്ഞു, ഒന്നും പേടിക്കാനില്ല, ധൈര്യമായിട്ടു കയറിക്കോ എന്ന്. ചേട്ടൻ വീഴാൻ പോയതുകണ്ടു പേടിച്ച ഞാൻ എസ്കലേറ്ററിന്റെ ഭാഗത്തേക്കു നോക്കുകപോലും ഇല്ല, പിന്നെയല്ലേ അതിൽ കയറൽ എന്ന ഭാവത്തിൽ അയാളെ ഒന്നു നോക്കി, ഷോപ്പിംഗ് സെന്ററിന്റെ മുകളിലേക്കുള്ള പടികൾ സാവധാനം കയറിപ്പോയി. പിന്നെ ഞാൻ എവിടെപ്പോയാലും എസ്കലേറ്ററിൽ കയറുന്നത് എനിക്കലർജിയാണ്, അല്ലെങ്കിൽ അതിൽ കയറരുതെന്ന് ഞങ്ങളുടെ കുടുംബജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട് എന്ന മട്ടിൽ പെരുമാറിത്തുടങ്ങി. ലിഫ്റ്റുണ്ടെങ്കിൽ പിന്നെ എന്തിനു പേടിക്കണം, പടികൾ കയറി വണ്ണം കുറയ്ക്കാതെതന്നെ മുകളിലെത്താമല്ലോ. എവിടുന്നോ ഒരിക്കൽ കയറിയോ എന്നു സംശയം ഉണ്ട്. അതെന്തായാലും പേടിച്ചുവിറച്ചായിരിക്കും.

കഴിഞ്ഞ വർഷം അമ്മയുടെ പിറന്നാൾ പ്രമാണിച്ച് അമ്മയ്ക്കു ഷോപ്പിങ്ങിനു പോകണം. ചേട്ടന് അസുഖം, അപകടം എന്നിവ കാരണം എനിക്ക് അമ്മയോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല. അമ്മയും അച്ഛനും അനിയത്തിയും കൂടെ പോയി. അമ്മയ്ക്ക് പിറന്നാളായാൽ മക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ സമ്മാനം വാങ്ങിക്കൊടുക്കുന്ന പരിപാടിയുണ്ട്. മക്കൾ എന്നുപറഞ്ഞാൽ സ്വന്തം മക്കൾ മാത്രമല്ല. അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ, അമ്മയുടെ സഹോദരങ്ങളുടെ മക്കൾ. ഒരുപാടുപേരുണ്ട്. പിന്നെ പേരക്കുട്ടികളും. ചെറിയ ചെറിയ സമ്മാനങ്ങളാണ് കൊടുക്കുക. അച്ഛന്റെ പിറന്നാളിനും കൊടുക്കും. എല്ലാ പിറന്നാളിനുമില്ല. അങ്ങനെ അവർ ബിഗ് ബസാറിൽ പോയി. എല്ലാർക്കും ഒരുപോലെ സോപ്പും പ്ലേറ്റും വാങ്ങി. പോയി വാങ്ങിവന്നു എന്നു പറയാൻ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു “ഞങ്ങൾ എസ്കലേറ്ററിൽ കയറി”. ഈശ്വരാ! എനിക്കു പേടിയായിപ്പോയി. ഞാൻ അമ്മയെ നല്ലോണം ‘ഉപദേശിച്ചു’.

ഈയടുത്ത് ഞങ്ങൾ ഒരു വല്യ ഷോപ്പിംഗ് മാളിൽ പോയി. അവിടെ എല്ലാ കടയിലും കയറിയിറങ്ങണമെങ്കിൽ തുറക്കുമ്പോൾ പോയാൽ പൂട്ടാനാവുമ്പോൾ തിരികെവരാം. ഞങ്ങൾക്ക് അധികമൊന്നും വാങ്ങാനില്ല. വെറുതെ കറക്കം. എന്തെങ്കിലും ആവശ്യമുള്ളതു വാങ്ങണം. താഴെ കറങ്ങിക്കഴിഞ്ഞ് മുകളിലേക്കു പോകാനൊരുങ്ങി. എസ്കലേറ്റർ വഴി ആളുകൾ പോകുന്നു. എന്താ ഒരു കാഴ്ച. ഞാനും കയറിയിട്ടുതന്നെ കാര്യം എന്ന മട്ടിൽ ചേട്ടന്റെ കൂടെ അതിനടുത്തെത്തി. എല്ലാവരും, കയറിപ്പോകുമ്പോൾ, നിങ്ങളെന്താ നിൽക്കുന്നത്, കയറിപ്പോര് എന്ന മട്ടിൽ കൂൾ കൂളായിട്ടു പോകുന്നു. ഞാൻ എന്റെ പൊങ്ങച്ചസഞ്ചി ചേട്ടന്റെ കൈയിൽ കൊടുത്തു. സ്വയം തന്നെ കേറാൻ പേടി. പിന്നെയല്ലേ ബാഗും പിടിച്ച്. ഞാൻ ഈ എസ്കലേറ്ററിൽ കയറണമെങ്കിൽ ഭർത്താവേ താങ്കൾ ബാഗു ചുമന്നോളണം എന്നു മുന്നറിയിപ്പും കൊടുത്തു. എന്തുവേണമെങ്കിലും ചെയ്യാം, ഭാര്യയൊന്ന് എസ്കലേറ്ററിൽ കയറാൻ പഠിച്ചാൽ മതി എന്ന ഭാവം ചേട്ടന്. എല്ലാ പരദേവതകളേയും വിളിച്ച് കാലെടുത്തുവയ്ക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽനിന്നൊരു പേടിത്തൊണ്ടി പറയും, കയറല്ലേ കയറല്ലേന്ന്. അങ്ങനെ ഞങ്ങൾ പോകുന്നവരേയും നോക്കി മിഴിച്ചുനിന്നു. അപ്പോളതാ ദൈവം പ്രത്യക്ഷപ്പെടുന്നു. മാളിന്റെ സൂപ്പർവൈസർ ആണെന്നു തോന്നുന്നു. ഒരു സ്ത്രീ. എന്നെപ്പോലെയൊക്കെയുണ്ട്. രണ്ടെണ്ണം എസ്കലേറ്റർ ഇന്നുവരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കിനിൽക്കുന്നുണ്ട് കുറേനേരമായി എന്നു കണ്ടു വന്നതാണ്. ചിരിച്ചുംകൊണ്ട് വന്നപ്പോഴേ എനിക്കു മനസ്സിലായി, എന്നെ ഇവർ എസ്കലേറ്ററിൽ കയറ്റും. അവർ അടുത്തെത്തിയപാടേ ഞാൻ പറഞ്ഞു “എനിക്കു പേടിയാണ്.”
“ഒന്നും പേടിക്കാനില്ല. വാ ഞാൻ കൊണ്ടുപോകാം”
“ഈശ്വരാ!“
അവരെന്നെ കൊണ്ടുപോയേ അടങ്ങൂ എന്ന മട്ടിൽ നിന്നു. ചേട്ടൻ ബാഗും പിടിച്ച് തയ്യാറായി നിന്നു. ഞങ്ങളുടെ പിന്നാലെ വരാൻ. അവർ എന്റെ കൈ മുറുക്കെപ്പിടിച്ചു. ഞാനും അവരുടെ കൈ മുറുക്കെപ്പിടിച്ചു. അഥവാ എസ്കലേറ്ററിൽ കാൽ വെയ്ക്കാൻ പറ്റിയില്ലെങ്കിൽ അവരുടെ കൈയിൽ തൂങ്ങിക്കിടക്കാമല്ലോ. എന്റെ ഉള്ളിൽ നിന്നു വിറയ്ക്കുന്നുണ്ട്. അവർ ഒരു കാലു പൊക്കി. ഞാനും കാലു പൊക്കി. അവർ എസ്കലേറ്ററിന്റെ പടിയിൽ കാൽ വെച്ചു. ഞാൻ അവരുടെ കൈ പണിപ്പെട്ട് വിടുവിച്ചു. അവർ അടുത്ത കാലും പടിയിൽ വെച്ചു. ഞാൻ കാൽ ഞങ്ങൾ നിന്നിടത്തുതന്നെവെച്ചു. അവർ ചിരിച്ചുകൊണ്ട് കയറിപ്പോയി. അതിൽ കാൽ വെച്ചാൽ അല്ലെങ്കിലും പിന്നോട്ടെടുക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. അവർ മുകളിലെത്തി. ഞങ്ങൾ താഴെ നിന്നു. പിന്നെ പടിയും ലിഫ്റ്റും നോക്കി നടന്നു. വീട്ടിൽ വന്നയുടനെ ഞാൻ പുസ്തകമെടുത്ത് എസ്കലേറ്റർ കണ്ടുപിടിച്ചതാരാന്നു നോക്കി. എസ്കലേറ്റർ കണ്ടുപിടിച്ചത് ജി. എച്ഛ്. വീലറും, ജെ. ഡബ്ല്യൂ. റെനൊയും. (Gh Wheeler, JW Reno) 1894 -ൽ. അവരോടെപ്പോഴാണ് രണ്ടുപറയാൻ പറ്റുക എന്നറിയില്ല. മോളിലേക്കു പോകേണ്ടിവരും. അതുകൊണ്ട് ഞാനെന്റെ അടുത്ത പുതുവർഷ തീരുമാനത്തിൽ എഴുതി നടപ്പാക്കാൻ തീരുമാനിച്ചു ഒരു കാര്യം.
പുതുവർഷതീരുമാനങ്ങൾ രണ്ടായിരത്തിപ്പതിമൂന്ന്:-
1) എസ്കലേറ്ററിൽ പേടിയില്ലാതെ കയറാൻ പഠിക്കും.
പോരേ?

Labels: