കഥയൊന്നു എഴുതി മലയാളസാഹിത്യ സാമ്രാജ്യത്തിലേക്കു ഉരുണ്ടുവീണുകളയാം എന്നു തോന്നിത്തുടങ്ങിയിട്ടു കാലം കുറെ ആയി. പക്ഷെ കഥക്കു പറ്റിയൊരു കഥ വേണ്ടേ? എന്തെഴുതണം? എങ്ങിനെ എഴുതണം? അവളുടെ കണ്ണിലേക്കു നോക്കിയപ്പോള്‍ അവളുടെ ലോകം മുഴുവന്‍ അവനാണെന്നു അവനു തോന്നി എന്ന മട്ടിലുള്ള റൊമാന്റിക് കഥ വേണോ അതോ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നു എന്നൊക്കെപ്പറഞ്ഞുള്ള തുടക്കവും ഒടുക്കവും മനസ്സിലാകാത്ത ആധുനിക കഥ വേണോ? സാദാ റൊമാന്റിക് കഥ ആണെങ്കില്‍ വായനക്കാര്‍ അതിനു നൂറു കുറ്റവും കുറവും കണ്ടുപിടിക്കും. പിന്നെ എഴുതുന്ന എനിക്കു പോലും രണ്ടാമതു വായിച്ചാല്‍ മനസ്സിലാവാത്ത കഥ എഴുതിയാലോ? അതു ശരിയാവുമോ? മനസ്സു ഇതൊക്കെ ആലോചിച്ചു സര്‍ക്കാര്‍ ഓഫീസില്‍ കാര്യം നടത്താന്‍ പോയ സാധാരണക്കാരനെപ്പോലെ ഓടുകയാണ്. അത്യന്താധുനിക കഥ ആണെങ്കില്‍ ആള്‍ക്കാര്‍ അതിനെ വേഗം അംഗീകരിക്കും. കാരണം ആ കഥ മനസ്സിലായില്ല എന്നു പറയാന്‍ ഒരു മാതിരിപ്പെട്ട ബുദ്ധിജീവികളൊന്നും ധൈര്യം കാണിക്കില്ല. ചിലപ്പോള്‍ അവാര്‍ഡ് പോലും കിട്ടിയെന്നിരിക്കും. ഓ.. കഥ എഴുതുന്നതിനു മുന്‍പു അവാര്‍ഡിനെപ്പറ്റി ചിന്തിക്കുന്നതു തന്നെ ഒരു കഥ ഇല്ലായ്മയല്ലേ? ഇനിയിപ്പൊ കഥ എങ്ങിനേ ഉള്ളതു വേണമെന്നു ആലോചിച്ചു തീരുമാനിച്ചാല്‍ പോലും പിന്നെയും കുറെ കടം കഥകള്‍ ഉണ്ട് ബാക്കി. അതായതു കഥാപാത്രങ്ങളുടെ പേരു, അവരുടെ ജോലി, സ്വഭാവം എന്നിവയൊക്കെ. കഥ എഴുതിക്കഴിഞ്ഞു വായനക്കാര്‍ അതിനെ ഒരു കഥ ആയി അംഗീകരിച്ചു കഴിയുമ്പോളാകും പുള്ളിക്കാരന്റെ അഥവാ പുള്ളിക്കാരിയുടെ വരവ്. ഈ 'കാരന്‍' അഥവാ 'കാരി' ആരാണെന്നു നിങ്ങള്‍ സംശയിച്ചേക്കും അല്ലേ? ഒരു സംശയവും വേണ്ട, എന്റെ കഥയിലെ കഥാപാത്രങ്ങള്‍ തന്നെ. "ഇതു എന്റെ കഥയാണു, എന്നാലും എന്നെക്കുറിച്ചു എഴുതാന്‍ നിനക്കിത്ര ധൈര്യം വന്നല്ലൊ" എന്നൊക്കെപ്പറഞ്ഞു ഓരോ കഥാപാത്രവും വീട്ടുവാതില്‍ക്കല്‍ വന്നാലോ? അവരുടെ പേരു, സ്ഥലം, ജോലി തുടങ്ങിയവക്കൊന്നും ഒരു മാറ്റവും ഉണ്ടാകില്ല. പക്ഷെ,സ്വഭാവം മാത്രം കഥ എഴുതിയ എനിക്കുപോലും മനസ്സിലാകാത്ത തരത്തില്‍ മാറ്റം വന്നിരിക്കും. അതായതു ഈശ്വരന്‍ അനുഗ്രഹിച്ചു നിലനിര്‍ത്തിപ്പോരുന്ന എന്റെ തടി കേടാകുമെന്നര്‍ഥം. അതുകൊണ്ടു തല്‍ക്കാലം എന്റെ കഥയിലെ കഥാപാത്രങ്ങള്‍ പൂച്ച, പശു, ആട്, ഉറുമ്പ്, എരുമ, സിംഹം, പുലി തുടങ്ങിയ, പാവങ്ങളും അല്ലാത്തതും ആയ മൃഗങ്ങളും, ജീവികളും മതി എന്നു ഞാന്‍ ഉറച്ച തീരുമാനം എടുത്തു. മൃഗങ്ങള്‍ ഇനി വായിക്കുമോ എന്തോ? ഉണ്ടാവില്ല. ഇനി കഥാപാത്രങ്ങളുടെ പേരു എനിക്കിഷ്ടം പോലെ ഇടാമല്ലോ ഓ......, ഇല്ല, അതും ഒരു കുഴപ്പം പിടിച്ച പണി തന്നെയാണ്. അതായതു മോഹന്‍ലാല്‍ ആനയെ ജയസൂര്യ ഉറുമ്പു കടിച്ചു, നവ്യപ്പൂച്ചയെ കാവ്യപ്പശു തൊഴിച്ചു എന്നൊക്കെ എഴുതിയാല്‍ എന്റെ ഗതി എന്താകും? ഞാന്‍ പിന്നെ പരേതാത്മാക്കള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഇരുന്നു കഥ എഴുതേണ്ടി വരും. ഇതൊക്കെ ആലോചിച്ചാല്‍ മലയാള സാഹിത്യത്തെ ദൂരെ നിന്നു എത്തിവെലിഞ്ഞു നോക്കുന്നതായിരിക്കും എനിക്കു നല്ലതു അല്ലേ?
Labels: എന്റെ ചിന്ത