സ്നേഹം ന്നു വെച്ചാ.....
അവള്‍ പണിത്തിരക്കില്‍ ആയിരുന്നു.
മുന്ന ഓടിവന്നു കെട്ടിപ്പിടിച്ചു.
എന്താടാ...?
അമ്മേ ഈ സ്നേഹംന്നുവെച്ചാ എന്താ?
സ്നേഹം???
ഉം, സ്നേഹം.
സ്നേഹംന്നു വെച്ചാ........
വേം പറ നിയ്ക്കു കളിക്കാന്‍ പോണം.
ഉം.. സ്നേഹംന്നുവെച്ചാല്‍ ഇഷ്ടം, സന്തോഷം, ഒക്കെയാണു. മുന്നയ്ക്കു ഏതു കാര്യവും അമ്മ ചെയ്തു തരുന്നതല്ലേ ഇഷ്ടം? മുന്നേടെ കൂട്ടുകാര്‍ കളിക്കാന്‍ വരുന്നതു നന്നായി എന്നു തോന്നാറില്ലേ? മുന്നയ്ക്കു മിഠായി കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കും കൊടുക്കണം എന്നു മുന്ന പറയാറില്ലേ? മുന്നേടെ കൂട്ടുകാരനു പനി വന്നപ്പോള്‍ മുന്ന, അയ്യോ അവനു വയ്യ അമ്മേ, പാവം എന്നു പറഞ്ഞില്ലേ? ഇതിനൊക്കെയാണു സ്നേഹം എന്നു പറയ്യാ..
പിന്നേയ്, അമ്മയ്ക്കു മുന്നയോടു വല്യ സ്നേഹാട്ടോ.
ഉം, മുന്നയ്ക്കു അമ്മയോടും വല്യ സ്നേഹാ.......
മുന്ന തിരിച്ചോടിപ്പോയി.
സ്നേഹം എന്നതു എത്ര കൊടുത്താലും തീരാത്തതും, എന്നിട്ടും ചിലര്‍ തരിമ്പു പോലും കൊടുക്കാന്‍ മടിക്കുന്നതും, ചിലര്‍ കണ്ടില്ലാന്നു നടിക്കുന്നതും, എന്തായാലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊടുക്കേണ്ടതും ആയ മഹത്തായ ഒരു കാര്യം ആണെന്നു മുന്ന മനസ്സിലാക്കുന്ന കാലത്തെക്കുറിച്ചു അവള്‍ക്കു വേവലാതി തോന്നി.