Suryagayatri സൂര്യഗായത്രി
This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
തയ്യൽ!
ഒരാളെ വേണമെങ്കിൽ വെടിവെച്ച് കൊല്ലാം എന്നും പറഞ്ഞ് എനിക്കൊരവസരം തരികയാണെങ്കിൽ ഞാൻ ഞങ്ങളുടെ വസ്ത്രങ്ങൾ തയ്ച്ച് “കൊളമാക്കുന്ന” തയ്യൽക്കാരനെ എടുക്കും. അത്രയ്ക്കും ക്ഷമ കെട്ട് ഇരിക്കുകയാണ് ഞാൻ. ആ കഥ മഹാഭാരതം പോലെ കുറെ നടക്കും. ആരുടെയെങ്കിലും വിവാഹത്തിനു വസ്ത്രങ്ങൾ തയ്ക്കാൻ കൊടുത്താൽ വിവാഹോം കഴിഞ്ഞ് അവരുടെ കുഞ്ഞിന്റെ ചോറൂണും കഴിഞ്ഞ് ചോദിച്ചാൽ ആയില്ലല്ലോന്നു പറയുന്ന മഹാത്ഭുതം. ചുരിദാർ തയ്ക്കാൻ കൊടുത്തിട്ട് അതിന്റെ താഴെ ഭാഗം ബെർമുഡ പോലെ ആക്കിത്തന്നു. ചോദിച്ചപ്പോൾ വെട്ടിയപ്പോൾ അബദ്ധം പറ്റി നീളം കുറഞ്ഞതാണത്രേ. നിനക്കെന്റെ നാക്കിന്റെ നീളം ശരിക്കറിയില്ല, നിന്നെ ഒരു വെട്ട് വെട്ടിയാൽ എനിക്കു തെറ്റുകയും ഇല്ലാന്നു മനസ്സിൽ പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ മുകൾഭാഗം മാത്രം ഇട്ടാൽപ്പോരേ ഞാൻ എന്നു ചോദിച്ചപ്പോൾ വേറേ ആരോ തയ്ക്കാൻ കൊടുത്തതിന്റെ തുണി വെട്ടി നീളം കൂട്ടിത്തന്നു. ഏതെങ്കിലും പാവത്തിന്റെ ആയിരിക്കും അതുകൊണ്ട് പിന്നത്തെ തവണ പോയപ്പോഴും ഇദ്ദേഹം അവിടെ ഉണ്ട്. ഒരു പ്രാവശ്യം തയ്ക്കാൻ കൊടുത്തത് വാങ്ങാൻ പോയപ്പോൾ ഒരു സ്ത്രീ 3 ബ്ലൌസ് അയാളുടെ മുന്നിലേക്കിട്ട്, ഇതുപോലെ 3 എണ്ണം രണ്ടു ദിവസത്തിനകം തന്ന് കൊള്ളണം ഇല്ലെങ്കിൽ ബാക്കി അപ്പോ പറയാം എന്നും പറഞ്ഞ് അളവു ബ്ലൌസും കൊടുത്ത് സ്ഥലം വിട്ടു. കാര്യം അറിഞ്ഞപ്പോ എനിക്ക് അവരോടൊരു ആരാധന തോന്നി. അവരുടെ ആ 3 ബ്ലൌസും ഇയാളുടെ കസർത്ത് കാരണം നശിച്ചു. ബ്ലൌസിനുള്ള തുണി അധികം ഉണ്ടാകും , ആവശ്യമുള്ളത് വെട്ടിയെടുത്തിട്ട് ബാക്കി തരണം എന്ന് പറഞ്ഞ് കൊടുത്തു. തുന്നിക്കിട്ടിയപ്പോൾ ഞാൻ ഭാവിയിൽ വെക്കാൻ പോകുന്ന വണ്ണവും കൂടെ മുൻ കൂട്ടിക്കണ്ട് തയ്ച്ചു വെച്ചിരിക്കുന്നു. ചുരിദാർ തയ്ക്കാനുള്ള അളവിനു ഒരു പ്രാവശ്യം കൊടുത്തത് ഒരു പഴയ റെഡിമേയ്ഡ് ചുരിദാർ ആയിരുന്നു. കുറച്ച് ടൈറ്റ് ആക്കണം എന്ന് പറഞ്ഞു പോയി. അവൻ അവന്റെ മനസ്സു പോലെ ടൈറ്റാക്കി വെച്ചിട്ടുണ്ട്. ശ്വാസം കഴിക്കണമെങ്കിൽ അത് അഴിച്ച് വെച്ചാലേ പറ്റൂ. അതുകൊണ്ട് അടുത്ത സുഹൃത്തുക്കളുടേം ബന്ധുക്കളുടേം വീട്ടിൽ പോകുമ്പോൾ മാത്രമേ അതിടൂ. ടൌണിൽ പോകുമ്പോൾ അത് ഒഴിവാക്കി. ഇല്ലെങ്കിൽ ശ്വാസം മുട്ടി മേലോട്ട് പോകും. ഇനി ഇടേണ്ടാന്നു വെച്ചാൽ, ഉള്ള കാശും കൊടുത്ത് ഇഷ്ടപ്പെട്ട് ഒന്ന് വാങ്ങിച്ചിട്ട് ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ അഹങ്കാരം അല്ലേ. ഒരു പ്രാവശ്യം ചേട്ടന്റെ ഒരു സുഹൃത്ത് പാന്റിനും ഷർട്ടിനും തുണി കൊടുത്തിട്ട് ഷർട്ട് കൊണ്ട് പാന്റ്സും, തിരിച്ചും തുന്നിക്കൊടുത്തു. പിന്നെ അയാൾ ആ കടയുടെ മുന്നിൽക്കൂടെ പോയില്ല. ഒരു ബ്ലൌസ് കൊടുത്തിട്ട് കൊണ്ടുവന്നു നോക്കുമ്പോൾ അതിന്റെ പിന്നിൽ ആ കടയുടെ പരസ്യം " നിങ്ങളുടെ സന്തോഷത്തിനു വീണ്ടും വീണ്ടും സന്ദർശിക്കൂ " എന്ന് വെച്ചിട്ടുണ്ട്! ആ ബ്ലൌസ് ഇടുമ്പോൾ സാരി പുതയ്ക്കണം എനിക്കിപ്പോ. വേറെ തയ്ക്കുന്നതുവരെ ഇടേണ്ടേ. ആ കാര്യം പറഞ്ഞ് ഞാനും ഒരു കൂട്ടുകാരിയും കൂടെ അമ്പലത്തിനുമുന്നിൽ ഇരുന്ന് ഒരു മണിക്കൂർ അട്ടഹസിച്ചു. അതുവേറേ കാര്യം. ദൈവത്തിന്റെ ഓരോ സൃഷ്ടികൾ! ഞങ്ങളും അയാളും! വേറൊരു ബ്ലൌസ് പുതിയ സ്റ്റൈലിൽ തയ്ക്കണം എന്നു പറഞ്ഞിട്ട് കൊടുത്തു. തയ്ച്ചു കിട്ടിയപ്പോൾ അതിന്റെ പിന്നിൽ കുറേ വിൻഡോസ്! ഏതോ ഫാഷൻ മാസികയിൽ നിന്ന് കിട്ടിയതാണത്രേ! അതും ഇട്ട് പുറത്തു പോയിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ വീട്ടിന്റെ വിൻഡോസ് തുറക്കേണ്ടി വരില്ല. അത്രയ്ക്ക് കേൾക്കും. അങ്ങനെയങ്ങനെ അവൻ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സാരിയും ബ്ലൌസും പരീക്ഷണശാലയിലേക്ക് പോയിട്ടുണ്ട്. പുതുവർഷം വരുമ്പോഴേക്കും ഒരു പുത്തൻ സ്റ്റൈൽ ആയി അതു പുറത്ത് വരും. അങ്ങനെയാണെങ്കിൽ അവന്റെ 5 അടി 6 ഇഞ്ച് ഞാൻ വെട്ടി തയ്ക്കാൻ കൊടുത്തിരിക്കും . ഉറപ്പ്. ഈശ്വരാ.... എനിക്ക് കണ്ട്രോൾ തരൂ...........
പാട്ടുകൾ.
ബെന്നി എഴുതി പഴയ പാട്ടുകൾ പട്ടുനൂലുകൾ എന്ന്. ശരിയാണ് പഴയ പാട്ടുകൾ പട്ടുനൂലുകൾ തന്നെ. പുതിയ പാട്ടുകളിലും നല്ലതൊക്കെയുണ്ട്. പാട്ടു കേൾക്കാനും പാടാനും എല്ലാർക്കും ഇഷ്ടം ആയിരിക്കും. സ്ത്രീകളുടെ സൌന്ദര്യത്തെക്കുറിച്ച് മാത്രമാണ് അധികം പാട്ടുകളും ഉള്ളത്. സിബു ഒരു അഭിപ്രായം എഴുതി “എന്താണ് നമുക്ക് ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന പെണെഴുത്തുകാരില്ലാതായിപ്പോയത്?പെണ്‍പാട്ടെഴുത്തുകാരില്ലാത്തതിനാലാവണം ഓ.എന്‍.വി. അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത് (അല്ലാതെ...)ഞാന്‍ പലപല തിയറികള്‍ ഉണ്ടാക്കിനോക്കിയെങ്കിലും ഒക്കേയും, ചീറ്റിപ്പോയി.ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നില്ല. സ്ത്രീസ്വാതന്ത്ര്യം ധാരാളമുള്ള പടിഞ്ഞാറും ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന കലാകാരികളെപറ്റി ഞാന്‍ കേട്ടിട്ടില്ല.ഇനിയിപ്പോ സ്ത്രീകള്‍ക്ക് ആണിന്റെ സൌന്ദര്യത്തില്‍ കമ്പമില്ലെന്നുവരുമോ.. ഏയ് തോന്നുന്നില്ല.. പിന്നെയെന്താണ് അതൊരാര്‍ട്ടാവുന്നതില്‍ നിന്നും അവരെ തടയുന്നത്? ഇനിയൊരു വേള... കഥാപാത്രത്തോടുള്ള പൊസസീവ്‌നെസ്സ് ആവുമോ?”പണ്ടുള്ള ഗാനരചയിതാക്കൾ, മിക്കവാറും, പുരുഷന്മാർ ആണ്. ഇപ്പോഴും കൂടുതലും കവികൾ തന്നെ. കവയത്രിമാർ കുറവാണ്. അതുകൊണ്ടായിരിക്കും സ്ത്രീകളെപ്പറ്റിയുള്ള വർണനകൾ കൂടുതൽ. സ്ത്രീകൾക്കാണെങ്കിൽ നോക്കാനും കൂടെ നേരമില്ല. പിന്നെയല്ലേ വർണന, എന്നും വേണമെങ്കിൽ പറയാം. പിന്നെ പാട്ടിലാണെങ്കിൽ സ്ത്രീകളെ വർണിക്കുന്നതു തന്നെയാ നല്ലത്. “സുമംഗലീ നീയോർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം” എന്നത് പാടുമ്പോൾ പൊട്ടു തൊട്ട് പൂച്ചൂടി ആഭരണങ്ങൾ അണിഞ്ഞ് ഒരു സുമംഗലി നമ്മുടെ മുന്നിലങ്ങനെ നിൽക്കും. അതിനു പകരം ആ പാട്ട് “സുകുമാരാ നീയോർമ്മിക്കുമോ” എന്നാണെങ്കിൽ എല്ലാവരും സുകുമാരക്കുറുപ്പിനെ ഓർമിച്ചുകളയും. സിനിമയിൽ എന്തു സീനിലെ പാട്ടായാലും നമ്മൾ പിന്നെ പാട്ടു മാത്രം കേൾക്കുമ്പോൾ ആ സീൻ ഓർമ്മിക്കുകയൊന്നും ഇല്ല. ‘ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ’ എന്ന പാട്ട് ഏതെങ്കിലും സ്ത്രീകൾ ‘ഇന്ദുവദനാ നിന്റെ നീരാട്ടുകടവിലെ’ എന്ന് പാടുമോ? സന്ദർഭവും അർഥവും നോക്കേണ്ടേ കുറച്ചൊക്കെ. ‘ദേവീ ശ്രീദേവീ’ എന്ന പാട്ടിനു പകരം ‘ബാലാ കോവാലാ’ എന്ന് പാടിയാൽ ആർക്കാ ഇഷ്ടപ്പെടുക. പുരുഷന്മാരെ വർണിച്ചുള്ള പാട്ടുകൾ എണ്ണത്തിൽ കുറവാണെന്ന് പറയാം. എന്നാലും, “മുല്ലപ്പൂബാണനേപ്പോൽ മെയ്യഴകുള്ളൊരെൻ കല്യാണമുറച്ചെറുക്കൻ അവിടെയല്ലോ. കണ്ടാലോ സുന്ദരൻ എന്റെ മാരൻ, കരവാളെടുത്താലും കരളലിവുള്ളവൻ” എന്ന് പാടീട്ടുണ്ടല്ലോ. “ഈറൻ മാറും നിൻ മാറിൽ മിന്നും ഈ മായാമറുകിൽ തൊട്ടീലാ എന്ന് മീശമാധവനിലും പാടിയിട്ടുണ്ട്. അതൊക്കെ പോരേ . “പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളോരായിരുന്നു” എന്ന പാട്ട് മുഴുവൻ, ആണുങ്ങളെ വർണിച്ചാണല്ലോ. എന്റെ വക ഇനി ഒന്ന് പാടിക്കളയാം. അതിക്രമം ക്ഷമിക്കുക.“തമ്പുരാനെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ നാലു നില പന്തലിട്ടു വാനിലമ്പിളി,നാഗസ്വരമേളമിട്ടു പാതിരാക്കിളി എകനായി രാഗലോലനായി എന്റെ മുന്നിൽ വന്നവൻ പരുങ്ങി നിന്നു..പരുങ്ങി നിന്നൂ.... മുന്നിൽ പരുങ്ങി നിന്നു.ഞാൻ തൊഴുന്ന കോവിലിലെ ദേവനാണവൻ,ഞാൻ കൊതിക്കും ദേവലോകരാജനാണവൻ,താളമാണവൻ ജീവരാഗമാണവൻ,മാല ചാർത്തും ഞാനവന്നീ നീല രാവിൽ. ഇതിന്റെ ശരിക്കുള്ള പാരഡിയും ആണുങ്ങളെക്കുറിച്ചാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. പെണ്ണുങ്ങളെപ്പറ്റിയും ആവാമല്ലോ എന്ന് നിങ്ങൾ പറയും. അതെനിക്ക് ദഹിക്കാത്ത ഒന്നാണ്.“പ്രിൻസിപ്പാളെ കണ്ടു ഞാൻ കള്ളുഷാപ്പിൽ, ആളൊഴിഞ്ഞ മൂലയിലെ ചാരു ബെഞ്ചിൽ”മുഴുവൻ ഞാൻ ശ്രമിക്കുന്നില്ല . പാരഡിയൊക്കെ നല്ലതു തന്നെ. പക്ഷെ അധികം ആയാൽ ശരിയാവില്ല.മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ, “ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ,പനിനീരിലെന്റെ ഹൃദയം നിലാവായലിഞ്ഞു പോയ്,അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ,മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ”ആണിനെപ്പറ്റി ആയാലും പെണ്ണിനെപ്പറ്റി ആയാലും ഇതു പാടാൻ ഒരു രസമില്ലേ?അതുപോലെ എത്രയെത്ര പാട്ടുകൾ. പറഞ്ഞാൽ ഒരിക്കലും തീരില്ല. തൽക്കാലം ഇത്രയും മതി. നല്ല നല്ല പാട്ടുകൾ വരട്ടെ . പാടി നടക്കാം.
അങ്ങനേയും ഒന്ന്!
രണ്ടു ദിവസം മുമ്പാണ് ഇത് നടന്നത്. ചേട്ടനും ഞാനും കൂടെ ടൌണിൽ കറങ്ങാൻ പോയി. ഉത്സവപ്പറമ്പിലെ കടല വിൽപ്പനക്കാരനെപ്പോലെ തലങ്ങും വിലങ്ങും നടന്നു. ഒറിജിനൽ ഷോപ്പിംഗ് കുറച്ച് ദിവസം മുൻപ് നടത്തിയതുകൊണ്ട് വിൻഡോ ഷോപ്പിങ്ങിന്റെ ചാൻസ് പോയി. പതിവുപോലെ ഞാൻ വാർത്താവായനക്കാരിയും ചേട്ടൻ ശ്രോതാവും ആയി. വാർത്ത അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോഴാണ്, കുറച്ചു മുന്നിൽ പോകുന്നത് പഴയ ഒരു പരിചയക്കാരിയും കുടുംബവും അല്ലേന്ന് എനിക്ക് തോന്നിയത്. ആൾക്കാരുടെ ഇടയിൽ ആയതുകൊണ്ട് ശരിക്കും കാണുന്നുമില്ല. രണ്ടാളും മാരത്തോൺ തുടങ്ങി. ഇനി അവരെ കണ്ടിട്ട് മിണ്ടാതെ പോയാൽ ശരിയല്ലല്ലോ. അങ്ങനെ ഓടുമ്പോൾ ഒരാൾ സൈഡിൽ നിന്ന് ഹലോ എന്ന് പറഞ്ഞു. ഓ.. പരിചയക്കാർ അങ്ങനെ മേടമാസത്തിൽ പ്ലാവിലിരിക്കുന്ന ചക്ക പോലെയാണല്ലോന്നും വിചാരിച്ച് ഞാനും ഹലോ... ന്നു കുറച്ച് നീട്ടിപ്പറഞ്ഞു. നീട്ടാൻ കാരണം കഴുത്തും കണ്ണും മുന്നിലെ പരിചയക്കാരിയുടെ പിന്നാലെയല്ലേ. വാർത്തക്കിടയിലെ പരസ്യം പോലെ എന്റെ ഹലോ കേട്ട് ചേട്ടൻ ആളെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു ആരാ സു എന്ന്. ഞാൻ നോക്കി. നോക്കുമ്പോൾ ഏതോ ഒരു അപരിചിതൻ മൊബൈൽ ഫോണിൽ സംസാരിക്കുകയാണ്! ചമ്മിയത് അഡ്ജസ്റ്റ് ചെയ്ത് പിന്നേം ഓടിയപ്പോൾ മുന്നിലുള്ളത് വേറെ ഏതോ ഒരു സ്ത്രീ ആയിരുന്നു. അവിടേം ചമ്മി. ഇനീം ചമ്മാൻ വയ്യാന്നു വിചാരിച്ച് രണ്ടാളും പമ്മിപ്പമ്മി വണ്ടി വീട്ടിലേക്ക് വിട്ടു.
ഒളിച്ചോട്ടം!
നിങ്ങൾ..... ഇനിയും തയ്യാറായില്ലേ?ഉവ്വ്. തയ്യാറായിക്കൊണ്ടിരിക്കുന്നു.സമയം.. അത് വളരെ വിലപ്പെട്ടതാണ്.അറിയാം, പക്ഷേ നിങ്ങൾ അൽപം കൂടെ താമസിച്ച് വരുമെന്ന് പ്രതീക്ഷിച്ചു.നിങ്ങൾ പറഞ്ഞ സമയം ആയല്ലോ.ഉം. ജോലി അൽപ്പം കൂടെയുണ്ട് തീർക്കാൻ. കുട്ടികൾ വിശന്നു തളർന്നായിരിക്കും വരവ്. അദ്ദേഹവും. അപ്പോഴേക്കും ഈ പലഹാരങ്ങൾ കൂടെ റെഡി ആവണം. ചായ ഫ്ലാസ്കിൽ എടുത്ത് വെച്ച് കഴിഞ്ഞു.നിങ്ങൾ എന്തിനാണിത്ര ബുദ്ധിമുട്ടുന്നത്? അവരൊക്കെ സ്വയം ചെയ്യാനുള്ളത്ര വളർന്നില്ലേ? ഉവ്വ് എന്നാലും എന്റെ കടമയല്ലേ. കടമ? നിങ്ങൾ എന്റെ കൂടെ പോരാൻ തീരുമാനിച്ച സ്ഥിതിക്ക് സമൂഹത്തോടുള്ള കടമ ഓർക്കണ്ടേ. ഇല്ല സമൂഹത്തോട് എനിക്ക് കടമയും കടപ്പാടും ഒന്നുമില്ല. എന്നാലും സമൂഹത്തെ ഭയക്കേണ്ടേ. അതിന്റെ ആവശ്യമേയില്ല. കണ്ണീരിനോട് അവഗണനയും പുഞ്ചിരിയോട് പുഛവും കാണിക്കുന്ന സമൂഹത്തെ ഞാൻ എന്തിനു ഭയക്കണം? നിങ്ങൾ എന്തുവന്നാലും എന്റെ കൂടെ പോരാൻ തന്നെ തീരുമാനിച്ചു അല്ലേ. ഉറപ്പായിട്ടും. നിങ്ങളെ എന്നും ഞാൻ ആരാധിച്ചിരുന്നു. ജീവിതത്തിലെ കടമകളും തിരക്കും കാരണം നിങ്ങളുടെ ഒപ്പം പോരാനുള്ള തീരുമാനം വൈകിക്കേണ്ടി വന്നു. കടമകൾ ഒരിക്കലും തീരില്ല. നമ്മളായിട്ട് തീർക്കണം. തിരക്ക് ഒരു വിധം തീർന്നു. നിങ്ങൾ ധൃതിയിൽ ജോലി ചെയ്യുന്നുണ്ടല്ലോ. അതിനു കാരണം നിങ്ങളാണ്. നിങ്ങളുടെ വിലപ്പെട്ട സമയം. നിങ്ങളുടെ കൂടെ വരാൻ തീരുമാനിച്ച സ്ഥിതിക്ക് വേഗം തന്നെ ആയ്ക്കോട്ടെ എന്നു കരുതി. ഒരു പത്തു മിനുട്ട് കൂടെ മതി റെഡിയാവാൻ. ദാ.. വന്നു കഴിഞ്ഞു. അവർ തന്റെ മുറിയിൽ കയറി, വാതിൽ ചാരി. വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് അവരെ അന്വേഷിച്ച അച്ഛനും മക്കൾക്കും മുന്നിൽ ഉറക്കഗുളികകളുടെ പായ്ക്കറ്റിനടുത്ത് അവർ... അവരുടെ ദേഹം... ഉണ്ടായിരുന്നു. ജീവൻ, താൻ ആരാധിച്ചിരുന്ന, സ്വീകരിക്കാൻ ഒരുങ്ങിവന്ന ആളുടെ കൂടെ എപ്പോഴേ പോയ്ക്കഴിഞ്ഞു.
ഹലോ.. ഹല്ലോ...
ഹലോ..ഹല്ലോ... ഹല്ലോ..എന്തൊക്കെയുണ്ട് വിശേഷങ്ങൾ?പ്രത്യേകിച്ചൊന്നുമില്ല. എല്ലാവർക്കും സുഖം തന്നെയല്ലേ? അതെ അതെ. അവിടേയും എല്ലാവർക്കും സുഖമല്ലേ? ഓ. അങ്ങനെ പോകുന്നു. ഇന്നു ഒഴിവുദിവസം ആണല്ലോ അല്ലേ? അതെ.*****************അങ്ങനെ പറഞ്ഞ് പറഞ്ഞ് അരമണിക്കൂർ കഴിഞ്ഞു.*****************ഇങ്ങോട്ട് എപ്പോഴാ വരുന്നത്?എങ്ങോട്ട്?ഹലോ...ഹല്ലോ ഹല്ലോ..ഇതു 65..... അല്ലേ?അല്ല 64..... ആണ് .സോറി റോങ്ങ് നമ്പർ.അതു സാരമില്ല....
കടൽ!
കടലിലാണ് ഞാൻ! ആഴമറിയാത്തൊരു അലകടലിൽ...കരയെവിടെ എന്നറിയാതെ നടുക്കടലിൽ...ചുഴികളുണ്ടോന്ന് ചിന്തയില്ല.തിരമാല ആഞ്ഞടിച്ച് എവിടെയെത്തിക്കും എന്നറിയില്ല.സ്വർണമത്സ്യങ്ങൾ തൊട്ടുരുമ്മുന്നത് അറിയുന്നില്ല. തിമിംഗലങ്ങൾ വന്നു വിഴുങ്ങുമോന്ന് ഭയമില്ല.നനുത്ത പുഞ്ചിരി ചുണ്ടിൽ.കണ്ണിൽ ഏതോ സ്വപ്നത്തിൻ ബാക്കി.ഹൃദയത്തിൽ ഒരു തണുപ്പ്.നീന്തുകയാണ് ഞാൻ.കടലിലാണു ഞാൻ.......പ്രണയത്തിൻ ആഴക്കടലിലാണ് ഞാൻ!
അവനും അവളും.. 3
ആദ്യം...അവൻ കറുത്ത വാവ് ആയി ;അവൾ പൂർണചന്ദ്രൻ ആയി.അവൻ കാൻസർ ആയി ;അവൾ കീമോതെറാപ്പി ആയി.അവൻ കഷണ്ടി ആയി ;അവൾ എണ്ണ ആയി.അവൻ അഴുക്ക് ആയി ;അവൾ സോപ്പ് ആയി.അവൻ പവർകട്ട് ആയി ;അവൾ ജനറേറ്റർ ആയി.അവൻ പ്രതി ആയി ;അവൾ വക്കീൽ ആയി.അവൻ ദരിദ്രൻ ആയി ;അവൾ പണം ആയി.അവൻ ചെകുത്താൻ ആയി ;അവൾ മന്ത്രവാദിനി ആയി.അവൻ രോഗി ആയി ;അവൾ ഡോക്ടർ ആയി.അവസാനം...അവൻ അവൻ ആയി ;അവൾ അവൾ ആയി.രണ്ടാളും ഒളിച്ചോടി.കഥ അവിടെ തുടങ്ങി....
മേൽ വിലാസം.
ആശയദാരിദ്ര്യം വന്നാൽ ചിലർക്ക് അങ്കലാപ്പ് വരും എന്നു കേട്ടു. അങ്കലാപ്പ് എന്റെ കൂടെ അന്നും ഇന്നും ഉള്ളതുകൊണ്ട് അതൊരു പുതിയ രൂപത്തിൽ വരും എന്നേ ഞാൻ കണക്കാക്കാറുള്ളൂ. ചിലരുടെ വാചകക്കസർത്ത് കണ്ട് ഈശ്വരാ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്ന് വിചാരിച്ച് അമ്പരന്ന് ഇരിക്കുകയാണ് ഇപ്പോൾ മെയിൻ പരിപാടി. അങ്ങനെ അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന ഒരു ഗുഡ് ആഫ്റ്റർനൂണിലാണ് ഒരു നടത്തം ആയിക്കളയാം എന്ന് തോന്നിയത്. സൂര്യന്റെ ചൂടേറ്റ് തലയ്കകത്ത് വല്ലതും ജ്വലിച്ചാലോ. റോഡാണെങ്കിൽ ചിലരുടെ വിവരമില്ലായ്മ പോലെ നീണ്ടു നിവർന്നങ്ങനെ കിടക്കുകയല്ലേ. സർക്കാർ റോഡിൽ ആർക്ക് വേണേലും എപ്പോ വേണേലും തേരാപ്പാരാ നടക്കാം. ആരു ചോദിക്കാൻ ? നടന്നു. കുറച്ച് നടന്നപ്പോൾ ഒരു വാഹനം തൊട്ടടുത്ത് ബ്രേക്കിട്ടു. നട്ടുച്ചയ്ക്ക് തട്ടിക്കൊണ്ടുപോവലോ എന്നൊന്നും ഞാൻ ചിന്തിക്കില്ല. തട്ടിക്കൊണ്ടുപോയാൽ പോയവൻ കുടുങ്ങും അത്ര തന്നെ. എനിക്ക് പത്തൊൻപതാം അടവ് അറിയാം. ഓട്ടം. പിന്നെ ഇപ്പോൾ എകലവ്യ ആയിട്ട് ഇരുപതാം അടവായ വാചകക്കസർത്ത് പഠിക്കുന്നു. വെറും വാചകം അല്ല. എന്തിൽ തുടങ്ങുന്നു എന്തിൽ അവസാനിക്കുന്നു എന്നു എഴുതിയവനു പോലും പിന്നെ നോക്കിയാൽ മനസ്സിലാവാത്ത ടൈപ്പ് വാചകം. വായിച്ചാലും വായിച്ചാലും മനസ്സിലാവില്ലെങ്കിൽ പറഞ്ഞാൽ മനസ്സിലാവുമോ. ഓ.. എന്റെയൊരു കാര്യം. അതുംകൂടെ പഠിച്ചിറങ്ങിയാൽ പിന്നെ ചുറ്റുമുള്ളവരുടെ കാര്യം പറയേണ്ടി വരില്ല. ഇതൊക്കെ കൊണ്ടു തന്നെ വണ്ടി വന്നു നിന്നപ്പോൾ എനിക്ക് ഒരു ചെറിയ കൌതുകം മാത്രമേ ഉണ്ടായുള്ളൂ. ഒരാൾ വാഹനത്തിൽ നിന്ന് സിനിമാപ്പരസ്യം നീട്ടുന്നതുപോലെ ഒരു കടലാസ് നീട്ടി. ഈ അഡ്രസ് ഒന്നു നോക്കി പറഞ്ഞു തരാമോ. ഇത്രേം കാലം ആയിട്ട് സ്വന്തം അഡ്രസ്സിന്റെ കാര്യം അറിയില്ല, പിന്നെയാ ആരാന്റെ അഡ്രസ്സ് എന്ന് മനസ്സിൽ പറഞ്ഞു. എന്നാലും ചെയ്യുന്ന ഓരോ പുണ്യത്തിനും മുകളിൽ ഇരിക്കുന്ന തമ്പുരാൻ ഓരോ വര വരയ്ക്കും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ട് കടലാസ് വാങ്ങി നോക്കി. എഴുത്തൊക്കെ അസ്സലായിട്ടുണ്ട്. കുഴപ്പമൊന്നുമില്ല. പറഞ്ഞു. ‘ഇവിടെ നിന്ന് നേരെ രണ്ട് കിലോമീറ്റർ പോയാൽ താഴോട്ട് ഒരു റോഡുണ്ട്. അതിലൂടെ കുറച്ച് പോയാൽ ഒരു ഫാക്ടറി പോലെ ഒന്ന് കാണാം. കുറച്ചുംകൂടെ പോയാൽ ഒരു മൃഗാശുപത്രി കാണാം. പിന്നേം കുറച്ച് പോയാൽ ഒരു അമ്പലം കാണാം. കുറച്ചും കൂടെ പോയാൽ ഒരു കുളം കാണാം. അതിനും കുറച്ച് മാറി ഒരു വീടു കാണാം. ആ വീട്ടിൽ സു ഡോ കു വും ചെയ്ത് വെറുതേ സമയം കളയുന്ന എന്റെ അമ്മയാണേ സത്യം, പൊന്നുചേട്ടാ... എനിക്കീ അഡ്രസ്സ് എവിടെയാന്നു കാട്ടിത്തരാൻ അറിയില്ല. പറയലും കടലാസ്സ് തിരികെ നൽകലും മുങ്ങലും ഒക്കെ ഒരുമിച്ച്. കാരണം ചേട്ടന്റെ ഡയലോഗ്, വടി കൊടുത്ത്... എന്നു തുടങ്ങുന്നത് ആരു മറന്നാലും ഞാൻ മറക്കരുതല്ലോ.
അറിയില്ലേ..........
ഹൃദയത്തിൽ അല്ലേ എനിക്കുള്ള സ്ഥാനം?അതേ...അവിടെ നിന്നാണ് ഞാൻ വരുന്നത്...ഉള്ളിന്റെയുള്ളിൽ നിന്ന്...പക്ഷേ ആർക്കും വേണ്ടാത്തവളല്ലേ ഞാൻ...കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ എന്ന ചൊല്ല് എനിക്കു വേണ്ടിയാണോ?പണക്കാർക്കും പാവപ്പെട്ടവർക്കും, പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും, കൂട്ടുകാർക്കും.....പക്ഷിമൃഗാദികൾക്കും...എന്തിന്... സ്വാർഥമതികൾ പോലും ചിലപ്പോൾ എന്നെ കൂട്ടുപിടിക്കുന്നു.ഒരിക്കലെങ്കിലും എന്നെ ആശ്രയിക്കാത്ത ജീവജാലങ്ങൾ ഉണ്ടാവുമോ?എന്നിട്ടോ? കാര്യം നേടിക്കഴിഞ്ഞാൽ എല്ലാവരും വെറുക്കുന്നു...ദൂരെക്കളയാൻ മത്സരിക്കുന്നു.ആർക്കോ വേണ്ടി ജീവിച്ച് ആർക്കോ വേണ്ടി മരിക്കുന്നു...എത്ര ഉപയോഗിച്ചാലും ഒടുവിൽ വിസ്മൃതിയിൽ നിർത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്...ഒരു വിളിപ്പാടകലെ..അല്ലെങ്കിൽ...കൈയെത്തും ദൂരത്ത്...നിൽക്കാൻ വിധിക്കപ്പെട്ട ജന്മം..ഉള്ളിന്റെയുള്ളിൽ നിന്ന് വന്ന് ഉള്ളിന്റെയുള്ളിൽ അലകളുയർത്തി ഒടുവിൽ ഒരു പുഞ്ചിരിക്ക് ആധിപത്യം സ്ഥാപിക്കാൻ വഴിമാറിയൊഴിഞ്ഞ് എന്നോ എവിടെയോ ഒരു തിരിച്ചുവരവിന്റെ ഊഴവും കാത്ത് ഇരിക്കാൻ വിധിക്കപ്പെട്ടവൾ.തേങ്ങൽ! അതല്ലേ ഞാൻ ?അതെ.................
എന്റെ സുഹൃത്തുക്കൾക്ക്...
Anonymous said...
hey su.. you don't think it's a kind of desentry you have and all those who cheer you up or trying to get attension of you have the same problem .. well .. i landed up in your blog some how and feel it so disgusting... please think about stopping such meaningless things...
Fri Nov 18, 08:24:12 PM IST
പ്രിയപ്പെട്ട സുഹൃത്തുക്കളേ ഇതാ മുകളിൽ ഉള്ളത് ഒരു പേരും നാടും ഒന്നും പറയാൻ ധൈര്യമില്ലാത്ത ഒരാളുടെ വിലയേറിയ ഉപദേശം ആണ്. രണ്ടു ദിവസം മാറി നിൽക്കേണ്ടി വന്നപ്പോൾ ആ പാവം ഉപദേശം വെച്ച് പോയതാ. നേരിട്ട് സ്വീകരിക്കാൻ പറ്റിയിരുന്നെങ്കിൽ എനിക്ക് മോക്ഷം ലഭിക്കുമായിരുന്നല്ലോ.
ഇനി ഇയാളുടെ അഭിപ്രായത്തിനോട് യോജിക്കുന്ന എല്ലാവരും സ്വന്തം പേരു വെച്ച് എനിക്കുള്ള ഉപദേശങ്ങൾ ഇവിടെ കമന്റിന്റെ രൂപത്തിൽ വെക്കാൻ ദയവുണ്ടാകണം.
യോജിക്കാത്തവർക്കും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ വെക്കാവുന്നതാണ്.
നേരെ വാ നേരെ പോ എന്നൊരു രീതിയിൽ അങ്ങു പോകുന്നതല്ലേ എല്ലാവർക്കും നല്ലത്?
ചാച്ചാ നെഹ്രു..
ചാച്ചാ നെഹ്രുവിൻ ജന്മദിനം. നമ്മുടെ നാടിൻ പുണ്യദിനം. കുട്ടികൾക്കെല്ലാം ചാച്ചാ ആയ്, നമ്മുടെ നാടിൻ ജേതാവായ്, മനസ്സിൽ നിറയും ജവഹർലാൽ. നൽകാം നമുക്കാ നേതാവിന്നായ്, ഓർമതൻ ഒരുപിടി റോസാപ്പൂക്കൾ.
മൗനം........
മൗനം ഏതോ ചിലങ്കയിൽ തട്ടി നൃത്തമായി.
മൗനം ഏതോ തംബുരുവിൽ മീട്ടി ശ്രുതിയായി.
മൗനം ഏതോ വിരലിൽ തൊട്ട് താളമായി.
മൗനം ഏതോ കണ്ഠത്തിൽ അലിഞ്ഞ് സ്വരമായി.
മൗനം ഏതോ മുഖത്ത് വിരിഞ്ഞ് ഭാവമായി.
മൗനം ഏതോ മുരളിയിൽ ചേക്കേറി സംഗീതമായി.
മൗനം ഏതോ ഹൃദയത്തിൽ ലയിച്ച് പ്രണയമായി.
മൗനം ഏതോ ജീവന്റെ സപ്തസ്വരമായി.
ലാൽ സലാം !
അവൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയി,
അവൻ തൂവാനത്തുമ്പികൾ ആയി.
അവൾ കിരീടം ആയി,
അവൻ ചെങ്കോൽ ആയി.
അവൾ ധനം ആയി,
അവൻ രാവണപ്രഭു ആയി.
അവൾ കിലുക്കം ആയി,
അവൻ നാടോടിക്കാറ്റ് ആയി.
അവൾ ചിത്രം ആയി,
അവൻ മണിച്ചിത്രത്താഴ് ആയി.
അവൾ മായാമയൂരം ആയി,
അവൻ ദേവദൂതൻ ആയി.
അവൾ ചതുരംഗം ആയി,
അവൻ ഉസ്താദ് ആയി.
അവൾ കിളിച്ചുണ്ടൻ മാമ്പഴം ആയി,
അവൻ കാക്കക്കുയിൽ ആയി.
അവൾ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ആയി, അവൻ നാടോടി ആയി.
അവൾ കമലദളം ആയി,
അവൻ വടക്കും നാഥൻ ആയി.
അവൾ പഞ്ചാഗ്നി ആയി,
അവൻ അഗ്നിദേവൻ ആയി.
അവൾ രാജശിൽപ്പി ആയി,അവൻ രാജാവിന്റെ മകൻ ആയി.അവൾ മാന്ത്രികം ആയി,അവൻ ഇന്ദ്രജാലം ആയി,അവൾ സൂര്യഗായത്രി ആയി, അവൻ ആറാംതമ്പുരാൻ ആയി.
പാവം പാവം രാമൻ കുട്ടി!
രാമൻ കുട്ടിയ്ക്ക് അൽപം ചുറ്റിക്കളിയുണ്ട്. അതായത് പ്രണയം. അതിനെന്താ പ്രണയം തെറ്റാണോന്നൊക്കെ മഹാമനസ്കന്മാർ ചോദിക്കും. കാര്യം അറിയാവുന്നവരുടെ ഉത്തരം കേട്ടാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നോരുടെ വായ എലി കയറിയ എലിപ്പെട്ടി പോലെ അടയും. കാര്യം എന്താന്നുവെച്ചാൽ രാമൻ കുട്ടിയ്ക്ക് ഭാര്യയും മൂന്നു മക്കളും ഉണ്ട്. ഇന്റർവ്യൂ ബോർഡിലിരിക്കുന്നോരെപ്പോലെ അടുത്ത ചോദ്യം വരും, ഭാര്യയും പിള്ളേരും ഉള്ളവർക്ക് പ്രണയിച്ചൂടേന്ന്. പ്രണയിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ ഫ്ലാഷും ക്ലാഷും ആകരുതെന്നു മാത്രം. രാമൻ കുട്ടിക്കാണെങ്കിൽ രണ്ടു പ്രണയവും കണക്കാ. ഭാര്യയെക്കൊണ്ടും കാമുകിയെക്കൊണ്ടും തോറ്റു. ഒടുക്കത്തെ ചിലവ്. കടയിൽ കയറി എന്തെങ്കിലും വാങ്ങണമെങ്കിൽ രണ്ടെണ്ണം വാങ്ങണം. കാമുകി അറിഞ്ഞില്ലാന്നു വരും. പക്ഷേ ഭാര്യയുടെ കുറേ കുടുംബം കലക്കി സുഹൃത്തുക്കളിൽ ആരെങ്കിലും ഒന്നു കണ്ടാൽ കാര്യം തീരും. ഭാര്യയുടെ സ്വഭാവം വെച്ചു നോക്കിയാൽ രാമൻ കുട്ടി സിദ്ധികൂടും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ രാമൻ കുട്ടിയുടെ അഭിപ്രായത്തിൽ പ്രണയം എന്നു വെച്ചാൽ വടംവലി ആണ്. തോറ്റാലും ജയിച്ചാലും വീഴും. ഒന്നുകിൽ മുന്നോട്ട് അല്ലെങ്കിൽ പിന്നോട്ട്. അങ്ങനെ ബസ്സ് സ്റ്റാന്റിലെ പഴക്കച്ചവടക്കാരൻ തന്റെ ത്രാസ്സിനു വെക്കുന്നതുപോലെ സ്വന്തമായിട്ട്, എവിടേം കാണാത്ത ഒരു ബാലൻസ് ഒപ്പിച്ച് മുന്നോട്ട് പോകുമ്പോഴാണ് സിനിമ വന്നത്. ലാലേട്ടനും മമ്മൂട്ടിയും ഒരുമിച്ചുള്ള പടം. രാമൻ കുട്ടി മാർക് ലിസ്റ്റ് കണ്ട പഠിപ്പില്ലാക്കുട്ടിയെപ്പോലെ ഞെട്ടി. പ്രാണേശ്വരിമാരിൽ ഒരാൾ മമ്മൂട്ടി ഫാൻ, ഒരാൾ ലാലേട്ടൻ ഫാൻ. രണ്ടും ഫാനും കറങ്ങുന്നത് രാമൻ കുട്ടിയുടെ തലച്ചോറിനുള്ളിൽ. രണ്ടാളും ഡിമാന്റ് വെച്ചു. പോകണം പടത്തിന്. വേറേ എവിടെപ്പോയാലും ആരെങ്കിലും കണ്ടാൽ എന്തെങ്കിലും തട്ടിപ്പ് പറഞ്ഞ് ഒഴിവാകാം. സിനിമയ്ക്ക് ആവുമ്പോൾ അതുപറ്റില്ല. അടുത്തടുത്ത സീറ്റിൽ ഇരുന്നാൽ ആരും അറിയും. എന്നാലും രാമൻ കുട്ടി ധൈര്യപൂർവം പുറപ്പെട്ടു. ഒരേ ദിവസം രണ്ടാളേം കൊണ്ട്. കാമുകിയ്ക്ക് ടാക്കീസിനു മുന്നിൽ കാത്തുനിൽക്കാൻ ഓർഡർ കൊടുത്തു. ഭാര്യയെന്ന ഭാരവും മക്കൾ ചില്വാനത്തിനേം വഹിച്ചുകൊണ്ട് ടാക്കീസിനു മുന്നിൽ എത്തി. ഓട്ടോ നിർത്തിയതും ഭാര്യ അതിശയപ്പെട്ടു. ഭർത്താവ് ദേ പരിപ്പുപ്രഥമൻ കണ്ട തീറ്റക്കാരനെപ്പോലെ വെച്ചുപിടിക്കുന്നു. ഓ... ടിക്കറ്റിനു ആയിരിക്കും. രാമൻ കുട്ടിക്കാണെങ്കിൽ വെപ്രാളം. ടിക്കറ്റൊക്കെ പണ്ടേ ഏർപ്പാടാക്കി വെച്ചിട്ടുണ്ട്. ഇനി രണ്ടെണ്ണത്തിനേം വെവ്വേറെ സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു കിട്ടണം. കാമുകിയ്ക്ക് ഭാര്യയെ അറിയാം. പക്ഷേ ഭാര്യക്ക് കാമുകിയെ അറിയില്ല. എങ്ങനെയെങ്കിലും ഭാര്യയുടെ തലയിൽ അൽപം വെളിച്ചം കയറിയാൽ രാമൻ കുട്ടിയുടെ തലയ്ക്കു മുകളിൽ മാത്രമല്ല കാൽച്ചുവട്ടിലും വെളിച്ചം എരിയും. രാമൻ കുട്ടി ഒരു വിധത്തിൽ കാമുകിയെ തിരഞ്ഞു പിടിച്ചു. ടിക്കറ്റും കൊണ്ട് അകത്തുകയറി അവളെ ഒരിടത്തുവെച്ചു. പുറത്തിറങ്ങി വന്ന് ഭാര്യയേയും മക്കളേയും കൊണ്ട് പിന്നേം അകത്തുകയറി. വാതിൽക്കൽ ടിക്കറ്റുവാങ്ങാൻ നിൽക്കുന്നവൻ നോക്കിയ നോട്ടം കണ്ടപ്പോൾ രാമൻ കുട്ടിക്ക് കലി കയറി. കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ എന്നൊരു ചിന്തയാണു വന്നത്. കുടുംബസമേതം ഇരിക്കുന്നതിന്റെ അൽപം മുൻപിലായിട്ടാണ് കാമുകിയ്ക്ക് സീറ്റ്. രാമൻ കുട്ടിയ്ക്ക് ഒരു ഇരിപ്പിടം അവിടെ ഒഴിഞ്ഞു കിടപ്പുണ്ട്. ഇവിടെ ആളുണ്ട് ആളുണ്ട് എന്ന് വരുന്നവരോടൊക്കെ പറഞ്ഞു പറഞ്ഞ് അവൾക്കു മടുത്തു. അങ്ങനെ സിനിമ തുടങ്ങി. കുട്ടികൾ കടല വേണം. ഐസ്ക്രീം വേണം എന്നൊക്കെ പറഞ്ഞത് രാമൻ കുട്ടിക്ക് ഭാഗ്യമായി. വാങ്ങാനുള്ള മട്ടിൽ പോകും കുറച്ചു നേരം കാമുകീസവിധത്തിൽ ഇരിക്കും, പിന്നെ ഓരോന്നൊക്കെ വാങ്ങി തിരിച്ചുവന്ന് കുട്ടികൾക്ക് കൊടുക്കും. ഭാര്യയുടെ അടുത്ത് ഇരിക്കും. ചുരുക്കം പറഞ്ഞാൽ രണ്ട് മെഗാസീരിയലിൽ അഭിനയിക്കുന്ന താരത്തെപ്പോലെ രാമൻ കുട്ടിയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ലൊക്കേഷൻ വിട്ട് ലൊക്കേഷനിലേക്ക് ഓട്ടം തന്നെ ഓട്ടം. അങ്ങനെ ഒരു പ്രാവശ്യം പുറത്തുപോയിട്ട് വരാം എന്നും പറഞ്ഞ് രാമൻ കുട്ടി പോയി കാമുകിയുടെ അടുത്ത് പോയി ഇരുന്നു. ഭാഗ്യമില്ലാത്തവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്ന് പറഞ്ഞതുപോലെ കറന്റ് പോയി. എല്ലാം നിന്നു. ആൾക്കാർ കൂവാൻ തുടങ്ങിയതും കറന്റ് വന്ന് എല്ലാ ലൈറ്റും ഒരുമിച്ചു കത്തി. " ദേ നമ്മുടെ അച്ഛനെപ്പോലൊരാൾ മുന്നിലിരിക്കുന്നതു കണ്ടോ എന്നു മൂത്ത മോൻ ചോദിച്ചത് മാത്രം രാമൻ കുട്ടി കേട്ടു. ഇനി എന്തേലും കേട്ടിട്ട് കാര്യമുണ്ടോ, നിങ്ങൾ തന്നെ പറ.
ചിത!
ചിതയിലെരിയുന്നു ഞാൻ,തീയാണു ചുറ്റിലും,പുകയുന്ന ചന്ദനം.മറയുന്ന നിനവുകൾ,ഒടുങ്ങുന്ന കിനാവുകൾ.കേൾക്കുന്നു ചുറ്റിലും,തേങ്ങലിൻ ചീളുകൾ.വിടപറയും മനസ്സിന്റെ,തീരാത്ത നൊമ്പരം.ഇനിയെന്നാണൊരു സംഗമം,മനസ്സിന്റെ കോണിലൊരു ചോദ്യമതുയരുന്നു.ചിതയിലെരിയുന്നു ഞാൻ,വിട ചൊല്ലുന്നെൻ മാനസം.{ ഞാൻ ഒരു മഹാമോശം മൂഡിൽ ആണിപ്പോൾ. അതുകൊണ്ട് ഈ വിഡ്ഡിത്തം ഇരിക്കട്ടെ എന്നു കരുതി }
പപ്പായ കൊണ്ട് ഒരു വിഭവം.
പപ്പായയുടെ പിന്നാലെ എല്ലാവരും കറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി. അതുകൊണ്ടു തന്നെ പപ്പായ ഉപയോഗിച്ച് നല്ലൊരു വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരേണ്ടത് ഒരു വീട്ടമ്മ എന്ന നിലയ്ക്ക് എന്റെ കടമയാണ്. ഇത് പുരുഷന്മാർ മാത്രം ഉണ്ടാക്കേണ്ടതാണ്. നിങ്ങളുടെ കൈപ്പുണ്യം നിങ്ങളുടെ വീട്ടിലിരിക്കുന്ന സ്ത്രീകളെ അറിയിക്കാൻ ഉള്ള ഒരു അവസരം ആണ് ഇത്. ഈ വിഭവത്തിനു പ്രത്യേകിച്ച് ഒരു പേരും ഇല്ല. നിങ്ങൾ എല്ലാവരും എന്റെ പേരു ഇടും എന്നെനിക്ക് പണ്ടേ അറിയാം. എന്തോ ചെയ്യ്.
ഇതിലേക്ക് വേണ്ടുന്ന വസ്തുക്കൾ.
ഒന്ന്-- പഴുത്ത പപ്പായ. എത്ര എണ്ണം വേണമെങ്കിലും എടുക്കാം. നിങ്ങളുടെ വയർ, പരീക്ഷണം എത്ര താങ്ങും എന്ന് നിങ്ങൾക്കല്ലേ അറിയൂ. ഞാൻ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ടെങ്കിൽ കുറിപ്പടി മുൻപേ അയക്കും.
പിന്നെ പച്ചക്കറികൾ-- ഒരു വിധം എല്ലാ പച്ചക്കറികളും വേണം. പിന്നെ പച്ചമുളക് , കറിവേപ്പില, ഉപ്പ്, ഇഞ്ചി, ഒക്കെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദ്യം തന്നെ പപ്പായ നല്ല സ്റ്റൈലിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ അരിയുന്നതുപോലെ അരിയുക. നീളൻ കഷണങ്ങൾ ആക്കി ഒരു പ്ലേയിറ്റിൽ വെക്കുക. കുറച്ച് പച്ചവെള്ളവും ഒരു പാത്രത്തിൽ എടുത്തു വെക്കുക.
അടുത്തത് തക്കാളിയാണ്. ചീഞ്ഞതൊക്കെ മാറ്റി വെക്കണം. ഞാൻ വരുമ്പോൾ തന്നാൽ ഈ ബ്ലോഗിൽ വെക്കാം. എനിക്കൊരു ഉപകാരം ആയിരിക്കും. തക്കാളി പച്ചടിക്ക് അരിയുന്നതുപോലെ കുനുകുനാ അരിഞ്ഞ് മാറ്റി വെക്കുക. കുറച്ച് പച്ചമുളകും അതിൽ അരിഞ്ഞു ചേർക്കുക.
പിന്നെ കുമ്പളങ്ങ എടുത്ത് മോരു കറിയുടെ പാകത്തിൽ മുറിക്കുക. നിങ്ങൾക്ക് അതൊന്നും മുറിച്ച് ശീലം ഇല്ല എന്നല്ലേ പറഞ്ഞുവരുന്നത്? മുന്നിൽ കിട്ടിയപ്പോളൊക്കെ വെട്ടിവിഴുങ്ങിയ ശീലം ഉണ്ടല്ലോ. അതുകൊണ്ട് ആ കഷണങ്ങൾ എങ്ങനെ എന്ന് ഓർത്തെടുത്ത് മുറിച്ചു വെക്കുക.
അടുത്തത് ചേനയും കായയും എടുക്കുക. കൂട്ടുകറിയ്ക്ക് അരിയുന്ന പോലെ മുറിക്കുക. എന്നിട്ട് മാറ്റി വെക്കുക. ചേന മുറിക്കുമ്പോൾ നിങ്ങളുടെ കൈ ചൊറിഞ്ഞുവെന്ന് വരും. പക്ഷേ നിങ്ങളുടെ നാക്ക് ചൊറിയാതിരിക്കാൻ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്. കാരണം നിങ്ങളുടെ വീട്ടുകാരിയുടെ അഥവാ വീട്ടിലെ സ്ത്രീകളുടെ സ്വഭാവം എനിക്കെങ്ങനെ അറിയാം?
പിന്നെ എടുക്കേണ്ടത് മുരിങ്ങാക്കായ, ഉരുളക്കിഴങ്ങ്, ഉള്ളി, മത്തങ്ങ, വഴുതനങ്ങ ഒക്കെയാണ്. മുരിങ്ങാക്കായ മുഴുവൻ എടുക്കണം. കാരണം ആയുധങ്ങൾ കഴിയുന്നതും നശിപ്പിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്.
അടുത്തത് ഒരു കോഴിയെ വെട്ടി ശരിപ്പെടുത്തി നിങ്ങൾക്ക് ഇഷ്ട വിഭവത്തിനു വേണ്ടി തയ്യാറാക്കി വെക്കാം. പിന്നെ കുറച്ച് മീൻ ശരിയാക്കി വറുക്കാൻ പാകത്തിൽ വെക്കണം. പിന്നെ അവസാനമായി കുറച്ച് തേങ്ങ പൊതിച്ച് ചിരവി വെക്കുക.
ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ആദ്യം മുറിച്ചു വെച്ച പപ്പായയുടെ പ്ലെയിറ്റ് എടുക്കുക. എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി ഇരുന്ന് , വേണമെങ്കിൽ പാട്ടും കേട്ട് ഓരോ കഷണങ്ങൾ ആയി തിന്നാം. പച്ചക്കറികൾ ഒക്കെ അരിഞ്ഞു വെച്ചതിൽ നിന്നും നിങ്ങൾക്ക് മനസ്സിലായിക്കാണും വീട്ടിലെ സ്ത്രീകൾ ഓരോ വിഭവം ഉണ്ടാക്കാൻ പെടുന്ന പാട്. മനസ്സിലായില്ലെങ്കിൽ പച്ചക്കറി അരിയുന്നതിനു പുറമേ പാചകവും പരീക്ഷിക്കാം. അപ്പോഴാ ഒറ്റയ്ക്ക് തിന്നാൻ പറ്റുന്ന പപ്പായ കൊണ്ട് വിഭവം. പല്ലുകൊണ്ട് കടിച്ച് മുറിച്ച് തിന്ന് പച്ചവെള്ളവും കുടിച്ച് മിണ്ടാതെ ഇരുന്നോണം. അല്ല പിന്നെ.
കേരളം...മലയാളികളുടെ കേരളം.
രാഷ്ട്രീയം പല തരം.ഭക്ഷണം പല വിധം.ഹർത്താൽ പല തരം.വാണിഭം പല വിധം.മതങ്ങൾ പല തരം.ജാതികൾ പല വിധം.ദൈവങ്ങൾ പല തരം.ആളുകൾ പല വിധം.പക്ഷേ കേരളം ഒന്ന്, മലയാളം ഒന്ന്.നവംബർ ഒന്ന്, കേരളപ്പിറവി.എല്ലാവർക്കും കേരളപ്പിറവി ആശംസകൾ.