ടീച്ചര്‍ ചോദ്യം തുടങ്ങി.
നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകണം?
ഓരോരുത്തരായി ഉത്തരം പറഞ്ഞു.
“എനിക്ക് എഞ്ചിനീയര്‍ ആകണം.”
“എനിക്ക് നേഴ്സ് ആകണം.”
“എനിക്ക് വക്കീല്‍ ആകണം.”
“എനിക്ക് ടീച്ചര്‍ ആകണം.”
ഏറ്റവും ഒടുവില്‍ ടീച്ചര്‍ അവളുടെ അടുത്തെത്തി.
“എന്താ ഒന്നും ആകണ്ടേ?”
“ഉം”
“എന്താ?”
“എനിക്കൊരു മലയാളം ബ്ലോഗര്‍ ആവണം.”
അങ്ങനെ അവള്‍ വലുതായി ഒരു ബ്ലോഗ് തുടങ്ങി.
ഇങ്ങനെയൊന്നുമല്ല സംഭവിച്ചത്. സമയം പോക്കലിന്റെ വലിയൊരു ഉപാധി ആയിട്ടാണ് അവള്‍ ബ്ലോഗിങ്ങിനെ കണ്ടത്. സ്വാഗതം പറയാന്‍ പോലും ആരുമില്ലാത്ത ഒരു ക്ലാസ്സിലേക്കാണ് അവള്‍ ദൈവനാമവുമായി ഒന്നുമാലോചിക്കാതെ കടന്നുവന്നത്. ഒറ്റയ്ക്കിരുന്ന ആ ക്ലാസ്സിലേക്ക് ഒരു ലോകം മുഴുവന്‍ കൂട്ടായി വന്നപ്പോളാണ് ജീവിതത്തിന്, ലോകത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്ന് കണ്ടത്. ഒരു ബ്ലോഗര്‍ ആയിരുന്നില്ലെങ്കില്‍, അവള്‍ അറിയാത്ത പല മുഖങ്ങളും അവള്‍ കണ്ടു. ഇങ്ങനെയും ആള്‍ക്കാരുണ്ടാവുമോ. അവള്‍ക്ക് അത്ഭുതം ഉണ്ടായിരുന്നു. ഉണ്ടാവും എന്ന് തെളിയിച്ചുകൊണ്ട്, അവള്‍ കണ്ടിരുന്ന പച്ചവേഷങ്ങള്‍ കൂടാതെ, ചുവപ്പും, കത്തിയും, ആയ വേഷങ്ങളും അവള്‍ക്ക് മുന്നില്‍ ആടിത്തകര്‍ത്തു. ഒരു പക്ഷെ ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍ അവള്‍ കാണാന്‍ സാധ്യതയില്ലാത്ത പല മുഖങ്ങളും, പൊയ്മുഖങ്ങളും, അവള്‍ക്ക് മുന്നിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അവള്‍, പക്ഷെ, ഒഴുകിക്കൊണ്ടേയിരുന്നു. ചിരിച്ചും, കരഞ്ഞും, വിഷാദിച്ചും, വിഷമിച്ചും.
അങ്ങനെയങ്ങനെ പ്രോത്സാഹനവും, സ്നേഹവും, കരുതലും, മാത്രം ഊര്‍ജ്ജമാക്കി, അവഗണനകളും, തെറ്റിദ്ധാരണകളും, കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ച്, അവള്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
അവളുടെ, ബ്ലോഗ്, സൂര്യഗായത്രി, ഇന്ന് മൂന്നാംപടിയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. രണ്ടുവര്‍ഷം തികഞ്ഞ് മൂന്നാംവര്‍ഷത്തിലേക്ക്. എഴുതുന്നതൊന്നും, മാസ്റ്റര്‍പ്പീസുകളെല്ലെന്നും, വായിക്കാനും, വേണ്ടെങ്കില്‍ തള്ളാനും, എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ബോധത്തോടെ, ഇനിയും, നന്നാക്കാന്‍ ശ്രമിക്കാം എന്നൊരു പ്രതീക്ഷയോടെ.
അനുഗ്രഹിക്കാം. അവഗണിക്കാം. അപമാനിക്കരുത്. ഓരോ മനുഷ്യരിലും മിടിക്കുന്നത് ഹൃദയം തന്നെയാണ്.
ഇതുവരെ പ്രോത്സാഹിപ്പിച്ച, തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തിയ, എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുന്ന, അഭിപ്രായം പറയുന്ന എല്ലാ സഹബ്ലോഗേഴ്സിനും, ബ്ലോഗില്ലാതെ, വായിച്ചുപോകുന്ന അനേകം പേര്‍ക്കും തരാന്‍ സ്നേഹം മാത്രമേയുള്ളൂ. ബ്ലോഗിങ്ങിനിടയ്ക്ക്, വളരെക്കുറച്ചുപേരെ കണ്ടു, വളരെക്കുറച്ച് പേരെ പരിചയപ്പെട്ടു. ബാക്കിയുള്ളവരെയൊക്കെ, കാണാനും, പരിചയപ്പെടാനും സാധിക്കും എന്നൊരു പ്രതീക്ഷയുണ്ട്.
ആര്‍ക്കെങ്കിലും ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വയ്ക്കുന്ന കമന്റ് ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക. ഇനി മുതല്‍ വയ്ക്കുന്നതല്ല. ആരേയും, പരിഹസിക്കാന്‍ വേണ്ടി ഞാന്‍ കമന്റ് വയ്ക്കാറില്ല. വച്ച കമന്റ് ഏതെങ്കിലും, പരിഹാസമായിട്ട് തോന്നുകയോ, വിഷമിപ്പിക്കുകയോ ചെയ്തെങ്കില്‍ മാപ്പ്. തിരിച്ചെടുക്കാന്‍ പറ്റില്ല. ഇനി അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും.
നിങ്ങളെക്കൂടാതെ സ്നേഹം പങ്കിടാന്‍ ഒരാള്‍ കൂടെയുണ്ട്. ഞാന്‍ ഇതുവരെ കാണാത്ത, മോണിട്ടറില്‍, വെറും അക്ഷരങ്ങളും, വളരെ അപൂര്‍വ്വമായിട്ട്, ഫോണില്‍, മൊഴിയുമായി, പ്രത്യക്ഷപ്പെടുന്ന സുഹൃത്ത്. എനിക്ക് ബ്ലോഗ്ഗര്‍.കോം/സ്റ്റാര്‍ട്ട് എന്ന ലിങ്ക് തന്നയാള്‍. ബ്ലോഗിലിട്ട പോസ്റ്റ് വായിച്ച് “കൊള്ളാം” എന്ന് ആദ്യം അഭിപ്രായം പറഞ്ഞ ആള്‍.
ജോ എന്ന സുഹൃത്ത്.
സന്തോഷിന്റേയും, രേഷ്മയുടേയും, പോസ്റ്റില്‍ പറഞ്ഞതുപോലെ കാരുണ്യവാനായ അപരിചിതനായ പരിചിതന്‍.
ജോയ്ക്കും, എനിക്ക് ആദ്യം ബ്ലോഗ് വായിക്കാന്‍ തന്ന മോളുവിനും, ഒരുപാട് സ്നേഹം.
പിന്നെ, വരമൊഴിക്ക് സിബുവിന് ആശംസകള്‍.
വന്ന് അഭിപ്രായം പറഞ്ഞ് വരമൊഴിയുടെ ലിങ്ക് തന്ന drunkenwind-നേയും ഓര്‍മ്മിക്കുന്നു.
പിന്നെ, എല്ലാ ടെക്നിക്കല്‍ പുലികള്‍ക്കും നന്ദി.
ഇനിയെന്താ?
ഒന്നുമില്ല. ഒരു പാട്ട് എനിക്കുവേണ്ടി ആരെങ്കിലും പാടുമായിരിക്കും.
എല്ലാവരും ഇനിയും, പ്രോത്സാഹനവും, നല്ല വിമര്‍ശനവും (ബ്ലോഗ് എഴുതുന്നത് എഴുതിത്തെളിഞ്ഞ ഒരു സാഹിത്യകാരി അല്ല എന്ന തിരിച്ചറിവോടെ ഉള്ള വിമര്‍ശനം) നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സൂര്യഗായത്രി മൂന്നാംവര്‍ഷത്തിലേക്ക്.
Labels: സന്തോഷം