ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. കാരണം, ഇരിക്കുന്നത് റെയില്‍വേപ്ലാറ്റ്‌ഫോമിലെ ബെഞ്ചിലായിപ്പോയി. ഹിമയ്ക്ക് കുറച്ചൊരു അരിശം വരുന്നുണ്ടായിരുന്നു. ജയേഷ് വരാമെന്ന് പറഞ്ഞതുകൊണ്ടാണ്, കാത്തിരുന്നേക്കാം എന്ന് കരുതിയത്. ഇനിയും വന്നിട്ടില്ല. വണ്ടിയില്‍ നിന്നിറങ്ങിയിട്ട് പത്ത് മിനുട്ടോളമാവുന്നു. വീട്ടിലേക്കും ഒരു പത്ത് മിനുട്ട് ദൂരമേയുള്ളൂ.
‘രണ്ട് മിനുട്ട് കാത്ത് നില്‍ക്കൂ, വന്നു, ഞാന്‍’ എന്നാണ് ജയേഷ് പറഞ്ഞത്. ബാഗൊക്കെ എടുത്ത് പോകേണ്ടത് ഓര്‍ത്തപ്പോള്‍ കാത്ത് നില്‍പ്പ് തന്നെയാണ് നല്ലതെന്നു തോന്നി. ആദ്യം വണ്ടിയിലെ മടുപ്പില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു. പിന്നെ കുറച്ചുനേരം വരുന്നവരേയും പോകുന്നവരേയും നോക്കി ഇരുന്നു. തിരക്കില്‍ അലിയാന്‍ ശ്രമിക്കുന്നവര്‍. മുഖഭാവങ്ങള്‍ വ്യത്യസ്തം. യാത്ര അയയ്ക്കാന്‍ വന്നവരും, സ്വീകരിക്കാന്‍ വരുന്നവരും, യാത്ര പോകുന്നവരും, എത്തിച്ചേരുന്നവരും. എല്ലാവരുടേയും മനസ്സില്‍ എന്താവും? അടുത്തുള്ളവരെപ്പോലും മനസ്സിലാക്കാന്‍ പറ്റുന്നില്ല. പിന്നെയല്ലേ അപരിചിതര്‍.
അവരേയും നോക്കി മടുത്ത് കഴിഞ്ഞത്, ഇനിയും വന്നില്ലല്ലോ എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടായപ്പോഴാണ്. വാച്ചിലേക്കാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് നോക്കിപോകുന്നു. വിളിച്ചു നോക്കാം.
"പുറപ്പെട്ടില്ലേ?"
"ഇപ്പോ ഇറങ്ങാം. അഞ്ച് മിനുട്ട്."പിന്നെയൊന്നും ചോദിക്കാന്‍ നിന്നില്ല. അകലെയുള്ള ബുക്‌ക്‍സ്റ്റാളിലേക്കും, ജ്യൂസ് കടയിലേക്കും നോക്കി വെറുതെ ഇരുന്നു. ബാഗൊക്കെ വലിച്ച് പോകാന്‍ കഴിയില്ല. ഇവിടെ ഇട്ട് പോകാനും മടി. വെള്ളം അല്‍പമേയുള്ളൂ. അത് കുടിച്ചു. ഒരു വണ്ടി വന്ന് നിന്നത് അവള്‍ അറിഞ്ഞു. വിളക്കുകളൊക്കെ തെളിഞ്ഞിരുന്നു. എന്തായാലും പുറപ്പെട്ടിട്ടുണ്ടാവും. ഓഫീസില്‍ നിന്നും പത്ത് മിനുട്ട് വേണമല്ലോ. ഇനിയും വിളിച്ചു നോക്കാന്‍ വയ്യ.
തിരക്കൊഴിഞ്ഞു എന്ന് തോന്നിയപ്പോഴാണ്, "ചേച്ചീ" എന്നൊരു ശബ്ദം കേട്ടത്. എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്നായതുകൊണ്ട് ഞെട്ടിപ്പോയി. മുന്നില്‍ത്തന്നെ ഒരാള്‍. ഒരു ബാഗുണ്ട് കൈയില്‍. കൈയില്‍ നിന്ന് എന്തോ മുകളിലേക്ക് ഇട്ട് പിടിച്ചു. ഒരു സ്വരം വന്നു.
"ചേച്ചീ, ഇതാണു മൂളുന്ന വണ്ടുകള്‍. കരയുന്ന കുട്ടികളെ ഇത് കാണിച്ചാല്‍ മതി. കുട്ടികള്‍ക്ക് സമ്മാനം കൊടുക്കാന്‍ ഇത് മതി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ ഇത് കൊണ്ട് സൂത്രം കാണിച്ചാല്‍ മതി. "
പറയുന്നതിനനുസരിച്ച് അയാള്‍ ആ വസ്തു മുകളിലേക്കിട്ട് പിടിച്ച് കൊണ്ടിരുന്നു. എന്തൊരു ശബ്ദം. വെറുതേ വിശന്നിരിക്കുന്ന മടുപ്പ് കൂടെയായപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി.
" ചേച്ചീ വെറും ഒരു പായ്ക്കറ്റ് മുപ്പത് രൂപ. കുട്ടികള്‍ക്ക് ഒന്ന് കാട്ടിക്കൊടുത്താല്‍ മതി."
മൂളുന്ന വണ്ടുകള്‍! ചെറിയ രണ്ട്, ഗോലിപോലെയുള്ള വസ്തു. കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റിയതു തന്നെ. ഇനി അഥവാ ആ ശബ്ദം ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ കരയുന്നതും കൂടെ സഹിക്കണം. ഹിമയ്ക്ക് അരിശം വന്നു.
"എനിക്കു വേണ്ട ഇതൊന്നും."
"വാങ്ങണം ചേച്ചീ. ഇന്ന് കുറേപ്പേര്‍ ഇതുംകൊണ്ട് വന്നതുകൊണ്ട് ഒന്ന് രണ്ടെണ്ണമേ ചെലവായുള്ളൂ."
നിരാശയും അവശതയും ഉണ്ടായിരുന്നു അയാളുടെ സ്വരത്തില്‍.
അയാള്‍ ബാഗില്‍ നിന്ന് കുറേ പായ്ക്കറ്റെടുത്ത് കാട്ടി. അഞ്ചാറെണ്ണം ഉണ്ടാകും. കൈയില്‍ ഉള്ളത് മാത്രമാവും ശരിക്കു മൂളുന്നത്. യാത്രക്കാര്‍ വാങ്ങിയ സാധനങ്ങള്‍ തിരിച്ച് കൊടുക്കാന്‍ ചെല്ലില്ലല്ലോ. നല്ല വിപണനതന്ത്രം. താനിതിലൊന്നും ഒരിക്കലും വീഴാറില്ലല്ലോ എന്നോര്‍ത്ത് അവളൊന്ന് അഭിമാനിച്ചു.
"വേണ്ടാന്ന് പറഞ്ഞാല്‍ മനസ്സിലാവില്ലേ?"
കാത്തിരിപ്പിന്റെ ദേഷ്യവും കൂടെ അവളുടെ സ്വരത്തില്‍ വന്നു.
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അയാളുടെ പിന്നില്‍ നിന്നും ഒരു കുഞ്ഞുമുഖം എത്തിനോക്കിയത്. ക്ഷീണിച്ചു വാടിയിട്ടുണ്ട്. ഇന്നു മുഴുവന്‍ ഇയാളുടെ കൂടെ ഇത് വില്‍ക്കാന്‍ നടക്കുകയായിരുന്നോ? മൂളുന്ന വണ്ടുകളെക്കൊണ്ട് കളിക്കേണ്ട പ്രായം. പാവം തോന്നി.
ബാഗില്‍ത്തന്നെ, ഇടാന്‍ തുടങ്ങിയ അയാളോട് പറഞ്ഞു.
"അല്ലെങ്കില്‍ തന്നേക്ക്."
ഒരെണ്ണം വച്ചുനീട്ടിയ അയാളോട് പറഞ്ഞു.
"ആറെണ്ണം തരൂ."
എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും അവള്‍ക്ക് അത്രയും എണ്ണം ആവശ്യപ്പെടാനാണ് തോന്നിയത്. ആദ്യം വിശ്വാസം വരാത്തപോലെ ഒരു നിമിഷം നിന്നെങ്കിലും അയാള്‍ വേഗം, ബാഗില്‍ നിന്ന് ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് പായ്ക്കറ്റുകള്‍ ആറെണ്ണം എണ്ണി തിട്ടപ്പെടുത്തി, അതിലിട്ടു കൊടുത്തു.
അയാളുടെ കൈയില്‍ ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ.
"നോക്കണോ?"
"വേണ്ട. കേടാണെങ്കില്‍, ഇവിടെവെച്ച് തന്നെ എന്നെങ്കിലും കണ്ടുമുട്ടുമല്ലോ. അപ്പോ പറയാം, ബാക്കി."
വാങ്ങി പൈസ കൊടുത്ത്, ബാഗിലേക്കിട്ടു. അവര്‍ നടക്കുന്നതും നോക്കി നിന്നപ്പോഴാണ് ജയേഷ് വന്നത്.
വീട്ടിലെത്തി, വാങ്ങിക്കൊണ്ടുവന്ന ഭക്ഷണവും കഴിച്ച് യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരിക്കുമ്പോഴാണ് ജയേഷ് ചോദിച്ചത്.
"എനിക്കെന്താ കൊണ്ടുവന്നത്?"
ജയേഷിനു വാങ്ങിയ ടീഷര്‍ട്ടും, മറ്റു കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും എടുക്കുമ്പോഴാണ് അവള്‍ക്ക് ഓര്‍മ്മ വന്നത്. ഒന്നുണ്ടല്ലോ ബാഗില്‍. ഒരു പായ്ക്കറ്റ് തുറന്ന് എടുത്ത്, വേറൊരെണ്ണം അവനുള്ള സമ്മാനങ്ങളുടെ കൂടെ വെച്ചു. എല്ലാം കൂടെ അവന്റെ മുന്നിലേക്കിട്ടു. അവള്‍ കൊണ്ടുവന്നതെല്ലാം നോക്കുന്നതിനിടയില്‍, അവള്‍ വണ്ടുകളെ മൂളിച്ചു നോക്കി. ഉം. ശരിയാവുന്നുണ്ട്.
"അതെന്താ അത്?"
"ഇതാണു മൂളുന്ന വണ്ടുകള്‍."
അവള്‍ വല്യ അഭ്യാസിയെപ്പോലെ മുകളിലേക്കെറിഞ്ഞിട്ട് ഒച്ചയുണ്ടാക്കികേള്‍പ്പിച്ചു. പിന്നെ, ജയേഷിനു കൊടുത്ത പായ്ക്കറ്റുകള്‍ക്കിടയില്‍ നിന്ന് വണ്ടിന്റെ പായ്ക്കറ്റ് എടുത്ത് കൊടുത്തു.
"ആരാ നന്നായിട്ട് ചെയ്യുക എന്ന് നോക്കാം."
“നിന്റെ ക്ഷീണം പോയോ?”
"അത് സാരമില്ല. ഇനി കുറച്ച് ദിവസം യാത്രയൊന്നും ഇല്ലല്ലോ.”
“ഓഹോ. എന്നാല്‍ ഇപ്പോ പറഞ്ഞുതരാം.” അവന്‍ പായ്ക്കറ്റ് തുറന്ന് എടുത്ത് മുകളിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി.
“ഇനി അഥവാ ഇത് പ്രാക്റ്റീസ് ചെയ്ത് കേടായാലും ഇനിയും ഇരിപ്പുണ്ട്."
അവന്‍ വിശ്വാസം വരാതെ നോക്കിയപ്പോള്‍ അവള്‍ കണ്ണടച്ചു കാണിച്ചു. അവര്‍ രണ്ടും മത്സരം തുടങ്ങി. കളിച്ച്... ചിരിച്ച്...ചിരിച്ച്...
ദൂരെയൊരിടത്ത്, കൊണ്ടുപോയതൊക്കെ ചെലവായത് ഓര്‍ത്ത്, അയാള്‍ സന്തോഷിച്ചിരിപ്പുണ്ടായിരുന്നു. എന്നാലും ആറെണ്ണം! അയാള്‍ക്ക് അതിശയം ആയിരുന്നു. ഭാര്യയോടും അയാള്‍ അത് തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അയാളുടെ കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു.
Labels: കുഞ്ഞുകഥ