കോരിച്ചൊരിയുന്ന മഴ. മഴയ്ക്ക് പെയ്യാന്‍ അവസരം കിട്ടിയപ്പോള്‍, സന്ദര്‍ഭം പാഴാക്കാതെ, നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. അവന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്, മുക്കാല്‍മണിക്കൂറായി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മഴയില്ലായിരുന്നു. കൂട്ടുകാരന്റെ വീട്ടിലും കയറാന്‍ പോയതാണ് കുഴപ്പമായത്. അവിടെ നിന്നിറങ്ങിയപ്പോള്‍ തുടങ്ങിയതാണ്. അവന്‍, അവിടെ ഇല്ലാഞ്ഞതുകൊണ്ട് അവിടെ ഇരുന്നില്ല. ക്ലാസില്ലാത്ത ദിവസം ആയതുകൊണ്ട് സാരമില്ല. ബൈക്ക് മുഴുവന്‍ നനഞ്ഞു. ഒരു പനി, വന്ന് കുറച്ച് ദിവസം വിഷമിപ്പിച്ച് കടന്നുപോയതുകൊണ്ട് നനഞ്ഞ് പോകാനും തോന്നുന്നില്ല. വീട്ടിലേക്കായാലും, കൂട്ടുകാരന്റെ കടയിലേക്കാണെങ്കിലും ദൂരം സമം. ആരും ഇല്ല. വല്ലപ്പോഴും കടന്നുപോകുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍, അവിടം വിജനം.
ഒരു ബസ് വന്ന് നിന്നപ്പോള്‍, എതിര്‍വശത്തെ ബസ് സ്റ്റോപ്പില്‍, ആരോ ഇറങ്ങി. ബസ് കടന്നുപോയതിനുശേഷമാണ് അവന്‍ കണ്ടത്. ഒരു സുന്ദരി. ഒരു ബാഗ് ഉണ്ട് കൈയില്‍ കുറച്ച് വലുത്. പിന്നെ ഒരു പ്ലാസ്റ്റിക് കവറും ഉണ്ട്. പാവം. ദൂരയാത്ര കഴിഞ്ഞുവരുന്നതാവും. അല്ലെങ്കില്‍ ഈ മഴയത്ത് ആരെങ്കിലും പുറത്തിറങ്ങുമോ തന്നെപ്പോലെ. അവള്‍ തന്നെത്തന്നെ നോക്കുന്നുണ്ട്. അല്ലെങ്കിലും തനിക്ക് ഗ്ലാമറിനു കുറവൊന്നുമില്ലല്ലോ. പോക്കറ്റില്‍ നിന്ന് കൂളിങ്ങ് ഗ്ലാസ്സ് എടുത്തുവെക്കണോ? വേണ്ട അത് എടുക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. ഇനിയിപ്പോ അവള്‍ നോക്കുമ്പോള്‍ എടുത്ത് വെക്കുന്നത് മോശമല്ലേ. എന്തായാലും, അവള്‍ തന്റെ ഗ്ലാമറില്‍ അല്‍പ്പം ഭ്രമിച്ചിട്ടുണ്ട്. ആ ബസ് സ്റ്റോപ്പില്‍ ആയിരുന്നെങ്കില്‍, പേരെന്താ പറഞ്ഞത് എന്നോ, എക്സ്ക്യൂസ്മീ, നല്ല മഴ അല്ലേ എന്നോ ഒക്കെ ചോദിക്കാമായിരുന്നു. ഈ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരാളുപോലും ഇല്ലേ? അല്ല, ഇനി ഏതെങ്കിലും ആള്‍ക്കാര്‍ ഇറങ്ങിയിട്ടും കാര്യമില്ല. റബ്ബറിന്റേയും, തേങ്ങയുടെയും വിലനിലവാരം പറഞ്ഞ്, വെറുതെ, മഴയുടെ രസം കളയും. ആ കുട്ടി ഈ ബസ്സ്റ്റോപ്പിലാണ് ഇറങ്ങിയതെങ്കിലോ, ഒന്നും മിണ്ടിയില്ലെങ്കിലും, ബസ്സിലും കാറിലും പോകുന്നവര്‍, രണ്ടുപേരും ഒരുമിച്ച് മഴ കാണാന്‍ നില്‍ക്കുന്നതെന്ന് കരുതി അസൂയപ്പെടുമായിരുന്നു.
അവള്‍, പതുക്കെ, ബാഗുമെടുത്ത്, മഴയിലേക്കിറങ്ങി. കുടയുണ്ടായിരുന്നെങ്കില്‍, ഓടിച്ചെന്ന് നനയാതെ ഇരിക്കാന്‍ സഹായിക്കാമായിരുന്നു. ഇനി മുതല്‍, ഒരു കുട കരുതണം. ആര്‍ക്ക് എപ്പോള്‍, സഹായം വേണ്ടിവരും എന്ന് പറയാന്‍ പറ്റില്ലല്ലോ. അവള്‍ വരുന്നത് തന്റെ അടുത്തേക്ക് തന്നെ. ഒന്നുകില്‍, അവിടെ ഒറ്റയ്ക്ക് നില്‍ക്കേണ്ട എന്ന് കരുതിയാവും. അല്ലെങ്കില്‍, തന്നെക്കണ്ട്, ലോഗ്യം പറയാന്‍ പറ്റുന്നവനെന്ന് തോന്നിക്കാണും. അതോ, ഇനി ബൈക്ക് കണ്ട്, അവളുടെ വീട്ടില്‍ കൊണ്ടുവിടാന്‍ പറയാന്‍ ആവുമോ? ആവും ആവും. പക്ഷെ, വീടിനു മുന്നിലെത്തിയാല്‍, വരൂ, അച്ഛനേയും അമ്മയേയും കണ്ടിട്ട് പോകാം എന്നെങ്ങാന്‍ പറഞ്ഞാല്‍, തിരക്ക് അഭിനയിക്കണം. ഇന്ന് കയറിയാല്‍ ഇന്നത്തോടെ തീര്‍ന്നു. അതു വേണ്ട. പിന്നൊരു ദിവസം ആകാം എന്ന് പറയണം. വെറുതെ, ആ വഴിയ്ക്ക് വന്നതാണെന്നും പറഞ്ഞ് ഇടയ്ക്ക് പോകാമല്ലോ. കൂട്ടുകാരേയും കൂട്ടണം. അസൂയയ്ക്ക് പിന്നെ വേറൊന്നും നോക്കേണ്ട. ബൈക്ക്, മെല്ലെ ഓടിക്കാം. അവളെ ഭയപ്പെടുത്തരുതെന്ന് വെച്ചിട്ടല്ല. മെല്ലെപ്പോകുന്നത്, ഇഷ്ടമായിട്ടും അല്ല. മഴയത്ത് മെല്ലെപ്പോകാമെന്ന് വെച്ചിട്ടും അല്ല. അത്രയും നേരം അവള്‍ ബൈക്കിന്റെ പിറകില്‍ ഉണ്ടാവുമല്ലോ.
അവള്‍ അടുത്തെത്തി. നേരെ നിന്നു. കഴിഞ്ഞയാഴ്ച പനിച്ചപോലെയുണ്ടോ. ഇല്ല. ഉണ്ടാവില്ല. അവള്‍ പുഞ്ചിരിച്ചു. ഉം...ഇത് വീട്ടില്‍ വിടാനുള്ള കൈക്കൂലി തന്നെ. അവന്‍ ഗൌരവം ഭാവിച്ച് നിന്നു. അവള്‍ പുഞ്ചിരിയില്‍ത്തന്നെ. അവനും പുഞ്ചിരിച്ചു. അത്യാവശ്യത്തിനുള്ള ഗൌരവമേ കാണിക്കാവൂ. അവള്‍ പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് എന്തോ എടുക്കുന്നു. ഇനി ഇവിടെ പരിചയം ഇല്ലാത്തവള്‍ ആവുമോ? എങ്കില്‍ ഉഷാറായി. മേല്‍വിലാസവും തപ്പി, കുറേ നേരം ഒപ്പം കറങ്ങാം. അറിയുന്നതാണെങ്കിലും കുഴപ്പമില്ല. അവര്‍ക്ക്, ചിലപ്പോള്‍ തന്നെയും അറിയുമെങ്കില്‍ നന്നായി.
അവള്‍, പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് ഒരു പഴയ കുടയെടുത്ത് അവന്റെ നേരെ നീട്ടി.
“ഇതൊന്ന് തുറന്ന് തരാമോ?” പഴയതായതുകൊണ്ട് എന്തോ കുഴപ്പമുണ്ട്.”
ഇടിവെട്ടി. മഴയുടെ കൂടെയല്ല. അവന്റെ സ്വപ്നങ്ങള്‍ക്ക് മേലെ.
നന്ദിയും പറഞ്ഞ്, കുടയും പിടിച്ച് അവള്‍ തിരിച്ച് നടന്നപ്പോള്‍, അവന്‍, ബൈക്കും നോക്കി, മഴയേയും ശപിച്ച് നിന്നു.
Labels: കുഞ്ഞുകഥ