പത്ത് പതിനഞ്ചുവര്‍ഷം മുമ്പ് നമ്മള്‍ റസ്റ്റോറന്റിലോ, പാര്‍ക്കിലോ, കടല്‍ത്തീരത്തോ പോയാലുള്ള ദൃശ്യം നമുക്കറിയാം. ആഹ്ലാദിക്കുന്ന കുഞ്ഞുങ്ങള്‍, അവരെ സ്നേഹത്തോടെ ശാസിക്കുകയും, വീണ്ടും സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്യുന്ന മാതാപിതാക്കള്‍. ഭക്ഷണം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നു. കൂടെ കളിക്കുന്നു. തിരയെ തൊട്ട് കളിക്കുന്നു. വരുന്നവരേയും പോകുന്നവരേയും വീക്ഷിച്ച്, ചെറുപ്പക്കാര്‍ ഓരോ കമന്റ് പറയുന്നു. അവളെത്ര സുന്ദരിയാണ്, അവനെത്ര സുന്ദരനാണ് എന്ന് പറയുന്നു. ഇന്നു പക്ഷെ, സ്ഥിതിയാകെ മാറിപ്പോയി. ജീവിതം തിരക്കിലേക്കെത്തിപ്പോയി. ആര്‍ക്കും ആരേയും നോക്കാന്‍ നേരമില്ല. മിണ്ടാന്‍ സമയമില്ല, കേള്‍ക്കാന്‍ സമയമില്ല. ഇവിടങ്ങളിലൊക്കെ കണ്ടുമുട്ടിയാലോ ഒരു ഹായ് ഹലോയില്‍ ഒതുക്കുന്നു സൌഹൃദം. ഇവരൊക്കെ സ്വയം മാറിയതാവും എന്നു ആരും കരുതരുത്. അവിടെയാണ് കടന്നുവരുന്നത്. മൊബൈല്‍ ഫോണ്‍.
മൊബൈല്‍ കയ്യില്‍ ഉണ്ടെങ്കില്‍, ആദ്യം കുറേ ദിവസങ്ങളില്‍ നിങ്ങളുടെ കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റും. പിന്നെയുള്ള കാലം നിങ്ങളെക്കൊണ്ട് ആവശ്യമുള്ളവരുടെ കാര്യങ്ങളാവും നിങ്ങള്‍ ചെയ്യുന്നത് എന്ന് പറയാറുണ്ട്.
മൊബൈല്‍ ഫോണിലേക്ക് മയങ്ങി, അതിലേക്കങ്ങ് സ്വയം അര്‍പ്പിച്ചുകൊടുത്തിരിക്കുകയാണ് പലരും.
കഴിഞ്ഞയാഴ്ച ഞങ്ങള്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍, രണ്ടു പെണ്‍കുട്ടികള്‍ വന്നു. രണ്ടാളുടെ കൈയിലും ഫോണ്‍ ഉണ്ട്. ഇരുന്നപാടേ ഒരാള്‍ ആരെയോ വിളിക്കാനും, മറ്റേയാള്‍ ആര്‍ക്കോ മെസ്സേജ് അയക്കാനും തുടങ്ങി. വെയിറ്റര്‍ വന്നു കുറച്ച് വെയിറ്റ് ചെയ്തു. ആരു നോക്കാന്‍. അവരും അവരുടെ ഫോണും മാത്രം ഉള്ള ലോകത്തില്‍ ആയിരുന്നു അവര്‍. വെയിറ്റര്‍, മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് വെള്ളം എടുത്ത് രണ്ട് ഗ്ലാസ്സ് എടുത്ത് ടക് ടക് എന്നുവെച്ച് അതിലേക്ക് ഒഴിക്കാന്‍ തുടങ്ങി. ആദ്യം ചെയ്യേണ്ടതായിരുന്നു അത്. എന്താ വേണ്ടത് എന്നു ചോദിച്ചപ്പോള്‍ മെസ്സേജ് അയച്ചുകൊണ്ടിരുന്നവള്‍ അതൊക്കെ നിര്‍ത്തിവെച്ച്, മറ്റേ കുട്ടിയ നോക്കി. അവളിപ്പോഴൊന്നും അവസാനിപ്പിക്കുന്ന മട്ടില്ല. കൈകൊണ്ട് നീ ഓര്‍ഡര്‍ ചെയ്തോയെന്ന് ആംഗ്യം കാണിച്ചു. അവള്‍ മെനു കാര്‍ഡ് നോക്കി എന്തോ ഓര്‍ഡര്‍ ചെയ്ത് പിന്നെയും തുടങ്ങി. ആ അരമണിക്കൂറിനിടയില്‍ അവര്‍ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ച് എണീറ്റു പോകുന്നതിനിടയിലും അവര്‍ ആരേയും ശ്രദ്ധിക്കുകയോ, പരിചയം ഭാവിക്കുകയോ ചെയ്തില്ല. ഏതെങ്കിലും ടേബിളില്‍, അവരുടെ വേറെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നോ, അപരിചതരാണെങ്കിലും, ചുറ്റുമുള്ളവരെയൊക്കെ ഒന്ന് നോക്കണമെന്നോ അവര്‍ ഭാവിച്ചതേയില്ല. എത്ര വാക്കുകള്‍ അവര്‍ ഫോണില്‍ അല്ലാതെ ദിവസേന ഉച്ചരിക്കുന്നുണ്ടാവും എന്നു ഞാന്‍ ആശ്ചര്യത്തോടെ ഓര്‍ത്തു.
ഒരിക്കല്‍, റോഡില്‍ക്കൂടെ പോകുന്ന ഒരു കുട്ടി, ചെവിയില്‍ മൊബൈല്‍ ഫോണും ചേര്‍ത്തുപിടിച്ച്, കഥയും പറഞ്ഞ്, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പോകുന്നതു കണ്ടിട്ട് എന്റെ കൂട്ടുകാരി ചോദിച്ചു, ഇത് പോയി ഏതെങ്കിലും ഗട്ടറില്‍ വീണാല്‍ എന്തു ചെയ്യും എന്ന്. ഞാന്‍ പറഞ്ഞു റേഞ്ച് ഉണ്ടെങ്കില്‍ മിണ്ടിക്കൊണ്ടിരിക്കും, അല്ലെങ്കില്‍ ഗട്ടറിലാണെന്ന് തിരിച്ചറിയും എന്ന്.
കടല്‍ത്തീരത്ത് പോയാല്‍, ചെറിയ കുട്ടികളോടൊപ്പം, ഓടാനും, മണല്‍ക്കൊട്ടാരം ഉണ്ടാക്കാനുമൊക്കെ അല്‍പ്പം മുതിര്‍ന്ന കുട്ടികളും കൂടുമായിരുന്നു. അപരിചിതത്വം ഉണ്ടെങ്കിലും. ഇന്നതൊന്നും ഇല്ലേയില്ല. നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ നോക്കിക്കോയെന്നും പറഞ്ഞ്, അസ്തമയ സൂര്യനെപ്പോലും നോക്കാന്‍ നേരമില്ലാതെ അവര്‍ ഫോണില്‍ മിണ്ടിക്കൊണ്ടിരിക്കും.
സിനിമാഹാളിലെ സ്ഥിതി പറയാത്തതാവും നല്ലത്. ശരിക്കും സ്വിച്ച് ഓഫ് ചെയ്തിട്ടേ അതിനുള്ളിലേക്ക് കയറാന്‍ പാടുള്ളൂ. ആരു കേള്‍ക്കാന്‍? മൂന്ന് മണിക്കൂര്‍ മിണ്ടാതെ ഇരിക്കുകയോ, ആകാശം താഴെ വീണാലോ. ഓ...എന്നാല്‍ മിണ്ടിക്കോട്ടെ, സ്വന്തം ഫോണ്‍, സ്വന്തം കൂട്ടുകാര്‍. നമുക്കെന്ത് പോയി. പക്ഷെ, കൂടെ സിനിമ കാണാന്‍ ഇരിക്കുന്നവര്‍ക്ക് സിനിമയിലേത് കേള്‍ക്കണോ, ഇവിടെപ്പറയുന്നതു കേള്‍ക്കണോയെന്ന് സംശയം വരും. പിന്നെ ചിലരുണ്ട്, ഫോണ്‍ വന്നാല്‍ അതും എടുത്ത് പുറത്തേക്കൊരോട്ടം. അതിനും കുറ്റമോന്ന് വിചാരിക്കും. കാലു നമ്മുടേതാണല്ലോ. ഓട്ടത്തിനിടയില്‍ ചവുട്ടിച്ചതച്ചുപോകുമ്പോള്‍, നമ്മള്‍ മൊബൈല്‍ കമ്പനിക്കാരന്റെ പത്ത് തലമുറയെ ശപിക്കും. പണ്ട് കുട്ടികളുടെ കരച്ചില്‍ ആയിരുന്നെങ്കില്‍, ഇന്നു മൊബൈല്‍ കരച്ചിലാണ് പ്രേക്ഷകരെ ദേഷ്യം പിടിപ്പിക്കുന്നത്.
ട്രെയിനില്‍ പോകുമ്പോഴും സ്ഥിതി ഇതുതന്നെ. എല്ലാവരും ഫോണില്‍ മുഴുകും. കാഴ്ചകളൊക്കെ കാണാതെ മറയുകയും ചെയ്യും. വളരെ അത്യാവശ്യമല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ സ്വയം മുഴുകിയിരിക്കുന്നത് ഒഴിവാക്കിക്കൂടേ?
കുറ്റം മാത്രം പോരല്ലോ. മൊബൈല്‍ ഫോണിനു ഗുണങ്ങളും അനവധി ഉണ്ട്.
പെട്ടെന്ന് എന്തെങ്കിലും വിവരം അറിയിക്കാനുണ്ടെങ്കില്‍ പറ്റും എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്.
പിന്നെ വീട്ടില്‍ നിന്നിറങ്ങിയാല്‍ അത്യാവശ്യത്തിനു ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണ്‍ ബൂത്തിനു മുന്നില്‍ കാവല്‍ കിടക്കേണ്ട. ഇപ്പോ ആരും ഉണ്ടാവാറില്ല. പക്ഷെ കുറച്ചുകാലം മുമ്പ് വരെ ഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ ആയിരുന്നു.
എവിടെയെങ്കിലും പെട്ടെന്ന് പോകേണ്ടിവരുമ്പോള്‍, വീട്ടില്‍ നിന്ന് അകലെയാണെങ്കില്‍ വീട്ടില്‍ അറിയിക്കാനും, വീട്ടിലേക്ക് വൈകിയേ എത്തൂ എന്നുള്ളൂവെങ്കില്‍ അറിയിക്കാനും ഒക്കെ പറ്റും.
അപകടങ്ങളില്‍പ്പെട്ടാല്‍ വിവരം അറിയിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണു ഇത്.
പാട്ടുകേള്‍ക്കാനും ഫോണ്‍ മതിയെന്നായി. വാക്‍മാന്റെ ഉപയോഗവും ആയി.
(ചിത്രത്തില്‍ ഉള്ളത് സോണി എറിക്സന്‍ ഫോണ്‍. വാക്മാന്‍ സീരീസില്‍ ഉള്ളത്. ഇതിന്റെ കൂടെ കിട്ടുന്ന മുഴുവന്‍ വസ്തുക്കളും ചിത്രത്തില്‍ ഇല്ല. നല്ലതാണെന്ന് ഉപയോഗിച്ചവര്‍ സാക്‍ഷ്യപ്പെടുത്തുന്നു.)
വിളിക്കുമ്പോള്‍, വിളിക്കുന്നയാളെ പാട്ട് കേള്‍പ്പിക്കാന്‍ ഫോണ്‍ നല്ലതാണ്. പക്ഷെ, ഓരോ ആള്‍ക്കും പാട്ട് അതിനനുസരിച്ച് വെക്കണം എന്നു മാത്രം. കടം തന്നയാള്‍ വിളിക്കുമ്പോള്‍, ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നത് കേള്‍പ്പിക്കാതിരിക്കുന്നതാവും ഉചിതം. ;)
അത്യാവശ്യത്തിനു ഉപകരിക്കും എന്നുള്ളത് വളരെ ശരിയാണ്. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നല്ലേ. സ്കൂള്‍ക്കുട്ടികള്‍ക്കും കോളേജ് കുട്ടികള്‍ക്കും ഒക്കെ ഫോണ്‍ ഉണ്ടെങ്കില്‍ ദുരുപയോഗം ചെയ്യാനും മടിക്കാത്തവരുണ്ട്. ചിത്രങ്ങള്‍ മറ്റുള്ളവരറിയാതെ എടുക്കുന്നതും, ആവശ്യമില്ലാതെ കുറേ എസ് എം എസ് അയച്ച് വെറുതെ കാശുകളയുന്നതും ഒക്കെ ദുരുപയോഗം തന്നെ.
അതിനു പകരം അതിന്റെ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ കണ്ടെത്തുക.
മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള കാര്യമായിട്ടുള്ള വിക്കിലേഖനം ഇവിടെ
എത്ര തിരക്കിലായാലും പ്രിയപ്പെട്ടവരുടെ എന്തെങ്കിലും സന്തോഷദിവസത്തില്‍, നിങ്ങളുടെ ഒരു മെസ്സേജെങ്കിലും കിട്ടുന്നത് അവര്‍ക്കെത്ര സന്തോഷമായിരിക്കും. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ എന്ന പാട്ടുമായി പ്രതീക്ഷിച്ചിരിക്കാതെ പ്രിയപ്പെട്ടയാളുടെ കോള്‍ വരുന്നത് എത്ര നന്നാവും.
എവിടെയെങ്കിലും യോഗത്തില്‍ ഇരിക്കുമ്പോഴും, മരണവീട്ടിലും ഒക്കെ വെറുതേ ഫോണ്‍ ശബ്ദിച്ചാല്‍ അലോസരം തന്നെ. പക്ഷെ അത്യാവശ്യം ഉള്ള വല്ലതും പെട്ടെന്നു അറിയാതെ പോകുന്നത് ആലോചിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ ഇനി ആര്‍ക്കും പറ്റുമെന്നു തോന്നുന്നില്ല. ഫോണ്‍ എന്നൊരു കാര്യം എല്ലായിടത്തും വന്നതോടെ മൂലയ്ക്കൊതുങ്ങിപ്പോയ ഒരാളുണ്ട്. നീണ്ടുനിവര്‍ന്ന് കിടന്നിരുന്ന കത്തുകള്‍. മൊബൈല്‍ ഫോണും കൂടെ വന്നതോടെ അതിന്റെ കാര്യം വളരെ പരുങ്ങലില്‍ ആയി. രണ്ടുപേജില്‍ ഉണ്ടായിരുന്ന കത്തുകള്‍ രണ്ടു വാക്കില്‍ എസ് എം എസ് ആയി ഒതുങ്ങി.
സിനിമാനടന്‍ ശ്രീ ജഗതി ശ്രീകുമാറിനു മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറയാറുണ്ട്. എന്നെ ആരെങ്കിലും അഭിമുഖത്തിനു വിളിച്ചാല്‍ ഞാനും പറയും. ;)
പള്ളിയിലെ അച്ചനോട്, കുറച്ച് തിരക്കിലായിപ്പോയി, അച്ചന്‍ കുര്‍ബാന തുടങ്ങിക്കോ, ആ ഫോണ്‍ ഓണ്‍ ചെയ്തോ, ഞാനിവിടെ കേട്ടോളാം എന്നും, സാര്‍ ക്ലാസ് എടുത്തോ, ഇപ്പോ ക്ലാസ്സിലേക്ക് വരാന്‍ സൌകര്യമില്ല, ഫോണ്‍ ഓണ്‍ ചെയ്താല്‍ ഞാന്‍ കേട്ടോളാം എന്നും, ഒക്കെപ്പറയുന്ന കാലം വിദൂരമല്ല.
ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് രോഗി, ഒരു അര്‍ജന്റ് കോള്‍ ചെയ്യാന്‍ ഉണ്ടെന്നും പറഞ്ഞ് ടേബിളില്‍ നിന്ന് എണീക്കുന്നതും, രോഗിയ്ക്ക് അനസ്തീഷ്യ കൊടുത്ത്, ഇപ്പോ വരാമെന്നു പറഞ്ഞ്, ഫോണും വിളിച്ച് ഓപ്പറേഷന്‍ നടത്താതെ ഇറങ്ങിപ്പോകുന്ന ഡോക്ടര്‍മാരും ഉണ്ടാവുന്നത് കാണേണ്ടിവന്നേക്കും. ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ കയറ്റില്ലെന്ന നിയമത്തെയൊക്കെ സമരം ചെയ്ത് മറികടക്കാമല്ലോ.
-----------------------
"ഞാനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ എന്റെ കോള്‍ വരുമ്പോള്‍ എനിക്കു കേള്‍ക്കാന്‍ ചേട്ടന്റെ ഫോണില്‍ സുന്ദരിയെ വാ എന്ന പാട്ട് ഇടുമോ?"
“ഏയ്...ആ പാട്ട് വേണ്ട. ഞാന്‍ വേറെ ഒരു നല്ല അടിപൊളി ഗാനം ഇടും."
"ഹായ്! ഏതാ അത്?"
"രാക്ഷസീ... എന്നത്."
എന്റെ മൊബൈല്‍ ഫോണ്‍ സ്വപ്നത്തിന്റെ ബംഗ്ലാവിലേക്ക്, ചേട്ടന്‍, പാരയാകുന്ന ജെ സി ബി ഓടിച്ചുകയറ്റി.
Labels: ലേഖനം. മൊബൈല്‍ ഫോണ്‍