Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, September 02, 2007

മാവേലിത്തമ്പുരാന്‍ വിരുന്നിനെത്തും

"ഇന്നലെയും അവിടെത്തന്നെയെത്തി." കണ്ണന്‍, ഗേറ്റില്‍ പിടിച്ച്‌, അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ട്‌, ഒരു കൈകൊണ്ട്‌ മൊബൈല്‍ ഫോണ്‍ ചെവിയിലേക്കടുപ്പിച്ച്‌, പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയായി പറഞ്ഞു.

"അപ്പോ, ഇന്നലേയും മാവേലി വന്നില്ല. അല്ലേ? "സേതു ചിരിച്ച് കൊണ്ട്‌ ചോദിച്ചു.

"നിനക്ക്‌ തമാശ. ഇന്ന് പൂരാടമായി. ഇന്നെങ്കിലും മാവേലി വരണം."

"അതിനല്ലേടോ ഞാന്‍ മാവേലി വേഷമിട്ട്‌ വരാമെന്ന് പറഞ്ഞത്‌? നിനക്കപ്പോ ബോധിക്കുന്നില്ല."

"സേതൂ, തമാശയായിട്ടെടുക്കല്ലേന്ന് അത്തപ്പിറ്റേന്ന് മുതല്‍ പറയുന്നതാ ഞാന്‍. അവള്‍ക്കെന്താ പറ്റിയതെന്ന് മനസ്സിലാവുന്നില്ല."

"വൈകുന്നേരം നീ ഇങ്ങോട്ട്‌ വാ. ഇവിടിരുന്ന് ചര്‍ച്ച ചെയ്യാം."

"ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല. ഊണുകഴിഞ്ഞാല്‍ ഷോപ്പിംഗിനിറങ്ങാമെന്ന് സാന്ദ്ര പറഞ്ഞു."

"വീട്ടിലേക്ക്‌ പോകുന്നില്ലെന്ന് തന്നെയാണോ?"

"എല്ലാവരും പറഞ്ഞു, പുതിയ വീട്ടിലെ ആദ്യത്തെ ഓണത്തിന്, വീട് അടച്ചിട്ട്‌ വരേണ്ടെന്ന്. സാന്ദ്രയ്ക്കും അതു തന്നെ ആയിരുന്നു, ആദ്യമേ അഭിപ്രായം. പക്ഷേ, അത്തപ്പിറ്റേന്ന് മുതല്‍ ഒരേ കഥ. മാവേലിയൊട്ട്‌ വരുന്നുമില്ല. അങ്ങനെ ഒരാളുണ്ടോയെന്തോ. എനിക്കിപ്പോ സംശയമായിത്തുടങ്ങി."

"കുട്ടിക്കാലത്ത്‌ എന്നെങ്കിലും ഓണം ആഘോഷിക്കാതെ ഉണ്ടാവും. അതിന്റെ വിഷമം ഉള്ളിലുണ്ടാവും."

"അവള്‍ക്കോ? അവളുടെ കുട്ടിക്കാലം പോലൊന്ന്, മിക്കവര്‍ക്കും സ്വപ്നം കാണാന്‍ കൂടെ ആവില്ല. നിനക്കറിയാമല്ലോ."

"പിന്നെയെന്താ എന്നാല്‍? നീയവളുടെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് കണ്ടുപിടിക്ക്‌."

"നിന്റെയൊരു സാഹിത്യം. അവളുടെ കഥകൊണ്ടു തന്നെ മനുഷ്യനു വട്ടായി ഇരിക്കുമ്പോഴാ."

"എന്നാല്‍ പിന്നെ കാണാം. ഞങ്ങള്‍, നാളെ രാവിലെ നേരത്തേ പോകും. രണ്ടുപേരുടേം വീടുകളിലൊക്കെ കറങ്ങിത്തിരിഞ്ഞ്‌ നാലഞ്ച്‌ ദിവസം എടുക്കും എത്താന്‍. നീ വിഷമിക്കാതിരിക്ക്‌. ഓണമൊക്കെ ഉഷാറായിട്ട്‌ ആഘോഷിക്ക്‌." സേതു ഗൌരവത്തോടെ പറഞ്ഞുനിര്‍ത്തി.

കണ്ണന്‍, ഫോണ്‍ ‍ പോക്കറ്റിലിട്ട്‌, തിരിഞ്ഞ്‌, പൂക്കളം നോക്കി. തുളസിത്തറയ്ക്കരുകില്‍, സിമന്റ്‌ നിലത്ത്‌, ചാണകം മെഴുകിവെച്ച്‌, തുമ്പപ്പൂവും, മുക്കുറ്റിപ്പൂവും, ചെമ്പരത്തിപ്പൂവും, പിന്നെ, തോട്ടത്തിലെ പൂക്കളും ഒക്കെ നിറച്ച്‌, മനോഹരമായ പൂക്കളം. പൂക്കളമിട്ട വീട്ടിലൊക്കെ മാവേലിത്തമ്പുരാന്‍ എത്തുമെന്ന് സങ്കല്‍പ്പം. പക്ഷെ, സാന്ദ്രയുടെ കഥയില്‍, എന്നിട്ടും മാവേലി വന്നില്ല എന്ന് പറയുന്നത്‌ എന്തിനെന്ന് മനസ്സിലാവുന്നില്ല. അഞ്ചെട്ട്‌ ദിവസമായി അതു തന്നെ കഥ. അതു പറയാതെ ഉറങ്ങില്ല. അത്തത്തിനു പൂക്കളമിട്ട ദിവസമാണ് അവള്‍, രാത്രി, ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞത്‌. വിശേഷദിവസങ്ങള്‍ക്കൊക്കെ, ഒരു കഥ അവള്‍ക്ക്‌ പറയാനുണ്ടാവും എന്നറിയാമായിരുന്നതുകൊണ്ട്‌, പറഞ്ഞോ, പറഞ്ഞോ എന്ന് പ്രോത്സാഹിപ്പിച്ചു.

“ഭൂമിയില്‍ നിന്നൊരു കഷണം കടമെടുത്തൂ. മഴവെള്ളം കൊണ്ടൊന്ന് മെഴുകിവെച്ചു. ആകാശം കൊണ്ടുവന്ന് വിരിച്ചിട്ടു. മഴവില്ലില്‍ നിന്നൊരു കഷണം പൊട്ടിച്ച്‌ കളം വരച്ചൂ. നക്ഷത്രങ്ങള്‍ വാരി‌ വിതറി കളം നിറച്ചൂ. ആലിപ്പഴം കൊണ്ട്‌ സദ്യ വെച്ചു. എന്നിട്ടും മാവേലി വന്നേയില്ല.”


ആദ്യത്തെ ദിവസം കഥ കേട്ടപ്പോള്‍, മാവേലിയ്ക്ക്‌, ആലിപ്പഴം സദ്യ ഇഷ്ടമല്ല, അതുകൊണ്ടാവും വരാഞ്ഞതെന്ന് കളിയായി പറഞ്ഞു. ദിവസവും അതു തന്നെ ആവര്‍ത്തിച്ചപ്പോഴാണ്‌ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നിയത്‌. അവസാനം എത്തുന്നതിനുമുമ്പ്‌ എന്നും ഉറക്കം നടിച്ചതും അതുകൊണ്ടുതന്നെ.

സേതുവിനോട്‌ പറഞ്ഞപ്പോള്‍, അവന്‍ തമാശയായി എടുത്തതേയുള്ളൂ. രാജിയ്ക്ക്‌ ഇതിന്റെ പകുതി ഭാവന ഉണ്ടെങ്കില്‍, മാവേലിയല്ല, ഓണം പോലും വന്നില്ലെങ്കിലും സാരമില്ലെന്ന് പറഞ്ഞ്‌ അവന്‍ ചിരിച്ചു.

പുതിയ വീട്ടില്‍, ആദ്യത്തെ ഓണമായിട്ട്‌ അടച്ചുപൂട്ടി വരേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ്‌, വീടുകളിലേക്ക്‌, പതിവുപോലെ പോകേണ്ടെന്ന് തീരുമാനിച്ചത്‌. തിരുവോണപ്പിറ്റേന്ന് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. അഞ്ച്‌ ദിവസം ലീവെടുക്കാനും. വീട്ടില്‍ പോയില്ലെങ്കിലും, ഫോണ്‍ താഴെ വെക്കാതെ വിളിച്ച്‌, വിശേഷങ്ങള്‍ ചോദിച്ച്‌ ചോദിച്ച്‌, വീട്ടിലല്ലാത്തതിന്റെ വിഷമം രണ്ടാളും തീര്‍ക്കുകയും ചെയ്തു.

ഊണുകഴിഞ്ഞാണ്‌ ഷോപ്പിങ്ങിനിറങ്ങിയത്‌. ഇടയ്ക്ക്‌ പൂവും തേടിപ്പോവുകയും ചെയ്തു. ഒക്കെക്കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേക്കും നേരം ഒരുപാടായിരുന്നു. ഓണക്കോടികളും ഓണസമ്മാനങ്ങളും വാങ്ങി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, മാവേലി വന്നില്ല എന്ന് എത്തുന്നതിനുമുമ്പ്‌ ഉറങ്ങി. ഉറക്കം നടിക്കേണ്ടി വന്നില്ല.

ക്ഷീണം കാരണം, കോളിംഗ്ബെല്ല് വേണ്ടിവന്നു, രാവിലെ എഴുന്നേല്‍ക്കാന്‍.

'ഓണമായിട്ട്‌ ആരാവും? സഹായം ചോദിക്കാന്‍ ആരെങ്കിലും ആവുമോ? കണ്ണുംതിരുമ്മി ക്ലോക്ക്‌ നോക്കുമ്പോള്‍ സമയം ആറ്. ഇരുപത്‌. പാലുകാരനും പത്രക്കാരനും ബെല്ലടിക്കുന്ന പതിവില്ല. ഇനി മാവേലി ആവുമോ? സാന്ദ്ര രാത്രി കഥ പറയുമ്പോള്‍ മാവേലി വന്നില്ല എന്നത്‌ മാറ്റിപ്പറയുമോ ഇന്ന്. കണ്ണന് ചിരി വന്നു. ബാത്‌റൂമില്‍ നിന്ന് വെള്ളം വീഴുന്നത് കേള്‍ക്കുന്നുണ്ട്‌.

വാതില്‍ തുറക്കുമ്പോള്‍, നിറഞ്ഞ പുഞ്ചിരിയോടെ, വീട്ടുകാര്‍. അച്ഛനമ്മമാരും, സഹോദരങ്ങളും, ഭാര്യമാരും, കുട്ടികളും. ചേച്ചിമാരും കുടുംബവും മാത്രം ഇല്ല. അവരുടെ വീട്ടിലാവുമല്ലോ അവര്‍.

അങ്ങനെ അപ്രതീക്ഷിതമായത്‌ കാണുമ്പോള്‍ പരസ്പരം നുള്ളുമായിരുന്നു, രണ്ടുപേരും. സാന്ദ്രയില്ലാത്തതുകൊണ്ട്‌, വെറുതെ സ്വയം നുള്ളി നോക്കി. ശരി തന്നെ എല്ലാവരുമുണ്ട്‌.

"എന്താടോ ഓണമായിട്ടും, കുളിയും ജപവുമൊന്നുമില്ലേ?" സാന്ദ്രയുടെ ഏട്ടനാണ്‌.

ചമ്മലോടെ ചിരിച്ചു. വലിയവരൊക്കെ മുറിയിലേക്ക്‌ കയറി. കുട്ടികള്‍, തലേന്നത്തെ പൂക്കളം നോക്കുന്ന തിരക്കില്‍. കുളിച്ചുവന്നിട്ടേ സാന്ദ്ര, അതൊക്കെ മാറ്റാറുള്ളൂ. അവര്‍ക്ക്‌ ബോധിച്ച മട്ടുണ്ട്‌. തുമ്പപ്പൂ കണ്ട്‌ അതിശയം. എന്നും രാവിലെ ആറു കിലോമീറ്റര്‍ കാറോടിച്ച്‌, ഒരു മണിക്കൂര്‍ കഷ്ടപ്പെട്ട്‌ രണ്ടുപേരുംകൂടെ നുള്ളിയെടുക്കുന്ന പൂവാണെന്ന് അവര്‍ക്കറിയുമോ?


സാന്ദ്ര, മുറിയിലേക്ക്‌ വന്ന് ഞെട്ടുന്നത്‌ വ്യക്തമായിട്ട്‌ കണ്ടു. പൂക്കളത്തേക്കാളും വര്‍ണ്ണം മുഖത്ത്‌ വിരിയുന്നതും.

കുട്ടികളേയും കൂട്ടിയാണു പൂ പറിയ്ക്കാന്‍ പോയത്‌. പൂക്കളമിടുന്നതും, സാന്ദ്ര അവര്‍ക്ക്‌ വിട്ടുകൊടുത്തു.

ഉത്രാടം നാള്‍ കഴിഞ്ഞു. സദ്യയും, പൂക്കളവും കളിയും ചിരിയുമായി. ഓണം നാള്‍ എഴുന്നേല്‍ക്കാന്‍ വൈകേണ്ടെന്ന് പറഞ്ഞ്‌ എല്ലാവരും ഉറങ്ങാന്‍ പോയി. സാന്ദ്ര, ഏടത്തിയമ്മമാരോടൊപ്പം മിണ്ടിയിരിക്കുന്നുണ്ടായിരുന്നു.

വന്ന് കിടക്കുമ്പോള്‍, കഥയില്ലേന്നു ചോദിച്ച്‌, തുടങ്ങി.

"ഭൂമിയിലൊരു കഷണം കടമെടുത്ത്‌..."

‘അതല്ല കഥ.’ അവള്‍ തടഞ്ഞു.

"ചാണകം മെഴുകിയ മുറ്റത്ത്‌, തൃക്കാക്കരയപ്പനെ നടുവിലിരുത്തി, തുമ്പപ്പൂ മെത്ത വിരിച്ചിട്ട്‌, മുക്കുറ്റിയും ചെമ്പരത്തിയും വിതറിയിട്ട്‌, പച്ചില ചുറ്റും ചീകിയിട്ട്‌, നല്ലൊരു വല്യൊരു പൂക്കളം. സദ്യയൊരുക്കി കാക്കുമ്പോഴേക്കും മാവേലിത്തമ്പുരാന്‍ വിരുന്നിനെത്തി. പൂവേ പൊലി, പൂവേ പൊലി ഓണപ്പാട്ടും പാടി വീട്ടുകാര്‍."

ആശ്ചര്യത്തോടെ ഇരിക്കുമ്പോഴേക്കും, അവളുറങ്ങിക്കഴിഞ്ഞു. സേതു ഇനി എന്നാവും വരിക. എന്തായാലും അവന്‍ പറഞ്ഞപോലെ മാവേലി വന്നുകഴിഞ്ഞു. നാളെ ഓണാശംസ പറയാന്‍ വിളിക്കുമ്പോള്‍ പറയാം.

മൂക്കത്ത്‌ ശുണ്ഠിയുള്ള, ചിരിച്ചാലും കരഞ്ഞാലും, കണ്ണില്‍ നിന്ന് മഴയൊരുപാട്‌ പെയ്യുന്ന, വാശിക്കാരിയായ, എന്നാലും പാവമായ, അവന്റെ സാന്ദ്രയെ കെട്ടിപ്പിടിച്ച്‌, ഉറക്കം നടിക്കാതെ, സന്തോഷമായി ഉറങ്ങാന്‍ പറ്റുന്നതില്‍‍, കഥയില്‍ വന്നെത്തിയ മാവേലിത്തമ്പുരാന് നന്ദിയും പറഞ്ഞു അവന്‍ ഉറങ്ങി. സന്തോഷവും സമാധാനവും നിറഞ്ഞൊരു തിരുവോണപ്പുലരിയിലേക്ക്‌ കണ്ണ്‌ തുറക്കാന്‍.

Labels: , , ,

13 Comments:

Blogger Saha said...

:)

Mon Sept 03, 01:09:00 am IST  
Blogger ശ്രീ said...

ഹായ്... നല്ല ആശയം,സൂവേച്ചി.

വെറുതേ പൂക്കളമിട്ട് പാട്ടും പാടി സദ്യയും കഴിച്ചാല്‍‌ ഓണമാവില്ല. പകരം എല്ലാവരും ചേര്‍‌ന്ന് ഒരുമിച്ച് സന്തോഷം പങ്കിടുമ്പോഴാണ്‍ യഥാര്‌ത്ഥത്തില്‍‌ ഓണമാകുന്നത്.
:)

Mon Sept 03, 08:18:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഓണം കുശാല്‍ ആയിരുന്നല്ലെ....!!

Mon Sept 03, 10:39:00 am IST  
Blogger ശാലിനി said...

സൂ ഓണം നന്നായി ആഘോഷിച്ച നിറവില്‍ നിന്നാണ് ഈ കഥ എന്നുതോന്നുന്നു.

എന്റെയുള്ളിലും ഇതുപോലൊരു ഓണം ഉണ്ട്. അത് സ്വപ്നമായിതന്നെ നിലനില്‍ക്കും എന്നറിയാമെങ്കിലും.

Mon Sept 03, 12:31:00 pm IST  
Blogger സു | Su said...

സഹ :)

ശ്രീ :) പൂക്കളമിട്ട് സദ്യയൊരുക്കിയില്ലെങ്കിലും എല്ലാവരും ചേര്‍ന്നാല്‍ ഓണമാകും അല്ലേ?

ഇട്ടിമാളൂ :) കണ്ണന്റേയും സാന്ദ്രയുടേയും ഓണം അല്ലേ ചോദിച്ചത്? അത് കുശാല്‍ തന്നെ എന്ന് മനസ്സിലായില്ലേ?

ശാലിനീ :) ഇത് കണ്ണന്റേയും സാന്ദ്രയുടേയും കഥയാണ്. അവര്‍ ഓണം ആഘോഷിച്ച കഥ. അതും, ഞാന്‍ ആഘോഷിച്ച ഓണവുമായി യാതൊരു ബന്ധവുമില്ല.

Mon Sept 03, 05:31:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചീ... ഒരു ഫീല്‍ ഉണ്ട്‌... പക്ഷെ, സത്യം പറഞ്ഞാല്‍ എന്തോ ഒരു കോമ്പ്ലിക്കേഷന്‍ തോന്നി... ഒരു മുഴുവന്‍ മനസ്സിലാവായ്മ... :-)

Mon Sept 03, 07:19:00 pm IST  
Blogger സഹയാത്രികന്‍ said...

:)

Tue Sept 04, 02:14:00 am IST  
Blogger സുല്‍ |Sul said...

അങ്ങനെ മാവേലി വന്നു :)
-സുല്‍

Tue Sept 04, 09:32:00 am IST  
Blogger ദീപു : sandeep said...

സത്യം പറയാല്ലോ ചേച്ചി, മുഴുവന്‍ മനസ്സിലായില്ല.
:(

ഓഫ്:
പത്തുമുപ്പതുപേര്‍ ഒരുമിച്ചിരുന്ന്‌ ആഘോഷിയ്ക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ...

Tue Sept 04, 12:31:00 pm IST  
Blogger ഉപാസന || Upasana said...

:)
ശ്രീയേ ചേച്ചി ചോദിച്ചതിന് മറുപടി പറേഡാ...
ചേച്ചി കൊള്ളാം
:)
സുനില്‍

Tue Sept 04, 07:40:00 pm IST  
Blogger സു | Su said...

സൂര്യോദയം :) കോമ്പ്ലിക്കേഷന്‍ ഒന്നുമില്ല. എല്ലാവരും ഒരുമിച്ചാഘോഷിച്ചപ്പോള്‍ ഓണമായി.

സഹയാത്രികന്‍ :)

സുല്‍ :) അങ്ങനെ സുല്‍ മാവേലി വന്നു. അല്ലേ?

ദീപൂ :) അതു തന്നെ കഥ. പത്തുമുപ്പതുപേര്‍ ചേര്‍ന്ന് ആഘോഷിച്ചു അല്ലേ?

സുനില്‍ :)

Tue Sept 04, 08:30:00 pm IST  
Blogger R. said...

ഞാന്‍ ഫയങ്കര ഡെസ്പ്‌ !!!

~ ഇത്തവണ ഓണം 'കരിഞ്ഞു' പോയ ഒരു മലയാളി.

Wed Sept 05, 07:05:00 pm IST  
Blogger ശ്രീ said...

സുനിലേ...എടുത്തു പറഞ്ഞില്ലെങ്കിലും ഞാനുദ്ദേശ്ശിച്ചത് അതു തന്നെയാണെന്ന് സൂവേച്ചിയ്ക്കു മനസ്സിലാകും.
:)

Thu Sept 06, 11:20:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home