നിങ്ങളോട് ഞാന്‍ കുറച്ചുദിവസം മുമ്പ് എന്തു പറഞ്ഞു? പലതും പറഞ്ഞു എന്നല്ലേ? ഒരു വിദ്യ പുതിയത് പഠിക്കും എന്നു പറഞ്ഞില്ലേ? മിടുക്കി, ഇത്രവേഗം പഠിച്ചോ, അങ്ങനെവേണം എന്നൊക്കെ നിങ്ങളെന്നെ പുകഴ്ത്തിയാല്‍ എനിക്കു വല്യ സന്തോഷം തന്നെ. എന്നുവെച്ച് ഞാനിത്രവേഗം വിദ്യ പഠിക്കും എന്നൊന്നും നിങ്ങള്‍ കരുതരുത്. നിങ്ങള്‍ അങ്ങനെ കരുതാന്‍ പോലും കരുതുന്നില്ല എന്നല്ലേ? എനിക്കറിയാം.
ഈ വിദ്യ പഠിച്ചത്, എംബ്രോയ്‌ഡറി പഠിക്കാന്‍ (എന്നും പറഞ്ഞ്) പോയപ്പോഴാണ്. ടീച്ചറുകുട്ടി എന്നോട് പറഞ്ഞു ഇങ്ങനെ ഒരു വിദ്യ ഉണ്ടെന്ന്. എന്നാ പഠിച്ചുകളയാം എന്നു ഞാനും. എന്നിട്ട് നിങ്ങള്‍ പഠിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അറിവ് പങ്കുവെച്ചേക്കാം എന്നു ഞാന്‍ കരുതി.
ഇതൊരു പാവം പാവ. പക്ഷെ ഇതെന്തുകൊണ്ടാണെന്ന് പറയുമ്പോള്‍ നിങ്ങളെന്നെ തല്ലാന്‍ വരരുത്. ഇതാണ് ബ്രഡ് പാവ. പണ്ട് കുട്ടിക്കാലത്ത്, പനിപിടിക്കുമ്പോള്‍, കാപ്പിയില്‍ മുക്കിത്തിന്നാന്‍ ആണ് ബ്രഡ് വാങ്ങാറ്. ഇപ്പോ അതുപോലും ഇല്ല. എന്നാപ്പിന്നെ ഇത് ട്രൈ ചെയ്തിട്ടു തന്നെ കാര്യം എന്ന് ഞാനുറപ്പിച്ചു. ഞാന്‍ ഒരു കലാകാരിയേ അല്ല. എന്നാലും ശ്രമിക്കുന്നതില്‍ നഷ്ടം ഇല്ലല്ലോ.
നവരാത്രിയ്ക്ക് കൊലു വയ്ക്കുന്നത് കണ്ടിട്ടുണ്ട് . കുറേ പാവകളും, ദൈവങ്ങളും ഒക്കെ. അതെനിക്കു കാണാന്‍ വല്യ ഇഷ്ടം ആണ്.
ഇതിനു വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. പിന്നെ കുറച്ച് സമയവും.
ബ്രഡ്
ഫെവിക്കോള്‍
സിങ്ക് പൌഡര്‍ (ഉറുമ്പ് വരാതിരിക്കാന്‍ ഇടുന്ന പൊടി ആണ്. അതെന്താന്നു കൃത്യമായി എനിക്കറിയില്ല. ടീച്ചര്‍ പറഞ്ഞു, ഞാന്‍ വാങ്ങി.)
ചെറിയ കുപ്പി
ഒരു കഷണം കമ്പി. കലണ്ടറിന്റെ മുകളില്‍ ഉള്ളതും മതി.
പിന്നെ കുറച്ച് കളറുകള്‍. ഓയിലോ, ഫാബ്രിക്കോ എന്തെങ്കിലും. മെറ്റാലിക് ആണെങ്കില്‍ വളരെ നല്ലത്.
ആദ്യം തന്നെ ഒരു പാക്കറ്റ് മധുരമില്ലാത്ത ബ്രഡ് വാങ്ങുക. അത് ഫ്രിഡ്ജില്‍ മുഴുവന്‍ വേറെ വേറെ തുറന്നുവയ്ക്കുക. പിറ്റേ ദിവസം അരിക് കളഞ്ഞ് പൊടിക്കുക. ഫെവിക്കോള്‍ (200ഗ്രാം വാങ്ങുക) ഒഴിച്ച്, സിങ്ക് പൌഡറും ഇട്ട് കുഴയ്ക്കുക.
ചപ്പാത്തിപ്പലകയില്‍ പരത്തുക. ആവശ്യം പോലെ മുറിച്ചെടുക്കുക. വേഗം വേഗം ചെയ്തില്ലെങ്കില്‍ ഉറച്ചുപോകും. പിന്നെ വിട്ടുപോരും. ശരിക്കു നില്‍ക്കില്ല.
ആദ്യം ലെയറായിട്ട് പാവാടപോലെ ഉണ്ടാക്കി കുപ്പിയുടെ അടിമുതല്‍ ഒട്ടിക്കുക. രണ്ടോ മൂന്നോ ലെയര്‍.
ഒരു തലയും മൂക്കും ഉണ്ടാക്കി കമ്പിയില്‍ കുത്തിനിര്‍ത്തി കുപ്പിയില്‍ ഇറക്കിവയ്ക്കുക.
എന്നിട്ട് അതിനുകീഴെ ബോഡിപാര്‍ട്ട് ഉണ്ടാക്കി പിടിപ്പിക്കുക.
കൈ പിടിപ്പിക്കുക. തലയില്‍ ഒരു കഷണം കൂടെ മുടിയ്ക്ക് വേണ്ടി പിടിപ്പിക്കുക.
ഒരു ഫ്രില്‍ ഉടുപ്പ്, ഉണ്ടാക്കി പിടിപ്പിക്കുക. ഉണങ്ങാന്‍ വയ്ക്കുക.
ഉണങ്ങിക്കഴിഞ്ഞാല്‍ പെയിന്റ് ചെയ്യുക.
കണ്ണും ചുണ്ടും വരച്ചുപിടിപ്പിക്കുക.
വേറെ വേറെ രീതിയില്‍ ചെയ്യാം. നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ. കുഴച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് പരത്തി ഷേപ്പ് വരുത്തണം. സമയം നീങ്ങിയാല്‍പ്പിന്നെ ഒന്നും ശരിയാവില്ല. ഇവിടെ
അങ്ങനെ ആയി. കൈ ശരിക്കു കിട്ടിയില്ല. ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ നല്ലത്. ഞാന്‍ ഒറ്റയ്ക്ക്
ആയിരുന്നതുകൊണ്ട് വേഗം വേഗം ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കുറച്ച് കുഴപ്പങ്ങള്‍ വന്നിട്ടുണ്ട്. കൈ തീരെ ശരിയായില്ല. പിന്നെ അവിടവിടെയായി മുറിഞ്ഞുപോയി. ശരിക്കുകുഴച്ച് പെട്ടെന്ന് ചെയ്താല്‍ ഇതൊക്കെ കൃത്യമായിട്ട് വരും. പിന്നെ മുഴുവന്‍ പെയിന്റ് ചെയ്യണം. ഞാന്‍ അവിടവിടെയായി വിട്ടിട്ടുണ്ട്.
Labels: ക്രാഫ്റ്റ്, ടൈം പാസ്സ്, പാവനിര്‍മ്മാണം