Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 22, 2011

എന്തെങ്കിലും

എന്തെങ്കിലും എഴുതാമെന്നുവെച്ചാൽ, എന്തെങ്കിലും എഴുതീട്ടെന്താ എന്നൊരു ചിന്ത വരും. എന്തെങ്കിലുമൊക്കെ എഴുതുന്നതാണ് നല്ലതെന്നു തോന്നും. എന്തെങ്കിലും പറയാനുണ്ടാവുമ്പോൾ പറയുന്നതല്ലേ നല്ലത്! എന്തെങ്കിലുമാവട്ടെ എന്നുവെച്ചാൽ എന്തെങ്കിലുമൊക്കെ സംഭവിക്കും. എന്തെങ്കിലും തിന്നാൻ താ എന്നു പറയുന്ന മക്കളോട് അമ്മയ്ക്ക് തമാശ പറയാം, എന്തെങ്കിലും എന്നൊരു വസ്തു ഇവിടെയില്ല എന്ന്. എന്തെങ്കിലുമൊക്കെ മനസ്സിൽ വെച്ചിട്ട് വേറെ എന്തെങ്കിലുമൊക്കെ പറയരുതെന്ന് ചിലപ്പോൾ ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ?
എന്തെങ്കിലും എന്നൊരു വാക്ക് കണ്ടുപിടിച്ചതിനു പിന്നിൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാവും. നീ എന്തെങ്കിലും ചെയ്യ്, എനിക്കൊന്നും പറയാനില്ല എന്നു പറയുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? ടൂറു പോകുന്ന ഭർത്താവ് ഭാര്യയോട്, തിരിച്ചുവരുമ്പോൾ എന്താ കൊണ്ടുവരേണ്ടതെന്ന് ചോദിക്കുമ്പോൾ എന്തെങ്കിലും കൊണ്ടുവരൂ എന്നു ഭാര്യ പറയാറുണ്ടല്ലോ. കുട്ടികളെ ഒറ്റയ്ക്കാക്കി പോകുമ്പോൾ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ, തിരിച്ചുവന്നാൽ എന്തെങ്കിലും മേടിയ്ക്കും എന്നു പറയാറില്ലേ? വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തൂടേന്ന് ചോദിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുമോ? എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൂട്ടാതെ നല്ലത് ചിന്തിച്ചൂടേന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? മനസ്സിലെന്തെങ്കിലുമുണ്ടെങ്കിൽ തുറന്നുപറയാതെ എങ്ങനെ അറിയും എന്ന ചോദ്യത്തെ നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടോ? എന്തെങ്കിലും കേട്ടയുടനെ ആലോചിക്കാതെ എടുത്തുചാടി എന്തെങ്കിലും ചെയ്യരുതെന്ന ഉപദേശം എങ്ങനെയുണ്ട്? ഞാനെന്തെങ്കിലും പറഞ്ഞാൽ കേട്ട ഭാവം നിങ്ങൾക്കില്ലല്ലോ എന്നു നിങ്ങളെപ്പോഴെങ്കിലും പറഞ്ഞോ? അതോ എന്തെങ്കിലും പറഞ്ഞാലത് ഇഷ്ടമാവൂലല്ലോ എന്നാണോ പറയാറ്? എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാമെന്ന് വിചാരിച്ചിരുന്നു പക്ഷേ, ഒന്നും കിട്ടീല എന്നു പറയാറുണ്ടോ? അതോ എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരാമായിരുന്നില്ലേന്ന് പറഞ്ഞോ? എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും എന്നു നിങ്ങൾ കേട്ടില്ലെന്ന് പറയരുത്. അങ്ങനെ ചെയ്തതിന്റെ പിന്നിൽ എന്തെങ്കിലും കാരണമില്ലാതെ വരില്ല എന്നാരോടാണ് നിങ്ങൾ പറഞ്ഞത്? ഇതൊക്കെ വായിച്ചിട്ട് ആ എന്തെങ്കിലുമാവട്ടെ എന്നു തോന്നുന്നുണ്ടോ? അതോ എന്തെങ്കിലുമൊക്കെ പറയാൻ തോന്നുന്നുണ്ടോ? നിന്നോടൊക്കെ എന്തെങ്കിലും പറയാൻ നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോന്നാണോ? ഇങ്ങനെയെന്തെങ്കിലും എഴുതുന്നതിനുപകരം എന്തെങ്കിലും രണ്ടുവരി മൂളിക്കൂടേന്ന് നിങ്ങൾ ചോദിക്കുമോ? ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോന്ന് കരുതിയിട്ട് ഞാൻ മൂളാതെയിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

“മൌനം പോലും മധുരം...
ഉം.ഉം.ഉം...ഉം...ഉം...”

Labels:

Friday, February 11, 2011

റിയാലിറ്റികൾ

മലയാളം ചാനലുകൾ കണ്ടുകണ്ട് മനസ്സുമടുത്തിട്ടൊന്നുമല്ല, മറ്റുചാനലുകളിൽ എന്തുസംഭവിക്കുന്നുവെന്നറിയാനാണ് ഞാനൊരു ചാനൽ യാത്ര നടത്തിയത്. എല്ലാം അറിഞ്ഞിരിക്കണമല്ലോ. പല നല്ല ചാനലുകളും നല്ല പരിപാടികളും ഒക്കെ കണ്ടു. അങ്ങനെ പോയിപ്പോയി കുറേ റിയാലിറ്റിഷോകൾ കണ്ടെത്തി. പണ്ടേ പ്രതീക്ഷിച്ചതായതുകൊണ്ട് ഞെട്ടിയൊന്നുമില്ല. രാഖിയുടെ സ്വയംവരറിയാലിറ്റിയെക്കുറിച്ചും, അതിനുശേഷം വന്നൊരു റിയാലിറ്റിഷോയെക്കുറിച്ചും കേട്ടും കണ്ടുമറിഞ്ഞതുവെച്ചുനോക്കുമ്പോൾ ഇനിയുമെന്തൊക്കെ കാണാനുണ്ടാവും എന്നേ വിചാരിച്ചുള്ളൂ.

സ്റ്റാർ പ്ലസ്, ഒരു റിയാലിറ്റി ഷോ തുടങ്ങി, കുറച്ചുനാളിനുള്ളിൽത്തന്നെ പൂട്ടിക്കെട്ടിപ്പോയി. പങ്കെടുക്കുന്നവരെക്കൊണ്ട് എല്ലാം തുറന്നുപറയിപ്പിച്ചും, പറയുന്നതിലെ കള്ളം കണ്ടുപിടിച്ചും മുന്നേറിയപ്പോൾ ആരാന്റമ്മയ്ക്ക് പ്രാന്തു വന്നാൽ കാണാൻ നല്ല ശേല് എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വന്നത്. എല്ലാം തുറന്നുപറയാൻ മുട്ടിനിൽക്കുന്നവരുടെ ഭാഗ്യക്കേട് കൊണ്ടാ‍ണോന്നറിയില്ല, അതു വന്നപോലെ പോയി. ബിഗ് ബോസ്സ് എന്നൊരു പരിപാടി പണ്ടേ ഉണ്ടായിരുന്നു. ഇപ്പോഴും അതിനൊരു വാട്ടവും ഇല്ല.

ഇപ്പോഴുള്ള പുതിയ റിയാലിറ്റി ഷോകൾ ഷോകൾ തന്നെയാണോ ഷോക്കുകൾ ആണോന്ന് അറിയില്ല. അതിലൊന്നാണ് മാ എക്സ്ചേഞ്ച്. ഭർത്താവും കുട്ടികളും മാറുന്നില്ല. ഒരു വീട്ടിലെ ഭാര്യ, കുട്ടികളുടെ അമ്മ, വേറൊരു വീട്ടിൽ താമസിക്കാൻ പോകുന്നു. ആ വീട്ടിലെ ഭാര്യ, കുട്ടികളുടെ അമ്മ, ഇങ്ങോട്ടും വരുന്നു. അതാണ് റിയാലിറ്റിഷോയുടെ ചുരുക്കം. എങ്ങനെയുണ്ട്? നല്ലത്! അല്ലേ? പിന്നെയൊന്നുള്ളത് കുട്ടികൾ വേറൊരു അച്ഛനേം അമ്മയേം തെരഞ്ഞെടുത്ത് പോകുന്നതാണ്. അവിടെ അവർ നടത്തുന്ന കസർത്തുകൾ, വഴക്കുകൾ. പിന്നെയൊന്നുള്ളത് കാമുകീകാമുകന്മാർക്കുള്ളതാണ്. അത് വെറും ഷോ അല്ല. അതിൽ സമ്മാനവും ഇല്ല. വാസ്തവം കണ്ടെത്താം. അത്ര തന്നെ. അതുകൊണ്ട് റിയാലിറ്റി ഷോകളുടെ കൂട്ടത്തിൽ‌പ്പെടുമോന്നറിയില്ല. ഇമോഷണൽ അത്യാചാർ എന്നാണ് അതിന്റെ പേര്. തന്റെ പങ്കാളിയിൽ സംശയം തോന്നുന്നവർ, ആ പരിപാടിയിലേക്ക് വിളിക്കുകയേ വേണ്ടൂ. അവർ ക്യാമറയുമായി സംശയിക്കപ്പെടുന്ന ആളെ പിന്തുടരും. എവിടെയും. ഇന്ന സ്ഥലം എന്നൊന്നുമില്ല. എന്നിട്ട് ക്യാമറയിൽ കിട്ടിയതുമുഴുവൻ മറ്റേയാളെ കാണിക്കും. മിക്കവാറും ആ ബന്ധം അവിടെത്തീരും. പാട്ടിന്റെ, ഡാൻസിന്റെ, അഭിനയത്തിന്റെ ഒക്കെ റിയാലിറ്റിഷോകൾ വിട്ട് ഇപ്പോ പല ഷോകളും വീട്ടിലേക്ക് കയറിയിരിക്കുകയാണ്. ഇപ്പോ പുതിയൊന്ന് തുടങ്ങിയിട്ടുണ്ട്. കുറച്ചു ഭാര്യമാർ വീട്ടിൽനിന്നു വിട്ടു നിൽക്കുന്നു. ഭർത്താക്കന്മാർ വീടു നോക്കിനടത്തുന്നു, കുട്ടികളെ നോക്കുന്നു. ഇനിയിപ്പോ എന്തൊക്കെ കാണേണ്ടിവരും എന്നു ചോദിക്കുന്നേയില്ല. കാണാൻ പോകുന്ന പൂരങ്ങൾ കാത്തിരിക്കുകതന്നെ. ഞാനിതൊക്കെ കണ്ട് അവിടെയൊന്നും തമ്പടിച്ചുകൂടുന്നില്ല. തൽക്കാലം മതിയാക്കി മലയാളത്തിലേക്കുതന്നെ കയറി. ഇവിടെയുള്ളതൊക്കെ കാണുന്നതാവും എനിക്കു നല്ലത്.

Labels:

Wednesday, February 09, 2011

ആരു കൊടുത്തൂ

ഇത്തിരിമുല്ലയ്ക്കാരു കൊടുത്തൂ,
ഇത്തറ നല്ലൊരു സൌരഭ്യം?
വിടർന്നുനിൽക്കും മഴവില്ലിന്നു,
ആരു കൊടുത്തൂ പല വർണ്ണം?
കൂകൂകൂകൂ കൂകും കുയിലിനു,
ആരു കൊടുത്തൂ സ്വരമധുരം?
ഛൽഛിൽ ഛൽഛിൽ പെയ്യും മഴയ്ക്ക്,
ആരു കൊടുത്തൂ സംഗീതം?
എല്ലാം കൊടുത്തു മറഞ്ഞുനിൽപ്പൂ,
ദൈവം എന്ന കലാകാരൻ.

Labels:

Friday, February 04, 2011

പ്രകാശം ഇല്ലാഞ്ഞപ്പോൾ




ആശാപൂർണ്ണാദേവിയുടെ ഒരു നോവലാണ് പ്രകാശം ഇല്ലാഞ്ഞപ്പോൾ. ജഗൻ അലോഗ് നാ ഹിറെ എന്ന ബംഗാളിനോവലാണ് മലയാളത്തിൽ, പ്രകാശം ഇല്ലാഞ്ഞപ്പോൾ എന്ന പേരിൽ നോവലായത്.

നിസ്സഹായരായ, എന്നാൽ പരസ്പരസ്നേഹമുള്ള ചില ജീവിതങ്ങളാണ് ഈ നോവലിൽ ഉള്ളത്. നോവലിന്റെ ചുരുക്കം എഴുതിയിടുന്നു.

ആദിനാഥൻ എന്ന വൃദ്ധനായ, അന്ധനായ ഒരാളാണ് ഇതിലെ മുഖ്യകഥാപാത്രം. അദ്ദേഹം പുത്രനോടും, പുത്രന്റെ കുടുംബത്തോടുമൊപ്പം താമസിക്കുന്നു. അദ്ദേഹത്തിനു ജോലിയുണ്ടായിരുന്നു, ഇപ്പോൾ പെൻഷനും. വൃദ്ധനാണെങ്കിലും അദ്ദേഹം നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. സമയാസമയങ്ങളിൽ അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ചുള്ള ഭക്ഷണം നൽകുകയാണ് അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുടെ പ്രധാനജോലി എന്നു പറഞ്ഞാൽ‌പ്പോലും തെറ്റില്ല. ഭക്ഷണക്കാര്യത്തിൽ അതീവശ്രദ്ധാലു ആയതുകൊണ്ടുതന്നെ, അന്ധനെന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ഒരു കുഴപ്പവുമില്ല. അദ്ദേഹം നാടുചുറ്റാൻ ഇറങ്ങുമ്പോൾ, പൌത്രൻ സുബലിനെയാണ് ആശ്രയിക്കുന്നത്. ദേവനാഥനാണ് ആദിനാഥന്റെ മകൻ. അയാൾ ജോലിക്കു പോകുന്നുണ്ട്.

മാധുരിയാണ് ആദിനാഥന്റെ മരുമകൾ. ആദിനാഥന് ഭക്ഷണം ഒരുക്കിക്കൊടുക്കൽ ഒരു കാര്യമായ ജോലിയാണെങ്കിലും സന്തോഷത്തോടെയാണ് അവൾ ചെയ്യുന്നത്. പരാതിയെന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അവൾ മനസ്സിൽ അടക്കിവെച്ച് നല്ല പെരുമാറ്റമേ കാണിക്കുകയുള്ളൂ.

ഡോക്ടർ ബിഹാരി, ഗ്രാമത്തിലെ ഡോക്ടറാ‍ണ്. അയാൾ, ആദിനാഥനു കാഴ്ച തിരിച്ചുകിട്ടുമെന്ന് ഉറപ്പുകൊടുക്കുന്നുണ്ട്. പറ്റിയ്ക്കാൻ പറയുന്നതല്ല, സഹതാപം തോന്നിയിട്ട് പറയുന്നതാണ്. ആദിനാഥൻ ദിവസവും ഡോക്ടർക്ക് നാലണ കൊടുക്കും.

അന്ധനായതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് ആദിനാഥൻ എല്ലാം അറിയുന്നത്. അതുകൊണ്ടുതന്നെ ചിലതൊക്കെ അറിയാതെപോകുന്നുമുണ്ട്.

ദേവനാഥന് ജോലി നഷ്ടപ്പെടുമ്പോഴാണ് കാര്യങ്ങൾ കുറച്ചു കുഴപ്പത്തിലാവുന്നത്. അയാൾ ആരേയും അറിയിക്കാതെ നോക്കാമെന്നു കരുതിയെങ്കിലും, മാധുരി അറിയുന്നു. പിന്നീട് സുബലും. അച്ഛനോട് ദേവനാഥൻ പറയുന്നത്, ഓഫീസിൽ ഹർത്താ‍ലാണെന്നും അതുകൊണ്ട് കുറച്ചുദിവസത്തേക്ക് പോകേണ്ടെന്നുമാണ്. ആദിനാഥന്റെ പെൻഷൻ ഉള്ളതുകാരണം, അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ഒരു കുറവും ഇല്ലാതെ തന്നെ നടന്നുപോകുന്നുണ്ട്.

പിന്നീട് വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റാൻ തുടങ്ങുന്നു. മാധുരി വീട്ടിലെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ നോക്കുന്നു. കൂട്ടുകാരിയോട് പിണക്കത്തിലാവുകപോലും ചെയ്യുന്നു. ഒടുവിൽ ആദിനാഥൻ എല്ലാ കാര്യങ്ങളും അറിയുന്നു. തന്നെ വല്ല ആശ്രമത്തിലേക്കും അയയ്ക്കാൻ മകനോടു പറയുന്നു. എല്ലാവരും എല്ലാം മറച്ചുവെച്ച്, തെറ്റിദ്ധരിപ്പിച്ച് കഴിയുകയായിരുന്നെന്ന് തനിക്കു ആദ്യമേ മനസ്സിലായെന്ന് അയാൾ പറയുന്നു.

കഷ്ടപ്പാടിനിടയിലും, പരസ്പരസ്നേഹമുള്ള ആളുകൾ. കുടുംബസ്നേഹമുള്ള ആളുകൾ. ഇവരൊക്കെയാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. ഇടയ്ക്ക് വല്ലപ്പോഴുമുണ്ടാകുന്ന മുറുമുറുപ്പുകൾ, ജീവിതത്തിന്റെ ഗതിയിൽ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ല. എവിടെയോ ഉള്ള ചിലരുടെ ജീവിതത്തിലേക്കു കടന്നുചെന്നു നോക്കുന്നതുപോലെയുണ്ടാവും ഈ നോവൽ വായന. ഗ്രാമത്തിലെ ചായക്കടക്കാരനും, മത്സ്യവില്പനക്കാരിയും ഒക്കെയുണ്ട് ഈ നോവലിൽ.

ഇത് ആദിനാഥന്റെയോ, ദേവനാഥന്റെയോ, മാധുരിയുടേയോ മാത്രം കഥയല്ല. പേരുകൾ മാറ്റിയാൽ ലോകത്ത് എവിടെയെങ്കിലുമൊക്കെയുണ്ടാവും ഇത്തരം ആൾക്കാർ.

പ്രകാശം ഇല്ലാഞ്ഞപ്പോൾ - ആശാപൂർണ്ണാദേവി. വിവർത്തനം - കെ. രാധാകൃഷ്ണൻ. ഡി. സി. ബുക്സ് - രൂ. 60

Labels: ,