അല്ലപിന്നെ
ഏടത്തിയുടെ വീട്ടിലേക്ക് കുറച്ചുദിവസം പോകാതിരുന്നത് സ്വയം തീരുമാനിച്ചുറപ്പിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. അവർ പലതും പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്നത് എനിക്കിഷ്ടമല്ല. അതുതന്നെ. എങ്ങനെ ജീവിക്കേണ്ട സ്ത്രീയാണ്! എന്നിട്ട് ഒരു പ്രശ്നം വരുമ്പോഴേക്കും കരഞ്ഞുകൊണ്ട് ഇരിക്കുന്നു. ആരും ഒന്നും പറയാൻ പോയിട്ടു കാര്യമില്ല എന്നാണ് സരള അവിടെപ്പോയി വന്നിട്ടു പറഞ്ഞത്. ആരെയെങ്കിലും കണ്ടയുടനെ എല്ലാം എന്റെ നിർഭാഗ്യം എന്നും പറഞ്ഞ് കരയാൻ തുടങ്ങുമത്രേ. ഇനിയും എങ്ങനെ പോകാതിരിക്കും! പോയി നോക്കാം. കരയുകയാണെങ്കിൽ കരയട്ടെ. എന്തെങ്കിലുമൊക്കെ പറഞ്ഞു സമാധാനിപ്പിക്കാം. ദുഃഖമൊക്കെ പതുക്കെ മാറുമെന്നു പറയാം. “എന്നാലും എന്റെ ചിന്നൂ” അവർ രണ്ടു കൈകളും കാണിച്ച് കരയാൻ തുടങ്ങി. “ഈ കൈകൾ കണ്ടില്ലേ? എന്താണിതിനൊരു കുഴപ്പം? എന്നിട്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയാതായിപ്പോയല്ലോ. ഈ കൈകൾ എന്നെ ചതിച്ചോ ചിന്നൂ? ഞാൻ തോറ്റുപോയില്ലേ?” ഞാനതും കണ്ട് രസിച്ച് ഇരിക്കാൻ പാടില്ലാത്തതാണ്. കരയുന്ന അവരുടെ മുന്നിലിരുന്ന് പുഞ്ചിരി തൂകുന്ന എന്നെക്കണ്ടാൽ ആർക്കും ദേഷ്യം വരും. പക്ഷെ എന്തു ചെയ്യാനാ? പക്ഷെ, കോടീശ്വരനാകുന്ന പരിപാടിയിൽനിന്ന് അല്പനിമിഷത്തെ വ്യത്യാസം കൊണ്ട് ഒഴിവായിപ്പോകുന്ന ആദ്യത്തെ ആൾ ഒന്നുമല്ലല്ലോ ഏടത്തി. അല്ലെങ്കിലും അവർക്കെന്തിന്റെ കുറവാ.
Labels: കഥ