ഒന്നാം പാട്ട്അക്കുടുമുയലിന്റെയമ്മയ്ക്ക്
കാരറ്റു തിന്നാൻ കൊതിയായി.
വയലിൽ ചെന്നവൾ പരതിയെടുത്തൂ
രണ്ടും മൂന്നും അഞ്ചെണ്ണം.
വഴിയിൽ നിന്ന കുറുക്കച്ചാർ
തട്ടിയെടുത്തൂ മൂന്നെണ്ണം.
അക്കുടുമുയലിന്റെയമ്മയ്ക്ക്
തിന്നാൻ കിട്ടീ രണ്ടെണ്ണം.
രണ്ടാം പാട്ട്വെണ്മ നിറഞ്ഞൊരു പല്ലുകൾ കാട്ടി
പുഞ്ചിരിതൂകുന്ന കുഞ്ഞുപോലെ
വീട്ടിലെ തോട്ടത്തിൽ ഇന്നു വിരിഞ്ഞൂ
ചെടിയിൽ നിറയെ മുല്ലപ്പൂ.
ഓരോന്നെടുത്തൊരു വാഴനാരിൽ
കോർത്തിട്ടു നല്ലൊരു മാല കെട്ടി,
സ്കൂളിൽ പോകുന്ന കുഞ്ഞിന്റെ തലയിൽ,
അമ്മയാപ്പൂമാല ചൂടിച്ചു.
മൂന്നാം പാട്ട്മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു.
നാലാം പാട്ട്തീവണ്ടീലാദ്യമായ് കേറുവാൻ മിന്നു
അച്ഛനുമമ്മയ്ക്കുമൊപ്പം പോയി.
ടിക്കറ്റെടുക്കുവാൻ അച്ഛൻ പോയി,
ലഗ്ഗേജും നോക്കി അമ്മ നിന്നു.
റെയിൽവേസ്റ്റേഷൻ ആദ്യമായ് കണ്ടിട്ട്,
സന്തോഷത്തോടെ മിന്നു നിന്നു.
ചുക് ചുക് ചുക് ചുക് ശബ്ദത്തോടെ
മിന്നുവിൻ മുമ്പിൽ വണ്ടി വന്നു.
അച്ഛനുമമ്മയും മിന്നുവും കൂടെ
വണ്ടിയിൽ കയറി യാത്രയായി.
അഞ്ചാം പാട്ട്അമ്മേ നോക്കൂ അമ്പിളിമാമൻ
വാനിൽ നിന്നു ചിരിക്കുന്നൂ.
ചുറ്റും പൊന്നായ് മിന്നും താരകൾ
തിത്തൈ നൃത്തം വയ്ക്കുന്നൂ.
പകലാവുമ്പോൾ സൂര്യനെ നോക്കാൻ
കണ്ണിനു പാടാണെന്നുണ്ണീ,
രാത്രിയിൽ അമ്പിളിമാമനെ നോക്ക്യാൽ
കണ്ണിനു കുളിരാണെന്നുണ്ണീ.
നമുക്കു ചുറ്റും വർണ്ണം പകരാൻ
എന്തെന്തെല്ലാമുണ്ടല്ലേ!
പിന്നെയുമെന്തിനു നമ്മൾ വെറുതേ
കരഞ്ഞു തളർന്നു നടക്കുന്നൂ.
കാഴ്ചകൾ കണ്ടു ചിരിച്ചു കളിച്ച്
മിടുക്കരായി നടന്നൂടേ!
Labels: കുട്ടിപ്പാട്ട്