Suryagayatri സൂര്യഗായത്രി
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Wednesday, October 16, 2013
Tuesday, October 15, 2013
ആന മെലിഞ്ഞാലും ആടോളമാവില്ല
“അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നോ? നീ എന്താ രാവിലെത്തന്നെ പരതിനടക്കുന്നത് ?”
“ഞാൻ പാസ്ബുക്കും നോക്കി നടക്കാൻ തുടങ്ങീട്ട് രണ്ടു ദിവസമായി. നിങ്ങളോടു പറഞ്ഞിട്ടെന്താ കാര്യം? അമ്മയ്ക്കു പ്രാണവേദന മകൾക്കു വീണവായന എന്ന മട്ടിലാണു നിങ്ങളുടെ കാര്യങ്ങൾ. സഹായിക്കില്ല, വെറുതേ ഓരോന്നു ചോദിച്ചിട്ട് ഇരിക്കും.”
“അണ്ണാൻ കുഞ്ഞിനും തന്നാലായത്.” മുറ്റത്ത് വെയിലത്ത് ഇട്ടിരിക്കുന്ന കിടക്കയിലേക്ക് ചിരട്ടയിൽ വെള്ളമെടുത്ത് കൊണ്ടുവന്ന് ഒഴിക്കുന്ന മകനെ നോക്കി അയാൾ പറഞ്ഞു.
“ഈശ്വരാ... അത്താഴം മുടക്കാൻ നീർക്കോലി മതി.” അവൾ മുറ്റത്തേക്ക് ഓടി.
“അതിനാണു പറയുന്നത്, ഒന്നേയുള്ളുവെങ്കിലും ഉലക്കകൊണ്ടടിച്ചുവളർത്തണം എന്ന്.” അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഞാനിവനെ കുളിപ്പിച്ചുകൊണ്ടുവരാം. നിങ്ങൾ ടൌണിൽ പോകുമ്പോൾ ഞങ്ങളേം കൂടെ കൂട്ടണം. തുണിക്കടേടെ മുന്നിൽ ഇറക്കിയാൽ മതി. ഓടം മാടായിക്ക് പോകുമ്പോൾ ഓലക്കെട്ട് വേറെ പോകേണ്ടല്ലോ.”
“തുണിക്കടയിലേക്കോ? കന്നിനെ കയം കാണിക്കരുത് എന്നല്ലേ ഭാര്യേ?”
“കരയുന്ന കുട്ടിയ്ക്കേ പാലുള്ളൂ. അതുകൊണ്ട് ഞങ്ങളിപ്പോ പുറപ്പെട്ട് വരാം.”
“മൌനം വിദ്വാനു ഭൂഷണം. എന്നാലും ഇപ്പോ എന്താ പുത്യേത് വാങ്ങാൻ?”
“കഴിഞ്ഞയാഴ്ചയല്ലേ പറഞ്ഞത്. ദീപാവലി വരുന്നുണ്ട്, പുത്യേത് മേടിക്കാംന്ന്. എന്നിട്ട് ഇപ്പോ ഇങ്ങനെ ആയോ? ആന കൊടുത്താലും ആശ കൊടുക്കരുത്.”
“അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നു? ദീപാവലിയ്ക്ക് എല്ലാരും പുത്യേതു വാങ്ങും, ഞങ്ങളും വാങ്ങും എന്നാണോ? പൂച്ച പാഞ്ഞാൽ പുലിയാകില്ല കേട്ടോ.”
“ആനയില്ലാതെ ആറാട്ടോ? പുത്യേതില്ലാണ്ടു എന്തു ദീപാവലി?”
“എന്നാൽപ്പിന്നെ വേഗം റെഡിയാവ്. നാടോടുമ്പോൾ നടുവേ ഓടണമല്ലോ.”
“ശരി, ശരി. തിരിച്ചുവന്നിട്ട് പാസ്ബുക്ക് പരതിക്കോളാം. അല്ലെങ്കിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നാവും.”
“ഇന്നത്തെ ദിവസം കുശാലായി. സാരമില്ല. തുനിഞ്ഞവനു ദുഃഖമില്ല എന്നല്ലേ.”
Labels: പഴഞ്ചൊല്ലിൽ പതിരില്ല