Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 03, 2015

വീടിനുള്ളിലെ ലോകമല്ല പുറത്ത്

രണ്ടു വ്യക്തികൾ വീടുവിട്ടിറങ്ങുകയാണ്. എന്തായിരിക്കും അവരുടെ ലക്ഷ്യം!  രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് രണ്ടുപേരും യാത്രയ്ക്കൊരുങ്ങുന്നത്. ആഷിക്ക് അബുവിന്റെ റാണിക്കും പത്മിനിക്കും, രക്ഷപ്പെടൽ, ഒരുതരത്തിൽ‌പ്പറഞ്ഞാൽ ചിലത് നേടിയെടുക്കലാണ്.  അവരുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആ യാത്ര ആവശ്യമായൊരു സംഗതിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന അവർ യാത്രയിലാണ് കാണുന്നത്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് അവർ ഇറങ്ങിപ്പുറപ്പെടുന്നു. കൂടെ പോയാൽ, പത്മിനിക്കൊരു കൂട്ടിന്റെ ആവശ്യം ഉണ്ടായിരുന്നുവെന്നു തിരിച്ചറിയാം. മിണ്ടാനും പറയാനും തളർച്ച വരുമ്പോൾ താങ്ങാനും. റാണി ധൈര്യവതിയാണ് എന്ന കാര്യത്തിൽ സംശയമില്ല. കണ്ടുമുട്ടിയതിനുശേഷം ഒരുമിച്ചാണ് പോകുന്നതും പോരാടുന്നതും നേടുന്നതും. പത്മിനിയുടെ കൂടെ റാണി ഉണ്ടായത് നന്നായി എന്നു തോന്നി. അല്ലെങ്കിൽ‌പ്പിന്നെ ദൈവം ഉണ്ടായിരിക്കുമായിരിക്കും. ഒരേ ഭാഷക്കാരായതുകൊണ്ടാവണം അവരുടെ യാത്ര ഒരുമിച്ചായത്. ജോലിയ്ക്കു വേണ്ടുന്ന പഠിപ്പുള്ള പത്മിനി ഇറങ്ങിപ്പുറപ്പെടേണ്ടത് ഇതിനായിരുന്നില്ല എന്നുപറയുന്നവരില്ലേ? ഇതാണ് നന്നായത്. ഇതാണ് എപ്പോഴും വേണ്ടത് എന്നുപറയുന്നവരില്ലേ? എന്തായാലും ഇവർ മിടുക്കികൾ ആണെന്ന് പറയുന്നവരില്ലേ?

ഓടടാ ഓട്ടം എനിക്കിഷ്ടപ്പെട്ടില്ല. അതിനുപകരം റാണിക്കും പത്മിനിക്കും വേറെ വേറെ കാഴ്ചകൾ കൊടുക്കാമായിരുന്നു. ‘രാജാവും’ കുറച്ച് അധികം വന്നില്ലേന്നൊരു സംശയം. മാദ്ധ്യമപ്രവർത്തകരെ എന്നും കാണുന്നതാണല്ലോ. പലരും ഇങ്ങനെയല്ല എന്നും പറഞ്ഞേക്കാം.
സ്രിന്റ പറഞ്ഞതാണ് രണ്ടു നല്ല ഡയലോഗുകളും. അതിഷ്ടപ്പെട്ടു. നീ ഇങ്ങോട്ടു വാ എന്നു പറയുന്നത് അവസാനം മതിയായിരുന്നു. ഇവിടെ ഒക്കെ നടക്കുന്നത് അതാണ് എന്നു പറഞ്ഞതിനുശേഷം നീ വന്നാൽ വീട്ടിലും അതാവും എന്നു പറഞ്ഞൂടായിരുന്നോ. ;) ചിരിപ്പിക്കാൻ ശ്രമിച്ചിടത്തൊക്കെ എല്ലാവരും ചിരിച്ചു. അതൊരു വല്യ കാര്യമാണ്. (ഇനി ചിരി വരാത്തവരുണ്ടോന്ന് അറിയില്ല)
സിനിമയിൽ അനാവശ്യമായ കഥാപാത്രം ഏതായിരുന്നു! പിടി കിട്ടുന്നില്ല. ഇല്ലായിരിക്കും. കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, പാട്ടുകൾ....കുഴപ്പമൊന്നുമില്ല.

സിനിമ കണ്ടു പ്രചോദനം കിട്ടിയിട്ടാണ് എല്ലാം ചെയ്തുകൂട്ടിയതെന്നു പറയുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ട് ഞാനും ഒറ്റയ്ക്ക് ഒരു യാത്ര പോയിക്കൂടാതില്ലാതില്ല. അടുത്ത കവല വരെ. അത്രേം ആരോഗ്യമേ ഉള്ളൂ.

ഇത്രേ ഉള്ളൂ ഇപ്പോ. ഓരോരുത്തരും കാണുന്നത് വ്യത്യസ്തമായിട്ടാണെന്ന് പറഞ്ഞതുകേട്ടാണ് കുറച്ച് എഴുതിയേക്കാംന്നുവെച്ചത്. പിന്നെ പത്മിനിയും റാണിയുമൊക്കെ എല്ലാവരിലും ഉണ്ട്. അല്ല...ചിലരിലൊക്കെ ഉണ്ട്.

ഇക്കണ്ട കാഴ്ച ആയിരിക്കില്ല ഈ സിനിമ പിന്നീടു കാണുമ്പോൾ. പിന്നീടു വേറെ എന്തെങ്കിലും കൂട്ടണമെങ്കിലും കുറയ്ക്കണമെങ്കിലും അപ്പോൾ ചെയ്യാം. ഇപ്പോൾ, ഈ സിനിമ എല്ലാ സ്ത്രീകൾക്കും ഒന്നു കാണാവുന്നതാണ്. പുരുഷന്മാർക്കും കാണാം.

എവിടെയൊക്കെ ഓടിരക്ഷപ്പെട്ടാലും പറന്നുനടന്നാലും ഒടുവിലിറങ്ങുന്നത് അപകടത്തിന്റെ വായിലേക്കാണു പെണ്ണുങ്ങളേ എന്നൊരു ഗുണപാഠം അല്ലല്ലോ ഇതിനുള്ളത്. അല്ലേ? ;) അത് ഇടയ്ക്കായതുകൊണ്ട് അല്ലായിരിക്കും. ;))

വീടിനുള്ളിലെ ലോകമല്ല പുറത്ത്. അതു സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തമാണ് എന്നു പറഞ്ഞുകൊണ്ടു നിർത്തുന്നു. നന്ദി. നമസ്കാരം.

Labels: