Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 29, 2007

മൂളുന്ന വണ്ടുകള്‍

ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കാന്‍ പറ്റില്ല. കാരണം, ഇരിക്കുന്നത്‌ റെയില്‍‌വേപ്ലാറ്റ്‌ഫോമിലെ ബെഞ്ചിലായിപ്പോയി. ഹിമയ്ക്ക്‌ കുറച്ചൊരു അരിശം വരുന്നുണ്ടായിരുന്നു. ജയേഷ്‌ വരാമെന്ന് പറഞ്ഞതുകൊണ്ടാണ്‌‍, കാത്തിരുന്നേക്കാം എന്ന് കരുതിയത്‌. ഇനിയും വന്നിട്ടില്ല. വണ്ടിയില്‍ നിന്നിറങ്ങിയിട്ട്‌ പത്ത്‌ മിനുട്ടോളമാവുന്നു. വീട്ടിലേക്കും ഒരു പത്ത്‌ മിനുട്ട്‌ ദൂരമേയുള്ളൂ.

‘രണ്ട്‌ മിനുട്ട്‌ കാത്ത്‌ നില്‍ക്കൂ, വന്നു, ഞാന്‍’ എന്നാണ് ജയേഷ്‌ പറഞ്ഞത്‌. ബാഗൊക്കെ എടുത്ത്‌ പോകേണ്ടത്‌ ഓര്‍ത്തപ്പോള്‍ കാത്ത്‌ നില്‍പ്പ്‌ തന്നെയാണ്‌‍ നല്ലതെന്നു തോന്നി. ആദ്യം വണ്ടിയിലെ മടുപ്പില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു. പിന്നെ കുറച്ചുനേരം വരുന്നവരേയും പോകുന്നവരേയും നോക്കി ഇരുന്നു. തിരക്കില്‍ അലിയാന്‍ ശ്രമിക്കുന്നവര്‍. മുഖഭാവങ്ങള്‍ വ്യത്യസ്തം. യാത്ര അയയ്ക്കാന്‍ വന്നവരും, സ്വീകരിക്കാന്‍ വരുന്നവരും, യാത്ര പോകുന്നവരും, എത്തിച്ചേരുന്നവരും. എല്ലാവരുടേയും മനസ്സില്‍ എന്താവും? അടുത്തുള്ളവരെപ്പോലും മനസ്സിലാക്കാന്‍ പറ്റുന്നില്ല. പിന്നെയല്ലേ അപരിചിതര്‍.

അവരേയും നോക്കി മടുത്ത്‌ കഴിഞ്ഞത്‌, ഇനിയും വന്നില്ലല്ലോ എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടായപ്പോഴാണ്‌. വാച്ചിലേക്കാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്‌ നോക്കിപോകുന്നു. വിളിച്ചു നോക്കാം.

"പുറപ്പെട്ടില്ലേ?"

"ഇപ്പോ ഇറങ്ങാം. അഞ്ച്‌ മിനുട്ട്‌."പിന്നെയൊന്നും ചോദി‍ക്കാന്‍ നിന്നില്ല. അകലെയുള്ള ബുക്‌ക്‍സ്റ്റാളിലേക്കും, ജ്യൂസ്‌ കടയിലേക്കും നോക്കി വെറുതെ ഇരുന്നു. ബാഗൊക്കെ വലിച്ച്‌ പോകാന്‍ കഴിയില്ല. ഇവിടെ ഇട്ട്‌ പോകാനും മടി. വെള്ളം അല്‍പമേയുള്ളൂ. അത്‌ കുടിച്ചു. ഒരു വണ്ടി വന്ന് നിന്നത്‌ അവള്‍ അറിഞ്ഞു. വിളക്കുകളൊക്കെ തെളിഞ്ഞിരുന്നു. എന്തായാലും പുറപ്പെട്ടിട്ടുണ്ടാവും. ഓഫീസില്‍ നിന്നും പത്ത്‌ മിനുട്ട്‌ വേണമല്ലോ. ഇനിയും വിളിച്ചു നോക്കാന്‍ വയ്യ.

തിരക്കൊഴിഞ്ഞു എന്ന് തോന്നിയപ്പോഴാണ്‌,‍ "ചേച്ചീ" എന്നൊരു ശബ്ദം കേട്ടത്‌. എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്നായതുകൊണ്ട്‌ ഞെട്ടിപ്പോയി. മുന്നില്‍ത്തന്നെ ഒരാള്‍. ഒരു ബാഗുണ്ട്‌ കൈയില്‍. കൈയില്‍ നിന്ന് എന്തോ മുകളിലേക്ക്‌ ഇട്ട്‌ പിടിച്ചു. ഒരു സ്വരം വന്നു.

"ചേച്ചീ, ഇതാണു മൂളുന്ന വണ്ടുകള്‍. കരയുന്ന കുട്ടികളെ ഇത്‌ കാണിച്ചാല്‍ മതി. കുട്ടികള്‍ക്ക്‌ സമ്മാനം കൊടുക്കാന്‍ ഇത്‌ മതി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ ഇത്‌ കൊണ്ട്‌ സൂത്രം കാണിച്ചാല്‍ മതി. "

പറയുന്നതിനനുസരിച്ച്‌ അയാള്‍ ആ വസ്തു മുകളിലേക്കിട്ട്‌ പിടിച്ച്‌ കൊണ്ടിരുന്നു. എന്തൊരു ശബ്ദം. വെറുതേ വിശന്നിരിക്കുന്ന മടുപ്പ്‌ കൂടെയായപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി.

" ചേച്ചീ വെറും ഒരു പായ്ക്കറ്റ് മുപ്പത്‌ രൂപ. കുട്ടികള്‍ക്ക്‌ ഒന്ന് കാട്ടിക്കൊടുത്താല്‍ മതി."

മൂളുന്ന വണ്ടുകള്‍! ചെറിയ രണ്ട്‌, ഗോലിപോലെയുള്ള വസ്തു. കുട്ടികള്‍ക്ക്‌ കളിക്കാന്‍ പറ്റിയതു തന്നെ. ഇനി അഥവാ ആ ശബ്ദം ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ കരയുന്നതും കൂടെ സഹിക്കണം. ഹിമയ്ക്ക്‌ അരിശം വന്നു.

"എനിക്കു വേണ്ട ഇതൊന്നും."

"വാങ്ങണം ചേച്ചീ. ഇന്ന് കുറേപ്പേര്‍ ഇതുംകൊണ്ട്‌ വന്നതുകൊണ്ട്‌ ഒന്ന് രണ്ടെണ്ണമേ ചെലവായുള്ളൂ."
നിരാശയും അവശതയും ഉണ്ടായിരുന്നു അയാളുടെ സ്വരത്തില്‍.
അയാള്‍ ബാഗില്‍ നിന്ന് കുറേ പായ്ക്കറ്റെടുത്ത്‌ കാട്ടി. അഞ്ചാറെണ്ണം ഉണ്ടാകും. കൈയില്‍ ഉള്ളത്‌ മാത്രമാവും ശരിക്കു മൂളുന്നത്‌. യാത്രക്കാര്‍ വാങ്ങിയ സാധനങ്ങള്‍ തിരിച്ച്‌ കൊടുക്കാന്‍ ചെല്ലില്ലല്ലോ. നല്ല വിപണനതന്ത്രം. താനിതിലൊന്നും ഒരിക്കലും വീഴാറില്ലല്ലോ എന്നോര്‍ത്ത് അവളൊന്ന് അഭിമാനിച്ചു.

"വേണ്ടാ‍ന്ന് പറഞ്ഞാല്‍ മനസ്സിലാവില്ലേ?"

കാത്തിരിപ്പിന്റെ ദേഷ്യവും കൂടെ അവളുടെ സ്വരത്തില്‍ വന്നു.

പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌‍ അയാളുടെ പിന്നില്‍ നിന്നും ഒരു കുഞ്ഞുമുഖം എത്തിനോക്കിയത്‌. ക്ഷീണിച്ചു വാടിയിട്ടുണ്ട്‌. ഇന്നു മുഴുവന്‍ ഇയാളുടെ കൂടെ ഇത്‌ വില്‍ക്കാന്‍ നടക്കുകയായിരുന്നോ? മൂളുന്ന വണ്ടുകളെക്കൊണ്ട്‌ കളിക്കേണ്ട പ്രായം. പാവം തോന്നി.

ബാഗില്‍ത്തന്നെ, ഇടാന്‍ തുടങ്ങിയ അയാളോട്‌ പറഞ്ഞു.

"അല്ലെങ്കില്‍ തന്നേക്ക്‌."

ഒരെണ്ണം വച്ചുനീട്ടിയ അയാളോട്‌ പറഞ്ഞു.

"ആറെണ്ണം തരൂ."

എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും അവള്‍ക്ക്‌ അത്രയും എണ്ണം ആവശ്യപ്പെടാനാണ്‌‍ തോന്നിയത്‌. ആദ്യം വിശ്വാസം വരാത്തപോലെ ഒരു നിമിഷം നിന്നെങ്കിലും അയാള്‍ വേഗം, ബാഗില്‍ നിന്ന് ഒരു പ്ലാസ്റ്റിക്‌ കവര്‍ എടുത്ത്‌ പായ്ക്കറ്റുകള്‍ ആറെണ്ണം എണ്ണി തിട്ടപ്പെടുത്തി, അതിലിട്ടു കൊടുത്തു.

അയാളുടെ കൈയില്‍ ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ.

"നോക്കണോ?"

"വേണ്ട. കേടാണെങ്കില്‍, ഇവിടെവെച്ച് തന്നെ എന്നെങ്കിലും കണ്ടുമുട്ടുമല്ലോ. അപ്പോ പറയാം, ബാക്കി."

വാങ്ങി പൈസ കൊടുത്ത്‌, ബാഗിലേക്കിട്ടു. അവര്‍ നടക്കുന്നതും നോക്കി നിന്നപ്പോഴാണ്‌‍ ജയേഷ്‌ വന്നത്‌.

വീട്ടിലെത്തി, വാങ്ങിക്കൊണ്ടുവന്ന ഭക്ഷണവും കഴിച്ച്‌ യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരിക്കുമ്പോഴാണ്‌‍ ജയേഷ്‌ ചോദിച്ചത്‌.

"എനിക്കെന്താ കൊണ്ടുവന്നത്‌?"

ജയേഷിനു വാങ്ങിയ ടീഷര്‍ട്ടും, മറ്റു കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും എടുക്കുമ്പോഴാണ്‌‍ അവള്‍ക്ക്‌ ഓര്‍മ്മ വന്നത്‌. ഒന്നുണ്ടല്ലോ ബാഗില്‍. ഒരു പായ്ക്കറ്റ്‌ തുറന്ന് എടുത്ത്‌, വേറൊരെണ്ണം ‌ അവനുള്ള സമ്മാനങ്ങളുടെ കൂടെ വെച്ചു. എല്ലാം കൂടെ അവന്റെ മുന്നിലേക്കിട്ടു. അവള്‍ കൊണ്ടുവന്നതെല്ലാം നോക്കുന്നതിനിടയില്‍, അവള്‍ വണ്ടുകളെ മൂളിച്ചു നോക്കി. ഉം. ശരിയാവുന്നുണ്ട്‌.

"അതെന്താ അത്‌?"

"ഇതാണു മൂളുന്ന വണ്ടുകള്‍."

അവള്‍ വല്യ അഭ്യാസിയെപ്പോലെ മുകളിലേക്കെറിഞ്ഞിട്ട്‌ ഒച്ചയുണ്ടാക്കികേള്‍പ്പിച്ചു. പിന്നെ, ജയേഷിനു കൊടുത്ത പായ്ക്കറ്റുകള്‍ക്കിടയില്‍ നിന്ന് വണ്ടിന്റെ പായ്ക്കറ്റ്‌ എടുത്ത്‌ കൊടുത്തു.

"ആരാ നന്നായിട്ട്‌ ചെയ്യുക എന്ന് നോക്കാം."

“നിന്റെ ക്ഷീണം പോയോ?”

"അത് സാരമില്ല. ഇനി കുറച്ച് ദിവസം യാത്രയൊന്നും ഇല്ലല്ലോ.”

“ഓഹോ. എന്നാല്‍ ഇപ്പോ പറഞ്ഞുതരാം.” അവന്‍ പായ്ക്കറ്റ് തുറന്ന് എടുത്ത് മുകളിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി.

“ഇനി അഥവാ ഇത്‌ പ്രാക്റ്റീസ്‌ ചെയ്ത്‌ കേടായാലും ഇനിയും ഇരിപ്പുണ്ട്‌."

അവന്‍ വിശ്വാസം വരാതെ നോക്കിയപ്പോള്‍ അവള്‍ കണ്ണടച്ചു കാണിച്ചു. അവര്‍ രണ്ടും മത്സരം തുടങ്ങി. കളിച്ച്... ചിരിച്ച്...ചിരിച്ച്...

ദൂരെയൊരിടത്ത്‌, കൊണ്ടുപോയതൊക്കെ ചെലവായത്‌ ഓര്‍ത്ത്‌, അയാള്‍ സന്തോഷിച്ചിരിപ്പുണ്ടായിരുന്നു. എന്നാലും ആറെണ്ണം! അയാള്‍ക്ക് അതിശയം ആയിരുന്നു. ഭാര്യയോടും അയാള്‍ അത് തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അയാളുടെ കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു.

Labels:

33 Comments:

Blogger Sivadas said...

പതിവു പോലെത്തന്നെ, നന്നായിട്ടുണ്ട്. രണ്ടാമതൊന്നുകൂടി വായിച്ചപ്പോള്‍ എവിടെയൊക്കെയൊ നോവുന്നു - ശിവദാസ്

Mon Jan 29, 04:55:00 pm IST  
Blogger Kaithamullu said...

വായിച്ച് വായിച്ചങ്ങനെ..അവസാനിച്ചതറിഞ്ഞില്ല.
- ഈ മൂളുന്ന വണ്ടുകള്‍ മൂളി മൂളി പറയാന്‍ ശ്രമിക്കുന്നതെതെന്തു രഹസ്യം?

Mon Jan 29, 05:06:00 pm IST  
Blogger നന്ദു said...

സൂ:) നല്ല കഥ.
അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്താനായി ചെറുകച്ചവടം നടത്തുന്നവറ്.റെയില്‍ വേസ്റ്റേഷനുകളിലും ബസ്സ്റ്റാന്റ്റുകളിലും കാണുന്ന മുഖങ്ങള്‍ക്കു ഒരേ ഭാവം.

Mon Jan 29, 08:22:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ചെറു ജീവിതങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ഒരു വലിയ മനസ്സിനെ കാണുന്നു.
കൊള്ളാം. നന്നായിരിക്കുന്നു.

Mon Jan 29, 09:15:00 pm IST  
Blogger Unknown said...

muuLunna vanTukaL, varNa pamparangaL, chevi thuLaykkunna piippikaL, aa niRamuLLa oRmakaLuTe maRupuRam nannaayi ezhuthiyirikkunnu

O.TO: suvalle athu vaangichchu chETTanu konTu koTuththathu :)

Mon Jan 29, 09:30:00 pm IST  
Blogger അഡ്വ.സക്കീന said...

മൂളുന്ന വണ്ടുകള്‍ വിറ്റ് വയറിന്റെ മൂളല്‍ മാറ്റുന്ന മനുഷ്യര്‍.
അതു തിരിച്ചറിയാന്‍ എല്ലാവരും ഹേമമാരായിരുന്നെങ്കില്‍.

Mon Jan 29, 09:33:00 pm IST  
Blogger സു | Su said...

ശിവദാസ് :) ആദ്യകമന്റിനും അഭിപ്രായത്തിനും നന്ദി.

കൈതമുള്ളേ :) മൂളുന്ന വണ്ടുകള്‍ കണ്ടിട്ടില്ലേ? ട്രെയിനിലൊക്കെ കൊണ്ടുവരും വില്‍ക്കാന്‍. അതില്‍ ഒരു രഹസ്യവുമില്ല.

നന്ദു :) നന്ദി.

സതീശ് :) നന്ദി.

കുഞ്ഞന്‍സേ :)ഞാന്‍ വാങ്ങിയില്ല.

സക്കീന മാഡം :)എല്ലാവരും ഒരുപോലെ ആവില്ലല്ലോ. വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

Mon Jan 29, 09:54:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: “നിരാശയും അവശതയും ഉണ്ടായിരുന്നു അയാളുടെ സ്വരത്തില്‍.“ അത്ര മാത്രം !!! അപ്പോള്‍ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല.ആറെണ്ണം വാങ്ങി സഹായിക്കേണ്ട കാര്യമൊന്നുമില്ല.

Mon Jan 29, 11:28:00 pm IST  
Blogger Haree said...

ശരിക്കും അങ്ങിനെയൊരു കളിക്കോപ്പ് ഉണ്ടോ? മൂളുന്ന വണ്ടുകളേ, ഞാന്‍ കണ്ടിട്ടില്ല. :(
--
ആറു പായ്ക്കറ്റ് മൂളുന്ന വണ്ടുകളുമായി നായിക നായകന്റെയടുത്തെത്തുന്നു. അവര്‍ ദമ്പതിമാരാണോ? അവര്‍ക്ക് കുട്ടികളില്ലേ? ഒന്നിനുമൊരു ഉത്തരമില്ലല്ലോ! എങ്കിലും അച്ഛന്റെ മറവില്‍ നിന്നും തല നീട്ടി നോക്കിയ കുഞ്ഞിന്റെ മുഖം, അതെനിക്കിവിടെ കാണാം, ഷര്‍ട്ടിന്റെ ഒരറ്റം വിരലുകള്‍ക്കിടയിലാക്കി, വായിലേക്ക് തിരുകി കയറ്റി നില്‍ക്കുന്ന വാടിത്തളര്‍ന്ന മുഖം. നന്നാ‍യിരിക്കുന്നു സൂ... :)
--

Mon Jan 29, 11:37:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) പാവം വില്‍പ്പനക്കാരന്‍ അല്ലേ?

ഹരീ :) മൂളുന്ന വണ്ടുകള്‍ എന്നൊരു വസ്തു ഉണ്ട്. ട്രെയിനിലും ബസ്സിലുമൊക്കെ കൊണ്ടുവരും. മേലോട്ടെറിയുമ്പോള്‍ വണ്ടിന്റെ മൂളല്‍ പോലെ വരും. ബാക്കിയൊക്കെ കഥയല്ലേ?

qw_er_ty

Mon Jan 29, 11:52:00 pm IST  
Blogger reshma said...

ഇഷ്ടായി.

Tue Jan 30, 02:37:00 am IST  
Anonymous Anonymous said...

'അവശതയനുഭവിക്കുന്നവനു ഒരു കൈത്താങ്ങ് '. സ്വാര്‍ഥ മോഹങ്ങള്‍ക്കായുള്ള രാപകല്‍ നെട്ടോട്ടത്തിനിടയില്‍ ഇത്തരം ചിന്തകള്‍  വളരെ നല്ലത്. വെറുമൊരു കഥ മാത്രമായി കാണാന്‍ കാണാന്‍ കഴിയുന്നില്ല. എങ്കിലും ആറെണ്ണം.

Nousher

Tue Jan 30, 05:08:00 am IST  
Blogger Peelikkutty!!!!! said...

താനിതിലൊന്നും ഒരിക്കലും വീഴാറില്ലല്ലോ എന്നോര്‍ത്ത് അവളൊന്ന് അഭിമാനിച്ചു;ഞാനും!...പക്ഷെ ബാഗിലിപ്പോഴും ഉണ്ട് രണ്ട് ബീമാനം,പായ്കറ്റ് പോലും പൊട്ടിക്കാതെ!


വാടിത്തളര്‍‌ന്ന അവരുടെ മുഖഭാവം എന്നെങ്കിലും മാറും ല്ലേ സൂ ചേച്ചീ.

Tue Jan 30, 09:35:00 am IST  
Blogger ചേച്ചിയമ്മ said...

സൂ കഥ ഇഷ്ടമായി.ആ അച്ഛന്റേയും കുട്ടിയുടേയും മുഖം നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ.

ഈ മൂളുന്ന വണ്ട്‌ എന്റെ മോളുടെ കയ്യിലുണ്ട്‌.അത്‌ ഗോളാകൃതിയിലുള്ള രണ്ട്‌ കാന്തമാണ്‌.അവ രണ്ട്‌ വിരലുകള്‍ക്കിടയില്‍ കൂട്ടിമുട്ടാതെ വെച്ച്‌ മുകളിലേയ്ക്കെറിയുമ്പോള്‍ മുകളില്‍ വെച്ച്‌ രണ്ടും കൂട്ടിമുട്ടും(തുടര്‍ച്ചയായി ആകര്‍ഷണം-വികര്‍ഷണം).അപ്പോള്‍ ഒരു പ്രത്യേക ശബ്ദവും വരും.

Tue Jan 30, 10:19:00 am IST  
Blogger സാരംഗി said...

സൂ..'മൂളുന്ന വണ്ടുകള്‍' മനസ്സിലെവിടെയോ ഒരു ചെറിയ വേദന പകര്‍ത്തുന്നു. പ്രത്യേകിച്ചു അച്ഛന്റെ പിന്നില്‍ നിന്നും എത്തിനോക്കുന്ന ആ കുഞ്ഞു മുഖം..ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി ട്ടോ..

Tue Jan 30, 11:52:00 am IST  
Blogger Unknown said...

സൂ :)
കഥയിഷ്ടപ്പെട്ടു.
കൂരിരുട്ടത്തിരിക്കുന്നവന് മിന്നാമിനുങിന്റെ വെളിച്ചം നല്‍കുന്ന ആഹ്ലാദം പോലെ.

Tue Jan 30, 11:58:00 am IST  
Blogger മണിക്കുട്ടി|Manikkutty said...

നമ്മുടെ ചുറ്റിലും എത്രയോ മൂളുന്ന വണ്ടുകളുണ്ട്... തിരക്കിനിടയില്‍ നമുക്കതോന്നും നോക്കാന്‍ സമയമില്ല..

ഈ തിരക്കിലും നമുക്ക് ഹിമയേപ്പോലെ ഒരു മനസുണ്ടാക്കാന്‍ ശ്രമിക്കാം അല്ലെ ചേച്ചീ

Tue Jan 30, 12:24:00 pm IST  
Blogger ശാലിനി said...

സൂ
പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് വില്‍ക്കുന്നവരുടെ മുഖത്തെ ദൈന്യത കട്ണാണ്. രൂപയുടെ മൂല്യം രണ്ടുപേര്‍ക്ക് രണ്ടുതരത്തിലാണല്ലോ. മൂളുന്ന വണ്ടുകൊണ്ടു കളിച്ചപ്പോള്‍ ഹേമയ്ക്കു കിട്ടിയ സന്തോഷം വിലമതിക്കാനാവാത്തതല്ലേ. എനിക്കറിയില്ല എങ്ങനെയാണ് അതുകൊണ്ട് കളിക്കുന്നതെന്ന്, പലപ്രാവശ്യം വഴക്കുണ്ടാക്കിയിട്ടും മക്കള്‍ക്ക് വാങ്ങികൊടുത്തിട്ടില്ല ഇതുവരെ, കളിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുകൊടുക്കാന്‍ അറിയേണ്ടേ?

Tue Jan 30, 12:54:00 pm IST  
Blogger സജിത്ത്|Sajith VK said...

:)

Tue Jan 30, 02:49:00 pm IST  
Blogger sandoz said...

liകൈയില്‍ കാശുള്ളവനു ആറല്ലാ....അറുപതു വണ്ടുകള്‍ വാങ്ങിക്കാം എന്ന് ഞാന്‍ ഇപ്പോള്‍ കമന്റുന്നില്ല.
കാരണം ഞാന്‍ ഇപ്പോള്‍ ഹിമാലയത്തില്‍ അല്ലാ.. എന്നുള്ളതു കൊണ്ടും..ഇപ്പോള്‍ അരി മേടിക്കല്‍ പ്രക്രിയ കണ്ണൂരിനു അടുത്തുള്ള ഒരു സ്ഥലത്തായതും കൊണ്ടും മാത്രമാണു.
പക്ഷേ...വില്‍പനക്കാരന്റെ പുറകില്‍ നിന്ന് എത്തി നോക്കിയ കുഞ്ഞു മുഖം നൊമ്പരമുണര്‍ത്തി.

Tue Jan 30, 06:05:00 pm IST  
Blogger krish | കൃഷ് said...

കുഞ്ഞുകഥ നന്നായി..സൂ.

കൃഷ്‌ | krish

Tue Jan 30, 07:09:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,
vaayichchu kEttO :-)

Tue Jan 30, 07:31:00 pm IST  
Blogger സു | Su said...

രേഷ് :) നന്ദി.

നൌഷര്‍ :) നന്ദി. ആറെണ്ണം വാങ്ങുന്നവരും ഉണ്ടാകും. സഹായം ആണല്ലോ ഉദ്ദേശം.

പീലിക്കുട്ടീ :)ആശിക്കാം നമുക്ക്.

അതിലൊരു ബീമാനം എനിക്ക് തരണേ. അതില്‍ കയറി എവിടെയെങ്കിലും പോയേക്കാം.

ചേച്ചിയമ്മേ :) നന്ദി.
മൂളുന്ന വണ്ട് ഉണ്ടല്ലേ? ഞാന്‍ വിചാരിച്ചു ആരും കാണാതെ ആയല്ലോ എന്ന്.

സാരംഗീ :)ഇഷ്ടമായതില്‍ സന്തോഷമുണ്ട്.

മണിക്കുട്ടാ :) അതെ. അങ്ങനെ ശ്രമിക്കാം, ആയില്ലെങ്കിലും.

പൊതുവാളന്‍ :) നന്ദി.

ശാലിനീ :) അതെ. പണമുള്ളവര്‍ സഹായിക്കാന്‍ മനസ്സു കാണിക്കുക. വാങ്ങിക്കൂ. അവര്‍ തനിയെ പഠിച്ചോളും.

സജിത്ത് :)

സാന്‍ഡോസ് :) അതെ. അങ്ങനെ കമന്റ് ഇടൂ. കാരണം, സാന്‍ഡോസിന് അറുപതെണ്ണം വാങ്ങിക്കാന്‍ പറ്റും എന്ന് എനിക്കറിയാം. ഞാന്‍ വാങ്ങില്ല.

കൃഷ് :) നന്ദി.

ജ്യോതീ :) നന്ദി.

Tue Jan 30, 08:38:00 pm IST  
Blogger Inji Pennu said...

എന്റെ വിഷമം അതൊന്നുമല്ല സൂവേച്ചി. ഇങ്ങിനെയുള്ളവരോടും കപ്പലണ്ടി കച്ചോടക്കാരോടും ഒക്കെ നമ്മള്‍ ഭയങ്കര വിലപേശലാണ്. എന്നിട്ട് സ്വര്‍ണ്ണക്കടയിലും തുണിക്കടയിലും അങ്ങിനെ വെലിയ സെറ്റപ്പൊക്കെ ഉള്ള കടയില്‍ ചെല്ലുമ്പൊ നമ്മള്‍ മാന്യന്മാരായി അവര്‍ ചോദിക്കുന്ന പൈസ കൊടുത്തിട്ട് വരും....

Tue Jan 30, 10:33:00 pm IST  
Blogger salil | drishyan said...

സൂ...
കഥ നന്നായിരിക്കുന്നു എന്നു എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ. കഥ മനോഹരം, പുഞ്ചിരിയുടെ ഇത്തിരിവെട്ടങ്ങള്‍ തിരയുന്ന മനസ്സ് അതിമനോഹരം!

ഈ കാന്തക്കളി കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ അതിനൊരു പേരുണ്ടാകാമെന്നോ, പേരു വേണമെന്നോ, പേരിടണമെന്നോ‍ തോന്നിയിരുന്നില്ല. ഇനി ഒരു കാര്യം ഉറപ്പ്, എപ്പോ കാണുമെങ്കിലും സൂവിന്‍‌റ്റെ ‘മൂളുന്ന വണ്ടുകള്‍‘ ഓര്‍മ്മയിലുണരും.

:-)

സസ്നേഹം
ദൃശ്യന്‍

Wed Jan 31, 02:21:00 am IST  
Blogger ബിന്ദു said...

ഞാനും കണ്ടിട്ടില്ല ഈ വണ്ടിനെ. ഈയിടെ ഇറങ്ങിയതാവും അല്ലെ?

Wed Jan 31, 08:50:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ.... എന്റേലും ഉണ്ട് രണ്ടെണ്ണം ..വാങ്ങിയത് ഇരുപത് രൂപക്കാണെന്നു മാത്രം .. പക്ഷെ അതിനു പേരുണ്ടെന്നു അറിയില്ലാരുന്നു... എന്റെ വാരാന്ത്യയാത്രകളിലെ ഒരു സ്ഥിരം കാഴ്ചയാണിത്..
ഹരീ.. കൊച്ചു പിള്ളേരു കഥ കേട്ടു ചോദ്യം ചോദിക്കുന്നോ.. .. :))

Wed Jan 31, 09:30:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Su, you are a gifted writer. Good Touching dscription
Thanks

Wed Jan 31, 09:46:00 am IST  
Blogger സുല്‍ |Sul said...

സു കഥ പതിവുപോലെ മനോഹരം. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. എല്ലാവര്‍ക്കും സന്തോഷമായല്ലൊ, അതു മതി :) എനിക്കും സന്തോഷമായി.

-സുല്‍

Wed Jan 31, 09:46:00 am IST  
Blogger ചീര I Cheera said...

കാണാന്‍ കുറച്ചു വൈകി പോയി..
കഥ മനോഹരമായിരിയ്ക്കുന്നു..
വായിച്ചു മുഴുവനായത് അറിഞില്ല..

Wed Jan 31, 11:21:00 am IST  
Blogger സു | Su said...

ഇഞ്ചിപ്പെണ്ണേ :) ചേട്ടന്‍ എപ്പോഴും ഇത് പറയാറുണ്ട്.

ദൃശ്യന്‍ :) നന്ദി. വില്‍ക്കുന്നവര്‍ അങ്ങനെയാണ് അതിന്റെ പേരു പറഞ്ഞത്.

ബിന്ദൂ :) ഇവിടെയൊക്കെ ഉണ്ട്. ഇനി വരുമ്പോള്‍ നോക്കൂ.

ഇട്ടിമാളൂ :) ട്രെയിനില്‍ അങ്ങനെ വിളിച്ചല്ലേ വില്‍ക്കുന്നത്?

പണിക്കര്‍ജീ :) നന്ദി.

സുല്‍ :) എനിക്കും.

പി ആര്‍ :) നന്ദി.

Wed Jan 31, 12:38:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

പേരു പറയുന്നത് ഞാന്‍ കേട്ടിട്ടില്ല ..ശ്രദ്ധിക്കത്തതോണ്ടാവാം

Wed Jan 31, 12:49:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :)മൂളുന്ന വണ്ടുകള്‍ എന്നും പറഞ്ഞാണ് ട്രെയിനില്‍ കൊണ്ടുവന്നത്.

qw_er_ty

Fri Feb 02, 07:44:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home