Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 24, 2013

ഹരിശ്ചന്ദ്രാചി ഫാക്ടറി

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഫാൽക്കേയുടെ ആദ്യചിത്രം രാജാ ഹരിശ്ചന്ദ്ര ഉണ്ടായതിന്റെ കഥയാണ് ഹരിശ്ചന്ദ്രാചി ഫാക്ടറി (ഹരിശ്ചന്ദ്രന്റെ ഫാക്ടറി) എന്ന മറാത്തി സിനിമയിൽ പറയുന്നത്.

പരേഷ് മൊകാഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ധും‌ഡിരാജ് ഗോവിന്ദ് ഫാൽക്കേയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം. ഉണ്ടായിരുന്ന ബിസിനസ് വിട്ട് അല്ലറച്ചില്ലറ മാന്ത്രികവേലകളുമായി ജീവിതം മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു ഫാൽക്കേ. ടെന്റു കെട്ടി നടത്തിയിരുന്ന സിനിമാപ്രദർശനം ഒരിക്കൽ കാണാൻ ഇടയായി ഫാൽക്കേ. പിന്നെയങ്ങോട്ട് ഫാൽക്കെ സ്വയം അങ്ങനെയൊരു ചിത്രം ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു. കുറേ പുസ്തകങ്ങൾ വാങ്ങി വായിച്ചു മനസ്സിലാക്കി. ഒരു ക്യാമറ വാങ്ങി, ചിത്രങ്ങളെടുത്തുനോക്കി. വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റിട്ടാണ് ഫാൽക്കേ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്.

ഫാൽക്കേയ്ക്ക് ഭ്രാന്തുപിടിച്ചെന്നു കരുതി ആശുപത്രിയിലേക്കും കൂട്ടിക്കൊണ്ടുപോയി ഒരു പ്രാവശ്യം. പിന്നീട് ഫാൽക്കേ ലണ്ടനിൽ പോയിട്ട് സിനിമയെടുക്കുന്നതിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി, ക്യാമറയും മറ്റും വസ്തുക്കളും ഒക്കെ വാങ്ങി അയച്ച് നാട്ടിൽ എത്തുന്നു. വല്യൊരു വീട്ടിൽ ഫാൽക്കേയും കുടുംബവും സിനിമയിലെ താരങ്ങളും ഒക്കെ താമസിക്കുന്നു. ഹരിശ്ചന്ദ്രന്റെ കഥയാണ് ആദ്യം സിനിമയാക്കിയത്.

ആദ്യം എടുത്ത സിനിമ നന്നായി ഓടുന്നു. പിന്നീട് വേറെ പല സിനിമകളും ഫാൽക്കേയുടേതായിട്ട് ഇറങ്ങുന്നു. വിദേശത്ത്, സിനിമയും കൊണ്ടുപോയപ്പോൾ അവിടെത്തന്നെ നിന്ന് ചിത്രങ്ങളെടുത്ത് പണമുണ്ടാക്കാൻ വിദേശികൾ പറയുന്നു. പക്ഷെ  നാട്ടിലേക്ക് തിരിച്ചുപോയി അവിടെ സിനിമയെടുത്ത് കഴിയാനാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് ഫാൽക്കേ തിരികെപ്പോരുന്നു.

അല്പം നർമ്മത്തിലൂടെയാണ് ഫാൽക്കേയുടെ സിനിമാജീവിതക്കഥ പറഞ്ഞിരിക്കുന്നത്. വീട്ടിലെ അലമാര വിൽക്കുന്നതും, വിളക്ക്, മറ്റുവസ്തുക്കൾ ഒക്കെ ഓരോന്നായി ഇല്ലാതാവുന്നതും ഒക്കെ കാണിക്കുന്നുണ്ട്. കണ്ണു വയ്യാതെയാവുന്നുണ്ട് ഫാൽക്കേയ്ക്ക്. പിന്നീട് രണ്ടു കണ്ണടകൾ മാറിമാറി വയ്ക്കുന്നു ഫാൽക്കേ.

വീട്ടിലുള്ളവരുടെ ചിത്രവും, ചട്ടിയിൽ വിത്ത് നട്ട് ഒരു ചെടി വളരുന്നതിന്റെ ചിത്രവുമൊക്കെ എടുക്കുന്നുണ്ട്. എടുത്തിട്ട് കൂട്ടുകാരെയൊക്കെ കാണിക്കുന്നതും ചെടിയുണ്ടാവുന്ന ചലനചിത്രമാണ്. ഭാര്യയും ചെറിയ ആൺമക്കളും (രണ്ട് ആൺകുട്ടികളും ഒരു പെൺ‌കുട്ടിയും ആണുള്ളത്. മകൾ ജനിച്ചിട്ട് കുറച്ചേ ആയുള്ളൂ) ഫാൽക്കേയുടെ കൂടെ എല്ലാ സഹായത്തിനുമുണ്ട്. 

1911- ലാണ് ഈ കഥ നടക്കുന്നത്. 1913 - ലാണ് ഫാൽക്കേയുടെ ആദ്യചിത്രം പുറത്തിറങ്ങുന്നത്.

ഈ ചിത്രത്തിൽ ഫാൽക്കേ ആയി നന്ദു മാധവും, ഭാര്യ സരസ്വതി ആയി വിഭാവരി ദേശ്പാണ്ഡേയും മക്കളായി അഥർവ കർവേയും, മോഹിത് ഗോഖലെയും അഭിനയിക്കുന്നു.

Labels:

Wednesday, March 20, 2013

അതിരാണിപ്പാടത്ത് പോയീനും



കടപ്പാട് :- ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ട്. - ഡി സി. ബുക്സ്.

അതിരാണിപ്പാടത്തേക്കു പോയാൽ കൃഷ്ണൻ മാസ്റ്ററെ കാണാം. രണ്ടാം വിവാഹം നടത്തിക്കൊടുക്കാനും, സ്വത്ത് ഭാഗം വെച്ച് വീതം കൊടുക്കാനും ഒക്കെ വേണ്ടീട്ട്, ചേനക്കോത്തുതറവാട്ടിലെ കാരണവരായ ചേനക്കോത്തു കേളുക്കുട്ടിയ്ക്ക് കത്തും നോട്ടീസുമൊക്കെ അയച്ചു കാത്തിരിക്കുന്ന കൃഷ്ണൻ മാസ്റ്റർ. ഒന്നും നടന്നില്ല. കൃഷ്ണൻ മാസ്റ്റർ  വീണ്ടും വിവാഹം കഴിച്ച്, ഭാര്യയേയും, അമ്മയേയും, മൂന്നു മക്കളേയും കൂട്ടിയെത്തുന്നത് പട്ടണത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി അതിരാണിപ്പാടം എന്നു വിളിച്ചുവരുന്ന സ്ഥലത്തേക്കാണ്. മൊയ്തുമാപ്പിളയുടെ പറമ്പും പുരയും വാങ്ങി കുടുംബത്തോടൊപ്പം താമസിക്കുന്ന കൃഷ്ണൻ മാസ്റ്റർ. “ഇമ്മാഷ്ടറ് ഇങ്കിരീസാണ്” എന്നാണ് പറങ്ങോടൻ, ഭാര്യ പെരിച്ചിയോടു പറയുന്നത്. മാസ്റ്ററുടെ ആദ്യഭാര്യയിലുണ്ടായ മക്കൾ - കുഞ്ഞപ്പു, ഗോപാലൻ, സൂക്കേടുകാരനായ രാഘവൻ - മാസ്റ്ററോടൊപ്പമുണ്ട്. പിന്നെ അമ്മയും ഭാര്യയും. കുഞ്ഞപ്പു മഹാവികൃതിയാണ്. രാഘവൻ  അസുഖം അധികമായിട്ട് മരിക്കുകയാണ്. കുഞ്ഞപ്പു പട്ടാളത്തിൽ ചേരുന്നു. കൃഷ്ണൻ മാസ്റ്ററുടേയും കുട്ടിമാളുവിന്റേയും മകനാണ് ശ്രീധരൻ. ശ്രീധരൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ കുഞ്ഞപ്പു
പട്ടാളത്തിൽ നിന്നു മടങ്ങിവരുന്നു.

പല യുദ്ധങ്ങളും കണ്ടുവന്ന് അതിനെക്കുറിച്ച് നാട്ടുകാരുടെ മുന്നിൽ ‘വിളമ്പുന്ന‘ കുഞ്ഞപ്പുവിനെ  കാണാം.  ശ്രീധരന്റെ  ജ്യേഷ്ഠനാണ് കുഞ്ഞപ്പു എന്നറിയാമല്ലോ. പട്ടാളക്കഥകളും പറഞ്ഞുനടന്ന് കൈയിലുള്ള കാശൊക്കെ തീർന്നപ്പോൾ അച്ഛനോടു പൈസ ചോദിച്ച് കിട്ടാഞ്ഞിട്ട്, തേങ്ങയിട്ട് അതും വിറ്റു കിട്ടിയ പൈസയൊക്കെ ശീട്ടുകളിച്ചു തീർത്ത കുഞ്ഞപ്പു.

ഞണ്ടുപിടിത്തവും അതിനിടയ്ക്കു തുടങ്ങി. പിന്നൊരു ദിവസം പെയിന്ററായി മാറിയ കുഞ്ഞപ്പു. പെയിന്ററായി മാറിയതിനു ഒരു കാരണമുണ്ട്. അതിരാണിപ്പാടത്തെ പെയിന്റർ സ്തേവയ്ക്ക് അഞ്ചു രൂപ കൊടുത്തിരുന്നു കുഞ്ഞപ്പു. തിരിച്ചു ചോദിച്ചപ്പോൾ സ്തേവ ഓരോ അവധി പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയൊരു ദിവസം സ്തേവയുടെ പെയിറ്റ് വകകളൊക്കെ എടുത്തോണ്ടു പോന്നു. എന്നിട്ടോ? സ്വന്തം വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ സകല വസ്തുക്കളും ചായം പൂശി. അങ്ങനെ ചിരവയും, ഉലക്കയും, ഉരലും ജനലുകളും തൂണുകളും ഒക്കെ നിറം മാറി. അപ്പോൾ സ്തേവ പൈസയും കൊണ്ടു വന്നു. സ്തേവയ്ക്കു കൊടുക്കാൻ പെയിന്റില്ല ബാക്കി. ആ അഞ്ചുരൂപ സ്തേവയ്ക്കു തന്നെ കിട്ടി. പിറ്റേന്നു മുതൽ ബസ്രാ കുഞ്ഞപ്പു (ബസ്രാ മരുഭൂമിയിലെ പട്ടാളക്കഥകൾ പറഞ്ഞുകേട്ട നാട്ടുകാർ കൊടുത്തതാണ് ഈ പേര്) പെയിന്റർ കുഞ്ഞപ്പു ആയി.

ഇലഞ്ഞിപ്പൊയിലിൽ ഉള്ളത് ശ്രീധരന്റെ അമ്മവീടാ‍ണ്. ഇടയ്ക്ക് മുത്തച്ഛൻ വന്ന് ശ്രീധരനെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകും. അവിടെ ശ്രീധരന്റെ കൂട്ടുകാരനെ കാണാം. അപ്പു. അപ്പുവിന്റെ വീട്ടിൽ അമ്മയും, വയ്യാതെ കിടക്കുന്ന പെങ്ങൾ നാരായണിയുമാണുള്ളത്. നായ്ക്കുരണച്ചെടി കാണിച്ചുകൊടുത്തതും, ചീങ്കണ്ണിയെ കാണിച്ചുകൊടുത്തതും, നീലക്കൊടുവേലി കൈയിൽ വെച്ച്
മനസ്സിൽ എന്തു വിചാരിച്ചാലും നടക്കുമെന്നു പറഞ്ഞുകൊടുത്തതും അപ്പുവാണ്.  നീലക്കൊടുവേലി  കിട്ടിയാൽ ശ്രീധരനും കൊടുക്കാമെന്നും അപ്പു പറഞ്ഞിട്ടുണ്ട്. ശ്രീധരനു ഇലഞ്ഞിപ്പൊയിലിൽ  കറങ്ങി നടക്കാൻ വല്യ ഇഷ്ടമാണ്. കാട്ടിൽ പോകാം, പുഴവക്കത്തു പോകാം, മരത്തിൽ കയറാം.  കുറച്ചുവലുതായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയാലും അപ്പുവിനെ കൂട്ടിനു കിട്ടാതെ ആയി  ശ്രീധരന്. അപ്പുവും അവിടെയുള്ള അപ്പുണ്ണിയും ചേർന്ന് കക്കിരി കൃഷി തുടങ്ങിയിരുന്നു. അപ്പുവിനു  കുറേ ജോലിയുണ്ടായിരുന്നു അതുകൊണ്ട്.

അതിരാണിപ്പാടത്തു പിന്നാരൊക്കെയുണ്ട്? ഒരാളെ കൊന്നതിന് അന്തമാൻ ദ്വീപിലേക്കു നാടുകടത്തപ്പെട്ട്, അവിടെ ജീവിച്ച് തിരിച്ചെത്തിയ അന്തമാൻ ചാത്തപ്പനുണ്ട്. അന്തമാനിൽ ജീവിച്ച കഥകളൊക്കെ ശ്രീധരന്റെ വീട്ടിലിരുന്ന് പറയും ചാത്തപ്പൻ. പിന്നെയുള്ളത് കിട്ടൻ റൈറ്റർ ആണ്. കിട്ടൻന്നുള്ള പേരിനു കൂട്ടായി റൈറ്റർ എന്നു ചേർത്തുവെന്നല്ലാതെ യാതൊരു ജോലിയും ഈ  റൈറ്റർക്കില്ല. ചായ കുടിക്കാൻ നേരത്ത് ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കും. ചായ കുടിച്ച്  കഥകളൊക്കെ പറഞ്ഞ് ഇരുന്നു അവിടെനിന്ന് ഊണും കഴിച്ചിട്ടേ റൈറ്റർ തിരിച്ചുപോകൂ.  റൈറ്റർക്ക് സഹായി ആയിട്ട് ഒരു തുപ്രനും ഉണ്ട്.

അതിരാണിപ്പാടത്തും ലഹളയുടെ കാലം വന്നു, പട്ടാളക്കാർ വന്നു. പല കഥകളും കേട്ടു. ലഹള തീരുകയും ചെയ്തു. കുറേപ്പേരെ ഒടുക്കിക്കൊണ്ട്.

അതിരാണിപ്പാടത്ത് ഒരു അപ്പക്കാരത്തി അമ്മയുണ്ട്. വെള്ളേപ്പം ഉണ്ടാക്കി വിൽക്കുന്ന അപ്പക്കാരത്തി. പെയിന്റർ സ്തേവയുടെ അമ്മയാണ് ഈ അപ്പക്കാരത്തി. ഒരിക്കൽ ഇവിടെനിന്ന് അപ്പവും വാങ്ങി പോകുമ്പോഴാണ് ശ്രീധരനെ പരുന്തു കൊത്തിയത്.

അതിരാണിപ്പാടത്ത് കൂനൻ വേലുവുണ്ട്, ഭാര്യ ആച്ചയുണ്ട് (ലഹളക്കാലത്ത് ആച്ച കുറേ സ്വരണ്ണാഭരണങ്ങളൊക്കെ എവിടുന്നോ കൊണ്ടുവന്ന് ഇട്ട്, അതു പോലീസ് കേസായി മാറിയിരുന്നു),  ചന്തുമൂപ്പരുണ്ട്, ‘ഈറ്റ’ക്കേളുവുണ്ട്, ശങ്കുണ്ണിക്കമ്പൌണ്ടറുണ്ട്.

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിലെത്തിയപ്പോൾ (“ ആദ്യ ദിവസങ്ങളിൽ  ആ ഹൈസ്കൂൾ ഒരു മൃഗശാലയാണോ എന്നുകൂടി ശ്രീധരനു തോന്നിപ്പോയി. അദ്ധ്യാപകന്മാരിൽ അധികം പേരും അവരുടെ പരിഹാസപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘എരുമപ്പട്ടർ’, ‘കാണ്ടാമൃഗം’, ‘കുറുക്കൻസ്വാമി’, ‘പെരുച്ചാഴി’, അങ്ങനെയൊക്കെയായിരുന്നു അവർക്കു നൽകപ്പെട്ട നാമധേയങ്ങൾ. വിദ്യാർത്ഥികളെ ഭരിക്കുന്നതും നയിക്കുന്നതും തലമുതിർന്ന വികൃതിക്കുട്ടന്മാരായിരുന്നു.”)  പെയിന്റർ കുഞ്ഞപ്പുവിനെ, ശല്യക്കാരനായി നടക്കുന്നത് സഹിക്കാ‍തെ, അച്ഛൻ റെയിൽ‌വേയിൽ ജോലിക്കു പറഞ്ഞയച്ചു. അങ്ങനെ ശ്രീധരന്റെ ഏട്ടൻ, ബസ്ര കുഞ്ഞപ്പു, പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായി.

പത്താം ക്ലാസ്സ് പാസായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയി. അപ്പോഴാണ് അപ്പുവിന്റെ അമ്മയും പെങ്ങൾ നാരായണിയും മരിച്ചുപോയതായി ശ്രീധരൻ അറിയുന്നത്.

അതിരാണിപ്പാടത്ത്, ഈർച്ചപ്പൊടിക്കൊട്ടയും തലയിൽ വെച്ച് പാട്ടും പാടി (“ഇപ്പം വന്ന കപ്പലിലങ്ങെന്തെല്ലാം ചരക്കുണ്ട്? ഇഞ്ചി, ചുക്ക്, ചുക്കടയ്ക്ക, കത്തി, കരണ്ടങ്ങൾ...”) നടക്കുന്ന ചാത്തുണ്ണിയുണ്ടായിരുന്നു. ഇലഞ്ഞിപ്പൊയിലിൽ വെച്ച് അമ്മ പറഞ്ഞാണ് ശ്രീധരൻ,  കൂട്ടുകാരനായ ചാത്തുണ്ണി മരിച്ചതറിഞ്ഞത്.

അതിരാണിപ്പാടത്ത് പുതുതായി, കോരൻ ബട്ളറുടെ ചായക്കടയുണ്ട്. ചന്തുമൂപ്പന്റെ മരുമകൻ വാസുവും (വെടിവാസു), പറങ്ങോടന്റെ അനിയൻ കിട്ടുണ്ണി എന്നിവരും അതിരാണിപ്പാടത്ത് എത്തിച്ചേർന്നിട്ടുണ്ട്.

കോളേജിൽ എത്തിയപ്പോൾ  കവിതയെഴുത്തും കഥയെഴുത്തും ഗംഭീരമായി നടത്തുന്നുണ്ട് ശ്രീധരൻ. തന്റെ കഥയും കവിതയുമൊന്നും പ്രസിദ്ധീകരിക്കാതെ നിരസിക്കുന്ന പത്രാധിപവർഗ്ഗത്തെ ശത്രുക്കളായും കണ്ടുകഴിഞ്ഞിരുന്നു. (മൂന്നു ശത്രുക്കളുണ്ട് ശ്രീധരന് - കൃഷ്ണപ്പരുന്ത്, കണക്ക്, പത്രാ‍ധിപന്മാര്).

സപ്പർസർക്കീട്ട്സെറ്റിനെയും അതിരാണിപ്പാടത്തു കാണാം. (“സപ്പർ സർക്കീറ്റ് സെറ്റ് എന്നൊരു ഗൂഢസംഘത്തിന്റെ സൂത്രധാരനായിരുന്നു ഭരതൻ. ആശ്ചയിൽ രണ്ടു തവണ സംഘാംഗങ്ങൾ തടിച്ചി കുങ്കിയമ്മയുടെ വീട്ടിൽ ഒത്തുചേരും. വരിപ്പണമെടുത്ത് ഒരു സപ്പർ (അത്താഴവിരുന്ന്) ഏർപ്പെടുത്തും. സപ്പറിനുശേഷം പ്രച്ഛന്നവേഷത്തിൽ പട്ടണമൂലകളിൽ ചുറ്റിക്കറങ്ങി പല നേരമ്പോക്കുകളും കാണിക്കും”). ഇവരുടെ കൂടെ ശ്രീധരനും ചേർന്നു.

കഥയെഴുതുന്ന ഇബ്രാഹിമിനെ കാണാം (ശ്രീധരന്റെ കൂട്ടുകാരൻ ദാമു പരിചയപ്പെടുത്തിയതാണ്). കോരപ്പൻ മീനാക്ഷി ദമ്പതികളേയും, അവരുടെ മകൾ സൌദാമിനിയേയും, അവരുടെ വീടായ കോർമീനായും കാണാം. കോരപ്പൻ മീനാക്ഷി എന്നീ പേരുകളിൽ നിന്നാണ് വീടിനു പേരിട്ടത്.

ശ്രീധരന്റെ ഏട്ടൻ ഗോപാലൻ അസുഖം വന്നു കിടക്കുന്നതു കാണാം. പിന്നെ മരിച്ചുപോകുന്നതും. ചികിത്സ പലതും നോക്കിയെങ്കിലും ഒന്നും ഏറ്റില്ല. അസുഖം ചികിത്സിക്കാൻ വന്ന ആൽത്തറ സന്യാസിയെ കാണാം. അയാളും ശിഷ്യനും പിന്നെ ഒളിച്ചോടിപ്പോയി. (“കന്നിപ്പറമ്പിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കുതിച്ചുകേറി വരുന്നൂ. ആര്? - ആൽത്തറ സന്യാസി! കൃഷ്ണൻ മാസ്റ്റർ ഡയറി ദൂരെയെറിഞ്ഞ് ചാടിയെണീറ്റു. “ഹമാരാ ഭാണ്ഡ് കിധർ ഹൈ? ലാവോ-“ ഒരു സിംഹഗർജ്ജനം. സന്യാസിയുടെ ഭാണ്ഡം കാണാനില്ലത്രേ.”)

അതിരാണിപ്പാടത്തെ തിരുവാതിരയും, തിരുവാതിരക്കാലത്ത് ആദ്യമെത്തുന്ന, “ചെപ്പിത്തോണ്ടി തൊട്ട് ചൂഡൻ കർപ്പൂരം വരെയും, മുടിപ്പൂരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം പാട്ടുപുസ്തകം വരെയുള്ള” പീഞ്ഞപ്പെട്ടിയുമായെത്തുന്ന കുഞ്ഞാലിമാപ്പിളയെ കാണാം. തിരുവാതിരനാൾ സൂര്യൻ മറഞ്ഞാൽ വേഷം കെട്ടി എത്തുന്ന പൊറാട്ടുനാടകക്കാരേയും കാണാം.

ഇന്റർമീഡിയറ്റു പരീക്ഷയിൽ ശ്രീധരൻ തോൽക്കുന്നു. പ്രശസ്തവാരികയിൽ ശ്രീധരന്റെ “മിന്നൽ‌പിണറുകൾ’ എന്ന കഥ വരുന്നുണ്ട്.

ശ്രീധരൻ ആദ്യം ഒരു പ്രേമലേഖനം ഒരു കുട്ടിയ്ക്ക് അയയ്ക്കുകയും ടീച്ചർ കണ്ടുപിടിക്കുകയും, അതു കൃഷ്ണൻ മാസ്റ്ററുടെ അടുത്തു എത്തുകയും അച്ഛനോടു ശ്രീധരനു വഴക്കു കിട്ടുകയും ഒക്കെയുണ്ട്. ഇതേ പ്രേമലേഖനത്തിന്റെ പേരിൽ പിന്നീടൊരിക്കൽ ശ്രീധരൻ തെറ്റിദ്ധരിക്കപ്പെടുകയും, അത് ആണ്ടി ഗുമസ്തൻ ശ്രീധരൻ എഴുതിയപോലെ എഴുതിയത് ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതും ഒക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ഉണ്ട്.

അതിരാണിപ്പാടത്തെ  ചായപ്പീടികയിൽ (കുമാരന്റെ ഭാരതമാതാ ടീഷാപ്പ്) കുതിരബിരിയാനി കാണാം. (പുട്ട്, പഴം, പപ്പടം ഇവ മൂന്നും കൂട്ടിച്ചേർത്താൽ കുതിരബിരിയാനി ആയി).

പൂവരശുക്കാവിലെ കീരൻ പൂശാരിയെ കാണാം. (“കാവിലെ പുരോഹിതൻ എന്ന പദവിയിൽ മാത്രമല്ല, മന്ത്രവാദി, വൈദ്യൻ, ജ്യോതിഷി, സാമുദായികനിയമോപദേഷ്ടാവ് എന്നീ നിലയിലും ചെറുമക്കളുടെയിടയിലെ ഒരു പ്രമുഖവ്യക്തിയാണ് കീരൻ”.).

അമ്മുക്കുട്ടി എന്നൊരു പെണ്ണിനെ കാണുന്നു, ശ്രീധരൻ. പിന്നെ, മാസങ്ങൾ കഴിഞ്ഞാണ്  അമ്മുക്കുട്ടിയെക്കുറിച്ചെന്തെങ്കിലും അറിയുന്നത്.  അമ്മുക്കുട്ടിയുടെ അനിയൻ, ഉണ്ണി, ശ്രീധരന്റെ കൈയിൽ, അമ്മുക്കുട്ടി എഴുതിയ കവിതകളുടെ പുസ്തകം കൊടുക്കുന്നു. അമ്മുക്കുട്ടി മരിയ്ക്കും മുമ്പ് ഏൽ‌പ്പിച്ചതാണെന്നു പറയുന്നു.

ചങ്ങാതിയായ കൃഷ്ണൻ മാസ്റ്ററെ കാണാനെത്തുന്ന മുക്കുവൻ എരപ്പനെ അതിരാണിപ്പാടത്തു കാണാം. മീനും കൊണ്ടാണ് എരപ്പൻ, ശ്രീധരന്റെ വീട്ടിൽ ചെല്ലുന്നത്. കടലിലെ കഥകളും പറഞ്ഞുകൊടുക്കും.

ഒടുവിൽ, കൃഷ്ണൻ മാസ്റ്റർ മരിച്ചു കഴിഞ്ഞ്, സ്വത്തുക്കൾ ഭാഗം വെച്ച് ഏട്ടൻ കുഞ്ഞപ്പു (കല്യാണം കഴിഞ്ഞിരുന്നു. കുട്ടികളും ഉണ്ട്.) പോയപ്പോൾ, അമ്മയേയും കൂട്ടി അതിരാണിപ്പാടം വിട്ട് ഇറങ്ങുന്ന, ശ്രീധരൻ, അമ്മയെ ഇലഞ്ഞിപ്പൊയിലിലാക്കി ബോംബെയ്ക്ക് പോകുന്നു.

പിന്നെയും കുറേക്കാലം കഴിഞ്ഞൊരിക്കൽ ശ്രീധരൻ അതിരാണിപ്പാടം കാണാൻ തിരിച്ചുവരുന്നു.

ഇതൊക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ചിലതു മാത്രമാണ്. അതിരാണിപ്പാടത്ത് ഒരുപാടു കാഴ്ചകൾ ഉണ്ട്, പരിചയപ്പെടാൻ ഒരുപാടുപേരുണ്ട്. അവരുടെയൊക്കെ ജീവിതമുണ്ട്.

എന്റെ കാഴ്ചകളിൽ വളരെക്കുറച്ചു മാത്രമാണ് ഇവിടെയുള്ളത്.

ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ടിന്, 1973- ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, 1980-ൽ ജ്ഞാനപീഠപുരസ്കാരവും,  ലഭിച്ച കൃതി.

Labels: ,

Monday, March 04, 2013

മാനത്തും മുറ്റത്തും

അമ്പിളിമാമൻ മാനത്ത്,
മിന്നുക്കുട്ടി മുറ്റത്ത്,
മിന്നുക്കുട്ടിയ്ക്കു മാമവുമായി,
അമ്മ പതുക്കെ വരുന്നേരം,
മിന്നുക്കുട്ടിയൊളിച്ചു നിന്നൂ,
അമ്പിളിമാമൻ ചിരിച്ചു നിന്നു.

Labels:

Tuesday, February 05, 2013

നിന്നെയോർമ്മിപ്പിച്ചത്

ഇന്നലെ ഞാനൊരു പുഴ കണ്ടു.
ഓളങ്ങളായ് ഇളകിമറിയാതെ,
ഹൃദയമിടിപ്പു മാത്രമുള്ള പുഴ.
നിന്നെയോർമ്മിപ്പിച്ച പുഴ.

ഇന്നലെ ഞാനൊരു പൂവു കണ്ടു.
പൂർണ്ണമായും വിടരാൻ മടിച്ച്,
വാടിക്കൊഴിയാൻ കാത്തുനിൽക്കുന്നതുപോലെയൊരു പൂവ്.
നിന്നെയോർമ്മിപ്പിച്ച പൂവ്.

ഇന്നലെ ഞാനൊരു മേഘം കണ്ടു.
ഒന്നിലും ശ്രദ്ധയില്ലാതൊഴുകിയൊഴുകി,
ലക്ഷ്യം മനസ്സിലുറപ്പിച്ച് പോകുന്ന പോലെയൊരു മേഘം.
നിന്നെയോർമ്മിപ്പിച്ച മേഘം.

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.
മേഘത്തിനു കീഴിൽ,
പുഴയ്ക്കരികിൽ,
പൂവും പിടിച്ച്,
എന്നെക്കാത്തെന്നപോലെ നീ.

Labels:

Saturday, February 02, 2013

അഞ്ച് കുട്ടിപ്പാട്ടുകൾ

ഒന്നാം പാട്ട്

അക്കുടുമുയലിന്റെയമ്മയ്ക്ക്
കാരറ്റു തിന്നാൻ കൊതിയായി.
വയലിൽ ചെന്നവൾ പരതിയെടുത്തൂ
രണ്ടും മൂന്നും അഞ്ചെണ്ണം.
വഴിയിൽ നിന്ന കുറുക്കച്ചാർ
തട്ടിയെടുത്തൂ മൂന്നെണ്ണം.
അക്കുടുമുയലിന്റെയമ്മയ്ക്ക്
തിന്നാൻ കിട്ടീ രണ്ടെണ്ണം.

രണ്ടാം പാട്ട്

വെണ്മ നിറഞ്ഞൊരു പല്ലുകൾ കാട്ടി
പുഞ്ചിരിതൂകുന്ന കുഞ്ഞുപോലെ
വീട്ടിലെ തോട്ടത്തിൽ ഇന്നു വിരിഞ്ഞൂ
ചെടിയിൽ നിറയെ  മുല്ലപ്പൂ.
ഓരോന്നെടുത്തൊരു വാഴനാരിൽ
കോർത്തിട്ടു നല്ലൊരു മാല കെട്ടി,
സ്കൂളിൽ പോകുന്ന കുഞ്ഞിന്റെ തലയിൽ,
അമ്മയാപ്പൂമാല ചൂടിച്ചു.

മൂന്നാം പാട്ട്

മിന്നുവിനോടമ്മ രാവിലെച്ചൊല്ലീ
ഗൃഹപാഠമെല്ലാം ചെയ്തുതീർക്കാൻ.
ടി വി യും നോക്കീട്ടു നേരം കളഞ്ഞവൾ
ഗൃഹപാഠം ചെയ്യാൻ മടിച്ചിരുന്നു.
വീട്ടിലെ ജോലികൾ തീർത്തിട്ടു വന്നമ്മ
മിന്നൂന്റെ ബുക്കു മറിച്ചുനോക്കി.
ഗൃഹപാഠം ചെയ്തിട്ടില്ലവളെന്നു കണ്ടപ്പോൾ
അമ്മയ്ക്കു ദേഷ്യം തോനെ വന്നു.
അടികിട്ടിയാലോന്നു പേടിച്ചു മിന്നുവോ
വേഗം ചെന്നിട്ടു ബുക്കെടുത്തു.


നാലാം പാട്ട്

തീവണ്ടീലാദ്യമായ് കേറുവാൻ മിന്നു
അച്ഛനുമമ്മയ്ക്കുമൊപ്പം പോയി.
ടിക്കറ്റെടുക്കുവാൻ അച്ഛൻ പോയി,
ലഗ്ഗേജും നോക്കി അമ്മ നിന്നു.
റെയിൽ‌വേസ്റ്റേഷൻ ആദ്യമായ് കണ്ടിട്ട്,
സന്തോഷത്തോടെ മിന്നു നിന്നു.
ചുക് ചുക് ചുക് ചുക് ശബ്ദത്തോടെ
മിന്നുവിൻ മുമ്പിൽ വണ്ടി വന്നു.
അച്ഛനുമമ്മയും മിന്നുവും കൂടെ
വണ്ടിയിൽ കയറി യാത്രയായി.

അഞ്ചാം പാട്ട്
അമ്മേ നോക്കൂ അമ്പിളിമാമൻ
വാനിൽ നിന്നു ചിരിക്കുന്നൂ.
ചുറ്റും പൊന്നായ് മിന്നും താരകൾ
തിത്തൈ നൃത്തം വയ്ക്കുന്നൂ.
പകലാവുമ്പോൾ സൂര്യനെ നോക്കാൻ
കണ്ണിനു പാടാണെന്നുണ്ണീ,
രാത്രിയിൽ അമ്പിളിമാമനെ നോക്ക്യാൽ
കണ്ണിനു കുളിരാണെന്നുണ്ണീ.
നമുക്കു ചുറ്റും വർണ്ണം പകരാൻ
എന്തെന്തെല്ലാമുണ്ടല്ലേ!
പിന്നെയുമെന്തിനു നമ്മൾ വെറുതേ
കരഞ്ഞു തളർന്നു നടക്കുന്നൂ.
കാഴ്ചകൾ കണ്ടു ചിരിച്ചു കളിച്ച്
മിടുക്കരായി നടന്നൂടേ!

Labels: