അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
വാക്കുകളെ ഞാന്‍ വളച്ചൊടിച്ചപ്പോള്‍ നൊന്തത് അവര്‍ക്കായിരുന്നുവത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുവാന്‍ വേണ്ടി രാകിമിനുക്കിയപ്പോള്‍, പിടഞ്ഞത്, അവരായിരുന്നുവത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
വാക്കുകളെടുത്ത് ഞാന്‍ അമ്മാനമാടിയപ്പോള്‍, അവര്‍ക്ക് ഭയം തോന്നിയത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
പേര്‍ത്തും പേര്‍ത്തും, ചേര്‍ത്തുവെക്കുമ്പോള്‍, അവരുടെ സൌന്ദര്യം നോക്കിയില്ലത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
അവയെ ഞാന്‍ മുന്നില്‍ നിര്‍ത്തിയപ്പോള്‍ എതിരേ വന്ന വാക്കുകള്‍ തട്ടി വേദനിച്ചത് അവര്‍ക്കാണത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
തിരിച്ചെടുക്കാനാവില്ലെന്നറിഞ്ഞിട്ടും, ഞാന്‍ അവരെ കൂട്ടിച്ചേര്‍ത്ത്, ലോഭമായി ചെലവഴിക്കുകയാണത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
ഇടയ്ക്ക് പല്ലുകള്‍ക്കിടയില്‍, അമര്‍ത്തിഞെരിക്കുമ്പോള്‍, അവര്‍ നൊന്ത് പിടയാറുണ്ടത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
ചുണ്ടുകള്‍ കൂട്ടി, തടങ്കലില്‍ വെക്കുമ്പോള്‍, അസ്വാതന്ത്ര്യം അവരെ അസ്വസ്ഥരാക്കാറുണ്ടത്രേ.
അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!
മം എന്നതിനു പകരം തം എന്നുകൂട്ടി പ്രേ യെ ഞാന്‍ വെറുപ്പിച്ചത്രേ. ;)
32 Comments:
ചുണ്ടുകള്‍ കൂട്ടി, തടങ്കലില്‍ വെക്കുമ്പോള്‍, അസ്വാതന്ത്ര്യം അവരെ അസ്വസ്ഥരാക്കാറുണ്ടത്രേ.
കിടിലം!
സു - നിങ്ങള്‍ അക്ഷരം കൊണ്ടു ചിത്രം വരക്കുന്നു.
ഇങ്ങനെ സുവിനു വഴങ്ങുന്ന അക്ഷരങ്ങള്‍ സു വിനോട് പിണക്കമാണെന്നു പറഞ്ഞതു മാത്രം പിടികിട്ടിയില്ല. :)
“അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!“
ഇത്രയും ആവര്‍ത്തനം വേണമായിരുന്നോ?
-സുല്‍
നല്ല വരികള്‍ ...അക്ഷരങ്ങള്‍ക്കു സൂവിനോട് ഒരിയ്ക്കലും പിണങ്ങാന്‍ കഴിയില്ല എന്നാണെനിയ്ക്കു തോന്നുന്നത്..
:-)
Cool.. Su, നല്ലൊരവസാനം!”മം എന്നതിനു പകരം തം എന്നുകൂട്ടി പ്രേ യെ ഞാന്‍ വെറുപ്പിച്ചത്രേ. ;)“
ആ അക്ഷയപാത്രം എനിക്കൊന്നുവേണേ..കടമായി മതി. -സു-
ഇതില്‍ ഏറ്റവുമിഷ്ടപ്പെട്ടത്: “അവയെ ഞാന്‍ മുന്നില്‍ നിര്‍ത്തിയപ്പോള്‍ എതിരേ വന്ന വാക്കുകള്‍ തട്ടി വേദനിച്ചത് അവര്‍ക്കാണത്രേ“--ഉഗ്രന്‍!
ഏയ്..അവര്‍ക്കു പിണക്കോന്നും ഇല്ലാന്നേ!
സു,
ഒ.എന്‍.വി യുടെ അക്ഷരം എന്ന കവിതയെ ആണ് ഇതു വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത്.
അതില്‍
‘വെറുതെ വെള്ളത്താളില് വിരിഞ്ഞ പുഷ്പം
പൊരുളറിയാത്തൊരു ചിത്രം.....‘
എന്നു തുടങ്ങി
‘അക്ഷരാത്മികേ ഇന്നു നിന്നെയെന്‍ ഹൃദയമായ്
ഹൃദ്പത്മപരാഗമായ് , രാഗമായ് ,
പരമമാം സത്യമായ് സൌന്ദര്യമായറിവേന്
നീയല്ലോ ഞാന്‍ ‘
എന്ന് കവി അക്ഷരത്തിനൊരു നിര്‍വചനം നല്കുമ്പോള്
ഇവിടെ സു അവയ്ക്കു ,തനിക്കു തുല്ല്യമായ ജീവനും ശരീരവും ഇച്ഛാശക്തിയും വികാരങ്ങളും നല്കി ,തന്നോടു തന്നെയും സംവദിക്കുന്ന ,ചിലപ്പോള്‍ കലഹിക്കുന്ന് ഒരു സ്വത്വം നല്കി വാനോളമുയര്‍ത്തുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്.
പിണക്കം മാറി അക്ഷരങ്ങള്‍ വീണ്ടും കൂട്ടിനു വരും... ഉറപ്പ്
മനസ് തെളിയട്ടെ, പിണക്കം മാറി തിരിച്ചുവരും എല്ലാം.
ഒരു മന്ദസ്മിതം, ഒരു തലോടല്‍.....മടിയില്‍ വീണു വിങ്ങിക്കരയില്ലേ, കെട്ടിപ്പിടിക്കില്ലേ?
-അക്ഷരങ്ങള്‍ക്ക് സൂവിനോടു പിണക്കമാണ...ത്രേ!
അക്ഷരങ്ങള്‍ മോഷണം പോയപ്പോള്‍ അതിനു പിണക്കം കൂടിക്കാണും.. കള്ളന് കരിംപ്പൂച്ച തന്നെ..
എന്തയാലും വളരേ നന്നയിട്ട് ഉന്ണ്ട്.
ലാല്‍ സാലാം
അക്ഷരങ്ങള്‍ പിണങ്ങുകയോ..
അക്ഷരങ്ങളെ സ്നേഹിക്കുന്നരോട് അക്ഷരങ്ങള്‍ ഒരിക്കലും പിണങ്ങുകയില്ല.. പിണങ്ങാതിരിക്കട്ടെ.
കൃഷ് | krish
പേര്‍ത്തും പേര്‍ത്തും... ഞാനിത് ഉണ്ണായിവാര്യര്‍ക്കു ശേഷം സുവാണ് ഉപയോഗിച്ച് കാണുന്നത്... എന്തൊരു സന്തോഷം... :)
“പേര്‍ത്തു പേര്‍ത്തു ജനകീര്‍ത്ത്യമാനനള
പാര്‍ത്ഥിവോത്തമ സല്‍കീര്‍ത്തികള്‍ കേട്ടേന്‍...” എന്നാണ് ഉണ്ണായിവാര്യര്‍ പാടിയത്.
--
സ്വാതന്ത്ര്യത്തിന്റെ വിപരീതം പാരതന്ത്ര്യം എന്നല്ലേ? അതോ അസ്വാതന്ത്ര്യവും ശരിയോ? എനിക്കറിയില്ല... സംശയമാണേ...
--
നല്ല പോസ്റ്റ്.അവിടെ പിണങ്ങാനായെങ്കിലും അക്ഷരങ്ങളുണ്ടല്ലോ.ഇവിടെ അതിനും ക്ഷാമം.
സൂ :) ഹിറ്റ് എഗൈന്‍!!.
ഹരീ, സ്വാതന്ത്ര്യത്തിന്റെ വിപരീതം പാരതന്ത്ര്യം
തന്നെയാണ് . പക്ഷെ ദുസ്വാതന്ത്ര്യം, അസ്വാതന്ത്ര്യം എന്നും പ്രയോഗിച്ച് കാണുന്നുണ്ട്.
സു..
ശരിയാണ്. ഇത്രയൊക്കെ ചെയ്തിട്ടും അക്ഷരങ്ങള്‍ പിണങ്ങാത്തതെന്തേ!
നല്ല വരികള്‍.
ഹായ് സൂര്യ... അക്ഷരങ്ങള്‍ക്ക് തീരാപ്പക തോന്നുമാറ് ഇനിയും എടുത്തമ്മാനമാടൂ......!
സ്നേഹിക്കുന്നവര്‍ക്ക് മാത്രം കീഴ്വഴങ്ങുന്ന അക്ഷരങ്ങള്‍ക്ക് സൂവിനോട് പിണങ്ങാന്‍ കഴിയുമോ?
പിന്നെ ഇങ്ങിനെ പേര്‍ത്തും പേര്‍ത്തും അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണെന്ന് പറഞ്ഞാല്‍
അവ പിണങ്ങിയേക്കും.
എടുത്തുവെച്ച അക്ഷരങ്ങളോരോന്നും കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ നല്ല സുഖം.
അഭിനന്ദനങ്ങള്‍.
സൂ.. അക്ഷരങ്ങള്‍ വെറുതെ കളിപ്പിക്കാന്‍ പറഞ്ഞതാവും .. അല്ലാതെ പിന്നെ... ഇപ്പൊ ഒന്നു എഴുതി നോക്കിക്കെ.. എല്ലാരും വഴിക്കു വരും ...
വൌ! ഇത് അടിപൊളി. :)
പിണക്കമാണെങ്കിലും സു എന്തു ചെയ്യുന്നു എന്നറിയാനുള്ള ആകാംഷ കൊണ്ട് അക്ഷരങ്ങള്‍ ഒളിഞ്ഞു നോക്കുന്നുണ്ടല്ലൊ. :)
സു അക്ഷരങ്ങളെ ഇനി എന്ത് ചെയ്താലും അവ പിണങ്ങുമെന്ന് എനിക്ക് തോന്നുന്നില്ലാ...കാരണം നിങ്ങള്‍ തമ്മില്‍ അത്ര നല്ല ഒത്തിണക്കത്തില്‍ ആണു എന്ന് എനിക്ക് [ഞങ്ങള്‍ക്ക്]ഇവിടെ ഇരുന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.
ശ്ശൊ..ആഫ്;ആ ആമ്മാനാട്ടം വേണോ...... [ഞാന്‍ പഴേ കൃഷിഭൂമിയില്‍ തന്നെ ആണു.]
സൂ,
പൊതുവാളന്ജിയുടെ കമന്റ്, സൂവിന്റെ വരികളെ എനിയ്ക്കൊന്നുകൂടി മനസ്സിലാക്കിത്തന്നു. പൊതുവാളന്‍ജിക്കും സുവിനും നന്ദി.
“പിണങ്ങിപ്പോയെന്നാലും വിളിച്ചാല്‍ വരാറില്ലേ
കുണുങ്ങിക്കുണുങ്ങിക്കൊണ്ടാവിരല്ത്തുമ്പില് നിത്യം!”
എന്ന് പറയാന്‍ തോന്നുന്നു.
പിണക്കം ഇത്രയും ആവര്‍ത്തിക്കേണ്ടിയിരുന്നില്ല, എന്നും തോന്നി.
പോസ്റ്റിനു നന്ദി
ജ്യോതിര്‍മയി
“വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുവാന്‍ വേണ്ടി രാകിമിനുക്കിയപ്പോള്‍, പിടഞ്ഞത്, അവരായിരുന്നുവത്രേ”
“ഇടയ്ക്ക് പല്ലുകള്‍ക്കിടയില്‍, അമര്‍ത്തിഞെരിക്കുമ്പോള്‍, അവര്‍ നൊന്ത് പിടയാറുണ്ടത്രേ”
ഒത്തിരി ഇഷ്ടപ്പെട്ടു സൂ...
ഇണക്കമുള്ളിടത്തേ പിണക്കവുമുള്ളൂ.
നന്നായിരിക്കുന്നു.
Nousher
മം എന്നതിനു പകരം തം എന്നുകൂട്ടി പ്രേ യെ ഞാന്‍ വെറുപ്പിച്ചത്രേ. ;)
സൂചേച്ചി...നല്ലവരികള്‍...
നല്ല കവിത, സൂ.
ഇടയ്ക്കു പരാമര്‍ശിച്ച ഒരു വിഷയത്തെപ്പറ്റി പറയട്ടേ:
അസ്വാതന്ത്ര്യം = സ്വാതന്ത്ര്യമില്ലായ്മ
ദുസ്സ്വാതന്ത്ര്യം = ചീത്ത സ്വാതന്ത്ര്യം
പാരതന്ത്ര്യം = പര-തന്ത്ര-ത്വം = മറ്റൊരാള്‍ പറയുന്നതനുസരിച്ചു ജീവിക്കേണ്ടി വരിക.
ഇതു മൂന്നും മൂന്നു കാര്യമാണു്. സ്വതന്ത്രനല്ല എന്നതിനു പരതന്ത്രനാവണമെന്നില്ല.
അക്ഷരങ്ങളെന്നും തുണയാകട്ടെ.
നല്ല കവിത.
സൂ, ഇടക്കിടെ ആവര്‍ത്തിച്ചുള്ള അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ എന്ന വരി മാറ്റിയൊന്ന് എഴുതി നോക്കൂ.ആ വരികളില്‍ ഒരു ആവര്‍ത്തന വിരസതയുണ്ട്. എങ്കിലും അക്ഷരങ്ങളുടെ നൊമ്പരങ്ങള്‍ സൂ കണ്ടല്ലോ? അവയെ ഓര്‍ത്തതിനും, എന്നെ ഓര്‍മ്മിപ്പിച്ചതിനും ഈ വരികളോട് ഞാന്‍ നന്ദി പറയുന്നു. കവിത മേല്‍പ്പറഞ്ഞ ഒരു ന്യൂനത ഒഴിവാക്കിയാല്‍ മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.
സജിത്ത് :) ആദ്യ കമന്റിന് നന്ദി.
ബയാന്‍ :) നന്ദി.
സുല്‍ :) ചിലതൊക്കെ ആവര്‍ത്തിച്ചാലേ രസമുള്ളൂ.
സാരംഗീ :) പിണങ്ങാതിരിക്കട്ടെ എന്നു ഞാനും മോഹിക്കുന്നു.
സുനില്‍ :) അക്ഷയപാത്രം അല്ല. കാലിപ്പാത്രം.
ഷാനവാസ് :) നന്ദി.
പീലിക്കുട്ടീ :) ഇല്ലെന്ന് വിചാരിക്കാം.
പൊതുവാളന്‍ :) നന്ദി. അവരെ ഞാനൊന്ന് സ്വന്തമാക്കി നോക്കിയതാ. സ്വന്തമാണെങ്കില്‍ അല്ലേ ഇണക്കവും പിണക്കവും മനസ്സിലാവൂ.
മനു :) വരും. വരട്ടെ.
ശാലിനീ :) പിണക്കം വേണ്ട എന്നു വിചാരിക്കുമായിരിക്കും അവര്‍.
കൈതമുള്ളേ :) അതെ, വിങ്ങിക്കരയും, കെട്ടിപ്പിടിക്കും.
ശ്രീഹര്ഷന് :) സ്വാഗതം. നന്ദി.
കൃഷ് :) പിണങ്ങാതിരിക്കട്ടെ എന്ന് ഞാനും...
ഹരീ :) വിപരീതം അതെ. പക്ഷെ അര്‍ത്ഥം ഇതിനും ഉണ്ട്. സ്വാതന്ത്ര്യമില്ലായ്മ എന്ന്. ഉമേഷ്ജി എഴുതിയത് നോക്കൂ.
വല്യമ്മായീ :) ക്ഷാമം ഒന്നും ഉണ്ടാവില്ല. വെറുതെ തോന്നുന്നതാവും.
നന്ദൂ :) നന്ദി.
അത്തിക്കുര്‍ശീ :) അതെ. അത് ഞാനും ആലോചിക്കും. പിണങ്ങാറുണ്ടാവും.
സുകുമാരന്‍ :) സ്വാഗതം. നന്ദി.
സക്കീന :) നന്ദി.
ഇട്ടിമാളൂ :) നോക്കാം.
ബിന്ദൂ :) അതെ. എന്തൊക്കെ ചെയ്യും എന്ന് അവര്‍ക്ക് അറിയാമല്ലോ.
സാന്‍ഡോസ് :) അങ്ങനെ വിചാരിക്കാം. ഇണക്കത്തില്‍ അല്ലേ പിണങ്ങാന്‍ അവസരം ഉള്ളൂ.
ജ്യോതീ :) നന്ദി.
കുഞ്ഞന്‍സേ :) നന്ദി.
നൌഷര്‍ :) നന്ദി.
സോന :) നന്ദി.
ഉമേഷ്ജീ :) നന്ദി. അഭിപ്രായത്തിനും, അര്‍ത്ഥത്തിനും.
സ്നേഹിതാ :) നന്ദി.
അനംഗാരീ :) എനിക്കെന്തോ അങ്ങനെ ആവര്‍ത്തിക്കണം എന്ന് തോന്നി. ശരിയായില്ല അല്ലേ? നന്ദി.
ഇപ്പോഴാണ് വയിച്ചത്. പക്ഷെ അപ്പോഴേയ്ക്കും സൂവിന്റെ പുതിയ പോസ്റ്റ് വന്നു കഴിഞു..!
എന്നലും സാരമില്ല എന്നു വിചാരിച്ചു..
മനോഹരമയിരിയ്ക്കുന്നു എന്ന് പറയാതെ പോകാന്‍ വയ്യ.
എല്ലാ വരികളും ഒരുപോലെ ഈഷ്റ്റമായി, കീറി മുറിയ്ക്കാന്‍ തോന്നുന്നില്ല..
പി. ആര് :) നന്ദി. ഒക്കെ സമയം പോലെ വായിക്കൂ.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home