Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, October 07, 2007

രേഖയെ തേടി

ട്‌ണിം. ട്‌ണിം.

വാതില്‍ തുറന്നു.

നാലുപേര്‍.

ഒരാള്‍ ഐഡന്റിറ്റി കാര്‍ഡ്‌ എടുത്തുകാട്ടി.

"ഇന്റലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌."

മെര്‍ക്കിസ്റ്റന്‍ എന്നു കേട്ട പഴയ ചീഫ്‌ സെക്രട്ടറിയെപ്പോലെ, ഞാന്‍ അകത്തേക്ക്‌ ഓടി.

തക തക തക (ടക്‌ ടക്‌ ടക്‌ എന്ന് ഓടുന്നതിന്റെ മലയാള ഓട്ടം.)

നിമിഷങ്ങള്‍ക്കകം തിരിച്ചെത്തി. വോട്ടേഴ്‌സ്‌ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ചു.

"ഹോം ഡിപ്പാര്‍ട്ട്‌മെന്റ്‌."

"ഹോ...ഇതെടുക്കാന്‍ പോയതായിരുന്നോ? ഞങ്ങള്‍ വിചാരിച്ചു നിങ്ങള്‍ പേടിച്ചോടിയെന്ന്."

"ഞാന്‍ അങ്ങനെയൊന്നും പേടിക്കില്ല. എനിക്കും കാണിക്കാന്‍ കാര്‍ഡുണ്ടെന്ന് കാണിച്ചതാ."

"ഇവിടെ വിലപ്പെട്ട ഒരു രേഖയുണ്ടെന്ന് അറിവ്‌ കിട്ടി. ഞങ്ങള്‍ക്ക്‌ സെര്‍ച്ച്‌ ചെയ്യണം."

"ഇപ്പോ പറ്റില്ല."

ഭരണം കൈമാറാന്‍ പറഞ്ഞപ്പോള്‍ കര്‍ണാടക മുഖ്യന്‍‌ പറഞ്ഞപോലെ ഞാന്‍ പറഞ്ഞതുകേട്ട്‌ അവര്‍ ഞെട്ടി.

"പറ്റില്ലെന്ന് പറയാന്‍ പറ്റില്ല. ഇത്‌ ഞങ്ങളുടെ ഡ്യൂട്ടി ആണ്‌."

"അതുപോലെ എനിക്കും ഉണ്ട് ഡ്യൂട്ടി. എല്ലാവരും പോയിട്ട്‌ വീടൊക്കെ ഇപ്പോ അടുക്കിപ്പെറുക്കി വച്ചേയുള്ളൂ. ഇനിയിപ്പോ വലിച്ചിടാന്‍ പറ്റില്ല. നാളെ വന്നാല്‍ മതി."

"ഇന്നത്തേക്കാണ്‌ സെര്‍ച്ച്‌ വാറന്റുള്ളത്‌."

"അതൊക്കെ പാവങ്ങളെ പറ്റിക്കാന്‍ പറയുന്നതല്ലേ. വാറന്റൊക്കെ‌ അപ്രത്യക്ഷമാക്കാന്‍ നിങ്ങള്‍ക്ക്‌ പറ്റുമെന്ന് എനിക്കറിയില്ലേ?"

"നിങ്ങള്‍ ഇതില്‍ ഇടപെടരുത്‌. ഞങ്ങള്‍ക്ക്‌ ജോലി ചെയ്യണം."

"ഉറപ്പാണോ?"

"അതെ."

"എന്നാല്‍ തെരഞ്ഞോ. പക്ഷെ തെരച്ചില്‍ കഴിഞ്ഞ്‌ എല്ലാം യഥാസ്ഥാനത്ത്‌ കണ്ടില്ലെങ്കില്‍..."

"കണ്ടില്ലെങ്കില്‍?"

"ഹാ...ഉച്ചയ്ക്കുള്ള സിനിമ എനിയ്ക്ക്‌ കാണാന്‍ നേരം കിട്ടില്ലെന്ന്. ഇതൊക്കെ അടുക്കിവെക്കേണ്ടേ? അല്ലാതെന്ത്‌?"

അയാള്‍ മൂന്നുപേരോടും കൂടെ വീട്ടിനകത്തേക്ക്‌ വന്ന് അവരോട്‌ പറഞ്ഞു.

"ഒരാള്‍ ആ മുറിയിലേക്ക്‌, ഒരാള്‍ ആ ഭാഗത്തേക്ക്‌, ഒരാള്‍ ദാ അങ്ങോട്ട്‌."

മൂന്നാമത്തെ ആള്‍ പോകുന്ന പോക്ക്‌ കണ്ട്‌ എനിക്ക്‌ ചിരിവന്നു. ബാത്‌റൂമിലേക്ക്‌!

നിങ്ങള്‍ പോകുന്നില്ലേ എന്ന ഭാവത്തില്‍, ഇനി ബാക്കിയുള്ള വാതില്‍ എന്ന മട്ടില്‍, വന്ന വാതില്‍ക്കലേക്ക്‌ നോക്കി ഞാന്‍. വേല കയ്യില്‍ വച്ചോ എന്ന് ഭാവിച്ച്‌ അയാള്‍ കസേരയിലേക്ക്‌ ഇരിക്കാന്‍ തുടങ്ങി.

"ഇരിക്കരുത്‌."

ഞാന്‍ അലറി.

"എന്താ?" അയാള്‍ പേടിച്ചുപോയി.

"അതില്‍ക്കയറിനിന്നാണ്‌ മാറാല തുടച്ചത്‌. അഴുക്കുണ്ടാവും. തുടച്ചിട്ട്‌ ഇരിക്കാമെന്ന് കരുതി പറഞ്ഞതാണ്‌."

"ഓ അത്‌ ശരി." തുടച്ചു. ഇരുന്നു.

ഞാന്‍ ഫോണ്‍ കയ്യിലെടുത്തു.

"ഫോണ്‍ ചെയ്യാന്‍ പറ്റില്ല."

"അത്യാവശ്യമാണ്‌."

"എന്ത്‌ കാര്യമായാലും പറ്റില്ല."

"ഇത്‌ ബ്യൂട്ടിപാര്‍ലറിലെ അപ്പോയിന്റ്‌മെന്റ്‌ കാന്‍സല്‍ ചെയ്യാനാന്നേ. ഇല്ലെങ്കില്‍പ്പിന്നെ അടുത്ത തവണ വിളിക്കുമ്പോള്‍ അപ്പോയിന്റ്‌മന്റ്‌ കിട്ടില്ല."

ബെസ്റ്റ്‌! അപ്പോയിന്റ്‌മെന്റെടുത്ത്‌ ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ട ഒരു സൌന്ദര്യം, എന്നൊരു പരിഹാസത്തില്‍ അയാളെന്നെ നോക്കി. പരിഹാസം ഞാന്‍ ഏറ്റെടുത്തേയില്ല. എല്ലാരും പറയുന്നതൊക്കെ ഏറ്റി തലയില്‍ വെക്കാന്‍ ഞാനെന്താ മുഖ്യമന്ത്രിയോ?

"എന്തായാലും പറ്റില്ല."

ഇനി കാണുമ്പോള്‍, സൌന്ദര്യത്തിന്റെ ഭാവം മാറ്റാന്‍ പോകുമ്പോള്‍, പാര്‍ലറുകാരിയുടെ മുഖത്തിന്റെ ഭാവം മാറുമല്ലോ എന്ന സങ്കടത്തില്‍ ഞാനിരുന്നു.

"നിങ്ങള്‍ക്ക്‌ ചായയോ, കാപ്പിയോ?"

“ഒന്നും വേണ്ട.”

"എന്റെ ഭാഗ്യം."

"അതെന്താ?"

"ഇവിടെ ചായപ്പൊടിയും കാപ്പിപ്പൊടിയും ഒരുമിച്ചു തീര്‍ന്നിട്ടിരിക്ക്യാ. വാങ്ങാന്‍ നിങ്ങള്‍ പുറത്തേക്ക്‌ വിടില്ലല്ലോ."

"ഒന്നും വേണ്ട. ജോലിക്കിടയില്‍ അതൊന്നും പറ്റില്ല."

നിങ്ങളെന്ത്‌ ജോലി ചെയ്യുന്നു, ചെയ്യുന്നതൊക്കെ നിങ്ങളുടെ‌ കൂടെ വന്ന പാവങ്ങളല്ലേ എന്ന് ചോദിച്ചാലോ എന്ന് ഞാന്‍ വിചാരിക്കുമ്പോഴേക്കും അയാള്‍ ചോദിച്ചു.

"എന്താണ്‌ നിങ്ങളുടെ ജോലി?"

"എന്റെ ജോലിയോ? വീട്ടുജോലി. അല്ലാതെന്താ? പിന്നെ ബ്ലോഗിങ്ങും ഉണ്ട്‌."

"ബ്ലോഗിങ്ങോ? അതെന്താ?"

"ബ്ലോഗ്‌ എന്നുവെച്ചാല്‍, ഇന്റര്‍നെറ്റില്‍, നമുക്ക്, എഴുതാന്‍ ഉള്ള ഒരു സ്ഥലം ആണ്‌. നമുക്കു ഡയറിപോലെ കുറിച്ചുവയ്ക്കാം, കഥ, കവിത ലേഖനം, ചിന്തകള്‍, കൊച്ചുകൊച്ചുകാര്യങ്ങള്‍, ഒക്കെ എഴുതിയിടാം."

"പത്രവും മാസികയും ഒക്കെപ്പോലെ അല്ലേ?"

"കുറേ വ്യത്യാസങ്ങളുണ്ട്‌. എന്നാലും അതുപോലെ വായിക്കാം, ബ്ലോഗ്‌. അതും ഫ്രീ ആയിട്ട്."

"എന്തെങ്കിലും ഒരു വ്യത്യാസം പറയൂ, ബ്ലോഗും, പത്രം മാസിക എന്നിവയും തമ്മില്‍."

"പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല." ഇയാളോടൊന്നും ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.

അയ്യേ! എന്ന മട്ടില്‍ അയാളെന്നെ നോക്കി. "അതൊരു പഴയ തമാശ പുതിയ രൂപത്തിലാക്കിയതല്ലേ." അയാള്‍ ചിരിച്ചില്ല.

"എന്നും പുതിയ പുതിയ തമാശ പറയാന്‍ ഞാനെന്താ മിമിക്രി ആര്‍ട്ടിസ്റ്റോ?" ഇത്തവണ അയാള്‍ ചിരിച്ചു.

നിങ്ങളു ചിരിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തിനു നല്ലത്‌ എന്ന ഭാവത്തില്‍ ഞാനിരുന്നു.

അപ്പോഴേക്കും അസിസ്റ്റന്റുമാര്‍ എത്തി. “ഒന്നും കിട്ടിയില്ല സാര്‍...”

“ഹിഹിഹി..."

“എന്താ?"

"ഇവിടെ രേഖയുള്ളത്‌ എവിടെയാണെന്ന് എനിക്കുമാത്രമേ അറിയൂ."

"എവിടെയാ? നിങ്ങള്‍ പറയണം വേഗം."

ഞാന്‍ പുസ്തകക്കെട്ടുകളില്‍നിന്ന് ഒരു പുസ്തകം വലിച്ചെടുത്തു. ആകാംക്ഷാഭരിതരായി നില്‍ക്കുന്ന അവരുടെ മുന്നിലേക്ക്‌ തുറന്നു കാട്ടി. അവിടെ സിനിമാനടി രേഖ ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടായിരുന്നു. നാലുപേരും ഒരുമിച്ച്‌ ഗെറ്റ്‌ ഔട്ട്‌ ആയി. അല്‍ഖ്വൈയ്ദ കയറിയാലുള്ള അമേരിക്ക പോലെയുള്ള വീടും വച്ച്‌, മച്ചും നോക്കി ഞാനിരുന്നു

.......

ട്‌ണിം ട്‌ണിം

കണ്ണു തുറന്നു.

ഓര്‍മ്മ വന്നു.

ഇന്റലിജന്റ്‌സ്‌.

ഓടാന്‍ തയ്യാറായി, ഓടിപ്പോയി വാതില്‍ തുറന്നു.

"മാഡം, കൊറിയര്‍."

ഹോ....ഭാഗ്യം!

Labels:

30 Comments:

Blogger സുല്‍ |Sul said...

തക തക തക (ടക്‌ ടക്‌ ടക്‌ എന്ന് ഓടുന്നതിന്റെ മലയാള ഓട്ടം.)

സുവിന്റെ ഹാസ്യം കൊള്ളാം

-സുല്‍

Sun Oct 07, 11:08:00 am IST  
Blogger Saha said...

സൂ! രേഖ തപ്പിവന്നവരെ ഒരു ചായപോലും കൊടുക്കാതെ മടക്കിയത് നന്നായില്ല.
പിന്നെ, പത്രത്തെയും വാരികയെയും കൊണ്ട് അപ്പി കോരിക്കണമായിരുന്നോ? ;) (സീസറിനെയും ദൈവത്തെയും രണ്ടായിക്കാണുന്നതല്ലേ അതിന്‍‌റെ ഒരു ഭംഗി? :) )
ജോലി ചെയ്യിക്കുന്നത് ജോലിചെയ്യലല്ല, എന്നൊരു വ്യംഗ്യം ഇടയ്ക്കു കണ്ടു. അതൊരു നല്ല സമീപനമാണോ? :)
വായിച്ചുവന്നപ്പോള്‍ ഇന്‍‌റലിജെന്‍സിനെ പ്രതീക്ഷിച്ചു വാതിലുതുറന്ന സൂവിന്‍‌റെ ഗതി തന്നെ വായിച്ച എനിക്കും.
എന്തൊക്കെയായാലും ആകെ ഒരു ആനച്ചന്തമുണ്ട് കഥയിലെ കഥയില്ലായ്മയില്‍പ്പോലും!

Sun Oct 07, 12:36:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉദ്ദേശം മനസ്സിലായി. വീട് മൊത്തം അലങ്കോലമായിക്കിടക്കുന്നതിനു ഒരു കാരണം കണ്ട് പിടിച്ചതാ അല്ലേ? :)

Sun Oct 07, 01:05:00 pm IST  
Blogger സു | Su said...

മൂര്‍ത്തീ :) പുഞ്ചിരിയ്ക്ക് നന്ദി.

സുല്‍ :) നന്ദി.

സഹ :) നര്‍മ്മം, നര്‍മ്മം പോലെ വായിക്കുന്നതല്ലേ നല്ല സമീപനം? പത്രവും വാരികയും ബ്ലോഗും തമ്മിലുള്ള വ്യത്യാസം, ഈ പോസ്റ്റിലായതുകൊണ്ട് അങ്ങനെ വച്ചു. വേറെ തരത്തില്‍ എഴുതിയാല്‍, നര്‍മ്മപ്പോസ്റ്റിന്റെ ഗുണം പോവില്ലേ? ജോലി ചെയ്യിക്കുന്നത് ജോലിയല്ല എന്ന് പറഞ്ഞില്ലല്ലോ. ജോലി, തനിക്കും, മറ്റുള്ളവരെപ്പോലെ ചെയ്യാനുണ്ടാവുമ്പോള്‍, ജോലി ചെയ്യിപ്പിച്ച് മാത്രം ഇരിക്കുന്നത് നല്ലതല്ല എന്നല്ലേ അര്‍ത്ഥം? നന്ദി.

കുട്ടിച്ചാത്താ:) അതെയതെ. എത്ര വേഗം മനസ്സിലായി. ;)

Sun Oct 07, 01:21:00 pm IST  
Blogger Sethunath UN said...

:) കൊള്ളാം

Sun Oct 07, 01:30:00 pm IST  
Blogger കുഞ്ഞന്‍ said...

ആക്ഷേപ ഹാസ്യം കൊള്ളാം...:)

ചാത്തന്റെ കമന്റിനു ഒരു ചാക്ക് ശങ്കര്‍ സിമന്റ്..!

Sun Oct 07, 02:21:00 pm IST  
Blogger പ്രയാസി said...

ഇനി രേഖയുണ്ടെങ്കില്‍ തന്നെ സുവിന്റെ വീട്ടില്‍ അവര്‍ വരില്ല..
അമ്മാതിരി അലക്കല്ലെ അലക്കിയതു..:)

"എന്തെങ്കിലും ഒരു വ്യത്യസം പറയൂ, ബ്ലോഗും, പത്രം മാസിക എന്നിവയും തമ്മില്‍."

"പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല." ഇയാളോടൊന്നും ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.

ഇതു വായിച്ചാ ആരാ ചിരിക്കാത്തതു..

Sun Oct 07, 03:03:00 pm IST  
Blogger വേണു venu said...

പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല.
സൂ, ഹാഹാ...ആസ്വദിച്ചു ചിരിച്ചു.
ചോദ്യങ്ങളും ഉത്തരങ്ങളും സുന്ദര ഹാസ്യം.:)

Sun Oct 07, 03:07:00 pm IST  
Blogger സഹയാത്രികന്‍ said...

ഹ ഹ ഹ.. ചേച്ച്യേ ...
നല്ല സ്കോറിങ്ങ് ആണല്ലോ...! രസായിട്ട്ണ്ട്...

:)

Sun Oct 07, 03:25:00 pm IST  
Blogger കരീം മാഷ്‌ said...

സൂപ്പര്‍ തമാശ!
അലക്കിപ്പൊളിച്ചു.

Sun Oct 07, 06:02:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...
തകര്‍‌പ്പന്‍‌...! ചിരിച്ചു പോയി.

“പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല.”

ഹിഹി... നല്ല വ്യത്യാസം തന്നെ... അല്ല, ശരിയാണേയ്.
:)

Sun Oct 07, 06:33:00 pm IST  
Blogger Haree said...

ട്‌ണിം ട്‌ണിം...
ഹ, ഒന്നു നിന്നേന്ന്... ഒരു കാര്യം ചോദിക്കട്ടേ... തക തക തക...
ഓടിയണച്ച് അടുത്തെത്തിയപ്പോഴേക്കും, അടിക്കുവാനുള്ള ചിരവ കൈക്കലാക്കി കഴിഞ്ഞിരുന്നു. താഴോട്ടു നോക്കി അണച്ചു കൊണ്ടു ഞാന്‍ ചോദിച്ചു, “എന്താ, ഇതെഴുതുവാനുള്ള പ്രചോദനം?”

:P
--

Sun Oct 07, 06:33:00 pm IST  
Blogger ഗുപ്തന്‍ said...

'പത്രവും, മാസികയുമെടുത്ത് അപ്പി കോരാം. ബ്ലോഗ് കൊണ്ട് ‍ പറ്റില്ല."

hahaha..!!!

സുവിനു നര്‍മം നന്നായി വഴങ്ങും. സ്വപ്നത്തിലെങ്കിലും ;) ഞാന്‍ ഓടി

Sun Oct 07, 06:57:00 pm IST  
Blogger സു | Su said...

നിഷ്കളങ്കന്‍ :)

കുഞ്ഞന്‍ :) ഉം...നടക്കട്ടെ, നടക്കട്ടെ.

പ്രയാസി :)

വേണു ജി :)

സഹയാത്രികന്‍ :)

കരീം മാഷേ :)

ശ്രീ :)

ഹരീ :) ചിരവ. ഉം. അതെടുക്കുന്ന കാര്യം ആലോചിക്കാം. ;) ഒരു പ്രചോദനവും ഇല്ല. ഇങ്ങനെ എഴുതണം എന്നു തോന്നി. എഴുതി ബ്ലോഗിലിട്ടു.

മനൂ :)


എന്റെ ബ്ലോഗ് വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊക്കെ നന്ദിയുണ്ട്.

Sun Oct 07, 07:56:00 pm IST  
Blogger Umesh::ഉമേഷ് said...

ഹഹഹ... പഴയ ചിരിപ്പിക്കുന്ന സൂ തിരിച്ചുവന്നല്ലോ :)

ബ്ലോഗും പത്രമാസികകളും തമ്മിലുള്ള വ്യത്യാസം കൊള്ളാം :)

Sun Oct 07, 08:16:00 pm IST  
Blogger Mr. K# said...

തക തക തക :-)

Sun Oct 07, 09:22:00 pm IST  
Blogger Raji Chandrasekhar said...

su,
ലളിതം
പലപ്രാവശ്യം കേട്ടിട്ടുള്ളതാണെങ്കിലും ചിലര്‍ പറയുമ്പോള്‍
അത് വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും.
ഓരോ വാക്കിലേയും നര്‍മ്മം ആസ്വദിച്ചു, തനിയെ ചിരിച്ചു, വീട്ടുകാരോട് പറഞ്ഞു വീണ്ടും ...
വ്യത്യാസം അങ്ങനെയല്ലാതെ പറയാനാകുമായിരുന്നല്ലൊ താങ്കള്‍ക്ക്.

Mon Oct 08, 01:18:00 am IST  
Blogger മെലോഡിയസ് said...

സൂ ചേച്ചി, നല്ല നര്‍മ്മം. നന്നായിട്ടുണ്ട്.

Mon Oct 08, 04:49:00 am IST  
Blogger ദീപു : sandeep said...

വായിച്ചു തുടങ്ങിയപ്പോള്‍ തങ്കത്തെ തിരഞ്ഞുപോകുന്ന പോലീസിനെ ഓര്‍മ്മ വന്നു (മോഹന്‍ ലാല്‍ പടത്തിലെ).

എന്താണ് പെട്ടെന്നിങ്ങനെയൊരു ചേഞ്ച്‌ :)

Mon Oct 08, 12:01:00 pm IST  
Blogger ഹരിശ്രീ said...

ചേച്ചീ,

നല്ല ഫലിതം, തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

Mon Oct 08, 12:43:00 pm IST  
Blogger ദൈവം said...

ചിലര്‍ക്ക് ഒരുപണീം‌ല്ല്യാണ്ടായാലും വല്ല്യ ബുദ്ധിമുട്ടാണേ :)
രസികത്തി തന്നെ, ട്ടോ

Mon Oct 08, 01:12:00 pm IST  
Blogger ചേച്ചിയമ്മ said...

:-)

Mon Oct 08, 02:32:00 pm IST  
Blogger മുസാഫിര്‍ said...

വായീച്ച് ഇതു വന്നപ്പോള്‍ അറിയാതെ ചിരിച്ച്‌പോ‍യി.
തക തക തക (ടക്‌ ടക്‌ ടക്‌ എന്ന് ഓടുന്നതിന്റെ മലയാള ഓട്ടം.)

വിശദീകരണം നന്നായീ അല്ലെങ്കില്‍ ടക്ക് ടകിന്റെ സ്ത്രീലിംഗമാണ് തക തക എന്നു കരുതിയേനെ.

Mon Oct 08, 04:17:00 pm IST  
Blogger ചീര I Cheera said...

സൂ.......
ഇത് കലക്കി ട്ടൊ.. :)

Mon Oct 08, 05:37:00 pm IST  
Blogger സു | Su said...

ഉമേഷ് ജി :)

കുതിരവട്ടന്‍ :)

രജി മാഷേ :) അതു പറഞ്ഞാല്‍ നര്‍മ്മം പോവില്ലേ?

മെലോഡിയസ് :)

ദീപൂ :) ഒരു ചെയ്ഞ്ചൊക്കെ വേണ്ടേ. നര്‍മ്മം പോയോന്ന് പരിശോധിച്ചതാ.

ഹരിശ്രീ :) പ്രതീക്ഷിക്കൂ.

ദൈവം :) അയ്യോ, ദൈവത്തിന് ഒരു ജോലീം ഇല്ലാണ്ടായോ? ;) എന്നാല്‍ എന്റെ ബ്ലോഗ് വായിക്കൂ. ;)

ചേച്ചിയമ്മേ :) കുറേ നാളായല്ലോ കണിട്ട്.

മുസാഫിര്‍ :)

പി. ആര്‍ :)

എല്ലാവര്‍ക്കും നന്ദി.

Mon Oct 08, 06:13:00 pm IST  
Blogger നാടന്‍ said...

കലക്കി !! ഓഫീസില്‍ ഇരുന്ന് ചിരിച്ചുപോയി. ഭാഗ്യം ആരും കണ്ടില്ല !

Wed Oct 10, 11:41:00 am IST  
Blogger ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

വായിക്കാന്‍ മടിയുള്ള എനിക്കുപോലും രസിച്ചൂ... ഒരു സിമ്പ്ളന്‍ കഥ!!

Wed Oct 10, 05:17:00 pm IST  
Blogger സു | Su said...

നാടന്‍ :)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍ :) സ്വാഗതം. ഇവിടെ വേറൊരു കുട്ടിച്ചാത്തന്‍ ഉണ്ടല്ലോ.

Wed Oct 10, 06:04:00 pm IST  
Blogger Santhosh said...

സു, നന്നായി ചിരിപ്പിച്ചു:)

Thu Oct 11, 12:54:00 am IST  
Blogger സു | Su said...

സന്തോഷ് ജീ :) നന്ദി.

Thu Oct 11, 10:05:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home