മൈസൂർ യാത്ര
മൈസൂർ, കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ്. (ഞാൻ പറഞ്ഞിട്ടു വേണമല്ലോ നിങ്ങൾ അറിയാൻ). കേരളത്തിൽനിന്ന് പോകുമ്പോൾ ഇഷ്ടം പോലെ ബസ്സുകളുണ്ട്. സ്വന്തം വാഹനത്തിലും പോകാം. അതിലും നല്ലത്, അവിടെയൊക്കെ കറങ്ങിക്കാണാൻ, അവിടെപ്പോയി ടാക്സി വിളിക്കുന്നതാവും കൂടുതൽ സൗകര്യം. മൈസൂർ പാലസും, ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസും, ഒക്കെ അടുത്തടുത്താണ്. രണ്ട് മൂന്ന് കിലോമീറ്ററിനുള്ളിൽ. ദൂരെ പോകാനുള്ളത് ചാമുണ്ഡി ഹിൽസിലേക്കാണ്. അതിനു താഴെ മഹിഷാസുരന്റെ പ്രതിമയുണ്ട്. കുറച്ച് അടുത്തായി തിരിച്ചു മൈസൂരിലേക്കു വരുന്ന വഴി നന്ദിയും ഉണ്ട്. പിന്നെ വൃന്ദാവൻ. സിറ്റിയ്ക്കുള്ളിൽത്തന്നെ ജഗന്മോഹൻ പാലസും കാണാം. അവിടെ ആർട്ട് ഗാലറിയാണ്. ഫോട്ടോയെടുക്കാൻ അനുവാദമില്ല. മൈസൂർ പാലസിനുള്ളിലും ഫോട്ടോയെടുക്കാൻ അനുവാദമില്ല.
ഞങ്ങൾ രാവിലെ കുളിച്ചുപുറപ്പെട്ട് ചായ കുടിച്ച് ടാക്സിയിൽ ചാമുണ്ഡിഹിത്സിലേക്കു പോയി. അവിടെയാണ് ചാമുണ്ഡേശ്വരി അഥവാ മഹിഷാസുരമർദ്ദിനിയുടെ അമ്പലം.
ഒരു ഒമ്പതുമണിയായിക്കാണും. ഒഴിവുദിവസം അല്ലായിരുന്നതുകൊണ്ട് അത്ര തിരക്കില്ല. എന്നാലും ആളില്ലെന്നൊന്നും വിചാരിക്കരുത്. താഴെയുള്ള ചിത്രം അതിന്റെ ഒരു വശത്തുനിന്നാണ്.
അവിടെയെത്തിയാൽ, മാലയും പൂക്കളും പ്രതിമകളും ഒക്കെക്കൊണ്ട് പുറകേ നടക്കുന്നകച്ചവടക്കാർ ഉണ്ട്. വെറുതേ നീട്ടുന്നതുകണ്ട് അതൊക്കെ നിങ്ങളെ സ്വീകരിക്കാനാണെന്ന മട്ടിൽ ചാടിപ്പിടിച്ച് സ്വന്തമാക്കരുത്. ഒക്കെ ചോദിച്ചും കണ്ടും വാങ്ങിയാൽ നിങ്ങൾക്ക് നല്ലത്. ഓട്ടോ അല്ലെങ്കിൽ ടാക്സിയിൽ ഒക്കെ കയറുന്നതിനുമുമ്പും, സാധനങ്ങൾ വാങ്ങുന്നതിനുമുമ്പും ചാർജിലും വിലയിലും ആദ്യം തന്നെ ഒരു ധാരണയിൽ എത്തുക.
ഇവിടെയൊക്കെയുള്ള കച്ചവടക്കാർ പറയുന്നതിന്റെ നേരെ പകുതിയേ വില പറയാവൂ. ഞാൻ പറഞ്ഞുതന്നതാണെന്ന് ഇനി അവിടെപ്പോയിപ്പറയേണ്ട.
അമ്പലത്തിൽ തൊഴുതുകഴിഞ്ഞപ്പോൾ ഞങ്ങൾ മഹിഷാസുരനെ വന്ദിച്ചു. മൂപ്പരവിടെ വാളും കൊണ്ടു നിൽക്കുമ്പോൾ കണ്ടില്ലെന്ന് പറഞ്ഞ് വരാനൊന്നും പറ്റില്ല.
പിന്നെയും വാഹനത്തിൽ കയറി നന്ദി പ്രതിമ ഉള്ളിടത്തേക്ക്. അവിടെയൊക്കെ ഒന്ന് നോക്കിവന്ന് വീണ്ടും വണ്ടിയിൽ കുന്നിന്മുകളിൽനിന്ന് താഴോട്ട്. വരുന്ന വഴിക്ക് ഒന്ന് എത്തിനോക്കിയാൽ മൈസൂർ നഗരത്തിന്റെ തീപ്പെട്ടിക്കാഴ്ചകൾ കാണാം.
പിന്നെ ഞങ്ങൾ പോയത് ജഗ്മോഹൻ പാലസിലേക്കാണ്. അകത്തേക്ക് കയറാൻ പൈസ വേണം. വല്യ ആൾക്ക് 20 രൂപ. കുട്ടികൾക്ക് 10 രൂ. അവിടെ ആർട്ട്ഗാലറി ഉണ്ട്. രവിവർമ്മച്ചിത്രങ്ങൾ കുറേയുണ്ട്. രവിവർമ്മ നമ്മുടെ നാട്ടുകാരനല്ലേന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ചിത്രങ്ങളൊക്കെ അവരുടെ അടുത്തെത്തി. പോസ്റ്റ് കാർഡ് ചിത്രങ്ങൾ വാങ്ങാനും കിട്ടും. ഒരുപാട് ചിത്രങ്ങൾ അവിടെയുണ്ട്. അവിടെ നല്ലൊരു ഫ്രഞ്ച് ക്ലോക്ക് ഉണ്ട്. മണിക്കൂറു കൂടുമ്പോൾ, അതിൽ സംഗീതം വരും. അപ്പോൾ അതിനുള്ളിലെ പട്ടാളക്കാരുടെ പ്രതിമകൾ മാർച്ച് ചെയ്യും. സമയം ഉണ്ടെങ്കിൽ അതും നോക്കിയിരിക്കാം. പാലസിനുള്ളിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ല. അവിടെ ക്ലോക്കിലെ മാർച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശന്നു.
എന്നാലും അതുകഴിഞ്ഞ് ഫിലോമിനപ്പള്ളിയിലേക്കു വിട്ടു. അവിടെ കയറിയിറങ്ങി. എവിടെയെങ്കിലും ഹോട്ടലിൽ ഒന്ന് കയറിക്കിട്ടിയാൽ രക്ഷപ്പെട്ടു. ഊണിന്റെ സമയം ആണെങ്കിൽ തിരക്കുതന്നെ. അതുകൊണ്ട് കുറച്ച് നേരത്തെ ഊണുകഴിക്കാനെന്ന മട്ടിൽ ആദ്യം പോയി കഴിച്ചിറങ്ങുന്നതാവും സൗകര്യം. അങ്ങനെ തിരക്കുവരുന്നതിനുമുമ്പ് ഒരിടത്തുകയറി.
ഊണുകഴിഞ്ഞപ്പോൾ പതിവുപോലെ ഉറങ്ങണമെന്നൊക്കെ എനിക്കു തോന്നിയെങ്കിലും സ്വന്തം വീട്ടിൽ അല്ലാത്തതുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി. ശ്രീരംഗപട്ടണത്തിലേക്ക്. അവിടേക്ക് 13 കിലോമീറ്റർ ഉണ്ട്. ആദ്യം രംഗനാഥസ്വാമിക്ഷേത്രം ഉണ്ട്. ഉച്ചയ്ക്ക് എന്നെപ്പോലെത്തന്നെ ഉറങ്ങുന്ന സ്വഭാവം ആ സ്വാമിക്കും ഉള്ളതുകൊണ്ട് വാതിലൊക്കെ ഭദ്രമായി അടച്ചിരുന്നു. പിന്നെക്കാണാം എന്നും പറഞ്ഞ് പോന്നു. അതിനടുത്തു തന്നെ ടിപ്പുവിന്റെ ജയിൽ ഉണ്ട്. ജയിൽ എന്നൊക്കെ പേരേയുള്ളൂ. അതുകഴിഞ്ഞ് പോയാൽ സമ്മർ പാലസ് ഉണ്ട്. പാലസ് എന്നൊന്നും അതിനും പറയാനില്ല. അവിടെ കുറച്ച് ചിത്രങ്ങളും കുറച്ച് ആയുധങ്ങളും ഒക്കെ വെച്ചിട്ടുണ്ട്. അതും കണ്ടിറങ്ങി. ടിപ്പു മരിച്ചുവീണ സ്ഥലം ഉണ്ട്. അതു റോഡിൽ നിന്ന് വാഹനത്തിൽ നിന്നു നോക്കാൻ ഉള്ളതേയുള്ളൂ. പിന്നെ, ഇരുവശവും കോട്ടയാണെന്നൊക്കെ ഡ്രൈവർ പറഞ്ഞു. എന്തു കോട്ട! അയാളു പാവം, കണ്ണൂർ കോട്ടയോ തലശ്ശേരി കോട്ടയോ കണ്ടിട്ടുണ്ടാവില്ല എന്നോർത്ത് ഞാനങ്ങു ക്ഷമിച്ചു. ക്ഷമിച്ചില്ലെങ്കിൽ നമ്മുടെ തടിക്ക് കോട്ടം തട്ടും. വഴിയിൽ ഇറക്കിവിട്ടാൽ നടന്നുപോവാൻ വഴി നമുക്കറിയില്ലല്ലോ.
വാട്ടർ പാർക്കിലൊന്നും പോയാൽ വേഗം പുറത്തിറങ്ങാൻ പറ്റില്ലെന്നുള്ളതുകൊണ്ട് അതൊന്നും വേണ്ടെന്നുവെച്ചു. പോകുന്നവഴിക്ക്, ഒരു അമ്പലം ഉണ്ട്.(പേരെനിക്ക് സംശയം). അവിടെ അരുവി പോലെ ഉണ്ട്. പാർക്ക് ഇല്ല. വാട്ടർ മാത്രേ ഉള്ളൂ. വണ്ടി പാർക്ക് ചെയ്തു. കുട്ടികൾക്കും വലിയവർക്കും ഒക്കെ ഇറങ്ങാം വേണമെങ്കിൽ. ഞങ്ങൾ വെള്ളത്തിൽ ഇറങ്ങിയില്ല. ഇനി പോകുമ്പോൾ ഇറങ്ങാമെന്ന് ഞാൻ വെച്ചു. അവിടേയും കുറേ കടകളൊക്കെയുണ്ട്. വെറുതേ ഓരോന്ന് വാങ്ങിക്കൊണ്ടുവരേണ്ടെന്ന് കരുതി ഒന്നും വാങ്ങിയില്ല. ഇടയ്ക്കിടയ്ക്ക് വാങ്ങിയത്, വെള്ളവും സോഫ്റ്റ് ഡ്രിങ്ക്സും മാത്രം. വേനൽക്കാലത്ത് അതില്ലാതെ പറ്റില്ല.
അതുകഴിഞ്ഞ് (Ranganthittu Bird Sanctuary)രംഗനതിട്ടു പക്ഷിസങ്കേതത്തിലേക്ക് വിട്ടു. മൈസൂർ നഗരത്തിൽനിന്ന് നേരിട്ടുവന്നാൽ 19 കിലോമീറ്റർ ഉണ്ടാവും.
കുറച്ച് കാക്കേം മൈനേം കോഴീം, ബസ്സിലെ കിളീം. ഇത്രയൊക്കെയായാൽ ഞങ്ങളുടെ കിളിനിരീക്ഷണം കഴിഞ്ഞു.
അതുകൊണ്ട് പലതരം പക്ഷികളെ കാണാതെ പോരാൻ തോന്നില്ല. അവിടെ വെള്ളത്തിലൂടെ ബോട്ടിൽ കൊണ്ടുപോയി ചുറ്റി, പക്ഷികളെ കാണിച്ചുതരും.
വിദേശികളും സ്വദേശികളുമായ പക്ഷികൾ. കുറേയെണ്ണം വെള്ളത്തിൽ പാറമേലും, അരുവിക്കു ചുറ്റുമുള്ള മരത്തിലും ഉണ്ട്. വവ്വാലുകൾ കുറേയെണ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
അവിടുന്നു വന്നതാ, ഇവിടുന്നു വന്നതാ എന്നൊക്കെ ബോട്ട് തുഴയുന്ന ആൾ പറഞ്ഞുതരും. അയാൾ ബോട്ട് തുഴയാൻ തുടങ്ങിയപ്പോൾ, അയാളെ സഹായിച്ചേക്കാംന്നു കരുതി, ഞാൻ കൈ വെള്ളത്തിലിട്ട് തുഴയാൻ തുടങ്ങി. അപ്പോ അയാൾ പറഞ്ഞു, മുതലയുണ്ട് വെള്ളത്തിൽ. കൈയും തലയും വെള്ളത്തിലിടരുതെന്ന്. പേടിച്ചുപോയി. അതുകൊണ്ട് നാവ് വരെ പിന്നെ എടുത്തില്ല. മുതല പിടിച്ചൂ, മലയാളം ബ്ലോഗർ ചത്തൂ എന്നൊക്കെപ്പറഞ്ഞാൽ മുതലയ്ക്ക് നാണക്കേടല്ലേ. പിന്നെ, ബോട്ട് പക്ഷികളുടെ അടുത്തുവരെ പോകില്ല. പാറയുണ്ട്. പിന്നെ നമ്മളൊക്കെ ചെന്ന് ഹലോ പറയുന്നതൊന്നും അവയ്ക്ക് ഇഷ്ടമാവും എന്നും തോന്നുന്നില്ല. നല്ല പക്ഷികൾ. ക്യാമറയിൽ കിട്ടിയതൊക്കെ പിടിച്ചു. ബോട്ട് ഒരു വട്ടം കറങ്ങിവന്ന്, കയറിയിടത്ത് ഇറക്കും.
ആദ്യം വിചാരിച്ചു, എല്ലാവരും ബോട്ടിൽ നിന്ന് അനങ്ങി എണീറ്റും ഇരുന്നും കളിക്കാതിരിക്കാനാവും അയാൾ മുതലയുണ്ടെന്ന് പറഞ്ഞതെന്ന്. പിന്നെ കുറേയെണ്ണത്തിനെ കണ്ടപ്പോഴാണ് ബോദ്ധ്യം വന്നത്. ബോട്ടിനു പിന്നാലെ ഒന്നു വന്നുനോക്കി.
അവിടെനിന്ന് പിന്നെയും യാത്ര. വൃന്ദാവനത്തിലേക്ക്. മൈസൂർ നഗരത്തിൽനിന്നു 28 കിലോമീറ്റർ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. അവിടെ രാധയും കണ്ണനുമൊന്നുമില്ല. നമ്മളു തന്നെ. പിന്നെയുള്ളത് കുറേ ഫൗണ്ടൻ മാത്രം.
തോട്ടവും, കൃഷ്ണരാജസാഗർ ഡാമും. കാവേരിനദിയാണ് അവിടെ. കുറേയുണ്ട് കാഴ്ചകൾ കാണാൻ.
അവിടെ ക്യാമറയ്ക്ക് വിലക്കൊന്നുമില്ല. എന്നാലും വീഡിയോ ക്യാമറയ്ക്കും സ്റ്റിൽ ക്യാമറയ്ക്കും ഒക്കെ വേറെ വേറെ തുക കൊടുക്കണം. വൃന്ദാവനത്തിൽ ചുറ്റി നടന്ന് സമയം അധികം കളയാതെ, പെട്ടെന്ന് തന്നെ, മ്യൂസിക്കൽ ഫൗണ്ടൻ ഉള്ളിടത്തേക്കുവന്നു. ഇരുട്ടാവുന്നതിനുമുമ്പ് ഗ്യാലറിയിൽ സ്ഥലം പിടിച്ചാൽ രക്ഷപ്പെട്ടു. ഞങ്ങൾ ആദ്യം പോയതുകൊണ്ട് തിരക്കില്ലാതെ മുകളിൽത്തന്നെ ഇരിക്കാൻ പറ്റി. നാലോ അഞ്ചോ പാട്ട്. അതിനനുസരിച്ച് ഫൗണ്ടനിലൂടെ വെള്ളം ഡാൻസ് കളിക്കും. പല നിറത്തിൽ. നല്ലൊരു കാഴ്ചയാണ് അത്.
അവിടെനിന്ന് ഞങ്ങൾ താമസിക്കുന്നതിനടുത്തുനിന്ന് ഭക്ഷണം കഴിച്ചു. റൂമിൽ വന്നു. ഫ്രഷായി. പിന്നെ ഗുഡ്നൈറ്റ്.
പിറ്റേദിവസം രാവിലെ ആയി. വീട്ടിലല്ലെന്ന് ഓർമ്മ വന്നപ്പോ സന്തോഷമായി. എണീറ്റ് കാപ്പിവെക്കേണ്ടല്ലോ. തലേദിവസത്തെ അലച്ചിലിന്റെ ക്ഷീണം ഉണ്ട്. എന്നിട്ടും എണീറ്റ് കുളിച്ചു ജപിച്ചൊരുങ്ങി, ഭക്ഷണം കഴിക്കാൻ പോയി. കഴിച്ചിറങ്ങി, ഓട്ടോ വിളിച്ചു. സൂവിലേക്കും പാലസിലേക്കും ഒക്കെ പോകാൻ ഓട്ടോ മതി. ചാർജ് ആദ്യമേ ചോദിച്ചുവയ്ക്കണംന്ന് മാത്രം. സൂവിനു മുന്നിലെത്തി. സൂ, സൂ എത്തി എന്ന് ചേട്ടൻ. ഇറങ്ങിയപ്പോഴേക്കും ഒരു കൂളിംഗ്ഗ്ലാസ്സുവില്പനക്കാരൻ വന്നു വാങ്ങാൻ നിർബന്ധിച്ചു. അയാൾ പറഞ്ഞതിന്റെ പകുതി ഞാനും പറഞ്ഞു. കുട്ടികൾക്ക് വാങ്ങി. വല്യവരേയും അയാളൊന്ന് നിർബന്ധിച്ചു വാങ്ങാൻ. പക്ഷേ ഞങ്ങൾക്ക് കണ്ണടയിട്ടാൽ ഗ്ലാമർ പോകുമെന്നു പറഞ്ഞ് വാങ്ങാതെ തടിതപ്പി. ഉള്ളതല്ലേ പോകൂ എന്ന് അയാൾ മനസ്സിൽ വിചാരിച്ചുകാണും. ചാമരാജേന്ദ്ര സൂവോളോജിക്കൽ ഗാർഡൻ എന്നാണ് ആ സൂവിന്റെ പേര്. പ്ലാസ്റ്റിക്കുവസ്തുക്കളൊന്നും കടത്തില്ല. ബാഗൊക്കെ ചെക്കു ചെയ്യും. ഭക്ഷണവസ്തുക്കൾ ഒന്നും കൊണ്ടുപോകരുതെന്നൊക്കെയുണ്ട്. ക്യാമറയും ഒക്കെ നോക്കും. ചാർജും ഉണ്ട് അകത്തേക്ക് കടക്കാൻ. നമുക്ക് തനിയേ ചുറ്റിക്കാണണമെങ്കിൽ അങ്ങനെ ആവാം. അതു പറ്റില്ലെങ്കിൽ അവിടെ വണ്ടികളുണ്ട്. അതിനു വേറെ പൈസ കൊടുക്കണം. പിന്നെ അടുത്തുനിന്നു കാണണമെങ്കിൽ അതിൽനിന്നു ഇറങ്ങിക്കാണുകയും വേണം. നടക്കുന്നതു തന്നെ നല്ലത്. ഒരുപാട് പക്ഷിമൃഗാദികൾ ഉണ്ട്. ജിറാഫ്, കണ്ടാമൃഗം, മയിൽ, പല തരം പക്ഷികൾ, പാമ്പുകൾ, കുറച്ചു മുതലകൾ, ആന, സിംഹം, പുലി, കുരങ്ങ്, ആന, പന്നി, കുറുക്കൻ....അങ്ങനെയങ്ങനെ പോകും. അവയിൽ ചിലത് താഴെ.
ഇന്നു നല്ല വെയിലുണ്ട്. ചൂടായിരിക്കും. കുളിച്ചേക്കാം.
കണ്ണീരൊഴുക്കാൻ മാത്രമല്ല, ചിരിക്കാനും എനിക്കറിയാം.
പീലി വിരിച്ചാൽ ഇങ്ങനെയിരിക്കും. ഇഷ്ടമായോ?
ഈ പോസിൽ ഫോട്ടോ പരമാവധി നന്നാവണം. അല്ലെങ്കിൽ..
ഇതാണ് പച്ചവെള്ളം എന്നു മനുഷ്യരു പറയുന്നത്.
ഭൂമിക്കടിയിൽ എന്തായിരിക്കും!
അങ്ങനെ കൂട്ടുകാരെ ഒക്കെകണ്ട് പുറത്തിറങ്ങിയപ്പോൾ രാവിലെ കഴിച്ചതൊക്കെ ദഹിച്ചു. പിന്നെ പഴങ്ങൾ വാങ്ങിക്കഴിച്ചു.
പിന്നെ ഊണുകഴിക്കാൻ എന്നും പറഞ്ഞ് ഒരിടത്തു കയറി. അവിടെ ഊണിനു ഒരുമണിക്കൂർ കൂടെ കഴിയണമായിരുന്നു. ജ്യൂസ് കുടിച്ചു. ഇറങ്ങി. പിന്നെ കുറച്ച് അങ്ങോട്ടുമിങ്ങോട്ടും റോഡിന്റെ നീളം അളന്നു. വെയിലൊക്കെ തലയിലാക്കി. പിന്നെ വേറൊരു ഹോട്ടലിൽ കയറി ഊണു കഴിച്ചു.
അതുകഴിഞ്ഞ് പ്രസിദ്ധമായ മൈസൂർ പാലസ്സിലേക്ക്. ദസറ ഉത്സവം ഒക്കെ അവിടെയാണ്. അവിടേയും കടക്കാൻ പൈസ കൊടുക്കണം. മെയിൻ ഗേറ്റിനുള്ളിൽ ക്യാമറ കൊണ്ടുപോകാം.
പൊരിവെയിൽ ആയതുകൊണ്ട് കൂടുതൽ ചിത്രമെടുത്ത് സമയം കളഞ്ഞില്ല.
കൊട്ടാരത്തിന്റെ അകത്തേക്ക് ക്യാമറ കൊണ്ടുപോകാൻ പറ്റില്ലെന്ന് മാത്രമല്ല, മോബൈൽ ഫോണും ഓൺ ചെയ്യാൻ അനുവദിക്കില്ല. കൊട്ടാരത്തിൽ കടക്കുന്നതിനുമുമ്പ് ചെരുപ്പൊക്കെ അഴിച്ചുവയ്ക്കണം. അവിടെ ചെരുപ്പുസൂക്ഷിക്കുന്നിടം ഉണ്ട്. പൈസ കൊടുക്കണം. ബാഗും ചെക്ക് ചെയ്യും. അകത്തു കടന്ന് മൊബൈൽ ക്യാമറ കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടും. അങ്ങനെ ചെയ്ത ഒരാളെ അവിടുത്തെ സെക്യൂരിറ്റിക്കാർ പിടിച്ചു ചോദ്യം ചെയ്യുന്നതുകണ്ടു. അവിടെ ഉള്ളിൽത്തന്നെ വേറൊരു വശത്തായി, വേറൊരു പാലസും, അമ്പലവും ഒക്കെയുണ്ട്. ഒട്ടകസവാരിയും ആനസവാരിയും ഉണ്ട്. കുട്ടികൾ മാത്രം കയറി. എന്നെ കണ്ടാൽ ഒട്ടകം പേടിച്ചുപോവില്ലേ? ;)
അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും ക്ഷീണമായി. ഭക്ഷണം കഴിച്ചു. പിന്നെ കുറച്ച് ഷോപ്പിംഗ്. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും. മൈസൂർ സിൽക്കിനു പ്രസിദ്ധമാണെങ്കിലും ഞങ്ങൾ സാരിയൊന്നും വാങ്ങിയില്ല. ഇനിയും സ്ഥലങ്ങളൊക്കെയുണ്ടാവും. അതൊക്കെ കാണൽ പിന്നീടൊരിക്കലാവാമെന്നുവെച്ചു.
അങ്ങനെ ഒരു മൈസൂർ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള വാഹനത്തിലേക്ക്. നാട്ടിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കർണാടകയുടേതും കേരളത്തിന്റേതും.
Labels: യാത്ര
27 Comments:
രംഗനതിട്ടു വരെ വന്നിട്ട് ബെംഗളൂരു വരാതെ മുങ്ങിയാ [:)]? ഒരിത്തിരി ദെവസം മുന്പാരുന്നെങ്കിൽ ഞാനും വരാരുന്നു മൈസൂര്‍ക്ക്
നല്ല ഫോട്ടോസ്
കുറേനാള്‍ മുന്‍പ് മൂന്നുനാല് പ്രാവശ്യം പോയിട്ടുണ്ട്. അന്നത്തെ ഒരുപാട് ഓര്‍മ്മകള്‍ തികട്ടിവന്നു ഇത് വായിച്ചപ്പോള്‍. നന്ദി.
ഓര്‍മ്മ മങ്ങിയതുകൊണ്ട് ഒരു സംശയം. ടിപ്പു വെടികൊണ്ടുവീണു എന്ന് പറയുന്ന ഒരിടം ശ്രീരംഗപട്ടണത്ത് കണ്ടിട്ടുണ്ട്. അവിടെത്തന്നെയാണോ ടിപ്പുവിനെ അടക്കം ചെയ്തിരിക്കുന്നതും ? അതാണ് ഓര്‍മ്മയില്‍ ഇല്ലാത്തത്.
Nannaayirikkunnu.
കുഞ്ഞൻസ് :) തിരക്കുപിടിച്ചൊരു യാത്ര ആയിരുന്നു. അതുകൊണ്ട് വേറെ എവിടേം പോയില്ല.
കവിത :) നന്ദി.
നിരക്ഷരൻ :) രണ്ടും രണ്ടാണ്. വെടികൊണ്ടുവീണിടത്തല്ല അടക്കം ചെയ്തിരിക്കുന്നത്. അവിടെ കാണാനും ഒന്നുമില്ല. അടക്കം ചെയ്തിരിക്കുന്നിടത്ത് കാണാൻ വേണമെങ്കിൽ പോകാം. അവിടേയും ഞങ്ങൾ പോയില്ല. സമ്മർപാലസ് മാത്രം ഇറങ്ങി കണ്ടു.
തൈക്കാടൻ :)
സു ചേച്ചി..കഴിഞ്ഞ തവണ അമ്മച്ചി അച്ചാച്ചന് വന്നപ്പോള്‍ പോയിരുന്നു..ഈ ആഴ്ച ചിലപ്പോള്‍ ഒന്ന് കൂടെ പോകും, ചേച്ചിയും ചേട്ടനും കുട്ടികളും വരുന്നുണ്ട്..
എന്തേ ബാംഗ്ലൂര്‍ വരാതിരുന്നത്? നമ്മുക്കു ബനര്ഗട്ട പാര്‍ക്കില്‍ കൂടെ പോകാമായിരുന്നല്ലോ!
ചാത്തനേറ്: വൃന്ദാവനില്‍ രാധയും കൃഷ്ണനുമുണ്ട് ഒരു കൊച്ച് വെള്ളച്ചാട്ടത്തിന്റെ മുന്‍പിലായി. കണ്ടില്ലേ?
കൊള്ളാം കൊള്ളാം ...
അവിടെ നിന്നൊന്നും കൊണ്ടൂവന്നില്ലേ...ഒരു കറിവേപ്പില പോലും..?
മൈസൂര്‍ പാചകവിധികളൊക്കെ പോരട്ടേ..
hi in this iam planning to visit mysoor with my wife for 3 days i need some information about good accomodation hotel for travelling taxi etc from you can you give me your e mail or can you send an e mail to sajikt2006@yahoo.co.in or sajikt2006@gmail.com
hoping reply saji
in this august
മൈസൂരില്‍ രണ്ട് തവണയേ പോയിട്ടുള്ളൂ അതും മുഴുവന്‍ കറങ്ങാനൊത്തുമില്ല , പോസ്റ്റ് നന്നായി അടുത്ത തവണ ഒന്നൂടെ പോകണമെന്നുണ്ട് നോക്കട്ടെ.
പിന്നെ വിലയുടെ കാര്യം,തുകല്‍ കൊണ്ടുള്ള ഒരു പാവക്ക് കച്ചവടക്കരന് നൂറ്റി ഇരുപത് രൂപ പറഞ്ഞു , കസിന് പതിനഞ്ചുരൂപക്ക് തരുമോന്ന് ചോദിച്ചു , തെറി ഉറപ്പായതിനാല്‍ ഞാന്‍ മെല്ലെ നടന്നു പിന്നീട് ദൂരെനിന്നും നോക്കി , കച്ചവടക്കാരന് സാധനം എടുത്ത് കസിന് നേരെ നീട്ടുന്നു , പതിനഞ്ചിന് , വേണ്ടെന്ന് പറഞ്ഞപ്പോള്‍ തല്ലാനായി കച്ചവടക്കാരന് ഓടിവന്നു , അവസാനം പതിനഞ്ചിന് വാങ്ങേണ്ടിയും വന്നു തല്ലൊഴിവാക്കാന്‍ :)
ബാംഗ്ലൂര്‍ - മൈസൂര്‍ റൂട്ടില്‍ ചന്നപട്ടണം എന്ന് ഒരു സ്ഥലം ഉണ്ട്. മരപ്പാവകളുടെ ഒരു ആസ്ഥാനം ആണത്. അതും ഈ പറഞ്ഞ പോലെ 100 രൂപ ഒക്കെ പറഞ്ഞാലും 10 -15 രൂപയ്ക്കു അവസാനം സാധനം നമ്മുടെ കൈയില്‍ ഇരിക്കും. ഒഴിവാക്കാനായി, പലപ്പോഴും ഇങ്ങിനെ വില പറഞ്ഞു പെട്ട്പോയിട്ടുണ്ട്.
..രസകരമായ പോസ്റ്റ് മടുപ്പില്ലാതെ ആസ്വദിച്ചു വായിച്ചു...
ഒരു കഥ പോലെ മനോഹരമായി എഴുതിയതിന് അഭിനന്ദനങ്ങള്‍...
നിരക്ഷരന് ചേട്ടന് പറഞ്ഞ പോലെ മുന്‍പ് പോയതെല്ലാം ഓര്‍മ്മ വന്നു...
നമ്മുടെ രവി വര്‍മ്മ ചിത്രങ്ങളൊക്കെ അവര്‍ അടിച്ചു മാറ്റി കൊണ്ട് പോയതറിഞ്ഞു അന്ന് കുറെ വിഷമിച്ചിട്ടുണ്ട്.ഇപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു..ആ മാര്‍ച്ച് ചെയ്തു സംഗീതത്താല്‍ സമയം അറിയിക്കുന്ന ആ ക്ലോക്ക് വേറെ എവിടെ കാണാന്‍ കഴിയും?
അടിപൊളി പോസ്റ്റ്..ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു..ഒരുപാട്..പ്രത്യേകിച്ച് ആ വെള്ള മയിലിന്റെ ചിത്രം..
മേരിക്കുട്ടീ :) ഒഴിവുദിവസങ്ങൾ കൂടുതൽ ഇല്ലായിരുന്നു. ഇനി ബാംഗ്ളൂർക്ക് ഒരുദിവസം വരാം. അവിടെപ്പോയാൽ കടുവ പിടിക്കുമോ? ;)
കുട്ടിച്ചാത്തൻ :) ഓർമ്മ വന്നു. ഗാന്ധിയുടെ മുന്നിൽ. നോക്കിയപ്പോൾ ഫോട്ടോയിലുമുണ്ട്.
ചാർളീ :) കറിവേപ്പിലയ്ക്ക് വേണ്ടി പൈസയും മുടക്കി മൈസൂർക്ക് പോണോ? ഇവിടെയില്ലേ?
സജി :) ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളൊക്കെ കണ്ടാൽ നന്നായിരിക്കും. നാട്ടിൽ നിന്നു ടാക്സിയിൽ പോകുകയാണെങ്കിൽ അവർക്കറിയാമായിരിക്കും സ്ഥലങ്ങളും ഹോട്ടലുകളുമെല്ലാം. ഇനി ബസ്സിലോ ട്രെയിനിലോ പോയി ഇറങ്ങുകയാണെങ്കിൽ ഓട്ടോക്കാരോട് പറഞ്ഞാൽ മതി, നല്ലൊരു ഹോട്ടലിൽ എത്തിക്കാൻ. ഒരു ഹോട്ടലിൽ എത്തിയാൽ കയറി റൂമൊക്കെ കണ്ടിട്ട് തീരുമാനിച്ചാൽ മതിയല്ലോ, അവിടെ താമസിക്കണമോയെന്ന്. നിങ്ങൾക്ക് സൗകര്യം പോരെങ്കിൽ വേറെ ഹോട്ടലിൽ പോകാമല്ലോ. അതിനൊന്നും ഒരു വിഷമവും ഉണ്ടാവില്ല. പിന്നെ അവിടെ നിന്ന് ടാക്സി വേണമെങ്കിൽ താമസിക്കുന്ന ഹോട്ടലുകാർ ഏർപ്പാടാക്കിത്തരും. എവിടെയൊക്കെ കൊണ്ടുപോകുമെന്നും ഒരുദിവസത്തേക്ക് എത്ര ചാർജ് ആവുമെന്നും അവർ പറയും. ശുഭയാത്ര! (മെയിൽ അയയ്ക്കില്ല).
തറവാടി :) മൂന്നു ദിവസം മുഴുവൻ ഉണ്ടെങ്കിൽ ഒരുവിധം സ്ഥലങ്ങളൊക്കെ സൗകര്യത്തോടെ കാണാം.
കവിത :)
ഹൻല്ലാലത്ത് :)
സ്മിത :)
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്ന് പോയിരുന്നു. ഏതോ കോട്ടയൊക്കെ കണ്ട മങ്ങിയ ഓര്‍മ്മയുണ്ട്.
രസകരമായ വിവരണം. :-)
നൊസ്റ്റാള്ജിസ്തായിദ്ദേ!!!
ഞാനും എന്റെ ലോകവുമേ, സിറ്റിയില്‍ നിന്നൊരു മൂന്ന്-നാല് കി.മീ. ദൂരെ റോയല്‍ ഷാലെയ് എന്നൊരു ഹോട്ടലുണ്ട്.
http://www.royalchalletmysore.com/
ഞാന്‍ പോയാല്‍ അവിടെയാ തങ്ങാറ്. കൊള്ളാം, റീസണബ്ള് തുക, കംഫര്‍ട്ടബ്ള്‍ സ്റ്റേ. സിറ്റിയുടെ യാതൊരു അല്ലലുമില്ല, എന്നാ പെട്ടെന്നെത്താം താനും. ഒരു മെയില്‍ ഇട്ടാല്‍ ഡിസ്കൌണ്ട് കൂപ്പണ്‍ അയച്ചു തരാം. ബ്ലോഗ്ഗേര്‍സ്, ആര്‍ക്കു വേണമെങ്കിലും. willsnav at gmail.com
pappoos thanks ,hope u got my mail
ശ്ശെടാ... സൂവേച്ചിയും ഇവിടൊക്കെ കറങ്ങി വന്നൂല്ലേ...? :)
ഞാന്‍ മുന്‍പ് പോയിട്ടുള്ളതിനാല്‍ ഇത്തവണ എല്ലായിടത്തും പോയില്ല.
ബിന്ദൂ :)
പപ്പൂസ് :)
ശ്രീ :) ഞാൻ പണ്ടും പോയതാ. ഇത്തവണ കുട്ടികൾക്കുവേണ്ടിയൊരു യാത്ര.
സൂജീ,
ഇന്നലെ ഈ പോസ്റ്റ് വായിച്ചായിരുന്നു.
വളരെ നന്നായി എഴുതിയിരിക്കുന്നു! ഇടയ്ക്കിടക്കുള്ള ബ്ലോഗ് ഭാഷ അല്‍പ്പം കുറച്ച് അല്‍പ്പം കൂടി സീരിയസ്സ് ആയി
എഴുതിയിരുന്നെങ്കില്‍ നല്ല ഒരു യാത്രാവിവരണമാകുമായിരൂന്നു എന്നു തോന്നി.
എന്നിട്ട് വല്ല മാഗസീനിലും ഒക്കെ അയച്ചൂടെ?(വഴക്കുപറയല്ലെ,ബ്ലോഗില്‍ മതിയെങ്കില്‍ മതി)
നല്ല ഫോട്ടോകളും വിവരണങ്ങളും ഒക്കെ.
എനിക്ക് യാത്രാവിവരണത്തെപ്പറ്റിയൊന്നും നല്ല അറിവില്ല, എങ്കിലും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നപോലെ എഴുതിയിരുന്നു.
നന്ദി!
ആത്മേച്ചീ, ബ്ലോഗിലെഴുതിയാല്പ്പോരേ? നന്നായെന്നു പറഞ്ഞുകേട്ടതിൽ സന്തോഷം. :)
ഓ, യാത്രയിലാരുന്നൂലേ.
മൈസൂര്‍ക്ക് കുട്ടിക്കാലത്ത് പോയിട്ടുണ്ട്. നട്ടിലുള്ളോരൊക്കെ ഇപ്രാവശ്യം പോയിരുന്നു. നമ്മളീ ജൂലായ്, ആഗസ്റ്റില്‍ നാട്ടിലെത്തുമ്പോള്‍ ആകെ മഴയും, സ്കൂളും, തിരക്കുമാവും. അതുകൊണ്ട് യാത്രയൊന്നും പലപ്പോഴും പറ്റാറില്ല.
ഫോട്ടോപോസ്റ്റ് നന്നായി ട്ടൊ.
പി. ആർ. :) നിങ്ങൾക്കും ഒന്നു പോയാലെന്താ? കുട്ടികളേയും കൂട്ടി രണ്ടാളും കൂടെ യാത്രയൊക്കെ നടത്തിവരൂ. നാട്ടിലുള്ളോരൊക്കെ സ്കൂളിലും ഓഫീസിലും പോകട്ടെ.
പൊരിവെയിലിന്റെ കാരണം പറഞ്ഞ് കൂടുതല്‍ പടങ്ങള്‍ ഇടുന്നത് ഒഴിവാക്കുകയാണല്ലെ...?
മൈസൂര്‍ മുഴുമനും(മുഴുവനും) കണ്ട പ്രതീതി....
Thanks for your comments about our hotel.
Sherif PK,
Royal Chalet, Mysore,
9611881919
Post a Comment
Subscribe to Post Comments [Atom]
<< Home