Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 13, 2007

മിഠായിത്തെരു

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരു

കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കോയിക്കോടന്‍ ഹല്‍‌വയാണോ ഓര്‍മ്മ വരുന്നത്? നല്ല കാര്യം. കോഴിക്കോടിന് പല പ്രത്യേകതകളും ഉണ്ട്. അതു മുഴുവനൊന്നും ഞാനിവിടെ എഴുതാന്‍ പോകുന്നില്ല. ഒക്കെ പോയി അനുഭവിച്ചറിയുന്നതാവും നിങ്ങള്‍ക്ക് നല്ലത്. കോഴിക്കോട്ടുകാരൊക്കെ നല്ല സൌഹൃദം കാട്ടുന്നവരാണ്. അവരുടെ സ്നേഹവും, സല്‍ക്കാരവും, സൌഹൃദവുമൊക്കെ നിങ്ങള്‍ അനുഭവിച്ചറിയണം.

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിനെപ്പറ്റി പറഞ്ഞാലോ? അവിടേം നിങ്ങള്‍ പോയിക്കാണണം. അവിടെയുള്ള കച്ചവടക്കാരൊക്കെ നിങ്ങളെ അവരുടെ കടയിലേക്ക് കയറാന്‍ സ്നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കും. വേണെങ്കില്‍ വന്ന്, വാങ്ങിപ്പോയ്ക്കോളീന്‍ എന്നൊരു മനോഭാവം അവര്‍ക്കില്ല. ബാഗ്, കുട, ചെരുപ്പ്, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ ഒക്കെ നിങ്ങള്‍ക്ക് കിട്ടും. ഒന്നും വേണ്ടെങ്കിലും, ആ തിരക്കിലൂടെ ഒന്ന് നടക്കുക.


മിഠായിത്തെരുവില്‍ ചുറ്റിക്കറങ്ങി മടുക്കുമ്പോള്‍, ആര്യഭവനുണ്ട്, ക്ഷീണം തീര്‍ക്കാന്‍. പക്ഷെ ഉച്ചസമയത്ത് പോയാല്‍ മിക്കവാറും ഊണേ കിട്ടൂ. അല്ലെങ്കില്‍ വെജ് ബിരിയാണി. പോയി, കൂപ്പണെടുത്ത്, കൈ കഴുകി ഇരുന്നാല്‍ അവര്‍ ഇലയിടും, ചൂടോടെ ചോറും കറികളും വിളമ്പും. ഒരു കുഞ്ഞുപാത്രത്തില്‍ പായസവും ഉണ്ടാവും. അവിടെ നിന്ന് വയറു നിറച്ച് ഉണ്ടു കഴിഞ്ഞ്, പുറത്തേക്കിറങ്ങിയാല്‍, കസവുകട കാണാം. സെറ്റുമുണ്ടോ, സാരിയോ, മുണ്ടോ എന്തു വേണമെങ്കിലും വാങ്ങാം.

അതുകഴിഞ്ഞ്, വീണ്ടും കറങ്ങാം. ഒരല്‍പ്പം സമയം തിരക്കില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെങ്കില്‍, റോഡിന്റെ അറ്റത്തേക്ക് വന്നാല്‍, ഡി സി ബുക്സ് ഉണ്ട്. അവിടെക്കയറി പുസ്തകം വേണ്ടത് വാങ്ങാം.

ജ്യൂസ്

കുറച്ചുകൂടെ മുന്നോട്ട് വന്നാല്‍ ജ്യൂസ് സെന്റര്‍ ഉണ്ട്. അവിടെനിന്ന് ജ്യൂസ് കുടിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെ. നല്ല തണുത്ത ജ്യൂസ്, തണുത്തതല്ലാത്ത സ്നേഹത്തോടെ തരും. പല തരം ജ്യൂസുകളും, ഷേക്കും കിട്ടും. ആപ്പിള്‍ ജ്യൂസ് അവിടെ നിന്നു കുടിക്കണം നിങ്ങള്‍. ഞാന്‍ അതു കുടിച്ചിട്ടില്ല. എല്ലാവരും പറഞ്ഞു, അത്, അടിപൊളിയാണെന്ന്. കഴിഞ്ഞൊരു തവണ, ഞാനും എന്റെ കസിന്‍സും കൂടെ, ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച്, രണ്ടുപ്രാവശ്യം അവിടെ നിന്ന് ജ്യൂസ് കുടിച്ചു. ഇരിക്കാനൊന്നും പറ്റിയെന്നുവരില്ല. എന്നാലും നിങ്ങള്‍ക്ക് നല്ല ഉഷാറുണ്ടാവും അവിടെ നിന്നിറങ്ങുമ്പോള്‍. ജ്യൂസ് കുടിക്കുമ്പോള്‍, വെറുതെ ഒന്ന് കണ്ണോടിച്ചാല്‍, പബ്ലിക്ക് ലൈബ്രറി കാണാം.

കാപ്പി

നിങ്ങള്‍ക്ക് ഇനി കറങ്ങാനൊന്നും സമയമില്ല, വീട്ടില്‍ നിന്നു കാപ്പി കുടിച്ചാല്‍ മതി എന്നാണോ? എന്നാല്‍, കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ പിടിക്കുക. മിഠായിത്തെരു എന്നു പറയുക. വീട്ടില്‍ നിന്നു കാപ്പി കുടിക്കാന്‍ മിഠായിത്തെരുവിലെന്തിനു പോകുന്നു എന്നു സംശയിക്കുന്നോ? ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. ആവശ്യത്തിനു സംശയിക്കില്ല, ആവശ്യമില്ലാത്തതിന് സംശയിക്കും. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുമ്പോള്‍ ഓട്ടോക്കാരനോട് പറയുക, ഹനുമാന്‍ കോവിലിന്റെ മുന്നില്‍ നിര്‍ത്താന്‍. പിന്നേം നിങ്ങള്‍ സംശയിച്ചു. വീട്ടില്‍പ്പോയി കാപ്പികുടിക്കണമെങ്കില്‍ പ്രാര്‍ത്ഥിക്കണോ, എന്റെ വീട്ടിലേക്കല്ലല്ലോ വരുന്നതെന്ന്. അല്ലേ? വേണ്ട. ഹനുമാന്‍ കോവിലിന്റെ മുന്നില്‍ ഓട്ടോ നിര്‍ത്തിച്ച് ഇറങ്ങി പൈസ കൊടുത്ത്, ഒന്ന് ദീര്‍ഘനിശ്വാസം വിടുക. ഒരു കാപ്പിക്കുവേണ്ടി ഇത്രയും സാഹസമോ എന്നാണോ? നിങ്ങളുടെ മൂക്കിനു കുഴപ്പമൊന്നുമില്ലെങ്കില്‍, നിങ്ങള്‍ക്ക്, കാപ്പിയുടെ നല്ല അസ്സല്‍ മണം കിട്ടും. മണം പിടിച്ച് നടക്കുക. അപ്പോ എന്തു കാണും? കാപ്പിപ്പൊടിക്കട. സ്വാമി& സണ്‍സിന്റെ കാപ്പിപ്പൊടിക്കട. നല്ല ചൂടോടെ കാപ്പിപ്പൊടി കിട്ടും. എത്രയാ അളവുവേണ്ടതെന്ന് വെച്ചാല്‍ വാങ്ങുക. ചായ പോലൊന്നുമല്ല, ഈ കാപ്പി. എന്താ അതിന്റെ ഒരു സ്വാദ്. പൊടിയുടെ മണം കൊണ്ടുതന്നെ, കാപ്പി കുടിച്ചപോലെ ആവും.


തിരക്ക്

പിന്നെ, ഉത്സവദിവസങ്ങള്‍ അനുബന്ധിച്ചുള്ള ദിവസങ്ങള്‍ ആണെങ്കില്‍, നിങ്ങള്‍, മൊബൈല്‍ ഫോണും കൊണ്ട് പോകേണ്ടി വരും, കൂടെയുള്ളവരെ കണ്ടുപിടിക്കാന്‍.

“ഹലോ നീയെവിട്യാ?”

“ഞാനിവിടെ ലേഡീസ് സെന്ററിന്റെ മുന്നിലുണ്ട്.”

“ഞാനും അതിനു മുന്നില്‍ത്തന്നെ.”

ഇങ്ങനെ ആവും സ്ഥിതി. അത്രയ്ക്കും തിരക്കാവും.


ഹല്‍‌വ

ഹ‌ല്‍‌വ വാങ്ങാതെ, കോഴിക്കോട് പോയി മടങ്ങുകയോ? അത് പറ്റില്ല. ഏത് തരം വേണമെങ്കിലും വാങ്ങുക. നെയ്യില്‍ തയ്യാറാക്കിയതോ, വെളിച്ചെണ്ണയില്‍ തയ്യാറാക്കിയതോ. അത് തിന്നുകഴിഞ്ഞാല്‍ നിങ്ങള്‍ ഡയറ്റിംഗ് മറക്കും. ഏത് കളര്‍ വേണമെങ്കിലും വാങ്ങുക. മഞ്ഞ, ഓറഞ്ച്, ഇളം മഞ്ഞ, കറുപ്പ്. മിഠായിത്തെരുവിന്റെ പേരില്‍ മാത്രമല്ല, അവിടെയുള്ള ജനങ്ങളുടെ പെരുമാറ്റത്തിലും നിങ്ങള്‍ക്ക് സ്നേഹത്തിന്റെ മധുരം കാണാം. എസ് എം സ്ട്രീറ്റെന്നാല്‍ സ്വീറ്റ് മീറ്റ് സ്ട്രീറ്റ്.

തമാശ.

ഹലു‌വയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു തമാശ ഉണ്ട്. ഒരാള്‍ കടയില്‍ക്കയറി. ഹലുവയൊക്കെ നോക്കി. ഇപ്രാവശ്യം സ്പെഷല്‍ ആയ്ക്കോട്ടെ എന്നും വിചാരിച്ച്, കറുത്ത ഹലുവ ചൂണ്ടിക്കാട്ടി. കടക്കാരന്‍ പൊതിഞ്ഞുകൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍, മഞ്ഞ ഹലുവ. പിറ്റേന്ന് പോയി കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. കറുത്ത ഹലുവയൊന്നും ഇവിടില്ല, അത് ഹലുവയില്‍ ഈച്ച പൊതിഞ്ഞതായിരുന്നു എന്ന്. ;)

(ചിരിക്കുന്നത് നിങ്ങളുടെ ഇഷ്ടം)

ഓര്‍മ്മകള്‍

എനിക്ക്, എസ് എസ് എല്‍ സി യ്ക്ക് ഫസ്റ്റ് ക്ലാസ്സ് (ഉം...ഉം... നിങ്ങളു വിശ്വസിക്കില്ലെന്ന് എനിക്കറിയാം. മാര്‍ക്ക് ഷീറ്റ്, സ്കാന്‍ ചെയ്ത് ഇവിടെ ഇടാം.) കിട്ടിയപ്പോഴാണ്, റിസള്‍ട്ട് അറിഞ്ഞ ദിവസം തന്നെ, അച്ഛന്‍ എല്ലാവരേയും കൂട്ടി കോഴിക്കോടിന് പോകുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും, കുറച്ച് നേരം പോകണം, സിറ്റിയിലേക്ക്. ആദ്യത്തെ ചുരിദാര്‍ വാങ്ങുന്നത് അന്നാണ്. അല്ലെങ്കില്‍ സിറ്റിയിലൊന്നും പോകാറില്ല ഡ്രസ്സ് വാങ്ങാന്‍. അന്നു ഞങ്ങള്‍ ഡ്രസ്സ് ഒക്കെ വാങ്ങി, അവിടെ കുറച്ച് അടുത്തുള്ള ബന്ധുവീടൊക്കെ സന്ദര്‍ശിച്ച് തിരിച്ചുവന്നു.

പിന്നെ, ശരിക്കും പോകുന്നത്, നാലഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ കസിന്‍ ചേച്ചിയുടെ വിവാഹത്തിന് ഓരോന്ന് വാങ്ങാനാണ്. അന്നും മിഠായിത്തെരുവിലൂടെ കറങ്ങി. പിന്നെ സാരി വാങ്ങാന്‍ പോയി. എനിക്കും സാരി വാങ്ങി. വിറ്റല്‍‌റാവുവില്‍ കയറി.

അതും കഴിഞ്ഞ് പിന്നെ, ഇപ്പോള്‍, അവിടെ പോകാത്ത അവസരങ്ങള്‍ ഇല്ലെന്നായി.

സിറ്റിയില്‍ പുതിയ സിനിമ വരുമ്പോള്‍, എല്ലാവരും കൂടെ പോകും. എന്നിട്ട്, സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ട്, മിഠായിത്തെരുവിലൂടെ കറങ്ങും. ചെരിപ്പു വാങ്ങും, പൊട്ട് വാങ്ങും, അങ്ങനെ ഓരോന്നും കണ്ട്, തെക്കും വടക്കും നടക്കും. കഴിഞ്ഞ വര്‍ഷം അങ്ങനെ കറങ്ങുമ്പോളാണ് എന്റെ അനിയത്തിക്കസിന് തല ചുറ്റിയത്. പൊരി വെയില്‍ ആയിരുന്നു. എല്ലാവരും കൂടെ ഒരു കടയ്ക്കുമുന്നിലിരുന്നു, അവളോടൊപ്പം. കടയിലെ പയ്യന്മാര്‍ ഓടിവന്ന്, വെള്ളമൊക്കെ കൊണ്ടുത്തന്നു.


കഴിഞ്ഞ വിഷുസമയത്താണ്, പടക്കക്കടയ്ക്ക് തീ പിടിച്ച് മിഠായിത്തെരു, അല്‍പ്പം കയ്പ്പ് തോന്നിപ്പിച്ചത്.

ഇതൊക്കെ എനിക്ക്, മിഠായിത്തെരുവിനെപ്പറ്റിയുള്ള പരിമിതമായ അറിവുകളും, എന്റെ ചില ഓര്‍മ്മകളുമാണ്. മിഠായിത്തെരുവിനെപ്പറ്റി, ഈ പറഞ്ഞതിലും എത്രയോ അധികമുണ്ട് പറയാന്‍. അതൊക്കെ ഇനിയൊരിക്കല്‍ പറയാന്‍ പറ്റുമെന്ന് കരുതുന്നു. തനി കോഴിക്കോട്ടുനഗരക്കാര്‍, ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

Labels: , ,

32 Comments:

Blogger സുല്‍ |Sul said...

എന്തായാലും തേങ്ങയടി നടത്തിയേക്കാം
“ഠേ.........”
ഇതല്‍പം ക്രൂരമായി പോയി. നോമ്പെടുത്തിരിക്കുന്ന ഞങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടാണോ സു ഈ ഹല്‍‌വയും ചായയും മിഠായിയും? :)

-സുല്‍

Thu Sept 13, 11:45:00 am IST  
Blogger അപ്പു ആദ്യാക്ഷരി said...

സുവേച്ചീ....
സുവേച്ചീടെ തത്വചിന്താ പോസ്റ്റുകളേക്കാളും ഒരു പടി മുന്നിലാണ് ഈ പോസ്റ്റ് എന്നു ഞാന്‍ പറയും. മിഠായിത്തെരുവിലൂടെ ഒരു യാത്ര കഴിഞ്ഞെത്തിയപോലെയുണ്ടിപ്പോള്‍. അസ്സലു വിവരണം.....

ഞാന്‍ കരുതിയിരുന്നത് മിഠായിക്കടകള്‍ മാത്രമുള്ള ഒരു തെരുവായിരുന്നു അതെന്നാണ്‌..

ഓ.ടോ.: ക്യാമറയുമായി അവിടൊന്നു വന്നെങ്കില്‍ ഒരു പോസ്റ്റിനുള്ള വക ഒത്തേനേ!!!

Thu Sept 13, 12:41:00 pm IST  
Blogger ശ്രീഹരി::Sreehari said...

ഇഷ്ടായി..... മിഠായി തിന്ന ഒരു സുഗം :)

ആര്യഭവന്‍ ഹോട്ടലില്‍ ഇരുന്ന് പി ഭാസ്കരനും എം.ടിയും ഒക്കെ സിനിമാക്കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാറുണ്ടായിരുന്നു എന്ന് കേട്ടിട്ടൂണ്ട്.
ബാബുരാജ് വയറ്റത്തടിച്ച് പാടിനടന്നതും ഈ തെരുവില്‍ തന്നെ.

എസ്. കെ പൊറ്റെകാടിന്റെ പ്രതിമയാണ് നിങ്ങളെ മിഠായിത്തെരുവിലേക്ക്ക് സ്വാഗതം ചെയ്യുന്നത്.
ഹല്വയോടൊപ്പം, ചിപ്സ്, വിവിധ തരം ഈത്തപ്പഴം ഒക്കെ ഇവിടുത്തെ സ്പെഷ്യാലിറ്റി ആണ്

Thu Sept 13, 12:43:00 pm IST  
Blogger R. said...

ദേ, ഇപ്പറഞ്ഞതിന്റെ അടീല് ഒരൊപ്പ്.

Thu Sept 13, 12:47:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...
അപ്പുവേട്ടന്‍‌ പറഞ്ഞതു പോലെ മിഠായിത്തെരുവ് ഒന്നു ചുറ്റി നടന്നു കണ്ടതു പോലുണ്ട്.
മൂന്നു നാലു തവണ കോഴിക്കോട്ട് വന്നിട്ടുണ്ടെങ്കിലും മിഠായിത്തെരുവില്‍‌ പോയിട്ടില്ല, നഷ്ടമായി അല്ലേ?

പിന്നേയ്, കാപ്പി കിട്ടാന്‍‌ “മണം പിടിച്ച് നടക്കുക.”
അതു വേണോ?
:)

Thu Sept 13, 01:17:00 pm IST  
Blogger വേണു venu said...

ഈ തെരുവു് പേരുപോലെ മധുരിക്കുന്നതാണെന്നു് ഇപ്പോള്‍‍ മനസ്സിലാക്കുന്നു.:)

Thu Sept 13, 01:23:00 pm IST  
Blogger മുസാഫിര്‍ said...

സൂ,തമാശ ഒഴിച്ച് ബാക്കിയെല്ലാം നന്നായി.പാലക്കാട്ടെ കല്‍പ്പാത്തി,തൃശ്ശൂരിലെ പട്ടാളം,തിരുവനന്തപുരത്തെ ചാല,എഴുത്തുകാരെക്കാത്ത് തെരുവുകള്‍ ഇനിയും ബാക്കി കിടക്കുന്നു :-)

Thu Sept 13, 01:30:00 pm IST  
Blogger അമ്മിണീം അച്ചൂം said...

കായവറുത്തതിന്റെ കാര്യം പറയാന്‍ മറന്നോ..
ഞങ്ങടമ്മക്കേറെ ഇഷ്ടം ഇവിടുത്തെ കായ വറുത്തതാ..
ഹി..ഹി..കോഴി ബിരിയാണിം..

Thu Sept 13, 02:28:00 pm IST  
Blogger krish | കൃഷ് said...

“സിറ്റിയില്‍ പുതിയ സിനിമ വരുമ്പോള്‍, എല്ലാവരും കൂടെ പോകും. എന്നിട്ട്, സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ട്, മിഠായിത്തെരുവിലൂടെ കറങ്ങും. ചെരിപ്പു വാങ്ങും, പൊട്ട് വാങ്ങും, അങ്ങനെ ഓരോന്നും കണ്ട്, തെക്കും വടക്കും നടക്കും.“

അല്ലാ, ക്യൂവില്‍ നിന്ന് സിനിമക്ക് ടിക്കറ്റ് എടുത്തിട്ട് സിനിമ കാണാതെ മിഠായിതെരുവിലൂടെ തെക്കു വടക്ക് നടക്കുകയോ. ഇതിനും ടിക്കറ്റ് എടുക്കണോ..

Thu Sept 13, 03:46:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

"കോഴിക്കോട്ടുകാരൊക്കെ നല്ല സൌഹൃദം കാട്ടുന്നവരാണ്. അവരുടെ സ്നേഹവും, സല്‍ക്കാരവും, സൌഹൃദവുമൊക്കെ നിങ്ങള്‍ അനുഭവിച്ചറിയണം".


അങ്ങനെ പറയൂ...ഉറക്കെയുറക്കെപ്പറയൂ... ഇപ്പറഞ്ഞതും ഇതിനു മുന്‍പു പറഞ്ഞതും പിന്നെപ്പറഞ്ഞതും ഒക്കെ കറക്റ്റ്... :)

Thu Sept 13, 04:12:00 pm IST  
Blogger മന്‍സുര്‍ said...

സുല്‍
നന്നായിട്ടുണ്ടു....വിശദമായി വായിച്ച് അഭിപ്രായം എഴുതാം
ഇവിടെ വന്നു എന്നൊരു സൂചന മാത്രം



നന്‍മകള്‍ നേരുന്നു.

Thu Sept 13, 05:41:00 pm IST  
Blogger ചീര I Cheera said...

കോഴിക്കോടിനോട് പണ്ടേ എനിയ്ക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്‌. ഒരിയ്ക്കല്‍ എന്റെ അനിയന്‍ പ്പറഞതോര്‍ക്കുന്നു, ഒരു റോയല്‍ ലുക്ക് ഉണ്ടത്രേ അതിന്... (അതെന്താണെന്നവനോട് തന്നെ ചോദിയ്ക്കണം, എന്നാലും അതു കേട്ട് ഞാന്‍ കോരിത്തരിച്ച്, കോഴിക്കോട് അന്ന് നോക്കി കണ്ടു... :) )
പണ്ട്, കോളേജില്‍ പോകുമ്പോള്‍, കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ നിര്‍ത്താതെ ചീറി പ്പാഞു പോകുന്നതു കാണുമ്പോള്‍, അതിലൊന്നു കയറി കോഴിക്കോട്ടേയ്ക്ക് പോകാന്‍ കൊതിയായിരുന്നു..

എന്തായാലും സൂ പോസ്റ്റ് നന്നായി, ഒരു കോഴിക്കോടന്‍ നൊസ്റ്റാള്‍ജിയ ഒക്കെ വന്നു...

Thu Sept 13, 07:07:00 pm IST  
Blogger കരീം മാഷ്‌ said...

ഇഷ്ടമായി എല്ലാം
(ഒന്നൊഴിച്ച്, ആ കരുത്ത ഹലുവ മാത്രം),
അതു വഴി തെറ്റിച്ചു
വായനയുടെ മൂഡിന്റെ,

മിഠായിത്തെരുവിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഞാന്‍ ഇമോഷനലാവുന്നു.
ഞാന്‍ നീണ്ട ഒരു കമണ്ടു രേഷ്മയുടെ “തെരുവു” എന്ന കഥക്കിട്ടതു ഇവിടെ വായിക്കാം.
രേഷ്മയുടേ തെരുവിന്റെ കഥ


അന്നു ആര്യഭവന്‍ ഓര്‍മ്മയില്‍ നിന്നു വിട്ടു പോയിരുന്നു. കൂട്ടൂകാരുമായി ബെറ്റുവെച്ചിരുന്നതു ആര്യഭവനിലെ മസാലദോശക്കും നെയ്‌റോസ്റ്റുനും വേണ്ടിയായിരുന്നു അധികവും.

Thu Sept 13, 08:52:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ചി... നല്ല വിവരണം... ഞാന്‍ കോഴിക്കോട് ഒര്‍റാശ്യേ വന്ന്ട്ട്ള്ളോ...! പേരു കേട്ടിരുന്നൂച്ചാലും പ്രത്യേകിച്ചൊന്നും അറിയില്ലാരുന്നു...
:)

ഓ : ടോ : പിന്നെ മുസാഫിര്‍ ജീ... തൃശ്ശൂരെ പട്ടാളം റോഡ്.... ആ കടകളൊക്കെ പൊളിച്ചില്ല്യേ വികസനത്തിന്റെ ഭാഗായിട്ട്...?
(ഇനി ഇല്ല്യാന്നുണ്ടോ..? )

Thu Sept 13, 10:55:00 pm IST  
Blogger Physel said...

അപ്പ സൂ വും ജ്യോതിര്‍മയി ടീച്ചറും ഒക്കെ കോയ്ക്കോട്ടുകാരാ?

10 വര്‍ഷത്തോളം ജീവിതത്തിന്റെ ഭാഗമായി നിന്ന സ്ഥലമാണത്. ഓര്‍മ്മകള്‍ക്കു നന്ദി.

Thu Sept 13, 11:39:00 pm IST  
Blogger സാജന്‍| SAJAN said...

സു, മിട്ടായിത്തെരുവിന്റെ ഈ ഫോട്ടോ ഇഷ്ടപ്പെട്ടു, നല്ല ക്ലാരിറ്റി, ക്ലിയറായി എല്ലാം കാണാം:)

Fri Sept 14, 05:46:00 am IST  
Blogger അനംഗാരി said...

ഞാന്‍ കരുതി ഇതെല്ലാം ചുമ്മാ കിട്ടുമെന്ന്.പൈസ കൊടുക്കണമെന്ന് പിന്നല്ലേ മനസ്സിലായത്.മിഠായി തെരുവില്‍ എല്ലാം സൌജന്യമാണെന്ന് ആരാ പറഞ്ഞത്?

Fri Sept 14, 07:55:00 am IST  
Blogger sallyakkaaran said...

കൊള്ളാം കെട്ടൊ.
മിട്ടായി തെരുവില്‍ ഒന്നു പോയാല്‍ കൊള്ളാം എന്ന് ഇപ്പൊള്‍ തോന്നുന്നു. നേരത്തെ കേട്ടിട്ടിള്ളത്‌ എല്ലാം ഭീകരമായ കാര്യങ്ങള്‍ മാത്രം ആയിരുന്നു.

ഇനിയും എഴുതുക.

Fri Sept 14, 03:57:00 pm IST  
Blogger സു | Su said...

സുല്ലേ :) തേങ്ങയ്ക്കൊക്കെ എന്താ വില ഇപ്പോ. ഞാനെടുത്തു. നോമ്പിന്റെ കഥ കേക്കണോ?

“നാളെ മുതല്‍ എനിക്കു റംസാന്‍ ആണ്.”

“നാളെ മുതല്‍, നിനക്കു മാത്രമല്ല, എല്ലാവര്‍ക്കും റംസാന്‍ ആണ്.”

“അല്ല, നാളെ മുതല്‍ എനിക്കു നോമ്പാണ്.”

“രാത്രി 12 മുതല്‍, രാവിലെ ആറുവരെ ആയിരിക്കും സമയം അല്ലേ?”

എന്റെ നോമ്പ് അവിടെത്തീര്‍ന്നു. ഹിഹി.

ശെഫീ :)

അപ്പൂ :) അടുത്ത വരവിനു ക്യാമറയുമായി അങ്ങോട്ട് പോകൂ.

ശ്രീഹരീ :)

രജീഷ് നമ്പ്യാര്‍ :)

ശ്രീ :) മണം പിടിച്ച് തന്നെ നടക്കണം. ;)

വേണു ജീ :)

മുസാഫിര്‍ :) അവിടെയൊക്കെ ഞാന്‍ തന്നെ പോകേണ്ടിവരും.

അമ്മിണീ, അച്ചൂ :) സ്വാഗതം. മറന്നില്ല. അതുപിന്നെ എല്ലായിടത്തും ഉണ്ടല്ലോ.

കൃഷ് :) സിനിമയ്ക്ക്, ടിക്കറ്റ് കിട്ടണമെങ്കില്‍, മിക്കവാറും റിസര്‍വേഷന്‍ കൂപ്പണ്‍ വേണം. അതും ഒരു ടിക്കറ്റ് തന്നെ. സിനിമ തുടങ്ങുമ്പോള്‍ പോയാല്‍ അങ്ങോട്ട് കയറാന്‍ പറ്റില്ല.

ജ്യോതിര്‍മയി ജീ :) ജ്യോതിര്‍മയി ഒഴിച്ച്, ബാക്കിയുള്ള എന്ന് കൂട്ടിവായിക്കൂ. ;)

മന്‍സൂര്‍ :) സുല്‍ അല്ല, സു.

പി. ആര്‍ :) ഇനി നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരൂ. മിഠായിത്തെരുവ് കാണാന്‍ ഒരുമിച്ച് പോകാം.

കരീം മാഷേ :) തമാശ, മോശമായോ?

സഹയാത്രികന്‍ :) ഇനി കോഴിക്കോട് പോകുമ്പോള്‍, മിഠായിത്തെരുവില്‍ പോയ് മടങ്ങുക.

ഫൈസല്‍ :)

സാജന്‍ :)

അനംഗാരീ :)

ശല്യക്കാരന്‍? :)


എല്ലാവര്‍ക്കും നന്ദി. വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും.

Fri Sept 14, 11:25:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂവേച്ചി :)

ജ്യോതിര്‍മയി ഒഴിച്ച് കോഴിക്കോട്ടുള്ളവരെല്ലാം...എന്നു തിരുത്തണം ല്ലേ?
അപ്പൊ ഞാന്‍ വസന്തഭവന്‍ കാണിച്ചരില്യ...:)

ആശംസകള്‍...വിനായകചതുര്‍ഥിയുടെ.

Sat Sept 15, 07:21:00 am IST  
Blogger ഗിരീഷ്‌ എ എസ്‌ said...

ഒരു തെരുവിന്റെ കഥ നന്നായി...
ഇവിടെ ജീവിക്കുന്നത്‌ കൊണ്ടും
എന്നു കാണുന്ന സ്ഥലമായത്‌ കൊണ്ടും...
വര്‍ണനകള്‍ക്ക്‌ മനോഹാരിതയുള്ളതായി
തോന്നി...
അഭിനന്ദനങ്ങള്‍..

Sat Sept 15, 11:06:00 pm IST  
Blogger സു | Su said...

ജ്യോതിര്‍മയി ജീ :) അതു വെറുതെ, തമാശയ്ക്കു പറഞ്ഞതാ. മാപ്പ്.

ദ്രൌപതീ :) നന്ദി.

Sun Sept 16, 07:12:00 am IST  
Blogger salil | drishyan said...

സൂ, നന്നായിട്ടുണ്ട്.

മിഠായിത്തെരുവിലൂടെ നടക്കുമ്പോ‍ള്‍ ഉപകരിക്കാവുന്ന രണ്ടു കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു - കോമളഭവനും ഖാദി എമ്പോറിയമും.

ആര്‍ക്കെങ്കിലും നല്ല ബിരിയാണി കഴിക്കണം എന്ന് തോന്നിയാല്‍ കോമളഭവനിലേക്ക് വെച്ച് പിടിപ്പിക്കാം.

കേരളത്തിലെ തന്നെ എറ്റവും വലിയ ഖാദി എമ്പോറിയങ്ങളില്‍ എന്നാണ് മിഠായിത്തെരുവിലുള്ളത്.

രാധയില്‍ നിന്നൊരു നൂണ്‍ഷോ കണ്ട്, കോമളഭവനില്‍ നിന്നൊരു ബിരിയാണി അടിച്ച്, മാനാഞ്ചിറയില്‍ പോയി മലര്‍ന്ന് കിടന്നൊന്നു മയങ്ങുക (കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ കത്തിയടിച്ച് ഇരിക്കുക).പിന്നെ ഖാദിയില്‍ കയറി മനസ്സിനിഷ്ടപ്പെട്ടാല്‍ ഒരു ജുബ്ബയോ ഷര്‍ട്ടോ. അതു കഴിഞ്ഞ് കലന്തന്‍സില്‍ (അതാണ് സൂ പറഞ്ഞ ആ ജ്യൂസ് കടയുടെ പേര്) നിന്നൊരു ഷാര്‍ജാ‌ഷേയ്ക്കുമടിച്ച് ബസ്സ് കയറാനായ് പുതിയ സ്റ്റാന്‍‌ഡിലേക്ക് നടത്തം! ഇക്കുറി നാട്ടില്‍ പോകുമ്പോഴും ഇതില്‍ ചിലത് മുടങ്ങാതെ തുടരും.

സസ്നേഹം
ദൃശ്യന്‍

Mon Sept 17, 10:57:00 am IST  
Blogger സു | Su said...

ദൃശ്യന്‍ :)

Mon Sept 17, 11:02:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി. എന്നാലും കുറച്ച് പടങ്ങള്‍ കൂടെ ഉണ്ടായിരുന്നേല്‍ ഗംഭീരമായേനെ.

Mon Sept 17, 11:22:00 am IST  
Blogger ദീപു : sandeep said...

സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌ അമ്മയുടെ കൂടെ ഷോപ്പിങ്ങിനു പോകുമ്പോള്‍ ഒറ്റ കണ്ടീഷന്‍ മാത്രമേ വെക്കാറുണ്ടായിരുന്നുള്ളൂ... ടോപ് ഫോമിന്നു ബിരിയാണി :). ആ ടാര്‍ഗെറ്റാണ് പസഫിക്കിനേം തോട്ടത്തില്‍നേം ഒക്കെ ‘സഹിയ്ക്കാന്‍‘ ഒരു ഊര്‍ജ്ജം തന്നത്‌...

പിന്നെ, ജൂസു കുടിയ്ക്കുമ്പോള്‍ മാനാഞ്ചിറാ സ്ക്വയറൂം കാണാം :)

Mon Sept 17, 12:53:00 pm IST  
Blogger ശാലിനി said...

ഈ മിഠായിതെരുവിനെ കുറിച്ച് എത്ര വായിച്ചാലും മതിയാകില്ല. ഒന്നുപോയി കാണാന്‍ തോന്നുന്നു.

Mon Sept 17, 02:51:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) ഫോട്ടോയൊന്നും എടുത്തില്ല. ഇനി എടുക്കാം.

ദീപൂ :) അവിടെയൊക്കെ കയറിയിറങ്ങാറുണ്ടല്ലേ?

ശാലിനീ :) കാണാനും പോകാമല്ലോ.

Tue Sept 18, 10:18:00 am IST  
Blogger Sona said...

suchechi..mittayitheruvine kurichezhuthiyathu valare nannayitundu..neril kanda pratheethi..

(kozhikode "icecream" famous anallo!!!!)

Thu Sept 20, 03:42:00 pm IST  
Blogger സു | Su said...

സോന :) കുറേ നാളായല്ലോ കണ്ടിട്ട്?

Thu Sept 20, 10:03:00 pm IST  
Blogger Sudhi said...

Eªêiï....hEoæïv lkëêY Hjñ lïŸv...öEê‚êvQïi...Cø hjñgòhïiïv FEï¼ñ lïködçˆöYöê YïjïOñ Jïˆïi ödêök...Fªñù Ea¼jñûiïjñªñ hñˆiïöYjñlïkña...Cödçê Fkëêù HthJv.CEïiñù FrñYEù
nannaayi....manassil vallaatha oru vingal...nostaaljiya...ee marubhuumiyil enikku vilappettathentho thirichu kittiya pole...ennum nadakkarundayirunnu muttayitheruviluda...ippo ellaam ormakal.iniyum ezhuthanam

Wed Sept 26, 01:37:00 pm IST  
Blogger സു | Su said...

സുധി :) സ്വാഗതം. നന്ദി.

Wed Sept 26, 05:43:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home