Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 13, 2007

മിഠായിത്തെരു

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരു

കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കോയിക്കോടന്‍ ഹല്‍‌വയാണോ ഓര്‍മ്മ വരുന്നത്? നല്ല കാര്യം. കോഴിക്കോടിന് പല പ്രത്യേകതകളും ഉണ്ട്. അതു മുഴുവനൊന്നും ഞാനിവിടെ എഴുതാന്‍ പോകുന്നില്ല. ഒക്കെ പോയി അനുഭവിച്ചറിയുന്നതാവും നിങ്ങള്‍ക്ക് നല്ലത്. കോഴിക്കോട്ടുകാരൊക്കെ നല്ല സൌഹൃദം കാട്ടുന്നവരാണ്. അവരുടെ സ്നേഹവും, സല്‍ക്കാരവും, സൌഹൃദവുമൊക്കെ നിങ്ങള്‍ അനുഭവിച്ചറിയണം.

കോഴിക്കോടിന്റെ സ്വന്തം മിഠായിത്തെരുവിനെപ്പറ്റി പറഞ്ഞാലോ? അവിടേം നിങ്ങള്‍ പോയിക്കാണണം. അവിടെയുള്ള കച്ചവടക്കാരൊക്കെ നിങ്ങളെ അവരുടെ കടയിലേക്ക് കയറാന്‍ സ്നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കും. വേണെങ്കില്‍ വന്ന്, വാങ്ങിപ്പോയ്ക്കോളീന്‍ എന്നൊരു മനോഭാവം അവര്‍ക്കില്ല. ബാഗ്, കുട, ചെരുപ്പ്, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ ഒക്കെ നിങ്ങള്‍ക്ക് കിട്ടും. ഒന്നും വേണ്ടെങ്കിലും, ആ തിരക്കിലൂടെ ഒന്ന് നടക്കുക.


മിഠായിത്തെരുവില്‍ ചുറ്റിക്കറങ്ങി മടുക്കുമ്പോള്‍, ആര്യഭവനുണ്ട്, ക്ഷീണം തീര്‍ക്കാന്‍. പക്ഷെ ഉച്ചസമയത്ത് പോയാല്‍ മിക്കവാറും ഊണേ കിട്ടൂ. അല്ലെങ്കില്‍ വെജ് ബിരിയാണി. പോയി, കൂപ്പണെടുത്ത്, കൈ കഴുകി ഇരുന്നാല്‍ അവര്‍ ഇലയിടും, ചൂടോടെ ചോറും കറികളും വിളമ്പും. ഒരു കുഞ്ഞുപാത്രത്തില്‍ പായസവും ഉണ്ടാവും. അവിടെ നിന്ന് വയറു നിറച്ച് ഉണ്ടു കഴിഞ്ഞ്, പുറത്തേക്കിറങ്ങിയാല്‍, കസവുകട കാണാം. സെറ്റുമുണ്ടോ, സാരിയോ, മുണ്ടോ എന്തു വേണമെങ്കിലും വാങ്ങാം.

അതുകഴിഞ്ഞ്, വീണ്ടും കറങ്ങാം. ഒരല്‍പ്പം സമയം തിരക്കില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെങ്കില്‍, റോഡിന്റെ അറ്റത്തേക്ക് വന്നാല്‍, ഡി സി ബുക്സ് ഉണ്ട്. അവിടെക്കയറി പുസ്തകം വേണ്ടത് വാങ്ങാം.

ജ്യൂസ്

കുറച്ചുകൂടെ മുന്നോട്ട് വന്നാല്‍ ജ്യൂസ് സെന്റര്‍ ഉണ്ട്. അവിടെനിന്ന് ജ്യൂസ് കുടിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെ. നല്ല തണുത്ത ജ്യൂസ്, തണുത്തതല്ലാത്ത സ്നേഹത്തോടെ തരും. പല തരം ജ്യൂസുകളും, ഷേക്കും കിട്ടും. ആപ്പിള്‍ ജ്യൂസ് അവിടെ നിന്നു കുടിക്കണം നിങ്ങള്‍. ഞാന്‍ അതു കുടിച്ചിട്ടില്ല. എല്ലാവരും പറഞ്ഞു, അത്, അടിപൊളിയാണെന്ന്. കഴിഞ്ഞൊരു തവണ, ഞാനും എന്റെ കസിന്‍സും കൂടെ, ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച്, രണ്ടുപ്രാവശ്യം അവിടെ നിന്ന് ജ്യൂസ് കുടിച്ചു. ഇരിക്കാനൊന്നും പറ്റിയെന്നുവരില്ല. എന്നാലും നിങ്ങള്‍ക്ക് നല്ല ഉഷാറുണ്ടാവും അവിടെ നിന്നിറങ്ങുമ്പോള്‍. ജ്യൂസ് കുടിക്കുമ്പോള്‍, വെറുതെ ഒന്ന് കണ്ണോടിച്ചാല്‍, പബ്ലിക്ക് ലൈബ്രറി കാണാം.

കാപ്പി

നിങ്ങള്‍ക്ക് ഇനി കറങ്ങാനൊന്നും സമയമില്ല, വീട്ടില്‍ നിന്നു കാപ്പി കുടിച്ചാല്‍ മതി എന്നാണോ? എന്നാല്‍, കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ പിടിക്കുക. മിഠായിത്തെരു എന്നു പറയുക. വീട്ടില്‍ നിന്നു കാപ്പി കുടിക്കാന്‍ മിഠായിത്തെരുവിലെന്തിനു പോകുന്നു എന്നു സംശയിക്കുന്നോ? ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. ആവശ്യത്തിനു സംശയിക്കില്ല, ആവശ്യമില്ലാത്തതിന് സംശയിക്കും. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുമ്പോള്‍ ഓട്ടോക്കാരനോട് പറയുക, ഹനുമാന്‍ കോവിലിന്റെ മുന്നില്‍ നിര്‍ത്താന്‍. പിന്നേം നിങ്ങള്‍ സംശയിച്ചു. വീട്ടില്‍പ്പോയി കാപ്പികുടിക്കണമെങ്കില്‍ പ്രാര്‍ത്ഥിക്കണോ, എന്റെ വീട്ടിലേക്കല്ലല്ലോ വരുന്നതെന്ന്. അല്ലേ? വേണ്ട. ഹനുമാന്‍ കോവിലിന്റെ മുന്നില്‍ ഓട്ടോ നിര്‍ത്തിച്ച് ഇറങ്ങി പൈസ കൊടുത്ത്, ഒന്ന് ദീര്‍ഘനിശ്വാസം വിടുക. ഒരു കാപ്പിക്കുവേണ്ടി ഇത്രയും സാഹസമോ എന്നാണോ? നിങ്ങളുടെ മൂക്കിനു കുഴപ്പമൊന്നുമില്ലെങ്കില്‍, നിങ്ങള്‍ക്ക്, കാപ്പിയുടെ നല്ല അസ്സല്‍ മണം കിട്ടും. മണം പിടിച്ച് നടക്കുക. അപ്പോ എന്തു കാണും? കാപ്പിപ്പൊടിക്കട. സ്വാമി& സണ്‍സിന്റെ കാപ്പിപ്പൊടിക്കട. നല്ല ചൂടോടെ കാപ്പിപ്പൊടി കിട്ടും. എത്രയാ അളവുവേണ്ടതെന്ന് വെച്ചാല്‍ വാങ്ങുക. ചായ പോലൊന്നുമല്ല, ഈ കാപ്പി. എന്താ അതിന്റെ ഒരു സ്വാദ്. പൊടിയുടെ മണം കൊണ്ടുതന്നെ, കാപ്പി കുടിച്ചപോലെ ആവും.


തിരക്ക്

പിന്നെ, ഉത്സവദിവസങ്ങള്‍ അനുബന്ധിച്ചുള്ള ദിവസങ്ങള്‍ ആണെങ്കില്‍, നിങ്ങള്‍, മൊബൈല്‍ ഫോണും കൊണ്ട് പോകേണ്ടി വരും, കൂടെയുള്ളവരെ കണ്ടുപിടിക്കാന്‍.

“ഹലോ നീയെവിട്യാ?”

“ഞാനിവിടെ ലേഡീസ് സെന്ററിന്റെ മുന്നിലുണ്ട്.”

“ഞാനും അതിനു മുന്നില്‍ത്തന്നെ.”

ഇങ്ങനെ ആവും സ്ഥിതി. അത്രയ്ക്കും തിരക്കാവും.


ഹല്‍‌വ

ഹ‌ല്‍‌വ വാങ്ങാതെ, കോഴിക്കോട് പോയി മടങ്ങുകയോ? അത് പറ്റില്ല. ഏത് തരം വേണമെങ്കിലും വാങ്ങുക. നെയ്യില്‍ തയ്യാറാക്കിയതോ, വെളിച്ചെണ്ണയില്‍ തയ്യാറാക്കിയതോ. അത് തിന്നുകഴിഞ്ഞാല്‍ നിങ്ങള്‍ ഡയറ്റിംഗ് മറക്കും. ഏത് കളര്‍ വേണമെങ്കിലും വാങ്ങുക. മഞ്ഞ, ഓറഞ്ച്, ഇളം മഞ്ഞ, കറുപ്പ്. മിഠായിത്തെരുവിന്റെ പേരില്‍ മാത്രമല്ല, അവിടെയുള്ള ജനങ്ങളുടെ പെരുമാറ്റത്തിലും നിങ്ങള്‍ക്ക് സ്നേഹത്തിന്റെ മധുരം കാണാം. എസ് എം സ്ട്രീറ്റെന്നാല്‍ സ്വീറ്റ് മീറ്റ് സ്ട്രീറ്റ്.

തമാശ.

ഹലു‌വയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു തമാശ ഉണ്ട്. ഒരാള്‍ കടയില്‍ക്കയറി. ഹലുവയൊക്കെ നോക്കി. ഇപ്രാവശ്യം സ്പെഷല്‍ ആയ്ക്കോട്ടെ എന്നും വിചാരിച്ച്, കറുത്ത ഹലുവ ചൂണ്ടിക്കാട്ടി. കടക്കാരന്‍ പൊതിഞ്ഞുകൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍, മഞ്ഞ ഹലുവ. പിറ്റേന്ന് പോയി കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. കറുത്ത ഹലുവയൊന്നും ഇവിടില്ല, അത് ഹലുവയില്‍ ഈച്ച പൊതിഞ്ഞതായിരുന്നു എന്ന്. ;)

(ചിരിക്കുന്നത് നിങ്ങളുടെ ഇഷ്ടം)

ഓര്‍മ്മകള്‍

എനിക്ക്, എസ് എസ് എല്‍ സി യ്ക്ക് ഫസ്റ്റ് ക്ലാസ്സ് (ഉം...ഉം... നിങ്ങളു വിശ്വസിക്കില്ലെന്ന് എനിക്കറിയാം. മാര്‍ക്ക് ഷീറ്റ്, സ്കാന്‍ ചെയ്ത് ഇവിടെ ഇടാം.) കിട്ടിയപ്പോഴാണ്, റിസള്‍ട്ട് അറിഞ്ഞ ദിവസം തന്നെ, അച്ഛന്‍ എല്ലാവരേയും കൂട്ടി കോഴിക്കോടിന് പോകുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും, കുറച്ച് നേരം പോകണം, സിറ്റിയിലേക്ക്. ആദ്യത്തെ ചുരിദാര്‍ വാങ്ങുന്നത് അന്നാണ്. അല്ലെങ്കില്‍ സിറ്റിയിലൊന്നും പോകാറില്ല ഡ്രസ്സ് വാങ്ങാന്‍. അന്നു ഞങ്ങള്‍ ഡ്രസ്സ് ഒക്കെ വാങ്ങി, അവിടെ കുറച്ച് അടുത്തുള്ള ബന്ധുവീടൊക്കെ സന്ദര്‍ശിച്ച് തിരിച്ചുവന്നു.

പിന്നെ, ശരിക്കും പോകുന്നത്, നാലഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ കസിന്‍ ചേച്ചിയുടെ വിവാഹത്തിന് ഓരോന്ന് വാങ്ങാനാണ്. അന്നും മിഠായിത്തെരുവിലൂടെ കറങ്ങി. പിന്നെ സാരി വാങ്ങാന്‍ പോയി. എനിക്കും സാരി വാങ്ങി. വിറ്റല്‍‌റാവുവില്‍ കയറി.

അതും കഴിഞ്ഞ് പിന്നെ, ഇപ്പോള്‍, അവിടെ പോകാത്ത അവസരങ്ങള്‍ ഇല്ലെന്നായി.

സിറ്റിയില്‍ പുതിയ സിനിമ വരുമ്പോള്‍, എല്ലാവരും കൂടെ പോകും. എന്നിട്ട്, സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ട്, മിഠായിത്തെരുവിലൂടെ കറങ്ങും. ചെരിപ്പു വാങ്ങും, പൊട്ട് വാങ്ങും, അങ്ങനെ ഓരോന്നും കണ്ട്, തെക്കും വടക്കും നടക്കും. കഴിഞ്ഞ വര്‍ഷം അങ്ങനെ കറങ്ങുമ്പോളാണ് എന്റെ അനിയത്തിക്കസിന് തല ചുറ്റിയത്. പൊരി വെയില്‍ ആയിരുന്നു. എല്ലാവരും കൂടെ ഒരു കടയ്ക്കുമുന്നിലിരുന്നു, അവളോടൊപ്പം. കടയിലെ പയ്യന്മാര്‍ ഓടിവന്ന്, വെള്ളമൊക്കെ കൊണ്ടുത്തന്നു.


കഴിഞ്ഞ വിഷുസമയത്താണ്, പടക്കക്കടയ്ക്ക് തീ പിടിച്ച് മിഠായിത്തെരു, അല്‍പ്പം കയ്പ്പ് തോന്നിപ്പിച്ചത്.

ഇതൊക്കെ എനിക്ക്, മിഠായിത്തെരുവിനെപ്പറ്റിയുള്ള പരിമിതമായ അറിവുകളും, എന്റെ ചില ഓര്‍മ്മകളുമാണ്. മിഠായിത്തെരുവിനെപ്പറ്റി, ഈ പറഞ്ഞതിലും എത്രയോ അധികമുണ്ട് പറയാന്‍. അതൊക്കെ ഇനിയൊരിക്കല്‍ പറയാന്‍ പറ്റുമെന്ന് കരുതുന്നു. തനി കോഴിക്കോട്ടുനഗരക്കാര്‍, ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

Labels: , ,