Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 06, 2007

പ്രിയപ്പെട്ട ദൈവമേ

പ്രിയപ്പെട്ട ദൈവത്തിന്,

എനിക്കു കത്തയക്കാനും നിനക്ക്‌ സമയം കിട്ടിയതില്‍ നന്ദി എന്നല്ലേ ഈ കത്ത്‌ കണ്ടപ്പോള്‍ ആ മനസ്സ്‌ പറയുന്നത്‌? എല്ലാം വായിച്ചിട്ട്‌ ഒടുവില്‍ പറഞ്ഞാല്‍ മതി. തിരക്കില്ല.

വലിയ സമയം ഒന്നും ഉണ്ടായിട്ടല്ല എഴുതാമെന്നുവെച്ചത്‌. നന്ദികേടുകാണിക്കുന്ന സ്വഭാവം എനിക്കില്ല. അതുകൊണ്ടാ. ഇങ്ങോട്ട്‌ പറഞ്ഞയച്ച്‌ ഇത്രേം കാലം, ഇവിടെയിട്ടതിനു നന്ദി.

കേരളത്തില്‍ത്തന്നെ ജനിച്ചത്‌ നന്നായി. പച്ചപ്പ്‌, മഴ, ഇതൊക്കെയുള്ളിടത്തല്ല ഞാന്‍ ജനിച്ചതെങ്കില്‍, നമ്മളു രണ്ടും പണ്ടേ തെറ്റിയേനെ. ഇപ്പോഴും അല്‍പ്പം തെറ്റുണ്ട്‌. എന്നാലും അഡ്ജസ്റ്റ്‌ ചെയ്തോളാം.

ഇവിടെ സുഖം തന്നെ. അവിടേയും അങ്ങനെ എന്നു കരുതുന്നു, എന്ന പഴഞ്ചന്‍ വാചകം മാറ്റേണ്ട സമയം ആയി. ഇവിടെ സുഖമില്ല, അതുകൊണ്ട്‌ അവിടെ സ്വൈരവുമില്ലെന്നു കരുതുന്നു എന്നു വേണമെങ്കില്‍ പറയാം. ഇങ്ങനെ ആള്‍ക്കാരോട്‌ മുഴുവന്‍, കൈക്കൂലിയും വാങ്ങി, നേരെ ചൊവ്വേ കാര്യങ്ങള്‍ നടത്തിക്കൊടുക്കാതെ സദാസമയം പുഞ്ചിരിച്ചുംകൊണ്ടിരിക്കാന്‍ എങ്ങനെ കഴിയുന്നു? പുഞ്ചിരി ടാറ്റൂ ഒട്ടിച്ചുവെച്ചതാണോ? അവിടെ ഉണ്ടെങ്കില്‍ ഒന്നെനിക്കും അയച്ചുതരണം. വി. പി. പി ആയിട്ടൊന്നും വേണ്ട. ഫ്രീ ആണെങ്കില്‍ മതി. ഒരു കാര്യം പറഞ്ഞേക്കാം. എല്ലാവരോടും കാണിക്കയും വാങ്ങി ഒന്നും ചെയ്യാതെ ഇരുന്നാല്‍, എല്ലാവരുംകൂടെ അവിടെ എത്തി, കാര്യം നടത്താന്‍ തന്നതൊക്കെ തിരിച്ചെടുത്താല്‍, മക്കളെ സ്വാശ്രയകോളേജില്‍ ചേര്‍ത്ത രക്ഷിതാവിനെപ്പോലെ അങ്ങും പാപ്പരായിപ്പോകും.

ഈ നാടിന്റെ പേരു ഞാന്‍ മാറ്റും. ചെകുത്താനു കൊടുത്താലോ ആ പദവി എന്നു വിചാരിക്കുന്നു. അവിടെ എന്താണൊരു കുറവ്‌, ചിക്കുന്‍ ഗുനിയ ഇല്ലേ?, തക്കാളിപ്പനി ഇല്ലേ?, കൊതുകില്ലേ, മാലിന്യമില്ലേന്ന് ചോദിക്കരുത്‌. ഇതൊക്കെ ഒന്നുവേഗം തിരിച്ചെടുക്കണം. ഞങ്ങള്‍ക്കുവേണ്ട. മനുഷ്യരെപ്പറ്റിക്കാന്‍ ആണ്‌ ഇതെങ്കില്‍ വെറുതേയാണ്‌. ഇതൊക്കെ ഉണ്ടായിട്ടും ആരെങ്കിലും സീരിയല്‍ കാണാതെ ഇരിക്കുന്നുണ്ടോ? ഹര്‍ത്താല്‍ നടത്താതെ ഇരിക്കുന്നുണ്ടോ?

സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, രാഷ്ട്രീയക്കാരും തമ്മില്‍ എന്തുവ്യത്യാസം? സ്വാതന്ത്ര്യദിനം വരുന്നുണ്ട്‌. സ്വാതന്ത്ര്യദീനം എന്നാവും ആ ദിവസത്തിനു ഇനി മുതല്‍ പേരു കൊടുക്കാന്‍ പോകുന്നത്‌. ദീനങ്ങള്‍ സ്വതന്ത്രമായിട്ട്‌ വിഹരിക്കുന്നു.

മാലിന്യം കൂടിയിട്ട്‌ കൊതുകുകൂടുന്നെന്നും, കൊതുക്‌ കൂടുമ്പോള്‍ ചിക്കുന്‍ ഗുനിയ വരുന്നെന്നും, ചിക്കുന്‍ ഗുനിയ വരുമ്പോള്‍ മനുഷ്യര്‍ വൃത്തിയില്‍ ശ്രദ്ധിക്കാതെ പരിഭ്രമിച്ച്‌ പിന്നേം മാലിന്യം കൂടുന്നു എന്നൊക്കെയുള്ള ചാക്രിക തിയറി (ഇതിന്റെ അര്‍ത്ഥം എന്നോട്‌ ചോദിക്കരുത്‌) എന്നോട്‌ പറയരുത്‌. പിന്നെ, കൊതുകുണ്ടെങ്കില്‍ അത്രേം നല്ലത്‌. ചാറ്റ്‌ ചെയ്യുമ്പോള്‍ ബിസി എന്നിട്ടുവെക്കാമല്ലോ. കൊതുകിനെ അടിച്ചും പിടിച്ചും, സമയം തിരക്കിലാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുമോ?

മാവേലി വരാന്‍ തയ്യാറെടുപ്പ്‌ തുടങ്ങിക്കാണുമല്ലോ. അദ്ദേഹം കത്തയച്ചാല്‍ മുന്നറിയിപ്പ്‌ കൊടുക്കുക. വരുന്നതിനുമുമ്പ്‌, ഹെല്‍മെറ്റ്‌, പടച്ചട്ട(കൊതുകുകേറാത്തത്‌) എന്നിവ കൂടെ കരുതാന്‍ പറയണം. അല്ലെങ്കില്‍ കുമ്പയും തടവി, ജനറല്‍ ബോഡിയും കാണിച്ച്‌, കുടയും ചൂടി വന്നാല്‍, അടുത്ത ഓണത്തിനു ഞങ്ങള്‍ ഡ്യൂപ്പിനെ ഇറക്കേണ്ടിവരും.

ഒരു കാര്യം ഉണ്ടായി എന്തായാലും. ഓണത്തിനു സ്പെഷല്‍സ്‌ ഉണ്ടാക്കുമ്പോള്‍ എന്തു പേരിടും എന്നെനിക്ക്‌ കണ്‍ഫ്യൂഷന്‍ ഇല്ല. ചിക്കുന്‍ ഗുനിയയെന്നത് മുന്നില്‍ നിര്‍ത്തും. അതിനാണല്ലോ ഡിമാന്‍ഡ്‌. കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു പിടിക്കും എന്ന് പറഞ്ഞാണ്‌. കള്ളിയങ്കാട്ട്‌ നീലിയും, കായംകുളം കൊച്ചുണ്ണിയും ഒക്കെ ഔട്ട്‌ ആയി. അവരുടെയൊക്കെ പേരുപറയുമ്പോള്‍, കുട്ടികള്‍ ചോദിക്കും, അപ്പോള്‍ ചിക്കുന്‍ ഗുനിയയോ എന്ന്. അവര്‍ക്ക്‌ ചിക്കുന്‍ ഗുനിയ കഥ മതി. പണ്ട് പണ്ടൊരു രാജ്യത്ത്‌, ഒരു ചിക്കുന്‍ ഗുനിയ ഉണ്ടായിരുന്നു എന്നു തുടങ്ങിയാല്‍ അവര്‍ക്ക്‌ അത്രേം സന്തോഷം.

ഇനീം കുറേ പറയാനുണ്ട്‌. കുറ്റങ്ങള്‍. ഇതൊരു ചിക്കുന്‍ ഗുനിയ എപ്പിസോഡ്‌ ആണെന്നു കരുതിയാല്‍ മതി.

കാലനോട്‌ എന്റെ അന്വേഷണം പറയണം. ഈ വഴിക്കെങ്ങാന്‍ വന്നാല്‍...ഓര്‍മ്മയുണ്ടല്ലോ...ചിക്കുന്‍ ഗുനിയ? ഉം...അതു പ്രത്യേകം പറയണം. അല്ലെങ്കില്‍ എന്റെ ബ്ലോഗുണ്ട്‌.

പിന്നെ, താങ്ക്‌ യൂ വെരി മച്ച്‌. ഒരു ആഗസ്റ്റ്‌ കൂടെ തന്നതിന്. ഒരു സ്വാതന്ത്ര്യദിനം കൂടെ തരാന്‍ പോകുന്നതിന്. ഇങ്ങനെ ഒരുപാട്‌ സ്വാതന്ത്ര്യദിനങ്ങള്‍ സന്തോഷത്തോടെ ഇനിയും തരണം.

ഇനി അടുത്ത കത്തില്‍ ഒക്കെ എഴുതാം. ഇപ്പോള്‍ തീരെ സമയമില്ല. വിഷം കൈയ്യിലെടുത്തുനില്‍ക്കുന്ന നായികയുടെ ക്ലോസപ്പിലാണ്‌, വെള്ളിയാഴ്ച, സീരിയല്‍ തീര്‍ന്നത്‌. തിങ്കളാഴ്ച ആയിക്കിട്ടാന്‍ പെടുന്ന പാട്‌ വല്ലതും ദൈവത്തിനറിയാമോ.

അടുത്ത കത്തില്‍ അടുത്ത കത്തി.

എന്ന് ഭയഭക്തിബഹുമാനങ്ങളോടെ

സ്വന്തം സു.

Labels: ,

30 Comments:

Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ha ha ha ....
hi ...hi...hi...
:) :) :)

snEhaththOTe,
jyOthi
swantham naattil ninnum.

(athe..bhayankara bisi......:)

Mon Aug 06, 11:31:00 pm IST  
Blogger Nadia said...

ആരും വായ്ക്കുന്നതിനു മുന്നെ സൂ ചേച്ചീടെ ബ്ലോഗ് വായ്ക്കാന്‍ പറ്റുന്നതു ആദ്യമായിട്ടാണു.ഉറങ്ങാതെ ഇരുന്നതു വേസ്റ്റായില്ല.കഥകള്‍ എപ്പൊഴും വായ്ക്കാറുണ്ടു,പക്ഷെ ഒരു കമന്റ് ഇടാന്‍ വന്നതു ആദ്യമായിട്ടാണു,ഇപ്പൊഴണേ ഇതില്‍ എഴുതാന്‍ പഠിച്ചതു.എന്നത്തെയും പോലെ വളരെ നന്നാ‍യി.ഏതായാലും പുള്ളിക്കു തന്നെ കത്തെഴുതാന്‍ തൊന്നിയതു അടിപൊളി.

Tue Aug 07, 01:14:00 am IST  
Blogger Unknown said...

സൂ ചേച്ചി, സ്റ്റാമ്പൊട്ടിച്ചോ? ഇല്ലെങ്കില്‍ അതിനു വെറുതേ കാശു കളയണ്ട. ഏതെങ്കിലും ഭന്‍ഡാരപ്പെട്ടിയില്‍ ഇട്ടാല്‍ മതി. ദൈവം കാശ് എടുക്കാന്‍ വരുമ്മ്പോള്‍ വായിച്ചോളും. :-)

Tue Aug 07, 01:40:00 am IST  
Blogger Saha said...

സൂ...
അദ്ദേഹം ഒരല്‍പ്പം തെരക്കിലാണെന്നു പറയാന്‍ പറഞ്ഞു.
പന്തുകൊടുത്ത്‌ കളിക്കിറക്കിക്കഴിഞ്ഞാല്‍ ഇടയ്ക്ക്‌ കളിനിയമം മാറ്റുക പതിവില്ലത്രേ. അതുകൊണ്ട്‌ പെനല്‍റ്റി കോണര്‍ വരുമ്പോള്‍ ഗോള്‍ പോസ്റ്റ്‌ വിട്ടോടണ്ട എന്നു പറയാന്‍ പറഞ്ഞേല്‍പ്പിച്ചു.

പിന്നെ ഒന്നാം പകുതിയിലെ കളിയുടെ നിലപോലെ രണ്ടാം പകുതി ആയാസകരമോ അനായാസമോ ആകാം. എന്തായാലും കളിക്കുന്നതും സ്കോര്‍ ചെയ്യുന്നതും ഒക്കെ സൂ തന്നെ. അതുകൊണ്ട്‌ പെനല്‍റ്റി, മഞ്ഞക്കാര്‍ഡ്‌, കുതികാല്‍വെട്ട്‌ ഇവയൊന്നും ഭയക്കാതെ സധൈര്യം കളിക്കുവാന്‍ പറഞ്ഞിരിക്കുന്നു! ആ ഗോളി ഇല്ലാതിരുന്നെങ്കില്‍ ഞാന്‍ സ്കോര്‍ ചെയ്തേനെ.. എല്ലാവര്‍ക്കും ഓരോ പന്തു കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായേനെ... മുതലായ ദുര്‍വിചാരങ്ങള്‍ ഒന്നും വേണ്ട.

കൂടുതല്‍ എന്തെങ്കിലും അറിയിച്ചാല്‍ വഴിപോലെ അറിയിക്കാം, കേട്ടോ?
അപ്പോള്‍ നമുക്ക്‌ പിന്നെക്കാണാം. ഓ കെ?
സ്നേഹത്തോടെ സഹ

Tue Aug 07, 02:12:00 am IST  
Blogger Haree said...

മകളേ സൂ,
ശാന്തയാകൂ, (ഇങ്ങെത്തിയ സിനിമാനടി ശാന്തയാവാനല്ല, ശാന്തത കൈവരിക്കൂ എന്ന്!) നിന്റെ പ്രയാസങ്ങള്‍ നോം മനസിലാക്കുന്നു. ബട്ട് വാട്ട് ടു ഡൂ, നിന്റെ കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലം ഈ ജന്മത്തില്‍ നീ അനുഭവിച്ചേ മതിയാവൂ. അതിനാല്‍ നോം നിനക്ക് മനുഷ്യജന്മം തന്നു, മലയാളിയാക്കി, എന്നിട്ടും കലിപ്പ് തീരാഞ്ഞ് ഒരു ബ്ലോഗറുമാക്കി. എന്നിട്ടും നീ നന്നാവുന്നില്ലല്ലോ!!! പിന്നെ, എന്റെ സ്വന്തം നാട് ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ നടത്തും. സൌകര്യമുണ്ടെങ്കില്‍ ഇവിടെ കഴിയാം. (ഇല്ലെങ്കിലും ഒന്നും ചെയ്യുവാനില്ല, അള്‍ട്ടിമേറ്റ്ലി, ഇങ്ങിനെയൊക്കെ നിന്നെക്കൊണ്ട് എഴുതിക്കുന്നതും നോം തന്നെയാണല്ലോ!)

(സി.സി. എടുത്ത് ബ്ലോഗിലിട്ടതുകൊണ്ടാണ് ഈ മറുപടി. അല്ലെങ്കില്‍ പത്തിരുപത് വര്‍ഷമായി എഴുതുന്ന കത്തെല്ലാം വീണ അതേ ചവറുകുട്ട, ഇവിടെയുണ്ട്. ഇനിയും നമ്മള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ ഈ രീതിയില്‍ ചോര്‍ത്തിയാല്‍, അനുഭവം തിക്തമായിരിക്കും. ഓര്‍മ്മയിരിക്കട്ടെ!)
--
:) ഹി ഹി ഹി
ഞാനോടി...

Tue Aug 07, 06:59:00 am IST  
Blogger അനംഗാരി said...

soooveeeeeeeeeeeeeee...pooooooooooooooy!

enikku chirikkan vayya...
ee kathi aparam thanne!

Tue Aug 07, 08:26:00 am IST  
Blogger ശ്രീ said...

“കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു പിടിക്കും എന്ന് പറഞ്ഞാണ്‌.”

സൂവേച്ചി...
ഇതു രസമായി... പുള്ളി (ബ്ലോഗറല്ല, ദൈവത്തിനെയാട്ടോ) ഇതെങ്ങാനും വായിച്ചാല്‍ വല്ല വഴിക്കും ഇറങ്ങി പോയതു തന്നെ...

കുതിര വട്ടന്റെ കമന്റും നന്നായി... പക്ഷെ, ചിക്കുന്‍ ഗുനിയ പേടിച്ച് ദൈവം തന്നെ ഇപ്പോ കേരളത്തില്‍ നിന്നുള്ള ക്യാഷ് നേരിട്ടു കൈപ്പറ്റാറില്ലെന്നാ കേട്ടത്... അക്കൌണ്ടില്‍ ഇട്ടാല്‍ മതിയെന്നു പറയാനാണ്‍ സാധ്യത...

:)

Tue Aug 07, 09:16:00 am IST  
Blogger സാല്‍ജോҐsaljo said...

അങ്ങനെ സൂത്രത്തില്‍ സീരിയലിന്റെ കഥ ചോദിക്കാനല്ലേ.. ങും.. ങും...


;)

Tue Aug 07, 09:32:00 am IST  
Blogger വേണു venu said...

സൊ ജാവോ ബേട്ടാ, ചിക്കന്‍‍ ഗുനിയാ ആരേം. ഹാഹാ....:)

Tue Aug 07, 09:33:00 am IST  
Blogger കുഞ്ഞന്‍ said...

സ്പെഷ്യല്‍ വഴിപാടു നേര്‍ന്നാല്‍ മാത്രമേ എന്തും സ്വീകരിക്കുകയൊള്ളൂവെന്നു ദൈവം എന്നോടു പറയാന്‍ പറഞ്ഞു.

Tue Aug 07, 11:09:00 am IST  
Blogger വിനയന്‍ said...

su
ആര്‍ക്കാണീ കത്ത്, എന്തറിഞ്ഞിട്ടാണ് ഇത്..
സ്വര്‍ഗത്തേക്കാള്‍ സുന്ദരമായിരുന്നു ഈ നാട് മഹാബലിഭരിച്ചിരുന്നപ്പോള്‍ , അന്ന് വാമനന്റെ ‍ വേഷം പൂണ്ട് വന്ന് അയാളേ ചവുട്ടി താഴ്ത്തിയ ദൈവത്തിനാണോ കത്തയക്കുന്നത്.
എല്ലാം ദൈവത്തില്‍ നിന്നാണെന്ന് കരുതുന്ന നമ്മള്‍ പിന്നെന്തിനോട് പരാതി പറയണം.കാണിക്കയും കോപ്പുമെല്ലാം ദൈവത്തിനല്ലല്ലോ വെക്കുന്നത്.നമ്മുടെ സ്വന്തം കാര്യം നേടിയെടുക്കാനല്ലേ ?

അടുത്ത ജന്മം എന്ന വിശ്വാസം തന്നെ മേലാള സവര്‍ണ വര്‍ഗ്ഗം കീഴാളനെ പറ്റിക്കാന്‍ പറഞ്ഞുണ്ടാക്കിയ നുണക്കഥ.ഈ ജനമത്തില്‍ തന്റെ ജാതി നിയോഗം അനുസരിച്ച് ജീവിച്ചാല്‍ അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാമെന്ന്.പാപം ചെയ്തവര്‍ അടുത്തജന്മത്ത്തില്‍ കാക്കകളും പട്ടികളുമായി ജനിക്കുമത്രെ അങ്ങനെയെങ്കില്‍ ഈ ഭൂമി പട്ടിയെയും കാക്കകളെയും കൊണ്ട് നിറഞ്ഞേനെ. !!!!!!!
------------------------
ഓടോ ആയെങ്കില്‍ പൊറുക്കൂ...ഓടിച്ചിട്ട് അടിക്കാതിരിക്കൂ.......

Tue Aug 07, 12:29:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അത് ശരി.. അപ്പൊ കത്തിടപാടൊക്കെ ഇപ്പൊഴും ഉണ്ടല്ലെ?

Tue Aug 07, 12:31:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

ദൈവം ആരോടും പറഞ്ഞിട്ടില്ല നേര്‍ച്ചപ്പെട്ടിയില്‍ കാണിക്കയിട്ടാല്‍ കാര്യം സാധിച്ച് കൊടുക്കമെന്നു. മനുഷ്യന്‍ നേര്‍ച്ചയിട്ട് ദൈവത്തെക്കൂടി കൈക്കൂലി മേടിക്കാന്‍ പ്ഠിപ്പിക്കുകയല്ലെ? പട്ടിണികിടക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കാത്ത മനുഷ്യന്‍ അമ്പലത്തിലും പള്ളികളിലും വാരിക്കോരി കൊടുക്കും. ദൈവത്തിനെന്തിനാ കാശ്?

ഗുരുവായൂരമ്പലത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ഇട്ട് വരാനോ വരാതിരിക്കാനോ ഗുരുവായൂരപ്പന്‍ പറഞ്ഞിട്ടില്ല. ഗുരുവയൂരപ്പന്റെ പേരും പറഞ്ഞു ജോലിചെയ്യതെ ജീവിക്കുന്നവരാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്? അപ്പോള്‍ ദൈവഹിതമെവിടെ? മനുഷ്യഹിതമെവിടെ?

എല്ലാം ട്രസ്റ്റിന്റെ കയ്യിലായിപ്പോയില്ലെ? അവര്‍ക്കൊക്കെ എന്തുമാകാമല്ലോ?

Tue Aug 07, 12:33:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചീ.. ഒരു പാട്‌ ആനുകാലികപ്രസക്തമുള്ള കാര്യങ്ങള്‍ കത്തിലൂടെ വിവരിച്ചിരിയ്ക്കുന്നു. രസകരമായിട്ടുണ്ട്‌.. :-)

Tue Aug 07, 01:46:00 pm IST  
Blogger നന്ദു said...

ഉള്ളടക്കത്തേക്കുറിച്ച് പറയാന്‍ ഞാനില്ല.
ദൈവത്തെ സപ്പോറ്ട്ട് ചെയ്താല്‍ നാട്ടുകാര്‍
തെറിപറഞ്ഞു കൊല്ലും. സൂ നെ സപ്പൊറ്ട്ട്
ചെയ്താല്‍ “സ്ത്രീ പ്രീണനം “ എന്നു പറഞ്ഞ്
ബ്ലോഗര്‍മാര്‍ ചേര്‍ന്ന് തല്ലി തല്ലി കൊല്ലും!.
എന്നാലും നല്ല കുറിപ്പ്. ചിരിയും ചിന്തയും

Tue Aug 07, 05:21:00 pm IST  
Blogger സു | Su said...

ജ്യോതിര്‍മയീ ജീ :) നന്ദി. ആദ്യത്തെ കമന്റിന്.

നാദിയ :) സ്വാഗതം.

കുതിരവട്ടന്‍ :) വേണ്ട വേണ്ട. അതൊക്കെ ഞാന്‍ അയച്ചോളാം. ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടിട്ട് വേണം, കുതിരവട്ടന് കത്ത് മാറ്റാന്‍. അല്ലേ?

സഹ :) തിരക്കിലാണെന്നു മനസ്സിലായി. അതുകൊണ്ടാണല്ലോ എഴുതേണ്ടിവന്നത്. ഇനിയും എന്തെങ്കിലും അറിയിപ്പ് കിട്ടിയാല്‍ പറയണം കേട്ടോ.

ഹരീ :) മകനേ, ഇതൊക്കെ നിനക്ക് വന്ന കത്തിലെ വാചകങ്ങള്‍ അല്ലേ? കുറച്ച് മാറ്റി ഇവിടെ ഇട്ടതല്ലേ? നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

അനംഗാരീ :) ഹിഹി.

ശ്രീ :) അതെ. അങ്ങനെ പറയും. പക്ഷെ ഞാന്‍ കാശൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സാല്‍ജോ :) സീരിയലിന്റെ കഥ ആദ്യം അറിയാനോ? അതു മാത്രം ശരിയാവില്ല.

വേണു ജീ :) അതെ. അങ്ങനെ പേടിപ്പിക്കാം.

കുഞ്ഞന്‍ :) ഓക്കെ. എന്നാല്‍ സ്പെഷല്‍ ആയിക്കളയാം.

വിനയന്‍ :) ഇത് ദൈവത്തിന്. മനസ്സിലായില്ലേ? കാര്യം നേടാനല്ലാതെ ദൈവത്തിനെ സഹായിക്കാനാണോ കാണിക്ക വെക്കുന്നത്? ദൈവം സഹായിച്ചാല്‍ അതിനു നന്ദി കാണിക്കാനും കാണിക്ക വെക്കാം. രണ്ടാമത്തെ പാരഗ്രാഫും ഈ പോസ്റ്റും തമ്മില്‍ ഒരു ബന്ധം ഞാന്‍ കണ്ടില്ല. അതൊക്കെ ഇവിടെ എന്തിനു പറഞ്ഞു എന്നും മനസ്സിലായില്ല. മേലാളരും കീഴാളരും ഒക്കെ എവിടെനിന്നു വന്നു?

ഇട്ടിമാളൂ :) ഉണ്ട് ഉണ്ട്. അതൊക്കെ പെട്ടെന്നങ്ങ് നിര്‍ത്താന്‍ പറ്റുമോ?


സണ്ണിക്കുട്ടാ :) ശരിയാ. ദൈവത്തിനെന്തിനാ കാശ്? ആരെയെങ്കിലും സഹായിക്കുന്നുണ്ടെങ്കില്‍, കാണിക്ക കൊണ്ട് കാര്യം ഉണ്ടാവും.

സൂര്യോദയം :) നന്ദി.

നന്ദു :) നന്ദി. എന്തെങ്കിലും ഒന്നു പറയണമെങ്കില്‍ പലരേയും പേടിക്കണം അല്ലേ?

Tue Aug 07, 05:54:00 pm IST  
Blogger krish | കൃഷ് said...

സൂവിന്റെ കത്തിക്ക് / കുത്തിന് / കത്തിന് ദൈവത്തിന്റെ മറുപടി വന്നുവോ.
വന്നാല്‍ അറിയിക്കുമല്ലോ. ഓണത്തിന് സാക്ഷാല്‍ മാവേലി വരുമോ അതൊ ചിക്കന്‍‌ഗുനിയയെ പേടിച്ച് ഡ്യുപ്പിനെ അയക്കുമോ.

Tue Aug 07, 06:13:00 pm IST  
Blogger ഉപാസന || Upasana said...

ചേച്ചിക്ക് നല്ല ആനുകാലിക സംഭവങ്ങളുടെ അറിവുണ്ട്... കുറച്ചു കൂടെ ഷാര്‍പ്പ് ആയി പൊട്ടിത്തെറിച്ച് എഴുതാമല്ലോ.. രാഷ്ട്രീയക്കാരെയൊക്കെ ചീത്ത പറഞ്ഞ്...
പിന്നെ ദൈവവിശ്വാസിയാണല്ലെ..? ദൈവം ഉണ്ടോ.. കണ്ടിട്ടുണ്ടോ....

സുനില്‍

Tue Aug 07, 07:19:00 pm IST  
Blogger സു | Su said...

കൃഷ് :)മറുപടി കിട്ടിയാലുടന്‍ അറിയിക്കാം. മാവേലിയുടെ കാര്യവും അറിയിക്കുമായിരിക്കും.

സുനില്‍ :) പൊട്ടിത്തെറിച്ച് രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടെന്താ? അവരും നമ്മെപ്പോലെ മനുഷ്യര്‍ തന്നെയല്ലേ? പക്ഷെ ചെയ്യാന്‍ പറ്റുന്നത് ചെയ്യാതെ ഇരിക്കുമ്പോള്‍ നമുക്ക് ദേഷ്യം വരും അതു തന്നെ.
ദൈവവിശ്വാസിയാണ്. ദൈവം ഉണ്ടോ? ഉണ്ടാവുമായിരിക്കും. ഈ ചോദ്യം കേള്‍ക്കുമ്പോള്‍
ശ്രീനിവാസനോട്, മോഹന്‍ലാല്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ചോദിക്കുന്ന

“ങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ?”
“ഇല്ല”
“ന്നാ ദുബായ് ഇല്ലേ?”

എന്ന ചോദ്യം ഓര്‍മ്മവരും.

ഹിഹിഹി.

Tue Aug 07, 09:44:00 pm IST  
Blogger വിനയന്‍ said...

സു
അത് ഒരു ഓ ടോ ആയിരുന്നു ഞാന്‍ ഒരു മുന്‍ കൂര്‍ ജാമ്യവും എടുഇത്തിരുന്നു.ദൈവം,പരീക്ഷണം,അനുഗ്രഹം, അടുത്ത ജന്മം ഒക്കെ ബന്ധപ്പെട്ടു കിടക്കുകയാണല്ലോ !! ഞാന്‍ ഒരു ചീപ്പ് സെന്റിമെന്‍സ് ദൈവ വിശ്വാസിയല്ല.

എല്ലാം അറിയുന്നവന്‍ ദൈവം എല്ലാം കാണുന്നവന്‍ ദൈവം പിന്നെ എന്തിന് ദൈവത്തിന് ഇങ്ങനെ കൈകൂലി കൊടുക്കണം.ദൈവം സര്‍ക്കാറുദ്യോഗസ്ഥനാണോ.ദൈവത്തിന് കൊടുക്കുന്നത് സാധുക്കള്‍ക്ക് കൊടുക്കാത്തതെന്ത് ? .കഷ്ടപ്പെടുന്നവന്റെ അടുത്തല്ലേ ദൈവമുള്ളത്.
--------------------------
നിങ്ങള്‍ കാണിക്ക വെച്ചാലും ഇലെങ്കിലും ദൈവം ചെയ്യേണ്ടത് ചെയ്യും നമ്മുടെയൊന്നും യോഗ്യത കൊണ്ടല്ല ദൈവം ഒന്നും തരുന്നതും അത് തിരിച്ചെടുക്കുന്നതും.എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങള്‍ മാത്രം.

ഇങ്ങനെയൊക്കെ എഴുതിയതില്‍ ഒന്നും പരിഭവിക്കേണ്ടതില്ല വെറും ലോല ചിന്തകളില്‍ അല്പം ഗൌരവവും ആവാം.ചുമ്മാ ഇതൊക്കെ ഒന്ന് ഓര്‍ത്തിരിക്കാമല്ലോ.എന്തെങ്കിലും ദോഷമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല സു വിന് അങ്ങനെ തോന്നുന്നുവെങ്കില്‍ കമന്റ് ഡിലിറ്റ് ചെയ്തോളൂ.

നന്ദി

Wed Aug 08, 10:37:00 am IST  
Blogger പ്രിയംവദ-priyamvada said...

..കത്തിനു നന്ദി ..അഡ്രസ്‌ തെറ്റിയതിനാല്‍ വൈകിയാണു കിട്ടിയതു ..കേരളം എന്റെ സ്വന്തം നാടാണു .ശരിതന്നെ ..എന്നാല്‍ ഞാനിപ്പോള്‍ കുറെ നാളായി ഒരു NRI ആണെന്നു അറിയില്ലെ...അവിടുത്തെ കാര്യങ്ങള്‍ എല്ലാം outsource ചെയ്തിരിക്കുകയാണു...ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ കേരള മോഡല്‍ എന്നൊക്കെ പറഞ്ഞു ഭയ്ങ്കര പേരായിരുന്നില്ലെ? സമ്പൂര്‍ണ സാക്ഷരത..കുറഞ്ഞ infant mortality അങ്ങിനെ എന്തെല്ലമൊ പറഞ്ഞു വലിയ പഠനമൊക്കെ ആയിരുന്നില്ലെ ..ഇപ്പൊ അവരു എല്ലം കൊളമാക്കിയോ..അടുത്ത vacation പാരിസ്‌ ആയിരുന്നു..ശരി ശരി കേരളത്തില്‍ വന്നു കളയാം.., അതു വരെ keep doing വഴിപാടുകള്‍..

Wed Aug 08, 10:47:00 am IST  
Blogger ദീപു : sandeep said...

പണ്ട് പണ്ടൊരു രാജ്യത്ത്‌, ഒരു ചിക്കുന്‍ ഗുനിയ ഉണ്ടായിരുന്നു എന്നു തുടങ്ങിയാല്‍ അവര്‍ക്ക്‌ അത്രേം സന്തോഷം.

:) :)

രണ്ട്‌ ഇസ്മൈലി.

Wed Aug 08, 10:57:00 am IST  
Blogger സു | Su said...

വിനയന്‍ :)ഇതൊരു തമാശക്കത്തല്ലേ? അതുകൊണ്ട്, ആവശ്യമില്ലാത്ത ഗൌരവമൊക്കെ ചിന്തിച്ചുകൊണ്ടുവരണോ എന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഞാനെന്തായാലും ഗൌരവമായി ചിന്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ദൈവവിശ്വാസം, ചീപ്പ് സെന്റിമെന്റ്റ്സ് എന്ന വിശ്വാസം, വിനയന് തിരുത്തേണ്ടിവരുമോയെന്ന് കാലം തെളിയിക്കും. അല്ലെങ്കിലും ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം അല്ലേ?

പ്രിയംവദ :) അതെ. അങ്ങനെ പാരീസിലും ലണ്ടനിലും ഒക്കെ അലഞ്ഞുനടക്കുന്നതുകൊണ്ടാണല്ലോ, സ്വന്തം നാട്ടുകാര്‍, അലമുറയിട്ട് വിളിക്കേണ്ടിവരുന്നത്. ;)

ദീപൂ :):):):)

Wed Aug 08, 11:30:00 am IST  
Blogger മെലോഡിയസ് said...

കാലനെയും ബ്ലോഗ് കാട്ടി പേടിപ്പിക്കാംന്ന് കരുതിയല്ലേ സൂ ചേച്ചി...

നല്ല പോസ്റ്റ് ട്ടാ..

Wed Aug 08, 03:49:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യം നോക്കിയതു കത്തിന്റെ അവസാനമാ നമ്മടെ ശ്രീശാന്ത് പുള്ളിക്ക് ഒരു കത്തയച്ചിട്ട് അടീലു പേരു വയ്ക്കാത്തോണ്ടെന്തെല്ലാം പൊല്ലാപ്പാ ഉണ്ടായത്.

സ്വാതന്ത്ര്യ “ദീന“ ആശംസകള്‍ മുന്‍‌കൂറായി

Wed Aug 08, 04:43:00 pm IST  
Blogger Raji Chandrasekhar said...

കത്തു കിട്ടി. മറുപടി അയക്കാന്‍ ഏല്പിച്ചിരുന്നു. കിട്ടിക്കാണുമല്ലൊ.

എന്റെ പേരിലും വേഷത്തിലും‍ പലരും വരും, സ്ഥലത്തില്ലായിരുന്നു nri ആണ് എന്നൊക്കെപ്പറയും. ചിലപ്പൊ പ്രിയംവദ എന്നൊരു പേരും പറയും.

സൂക്ഷിച്ചോണേ, ഇനിയും കത്തയക്കാനുള്ളതല്ലേ,,,

Wed Aug 08, 07:28:00 pm IST  
Blogger ചീര I Cheera said...

ഞാന്‍ കാണുന്നുണ്ട്, സൂന്റെ കത്തും കയ്യില്‍ പിടിച്ചിരിയ്ക്കുന്ന ആ സര്‍വ്വേശ്വരനെ..

മൂപ്പര്‍ ഒരു പുഞ്ചിരി തൂകി പറയുന്നുണ്ട് -
“മകളേ, നീ നിന്നുടെ കര്‍മ്മം ആത്മാര്‍ത്ഥമായി ചെയ്യൂ.. അതിന്റെ ഫലം ഞാന്‍ തരാം . നീ ബുദ്ധിമുട്ടി സാരിയുടുത്ത് അംബലത്തില്‍ വന്നെന്നെ കാണണമെന്നൊരു നിര്‍ബന്ധവും ഇല്ല, വഴിപാടു കഴിയ്ക്കണമെന്നൊരു നിര്‍ബന്ധവും ഇല്ല.. എനിയ്ക്കു സന്തോഷം നീ സന്തോഷത്തോടെ, സംത്ര്‌പ്തിയോടെ, ഞാന്‍ നിനക്കു സമ്മാനിച്ച ജീവിതം ഉപയോഗപ്പെടുത്തുമ്പോഴാണ്. ഒരു ടീച്ചരുടെ സന്തൊഷം എന്താണ്?, പഠിപ്പിച്ചു കൊടുത്തത് പഠിച്ച്, വിദ്യാര്‍ത്ഥി മിടുക്കന്‍ / മിടുക്കി ആകുമ്പോള്‍, അല്ലാതെ പതിവായി കാണിയ്ക്ക കൊണ്ടു വരുമ്പോഴല്ലല്ലോ,, അതുപൊലെ തന്നെ ഞാനും...! അതു മാത്രം ഓര്‍ക്കുക, മറ്റുള്ളതെല്ലാം മറക്കുക!
നിനക്കു സര്‍വ മംഗളവും വരട്ടെ!”

എന്നിട്ട് ഭദ്രമായി സൂന്റെ കത്തെടുത്തു വെയ്ക്കുന്നത് ഞാന്‍ ശരിയ്ക്കും കണ്ടു!

Wed Aug 08, 07:51:00 pm IST  
Blogger മയൂര said...

door door gaon mein(anggu kerala mein) jab bachcha raat ko rota hai, to su kehti hai, bete/beti, so ja...so ja nahin to chicken guniya aa jaayega ;)

nalla kidilan post..oro line-um valichu murukkiyekuvalle....:)

Thu Aug 09, 07:19:00 am IST  
Blogger സു | Su said...

മെലോഡിയസ് :) അങ്ങനെ വിചാരിച്ചേക്കാം എന്ന് വിചാരിച്ചു.

കുട്ടിച്ചാത്തന്‍ :) പേരൊക്കെവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് ദീനം ആയാല്‍ ബാക്കി ഞാന്‍ അപ്പോ പറയാം.

രജി സര്‍ :) മറുപടി വെറും കളിപ്പിക്ക‌ല്‍‌സ് മറുപടി ആയിപ്പോയി. ഇനി ആരെങ്കിലും കത്ത് മാറ്റിയതാണോയെന്നറിയില്ല. ഇനി നേരിട്ട് അയച്ചാല്‍ മതി.

പി. ആര്‍. :) അങ്ങനെയൊക്കെ കാണുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. അതൊക്കെ നേരെ ചെന്നുവീഴുന്നത് ചവറ്റുകുട്ടയിലേക്കാണെന്നു തോന്നുന്നു.

മയൂര :) വലിച്ചുമുറുക്കിയിട്ടുണ്ടോ? പൊട്ടിപ്പോകുമോ? ;)

Thu Aug 09, 10:30:00 am IST  
Blogger ബിന്ദു said...

"സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, രാഷ്ട്രീയക്കാരും തമ്മില്‍ എന്തുവ്യത്യാസം? സ്വാതന്ത്ര്യദിനം വരുന്നുണ്ട്‌. സ്വാതന്ത്ര്യദീനം എന്നാവും ആ ദിവസത്തിനു ഇനി മുതല്‍ പേരു കൊടുക്കാന്‍ പോകുന്നത്‌. ദീനങ്ങള്‍ സ്വതന്ത്രമായിട്ട്‌ വിഹരിക്കുന്നു".
=))

Tue Aug 14, 06:56:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home