Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 21, 2005

മേൽ വിലാസം.

ആശയദാരിദ്ര്യം വന്നാൽ ചിലർക്ക്‌ അങ്കലാപ്പ്‌ വരും എന്നു കേട്ടു. അങ്കലാപ്പ്‌ എന്റെ കൂടെ അന്നും ഇന്നും ഉള്ളതുകൊണ്ട്‌ അതൊരു പുതിയ രൂപത്തിൽ വരും എന്നേ ഞാൻ കണക്കാക്കാറുള്ളൂ. ചിലരുടെ വാചകക്കസർത്ത്‌ കണ്ട്‌ ഈശ്വരാ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്ന് വിചാരിച്ച്‌ അമ്പരന്ന് ഇരിക്കുകയാണ് ഇപ്പോൾ മെയിൻ പരിപാടി. അങ്ങനെ അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന ഒരു ഗുഡ്‌ ആഫ്റ്റർനൂണിലാണ് ഒരു നടത്തം ആയിക്കളയാം എന്ന് തോന്നിയത്‌. സൂര്യന്റെ ചൂടേറ്റ്‌ തലയ്കകത്ത്‌ വല്ലതും ജ്വലിച്ചാലോ. റോഡാണെങ്കിൽ ചിലരുടെ വിവരമില്ലായ്മ പോലെ നീണ്ടു നിവർന്നങ്ങനെ കിടക്കുകയല്ലേ. സർക്കാർ റോഡിൽ ആർക്ക്‌ വേണേലും എപ്പോ വേണേലും തേരാപ്പാരാ നടക്കാം. ആരു ചോദിക്കാൻ ? നടന്നു. കുറച്ച്‌ നടന്നപ്പോൾ ഒരു വാഹനം തൊട്ടടുത്ത്‌ ബ്രേക്കിട്ടു. നട്ടുച്ചയ്ക്ക്‌ തട്ടിക്കൊണ്ടുപോവലോ എന്നൊന്നും ഞാൻ ചിന്തിക്കില്ല. തട്ടിക്കൊണ്ടുപോയാൽ പോയവൻ കുടുങ്ങും അത്ര തന്നെ. എനിക്ക്‌ പത്തൊൻപതാം അടവ്‌ അറിയാം. ഓട്ടം. പിന്നെ ഇപ്പോൾ എകലവ്യ ആയിട്ട്‌ ഇരുപതാം അടവായ വാചകക്കസർത്ത്‌ പഠിക്കുന്നു. വെറും വാചകം അല്ല. എന്തിൽ തുടങ്ങുന്നു എന്തിൽ അവസാനിക്കുന്നു എന്നു എഴുതിയവനു പോലും പിന്നെ നോക്കിയാൽ മനസ്സിലാവാത്ത ടൈപ്പ്‌ വാചകം. വായിച്ചാലും വായിച്ചാലും മനസ്സിലാവില്ലെങ്കിൽ പറഞ്ഞാൽ മനസ്സിലാവുമോ. ഓ.. എന്റെയൊരു കാര്യം. അതുംകൂടെ പഠിച്ചിറങ്ങിയാൽ പിന്നെ ചുറ്റുമുള്ളവരുടെ കാര്യം പറയേണ്ടി വരില്ല. ഇതൊക്കെ കൊണ്ടു തന്നെ വണ്ടി വന്നു നിന്നപ്പോൾ എനിക്ക്‌ ഒരു ചെറിയ കൌതുകം മാത്രമേ ഉണ്ടായുള്ളൂ. ഒരാൾ വാഹനത്തിൽ നിന്ന് സിനിമാപ്പരസ്യം നീട്ടുന്നതുപോലെ ഒരു കടലാസ്‌ നീട്ടി. ഈ അഡ്രസ്‌ ഒന്നു നോക്കി പറഞ്ഞു തരാമോ. ഇത്രേം കാലം ആയിട്ട്‌ സ്വന്തം അഡ്രസ്സിന്റെ കാര്യം അറിയില്ല, പിന്നെയാ ആരാന്റെ അഡ്രസ്സ്‌ എന്ന് മനസ്സിൽ പറഞ്ഞു. എന്നാലും ചെയ്യുന്ന ഓരോ പുണ്യത്തിനും മുകളിൽ ഇരിക്കുന്ന തമ്പുരാൻ ഓരോ വര വരയ്ക്കും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ട്‌ കടലാസ്‌ വാങ്ങി നോക്കി. എഴുത്തൊക്കെ അസ്സലായിട്ടുണ്ട്‌. കുഴപ്പമൊന്നുമില്ല. പറഞ്ഞു. ‘ഇവിടെ നിന്ന് നേരെ രണ്ട്‌ കിലോമീറ്റർ പോയാൽ താഴോട്ട്‌ ഒരു റോഡുണ്ട്‌. അതിലൂടെ കുറച്ച്‌ പോയാൽ ഒരു ഫാക്ടറി പോലെ ഒന്ന് കാണാം. കുറച്ചുംകൂടെ പോയാൽ ഒരു മൃഗാശുപത്രി കാണാം. പിന്നേം കുറച്ച്‌ പോയാൽ ഒരു അമ്പലം കാണാം. കുറച്ചും കൂടെ പോയാൽ ഒരു കുളം കാണാം. അതിനും കുറച്ച്‌ മാറി ഒരു വീടു കാണാം. ആ വീട്ടിൽ സു ഡോ കു വും ചെയ്ത്‌ വെറുതേ സമയം കളയുന്ന എന്റെ അമ്മയാണേ സത്യം, പൊന്നുചേട്ടാ... എനിക്കീ അഡ്രസ്സ്‌ എവിടെയാന്നു കാട്ടിത്തരാൻ അറിയില്ല. പറയലും കടലാസ്സ്‌ തിരികെ നൽകലും മുങ്ങലും ഒക്കെ ഒരുമിച്ച്‌. കാരണം ചേട്ടന്റെ ഡയലോഗ്‌, വടി കൊടുത്ത്‌... എന്നു തുടങ്ങുന്നത്‌ ആരു മറന്നാലും ഞാൻ മറക്കരുതല്ലോ.

5 Comments:

Blogger Visala Manaskan said...

ആശയദാരിദ്ര്യം വന്നാൽ അതുമൊരു പോസ്റ്റിങ്ങാക്കി മാറ്റാൻ കഴിയുന്ന സുഹൃത്തേ.. സൂ..സീ (വെറുതെ ഒരു ട്രൈ)

'വിദേശത്ത്‌ ജോലിയും പല പല ആളുകളെപ്പരിചയവും' ഉണ്ടായിട്ടെന്താ.... സൂ നടന്ന പോലെ 'സ്വന്തം നാട്ടിൽ തേരാപ്പാര നടക്കാൻ കഴിയുന്നുണ്ടോ..?' മിസ്സിങ്ങ്‌, മിസ്സിങ്ങ്‌..!

Mon Nov 21, 09:54:00 am IST  
Anonymous Anonymous said...

മുന്നിൽ വഴിയും, വായിൽ നാക്കുമുണ്ടെങ്കിൽഈ ലോകത്തിന്റെ ഏതറ്റവും പോയി വരാമെന്നാണു കരുതിയിരുന്നത്..
സൂ..നെപ്പോലെയുള്ളവർ ആ ധാരണക്കു തുരങ്കം വെക്കുകയാണല്ലോ..
നമുക്കു ചോദിച്ചു ചോദിച്ചു പൂവ്വാം എന്നു വിചാരിച്ചൈരിക്കുമ്പോഴാണു സൂ ഇങ്ങനെ ബ്ലോഗുന്നതു..

നുമ്മളു തമ്മിൽ അത്ര വലിയ വ്യത്യാസമില്ല വെരുമൊരു “ഫി” അത്രന്നെ..
:)
സൂഫി

Mon Nov 21, 02:22:00 pm IST  
Anonymous Anonymous said...

Su. vinte veedu pallikkunnil aano?

Tue Nov 22, 11:32:00 am IST  
Anonymous Anonymous said...

SU, this is good post -a nice satire

Tue Nov 22, 03:33:00 pm IST  
Blogger സു | Su said...

വിശാലാ... സൂ സീ എന്നു വെറുതേ ട്രൈ ചെയ്യേണ്ട.:)

സൂഫീ :) സ്വാഗതം. നമ്മളു തമ്മിൽ വല്യ വ്യത്യാസം ഇല്ലാത്തത് പേരിന്റെ കാര്യത്തിൽ മാത്രം അല്ലേ. എഴുതുന്നതൊക്കെ വായിക്കാൻ വരാറുണ്ട് കേട്ടോ.

തുളസി, ആ വഴിക്ക് വരണ്ട.

അജ്ഞാതാ :) പള്ളിക്കുന്നിൽ സെൻ ട്രൽ ജയിൽ അല്ലേ.

സുനിൽ :)

Thu Nov 24, 10:33:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home