Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 29, 2005

തയ്യൽ!

ഒരാളെ വേണമെങ്കിൽ വെടിവെച്ച്‌ കൊല്ലാം എന്നും പറഞ്ഞ് എനിക്കൊരവസരം തരികയാണെങ്കിൽ ഞാൻ ഞങ്ങളുടെ വസ്ത്രങ്ങൾ തയ്ച്ച്‌ “കൊളമാക്കുന്ന” തയ്യൽക്കാരനെ എടുക്കും. അത്രയ്ക്കും ക്ഷമ കെട്ട്‌ ഇരിക്കുകയാണ് ഞാൻ. ആ കഥ മഹാഭാരതം പോലെ കുറെ നടക്കും. ആരുടെയെങ്കിലും വിവാഹത്തിനു വസ്ത്രങ്ങൾ തയ്ക്കാൻ കൊടുത്താൽ വിവാഹോം കഴിഞ്ഞ്‌ അവരുടെ കുഞ്ഞിന്റെ ചോറൂണും കഴിഞ്ഞ്‌ ചോദിച്ചാൽ ആയില്ലല്ലോന്നു പറയുന്ന മഹാത്ഭുതം. ചുരിദാർ തയ്ക്കാൻ കൊടുത്തിട്ട്‌ അതിന്റെ താഴെ ഭാഗം ബെർമുഡ പോലെ ആക്കിത്തന്നു. ചോദിച്ചപ്പോൾ വെട്ടിയപ്പോൾ അബദ്ധം പറ്റി നീളം കുറഞ്ഞതാണത്രേ. നിനക്കെന്റെ നാക്കിന്റെ നീളം ശരിക്കറിയില്ല, നിന്നെ ഒരു വെട്ട്‌ വെട്ടിയാൽ എനിക്കു തെറ്റുകയും ഇല്ലാന്നു മനസ്സിൽ പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ മുകൾഭാഗം മാത്രം ഇട്ടാൽപ്പോരേ ഞാൻ എന്നു ചോദിച്ചപ്പോൾ വേറേ ആരോ തയ്ക്കാൻ കൊടുത്തതിന്റെ തുണി വെട്ടി നീളം കൂട്ടിത്തന്നു. ഏതെങ്കിലും പാവത്തിന്റെ ആയിരിക്കും അതുകൊണ്ട്‌ പിന്നത്തെ തവണ പോയപ്പോഴും ഇദ്ദേഹം അവിടെ ഉണ്ട്‌. ഒരു പ്രാവശ്യം തയ്ക്കാൻ കൊടുത്തത്‌ വാങ്ങാൻ പോയപ്പോൾ ഒരു സ്ത്രീ 3 ബ്ലൌസ്‌ അയാളുടെ മുന്നിലേക്കിട്ട്‌, ഇതുപോലെ 3 എണ്ണം രണ്ടു ദിവസത്തിനകം തന്ന് കൊള്ളണം ഇല്ലെങ്കിൽ ബാക്കി അപ്പോ പറയാം എന്നും പറഞ്ഞ്‌ അളവു ബ്ലൌസും കൊടുത്ത്‌ സ്ഥലം വിട്ടു. കാര്യം അറിഞ്ഞപ്പോ എനിക്ക്‌ അവരോടൊരു ആരാധന തോന്നി. അവരുടെ ആ 3 ബ്ലൌസും ഇയാളുടെ കസർത്ത്‌ കാരണം നശിച്ചു.
ബ്ലൌസിനുള്ള തുണി അധികം ഉണ്ടാകും , ആവശ്യമുള്ളത്‌ വെട്ടിയെടുത്തിട്ട്‌ ബാക്കി തരണം എന്ന് പറഞ്ഞ്‌ കൊടുത്തു. തുന്നിക്കിട്ടിയപ്പോൾ ഞാൻ ഭാവിയിൽ വെക്കാൻ പോകുന്ന വണ്ണവും കൂടെ മുൻ കൂട്ടിക്കണ്ട്‌ തയ്ച്ചു വെച്ചിരിക്കുന്നു. ചുരിദാർ തയ്ക്കാനുള്ള അളവിനു ഒരു പ്രാവശ്യം കൊടുത്തത്‌ ഒരു പഴയ റെഡിമേയ്ഡ്‌ ചുരിദാർ ആയിരുന്നു. കുറച്ച്‌ ടൈറ്റ്‌ ആക്കണം എന്ന് പറഞ്ഞു പോയി. അവൻ അവന്റെ മനസ്സു പോലെ ടൈറ്റാക്കി വെച്ചിട്ടുണ്ട്‌. ശ്വാസം കഴിക്കണമെങ്കിൽ അത്‌ അഴിച്ച്‌ വെച്ചാലേ പറ്റൂ. അതുകൊണ്ട്‌ അടുത്ത സുഹൃത്തുക്കളുടേം ബന്ധുക്കളുടേം വീട്ടിൽ പോകുമ്പോൾ മാത്രമേ അതിടൂ. ടൌണിൽ പോകുമ്പോൾ അത്‌ ഒഴിവാക്കി. ഇല്ലെങ്കിൽ ശ്വാസം മുട്ടി മേലോട്ട്‌ പോകും. ഇനി ഇടേണ്ടാന്നു വെച്ചാൽ, ഉള്ള കാശും കൊടുത്ത്‌ ഇഷ്ടപ്പെട്ട്‌ ഒന്ന് വാങ്ങിച്ചിട്ട്‌ ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ അഹങ്കാരം അല്ലേ. ഒരു പ്രാവശ്യം ചേട്ടന്റെ ഒരു സുഹൃത്ത്‌ പാന്റിനും ഷർട്ടിനും തുണി കൊടുത്തിട്ട്‌ ഷർട്ട്‌ കൊണ്ട്‌ പാന്റ്സും, തിരിച്ചും തുന്നിക്കൊടുത്തു. പിന്നെ അയാൾ ആ കടയുടെ മുന്നിൽക്കൂടെ പോയില്ല. ഒരു ബ്ലൌസ്‌ കൊടുത്തിട്ട്‌ കൊണ്ടുവന്നു നോക്കുമ്പോൾ അതിന്റെ പിന്നിൽ ആ കടയുടെ പരസ്യം " നിങ്ങളുടെ സന്തോഷത്തിനു വീണ്ടും വീണ്ടും സന്ദർശിക്കൂ " എന്ന് വെച്ചിട്ടുണ്ട്‌! ആ ബ്ലൌസ്‌ ഇടുമ്പോൾ സാരി പുതയ്ക്കണം എനിക്കിപ്പോ. വേറെ തയ്ക്കുന്നതുവരെ ഇടേണ്ടേ. ആ കാര്യം പറഞ്ഞ്‌ ഞാനും ഒരു കൂട്ടുകാരിയും കൂടെ അമ്പലത്തിനുമുന്നിൽ ഇരുന്ന് ഒരു മണിക്കൂർ അട്ടഹസിച്ചു. അതുവേറേ കാര്യം. ദൈവത്തിന്റെ ഓരോ സൃഷ്ടികൾ! ഞങ്ങളും അയാളും! വേറൊരു ബ്ലൌസ്‌ പുതിയ സ്റ്റൈലിൽ തയ്ക്കണം എന്നു പറഞ്ഞിട്ട്‌ കൊടുത്തു. തയ്ച്ചു കിട്ടിയപ്പോൾ അതിന്റെ പിന്നിൽ കുറേ വിൻഡോസ്‌! ഏതോ ഫാഷൻ മാസികയിൽ നിന്ന് കിട്ടിയതാണത്രേ! അതും ഇട്ട്‌ പുറത്തു പോയിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ വീട്ടിന്റെ വിൻഡോസ്‌ തുറക്കേണ്ടി വരില്ല. അത്രയ്ക്ക്‌ കേൾക്കും. അങ്ങനെയങ്ങനെ അവൻ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സാരിയും ബ്ലൌസും പരീക്ഷണശാലയിലേക്ക്‌ പോയിട്ടുണ്ട്‌. പുതുവർഷം വരുമ്പോഴേക്കും ഒരു പുത്തൻ സ്റ്റൈൽ ആയി അതു പുറത്ത്‌ വരും. അങ്ങനെയാണെങ്കിൽ അവന്റെ 5 അടി 6 ഇഞ്ച്‌ ഞാൻ വെട്ടി തയ്ക്കാൻ കൊടുത്തിരിക്കും . ഉറപ്പ്‌. ഈശ്വരാ.... എനിക്ക് കണ്ട്രോൾ തരൂ‍...........

14 Comments:

Blogger Thulasi said...

:)

Tue Nov 29, 10:25:00 AM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)

Tue Nov 29, 10:51:00 AM IST  
Anonymous Benny said...

saariyonnum puthaykkanda. itaykku aththaraththilulla dress itunnathu namukkum mattullavarkkum santhosham pakarunna kaaryamalle?

Tue Nov 29, 10:54:00 AM IST  
Blogger വിശാല മനസ്കന്‍ said...

സെറ്റുമുണ്ട്‌ ഒക്കെ ഉടുക്കേണ്ട പ്രായത്തിൽ എന്തിനാ ചുരിദാറും സാരിയും?? :) :)

Tue Nov 29, 11:03:00 AM IST  
Anonymous Anonymous said...

nigade naattil ee orotta mahaan mathramae vettum kuthum nadathunnullooo???

Tue Nov 29, 02:40:00 PM IST  
Blogger സു | Su said...

തുളസീ :)

വർണം :)

ബെന്നി, ജെസ്സിയോട് പറയാം.

വിശാലാ :) സെറ്റ് മുണ്ട് ഉടുക്കില്ലാന്ന് ആര് പറഞ്ഞു? അതിനും ബ്ലൌസ് വേണ്ടേ? അതോ ഉണ്ണിയാർച്ച സ്റ്റൈൽ മതിയോ?

അജ്ഞാതാ :) അല്ല, കേട്ടോ. വേറേയും ഉണ്ട്. പരീക്ഷണം നമ്മുടെ ഡ്രസ്സ് കൊണ്ടല്ലേ.

Tue Nov 29, 07:01:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

പണ്ടൊക്കെ സ്കൂളിൽ പോകുന്നതിനെക്കാളും പേടിച്ചായിരുന്നു തയ്യൽക്കാരന്റെ അടുത്ത് പോയിരുന്നത്...കുളമാക്കുമോ, കുളമാക്കുമോ എന്നുള്ള പേടി. വെറുതെ പേടിച്ചു എന്നുള്ള നഷ്ടബോധമൊന്നും ആ തയ്യൽക്കാരൻ ഉണ്ടാക്കാറുമില്ല.

ആ തയ്യൽക്കാരൻ ഈ ബ്ലോഗെങ്ങാനും വായിച്ച് അടുത്ത ഡ്രസ്സും കുളമാക്കുമോ......?

Tue Nov 29, 07:48:00 PM IST  
Blogger evuraan said...

ഉണ്ണിയാർച്ച സ്റ്റൈലാണേൽ ചുരിക വേണ്ടാ സൂ.

തയ്യൽക്കാരുടെ അപദാനങ്ങൾ ഒരുപാടുണ്ട്.

സ്കൂളിൽ ദിനേശ് എന്നൊരുത്തൻ 5 വർഷവും ഇട്ടിരുന്ന പാന്റ്സുകൾ - ഒരു കാലിന് (മിക്കതും ഇടതു കാൽ) മറ്റതിനേക്കാളും ഇത്തിരി നീളം കൂടും -- തയ്യൽക്കാരൻ എങ്ങിനെയളന്നാലും ഒരു കാലിന് നീളം കൂടും -- ആ തയ്യൽക്കാരൻ സ്വന്തം പിതാവ് തന്നെയായതിനാൽ പാവം ദിനേശന് അവയിടുകയെ നിർവാഹമുള്ളൂ.

പിന്നെ, തയ്ക്കാൻ കൊടുത്ത തുണി പറഞ്ഞ നേരത്ത് വാങ്ങാൻ ചെല്ലുമ്പോൾ ഞാനെന്നും കണ്ടിരുന്ന ഒരു കാഴ്ചയുണ്ട് - ഒരുവൻ ആ ഷർട്ടിന് ബട്ടൺസ് തയ്ക്കുന്നു - അതും വെളിയിലൊരു സ്റ്റൂളിലിരുന്ന് - ഇപ്പം തരാം മോനേയെന്നൊരു ഡയലോഗും.

(പപ്പുവിന്റെ “വെള്ളാനകളുടെ നാട്ടിൽ” എന്ന ചിത്രത്തിലെ “ഇപ്പ ശരിയാക്കിത്തരാട്ടോ..?” എന്ന ഡയലോഗ് ഓർമ്മ വരുന്നു.)

പിന്നെ കൊടുത്ത് തുണി കാണാതെ പോകുക -
പോക്കറ്റിന്റെ അടി തയ്ക്കാതെ വിടുക - ഇങ്ങനെ പലതും.

റെഡിമെയ്ഡ് ആവുമ്പോൾ പിന്നെയാവക പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ?

--ഏവൂരാൻ.

Wed Nov 30, 01:51:00 AM IST  
Blogger കേരളഫാർമർ/keralafarmer said...

കൈയിൽ കിട്ടുന്നതെല്ലാം തിന്നാൽ വണ്ണം വെയ്ക്കും അപ്പോൾ തയ്ച്ച്‌ കിട്ടിയത്‌ ചെറുതാകും. ദഹനക്കേടുണ്ടാകുമ്പോൾ വണ്ണം കുറയും അപ്പോൾ തയ്ച്ച്‌കിട്ടിയത്‌ വലുതാകും. അതിന്‌ പാവം തയ്യൽക്കാരനെ കുറ്റം പറ്യണോ? ഇരുപത്‌ വർഷം കൊണ്ട്‌ ഒരേവണ്ണവും തൂക്കവുമുള്ള എനിക്ക്‌ ഒരേ അളവുതന്നേ ഉദാഹരണം. എന്നുവെച്ച്‌ എനിക്കുവേണ്ടപ്പെട്ടവരാരും തയ്യൽക്കാറായിട്ടില്ല കേട്ടോ.

Wed Nov 30, 05:59:00 AM IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

ജോലിയിൽ വക്കീലന്മാരെക്കാൾ കള്ളം പറയുന്ന ഒരിനമാണു് തയ്യൽക്കാർ. ദിപ്പൊ ദിപ്പോ തരാം എന്നു പറഞ്ഞെന്നെ രണ്ടാഴ്ച്ച നടത്തിച്ച ശേഷം ഒരു ദിവസം പറയുന്നു “ ബട്ടൻസ് തുന്നിക്കോണ്ടിരുന്ന ചെക്കന്റെ കയ്യിൽ ബ്ലേഡ് കൊണ്ടു ഷർട്ട് ഒന്നു കഴുകാനിട്ടു നാളെ തരാം“.അപ്രത്തു തയ്ചോണ്ടിരിക്കുന്ന ചെക്കൻ തെളിവായി വെള്ളത്തുണി കെട്ടിയ കൈവിരൽ ഉയർത്തിക്കാട്ടി. അതിനു നേരെ മുകളിൽ എന്റെ ഷർട്ടുതുണി തൂങ്ങുന്നു.
തയ്യൽക്കാരനെ മാറ്റിയിട്ടു കാര്യമില്ല. മുരിക്കുവിട്ടു പൂളയെ അഭയം പ്രാപിച്ചതു പോലാകും.

Wed Nov 30, 11:41:00 AM IST  
Blogger ദേവന്‍ said...

കേട്ടു തുരുമ്പിച്ച തയ്യൽ തമാശ:
പിരമിഡ് സന്ദർശിച്ച ഒരു വെള്ളക്ക്കാരനു മമ്മി ജീവിച്ചിരുന്ന കാലത്ത് മമ്മിയുടെ കുപ്പായം തുന്നാൻ കൊടുത്തിരുന്നതിന്റെ ഒരു ചീട്ട് അവിടെ വീണുകിടന്നത് കിട്ടി. ചുളുവിൽ ഒരു കോടീശ്വരനാകാമല്ലോ. ആരും കാണാതെ അതു ചൂണ്ടി. കെ‍യ്‍റോവിലേക്കു വണ്ടി കയറാൻ തുടങുംപ്പോൾ എന്തത്ഭുതം, ആ മമ്മിയുടെ ബില്ലിൽ പറഞ തുന്നൽക്കട കാണുന്നു. ഇത്രയും കാലമായുള്ള കടയോ? ഈ പഹയരെ ഒന്നു ഞെട്ടിക്കണമല്ലോ എന്നു കരുതി കപ്പക്കാലേട്ടൺ തയ്യൽക്കടയിലേക്കു കയറി ശീട്ടെടുത്തു കൊടുത്തു. തയ്യക്കാരൻ പെൻസിൽ ചെവിയിൽ തിരുകി രെജിസ്റ്ററ് എടുത്തു നോക്കി.
“ഇത്തിരി കൂടി ബാക്കിയുണ്ട് സാർ, പോയിട്ടു മറ്റന്നാൾ വരൂ”..

Wed Nov 30, 12:03:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

This story Tailor made to suit the blog.
Ayyo !!!!!!!. Can't use that word now. This tailor spoils the precious cloths. So that phrase can't be used.

Rather I would say "Su's ready made story".

Change that tailor, Su.
You did wrong to that tailor, he became popular among us, which he does n't deserve.

Wed Nov 30, 12:09:00 PM IST  
Blogger സു | Su said...

വക്കാരിമഷ്ടാ :) അയാൾ ഇനി വായനയും കൂടെയേ വേണ്ടൂ. എന്നാൽ എല്ലാം തികഞ്ഞു.

ഏവൂ :) ഉണ്ണിയാർച്ച സ്റ്റൈലിൽ ഇപ്പോ പുറത്തിറങ്ങിയാൽ കണക്കായി. ചുരിക പൊതുജനം എടുത്തോളും.

ചന്ദ്രേട്ടാ :) തടി കൂടുന്നതിന്റെ കാര്യം പറഞ്ഞ് ഒരു വെപ്പ് വെച്ചു അല്ലേ. എന്റെ വണ്ണത്തെപ്പറ്റി കഥകൾ തന്നെയുണ്ട്. തലയ്ക്കുള്ളിൽ ഒന്നും കൊടുക്കാത്തതുകൊണ്ട് ശരീരത്തിൽ കൊടുത്തതാണെന്നും
ആകെയുള്ളത് വായ എക്സർസൈസ് ആണെന്നും, ഒരു ച്യൂയിംഗത്തിന്റെയോ മറ്റോ പരസ്യം എന്നെ ഉദ്ദേശിച്ചാണെന്നും ഒക്കെ. അതുകൊണ്ട് ഇനി ഈ ബ്ലോഗ്ഗർ സുഹൃത്തുക്കളെ ആരെയെങ്കിലും കാണുന്നതിനു മുൻപു വണ്ണം കുറയ്ക്കും എന്ന് ഞാൻ പ്രതിജ്ഞ എടുത്തിട്ടുണ്ട് :))

സിദ്ധാർഥൻ :)
ദേവാ :)
ഗന്ധർവാ :) ഇതൊരു കഥ തന്നെ. പക്ഷെ വാസ്തവം ഉള്ള കഥ ആണ്. അയാൾ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.
( സു, നീ ഗന്ധർവനോട് എന്തോ ഒരു പിണക്കം ഉണ്ടെന്ന് പറഞ്ഞില്ലേ----ദൈവം )
(ദൈവമേ.... പിണക്കം വേറെ പോസ്റ്റ് വേറെ കമന്റ് വെവ്വേറേ.)

Wed Nov 30, 01:07:00 PM IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇങ്ങനെയൊക്കെ പറയുമ്പോഴും, "നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍.." എന്ന് പാടി നീട്ടേണ്ടി വരില്ലെ? റെഡിമേയ്ഡ്‌ എന്ന ഉപായം കണ്ടെത്തിയവനു നന്ദി!! (ഇനി ആ മാന്യ ദേഹവും ഒരു തയ്യല്‍ക്കാരനാവുമോ? അതിനു വഴി കുറവാണു, എന്നാലും..). പക്ഷെ, എന്റെ നാട്ടില്‍ ഒരു വയസ്സേറെ ചെന്ന ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു (ഇപ്പൊ ഉണ്ടൊ എന്നറിയില്ല. കുറെ നാളായി ഞാന്‍ നാടു വിട്ടിട്ട്‌). ആളെ കണ്ടാല്‍ അളവു പറയുക ആളുടെ ഇഷ്ട വിനോദമയിരുന്നു. അദ്ദേഹം റിട്ടയര്‍മെന്റു പ്രഖ്യാപിക്കുന്ന വരെ ഞാന്‍ ഒരു സ്ഥിരം കുറ്റിയായിരുന്നു. ഞാന്‍ മാത്രമല്ല, മിക്കവാറും അദ്ദേഹതിന്റെ അടുക്കല്‍ ഒരിക്കെ ചെന്നിട്ടുള്ളവരൊക്കെ സ്ഥിരം കസ്റ്റമര്‍ ആയിരിക്കും. 'കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍' ആണു ഏതൊരു സ്ഥാപനതിന്റെയും വിജയരഹസ്യം എന്ന് വളരെ മുന്‍ കൂട്ടി കണ്ട അപൂര്‍വ്വം ചിലരിലൊരാള്‍ ആയിരുന്നു അദ്ദേഹം.. എവിടെയും ചില 'എക്സെപ്ഷന്‍സ്‌' ഉണ്ടാവാതിരിക്കുമൊ?

Wed Nov 30, 10:28:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home