Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 26, 2006

രണ്ട് ചായക്കടകള്‍

നാട്ടിന്‍ പുറത്തെ ചായക്കട, പത്രംവായനയുടേയും, കൊച്ചുകൊച്ചു സന്തോഷങ്ങളുടേയും, നേരം പോക്കിനായുള്ള വഴക്കിലും മുങ്ങിക്കിടന്നു.

പ്ലേറ്റിലെ, പൊട്ടിച്ച്‌ ബാക്കിയായ ഉഴുന്നുവടയുടെ കഷണം ആരുടേയോ ധൃതി ഓര്‍മ്മിപ്പിച്ചു.

പകുതി തീര്‍ന്ന ചായഗ്ലാസ്സിനു മുകളില്‍ ലോകം വെട്ടിപ്പിടിച്ചതുപോലെ ഈച്ച ഇരുന്നു.

ചായപ്പാത്രത്തിലെ വെള്ളം, ചില ജീവിതം പോലെ തന്നെ തിളച്ചുകൊണ്ടിരുന്നു.

കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള്‍ പ്രതീക്ഷയുമായി പുഞ്ചിരിച്ചുനിന്നു.

ദാരിദ്ര്യം, കയ്പ്പായി ഉള്ളില്‍ നില്‍ക്കുമ്പോഴും, മധുരമിട്ട്‌, പാലൊഴിച്ച്‌ ചായ കൂട്ടുമ്പോള്‍, ചായക്കടക്കാരന്റെ മുഖത്ത്‌, പരിചയത്തിന്റെ പുഞ്ചിരി മായാതെ നിന്നു.

അടുക്കളയിലേക്കെത്തി നോക്കിയ കണ്ണുകള്‍, ഭക്ഷണത്തില്‍ മേമ്പൊടിയായി വിതറുന്ന സ്നേഹം കണ്ട്‌, തിളങ്ങി.

നഗരത്തിലെ റസ്റ്റോറന്റ്‌ മിക്കാവാറും മൌനത്തില്‍ മുങ്ങിക്കിടന്നു.

ഏതോ ഒരു പാട്ട് ആരും ശ്രദ്ധിക്കാനില്ലാതെ പരിഭവത്തിന്റെ സ്വരത്തില്‍ ഓടിക്കൊണ്ടിരുന്നു.

കണ്ണാടി പോലെ തിളങ്ങുന്ന മേശ ഒന്നുകൂടെ അമര്‍ഷത്തിന്റെ സ്പര്‍ശം അനുഭവിച്ചു.

മറഞ്ഞിരിക്കുന്ന അടുക്കളയില്‍, വര്‍ണക്കൂട്ടുകള്‍ക്കിടയില്‍, അസ്തിത്വം തിരഞ്ഞ്‌, ഭക്ഷണം അലഞ്ഞുനടന്നു.

അവനും അവളും കണ്ണാടിച്ചില്ല് തുറന്ന്, അകത്തേക്ക്‌ വന്നു.

അവനെന്തോ പറഞ്ഞത്‌ പിടിച്ചെടുക്കാന്‍ കഴിയാത്ത അത്രയും മൃദുവായതുകാരണം, അവളുടെ കാതുകള്‍ നിസ്സഹായതയില്‍ തേങ്ങി.

എവിടെയോ എന്തോ ഉടയുന്ന ശബ്ദം, മാനേജരുടെ സ്വതവേ കാര്‍ക്കശ്യം നിറഞ്ഞ മുഖത്ത്‌, വീണ്ടും ചുളിവുകള്‍ വീഴ്ത്തി.

മുന്നില്‍ വെച്ച പാത്രങ്ങളിലെ ആഹാരം ജീവനില്ലാതെ കിടന്നു.

മിനുസമുള്ള നിലത്തേക്ക്‌ പൊഴിയാനാവാതെ, ചെരുപ്പുകളില്‍ നിന്ന് മണ്‍തരികള്‍ മോക്ഷം കാത്തിരുന്നു.

ആരോ വിട്ട്‌ പോയ നാണയങ്ങളിലേക്ക്‌ നോക്കിയ വെയിറ്ററുടെ മുഖത്ത്‌ ഒരു വിളറിയ പുഞ്ചിരി വന്ന് മാഞ്ഞു.

27 Comments:

Blogger KANNURAN - കണ്ണൂരാന്‍ said...

ദെ തേങ്ങ എന്റെ വക.. പുതുമ നിലനിര്‍ത്തിയിരിക്കുന്നു... അഭിനന്ദനങ്ങള്‍..

Tue Dec 26, 04:07:00 PM IST  
Blogger Sul | സുല്‍ said...

സു

ചായക്കടകളില്‍ കറങ്ങി നടക്കുകയാണോ?

പതിവുപോലെ ഹൃദ്യം.

-സുല്‍

Tue Dec 26, 04:53:00 PM IST  
Blogger കുറുമാന്‍ said...

ഇതു കൊള്ളാം സൂ.

എന്തായാലും ചായക്കടയില്‍ വന്നതല്ലെ? മുക്കിലു രണ്ടു മസ്സാലേ,ചായ രണ്ട്, ഒന്നു സ്ട്രോങ്ങ്, ഒന്ന് വിതൌട്ട് (അടുക്കളയില്‍ നില്‍ക്കുന്ന പാചകക്കാരുന്നു കേള്‍ക്കാന്‍ പാകത്തില്‍ തൊണ്ട പൊട്ടി വിളിച്ചു പറയണം)

Tue Dec 26, 05:11:00 PM IST  
Anonymous Anonymous said...

പരിചയത്തിന്റെ പുഞ്ചിരി പാലൊഴിച്ച ‌ ചായ കുടിച്ചു് ഞാനുമിതാസ്വദിക്കുന്നു.

Tue Dec 26, 05:16:00 PM IST  
Blogger ലാപുട said...

“മിനുസമുള്ള നിലത്തേക്ക് പൊഴിയാനാവാത്ത മണ്‍ തരികള്‍”- മനോഹരമായിരിക്കുന്നു ഈ നിരീക്ഷണം...

Tue Dec 26, 07:05:00 PM IST  
Anonymous Anonymous said...

സൂ..'നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്നതല്ലെ സത്യം. വരികള്‍ ഇഷ്ടമായി. കൂടുതല്‍ വിഭവങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു..

Tue Dec 26, 07:49:00 PM IST  
Anonymous Anonymous said...

കൊള്ളാം. ചായക്കടയും റസ്റ്റാറന്റും തമ്മിലെന്നപൊലെ അനേകം ദൂരവ്യത്യാസങ്ങള്‍-അതാണു്‌ ഞാന്‍ ശ്രദ്ധിച്ചതു്‌.

Tue Dec 26, 08:04:00 PM IST  
Blogger ഡാലി said...

സൂവേച്ചി,ഇഷ്ടായി.
നാട്ടുമ്പുറത്തെ പരിചയത്തിന്റെ പുഞ്ചിരിയുടെ മേമ്പൊടി ചേര്‍ത്തെ പാലൊഴിച്ച ചായയും പരിപ്പുവടയും...
ഗുഡ്മോണിങ്ങ് ചേര്‍ത്ത് പാലും, പഞ്ചസാരയും, ചായപൊടിയും തരുന്ന റസ്റ്റോറന്റുകളും.

Tue Dec 26, 08:34:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

പതിവു പോലെ നന്നായിരിക്കുന്നു

Tue Dec 26, 09:25:00 PM IST  
Blogger കരീം മാഷ്‌ said...

ചെറിയ നുറുങ്ങുകള്‍,
ഒരോന്നും ഒരോ വ്യത്യസ്ഥ ചിന്തയുണ്ടാക്കുന്നു.
നന്നായി

Tue Dec 26, 10:14:00 PM IST  
Blogger വല്യമ്മായി said...

നാട്ടിന്‍പുറം നന്മകളാ‍ാല്‍ സമൃദ്ധം അല്ലേ,ചേച്ചിയുടെ എല്ലാ പോസ്റ്റുകളും

Tue Dec 26, 10:15:00 PM IST  
Anonymous Anonymous said...

നല്ല ചിന്ത....
എന്ത് ചെയ്യാം, ജോലി നഗരത്തിലായിപ്പോയി...

Wed Dec 27, 10:51:00 AM IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കുക എന്റെ തൊഴിലല്ല... എന്നാലും ഇതു ഞാന്‍ എല്ലാപോസ്റ്റും ശ്രദ്ധിച്ചു വായിക്കുന്നതിനുള്ള തെളിവായിക്കോട്ടെ...
“ചായപ്പാത്രത്തിലെ വെള്ളം, ചില ജീവിതം പോലെ തന്നെ തിളച്ചുകൊണ്ടിരുന്നു.“ എന്തോ ഒരു പ്രശ്നമില്ലേ?

കുറച്ചു ദിവസങ്ങള്‍ ഞാനിനി ഈ വഴിയില്ല ഒരു മിനി കേരള പര്യടനത്തിനു പോണു.. അടുത്ത കൊല്ലം കാണാം.. നവവത്സരാശംസകള്‍...

Wed Dec 27, 10:52:00 AM IST  
Blogger Sona said...

ചായടെകൂടെ പരിപ്പുവടയാകാമായിരുന്നു..ഒരു പഴംപൊരിയും!! വായിച്ചെങ്കിലും കൊതിക്കാലോ സൂചേച്ചി.....

Wed Dec 27, 10:56:00 AM IST  
Anonymous Anonymous said...

കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള്‍ പ്രതീക്ഷയുമായി പുഞ്ചിരിച്ചുനിന്നു.

കണ്ണാടിക്കൂടിനുപുറത്ത്‌ പ്രതീക്ഷയുമായി ഈച്ചകളും....
കടയുടെ പുറത്ത്‌ പ്രതീക്ഷയുമായി വായില്‍ വെള്ളവുമൂറി ഒരു ചെക്കനും..


ഈ ചായക്കടയുടെ പേര്‌ "ദില്‍ബൂസ്‌ 5-സ്റ്റാര്‍ തട്ടുകട" എന്നാണോ...സു.

കൃഷ്‌ | krish

Wed Dec 27, 12:10:00 PM IST  
Blogger ദില്‍ബാസുരന്‍ said...

കൃഷേട്ടാ,
ഞമ്മടെ ചായമക്കാനീന്റെ പേര് ‘ന്യൂ ദില്‍ബാസ്’ തട്ടുകട എന്നാ. പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാന്റ്...:-)

ഓടോ: ഈ സൂ ചേച്ചിയ്ക്ക് ഹോട്ടലിനെ പറ്റി മാത്രമേ വിചാരമുള്ളൂ. എനിയ്ക്കും സൂ ചേച്ചിയ്ക്കും ഓരോ മസാലദോശ വാങ്ങിത്തരാന്‍ ഈ ബൂലോഗത്താരുമില്ലേ? :-)

Wed Dec 27, 12:18:00 PM IST  
Anonymous Anonymous said...

അപ്പോ ഈ ചായക്കടേലെ മസാലതോശ കയിക്കാന്‍ കൊള്ളൂല്ലേ.. ബേറെ കടേലെ തോശ തന്നെ ബേണോ..

കൃഷ്‌ | krish

Wed Dec 27, 12:37:00 PM IST  
Blogger പച്ചാളം : pachalam said...

സത്യം പറ സൂചേച്ചീ; യേതു ഹോട്ടലിലാ അരിയാട്ടിക്കൊടുത്തത് ??
സ്ഥിരം പരിപാടിയാല്ലെ?

[ :) ]

Wed Dec 27, 12:38:00 PM IST  
Blogger സു | Su said...

കണ്ണൂരാന്‍ :) ആദ്യത്തെ കമന്റിന് നന്ദി.

സുല്‍ :) സന്തോഷം.

കുറുമാന്‍ :) വിതൌട്ട് കുറുമാന് ആണോ?

വേണു :) സന്തോഷം.

ലാപുട :) ചായക്കടയും റസ്റ്റോറന്റും തമ്മിലുള്ള വ്യത്യാസവും അതാണ്. മിനുസമുള്ള നിലത്തേക്ക് പൊഴിയാനാവാതെ മണ്‍‌തരികള്‍ മടിച്ച് നില്‍ക്കും.

സാരംഗീ :) പോസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ ആ വരികള്‍ വെച്ചിരുന്നു. പിന്നെ മാറ്റി പോസ്റ്റ് ചെയ്തു. എന്റെ വരികള്‍ മാത്രം മതി എന്നു വെച്ചു.

നവന്‍ :) തോന്നിയില്ലേ വ്യത്യാസങ്ങള്‍? ഞാനെന്നും നോക്കാറുണ്ട്.

ഡാലി :) നന്ദി.

കുട്ടമ്മേനോനേ :) സന്തോഷം.

കരീം മാഷേ :) അഭിപ്രായത്തില്‍ സന്തോഷമായി.

വല്യമ്മായീ :) നന്മ നഗരത്തിലും ഉണ്ട്. നാട്ടിന്‍ പുറം മാറിപ്പോയില്ലേ ഇപ്പോള്‍?

സജിത്ത് :) നന്ദി.

കുട്ടിച്ചാത്താ :) അത് അങ്ങനെ തന്നെയാണ്. ചില, ജീവിതങ്ങളും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

സോനാ :) അടുത്ത കട തുറക്കുമ്പോള്‍ ആവാം. എന്താ?

കൃഷ് :) ആ ചെക്കന്‍ കൃഷ് ആണോ?

ദില്‍ബൂ :)എനിക്കു പിന്നെ എന്താ വിചാരം വേണ്ടത്? ;)

പച്ചാളം :) സ്ഥിരമായി അരിയാട്ടാന്‍ പോയാലോന്ന് വിചാരിക്കുന്നു. ആരും എടുക്കുന്നില്ല. പച്ചാളത്ത് വല്ല കടയും ഉണ്ടെങ്കില്‍ അറിയിക്കണേ. ;)

Wed Dec 27, 08:13:00 PM IST  
Blogger പച്ചാളം : pachalam said...

അങ്ങിനെ എന്‍റ അരകല്ലേല്‍ മണ്ണ് വാരിയിടാന്‍ ഞാന്‍ സമ്മതിക്കൂല ചേച്ചീ..

Wed Dec 27, 09:20:00 PM IST  
Blogger സു | Su said...

പച്ചാളം വേണ്ട. സമീപപ്രദേശം മതി എനിക്ക്. ധൈര്യത്തിന് പച്ചാളം ഉണ്ടാവുമല്ലോ. ;)

Wed Dec 27, 09:24:00 PM IST  
Blogger Raghavan P K said...

നാട്ടിന്‍ പുറത്തെ ചായക്കടയും നഗരത്തിലെ റസ്റ്റോറന്റും ക്ലോസ് ചെയ്യാറായപ്പോഴാണു ഞാന്‍ കയറീ വന്നത്. സാരല്യ. കഥയും കമന്റും കൂടി ആയപ്പോള്‍ റ്റീപാര്‍ട്ടിയില്‍ പങ്കെടുത്തതുപോലെയായി.‌

Wed Dec 27, 09:56:00 PM IST  
Blogger പൊതുവാള് said...

സൂ ചേച്ചി,
വണ്ടി ലേറ്റായതാ, ചായപ്പാത്രത്തിലെ വെള്ളം അധികം തണുത്തിട്ടില്ലെങ്കില്‍ ഒരു ചായ.
പാലില്ലെങ്കില്‍ വേണ്ട കട്ടനായാലും മതി.
എന്തൊരു മഴയാ പെയ്തത്,വല്ലാത്ത തണുപ്പ്.

Wed Dec 27, 10:13:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

നാട്ടിന്‍ പുറത്തെ ചായക്കടകള്‍... നോവാള്‍ജിയ...

ഒരു മീറ്റര്‍ ചായയുമടിച്ച്, ഒരു പരിപ്പുവടേം തിന്ന്, അപ്പുറത്തെ മേശേല്‍ കിടക്കുന്ന മാതിരുഭൂമീം വായിച്ച്...

അല്ലെങ്കില്‍ നല്ല പതു പതാന്നിരിക്കുന്ന പുട്ടും കടലക്കറീം ചൂട് ചായേം...

ആ സുഖം വെല്ലതും സിറ്റിയിലെ റസ്റ്റുവറന്റില്‍ നിന്ന് കിട്ടുമോ...

നന്നായിരിക്കുന്നു, സൂ.

Wed Dec 27, 10:25:00 PM IST  
Blogger ബിന്ദു said...

നല്ല തേങ്ങാചമ്മന്തിയും ചൂടു ദോശയും പോരട്ടെ...:) ചായ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കാപ്പി മതി.

Wed Dec 27, 10:41:00 PM IST  
Blogger മഴത്തുള്ളി said...

എനിക്കൊരു പായയും രണ്ട് ചെരിപ്പുവടയും.. ച്ഛെ... അല്ല ഒരു ചായയും രണ്ട് പരിപ്പുവടയും പോന്നോട്ടെ ;) ചായക്കടയില്‍ കയറിയിട്ട് ഈ തണുപ്പത്ത് ഒന്നും കഴിക്കാതെ പോയാല്‍ മോശമല്ലേ.

സൂ, കൊള്ളാം. എനിക്ക് ആ നാട്ടിന്‍പുറത്തെ ചായക്കടയാ ഇഷ്ടം.

Thu Dec 28, 10:19:00 AM IST  
Blogger സു | Su said...

രാഘവന്‍ :) ക്ലോസ് ചെയ്തിട്ടില്ലല്ലോ.
എന്തായാലും സന്ദര്‍ശിച്ചല്ലോ.

പൊതുവാളന്‍ :) എവിടെയാ മഴ പെയ്തത്?

വക്കാരീ :) ചായക്കടയില്‍ സുഖം റെസ്റ്റോറന്റില്‍ കിട്ടില്ല.

ബിന്ദൂ :) ഒക്കെ തീര്‍ന്നു. ഇനി തേങ്ങയും, അരിയും ഉണ്ട്. ആട്ടിയെടുക്കാം ;)

മഴത്തുള്ളീ :) ഇനി നാട്ടിന്‍ പുറത്ത് വന്ന് ചായക്കടയില്‍ കയറൂ.

Thu Dec 28, 11:44:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home