Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 04, 2007

ചെയ്യാന്‍ കഴിയാതെ പോകുന്നവ

വീടിന്റെ മതിലിന് ചാരി, തണുത്തുവിറച്ച് കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കാണുമ്പോഴൊക്കെ, അലമാരയില്‍ വെറുതേ ഇരിക്കുന്ന പഴയ കമ്പിളിപ്പുതപ്പുകള്‍ ഓര്‍മ്മയില്‍ വരും. തിരക്കില്‍നിന്ന് ഒഴിവാകുമ്പോള്‍ നല്‍കാമെന്ന് കരുതി കടന്നുപോകും. ഒടുവില്‍ കോടി പുതച്ച്, വൃദ്ധന്‍ തണുപ്പില്‍ നിന്ന് തണുത്ത് യാത്രയായപ്പോള്‍, നല്‍കാതിരുന്ന പുതപ്പുകളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുതുടങ്ങി.

51 Comments:

Anonymous Anonymous said...

ഒരല്പം കുത്തിനോവിക്കുന്നു ഈ ചിന്ത... (പലതും ചെയ്യാതിരുന്ന്, സൌകര്യപൂര്‍വ്വം മറന്നിട്ടുണ്ട് ഞാനും)

Thu Jan 04, 12:37:00 pm IST  
Blogger സുല്‍ |Sul said...

ഇന്നുചെയ്യേണ്ട പലതും നാളേക്കു മാറ്റിവക്കുന്നത്, മിക്കവരുടേയും സ്വഭാവമാണ്; എന്റേയും. ഇനിയെങ്കിലും അത് തിരുത്തണം. ഞാന്‍ നല്ല കുട്ടിയാവാന്‍ തീരുമാനിച്ചു.

സു നന്നായിരിക്കുന്നു.

-സുല്‍

Thu Jan 04, 12:52:00 pm IST  
Blogger ശാലിനി said...

ഞാനും ഈ കൂട്ടത്തില്‍ പെടും, ഇപ്പോഴും ഓര്‍മ്മയില്‍ പല മുഖങ്ങളും മായാതെ നില്‍ക്കുന്നത്, ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നതുകൊണ്ടാണ്. നന്നായിരിക്കുന്നു പുതു ചിന്ത.

Thu Jan 04, 01:55:00 pm IST  
Blogger mydailypassiveincome said...

വളരെ അര്‍ത്ഥവത്തായ ചിന്ത. പലപ്പോ‍ഴും നമുക്ക് സമയമില്ലാത്തതിനാല്‍ പിന്നെയാവട്ടെ എന്ന് ചിന്തിക്കുന്ന പല കാര്യങ്ങളും ഭാവിയില്‍ വേദനയുളവാക്കുന്നവയാവാറുണ്ട്. എനിക്കും അത്തരം അനുഭവങ്ങളുണ്ട്.

Thu Jan 04, 02:02:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ : ചേച്ചി അങ്ങനെയാവാന്‍ വഴിയില്ലാലൊ?
എന്നാലും ഒരുപാടുപേരു കാണും...

സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്.
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.

അപ്പോള്‍ പിന്നെ പഴയതൊന്നും ഓര്‍ത്ത് വിഷമിക്കേണ്ട..

Thu Jan 04, 02:09:00 pm IST  
Blogger sami said...

നിങ്ങള്‍ ഒന്നും നാളെത്തേയ്ക്ക് മാറ്റിവെയ്ക്കരുത്...
അധ്യാപകന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു....
സെമി

Thu Jan 04, 02:10:00 pm IST  
Blogger കുറുമാന്‍ said...

കുറച്ച് വരികളിലൂടെ വലിയ കാര്യം പറയുന്നു സൂ താങ്കള്‍. നല്ല ചിന്ത.

ഓ ടോ : വരണ്ട ദിനത്തിന്റെ അന്ന് (ഡ്രൈ ഡേ) ഒഴിഞ്ഞ കുപ്പിയില്‍ നോക്കിയിരിക്കുമ്പോള്‍ തോന്നും, ഇന്നലെ മുഴുവന്‍ കഴിക്കണ്ടായിരൂന്നെന്ന് :)

ഞാന്‍ മുങ്ങി :(

Thu Jan 04, 02:22:00 pm IST  
Blogger sandoz said...

നമുക്കും എന്തെങ്കിലും ചെയ്യാമായിരുന്നു.ചെറുതായിട്ട്‌,നമുക്ക്‌ പറ്റുന്ന രീതിയില്‍.

Thu Jan 04, 02:26:00 pm IST  
Anonymous Anonymous said...

ആകമ്പിളി പുതപ്പിലൂടെ സൂ പറഞ്ഞതു് വളരെ ശരിയാണു്, പലപ്പോഴും കൊടുക്കാനൊക്കാതെ വരുന്ന പലതും കാണുമ്പോള്‍, ആലോചിക്കാറുണ്ടു്.
മരണമെന്ന ആ കോടിപ്പുതപ്പു മാറ്റി ഒന്നു ചിന്തിച്ചു നോക്കുമ്പോഴും വരികള്‍ അര്‍ഥവത്താണു്.ആവശ്യ സമയത്തു കിട്ടാത്തതു് അനാവശ്യ സമയത്തു കിട്ടുന്നതു്.
നന്നായി കിങ്ങിണി ചിന്ത.

Thu Jan 04, 02:43:00 pm IST  
Blogger ഷാജുദീന്‍ said...

നല്ലൊരുപങ്ക് ആള്‍ക്കാരും ഇങ്ങനെയാണ്. എല്ലാം പിന്നത്തേക്കു വയ്ക്കും.ഒന്നും നടക്കത്തുമില്ല

Thu Jan 04, 03:34:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ ..:(

Thu Jan 04, 03:54:00 pm IST  
Anonymous Anonymous said...

it is so nice readthe story it is to be published in any leading magazines
contact me sunikodanadu@yahoo.co.in

Thu Jan 04, 03:59:00 pm IST  
Blogger അനംഗാരി said...

സൂ:ഈ അലസതക്ക് മാപ്പില്ല.വിചാ‍രണക്ക് തയ്യാറായിക്കോളൂ.:))

Thu Jan 04, 04:41:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വേണ്ടപ്പോള്‍ വേണ്ടത്‌ ചെയ്യാതിരുന്നിപ്പോള്‍ കിണുങ്ങുന്നുവോ?

(ഇതൊരോര്‍മ്മപ്പെടുത്തല്‍ തന്നെ)

Thu Jan 04, 05:19:00 pm IST  
Blogger സു | Su said...

സജിത്ത് :) എല്ലാവരും ചെയ്യുന്നുണ്ടാവും.

സുല്‍ :) ഞാന്‍ മാറ്റി വെക്കില്ല. ഉദാഹരണത്തിന് എനിക്കിപ്പോ പനിയാണെന്ന് വിചാരിക്കൂ. എനിക്കിപ്പോ ഐസ്ക്രീം കഴിക്കണം എന്നുവെച്ചാല്‍ ഞാന്‍ അത് നാളെയ്ക്ക് വെക്കില്ല. പനി, വരും പോകും, പിന്നേ വരും. പക്ഷെ ഒരു കാര്യവും പിന്നേക്ക് വെക്കരുത്. ;)
നന്ദി.

ശാലിനീ :) ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാന്‍ പറ്റാതെ വരികയും ഉണ്ടാകാം. നന്ദി.

മഴത്തുള്ളീ :) സമയം ഉണ്ടാക്കിയെടുക്കണം. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി. എന്നാലും എന്തെങ്കിലും ഒരു തടസ്സം ഉണ്ടാവും.

കുട്ടിച്ചാത്താ :) ഞാന്‍ അങ്ങനെയല്ലാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാലും ചിലപ്പോള്‍ അങ്ങനെയൊക്കെ ആവും.

സെമീ :) അതെ. അങ്ങനെയാണ് വേണ്ടത്. പക്ഷെ സാധ്യമാവില്ല.

കുറുമാന്‍ :) നന്ദി. അതെ അതെ കുറുമാന് അങ്ങനെയൊക്കെ തോന്നും.

സാന്‍ഡോസ് :) ചെയ്യാമായിരുന്നു എന്നായിപ്പോകും പലപ്പോഴും. അതാണ് കുഴപ്പം.

വേണു :) നന്ദി. ആവശ്യത്തിനു കിട്ടാത്തതിനെക്കൊണ്ട് എന്ത് ഉപകാരം?

ഷാജുദ്ദീന്‍ :) അതെ. എല്ലാവരും മാറി ചിന്തിക്കണം.

ഇട്ടിമാളൂ :)

അനംഗാരീ :) യെസ് യുവര്‍ ഓണര്‍. ;)

sunikodanadu :) വന്നതിലും വായിച്ചതിലും, അഭിപ്രായം എഴുതിയതിലും സന്തോഷം.

Thu Jan 04, 05:27:00 pm IST  
Blogger സുധ said...

‘ഒരു നേരത്തെ ഭക്ഷണം മുതല്‍ മാറിയുടുക്കാനൊരു വസ്ത്രം വരെ’
:(

Thu Jan 04, 07:05:00 pm IST  
Blogger Unknown said...

സൂ ചേച്ചിയ്ക്ക് കമ്പിളിക്കച്ചോടമാണല്ലേ? അയാള്‍ മരിച്ചപ്പോള്‍ ഒരു കസ്റ്റമറ് പോയ സങ്കടം. എനിയ്ക്കെല്ലാം മനസിലായി. :-)

Thu Jan 04, 07:57:00 pm IST  
Anonymous Anonymous said...

സു,
നിത്യജീവിതത്തില്‍ നാം കണ്ടു മറന്നു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഒരു ചെറിയ നോവായി മനസ്സില്‍തങ്ങി നില്‍ക്കാറുണ്ട്.
കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

Thu Jan 04, 09:29:00 pm IST  
Blogger Santhosh said...

മനോഹരമായ കുഞ്ഞു പോസ്റ്റ്. നല്‍കാതെ വച്ചിരുക്കുന്ന പുതപ്പുകളെക്കുറിച്ചോര്‍ത്ത് അസ്വസ്ഥനാവാന്‍ അവസരം തന്നതിനു നന്ദി.

Fri Jan 05, 12:33:00 am IST  
Blogger myexperimentsandme said...

നല്ല സന്ദേശം നല്‍കുന്ന നുറുങ്ങ്. അവസാന വരി ഏറ്റവും നന്നായി തോന്നി.

Fri Jan 05, 05:26:00 am IST  
Blogger ബിന്ദു said...

നാളത്തേക്കൊന്നും മാറ്റിവയ്ക്കരുത് അല്ലെ?:(
നന്നായി ചിന്ത.

Fri Jan 05, 07:35:00 am IST  
Blogger Peelikkutty!!!!! said...

നാളെ നാളെ നീളെ നീളെ കൂട്ടത്തിലാ ഞാനും..

.. ഇപ്പം ഈ പോസ്റ്റ് കണ്ടപ്പോഴും, അന്നന്നു ചെയ്യും കാര്യങ്ങളെന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്!..ഒരു 70% ശരിയായാല്‍ സൂചേച്ചിക്ക് ഒരു ചോക്ലേറ്റ് ഐസ്ക്രീം :)

Fri Jan 05, 09:32:00 am IST  
Blogger ദിവാസ്വപ്നം said...

സൂച്ചേച്ചീ

പറയാതിരുന്നാല്‍ തെറ്റായിപ്പോകും. ഇതു വെറും പഴമ്പുരാണപ്പോസ്റ്റല്ല. പഴമ്പുരാണ ബ്ലൊഗുമല്ല.

ഒരൊറ്റ പാരഗ്രാഫിനിപ്പുറത്ത്, വായിക്കുന്നവനെ ഞെട്ടിക്കുന്ന. അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. ഒരു വീട്ടമ്മയുടേ ചിന്തകളില്‍ നിന്ന് ഉരുത്തീരിയുന്ന ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വായിക്കാനായതു തന്നെ ബൂലോഗത്തിന്റെ ഭാഗ്യമാണ്.

ഞരമ്പുപൊട്ടിപ്പോകുന്ന മാതിരി മസിലുപിടിച്ചെഴുതുന്ന ഒരു കൃതിയേക്കാളും പിന്നിലല്ല സൂവിന്റെ ഈ ഒറ്റപാ‍രഗ്രാഫ് റിമൈന്‍ഡേഴ്സ്. ഒരു മികച്ച കൃതിയേക്കാളും സാരസ്യവും കുറവല്ല. തീര്‍ച്ചയായും സൂച്ചേച്ചിയ്ക്കും നമുക്കും അഭിമാനിക്കാവുന്ന ഈ റിമൈന്‍ഡേഴ്സിന് നന്ദി. സ്ത്രീയായതുകൊണ്ടും വീട്ടമ്മയായതുകൊണ്ടും മസിലുപിടിയ്ക്കാത്തതുകൊണ്ടും ആരും ഈ കോണിലെ നന്മ അവഗണിയ്ക്കരുതെന്നേ ഇപ്പോള്‍ പ്രാര്‍ത്ഥനയുള്ളൂ‍.

ഒളിഞ്ഞിരിക്കുന്ന ഇത്തരം നന്മകള്‍ പുറം ലോകത്തെയറിയ്ക്കാനാഗ്രഹിക്കുന്ന ഓരോ വീട്ടമ്മയ്ക്കും പ്രോത്സാ‍ഹനമെന്നോണമെങ്കിലും ഈ കുറിപ്പുകള്‍ പുസ്തകമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആശംസകള്‍

Fri Jan 05, 09:57:00 am IST  
Anonymous Anonymous said...

ചേതമില്ലത്ത ഒരു നോട്ടമോ ഒരു ആശ്വാസ വാക്കോ അതുമല്ലെങ്കില്‍ മനസ്സറിഞ്ഞൊരു ക്ഷമാപണമോ കൊണ്ട് ഒരു ജന്മത്തിന്റെ മുഴുവന്‍ പുണ്യവും സ്വന്തമാക്കാന്‍ കഴിയും. പക്ഷെ മരണം വരെ എന്നെ പിന്തുടരാന്‍ ഇതു പോലെ കുറച്ചു നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണു എന്റെ "നാളെ നാളേ.. നീളെ നീളെ" സ്വഭാവം എനിക്കു സമ്മാനിച്ചിട്ടുള്ളതു..

എന്നിട്ടും ഞാന്‍ പാഠം പഠിച്ചോ എന്നു സംശയം.

ഒരുപാടു ചിന്തിപ്പിച്ചു സൂ വിന്റെ ഈ കുഞ്ഞു പോസ്റ്റ്..

Nousher

Fri Jan 05, 10:19:00 am IST  
Anonymous Anonymous said...

സൂ.. വളരെയധികം ചിന്തിപ്പിക്കുന്ന ഒരു നുറുങ്ങാണിത്‌. മനസ്സില്‍ അറിയാതെ ഒരു നൊമ്പരമുണര്‍ത്തുന്നത്‌... നന്ദി.

Fri Jan 05, 11:16:00 am IST  
Blogger Mubarak Merchant said...

സൂ........... :(

Fri Jan 05, 11:19:00 am IST  
Blogger Siju | സിജു said...

ഇതു ചെയ്യാതെ മാറ്റി വെക്കുന്നതിനേക്കാളുപരി കൊടുക്കാനുള്ള മടിയല്ലേ..

Fri Jan 05, 12:08:00 pm IST  
Blogger Sona said...

chechi..nalla sandhesham thanneyato e postum..
ella karyangalum,naleyavam,pinne cheyyam ennokke karuthi maativaykem,kootivaykem okke cheyyunna moshamallatha nalloru madichiya ee njanum...kandalum,kondalum ariyillannu vachal entha cheyyua!!!

Sat Jan 06, 12:02:00 am IST  
Blogger സു | Su said...

പടിപ്പുര :) നന്ദി.

സുധച്ചേച്ചീ :) ചെയ്യാന്‍ പറ്റുമ്പോള്‍ ചെയ്യാം. അത്ര തന്നെ.

ദില്‍ബൂ :) അതെ അതെ. ജീവിക്കാനുള്ള ഒരു പാടേ.;)

സതീശ് :) നന്ദി. കണ്ടു മറക്കാത്തതും ഉണ്ടാവാറുണ്ട്. ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്നത്.

സന്തോഷ് :) നന്ദി. നല്‍കാതെ വെച്ചിരിക്കുന്നതൊക്കെ നല്‍കാന്‍ ശ്രമിക്കുക.

വക്കാരീ :)

ബിന്ദൂ :)

പീലിക്കുട്ടീ :) ഐസ്ക്രീം തിന്നുന്ന കാര്യം അല്ലേ മാറ്റിവെക്കാതിരിക്കുന്നത്. എനിക്ക് ചോക്ലേറ്റ് ഐസ്ക്രീം ഇഷ്ടമല്ല. ;)

ദിവാ :) നന്ദി. സന്തോഷം തോന്നി, നല്ല വാക്കുകള്‍ കേട്ടിട്ട്.

നൌഷര്‍ :) എല്ലാവരും പലതും നാളേയ്ക്ക് വെക്കുന്നവരാണ്. ചെയ്യാന്‍ സമയമില്ലാത്തതുകൊണ്ടും, പിന്നെ ആയാലും മതി എന്ന വിചാരം കൊണ്ടും.

ഇക്കാസ് :)

സാരംഗീ :) നന്ദി. ശരിക്കും കാര്യങ്ങള്‍ അങ്ങനെയാണ്. പലതും ചെയ്യാന്‍ കഴിയാതെ പോയ്ക്കൊണ്ടിരിക്കുന്നു.

സിജു :) കൊടുക്കാനുള്ള മടിയാണോ? ചെയ്യാന്‍ കഴിയാതെ പോകുന്നതും ആവാം.

സോന :) നന്ദി.

Sat Jan 06, 08:27:00 pm IST  
Anonymous Anonymous said...

നാട്ടില്‍ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റുണ്ട്.. ‘സുപ്രഭാതം‘ എന്നാണു പേര്. സാത്വിക ഭാവം കൈക്കൊള്ളുമ്പോഴുള്ള എന്റെ സ്ഥിരം ഹാങ്ങ് ഔട്ട് പ്ലേസ്. ഒരിക്കല്‍ ഞാന്‍ അവിടേക്കു ഒരു സുഹ്രുത്തിനൊപ്പം കയറി പോകുമ്പോള്‍ ഒരു ഭിക്ഷക്കാരനെ കണ്ടു. ഏതാണ്ട് ഇരുപത് ഇരുപത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരാള്‍. മാനസിക പ്രശ്നങ്ങളുള്ളതാണെന്നു തോന്നിപ്പിക്കുന്ന രൂപം. ഒന്നു നോക്കി സഹതപിച്ചിട്ട് അകത്തേക്കു ഞാന്‍ കയറിപ്പോയി. വരുമെന്നു പറഞ്ഞ മറ്റൊരു സുഹ്രുത്തിനും ഞങ്ങള്‍ക്കും മസ്സാല ദോശയും ചായയുമൊക്കെ പറഞ്ഞിട്ട് അവിടെയിരുന്നു. അപ്പോഴാണ് വരുമെന്നു പറഞ്ഞവന്‍ വരില്ലാന്നു വിളിച്ചറിയിച്ചത്. ജാഡ കാണിക്കാന്‍ വേണ്ടി മാത്രം അവനു പറഞ്ഞ മസ്സാല ദോശ പാഴ്സല്‍ ചെയ്യാന്‍ ഞാന്‍ പറഞ്ഞു - ആ ഭിക്ഷക്കാരനു വേണ്ടി. ‘വട വയ്ക്കണോ സാര്‍’ എന്ന വെയ്റ്ററുടെ ചോദ്യത്തിനു ഞാന്‍ വേണ്ടാ എന്നു പറഞ്ഞു. ഇതു തന്നെ എന്റെ മഹാമനസ്കത.. ഇനിയെന്തോന്നു വട..? മദര്‍ തെരേസയെപ്പോലെ വിശുദ്ധനാക്കപ്പെട്ട ഞാന്‍ കാശൊക്കെ കൊടുത്ത് പുറത്തിറങ്ങി കൈ നീട്ടിയിരുന്ന ആ ഭിക്ഷക്കാരന്റെ കൈയ്യിലേക്കു അഭിമാനവും അഹങ്കാരവും ചേര്‍ന്ന ഭാവത്തോടെ ആ പൊതി കൊടുത്തു. അയാളും ഒന്നമ്പരന്നിട്ടുണ്ടാവണം. ചുറ്റും നോക്കാതെ ഇതിലെന്തിരിക്കുന്നു എന്ന ഭാവത്തില്‍ ഞാന്‍ നടന്നു പോകുകയും ചെയ്തു. കുറച്ചു കഴിഞ്ഞു വീണ്ടും ആ വഴി വന്നപ്പോള്‍ ആ ഭിക്ഷക്കാരന്‍ അവിടെയില്ല.. അടുത്തുള്ള ഒഴിഞ്ഞുള്ള ഒരു കടത്തിണ്ണയില്‍ ഒടുവിലത്തെ ചട്ണിയും വിരലുകള്‍ കൊണ്ടു രുചിച്ച് തളര്‍ന്നിരിക്കുന്നു. നെഞ്ചില്‍ ഒരു ആണി അടിച്ചു കയറ്റിയതു പോലെയാണെനിക്കു തോന്നിയത്.. എന്റെ മഹാമനസ്കത കാരണം ഞാന്‍ വേണ്ടായെന്നു വച്ച ഒരുഴുന്നു വട നെഞ്ചിനുള്ളില്‍ ചടഞ്ഞിരുന്നു. ഒരല്‍പ്പം മുതിര്‍ന്ന ശേഷം സിനിമ കണ്ടല്ലാതെ ഞാന്‍ കരഞ്ഞിട്ടില്ല.. പക്ഷേ അന്നു രാത്രി ഞാന്‍ കരഞ്ഞു. കൊടുക്കാതെ പോയ ഒരുഴുന്നു വടയെ ഓര്‍ത്ത്..
സൂചേച്ചീ, നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ മാത്രം ഞാന്‍ പലപ്പോഴും സെന്റിമെന്റലാകുന്നു.. ചീത്ത ഞാന്‍..!

Sat Jan 06, 09:27:00 pm IST  
Blogger Unknown said...

പൊന്നപ്പന്‍ ചേട്ടാ,
ആ കമന്റ് പ‍ലതും ഓര്‍മ്മിപ്പിച്ചു. ഒരു കുട്ടിയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തത് എന്റെ മനസ്സിന്റെ വലുപ്പം കൊണ്ടൊന്നുമായിരുന്നില്ല. അവനെ കണ്ട് കൊണ്ട് ഭക്ഷണം കഴിയ്ക്കാന്‍ കഴിയില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. ആര്‍ദ്രമായിപ്പോയ മനസ്സ് ആക്രാന്തത്തോടെയുള്ള അവന്റെ കഴിയ്ക്കല്‍ കണ്ടപ്പോഴല്ല അത് കഴിഞ്ഞ് പകുതി അടഞ്ഞ കണ്ണുകളോടെയും പകുതി മരവിച്ച ബുദ്ധിയോടെയും അവന്‍ നടത്തിയ നന്ദി പ്രകടനം കണ്ടപ്പോഴാണ് സകല നിയന്ത്രണവും വിട്ട് ആള്‍ക്കൂട്ടത്തിന് നടുവില്‍ പൊട്ടിക്കരഞ്ഞ് പോയത്. :-(

qw_er_ty

Sat Jan 06, 09:44:00 pm IST  
Anonymous Anonymous said...

സൂ, മറ്റൊരു മനോഹരമായ ചിന്ത.
മനസ്സ് പലപ്പോഴും അങ്ങിനെയാണു. വേണ്ടതു വേണ്ടപ്പോള്‍ തോന്നിയെന്നു വരില്ല.

Sun Jan 07, 11:00:00 am IST  
Anonymous Anonymous said...

എന്റെ സൂ.....
കൈയ്ക്കുമ്പിളിലെ മണല്‍ത്തരി പോലെ
ഊര്‍ന്നിറങ്ങുന്ന ഈ ജീവിതത്തിനിടയില്‍
എത്രയെത്ര കമ്പിളികള്‍,കോടിപ്പുതപ്പുകള്‍
‍‍നഷ്ടങ്ങളുടെ ഈ കൂമ്പാരത്തില്‍,
ഒരിറ്റു കണ്ണുനീരിന്റെ അകമ്പടിയോടെ
കടന്നു പോകുന്നു, നടന്നകലുന്നു.

Sun Jan 07, 03:18:00 pm IST  
Blogger Rasheed Chalil said...

നാളെയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ മാറ്റിവെക്കപ്പെടുന്ന നന്മകളെ കുറിച്ചുള്ള ആശങ്ക. അല്ലെങ്കില്‍ ഒരു നന്മയും അടുത്തെ സെകന്റിനെ വിശ്വസിച്ച് മാറ്റിവെക്കരുത് എന്ന പാഠം...

സൂചേച്ചീ പതിവ് പോലെ അസ്സല്‍ കഥ (പാഠം)

Sun Jan 07, 03:45:00 pm IST  
Blogger മുസ്തഫ|musthapha said...

എന്തും പിന്നേക്ക് മാറ്റി വെക്കുന്ന നമുക്ക്, അല്പനേരത്തേക്കെങ്കിലും ചിന്തിക്കാന്‍ വക നല്‍കുന്നു പോസ്റ്റ്... ഈ പോസ്റ്റിനെ കുറിച്ചു മറക്കുന്നതോടൊപ്പം തന്നെ... ഒന്നും പിന്നത്തേക്ക് മാറ്റി വെക്കരുതെന്ന ഗുണപാഠവും നാം മറക്കുന്നു.


സൂ... നന്നായിരിക്കുന്നു ഈ പോസ്റ്റും.

Sun Jan 07, 07:38:00 pm IST  
Blogger Visala Manaskan said...

സൂ. പോസ്റ്റ് അതിഗംഭീരം എന്ന് തന്നെ പറയുന്നു. റ്റച്ചിങ്ങ്!

ചെറുതായി വലിയ കാര്യം പറയാന്‍ കഴിയുക വളരെ വലിയ കാര്യമാണ്.(നേരെ തിരിച്ചാണേ നമ്മുടെ ലൈന്‍!)

ദിവാനേ... ‘ഇതു വെറും പഴമ്പുരാണപ്പോസ്റ്റല്ല. പഴമ്പുരാണ ബ്ലൊഗുമല്ല‘ ഉം ഉം ഉം.. ഹ ഹ ..

Sun Jan 07, 07:53:00 pm IST  
Blogger വല്യമ്മായി said...

പതിവു പോലെ കനമുള്ള ചിന്ത.ദിവാ പറഞ്ഞതിന് ഞാന്‍ അടിവരയിടട്ടെ

Sun Jan 07, 08:04:00 pm IST  
Blogger ദിവാസ്വപ്നം said...

അയ്യോ ! വിശാലമനസ്സേ,

ഒരു കാര്യവുമില്ലാത്ത കാര്യത്തിന് ഞാന്‍ കണ്‍ഫൈയൂഷനുണ്ടാക്കിയോ

ക്ലീഷേ എന്ന വാക്കിന്റെ മലയാളമല്ലേ പഴമ്പുരാണം.
മറ്റൊരു പുരാണവും ഞാന്‍ ഉദ്ദേശിച്ചില്ല. സത്യമായിട്ടും.

വീയെം ജോക്കടിച്ചതാണെന്നറിയാം. എന്നാലും എന്റെയൊരു മനസമാധാനത്തിന്‍ ഈ കമന്റ്‌ ഇടുന്നു.

:)

Sun Jan 07, 08:42:00 pm IST  
Blogger sreeni sreedharan said...

സൂചേച്ചീ,
ഒരുപദേശം തരാം;
നാളെ ചെയ്യാനുള്ളത്
ഇന്ന് ചെയ്യണം
ഇന്നു ചെയ്യാനുള്ളത്
ഇപ്പൊ ചെയ്യണം

:)

Sun Jan 07, 09:20:00 pm IST  
Blogger Visala Manaskan said...

ഏയ്.. എന്താ ഇത് ദിവാ..
ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ ഇഷ്ടാ... :) നെവര്‍ മൈന്റ്.

ഓണ്‍ ടോപ്പിക്ക്: സൂ, പോസ്റ്റ് വീണ്ടും വായിച്ചു. വീണ്ടും ഇഷ്ടപ്പെട്ടു.

Mon Jan 08, 01:23:00 am IST  
Blogger സു | Su said...

പൊന്നപ്പന്‍ :) ഇങ്ങനെ ഒരു അനുഭവം ഞാന്‍ ഒരു പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്.

http://suryagayatri.blogspot.com/2006/01/blog-post_27.html


നന്ദു :) അതെ വേണ്ടത് വേണ്ടപ്പോള്‍ തോന്നില്ല.

സപ്നാ :) അറിയാതെ പോകുന്ന, ചെയ്യാതെ പോകുന്ന കാര്യങ്ങളിലേക്ക് ഓരോന്നും കൂട്ടിവെയ്ക്കപ്പെടുന്നു.

ഇത്തിരിവെട്ടം :) നന്ദി.

അഗ്രജന്‍ :) നന്ദി.

വിശാലാ :) നന്ദി.

വല്യമ്മായീ :) നന്ദി.

പച്ചാളം :) ഉപദേശത്തിന് ഫീസ് ഉണ്ടോ? ;

Mon Jan 08, 10:12:00 am IST  
Anonymous Anonymous said...

സു കവിതയും കുറിക്കും ല്ലേ? ഇപ്പോഴേ വായിയ്ക്കാന്‍ പറ്റിയുള്ളൂ.

Mon Jan 08, 02:32:00 pm IST  
Blogger സു | Su said...

കെവീ :) അതെ അതെ. ഞാന്‍ കവിതയും എഴുതും. എന്നിട്ട് മുകളില്‍ പേരിടും. എന്റെ കവിത എന്ന്. ഇല്ലെങ്കില്‍ മനസ്സിലായില്ലെങ്കിലോ? ;)

qw_er_ty

Mon Jan 08, 07:33:00 pm IST  
Blogger msraj said...

കൊടുക്കാന്‍ മടിച്ച്ക്കമ്പിളി പുതപ്പ് ശരിക്കും മനസ്സില്‍ തട്ടി

Mon Jan 08, 11:47:00 pm IST  
Blogger സു | Su said...

രാജേഷ് :) സ്വാഗതം.

qw_er_ty

Tue Jan 09, 09:45:00 am IST  
Anonymous Anonymous said...

സൂചേച്ചി,
ഹൌ! എന്റെ ഉള്ളിലിരുന്ന് നായ്ക്കള്‍ പിച്ചിചീന്തിയപോലെ ഇത് വായിച്ചപ്പോള്‍... അറിയുന്ന കാര്യങ്ങള്‍, അറിയുന്ന വാചകങ്ങള്‍ മന:പൂര്‍വ്വം മറന്നുപോയവ ഇങ്ങിനെ വീണ്ടും മുറിപ്പെടുത്തി ഓര്‍മ്മപ്പെടുത്തുന്നു സൂചേച്ചി... :(

Tue Jan 23, 05:09:00 am IST  
Blogger സു | Su said...

ഇഞ്ചിപ്പെണ്ണ് എവിടെപ്പോയിരുന്നൂ? ചെയ്ത ചീത്ത കാര്യങ്ങളും ചെയ്യാത്ത നല്ല കാര്യങ്ങളും ഇടയ്ക്ക് ഓര്‍ക്കുമ്പോഴാണ് മനുഷ്യന്‍ ശരിക്കും, മനുഷ്യന്‍ ആവുന്നത്. ചെയ്യാത്ത ചീത്ത കാര്യങ്ങളും, ചെയ്ത നല്ല കാര്യങ്ങളും ആണ് ഓരോരുത്തരുടേയും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നത്.

:)

Tue Jan 23, 06:47:00 pm IST  
Anonymous Anonymous said...

“അമ്മേ ഞാന്‍ ബിസിയാ” എന്ന പരസ്യം കണ്ടിട്ടില്ലേ? അതുപോലെ കുറച്ചൂസം ഭയങ്കര ബുസി ആയിരുന്നു. ഇന്നലെയാണ് കമ്പ്യൂട്ടര്‍ വീണ്ടും കണ്ടതു :)

Tue Jan 23, 07:45:00 pm IST  
Blogger Unknown said...

സൂ ചേച്ചി,
ഇങ്ങനെയൊരു വായനാനുഭവവും മറ്റുള്ളവരുടെ അനുഭവപാഠങ്ങളും ലഭിക്കാനിട നല്‍കിയതിനു നന്ദി.

Tue Jan 23, 09:54:00 pm IST  
Blogger വിനയന്‍ said...

su
സൂ അതി ഗംഭീരമാ‍യി

(എവിടെനിന്നൂം അടിച്ചു മാറ്റിയതെല്ലെങ്കില്‍)

Mon Apr 02, 05:21:00 pm IST  
Blogger സു | Su said...

പൊതുവാള്‍ :) നന്ദി.

വിനയന്‍ :) നന്ദി.

Mon Apr 02, 05:50:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home