Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, January 09, 2007

അഹങ്കാരത്തിന്റെ ബലൂണുകള്‍

"ഞാന്‍ ഒരു ആനയുടെ ചെവിയില്‍ക്കയറി ഓടി നടന്നാല്‍ വലിയ ആന ഗതികെടും.” ഉറുമ്പ് അഹങ്കാരത്തോടെ പറഞ്ഞു.

‘ആനയുടെ കാലടിയില്‍ ആണെങ്കിലോ?’

“അത് പിന്നെ...” ഉറുമ്പിന് ഉത്തരം മുട്ടി.

“ഞാന്‍ ഒരു മനുഷ്യനെ തുമ്പിക്കൈ കൊണ്ട് വളച്ചുപിടിച്ചാല്‍ അയാള്‍ അവശനിലയില്‍ ആവും.” ആന അഹങ്കാരത്തോടെ പറഞ്ഞു.

‘മനുഷ്യന്‍ ഒരു മയക്കുവെടി വെച്ചാലോ?’

“അത് പിന്നെ...” ആനയ്ക്ക് ഉത്തരം മുട്ടി.

"ഞാന്‍ എന്റെ ഇഷ്ടത്തിന് കുതിച്ചുപാഞ്ഞാല്‍, പുറത്തിരിക്കുന്ന ആരും തെറിച്ചുവീഴും.” കുതിര അഹങ്കാരത്തോടെ പറഞ്ഞു.

‘മൂക്ക് കയറിട്ട് വലിച്ചു പിടിച്ചാലോ?’

“അത് പിന്നെ...” കുതിരയ്ക്ക് ഉത്തരം മുട്ടി.

“ഞാന്‍ ഒന്ന് ഗര്‍ജ്ജിച്ചാല്‍ ജീവനുള്ളതൊക്കെ പേടിച്ചോടും.” സിംഹം അഹങ്കാരത്തോടെ പറഞ്ഞു.

‘ജീവനില്ലാത്ത വലയില്‍ കുടുങ്ങിയാലോ?’

‘അത് പിന്നെ...” സിംഹത്തിന് ഉത്തരം മുട്ടി.

“വെള്ളത്തിലിറങ്ങുന്ന‍ എല്ലാത്തിനേം കടിച്ച് വലിക്കാന്‍ എനിക്കാവും.” മുതല അഹങ്കാരത്തോടെ പറഞ്ഞു.

‘കമ്പിയഴിക്കൂടിനു കീഴെ, പ്രദര്‍ശനവസ്തുവായി കിടക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” മുതലയ്ക്ക് ഉത്തരം മുട്ടി.

“ഒക്കെ കരണ്ട് നശിപ്പിക്കാന്‍ എനിക്ക് പറ്റും.” എലി അഹങ്കാരത്തോടെ പറഞ്ഞു.

‘എലിപ്പെട്ടിയ്ക്കുള്ളിലെ തേങ്ങയും കരണ്ട് ഇരിക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” എലിയ്ക്ക് ഉത്തരം മുട്ടി.

“എനിക്കെന്തും സാധിക്കും. ബുദ്ധി കൊണ്ടും, ശക്തി കൊണ്ടും, തന്ത്രം കൊണ്ടും, കുതന്ത്രം കൊണ്ടും, ഞാന്‍‍ എവിടേം ജയിച്ച് നില്‍ക്കും.” അഹങ്കാരിയായ മനുഷ്യന്‍ പറഞ്ഞു.

‘അങ്ങനെയാണെങ്കില്‍, ഒരു വട്ടമെങ്കിലും, കാലന്‍ വന്ന് കൊണ്ടുപോകുന്നതിന് പകരം കാലനെ കൊന്ന് കൊണ്ടുപോകൂ.’

“അത് പിന്നെ...” മനുഷ്യന് ഉത്തരം മുട്ടി.

ശൂ...ശൂ...ശൂ... ഠോ...ഠോ...ഠോ...

ഇത്രയ്ക്കേ ഉള്ളൂ, അഹങ്കാരത്തിന്റെ ബലൂണുകള്‍ക്ക് ആയുസ്സ്.

31 Comments:

Blogger സ്വാര്‍ത്ഥന്‍ said...

ആആആആആആആആആ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
വീണ ക്ഷീണം ഇതോടെ തീര്‍ന്നു!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Tue Jan 09, 12:56:00 pm IST  
Anonymous Anonymous said...

സൂ, അഹങ്കരിക്കുന്നവന്‍ മനുഷ്യന്‍ മാത്രമാണ്‍. മനുഷ്യനില്‍ നിന്നും എപ്പോള്‍ ആ‍ സത്വം മാ‍റുന്നുവോ അപ്പോല്‍ മാത്രമാണ്‍ അവന്‍ യഥാര്‍ഥ മനുഷ്യനാകുന്നതു. ഇതേ ആശയം കുട്ടികള്‍ക്കായി ഇവിടെഞാനും മുന്‍പൊരിക്കല്‍ എഴുതിയിരുന്നു.

Tue Jan 09, 01:26:00 pm IST  
Anonymous Anonymous said...

ഠേ..ഠേ.. അഹങ്കാരം പൊട്ടിതെറിച്ചതിന്റെ ശബ്ദമാണ്‌ കേട്ടോ..
അഹങ്കാരമില്ലാത്തവര്‍ ഉണ്ടാവില്ലല്ലോ.. അതാ..

കൃഷ്‌ | krish

Tue Jan 09, 02:08:00 pm IST  
Anonymous Anonymous said...

:)

Tue Jan 09, 02:09:00 pm IST  
Blogger സുല്‍ |Sul said...

കൊന്നു കൊലവിളിച്ചു അഹങ്കാരം.

-സുല്‍

Tue Jan 09, 02:15:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇപ്പൊ കുറച്ചായി തത്വശാസ്ത്രങ്ങളാണല്ലോ സൂ... എന്തു പറ്റി..

Tue Jan 09, 04:46:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ അല്ല സൂ മുത്തശ്ശീ ഇനി ഒരു കഥ പറ...

Tue Jan 09, 05:10:00 pm IST  
Anonymous Anonymous said...

സു…:)

Tue Jan 09, 05:35:00 pm IST  
Blogger സു | Su said...

സ്വാര്‍ത്ഥാ :) ക്ഷീണം തീര്‍ന്നെങ്കില്‍ അടുത്ത വീഴ്ചയ്ക്ക് തയ്യാറെടുക്കൂ. ;) ആദ്യത്തെ കമന്റിന് നന്ദി.

നന്ദൂ :) മനുഷ്യന് മാത്രം ഉള്ളതാണെങ്കില്‍ അഹങ്കരിക്കട്ടെ. പൊട്ടിപ്പോകുന്നതുവരെ.

കൃഷ് :) പൊട്ടിച്ചോ? നന്നായി.

സജിത്ത് :)

സുല്‍ :) അതു നന്നായി.

കണ്ണൂരാന്‍ :)എന്തൊക്കെയോ പറ്റി.

കുട്ടിച്ചാത്താ :) കഥയില്ലാക്കഥ മതിയോ?

ആമി :) സ്വാഗതം.

Tue Jan 09, 05:44:00 pm IST  
Anonymous Anonymous said...

കൊള്ളാം :)
അഹങ്കാരത്തോടെ ഒരടി മുന്നോട്ടു വയ്ക്കുന്ന ഒരു സാധാരണ വ്യക്തിയുടെ മനസ്സില്‍ ഈ വിചാരം ഉണ്ടായാല്‍ ,അവന്‍ ഒരുള്‍ഭയം മൂലം പിന്നോട്ടു വലിയും. ആ സ്ഥാനത്തു്‌ ഒട്ടും ഭയമില്ലാത്തവനാണെങ്കില്‍ കുറച്ചുകൂടി അഹങ്കാരത്തോടെ രണ്ടടി കൂടി മുന്നോട്ടുപോവും - ഹിറ്റ്ലര്‍ എന്നോ സ്റ്റാലിന്‍ എന്നോ ഒക്കെ അറിയപ്പെടാന്‍. ഗുണപാഠകഥകളില്‍ മാത്രമല്ലേ അഹങ്കാരം വില്ലന്‍ ആകുന്നുള്ളൂ.

Tue Jan 09, 05:51:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ബലൂണുകള്‍ പൊട്ടിയ്ക്കല്ലേ,

നമുക്കു തട്ടിക്കളിയ്ക്കാമെന്നേ, കയ്യോണ്ടും കാലോണ്ടും തട്ടിത്തട്ടിക്കളിയ്ക്കാമെന്നേ.

സൂ, ഇഷ്ടമായി. ഇനീം...

Tue Jan 09, 06:05:00 pm IST  
Blogger Unknown said...

“ദില്‍ബാ നീ എന്റെ കഥയെ വിമര്‍ശിച്ച് കമന്റിട്ടാല്‍ നിന്നെ ഞാന്‍ ഓടിച്ചിട്ട് തല്ലും.” സു പറഞ്ഞു.

“ഞാന്‍ അനോണി കമന്റിട്ട് കൊന്ന് കൊലവിളിച്ചാലോ.” ദില്‍ബന്‍ ചോദിച്ചു. സുവിന് ഉത്തരം മുട്ടി.

ഓടോ:ഞാനറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ ഇത് കളിക്കുടുക്ക ഏത് ലക്കത്തിലാ പ്രസിധീകരിച്ചത്? ബൂലോഗര്‍ വായിക്കാത്ത പുസ്തകമാന്ന് കരുതി കളിക്കുടുക്കയും ബാലരമയുമൊക്കെ കോപ്പിയടിയ്കുന്നതിന് മുമ്പ് ഞാന്‍ ഇതൊക്കെയാണ് വായിക്കുന്നത് എന്ന് ഒന്നാലൊചിച്ചാല്‍ നന്ന്. :-) (നാണ്‍ സെത്തു പോച്ച് അമ്മാ.തപ്പ വേണാ)

Tue Jan 09, 06:10:00 pm IST  
Blogger ഏറനാടന്‍ said...

ഇതു കേവലം ചിന്താശകലങ്ങള്‍ മാത്രമല്ല.
വല്ലതും പറഞ്ഞിനിയൊരു കുത്തിതിരുപ്പുണ്ടാക്കുന്നുമില്ല.
ചിന്താധമനികളെ വീര്‍പ്പുമുട്ടിച്ചുവിത്‌!
ഏതു വലിയ മുതുകാടോ മാന്‍ഡ്രേക്കോ വിചാരിച്ചാലും ഒരു മിനിറ്റെങ്കിലും ഹൃദയമിടിപ്പോ ശ്വാസോഛാസമോ പിടിച്ചുവെക്കുവാനോ തോന്നുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുവാനോ സാധിക്കുമോ?
ഇത്രേയുള്ളൂ നമ്മുടെയൊക്കെ ഒരിത്‌!

Tue Jan 09, 06:25:00 pm IST  
Blogger സു | Su said...

നവന്‍ :) എല്ലായിടത്തും അഹങ്കാരം വില്ലന്‍ ആണ്.

ജ്യോതീ :) അതെ. തട്ടിക്കളിച്ച് തട്ടിക്കളിച്ച് പൊട്ടിക്കാം.

ദില്‍ബൂ :) അതൊക്കെ ആദ്യം പറയണ്ടേ. ദില്‍ബു വായിക്കാത്ത പുസ്തകങ്ങള്‍ ഏതാ?

ഏറനാടാ :)നന്ദി. അത്രയും ഒരു ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടായാല്‍ മതി.

Tue Jan 09, 08:34:00 pm IST  
Blogger Rasheed Chalil said...

സൂചേച്ചീ നല്ല ചിന്ത :)

Wed Jan 10, 09:46:00 am IST  
Blogger Peelikkutty!!!!! said...

സൂ ചേച്ചീ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു?..Great!

..ഠേ..ഠൊ..ഠോ..
(ബാക്ഗ്രൌണ്ടില്‍ എന്റെ അഹങ്കാരത്തിന്റെ ബലൂണ്‍ പൊട്ടുന്ന ശബ്ദം:)!!!

Wed Jan 10, 09:48:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഈ അഹങ്കാരത്തിനു എന്തൊരു അഹങ്കാരമാണല്ലെ... അഹങ്കാരി... .;)

Wed Jan 10, 10:19:00 am IST  
Anonymous Anonymous said...

സൂവിന്റെ അഹങ്കാരബലൂണില്‍ ചിത്രകാരന്‍ ഒരു മൊട്ടുസൂചി പ്രയോഗിച്ചോട്ടേ ?? വേണ്ടാ.. അല്ലേ ജൊതിര്‍മയി പറഞ്ഞതുപോലെ ,,,.. തട്ടിക്കളിക്കാം !! മറ്റുള്ളവര്‍ അതു പറഞ്ഞില്ല.. ജൊതിര്‍മയി നിഷ്ക്കളങ്കമായി അതുപറഞ്ഞു എന്നു മാത്രം..!!
(നമ്മുടെ പൊങ്ങച്ചവും, ദുരഭിമാനവും, അഹങ്കാരവും ഒരൊറ്റ സാധനം തന്നെയാണ്‍ സൂ. വലിപ്പം മാത്രമേ വ്യത്യാസമുള്ളു.)

Wed Jan 10, 11:06:00 am IST  
Anonymous Anonymous said...

സൂ..അഹങ്കാരത്തിന്റെ ബലൂണുകളുടെ കാറ്റ്‌ കഴിയുന്നത്ര അഴിച്ചുവിടാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചുവെന്നു സ്നേഹപൂര്‍വ്വം അറിയിയ്ക്കട്ടെ...

Wed Jan 10, 11:31:00 am IST  
Blogger തറവാടി said...

സൂ,

ഉറുമ്പ് പറഞ്ഞത് സത്യമല്ലെ?
ആന പറഞ്ഞത് സത്യമല്ലെ?
കുതിര പറഞ്ഞത് സത്യമല്ലെ?
സിംഹം പറഞ്ഞത് സത്യമല്ലെ?
മുതല പറഞ്ഞതു സത്യമല്ലെ?
എലി പറഞ്ഞതു സത്യമല്ലെ?

ഇവരൊക്കെ പറഞ്ഞത് വെറും സത്യമായിരുന്നു , എന്നാല്‍ " എങ്കില്‍" എന്ന ഒരു "മുരട്ട്" ന്യായം പറഞ്ഞ് ആ സത്യത്തെ ഒന്നുമല്ലാതാക്കി.

പിന്നെ ഈ അഭിമാനം ദുരഭിമാനം എന്നതെല്ലാം ആപേക്ഷികമല്ലെ?

ഒരു വെക്തി ആലെങ്കില്‍ ഒരു ജീവി അയാള്‍ക്കുള്ള അല്ലെങ്കില്‍ അതിനുള്ള ഒരു കഴിവില്‍ ആല്ലെങ്കില്‍ ഒരു പ്രത്യേകതയില്‍ അഭിമാനിക്കുമ്പോള്‍ , അതില്ലാത്തവര്‍ അതില്ലെങ്കില്‍ " അസൂയ" എന്ന വികാരം കൊണ്ട് അതിനെ താറടിച്ചുകണിക്കാന്‍ , " ദുരഭിമാനം" / അഹംഗാരം എന്നൊക്കെ പറഞ്ഞ്‌ പുച്ഛിക്കുന്നു അതല്ലെ സത്യം?

ഒരാള്‍ക്ക് / ഒരു ജീവിക്ക് തോന്നുന്ന അഭിമാനം മറ്റൊരാള്‍ക്ക് , അല്ലെങ്കില്‍ ജീവിക്ക് ദുരഭിമാനം അല്ലെങ്കില്‍ അഹംഗാരം ആയി തോന്നാം അതല്ലെ സത്യം?

കുറച്ചെങ്കിലും "അഹം" എന്നത്‌ വേണ്ടെ?


പിന്നെ അധികമായാല്‍ അമൃതും വിഷം അതും സത്യം


നല്ല പോസ്റ്റ്

Wed Jan 10, 11:46:00 am IST  
Blogger മുസ്തഫ|musthapha said...

അതെ, സൂ... ശരിയാണ്

കഴിവുകളിലുള്ള അമിതമായ വിശ്വാസമാണ് അഹങ്കാരത്തെ ജനിപ്പിക്കുന്നത്... കഴിവില്ലായ്മ ബോധ്യപ്പെടുമ്പോള്‍ അത് ബലൂണ്‍ പോലെ പൊട്ടുകയും ചെയ്യും.

നല്ല പോസ്റ്റ് :)

Wed Jan 10, 12:25:00 pm IST  
Blogger sandoz said...

സു-കാലനെ കൊല്ലണമെന്നില്ലാ.കാലനോടു ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രം മതി.
'മി.കാലന്‍,താങ്കളുടെ ഐ.ക്യു എത്രയാണു,താങ്കള്‍ക്ക്‌ സംസ്കൃതം അറിയാമോ..അറ്റ്‌ ലീസ്റ്റ്‌ ഫോട്ടോഗ്രാഫി എങ്കിലും...ദേ കാലന്റേം ഉത്തരം മുട്ടി.

Wed Jan 10, 12:38:00 pm IST  
Anonymous Anonymous said...

ഞാനിതാ എന്റെ ബലൂണിലെ കാറ്റ് മുഴുവന്‍ പുറത്തേക്കഴിച്ചു വിടുന്നു: ശ്ശേ, എന്തൊരു നാറ്റം!

ഈ അഴിച്ചു വച്ച ബലൂണ്‍ പൊട്ടിക്കാനാരാ ഇനി സൂചിയുമായി വരുന്നതെന്ന് നോക്കാലോ?

സൂ,മുന്നറിയിപ്പിനു നന്ദി!!

Wed Jan 10, 12:53:00 pm IST  
Blogger Siju | സിജു said...

അപ്പോ സൂചേച്ചി പണ്ട് കാലനെ കോമയിലാക്കിയില്ലാരുന്നൊ
അതും അഹങ്കാരമായിരുന്നല്ലേ

Wed Jan 10, 01:04:00 pm IST  
Blogger കണ്ണൂസ്‌ said...

നിര്‍മലമായ ജലത്തില്‍, പൊന്തിക്കിടക്കുന്ന താമരപ്പൂവില്‍ ഇരിക്കുന്നവളായി വിദ്യാദേവതയെത്തന്നെ സങ്കല്‍പ്പിക്കാന്‍ കാരണമെന്താണെന്നറിയാമോ എന്ന് ചോദിച്ചതോര്‍ക്കുന്നു, പണ്ട്‌ ഗുരു നിത്യ ചൈതന്യ യതി ഗുരുകുലത്തില്‍ വന്നപ്പോള്‍.

ഈ അഹങ്കാരം ടാങ്കിലെ പെട്രോള്‍ പോലൊരു സാധനമാണെന്ന് തോന്നുന്നു. തീരെ ഇല്ലാതായാല്‍ വണ്ടി മുന്നോട്ട്‌ പോവില്ല. പൊട്ടി ഒലിക്കാന്‍ തുടങ്ങിയാലോ, അപകടം: അവനവനും ചുറ്റുമുള്ളവര്‍ക്കും

Wed Jan 10, 01:28:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) നന്ദി.

പീലിക്കുട്ടീ :) കളിക്കുടുക്കയും ബാലരമയും സ്ഥിരമായി വായിച്ചാല്‍ മതി പീലിക്കുട്ടീ. ബാക്കി ഏതൊക്കെ വായിക്കണമെന്ന് ദില്‍ബൂനോട് ചോദിച്ച് പറഞ്ഞു തരാംട്ടോ.

ഇട്ടിമാളൂ :)

ചിത്രകാരാ :) സൂവിന്റെ അഹങ്കാരബലൂണില്‍ എന്നുള്ളതിന് പകരം സൂവിന്റെ അഹങ്കാരബലൂണുകള്‍ എന്ന പോസ്റ്റില്‍ എന്നായിരുന്നെങ്കില്‍ നന്നായേനെ. സു-വിന്റെ പിറകില്‍ ചിത്രകാരന് ഒരു ഐഡി മാത്രമേ അറിയൂ. സു എന്ന വ്യക്തിയെ അറിയില്ല.

സാരംഗീ :)

തറവാടീ :) സത്യമാണ്. വാക്കില്‍ മാത്രം സത്യം. അഹങ്കാരം കൊണ്ട് പറയുന്നത് തന്നെയാണത്. എനിക്ക് നല്ല കഥ എഴുതാന്‍ അറിയാം എന്നു പറഞ്ഞാല്‍ അതൊരു കഴിവാണ്. എനിക്ക് കഥയെഴുതി മറ്റുള്ളവരെ ദ്രോഹിക്കാന്‍ കഴിയും എന്നു പറഞ്ഞാല്‍ അത് അഹങ്കാരമാവും. അങ്ങനെയുള്ള ദ്രോഹങ്ങളാണ് എല്ലാവരും പറഞ്ഞത്. നന്ദി.

അഗ്രജാ :) കഴിവ് ഉള്ളത് നല്ലത്. അതുണ്ടെന്ന് വെച്ച് മറ്റുള്ളവരെ ദ്രോഹിക്കാന്‍ ഇറങ്ങുന്നത് അഹങ്കാരം.

സാന്‍ഡോസ് :) ഹിഹി. അത്രയും മതി അല്ലേ?

കൈതമുള്ളേ :) നന്ദി.

സിജു :) അല്ല. കാലന്‍ ദ്രോഹിക്കാന്‍ വന്നതല്ലേ. അതുകൊണ്ട് അങ്ങോട്ടും കൊടുത്തു. അത്രയേ ഉള്ളൂ.

കണ്ണൂസ് :) ഇപ്പോഴുള്ള ചിലരും ഇരിക്കും. സിമന്റിട്ടുറപ്പിച്ച കസേര വേണ്ടി വരും.

Wed Jan 10, 06:13:00 pm IST  
Blogger ബിന്ദു said...

എനിക്കു വല്യ ഇഷ്ടായി ഇത്.
എനിക്ക് നന്നായി കഥ എഴുതാന്‍ അറിയാം- ആത്മവിശ്വാസം,കുഴപ്പമില്ല.(എന്റെ കാര്യം അല്ലാട്ടൊ)
എനിക്കേ നന്നായി കഥ എഴുതാന്‍ അറിയൂ- ഇത്തിരി അഹങ്കാരം ഇല്ലെ അതില്‍?

Wed Jan 10, 07:49:00 pm IST  
Blogger തറവാടി said...

ബിന്ദു , നിങ്ങള്‍ ശരി പറഞ്ഞു!

എനിക്ക് കഥ എഴുതാന്‍‍ അറിയാമെന്ന് പറഞ്ഞാല്‍ അത് അഭിമാനം.

എനിക്കേ കഥ എഴുതാന്‍ പറ്റൂ എന്ന് പറഞ്ഞാല്‍ അഹങ്കാരം.

അഹങ്കാരത്തില്‍ നിന്നുമുണ്ടാകുന്ന ഭാവം‍ അഹംഭാവം!

Wed Jan 10, 08:23:00 pm IST  
Blogger വല്യമ്മായി said...

അയ്യോ ഞാനിന്നലെയിട്ട കമന്റെവിടെ ,അതും ബലൂണിനോടൊപ്പം പൊട്ടിയോ.

നല്ല ചിന്ത

Wed Jan 10, 08:23:00 pm IST  
Anonymous Anonymous said...

വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ തലക്കുമുകളീന്നും കേട്ടു ഒരു ഠോ... അഹങ്കാരബലൂണ്‍ പൊട്ടിയതാണെന്ന് തോന്നുന്നു.

നന്നായിരിക്കുന്നു.

Wed Jan 10, 08:34:00 pm IST  
Blogger സു | Su said...

ബിന്ദൂ :) നന്ദി. ബിന്ദൂ, കഥ എഴുതാന്‍ പറ്റും, കഥ നന്നായി എഴുതാന്‍ കഴിയും എന്നു മാത്രമല്ല. കഥ എഴുതി ദ്രോഹം ചെയ്യാന്‍ പറ്റും എന്നാണ് ശരിയായ അര്‍ത്ഥം.


വല്യമ്മായി :) നന്ദി.


ആര്‍. പീ :) നന്ദി.

qw_er_ty

Wed Jan 10, 09:39:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home