ജനുവരിയിലെ ഒരു ഓര്‍മ്മ
ഈ വര്‍ഷത്തെ ജനുവരി കടന്നുപോയിരിക്കുന്നു. ഓരോ ദിവസവും വിലപ്പെട്ടതാവുമ്പോള്‍, ഒരു മാസം ഇത്രവേഗം പോയത് എന്തോ ഒരു നഷ്ടമായി തോന്നുന്നു. ഈ ജനുവരി എന്നെ സംബന്ധിച്ചിടത്തോളം സുഖദുഃഖസമ്മിശ്രം ആയിരുന്നു. പല കാര്യങ്ങളും നടന്നു. മറക്കാത്തവയും ചിലത് ഉണ്ടായിരുന്നു.
ജനുവരി പതിനെട്ട്. ഞങ്ങള്‍ വൈകുന്നേരം, ചെറിയ ഒരു ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു. കുഞ്ഞുകുഞ്ഞുവസ്തുക്കളേ ഉള്ളൂ, പതിവുപോലെ വാങ്ങാന്‍. കുറച്ച് സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍, ഒരു ഹോട്ടലില്‍ കയറാം എന്ന് തീരുമാനിച്ചു.
സൌകര്യം നോക്കിയിട്ട് കയറിയത്, ഞങ്ങള്‍ ഇതുവരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പോയിട്ടുള്ള ഒരു ഹോട്ടലില്‍ ആണ്. കയറി ഇരുന്ന് ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. ഉത്സാഹത്തോടെ കഴിക്കാന്‍ തുടങ്ങി. കുറച്ച് വായില്‍ ഇട്ടതും അയ്യേ എന്നാണ് എനിക്ക് തോന്നിയത്. കേടായതാണോന്നറിയില്ല, വൃത്തികെട്ട സ്വാദ്. എനിക്ക് മതിയായി. "ഇത് കഴിക്കാന്‍ പറ്റില്ലല്ലോ” എന്ന് ഞാന്‍ പറയുന്നതിനുമുമ്പ് ചേട്ടന് പറഞ്ഞു. "ഒരു വൃത്തികെട്ട സ്വാദല്ലേ ഇതിനുള്ളത്? എനിക്ക് കഴിക്കാന്‍ പറ്റുന്നില്ല." എന്ന്. ഞാനും അതു തന്നെയാണ് പറയാന്‍ ഭാവിച്ചതെന്ന് പറഞ്ഞു.
അല്പം വെറുതെ ഇരുന്ന്, ചേട്ടന് കൈകഴുകാന്‍ പോയി. വെയിറ്റര്‍ വന്നു. 'എന്താ കഴിക്കുന്നില്ലേ' എന്ന് ചോദിച്ചു. ‘ഈ ഭക്ഷണം ഒട്ടും ശരിയല്ല. പഴകിയതാണോ, അതോ സ്ഥിരം ഇതുതന്നെയാണോ എല്ലാവര്ക്കും കൊടുക്കുന്നത്’ എന്ന് ഞാന്‍ ചോദിച്ചു. അവന് പരുങ്ങി നിന്നു.
"ഞങ്ങള്‍ക്ക് വേണ്ട” ഞാന്‍ ഉറപ്പിച്ച് പറഞ്ഞു. ചേട്ടന് വന്ന്, ചേട്ടനും അതുതന്നെ പറഞ്ഞു. വേറൊന്നും പറയാന്‍ നിന്നില്ല. അവന് പോയിട്ട് ബില്ല് കൊണ്ടുവന്നു. ശരിക്കുള്ളതിന്റെ എത്രയോ തുക കുറച്ച്. ഭക്ഷണം തൊട്ടല്ലോ ഞങ്ങള്‍. ഞങ്ങള്‍ പൈസയും കൊടുത്ത് ഇറങ്ങിപ്പോന്നു.
ചെരുപ്പുകടയില്‍ ഇരിക്കുമ്പോള്‍ കാണാമായിരുന്നു, ആള്ക്കാര് ഹോട്ടലിലേക്കും പുറത്തേക്കും പോകുന്നത്. ചേട്ടന് പറഞ്ഞു ഒന്നുകില്‍ ഭക്ഷണത്തിന്റെ സ്വാദ് അതാവും എന്ന് വിചാരിക്കുന്നവര്‍ ആവും, അല്ലെങ്കില്‍ സ്ഥിരം ആള്ക്കാര് ആവും. ഒരു ദിവസം അല്പം ശരിയല്ലെങ്കില്‍ ക്ഷമിച്ചേക്കാം എന്ന് വിചാരിക്കുന്നുണ്ടാവും എന്ന്. എന്തായാലും കഷ്ടം തോന്നി. മറ്റുള്ളവരുടെ പൈസ വാങ്ങിയിട്ട്, ആരോഗ്യം നശിപ്പിച്ച് കൊടുക്കുന്നവര്‍.
Labels: ഓര്‍മ്മക്കുറിപ്പ്
30 Comments:
ഇരിക്കട്ടെ സു വിനു ഒരു തേങ്ങ :)
‘ഠേ.........’
തേങ്ങയടിയില് അഭിപ്രായം പറയില്ല. തേങ്ങ മാത്രം. അഭിപ്രായം ഇനി വരുന്നവര്‍ പറയും.
-സുല്‍
സൂ.. ഇതൊരു സ്ഥിരം സംഭവം .. പ്രത്യേകിച് റയില്‍വെ സ്റ്റേഷനിലും ബസ്സ് സ്റ്റാന്റിലും ഒക്കെ.. കശുകൊടുത്തിട്ടാണേലും വേണമെങ്കില്‍ കഴിച്ചു പൊക്കോ എന്നൊരു മട്ടാ..
മറ്റു ഗതിയൊന്നുമില്ലെങ്കില് തിന്നു പോകുക തന്നെ.
അതു പറഞ്ഞപ്പോഴാ...
ഞങ്ങള്‍ (ഞാന്‍, അച്ഛന്, അമ്മ, പെങ്ങള്) ഒരു യാത്ര പോയി. തിരികെയെത്തിയപ്പോള്‍ എല്ലാവര്ക്കും നല്ല വിശപ്പ്. ഹോട്ടലില്‍ കയറാം എന്നു തീരുമാനിച്ചു, അല്ലെങ്കില്‍ വീട്ടിലെത്തി ഉണ്ടാക്കണ്ടേ... പക്ഷെ, ഓരോ ഹോട്ടലിന്റെ മുന്നിലും കാറെത്തുമ്പോഴും ഓരോരുത്തരും എന്തെങ്കിലുമൊക്കെ കുറ്റം പറയും. ഒന്നുകില്‍ ആഹാരത്തിന് സ്വാദില്ല, അല്ലെങ്കില്‍ വൃത്തിയില്ല, അല്ലെങ്കില്‍ ഹോട്ടലിനുള്ളില്‍ മാനേജരും വെയിറ്ററും മാത്രമേ ഉണ്ടാവുകയുള്ളൂ, അല്ലെങ്കില്‍ ബാര്‍ ഹോട്ടലാവും... അങ്ങിനെ എവിടുന്നും ആഹാരം കഴിച്ചില്ല, ഞങ്ങള്‍ വീടെത്തുകയും ചെയ്തു. ഞാന്‍ പ്രിഫര്‍ ചെയ്യുക തട്ടുകടയാണ്, അവരൊന്നുമില്ലെങ്കിലും അന്നന്നാണ് ആഹാരമുണ്ടാക്കുന്നത്. :)
--
udസൂ,
floating population -നെ ആശ്രയിച്ച് ബിസ്നെസ് ചെയ്യുന്ന ഹോട്ടലുകളിലൊക്കെ ഇങ്ങിനെതന്നെയാണെന്നാണു എന്റെ അനുഭവവും. (ഗുരുവായൂര്‍, തൃശ്ശുര്‍, എറണാകുളം ടൌണ്‍സ്)
-കഴിയുന്നതും ഏറ്റവും ചെറിയ ചായക്കടയില്‍ കയറുക, ദോശയോ ഇഡ്ഡലിയോ പഴമോ കൊണ്ടു കാര്യം സാധിക്കുക.
(നല്ല സ്വാദ്, ചുരുങ്ങിയ ചിലവ്)
ഒരു പരാതികൊടുക്കു സൂ. നാം പ്രതികരികാത്തതാണ് അടിസ്ഥാനപ്രശ്നമെന്ന് എനിക്കു തോന്നുന്നു. പഴകിയ ഭക്ഷണ സാധനങ്ങളെക്കുറിച്ചുള്ള പരാതി പഞ്ചായത്ത് പ്രദേശമാണെങ്കില്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ക്കും, മുനിസിപ്പല്‍ പ്രദേശമാണെങ്കില്‍ അവിടെയുള്ള ഫുഡ് ഇന്‍സ്പെക്ടര്‍ക്കും നല്‍കാം. കൂടാതെ ഇതെകുറിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കും പരാതി നല്‍കാം.
സൂചേച്ചി::ഹോട്ടലിന്റെ വിലാസം ഒന്നു ചെവിയില്‍ പറയാമോ. നാട്ടില്‍ വന്നാല്‍ പുറത്തൂന്ന് ഭക്ഷണം കഴിക്കാറില്ലാ. എന്നാലും എങ്ങാനും കഴിക്കേണ്ടിവന്നാല്‍ അതു തന്നെ തെരഞ്ഞെടുത്ത് പോയാലോ?.ഇല്ലെങ്കില്‍ ക്ലൂവെങ്കിലും?
സൂവേച്ചീ ഇതൊരൊറ്റപ്പെട്ട സംഭവമല്ലല്ലോ!
കണ്ണൂരാനേ, പരാതിയിലൊന്നും വല്യകാര്യമില്ലെന്നേ, ഇതൊക്കെ അവരും അറിഞ്ഞുകൊണ്ടുതന്നെ. മാസപ്പടി അവരുക്കും പോകുന്നുണ്ട്.
സൂ : ഹോട്ടലിന്റെ വിലാസമൊന്നു തരാമോ ? എന്റെ ചില കൂട്ടുകാരെ അവിടേക്ക് വിടാനാണ്. മെയില്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഇക്കാസിന്റെ മൊബൈലിലേക്ക് ഒരു sms വിട്ടാലും മതി. :)
സൂ,
കൊള്ളാം ജനുവരി ഒരോര്‍മ്മ. ഇനി ഫെബ്രുവരി ഒരോര്‍മ്മ പോരട്ടെ;)
പലയിടത്തും ഇങ്ങിനെയാണ്. എല്ലാം റഫ്രിജറേറ്ററില്‍ വച്ച് പഴകിയതും വൃത്തികെട്ട സ്ഥലത്തു വച്ച് ഉണ്ടാക്കുന്നതും ചീത്ത വെള്ളം ഒഴിച്ചുണ്ടാക്കുന്നതും ആവാം. കഴിക്കുന്നവര്‍ക്കറിയില്ലല്ലോ ഇത്.
സുല്ലിന് ഇപ്പോള്‍ തേങ്ങയടി മാത്രമേ ഉള്ളോ? ;)
സൂ,
ഓര്‍മ്മക്കുറിപ്പ് മറക്കാനാവാത്തതാണല്ലോ!
ഇനി ആരെങ്കിലും ആ ഹോട്ടെലിന്റെ പേരു പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും? :)
കുട്ടമ്മേനോന്‍ ചിരിച്ചോണ്ട് എനിക്കിട്ടൊരു പാര പണിതത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്ല.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റിന്റെ മുന്‍പിലുള്ള ഒരു മീഡിയം ഹോട്ടല്‍. ഊണു കഴിച്ചു കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് എഴുന്നേല്ക്കാന് നേരത്ത്, ചുമ്മാ ഒരു രസത്തിനു നല്ല സ്വാദുണ്ടായിരുന്ന ഉള്ളി അച്ചാര്‍ ഒന്നു കൂടി തോണ്ടി.കൈയില്‍ തടഞ്ഞത് ഒരു ചെറിയ പാറ്റ.എന്നിലെ പ്രതികരണ ശേഷി ഉണര്‍ന്നു.ഇനി മേലില്‍ ഊണു കഴിച്ചതിനു ശേഷം അച്ചാര്‍ കൈ കൊണ്ട് തൊടില്ലാ എന്ന് ഞാന്‍ തീരുമാനിച്ചു.
പിന്നേ....22 രൂപയുടെ നല്ല രസികന്‍ ഊണു കഴിച്ചതിനു ശേഷം ...അതിനി ഓക്കനിച്ചു കളയേ.....ഞാന്‍ ആരാ മോന്.
അടിക്കും ഞാന്‍ ഓഫ്;പ്രതികാരം പലവിധത്തില്‍.
1.സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി, ഡ്രൈവര്‍ക്ക് ആവി പറക്കുന്ന കട്ടന്‍ ചായ കൊടുക്കുക.[ഊതി കുടിക്കാന്‍ സമ്മതിക്കരുത്]
2.സീറ്റില്‍ പിടിച്ച് കെട്ടിയിട്ട് ബല്‍റാം/താരാദാസ് സിനിമ കാണിക്കുക.
3.പുതിയതായിട്ട് കിട്ടിയ ഒരു ഐഡിയ-സു പറഞ്ഞ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുക.[കുട്ടന് മേനോന് ഇക്കാസിന്റെ തുടരന് വായിച്ചു..എനിക്ക് ഉറപ്പാണു]
സ്ഥിരം റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ച് വയറ് ഇപ്പോള്‍ ശീലിച്ചുപോയി. നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ നിന്നും നല്ല ഭക്ഷണം കഴിക്കുന്നേരം വയറിനു വിഷമം!!
കൈതമുള്ളേ,
അതെന്തേ തിരു.പുരം വിട്ടുകളഞ്ഞു? അവിടെയല്ലേ ഏറ്റവും കൂടുതല്‍ ഫ്ലോട്ടിംഗ് പോപ്പുലേഷനുള്ളത്?
--
സൂ, മറ്റൊരു കാര്യം. ഇപ്പോഴാണോര്‍ത്തത്, മാഷും തിരു.പുരത്താണല്ലോ എന്ന്, അല്ലേ? അതേത് ഹോട്ടലാണ്? ഒന്നു പറയൂ, ഞാന്‍ സ്ഥിരം അവിടെ പുറത്തൂന്നു കഴിക്കുന്ന (ഹത)ഭാഗ്യവാനാണേ, അവിടെപ്പോയി ഹതഭാഗ്യനാവണ്ടെന്നു കരുതിയാ...
--
സുല്‍ :) ആദ്യത്തെ കമന്റിന് നന്ദി. തേങ്ങയെങ്കില്‍ തേങ്ങ. നല്ലതല്ലേ.
ഇട്ടിമാളൂ :) അതെയോ? എനിക്ക് ശീലമില്ല. ബസ്സ്റ്റാന്‍ഡിലും സ്റ്റേഷനിലും ഉള്ള ഹോട്ടലുകളില്‍ കയാറാന്‍ മടിക്കും ഞാന്‍.
കിനാവ് :) അതെ. കിട്ടുന്നത്, തിരക്കിട്ട് കഴിച്ചുപോകാനേ പലര്‍ക്കും സാധിക്കൂ.
ഹരീ :) അത് നല്ല കാര്യം. ഞാന്‍ തട്ടുകടയില്‍ ഇതുവരെ കഴിച്ചിട്ടില്ല. ഇനി നോക്കാം. ഞാന്‍ തിരുവനന്തപുരം കണ്ടിട്ടില്ല.
കൈതമുള്ളേ :) ഇഡ്ഡലിയും ദോശയും പഴയ ചോറാണത്രേ. പണ്ടൊരിക്കല്‍ തെളിഞ്ഞ് കണ്ടു.
കണ്ണൂരാന്‍ :) തോന്നിയിരുന്നു. പിന്നെ വേണ്ടാന്ന് വെച്ചു. ഇനി ആവര്‍ത്തിച്ചാല്‍ (അവിടെ അബദ്ധത്തില്‍ കയറിയാല്‍) തീര്‍ച്ചയായും കൊടുക്കും.
കുട്ടിച്ചാത്താ :) പറയാന്‍ നിവൃത്തിയില്ല. ബസ്സ്റ്റാന്‍ഡില്‍ ഉള്ളതിലൊന്നും കയറാതിരിക്കുക.
കുട്ടന്മേനോനേ :) തരാന്‍ പറ്റില്ല. പിന്നെ ഇക്കാസിന്റെ കാര്യം, കാര്യമായിട്ട് പറഞ്ഞതാണെങ്കില്‍, ഞാനും കാര്യമായിട്ട് പറയാം. എനിക്ക് ഇക്കാസിന്റെ ഫോണ്‍ നമ്പര്‍ അറിയില്ല. എനിക്ക് മൊബൈല്‍ ഫോണില്ല. ബ്ലോഗേഴ്സിനെയൊന്നും ഫോണ്‍ ചെയ്യാറുമില്ല. ഇക്കാസിന്റെ മെയില്‍ ഐഡി പോലും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.
ഇനി, ഇക്കാസ് പറഞ്ഞപോലെ, ചിരിച്ച് പാരവെച്ചതാണെങ്കില്, തുടര്‍ക്കഥ വായിച്ചിട്ടാണെങ്കില്‍, നമുക്ക് വഴിയുണ്ടാക്കാം. ഗോപന് ജനലിലൂടെ നോക്കുന്നത് പോലെ ഇക്കാസ് നോക്കുമ്പോള്‍ വീടിനു പുറത്ത് ഞാന്‍ പ്രത്യക്ഷപ്പെട്ടോളാം. എന്നിട്ട് അഭ്യര്ത്ഥിച്ചോളാം. ഹി ഹി ഹി.
മഴത്തുള്ളീ :) ഫെബ്രുവരിയില്‍, ഇങ്ങനെ ഓര്‍മ്മകള്‍ പങ്ക് വെക്കാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടും, ബ്ലോഗില്‍.
ഇക്കാസ് :) ഹോട്ടലിന്റെ പേരു പറഞ്ഞാല്‍, ഇങ്ങനെ സംഭവിച്ച കാര്യം തീര്‍ച്ചയായും പറയും. ഭക്ഷണത്തിനു ചൂട് അല്‍പ്പം കുറഞ്ഞാല്‍, വെയിറ്ററോട് ചൂടാവുന്ന സുഹൃത്തുക്കള്‍ ഉണ്ട് ഇവിടെ. അവരോട് ഞാന്‍ ഇത് പറഞ്ഞില്ല. എന്നോട് വെറുതെ ചൂടാവും. കുട്ടന്മേനോന്, ഇക്കാസിന്റെ വല്യ സുഹൃത്താണോ? കഥ വായിച്ചിട്ട് പാര വെച്ചേക്കാം എന്ന് തോന്നിയതാവും.
സാന്‍ഡോസ് :) ഇതൊക്കെ ചെയ്യാറുണ്ടോ?
വെമ്പള്ളീ :) അതിരാവിലെ, ചോറ് ഇഡ്ഡലിയുടെ രൂപത്തില്‍ കിട്ടിയിരുന്നു. അത് വല്യൊരു കഥയാണ്. കുറേപ്പേരും ഉണ്ടായിരുന്നു കൂടെ.
നന്ദു :) വീട്ടില്‍ നിന്ന് കഴിക്കൂ എന്നും. ഇടയ്ക്ക് ഒരു മാറ്റത്തിന് പുറത്ത് നിന്നും.
അതു വെജിറ്റേറിയന്‍ ഹോട്ടല്‍ തന്നെ ആയിരുന്നൊ? അവരിനി വല്ല നോണും ആണോ ആവൊ തന്നത്? ;) ഒരിക്കല്‍ ഞങ്ങള്‍ ഗുരുവായൂര്‍ക്കു പോയ വഴിക്കു തൃശ്ശൂരുള്ള ഒരു ഹോട്ടലില്‍ കയറി. കൂടെയുള്ള വയസ്സായവരെല്ലാം ചോറു മതിയെന്നു പറഞ്ഞ് ചോറുണ്ടു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ചമ്മന്തിപ്പൊടി വളരെ സ്വാദോടെ കഴിക്കുകയും ചെയ്തു. പിന്നീട് ഡ്രൈവര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്, അതു ചെമ്മീന്‍ ചമ്മന്തിപ്പൊടി ആയിരുന്നത്രെ! അവരിപ്പോഴും അറിഞ്ഞിട്ടില്ല അവരു നോണ്‍വെജ് കഴിച്ച കാര്യം.:)
സൂ-വിന്റെ പാചകവിധി ബ്ലോഗില്‍ കണ്ട് അവര്‍ ഒന്നു പരീക്ഷിച്ചുനോക്കിയതാവും.. സൂ-നു വേണ്ടി എടുത്തുവെച്ചതാ.. പക്ഷെ സൂ ഒരു ദിവസം കഴിഞ്ഞല്ലേ അവിടെ ചെന്നത്.. എന്നിട്ടിപ്പോള്‍..
കൃഷ് | krish
ബിന്ദൂ :) ഇത് വെജ് തന്നെ. പിന്നെ ചെമ്മീന്പൊടി. അച്ഛന്‍പെങ്ങളുടെ വീട്ടില്‍ പോയിട്ട് ഒരു സ്പെഷല്പൊടി ആണെന്നും പറഞ്ഞ് ഒരു പൊടി തന്നു. ദോശയ്ക്ക്. എല്ലാവരും കഴിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ഏതോ ഒരു കമ്പനിക്കാര് ചെമ്മീന്പൊടി ഇറക്കിയിട്ടുണ്ട്. ഇത് അതാവും എന്ന്. എല്ലാവരും എന്നെ ഓടിച്ചു.
കൃഷ് :) എന്നാലും എനിക്കിട്ട് ഇത്രേം വല്യ പാര വേണ്ടായിരുന്നു. ഹിഹിഹി.
വീകെന്ഡിനു ഭക്ഷണം പുറത്തു ഹോട്ടലിന്നാകാമെന്നു ഞാന്‍ പറയുമ്പോള്‍ ഭാര്യ പറയുമായിരുന്നു.ഹോട്ടലിലെ ഡാര്വിന് തിയറിയെക്കുറിച്ചു.
ആട്ടില്പാലിലിട്ടു വെച്ചു വേവിച്ചെടുക്കുന്ന കുട്ടന് ഇറച്ചിക്കു ആട്ടിന്‍ ചാപ്സിന്റെ വില വങ്ങുന്ന ഹോട്ടലുകാര്‍.
“സ്വ പാചകാഹ: തടി രക്ഷതു”
ഈ ബിന്ദൂട്ടീന്റെ ഒരു സൂത്രം നോക്കണെ. നോണ്‍-വെജുകാര്ക്കെതിരെ പാര വെക്കാന്‍ നടക്കുവാണ് ഫുള്‍ ടൈം. നോണ്‍-വെജുകാരാണ് കൂടുതല്‍ കാലം ജീവിക്കാ എന്നൊക്കെ ഞാനും വക്കാരിയും കൂടി സൊറ പറഞ്ഞത് വീണ്ടും ഓര്പ്പിക്കണൊ? ഏ? അല്ല അറിയാന്‍ പാടില്ലാണ്ട് ചോദിക്കാ? എ? :)
സൂവേച്ചി, ആ മാനേജരോട് പറയാഞ്ഞതെന്തെ?
എന്നിട്ട് ബില്ലും കൂടി തന്നെങ്കില്‍? ഹോട്ടലിന്റെ പേരും കൂടി എഴുതൂ. അതാണ് വേണ്ടത്.
സൂ...
നല്ല വിവരണം..
പിന്നെ ഇത് പ്രതികരണത്തിന്റെ കുറവ് തന്നെ. ഇനി നമ്മള് വന്നില്ലെങ്കിലും, നാളെ വേറെ ആളു വന്നോളും എന്ന ധാര്‍ഷ്ട്യം തന്നെ. എന്തായാലും ആദ്യം ഹോട്ടലില്‍ പറയണം. നിങ്ങള്‍ അങ്ങനെ ചെയ്തല്ലോ; അത് നന്നായി. ചിലര്‍ ഒന്നും മിണ്ടാതെ പൈസ കൊടുത്തിട്ട് പോകും (പ്രത്യേകിച്ചും മലയാളികള്‍ പലരും ഇത്തരം ജാഢയുടെ ആശാന്മാരാണ്; കുട്ടിമാളു പറഞ്ഞ ബസ്സ്റ്റാന്റ്/റെയില്‍വേ സ്റ്റേഷന് ഹോട്ടലുകളുടെ അഹങ്കാരത്തിന്റെ കാര്യം, ഈ പ്രതികരണങ്ങളുടെ കുറവും, പിന്നെ കൈതമുള്ളു പറഞ്ഞപോലെ ഫ്ലോട്ടിങ്ങ് പോപ്പുലേഷനും തന്നെ) പിന്നെ ഒരു കാര്യം.. എത്ര പേര് നോക്കാറുണ്ടെന്നറിയില്ല, മൗത്ഷട്ട്.കോം എന്നൊരു ബ്ലോഗ്/സൈറ്റ് ഉണ്ട്. ഇതില്‍ നമുക്ക് പ്രതികരിക്കാം. ഇവിടെ ബാംഗളൂരിലുള്ള പല ഹോട്ടലുകളെക്കുറിച്ചും ഒത്തിരി വിലയിരുത്തലുകളുണ്ട്. മലയാളി ഹോട്ടലുകളുള്‍പ്പെടെ പലരും അത്, കാര്യമായെടുക്കാറുമുണ്ട്. ഫുഡ് ഇന്‍സ്പെക്റ്ററോട് പരാതിപ്പെടുന്നതാണ് ശരിയായ വഴി; പക്ഷേ എത്ര ഫലമുണ്ടാകും എന്നറിയില്ല; പലപ്പോഴും, ഇന്‍സ്പെക്റ്ററുടെ വീട്ടിലേയ്ക്ക് രണ്ട് സ്പെഷല്‍ പൊതിയില്‍ അതൊതുങ്ങും. അപൂര്‍വം ചില ഋഷിരാജസിംഹന്മാരുണ്ടെങ്കില് പിടിച്ചാലായി. ആര്‍ക്കെങ്കിലും, ഇത്തരം വിലയിരുത്തലുക്കള്ക്കുവേണ്ടി ഒരു മലയാളം ബ്ലോഗ് /അല്ലെങ്കില്‍ ഒരു വെബ് സൈറ്റ് തുടങ്ങിക്കൂടേ? എനിബഡി ദെയര്‍?
അയ്യോ... പിന്നെവിടുന്നാണോ എന്തോ എനിക്ക് സുവിന്റെ നാട് തിരു.പുരമാണെന്നു തോന്നിയത്. ഗുരു റിലീസായപ്പോള്‍, കാണാന്‍ പോവണമെന്നു പറഞ്ഞിരുന്നല്ലോ, അപ്പോള്‍ റിലീസായ സ്ഥലങ്ങള്‍ കേരളത്തില്‍ ചുരുക്കമല്ലായിരുന്നോ? പ്രൊഫൈലില്‍ കേരളം എന്ന് സ്ഥലമെഴുതിയിരിക്കുന്നതും കണ്ടു. അങ്ങിനെയാണെന്നു തോന്നുന്നു ഞാനൂഹിച്ചത്. ശരിക്കും, നാട്ടിലെവിടെയാണ്???
അതെന്തേ തട്ടുകടയില്‍ നോക്കാഞ്ഞത്? അവിടെ പോവാന്‍ മടിയാണെങ്കില്‍, പാഴ്സല്‍ മേടിക്കൂ... :)
--
കഞ്ഞിയാണേലും സ്വയം ഉണ്ടാക്കിക്കഴിച്ചാല്‍
അതാ നല്ലത്.
Nousher
നൗഷറിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു..കഞ്ഞിയാണെങ്കിലും തന്നത്താന്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ രുചിയും ഒന്നു വേറെ തന്നെ..
സൂ
ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ.ഇങ്ങനെ തിരക്കേറിയ പ്രത്യേകിച്ചും ടൌണിലുള്ള ഹോട്ടലുകളില്‍ കയറരുത്.ഒരു പറ്റൊക്കെ ആര്‍ക്കും പറ്റും.
കരീം മാഷേ അതു തന്നെ. നമ്മുടെ വീട്ടിലെ ഭക്ഷണം തന്നെ നല്ലത്. ആരോഗ്യം നമ്മുടേതല്ലേ.
ഇഞ്ചിപ്പെണ്ണേ :) നോണ്‍- വെജുകാരാണ് അധികകാലം ജീവിക്കുക എന്ന് പറഞ്ഞോ വക്കാരി? എന്നാല്‍ അതൊരു പാര ആവും. അല്ലാതെ റിസര്ച്ചിനിടയ്ക്ക് എന്ത് നോണ്‍- വെജ് കഴിക്കുന്നു വക്കാരി? ;) ഹോട്ടലിന്റെ പേര് സുരക്ഷാകാരണങ്ങളാല്‍ പുറത്തുവിടാന്‍ നിവൃത്തിയില്ല. ;)
സഹാ :) പ്രതികരിക്കണം എന്നൊക്കെയുണ്ടായിരുന്നു. ഒരു പ്രതികരണത്തിന്റെ കയ്പ്പ്, മനസ്സില്‍ നിന്ന് പോവാത്തതുകൊണ്ട്, തോന്നിയില്ല. ശരിക്കും പ്രതികരിക്കണം. കാരണം, കൊടുക്കുന്ന പൈസയ്ക്ക്, വിലയുണ്ടായാലേ, ഇവരൊക്കെ, നല്ല ഭക്ഷണം തരാന്‍ പഠിക്കൂ. അല്ലെങ്കില്‍ വേണമെങ്കില്‍ വന്ന് തിന്ന് പോ എന്നൊരു ഭാവം ആവും.
ഹരീ :) ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ച്, കോഴിക്കോട് ജില്ലയില്‍ വളര്‍ന്ന്, പിന്നേയും കണ്ണൂര്‍ ജില്ലയില്‍ എത്തി. ഭൂമി ഉരുണ്ടതാണല്ലോ. തിരുവനന്തപുരം കണ്ടിട്ടില്ല.
നൌഷര്‍ :) അതെ. എന്നാലും ഞാന്‍ തന്നെ നിര്‍മ്മിച്ച്, നിര്‍മ്മിച്ച്, സ്വാദില്‍ അല്‍പ്പം മാറ്റം വേണം എന്നു വിചാരിച്ചാണ് ഹോട്ടലിലേക്ക് പോകുന്നത്.
സാരംഗീ :) അതെ. നമ്മള് വീട്ടില്‍ ഉണ്ടാക്കിക്കഴിക്കുന്നതുതന്നെയാ ആരോഗ്യത്തിനു നല്ലത്.
വിനയന് :) ഇനി ആ ഹോട്ടലിലേക്ക് ഞാനില്ല. ആലോചിക്കുമ്പോള്‍ത്തന്നെ ഒരു കയ്പ്പ്.
സൂവേച്ചിയോട് ഞാന്‍ പിണക്കാ. ഞാനും ഒരു കമന്റിട്ടിരുന്നു :-(
എന്നാലും........
qw_er_ty
സുഗതരാജ്, സോറി സോറി സോറി. വിട്ടുപോയത് മനപ്പൂര്‍വ്വം അല്ല.
പറഞ്ഞതു ശരിയാ, ചെക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് നല്ല ഭക്ഷണവും കാശും കൊടുത്ത് അവരെ സമാധാനിപ്പിച്ച് വിടുന്നുണ്ടാവും. പക്ഷെ, ഞങ്ങള്‍ ഒരിക്കല്‍ ഒരു ഹോട്ടലില്‍ പോയപ്പോള്‍, അതിന്റെ ഉടമയും അയാളുടെ മോന് ആണെന്നു തോന്നുന്നു, ഒരു കുട്ടിയും, ഞങ്ങളുടെ മുന്നില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. അത്രയ്ക്കും അവിടെയുള്ള ഭക്ഷണം വിശ്വസിക്കാം എന്ന് കാണിക്കാന്‍ ആവും.
ഇതുപോലൊരനുഭവം എനിക്കും ഉണ്ടായൊട്ടുണ്ട്, ഞാനോര്‍ക്കുന്നു എന്റെ ദ്രൈവിങ് റ്റെസ്റ്റ്..
മണിക്കുട്ടീ :) അതൊക്കെ ബ്ലോഗില്‍ പോസ്റ്റ് ആയി ഇടൂ.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home