Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 28, 2007

ഫെബ്രുവരിയിലെ നന്മ

ഫെബ്രുവരി സംഭവബഹുലമായ ഒരു മാസം ആയിരുന്നു. സന്തോഷമുള്ളതും, സന്തോഷമില്ലാത്തതും പലതും സംഭവിച്ചു. എന്നാലും ഒക്കെത്തിനും മീതെ ചിലപ്പോള്‍ ചില ഓര്‍മ്മകള്‍, സുഖകരമായ ഓര്‍മ്മകള്‍ ഉണ്ടാവും.


ഫെബ്രുവരി 17 ശനിയാഴ്ച.

ഞങ്ങള്‍, പതിവുപോലെ പച്ചക്കറി, പലചരക്ക്, അല്ലറച്ചില്ലറ വസ്തുക്കള്‍ വാങ്ങാന്‍ പോയതായിരുന്നു. ചേട്ടന് ഓഫീസിലെ തിരക്ക് കാരണം വയ്യാതെ ആയിരുന്നു. എന്നാലും, വീട്ടിലിരുന്നാല്‍ ആരും കൊണ്ടുത്തരില്ലല്ലോ എന്നും പറഞ്ഞ് പുറപ്പെട്ടു. സാധനങ്ങളൊക്കെ വാങ്ങി. എന്റെ കൈയിലെ ഷോപ്പിങ്ങ് ബാഗിലും, പ്ലാസ്റ്റിക് കവറിലും ഒക്കെ ആയി കുറേ ആയി. എനിക്കത്രയൊന്നും എടുത്ത് നടക്കാനുള്ള പരിപാടി ഇല്ലായിരുന്നു. പക്ഷെ ചേട്ടനു വയ്യല്ലോ, ഇതുംകൂടെ പിടിപ്പിക്കേണ്ട എന്ന് വിചാരിച്ച്, ചേട്ടന്‍ എടുക്കാമെന്ന് പറഞ്ഞത് നിരസിച്ച്, ഞാന്‍ വല്യ ത്യാഗം ചെയ്യുന്നതുപോലെ, അതൊക്കെ എടുത്ത് നടന്നു. വലിഞ്ഞ് വലിഞ്ഞാണ് നടപ്പ്. അവസാനം ഒരു കടയില്‍ നിന്ന് പഴം വാങ്ങി. അതും എന്റെ കൈയില്‍ ആയി. അവിടെ ഒരു വൃദ്ധയായ സ്ത്രീ ഉണ്ടായിരുന്നു. അവരെന്നെ നോക്കി ഒന്ന് ചിരിച്ചു. “നിനക്കൊക്കെ ഇത് വേണമെടീ” എന്നാണോ അതിന്റെ അര്‍ത്ഥം ഈശ്വരാ... എന്നും വിചാരിച്ച് ഞാന്‍ ഒരു വളിച്ച ചിരി തിരിച്ചും പാസ്സാക്കി. ടൂത്ത് പേസ്റ്റിന്റെ പരസ്യത്തില്‍ പറയുന്നപോലെ ഉള്ളുതുറന്ന് ചിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈയിലുള്ളതൊക്കെ വെച്ച് എത്ര അഡ്ജസ്റ്റ്ചെയ്താലും ആ ചിരിയേ വരൂ. വെറുതെ ഒക്കെ തൂക്കിപ്പിടിച്ച് നില്‍ക്കേണ്ട എന്ന് വിചാരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ചേട്ടന്‍ പഴത്തിന്റെ പൈസ കൊടുത്ത്, ബാക്കി വാങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുറച്ച് മുന്നോട്ട് നടന്ന് തിരിഞ്ഞു നിന്ന് നോക്കുമ്പോള്‍, ആ സ്ത്രീ ചേട്ടനോട് എന്തോ പറയുന്നു, ചേട്ടനും അവരും ചിരിക്കുന്നുണ്ട്. “ങാ ഹാ... എന്നെക്കൊണ്ട് ഇതൊക്കെ പിടിപ്പിച്ചതും പോര, അന്യന്മാരോട് ചേര്‍ന്ന് ചിരിക്കുന്നോ?” എന്ന ഭാവത്തില്‍, ഞാന്‍, ചേട്ടന്‍ അടുത്തെത്തുന്നതും കാത്ത് നിന്നു.

“അവരേതാ?”

“എനിക്കറിയില്ല.”

“പിന്നെ എന്താ ഇത്ര കാര്യമായി പറഞ്ഞ് ചിരിച്ചത്?”

“നിന്നെക്കൊണ്ട് ഇത്രയൊന്നും സാധനങ്ങള്‍ എടുപ്പിക്കരുത്. എനിക്കും കുറച്ച് വാങ്ങിപ്പിടിച്ചാല്‍ എന്താ എന്ന് പറഞ്ഞതാ അവര്‍. നിന്നോട് പറഞ്ഞിട്ട് നീ സമ്മതിച്ചില്ല എന്ന് പറഞ്ഞു അവരോട്. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ, കുറച്ച് ഞാനും എടുക്കാമെന്ന്.”

ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും അതിശയമായി. യാതൊരു പരിചയവുമില്ലാത്ത അവര്‍ക്ക്, ഞാന്‍ ഭാരം തൂക്കി നടക്കുന്നതില്‍ യാതൊരു ആശങ്കയും കാണിക്കേണ്ടതില്ല. എന്നിട്ടും അവര്‍ ചേട്ടനോട് അങ്ങനെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടാളും പകുതി - പകുതി എടുത്തു.

നന്മകള്‍ മിന്നുന്ന വളപ്പൊട്ടാണ്. ഇരുട്ടിലും തിളങ്ങും.

Labels:

Wednesday, January 31, 2007

ജനുവരിയിലെ ഒരു ഓര്‍മ്മ

ഈ വര്‍ഷത്തെ ജനുവരി കടന്നുപോയിരിക്കുന്നു. ഓരോ ദിവസവും വിലപ്പെട്ടതാവുമ്പോള്‍, ഒരു മാസം ഇത്രവേഗം പോയത്‌ എന്തോ ഒരു നഷ്ടമായി തോന്നുന്നു. ഈ ജനുവരി എന്നെ സംബന്ധിച്ചിടത്തോളം സുഖദുഃഖസമ്മിശ്രം ആയിരുന്നു. പല കാര്യങ്ങളും നടന്നു. മറക്കാത്തവയും ചിലത് ഉണ്ടായിരുന്നു.


ജനുവരി പതിനെട്ട്‌. ഞങ്ങള്‍ വൈകുന്നേരം, ചെറിയ ഒരു ഷോപ്പിങ്ങിന്‌ ഇറങ്ങിയതായിരുന്നു. കുഞ്ഞുകുഞ്ഞുവസ്തുക്കളേ ഉള്ളൂ, പതിവുപോലെ വാങ്ങാന്‍. കുറച്ച്‌ സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍, ഒരു ഹോട്ടലില്‍ കയറാം എന്ന് തീരുമാനിച്ചു.

സൌകര്യം നോക്കിയിട്ട്‌ കയറിയത്‌, ഞങ്ങള്‍ ഇതുവരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പോയിട്ടുള്ള ഒരു ഹോട്ടലില്‍ ആണ്‌‍. കയറി ഇരുന്ന് ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. ഉത്സാഹത്തോടെ കഴിക്കാന്‍ തുടങ്ങി. കുറച്ച്‌ വായില്‍ ഇട്ടതും അയ്യേ എന്നാണ്‌‍ എനിക്ക്‌ തോന്നിയത്‌. കേടായതാണോന്നറിയില്ല, വൃത്തികെട്ട സ്വാദ്‌. എനിക്ക്‌ മതിയായി. "ഇത്‌ കഴിക്കാന്‍ പറ്റില്ലല്ലോ” എന്ന് ഞാന്‍ പറയുന്നതിനുമുമ്പ്‌ ചേട്ടന്‍ പറഞ്ഞു. "ഒരു വൃത്തികെട്ട സ്വാദല്ലേ ഇതിനുള്ളത്‌? എനിക്ക്‌ കഴിക്കാന്‍ പറ്റുന്നില്ല." എന്ന്. ഞാനും അതു തന്നെയാണ് പറയാന്‍ ഭാവിച്ചതെന്ന് പറഞ്ഞു.

അല്‍പം വെറുതെ ഇരുന്ന്, ചേട്ടന്‍ കൈകഴുകാന്‍ പോയി. വെയിറ്റര്‍ വന്നു. 'എന്താ കഴിക്കുന്നില്ലേ' എന്ന് ചോദിച്ചു. ‘ഈ ഭക്ഷണം ഒട്ടും ശരിയല്ല. പഴകിയതാണോ, അതോ സ്ഥിരം ഇതുതന്നെയാണോ എല്ലാവര്‍ക്കും കൊടുക്കുന്നത്’ എന്ന് ഞാന്‍ ചോദിച്ചു. അവന്‍ പരുങ്ങി നിന്നു.

"ഞങ്ങള്‍ക്ക്‌ വേണ്ട” ഞാന്‍ ഉറപ്പിച്ച്‌ പറഞ്ഞു. ചേട്ടന്‍ വന്ന്, ചേട്ടനും അതുതന്നെ പറഞ്ഞു. വേറൊന്നും പറയാന്‍ നിന്നില്ല. അവന്‍ പോയിട്ട്‌ ബില്ല് കൊണ്ടുവന്നു. ശരിക്കുള്ളതിന്റെ എത്രയോ തുക കുറച്ച്‌. ഭക്ഷണം തൊട്ടല്ലോ ഞങ്ങള്‍. ഞങ്ങള്‍ പൈസയും കൊടുത്ത്‌ ഇറങ്ങിപ്പോന്നു.

ചെരുപ്പുകടയില്‍ ഇരിക്കുമ്പോള്‍ കാണാമായിരുന്നു, ആള്‍ക്കാര്‍ ഹോട്ടലിലേക്കും പുറത്തേക്കും പോകുന്നത്‌. ചേട്ടന്‍ പറഞ്ഞു ഒന്നുകില്‍ ഭക്ഷണത്തിന്റെ സ്വാദ്‌ അതാവും എന്ന് വിചാരിക്കുന്നവര്‍ ആവും, അല്ലെങ്കില്‍ സ്ഥിരം ആള്‍ക്കാര്‍ ആവും. ഒരു ദിവസം അല്‍പം ശരിയല്ലെങ്കില്‍ ക്ഷമിച്ചേക്കാം എന്ന് വിചാരിക്കുന്നുണ്ടാവും എന്ന്. എന്തായാലും കഷ്ടം തോന്നി. മറ്റുള്ളവരുടെ പൈസ വാങ്ങിയിട്ട്‌, ആരോഗ്യം നശിപ്പിച്ച് കൊടുക്കുന്നവര്‍.

Labels: