Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, February 01, 2007

പ്രണയചിന്തകള്‍

പ്രണയം ദൈവത്തെപ്പോലെയാവട്ടെ;

എല്ലായിടത്തും നിറഞ്ഞുനില്‍ക്കട്ടെ.

പ്രണയം മെഗാസീരിയലുകള്‍ പോലെയാവട്ടെ;

ദിനരാത്രങ്ങളില്‍ നിന്ന് ദിനരാത്രങ്ങളിലേക്ക് തുടര്‍ന്ന് പോകട്ടെ.

പ്രണയം വേനല്‍ക്കാല സൂര്യനെപ്പോലെയാവട്ടെ;

എന്നും ജ്വലിച്ചുനില്‍ക്കട്ടെ.

പ്രണയം ശുദ്ധജലം പോലെയാവട്ടെ.

തെളിമയോടെ നില്‍ക്കട്ടെ.

പ്രണയം സംഗീതം പോലെയാവട്ടെ;

എത്ര തിരക്കിലും, ശ്രദ്ധ നല്‍കാന്‍ കഴിയട്ടെ.


പ്രണയം മഴ പോലെ ആവാതിരിക്കട്ടെ;

ഇടയ്ക്ക് മാത്രം പെയ്ത്, ഇടയ്ക്ക് പിന്‍‌വാങ്ങിനിന്ന്.

പ്രണയം അമ്പിളിമാമനെപ്പോലെ ആവാതിരിക്കട്ടെ;

വലുതായി, ചെറുതായി, വലുതായി, ചെറുതായി.

പ്രണയം നക്ഷത്രങ്ങള്‍പോലെ അല്ലാതിരിക്കട്ടെ;

ഇടയ്ക്ക് തെളിഞ്ഞ്, ഇടയ്ക്ക് കാര്‍മേഘത്തിലൊളിച്ച്.

പ്രണയം ബ്ലേഡ്കമ്പനിപോലെ അല്ലാതിരിക്കട്ടെ;

വാങ്ങിക്കൂട്ടിവെച്ച് ഒരിക്കല്‍ കടന്നുകളയാതിരിക്കട്ടെ.

പ്രണയം ഹൃദയമിടിപ്പ് പോലെ ആവാതിരിക്കട്ടെ;

മിടിച്ച്, മിടിച്ച്, മിടിച്ച്, ഒരിക്കല്‍ നിലച്ചുപോവാതിരിക്കട്ടെ.

Labels:

33 Comments:

Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ :തേങ്ങ മാത്രം.. നോ അഭിപ്രായം..അറിയാത്തകാര്യത്തെപ്പറ്റി എങ്ങിനെയാ പറയുക!!!

Thu Feb 01, 09:35:00 pm IST  
Blogger Inji Pennu said...

ഹൌ!ഹൌ! സൂവേച്ചി, എന്താ ഉപമകള്‍! എന്താ ചിന്തകള്‍....കലക്കീട്ടുണ്ട്...!
അപ്പൊ എല്ലാരും ഏതു നേരവും എന്റെ ഹൃദയമിടുപ്പ് പോലെയെന്ന് പറഞ്ഞോണ്ടിരുന്നത് അതങ്ങ് നിന്നു പോവട്ടേന്ന് വെച്ചിട്ടാണല്ലെ,
അമ്പടാ വീരന്മാരെ !:-)

Thu Feb 01, 09:43:00 pm IST  
Blogger വല്യമ്മായി said...

കൊള്ളാം.

രണ്ടാമത്തെ പാരഗ്രാഫില്‍ പറഞ്ഞതാണ് അധികവും നടക്കുന്നതെന്നു മാത്രം.

Thu Feb 01, 09:48:00 pm IST  
Blogger കരീം മാഷ്‌ said...

oപ്രണയത്തെ പ്രണയത്തോടു മാത്രമേ ഉപമിക്കാനാവൂ!
മറ്റെല്ലാ പദങ്ങളും അപൂര്‍ണ്ണവും അര്‍ത്ഥരഹിതവുമാണ്
എന്നാണെന്റെ മതം

Thu Feb 01, 09:51:00 pm IST  
Blogger sandoz said...

സു-ഇതും കൂടി ചേര്‍ക്കൂ...പ്രണയം തേങ്ങാക്കുല ആണു.

സമയാസമയത്ത്‌ കായ്‌ പറിച്ചില്ലെങ്കില്‍ അത്‌ ഉണങ്ങി ആരുടെയെങ്കിലും തലയില്‍ വീഴും.

[ഉണങ്ങിയത്‌ എങ്കിലും വീണു കിട്ടണില്ലല്ലോ കര്‍ത്താവേ]

Thu Feb 01, 09:59:00 pm IST  
Blogger പൊന്നപ്പന്‍ - the Alien said...

പ്രണയം ചെകുത്താനാവട്ടെ..
നൊന്തിരിക്കുമ്പോള്‍ കനിയട്ടെ;

പ്രണയം ന്യൂസവറാകട്ടെ
എന്നും പുതുക്കിയ വാക്കായി മാറട്ടെ;

പ്രണയം ശീതക്കാറ്റാകട്ടെ..
ഉള്ളിലേക്കു കുത്തിക്കയറട്ടെ;

പ്രണയം ഓടവെള്ളമാകട്ടെ
ഏതഴുക്കിനേയും കഴുകിക്കളയട്ടെ;

പ്രണയം കോലാഹലമാകട്ടെ
ഒരു പാടുയിരുകള്‍ ഒരുമിച്ചു മിണ്ടട്ടെ;

പ്രണയം പെരുമഴയാകട്ടെ
ഉള്ളു മുഴുവന്‍ പെയ്തു തീരട്ടെ;

പ്രണയം അമ്പിളി മാമനാകട്ടെ
കുഞ്ഞു സ്വപ്നങ്ങള്‍ക്കുരുള കൊടുക്കട്ടെ;

പ്രണയം ബ്ലേഡുകമ്പനിയുമാകട്ടെ..
അടഞ്ഞു തീരാത്ത കടങ്ങളാകട്ടെ;

പ്രണയം ഹൃദയമിടിപ്പാകട്ടെ..
അടരും വരേക്കു മിടിച്ചേയിരിക്കട്ടെ!

(മാപ്പു തരൂ മാഷേ.. തര്‍ക്കുത്തരത്തിന്റെ സീസണാ !)

Thu Feb 01, 10:13:00 pm IST  
Blogger നന്ദു said...

സൂ,
ആദ്യ ഒരു വരി തന്നെ ധാരാളം. അതില്‍ എല്ലാം ഉണ്ടല്ലോ!. അതെ...പ്രണയം അതു മാത്രമായിരുന്നാല്‍ മതി.

Fri Feb 02, 01:05:00 am IST  
Anonymous Anonymous said...

"പ്രണയം മെഗാസീരിയലുകള്‍ പോലെയാവട്ടെ;
ദിനരാത്രങ്ങളില്‍ നിന്ന് ദിനരാത്രങ്ങളിലേക്ക് തുടര്‍ന്ന് പോകട്ടെ"

മെഗാ സീരിയലുകള്‍ തീരാറാവുമ്പൊഴേക്കും  നായികയായ "അമ്മിണി" യായി ഒന്നിലേറെ പേര്‍ വരാറുണ്ട്.

ദിനരാത്രങ്ങള്‍ തുടരവേ പ്രണയത്തിനു എന്തു സംഭവിക്കുമോ എന്തോ..?

പതിവു പോലെ നന്നായിരിക്കുന്നു "ഈ പ്രണയ ചിന്തയും".

Nousher

Fri Feb 02, 05:20:00 am IST  
Blogger Peelikkutty!!!!! said...

പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ!!!..

പ്രണയം മഴ പോലെ ആവാതിരിക്കട്ടെ:-)

Fri Feb 02, 09:40:00 am IST  
Blogger Haree said...

പോരാ...
അതായത് ഇതില്‍ കൂടുതല്‍ എഴുതുവാന്‍ സാധിക്കുമല്ലോ എന്ന്... :)
--
ഇങ്ങിനെയൊക്കെയും കൂടി ചിന്തിക്കാവുന്നതാണെന്നു തോന്നുന്നു:
• ദൈവത്തെപ്പോലെ ഔചിത്യമില്ലാത്തതുമാ‍വുന്നു പ്രണയം.
• പ്രണയം മെഗാസീരിയലുകള്‍ കണക്ക് മടുപ്പുള്ളതാണോ?
• മനുഷ്യനെ ദാഹിപ്പിക്കുന്നതും ഇതേ ജ്വലിക്കുന്ന് സൂര്യന്‍ തന്നെ.
• ശുദ്ധജലം ഇന്ന് ബോട്ടിലുകളിലാണല്ലോ! വാലന്റെയിന്‍ ദിനമാവുമ്പോഴേക്ക് പ്രണയവും വര്‍ണ്ണക്കവറുകളില്‍ വില്പനയ്ക്കെത്തും.
• എല്ലാ സംഗീതവും ശ്രദ്ധിക്കപ്പെടാറുണ്ടോ? ചില രാഗങ്ങള്‍ (രാഗങ്ങള്‍ക്ക് സ്നേഹമെന്നും ഒരര്‍ത്ഥം!) മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുമെന്ന് ശാസ്ത്രം.
--
• ഏവരും കാത്തിരിക്കുന്നതും ഈ മഴയെത്തന്നെയല്ലേ?
• അമ്പിളിമാമനെപ്പോലെ കുളിര്‍മ്മയുള്ളതല്ലേ പ്രണയം? സ്വാഭാവികവും സുന്ദരവുമായ പ്രണയം എന്നത്, ഇടയ്ക്ക് തളിര്‍ക്കുകയും ഇടയ്ക്ക് തളരുകയും ചെയ്യില്ലേ?
• നക്ഷത്രങ്ങളുടെ പോലെ അനന്തമാണ് പ്രണയം, എങ്കിലോ?
• എല്ലാ ബ്ലേഡ് കമ്പനികളും അങ്ങിനെയാണോ? ബാങ്ക് നിരക്കിലും ഉയര്‍ന്ന പലിശനിരക്കില്‍ ഡെപ്പോസിറ്റ് തിരികെ നല്‍കുന്ന ബ്ലേഡുകാരും ഉണ്ട്.
• ഹൃദയമിടിപ്പുപോലെ മരണം വരെയും നിലയ്ക്കാത്തതാണ് പ്രണയം, ശരിയല്ലേ?
--

Fri Feb 02, 09:54:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

എനിക്ക് പ്രണയം "പ്രണയം" മാത്രമായിരിക്കുന്നതാ ഇഷ്ടം ... അതു പണയവും മറ്റൊന്നും ആവണ്ട.

Fri Feb 02, 10:16:00 am IST  
Blogger സജിത്ത്|Sajith VK said...

:)

Fri Feb 02, 10:31:00 am IST  
Blogger വിചാരം said...

പ്രണയമില്ലെങ്കില്‍ ഞാനുണ്ടോ ?
പ്രണയം എന്ത്ര സുന്ദരമായ അനുഭൂതി
പ്രണയം നിലാവ് പോലെയാണ്
പ്രണയം നമ്മുടെ തന്നെ നിഴല്‍ പോലെയാണ്
പ്രണയമില്ലെങ്കില്‍ പ്രപഞ്ചമുമുണ്ടോ ?

..........................

Fri Feb 02, 10:59:00 am IST  
Blogger സാരംഗി said...

സൂ..പ്രണയത്തെക്കുറിച്ചെഴുതിയ വരികള്‍ വായിച്ചു..ഇഷ്ടമായി.. എത്രയെത്ര എഴുതിയാലും തീരാത്ത ഒരു വിഷയമാണു പ്രണയം..ഓരൊരുത്തരും ഓരൊ തരത്തിലാണതു കാണുന്നതെന്നു മാത്രം..

Fri Feb 02, 11:33:00 am IST  
Blogger മണിക്കുട്ടി|Manikkutty said...

നീ എന്റെ ഹൃദയമാണെന്നുള്ളത്, ഞാനെനി മാറ്റിപ്പറയാം. ഉപമകള്‍ കൊള്ളാം

Fri Feb 02, 07:32:00 pm IST  
Blogger krish | കൃഷ് said...

സൂ - പ്രണയചിന്തകള്‍ നന്നായി.
പക്ഷേ..

1. പ്രണയം മെഗാസീരിയല്‍ പോലാവണോ.. അതില്‍ നായികമാരെയും നായകന്മാരേയും ഇടക്കും മാറ്റികൊണ്ടിരിക്കും.. അപ്പോള്‍ പ്രണയത്തിലും ഒരു മാറ്റം ആവാമല്ലേ.

2. പ്രണയം വേനല്‍ക്കാല സൂര്യനെപ്പോലെ ജ്വലിച്ചാല്‍ ചൂടു താങ്ങാനാവാതെ കുളിര്‍മ്മതേടി പോകില്ലേ.. പോകട്ടെ..

(ഓ.ടോ: ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നും രണ്ടു ദിവസമായി കമന്റില്‍ കേറാന്‍ പറ്റുന്നില്ല.. LANഇല്‍ ഏതാണ്ടൊക്കെ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്‌..ബ്ലോഗ്ഗറെ ഒഴിവ്വാക്കാന്‍ പറഞ്ഞിട്ടുണ്ട്‌... വീട്ടില്‍ വന്നിട്ടുവേണം കമന്റാന്‍. അതാ എത്താന്‍ വൈകിയത്‌)

കൃഷ്‌ | krish

Fri Feb 02, 08:09:00 pm IST  
Blogger Kiranz..!! said...

കരീം മാഷ് പറഞ്ഞതിനപ്പുറമൊന്നുമില്ല.പ്രണയത്തിനു വേറെ ഒരുപമയും പൂര്‍ണ്ണമല്ല..:)

Fri Feb 02, 10:59:00 pm IST  
Blogger വേണു venu said...

പ്രണയം. പ്രണയം മാത്രം. അതിനു് നിര്‍വ്വചനങ്ങളില്ല,
അര്‍ഥങ്ങളില്ല. അനര്‍ഥമായി ലോകാവസാനം വരേയും,
അര്‍ഥമായി ലോകാവസാനം വരേയും അതു കാണുമല്ലെ. പുതിയ അര്‍ഥങ്ങളുമായി.

Fri Feb 02, 11:59:00 pm IST  
Blogger റീനി said...

സൂ, പ്രണയം ഒരു മധുരസ്വപ്നമായി, ആത്മാവുകൊണ്ട്‌ തൊട്ടറിയാവുന്ന ഒരു വികാരമായി, പ്രണയം പ്രണയമായിത്തന്നെ തുടരട്ടെ.

Sat Feb 03, 11:04:00 am IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) തേങ്ങയ്ക്ക് നന്ദി. അത് ആവശ്യമാണ്.

ഇഞ്ചിപ്പെണ്ണേ :) ഹിഹിഹി അതെ അതെ. എന്റെ ഹൃദയമിടിപ്പാണ് പ്രണയം എന്നുപറയുമ്പോള്‍ സൂക്ഷിക്കുക. നിന്നുപോകും.

വല്യമ്മായീ :) എന്നാലും ആദ്യം ഉള്ളതും സംഭവിക്കാം.

കരീം മാഷേ :) അങ്ങനെയാണ്. എന്നാലും ഒന്ന് ഉപമിച്ച് നോക്കിയതാ.

സാന്‍ഡോസ് :) പ്രണയം ചക്കയാണ് എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം.

പൊന്നപ്പാ :) ഒക്കെ ആയ്ക്കോട്ടെ. പ്രണയം പാര ആവാതിരിക്കട്ടെ.

നന്ദൂ :) അതെ. അതില്‍ എല്ലാം ഉണ്ട്.

നൌഷര്‍ :) അങ്ങനെയുള്ള പ്രണയവും ഉണ്ടല്ലോ.

പീലിക്കുട്ടീ :) പ്രണയം മഴയത്താവട്ടെ.

ഹരീ :) ഇതൊക്കെ ശരിയാ. വ്യത്യസ്തരീതിയില്‍ ചിന്തിക്കുമ്പോള്‍.

ഇട്ടിമാളൂ :) അങ്ങനെ ആയ്ക്കോട്ടെ.

സജിത്ത് :)

വിചാരം :) പ്രണയം ഇല്ലെങ്കില്‍ പ്രപഞ്ചത്തില്‍പ്പിന്നെ ഒരു രസമില്ല.

സാരംഗീ :) അതെ. പലരും പല തരത്തില്‍ കാണുന്നു. ചിലര്‍ക്ക് തമാശ. ചിലര്‍ക്ക് സ്വന്തം ജീവനേക്കാളും കാര്യം.

മണിക്കുട്ടാ :) അപ്പോ അങ്ങനെയാണ് പറയാറുള്ളത് അല്ലേ?

കൃഷ് :) മാറും മാറും. ചിലരുടെ പ്രണയം അങ്ങനെ മാറുമല്ലോ അല്ലേ? പ്രണയത്തിന് ചൂട് വേണ്ടേ?

കിരണ്‍സ് :) അതെ പ്രണയം എന്നാല്‍ പ്രണയം തന്നെ ആയി ഇരുന്നോട്ടെ.

വേണൂ :) പ്രണയത്തിന് പുതിയ പുതിയ അര്‍ഥങ്ങള്‍ വരുമെന്നും വരണ്ടെന്നും രണ്ടുപക്ഷം.

റീനീ :) അങ്ങനെ തുടരട്ടെ.

Sat Feb 03, 12:11:00 pm IST  
Blogger Satheesh said...

sandoz -ന്റെ കമന്റ് ഗംഭീരമായി ഇഷ്ടപ്പെട്ടു! കരീമ്മാഷ് പറഞ്ഞതാണാതിന്റെ ശരി!
Maths ക്ലാസില്‍ പഠിച്ച infinity പോലെ താരതമ്യപ്പെടുത്താന്‍ അതുമാത്രമായ എന്തോ ഒന്നാണീ പ്രണയം!

Sat Feb 03, 09:10:00 pm IST  
Blogger ബിന്ദു said...

ഓരോരുത്തരും അവരവരുടെ അനുഭവം വച്ചാണ് പ്രണയത്തിനെ അളന്നതെന്ന് സാന്‍ഡോസിന്റെ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി. :) ( ഞാന്‍ ഇവിടെ ഇല്ല)

Sat Feb 03, 10:16:00 pm IST  
Blogger സു | Su said...

സതീഷ് :)

ബിന്ദൂ :) അതെ. സാന്‍ഡോസ് പറഞ്ഞത് എന്തായാലും അനുഭവം ആണ്. ബ്രാക്കറ്റില്‍ ഇട്ടിട്ടുണ്ടല്ലോ. ;)

Sat Feb 03, 10:41:00 pm IST  
Blogger സുല്‍ |Sul said...

മിത്തുകളെയെല്ലാമെടുത്ത് പൊത്തിലൊളിപ്പിച്ച്, സുവിന്റെ പുതിയ പ്രണയ സിദ്ധാന്തങ്ങള്‍...
എല്ലാം ശരി എല്ലാം തെറ്റ് എന്നു തോന്നിപോകും പ്രണയത്തിന്റ്റെ പോക്കുകണ്ടാല്‍...

നല്ലതെന്നു പറയേണ്ടതില്ലാല്ലൊ.

-സുല്‍

Sun Feb 04, 09:44:00 am IST  
Blogger ചേച്ചിയമ്മ said...

ഇതുകൊള്ളാലോ!

Sun Feb 04, 11:00:00 am IST  
Blogger Unknown said...

പ്രണയം ബാസ്കിന്‍ റോബിന്‍സിലെ ഐസ്ക്രീം പോലെയാവാതിരിക്കട്ടെ പുറമേ സ്ട്രോബെറിയും ഉള്ളില്‍ ബനാനയും ഫ്ലേവറുകളില്‍.. :-)

Sun Feb 04, 12:10:00 pm IST  
Blogger സു | Su said...

സുല്‍ :) പ്രണയം പ്രണയമാവട്ടെ. ശരിയും തെറ്റും ഇല്ലാതെ.

ചേച്ചിയമ്മേ :)

ദില്‍ബൂ :) ഐസ്ക്രീമിന്റെ കാര്യം പറഞ്ഞ് എന്റെ കണ്ട്രോള്‍ തെറ്റിക്കരുത്. ഞായര്‍ ആയതുകൊണ്ട് ഞാന്‍ ക്ഷമിച്ചേക്കാം. ഇന്നലെ വാനില, മാംഗോ, സ്ട്രോബറി മിക്സ് ചെയ്ത് കഴിച്ചു. :D

പ്രണയം ഐസ്ക്രീം പോലെ മധുരിച്ചതാവട്ടെ. പക്ഷെ അലിഞ്ഞ് തൂവിപ്പോകാതെ ഇരിക്കട്ടെ.

Sun Feb 04, 12:56:00 pm IST  
Blogger ഗുപ്തന്‍സ് said...

ഇതെവിടുന്ന് കിട്ടി പ്രണയത്തിന്‌ ഇത്രയും ഉപമകള്‍..നന്നായി.....

പകുതിയോളം വെള്ളമുള്ള ഒരു ഗ്ളാസ്സിലേയ്ക്ക്‌ നോക്കൂ...ചിലറ്‌ക്ക്‌ അതില്‍ അര ഗ്ളാസ്സ്‌ വെള്ളമുണ്ടെന്നു തോന്നും..മറ്റുചിലറ്‌ക്ക്‌ ഗ്ളാസ്സ്‌ പകുതിയോളം കാലിയാണെന്നു തോന്നും....നോക്കുന്നവണ്റ്റെ മനസ്സാണ്‌ പ്രധാനം..

പിന്നെ ആത്‌മാര്‍ഥ പ്രണയം എന്നുള്ളത്‌ ഇപ്പോഴുണ്ടൊ?....ഉണ്ടെങ്കില്‍തന്നെ പ്രണയിയ്ക്കാന്‍ കുട്ടികള്‍ക്ക്‌ സമയം വേണ്ടേ?.. വലിയവര്‍ക്കും!

Sun Feb 04, 01:05:00 pm IST  
Blogger Sathees Makkoth | Asha Revamma said...

പ്രണയചിന്തകള്‍ കൊള്ളാം.

Sun Feb 04, 01:05:00 pm IST  
Blogger അലിഫ് /alif said...

പ്രണയം പ്രണയമായിത്തന്നെയിരിക്കട്ടെ..
ഹൃദയമിടിപ്പ് തീരുവോളം.

നല്ല പോസ്റ്റ്. ആശംസകള്‍

Sun Feb 04, 01:19:00 pm IST  
Blogger sandoz said...

അതു ശരി...എനിക്കെതിരെ ഒരു റോഡ്‌ റോളര്‍ അറ്റാക്ക്‌ നടന്നു അല്ലേ.........മാളോരേ.....സത്യം പറയുന്നവനു ഇവിടെ ഒരു വെലേം ഇല്ലേ.....

Sun Feb 04, 01:43:00 pm IST  
Blogger സു | Su said...

കൊച്ചുഗുപ്തന്‍ :) ആത്മാര്‍ത്ഥപ്രണയം ഒക്കെ ഉണ്ടാവും. ഓരോരുത്തരുടേയും കാഴ്ചപ്പാടാണ് പ്രധാനം.

അലിഫ് :) നന്ദി.

സതീശ് :) നന്ദി.

സാന്‍ഡോസേ, ഗ്വാട്ടിമലയില്‍ റോളര്‍ കയറില്ല. ;)

Sun Feb 04, 05:38:00 pm IST  
Blogger Yamini said...

ഇതിപ്പോഴണ്‍ വായിചത്.കൊള്ളാം, സൂ....
qw_er_ty

Mon Feb 05, 03:23:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home