Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 14, 2012

പ്രണയദിനം

1.

നീ കണ്ടേക്കുമെന്നു തോന്നുമ്പോൾ,
വാക്കുകൾക്കു പകരം (ഞാൻ)
പൂവുകളാണു വിതറുന്നത്.
കാണാത്ത ഭാവത്തിൽ നീ പോകുമ്പോൾ
(എന്റെ) മനസ്സിൽ മുള്ളുകളാണു വിടരുന്നത്.

2.

കണ്ണിന്റെ ഉള്ളിലൊരു
കടലുണ്ട്, സത്യം!
ചിരിയുടെ മറവിലൊരു
നോവുണ്ട്, സത്യം!
വിരഹത്തിൻ പിന്നാലെയൊരു
സാമീപ്യമുണ്ട്, സത്യം!
നീയെന്റെ മനസ്സിൽ
എന്നുമുണ്ട്. (സത്യം വേണോ?)


എല്ലാവർക്കും പൂവാലന്റൈൻസ് ദിനാശംസകൾ!

Labels:

Wednesday, May 04, 2011

സംശയം

ആഴത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന
കടലാണെന്നറിയാം.
അല്പകാലമെങ്കിലും കണ്ണുകാണാതാക്കുന്ന
തിമിരമാണെന്നറിയാം.
അറ്റമില്ലാതെ പോകുന്ന
വഴിയാണെന്നറിയാം.
എന്നിട്ടുമെന്തിനാണ്,
(നിന്റെ) പ്രണയക്കടലിൽ,
കണ്ണുകാണാതെ (ഞാൻ),
അലഞ്ഞുതിരിയുന്നത്!
ഉത്തരം പിടിതരാത്ത ചോദ്യം പോലെ
പ്രണയം നിൽക്കുന്നതെന്താണ്!

Labels:

Saturday, February 14, 2009

ഇത്രേ ഉള്ളൂ കാര്യം

1.

ദൂരത്തിരിക്കുമ്പോൾ ഇടയ്ക്കെങ്കിലും
നിന്റെ കണ്ണിലെന്നെ കാണണമെന്ന
ആഗ്രഹത്തിന്
നീ കണ്ണുകൾ ചൂഴ്ന്നെടുത്തെന്റെ
കണ്ണാടിയാക്കി.

2.

എന്റെ ഹൃദയത്തിന്റെ കണ്ണുകൾ
നിന്റെ ഹൃദയത്തിന്റെ ഏടുകളിൽ വായിക്കുന്ന
അക്ഷരത്തെറ്റില്ലാത്ത
വിരാമമില്ലാത്ത കവിതയാണ് പ്രണയം.

3.

ആകാശത്തേക്കാൾ വ്യാപ്തിയുള്ള നിന്റെ മനസ്സിൽ
കടലിനേക്കാൾ ആഴമുള്ള പ്രണയം കണ്ടെത്തിയതാണ്
ഭൂമിയിൽ ഇന്നും ഞാൻ നിൽക്കുന്നതിന്റെ രഹസ്യം.

4.

മരിച്ചാൽ ചിലപ്പോൾ സ്വർഗ്ഗത്തിലാവും
ചിലപ്പോൾ നരകത്തിലാവും
എല്ലായ്പ്പോഴും നിന്റെ ഹൃദയത്തിലിരിക്കുമെന്നുള്ളതുകൊണ്ടാണ്
എനിക്കതേക്കുറിച്ച് വേവലാതിയില്ലാത്തത്.

5.

പുനർജന്മമുണ്ടെങ്കിൽ
നിന്റെ മനസ്സിലെ പ്രണയമായി ജനിക്കാനാണെനിക്കിഷ്ടം.
അതിനു പകരം വയ്ക്കാൻ വേറെന്തുണ്ട്.
വേറൊരാൾക്കു കൊടുത്തെന്നെ കൊല്ലിക്കരുതെന്നു മാത്രം.
------------------------------------------

ഇതൊക്കെ വായിച്ചാൽ നിങ്ങൾ കരുതും എനിക്കുവേറെ ജോലിയില്ലെന്ന്. സത്യത്തിൽ അങ്ങനെയല്ല. എനിക്ക് ജോലിയുണ്ട്. ഷാരൂഖ് ഖാന്റെ വീട് ആരോ ചിലർ ആക്രമിച്ചതിൽ എന്റെ പ്രതിഷേധം അറിയിക്കാൻ ആദ്യം കറുത്ത കൊടി വീടിനു മുന്നിൽ തൂക്കണം. അതുകഴിഞ്ഞ് വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ശ്രീരാംസേന അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പിങ്ക് തൂവാല വീട്ടിനു മുന്നിൽ തൂക്കണം. (ചഡ്ഡിയൊക്കെ വീട്ടിനു മുന്നിൽ തൂക്കുന്നത് മോശമല്ലേ;)) പിന്നെ ചോറും കറീം വെക്കണം. പ്രതിഷേധം കൊണ്ട് വിശപ്പു തീരില്ലല്ലോ. വാലന്റൈൻസ് ഡേ ആയതിന്റെ പേരിൽ എന്തെങ്കിലും സമ്മാനം വാങ്ങിക്കാൻ പോകണം. തീരെ സമയമില്ല മക്കളേ...സമയമില്ലാ...

പ്രണയിക്കുന്നവർക്കും പ്രണയം തുടങ്ങാൻ പോകുന്നവർക്കും പ്രണയം കണ്ട് നിൽക്കുന്നവർക്കും എന്നുവേണ്ട ലോകത്തിലെ സകലർക്കും പ്രണയദിനാശംസകൾ.

ഹാപ്പി കാപ്പി പൂവാലന്റൈൻസ് ഡേ!

Labels: ,

Saturday, December 13, 2008

അവനും പിന്നെ അവളും

അവൻ

നേരമായ് സഖീ, പോയി വരട്ടെ ഞാൻ
ഇനിയൊന്നു കാണുന്നതെന്നാണെന്നറിയില്ല.

ദൂരത്തിരുന്നോരോ ജോലികൾ ചെയ്യുമ്പോഴും
ഓർക്കാതെ വയ്യ നിൻ പുഞ്ചിരിക്കും മുഖം.

ഓരോ പരിഭവത്തുണ്ടുകൾ നീട്ടി നീ
എന്നോടു കള്ളപ്പിണക്കം നടിച്ചതും,

സ്നേഹമില്ലാതെയായ് അല്ലെങ്കിലെന്നെ നീ
വിട്ടുപോയീടുമോ എന്നു ചോദിച്ചതും,

ആഴിത്തിരകളെ തൊട്ടു നടന്നതും
ചിരിക്കുന്ന താരകൾ കണ്ണിൽ നിറച്ചതും,

മഴ പൊഴിഞ്ഞീടുമ്പോൾ ഒപ്പം നനഞ്ഞതും
മഴവില്ലുനോക്കി നാം നേരം കളഞ്ഞതും,

കണ്ണിലായ് കൺ‌കോർത്ത് സ്വപ്നം മെനഞ്ഞതും
പിരിയുമ്പോഴൊക്കെ നാം കണ്ണീർ മറച്ചതും.

ഓർക്കുമ്പോൾ മനമൊന്നു നൊന്തു പിടഞ്ഞിടും
വന്നൊന്നു കാണുവാൻ ഹൃദയം കരഞ്ഞിടും.

എങ്കിലും പോകാതെ വയ്യെന്റെയോമലേ
തിരികെവരുംവരെ കാത്തിരുന്നീടുക.

സ്വപ്നങ്ങളാലൊരു കോട്ട കെട്ടുന്നു ഞാൻ
രാജകുമാരിയായ് നീയതിൽ വാഴുക.

ഓരോ നിമിഷവും നീയെന്നെയോർക്കുക
ചിരിയും കരച്ചിലും പങ്കുവെച്ചീടുക.

നേരമായ് സഖീ പോയി വരട്ടെ ഞാൻ
കണ്ണുനീർ മായ്ച്ചു നീ പുഞ്ചിരിച്ചീടുക.

അവൾ

ഇനിയെത്ര നാളുകൾ കാത്തിരുന്നീടണം,
നീയെനിക്കേകുന്ന പുഞ്ചിരി കാണുവാൻ!

ഓരോ തവണയും വിട്ടുനീ പോകുമ്പോൾ
ഹൃദയമെന്നോടൊത്ത് നിൽക്കാൻ മടിക്കുന്നു.

മനസ്സൊന്നു തേങ്ങുന്നു, മൗനം നിറയുന്നു
വാക്കുകളെല്ലാം പിടിതരാതോടുന്നു.

പിരിയാതെ വയ്യെന്ന് പറയാതെയറിയാം
എങ്കിലും സഹിക്കില്ല കഠിനമീ വിരഹം.

കരയുമ്പോൾ നിൻ കൈകൾ കണ്ണീർ തുടച്ചതും
കരഞ്ഞാൽ പിണങ്ങിടും എന്നു മൊഴിഞ്ഞതും,

സ്വപ്നങ്ങൾ കാണുവാൻ ചെവിയില്‍പ്പറഞ്ഞതും
കാത്തിരുന്നീടെന്ന് പതിയെപ്പറഞ്ഞതും,

വ്യഥകൾ മറച്ചു നീ പൊട്ടിച്ചിരിച്ചതും
കണ്ണുനിറഞ്ഞപ്പോളെന്നെയൊളിച്ചതും.

ഒടുവിൽ നേരമായ് പോകാനെന്നോതുമ്പോൾ
എന്തു ഞാൻ പറയേണ്ടൂ എന്നോർത്തിരിക്കുന്നു.

ഓർമ്മയിൽ നീ തന്നെ ഓരോ നിമിഷവും
എങ്കിലും നേരിട്ടു കാണാൻ കൊതിച്ചിടും.

പോയി വന്നീടുക, കാത്തിരുന്നീടും ഞാൻ
തിരികെവരും വരെ ഓർത്തു ജീവിച്ചിടും.

(എനിക്ക് ഇന്നലെ ഭയങ്കര പനിയായിരുന്നു, തലവേദന ആയിരുന്നു. അപ്പോഴാണ് ഭാവന വന്നത്. വരണ്ടാന്ന് പറയാൻ പറ്റുമോ?) ;)

Labels: , , ,

Thursday, February 14, 2008

പൂവാലന്റൈന്‍സ് ഡേ

പ്രണയം വേണം.
ജീവിതത്തോടെങ്കിലും.
എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍‌.


Labels: ,

Tuesday, November 27, 2007

സ്വാര്‍ത്ഥത

കാത്തുനിന്നിട്ടും, കാണാതെ നീ പോവും,
രാധയാവേണ്ടെനിക്ക്.

കൂടെ നിന്നിട്ടുമൊടുവില്‍ കാട്ടില്‍ വിടും,
സീതയാവേണ്ടെനിക്ക്.

ഓര്‍മ്മയില്ലെന്ന്, മുഖം തിരിച്ചീടും നീ,
ശകുന്തളയാവേണ്ടെനിക്ക്.

വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.

ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.

Labels:

Thursday, July 19, 2007

വിട വാങ്ങല്‍ അഥവാ പ്രാക്ടിക്കലിസം

ഒരുപാടു സ്നേഹിച്ചു നിന്നെ ഞാന്‍ പ്രിയനേ,
സ്നേഹിക്കുമിനിയും ഞാന്‍ മരിക്കുവോളം.

പക്ഷെ, പിരിയാതിരിക്കാന്‍ വയ്യാതെയായ്
വെറും പ്രേമത്തിലൂടെ നീങ്ങുമോ ജീവിതം?

ഉണ്ണാതെയുറങ്ങാനാര്‍ക്കാനുമാവുമോ,
ഉടുക്കാതെയൊരുവഴിക്കിറങ്ങുവാനാവുമോ?

പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?

പ്രണയപ്പനിയില്‍ നാം വെന്തുകിടന്നീടില്‍,
നമ്മുടെ ജീവിതം ചുമ്മാ പൊഴിഞ്ഞുപോം.

കാണാന്‍ വന്നതിനെക്കുറിച്ചു ഞാന്‍ പറഞ്ഞില്ലേ,
വീട്ടുകാരെല്ലാം തന്നെ നിശ്ചയിച്ചുറപ്പിച്ചു.

ഐടി കമ്പനിയിലാണത്രേയവനു ജോലി,
ഇരുനിലബംഗ്ലാവും കാറുമുണ്ടത്രേ സ്വന്തം.

കല്യാണക്കുറിയയക്കാം ഞാന്‍,
നീ വന്നീടുക, നമുക്കന്നേരം വീണ്ടും കാണാം.

ഓര്‍മ്മയിലെന്നും നീയുണ്ടാവും മറക്കല്ലേ,
പോവട്ടെയിപ്പോള്‍ സമയമേറെയായറിഞ്ഞീ‍ല.

Labels: , ,

Wednesday, February 14, 2007

പ്രണയം...അത് നിന്നോട് മാത്രം

കാണുന്ന സമയത്തെന്‍ കണ്ണിലും,
കാണാത്ത സമയത്തെന്‍ ഹൃത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം.


ഇന്ന് പ്രണയദിനം.

പ്രണയം മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍,
ഇനിയും പ്രണയിക്കാത്തവര്‍ക്ക് തുടങ്ങാന്‍,
പ്രണയം ഏറ്റു പറയാന്‍..........


പ്രണയിക്കുന്നവര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയദിനാശംസകള്‍.


എല്ലാവര്‍ക്കും ഹാപ്പി പൂവാലന്റൈന്‍സ് ഡേ! ;)

Labels:

Thursday, February 01, 2007

പ്രണയചിന്തകള്‍

പ്രണയം ദൈവത്തെപ്പോലെയാവട്ടെ;

എല്ലായിടത്തും നിറഞ്ഞുനില്‍ക്കട്ടെ.

പ്രണയം മെഗാസീരിയലുകള്‍ പോലെയാവട്ടെ;

ദിനരാത്രങ്ങളില്‍ നിന്ന് ദിനരാത്രങ്ങളിലേക്ക് തുടര്‍ന്ന് പോകട്ടെ.

പ്രണയം വേനല്‍ക്കാല സൂര്യനെപ്പോലെയാവട്ടെ;

എന്നും ജ്വലിച്ചുനില്‍ക്കട്ടെ.

പ്രണയം ശുദ്ധജലം പോലെയാവട്ടെ.

തെളിമയോടെ നില്‍ക്കട്ടെ.

പ്രണയം സംഗീതം പോലെയാവട്ടെ;

എത്ര തിരക്കിലും, ശ്രദ്ധ നല്‍കാന്‍ കഴിയട്ടെ.


പ്രണയം മഴ പോലെ ആവാതിരിക്കട്ടെ;

ഇടയ്ക്ക് മാത്രം പെയ്ത്, ഇടയ്ക്ക് പിന്‍‌വാങ്ങിനിന്ന്.

പ്രണയം അമ്പിളിമാമനെപ്പോലെ ആവാതിരിക്കട്ടെ;

വലുതായി, ചെറുതായി, വലുതായി, ചെറുതായി.

പ്രണയം നക്ഷത്രങ്ങള്‍പോലെ അല്ലാതിരിക്കട്ടെ;

ഇടയ്ക്ക് തെളിഞ്ഞ്, ഇടയ്ക്ക് കാര്‍മേഘത്തിലൊളിച്ച്.

പ്രണയം ബ്ലേഡ്കമ്പനിപോലെ അല്ലാതിരിക്കട്ടെ;

വാങ്ങിക്കൂട്ടിവെച്ച് ഒരിക്കല്‍ കടന്നുകളയാതിരിക്കട്ടെ.

പ്രണയം ഹൃദയമിടിപ്പ് പോലെ ആവാതിരിക്കട്ടെ;

മിടിച്ച്, മിടിച്ച്, മിടിച്ച്, ഒരിക്കല്‍ നിലച്ചുപോവാതിരിക്കട്ടെ.

Labels:

Tuesday, December 05, 2006

പ്രണയം എന്ന അസുഖം

പ്രണയം തലവേദന പോലെയാണ്‌. പല രൂപത്തിലും വരാം.

പ്രണയം കണ്‍കുരു പോലെയാണ്. വേഗത്തില്‍ പടര്‍ന്ന് പിടിക്കും.

പ്രണയം ചിക്കുന്‍ ഗുനിയ പോലെയാണ്‌‍. പിടിപെട്ടാല്‍ ‍ അവശനിലയില്‍ ആവും.

പ്രണയം എയിഡ്‌സ്‌ പോലെയാണ്‌‍. വന്നാല്‍ അത്‌ നമ്മളേം കൊണ്ടേ പോകൂ.

പ്രണയം വട്ടാണ്. ആരാനു വന്നാല്‍, കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ നല്ല ചേലാണ്‌‍.

Labels: