ചന്ദനം മണക്കുന്ന പൂന്തോട്ടം
അച്ചുവേട്ടന്റെ വീട്. അതൊരു പഴയ സിനിമയാണ്. പക്ഷെ കാണാന്‍ സാധിക്കുന്നത് ടി. വി. യില്‍ വന്നപ്പോഴാണെന്ന് മാത്രം. അതൊരു സാധാരണസിനിമയല്ലേ എന്നൊരു ആലോചന ഉണ്ടാവും. എനിക്കും ഉണ്ടായി. പക്ഷെ അതിലെ പാട്ടിന്റെ മാധുര്യം മനസ്സില്‍ ഉള്ളതുകൊണ്ടാണ്, ടി. വി യില്‍ വരുന്ന സിനിമകളില്‍ വല്യ താല്പര്യം ഇല്ലാതിരുന്നിട്ടുകൂടെ, കണ്ടേക്കാമെന്ന് വെച്ചത്. ടി. വി യില്‍ വരുന്ന സിനിമകളില്‍, അധികവും, തീയേറ്ററില്‍ പോയി കണ്ടതാവും എന്നുള്ളതുകൊണ്ടും, പഴയത് എന്നുള്ളതുകൊണ്ടും, താല്പര്യം ഉണ്ടാവാറില്ല. ഷാരൂഖ് ഖാന്റെ സിനിമകളോ, അപൂര്‍വ്വം ചില സിനിമകളോ അല്ലാതെ, കാണാന്‍ ഇരിക്കാറുമില്ല. അങ്ങനെ ഒരു ദിവസമാണ് അച്ചുവേട്ടന്റെ വീട് വരുന്നത്. പാട്ടിനോടുള്ള ഇഷ്ടംകൊണ്ട്, പാട്ട് വരുന്നതുവരെ സിനിമയും എന്തായിരിക്കും എന്ന് നോക്കാമെന്ന് വെച്ച് ഇരുന്ന ഞാന്‍, അത് കഴിയുന്നവരെ ഇരിക്കേണ്ടി വന്നു. എന്റെ അഭിപ്രായത്തില്‍ മനോഹരമായ
ചിത്രം.
ബാലചന്ദ്രമേനോന്റെ ഇരുപത്തഞ്ചാമത്തെ ചിത്രമാണത്. കുടുംബകഥകള്‍ ആയതുകൊണ്ട്, പലതും കാണാറുമുണ്ട്. പക്ഷെ, ഈ സിനിമയിലെ പാട്ട് ഇഷ്ടമായി എന്നല്ലാതെ, ഇതെപ്പോഴെങ്കിലും കണ്ടേക്കും, കണ്ടേക്കാം എന്നൊന്നും തോന്നിയിരുന്നില്ല.
ബാലചന്ദ്രമേനോനെക്കൂടാതെ, നെടുമുടി വേണു, രോഹിണി ഹട്ടംഗഡി, രോഹിണി, ആറന്മുള പൊന്നമ്മ, സുമിത്ര, കവിയൂര്‍ പൊന്നമ്മ, തിലകന്, ജഗന്നാഥവര്‍മ്മ, മീന എന്നിവരൊക്കെയുണ്ട് ഇതില്‍. കാണാത്തവര്‍ക്ക്, ആരൊക്കെയെന്തെന്നുമാരെന്നുമറിയാന്‍, കാണുക തന്നെ രക്ഷ. മിക്കവാറും പേര് കണ്ടിട്ടുണ്ടാവും. പഴയ സിനിമയല്ലേ? പിന്നെ ഇഷ്ടമാവുന്ന കാര്യം. എനിക്കിഷ്ടമായി. പലര്‍ക്കും ഇഷ്ടമായിക്കാണും. ചിലര്‍ക്ക്
ഇഷ്ടമായിട്ടുണ്ടാവില്ല. ഇനി ആദ്യമായിട്ട് കാണുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമാവില്ല. ഇനി ഒന്നുകൂടെ കാണുമ്പോള്‍ പലര്‍ക്കും ഒന്നുകൂടെ ഇഷ്ടമാവും.
അച്ചുവേട്ടനും കുടുംബവും, പുതിയ വീട്ടിലേക്ക് എത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. വരുന്ന വഴിയില്‍, കാറില്‍ വെച്ചു തന്നെ, അധികം ലോഗ്യം വേണ്ട എന്നൊരു ബോര്‍ഡ്, ലോകത്തിനുവേണ്ടി അച്ചുവേട്ടന് തൂക്കിയിടുന്നുണ്ട്. അത് ഡ്രൈവറോടുള്ള, വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലാക്കാം. വീട്ടിലെത്തിയ ശേഷം, അച്ചുവേട്ടന്റെ ഭാര്യയുടെ, -രുക്മിണി- സംഭാഷണങ്ങളില്‍ നിന്നും, നാട്ടുകാരോടൊന്നും, അടുപ്പം ഇല്ലായിരുന്നെന്ന് മനസ്സിലാവുന്നുണ്ട്. രണ്ട് പെണ്‍കുട്ടികള്‍. മൂത്തവള്‍ അശ്വതിയും, ഇളയവള്‍ കാര്‍ത്തികയും. അശ്വതിയ്ക്ക് അധികം സ്വാതന്ത്ര്യം പാടില്ലെന്നും, കാര്‍ത്തികയ്ക്ക് സ്വാതന്ത്ര്യം അല്‍പ്പം ആവാമെന്നും അച്ചുവേട്ടന്റെ രീതികളിലൂടെ മനസ്സിലാവുന്നുണ്ട്. ഒരിക്കല്‍ താനുണ്ടാക്കാന്‍ പോകുന്ന വീടിന്റെ പ്ലാന്‍ എടുത്തുനോക്കി, പ്രേക്ഷകരെ, അങ്ങനെയൊരു സ്വപ്നം കാണുന്ന വിവരം അറിയിക്കുന്നുണ്ട്.
താമസിക്കുന്ന വീടും, താന്‍ വരച്ച പ്ലാനും സാമ്യമുണ്ടെന്ന്, സന്തോഷത്തോടെ ഭാര്യയോട് പറയുന്നു. അവരെ വിശദമായി കാണിക്കുന്നു.
ദൂരെ നാട്ടില്‍ ഇരിക്കുന്ന കണ്ണുവയ്യാത്ത അമ്മയെ കാണിക്കുന്നത്, ഫോണ്‍ കണക്ഷന് കിട്ടി, വിളിക്കുമ്പോഴാണ്. പിറന്നാളിന് വരണമെന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നു. ഭാര്യയുടെ വീട്ടുകാരുടെ ചെലവില്‍ കഴിയുന്നെന്ന് അനിയനെക്കുറിച്ച്, പരാതിയുണ്ട്, അച്ചുവേട്ടന്. വീട്ടിലെത്തുമ്പോള്‍, ചിലകാര്യങ്ങളൊക്കെപ്പറഞ്ഞ് തര്‍ക്കവും ഉണ്ട് അനിയനുമായി.
പ്രശ്നങ്ങള്‍ തുടങ്ങുന്നത്, അവര്‍ താമസിക്കുന്ന വീടിനടുത്തുള്ള, മെന്‍സ് ഹോസ്റ്റലിലെ അന്തേവാസികളുടെ അച്ചടക്കമില്ലായ്മയെന്ന് അച്ചുവേട്ടന് വിചാരിക്കുന്ന, അവരുടെ സ്വഭാവം കൊണ്ടാണ്. പാട്ട്, കൂത്ത്. രണ്ട് പെണ്‍കുട്ടികളുമായി താമസിക്കുന്ന തന്റെ വീടിനടുത്ത് ഇതൊന്നും പറ്റില്ലെന്നും, വേണ്ടിവന്നാല്‍ നിയമസഹായം തേടുമെന്നും അച്ചുവേട്ടന് അവിടെ പോയി വാര്‍ഡനെ കണ്ട് പറയുന്നു. പിന്നെ അവര്‍ അവരുടേതായ രീതികളും, അച്ചുവേട്ടന് തന്റേതായ രീതികളും ഉപയോഗിച്ച് മത്സരം തുടങ്ങുന്നു. അച്ചുവേട്ടന് മാപ്പ് പറയേണ്ടിവരികയും, വാടക വീട്ടില്‍ വെച്ച് മരിക്കേണ്ടിവരികയും ചെയ്യുന്നു.
പിന്നെ, ആ അമ്മയും മക്കളും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെ കഥ പോകുന്നു. സഹായിക്കേണ്ട പലരും, മുഖം തിരിക്കുകയും, അച്ചുവേട്ടന് ഉള്ളപ്പോള്‍, കാണിച്ചിരുന്ന നന്മ കാണിക്കാതിരിക്കുകയും ചെയ്യുന്നു. അച്ചുവേട്ടന് വെറുത്തിരുന്നവര്, സഹായിക്കുന്നതാണ് പിന്നെ കാണുന്നത്. ജോലി, അശ്വതിയ്ക്ക് കിട്ടുകയും, ചെലവിന്റെ കാര്യത്തില്‍, അച്ഛനേക്കാള്‍ കണിശത കാണിക്കുകയും ചെയ്യുന്നു. അശ്വതിയുടെ വിവാഹത്തോടെ, ഒറ്റയ്ക്കാവുന്ന, അമ്മയും ഇളയമകളും, അവരുടെ ഇല്ലായ്മകളും, ആവലാതികളും. എന്തായാലും അവര്‍, എല്ലാം നേരിട്ട്, ജീവിക്കാന്‍ തന്നെ തീരുമാനിക്കുന്നു.
വളരെ, കണിശക്കാരനും, ദേഷ്യക്കാരനും ഒക്കെയാണെങ്കിലും, കുടുംബത്തോട് സ്നേഹമുള്ള അച്ചുവേട്ടന്. കുട്ടികളെ ശാസിക്കുമ്പോഴും, അവര്‍ ലോകനീതിയനുസരിച്ച് വളരണമെന്ന് വിചാരിക്കുമ്പോഴും, അച്ചുവേട്ടന് അവരോട് സ്നേഹമുണ്ടെന്ന് മനസ്സിലാവും. പിന്നെ അച്ചുവേട്ടന്റെ ഭാര്യ. അവര്‍, അച്ചുവേട്ടനും, മക്കള്‍ക്കുമിടയില്‍ ജീവിക്കുന്നു. ലോകവിവരം ഇല്ലാതായിപ്പോയി എന്നതാണ് അവരുടെ കുറവ്. അച്ചുവേട്ടന്
അവരെ വീട്ടിന് പുറത്തെ ജോലികളൊന്നുംതന്നെ ഏല്‍പ്പിക്കുന്നില്ല. അതൊന്നും അവര്‍ക്കറിയില്ലെന്നൊരു കുറവ് ഒഴിച്ചാല്‍, അവര്‍ നല്ലൊരു അമ്മയും, ഭാര്യയും, മരുമകളുമാണ്. കുട്ടികള്‍, കുറച്ചുകൂടെ സ്വാതന്ത്ര്യം കിട്ടിയാല്‍ക്കൊള്ളാമെന്ന പക്ഷക്കാരാണ്. ആ കണിശത്തിനിടയിലും, കാറ് വാങ്ങി അവരെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ട് അച്ചുവേട്ടന്.
ബാലചന്ദ്രമേനോന്, ക്യാപ്റ്റന്‍ എന്ന് കൂട്ടുകാരൊക്കെ വിളിക്കുന്ന വിപിന്‍, ഇവരോട്, ആദ്യം ശത്രുതയിലാവുകയും, പിന്നീട് ഒരു സഹായി ആയി മാറുകയുമാണ്.
അല്‍പ്പം തമാശകളും, വളരെ വിഷമം തോന്നുന്ന രംഗങ്ങളും ഉണ്ടിതില്‍. ഈ സിനിമ വെറുതേ കാണരുത്. അച്ചുവേട്ടനും, കുടുംബവും, പുതിയ വാടകവീട്ടിലേക്കെത്തുമ്പോള്‍, വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍, നമ്മളും അകത്തേക്ക് കയറണം. അല്ലെങ്കില്‍, ഈ സിനിമ കണ്ടിട്ട് ഒരു കാര്യവുമില്ല. ഓ...ഒരു സിനിമ എന്നു പറയും തീരുമ്പോള്‍. അത്ര തന്നെ. കണ്ടവര്‍, ഇനിയൊരിക്കല്‍ കാണുമ്പോള്‍, അവരുടെ കൂടെ അകത്തേക്ക് കയറുക. നിങ്ങള്‍, അവരുടെ വീട്ടിലെ ഒരാളായിക്കഴിഞ്ഞു. അവരുടെ ജീവിതത്തിലേക്ക് അലിഞ്ഞുചേരുക. തമാശയൊന്നുമല്ല. അങ്ങനെ ചെയ്തുനോക്കൂ. നിങ്ങള്‍ക്കീ സിനിമ ആദ്യം കണ്ടിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ ഇഷ്ടപ്പെടും തീര്‍ച്ച. ഞാനിപ്പോഴും, അവരുടെ കൂടെയുണ്ട്. അമ്മയും മകളും പുറത്തേക്ക് പോകുന്നിടത്ത്, കഥ നില്‍ക്കുന്നുണ്ട്. ഞാനവരെ കാത്ത്, നില്‍ക്കുന്നുണ്ട്. അവര്‍ തിരിച്ചുവന്ന് വീട് തുറന്ന് കയറുമ്പോള്‍, എനിക്കു കൂടെ കയറമെന്നുണ്ട്. കാരണം, ആ കഥാപാത്രങ്ങളുടെ കൂടെ ആയിപ്പോയി മനസ്സ്. അതുകൊണ്ടു തന്നെ, എനിക്കിപ്പോള്‍ ഒരു ആഗ്രഹമുള്ളത്, ഇതിന്റെ രണ്ടാം ഭാഗം വരണമെന്നാണ്. നല്ല രസമായിരിക്കും.
പിന്നെ പാട്ട്. അതിഷ്ടപ്പെടാതെ പോകുമോ ആര്‍ക്കെങ്കിലും?
ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രിക മെഴുകിയ മണിമുറ്റം,
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം.
ചന്ദനപ്പൂന്തോട്ടമുള്ള, ചന്ദ്രികയുടെ വെളിച്ചം, നിറഞ്ഞുനില്ക്കുന്ന മുറ്റമുള്ള, അമ്പിളി, വിളക്കുപോലെ, ഉമ്മറത്തെത്തുന്ന ഒരു വീട്! ആലോചിക്കുമ്പോള്‍ത്തന്നെ സന്തോഷം.
ഇത് ഈ സിനിമയുടെ പരസ്യമല്ല. ശരിക്കുള്ള ഒരു അവലോകനം പോലുമാവില്ല. എന്റേതായ ഭാഷയില്‍ എനിക്കിഷ്ടമായ സിനിമ, നിങ്ങള്‍ക്കും സൌകര്യമുണ്ടെങ്കില്‍ കാണാം എന്ന രീതിയില്‍ പറഞ്ഞു എന്നേയുള്ളൂ. പഴയ സിനിമ ആയതുകൊണ്ടുതന്നെ മിക്കവരും കണ്ടിട്ടുണ്ടാവും. എന്നാലും, ഒന്നുകൂടെ ആസ്വദിച്ച് കാണുക. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമ, പ്രേക്ഷകര്‍, ഇന്നും ഇഷ്ടത്തോടെ സ്വീകരിക്കുന്നുണ്ടെങ്കില്‍, അതിന്, അതിനുള്ള ഗുണം ഉണ്ടാവും, തീര്‍ച്ച.
Labels: സിനിമ
30 Comments:
നന്നായിരിക്കുന്നു.
ഇത് പണ്ട് കണ്ടിട്ടുള്ളതായിരുന്നു. പക്ഷെ, കഴിഞ്ഞ ദിവസം ടി.വിയില്‍ വന്നപ്പോള്‍, കഥ ഓര്‍ത്തെടുക്കുവാന്‍ കഴിയാതിരുന്നതിനാല്‍ വീണ്ടും കണ്ടു(കഥ ഓര്ത്തെടുക്കുന്നതുവരെ). വളരെ മനോഹരമായ ചിത്രം തന്നെയാണിത്, ഇന്നും ഇതിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നതായിരുന്നു എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം.
അപ്പോള്‍... ഒന്നുകൂടി മൂളാം...
ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രിക മെഴുകിയ മണിമുറ്റം,
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം, ഹരിനാമജപം.
കാര്യമായിത്തന്നെ ചീത്തവിളിക്കേണ്ട ഒരു പടവും ഇന്നലെക്കണ്ടു (തിയേറ്ററില്‍ കണ്ടിരുന്നില്ല). മോഹന്‍ലാലിന്റെ ‘ചന്ദ്രോത്സവം’. സമയം കിട്ടിയില്ല, എത്ര വികലമായ ആശയങ്ങളാതില് കുത്തിനിറച്ചിരിക്കുന്നത്. കഷ്ടം തന്നെ!!!
--
:)
ആ പാട്ട് എനിക്ക് ഇഷ്ടമാ.. സിനിമ ഞാന്‍ കണ്ടിട്ടില്ല.. (ഹരീ.. കഞ്ഞിയില്‍ പാറ്റവീണെന്നാ തോന്നുന്നു.. സു സിനിമാ അവലോകനം തുടങ്ങി..)
ഇതു ഞാന്‍ പണ്ട് കണ്ടതാണ്... കഥയൊന്നും ശരിയ്ക്ക് ഓര്‍മ്മയില്ല... എഴുതിയത് വളരെ ഇഷ്ടപ്പെട്ടു...
“വാടക വീട്ടില്‍ വെച്ച് മരിക്കേണ്ടിവരികയും ചെയ്യുന്നു“. ഹാര്ട്ടറ്റാക്കായല്ലായിരുന്നൊ മരണം ? ഈ ലൈന്‍ വായിച്ചപ്പോള്‍ ഒരു ആത്മഹത്യ പോലെ തോന്നി... എന്റെ കുഴപ്പം ആയിരിയ്ക്കും :)
കണ്ടിട്ടുണ്ട്. ചില രംഗങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്.
സൂവേച്ചീ...
കാണണമെന്ന് പല തവണ കരുതിയിട്ടുണ്ടെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല, ഈ ചിത്രം.(പിന്നെ, സീഡി ഒന്നും എടുത്ത് കാണാന്‍ തോന്നിയിട്ടില്ലാട്ടോ, ടി.വി.യില്‍ വരുമ്പോള്‍ കാണണമെന്ന് കരുതിയിരുന്നു എന്നു മാത്രം)
നന്നായി എഴുതിയിരിക്കുന്നു...
“അച്ചുവേട്ടനും, കുടുംബവും, പുതിയ വാടകവീട്ടിലേക്കെത്തുമ്പോള്‍, വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍, നമ്മളും അകത്തേക്ക് കയറണം.”
ഈ മാത്രം മതി, എഴുത്ത് വായനക്കാര്‍ക്ക് ഇഷ്ടപ്പെടുവാന്‍...
:)
[ഇനീപ്പോ ഇടയ്ക്ക് ഇത്തരം ചലചിത്രാവലോകനവുമാകാം ട്ടോ]
ഇതെന്താ പഴയ സിനിമാ അവലോകനങ്ങളോ.
നിരൂപണം കൊള്ളാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് (കുട്ടിക്കാലത്ത്) പൂര്‍ണ്ണമായി കാണാതിരുന്ന ഒരു ചിത്രമായിരുന്നു ഇത്. അടുത്തിടെ വീണ്ടും കാണാന്‍ സാധിച്ചു. പകുതിമുതല്‍ പക്ഷെ ചേച്ചിയുടെ വിവരണം പൂര്‍ണ്ണായി ചിത്രം കണ്ട ഒരു ത്രിപ്തി നല്കി.
നല്ലൊരു ബാലചന്ദ്രമേനോന് ചിത്രം ആയിരുന്നു അത്.
എന്തായാലും വിവരണം വളരെ നന്നായിട്ടുണ്ട്.
സുവേച്ചീ.. ഇതു ഞാന്‍ പണ്ട് കണ്ട സിനിമയാണ്. നല്ല സിനിമ. ഒരിക്കല്‍ക്കൂടി ഓര്മ്മിപ്പിച്ചത്തിനു നന്ദി
നല്ലൊരു സംവിധായകനെ നല്ലൊരു സിനിമയുണ്ടാക്കാന്‍ പറ്റു, അതുപോലെ നല്ലൊരു എഴുത്തുകാരിക്കേ നന്നായി എഴുതുവാന്‍ സാധിക്കൂ.. അഭിനന്ദനങ്ങള്‍..
നല്ല ലേഖനം....
:)
സൂ,
ചിത്രത്തേക്കുറിച്ചുള്ള അവലോകനം നന്നായിരിക്കുന്നു :)
പണ്ട് കണ്ടതായിരുന്നു, ടി.വിയില്‍. നല്ല സിനിമയായി തോന്നിയിരുന്നു.
അവലോകനം ഇഷ്ടപ്പെട്ടു.
കണ്ട സിനിമയാണ്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഇഷ്ടപ്പെടാന്‍ പറ്റിയിരുന്നു. സൂ ഭര്‍ത്താവില്ലാതെ കുടുംബം ജീവിക്കേണ്ട കാര്യത്തിലേക്ക് ഊന്നല്‍ നല്കി എഴുതിയപ്പോള്‍ എനിക്കു പറയാനുള്ളത് അതൊക്കെ ഏതൊരു വീട്ടിലും ഉണ്ടായേക്കാവുന്ന ഒരു സാധാരണ അവസ്ഥ എന്നാണ്. പക്ഷെ അതില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം.. ഭര്‍ത്താവുള്ളപ്പോള്‍ (ഒരു ഓവര്‍ പൊസ്സസ്സീവ് ആയ ഭര്‍ത്താവ്) ഭാര്യയെ വെറുമൊരു ഹൌസ്വൈഫ് ആക്കി ഒതുക്കി നിര്‍ത്തിയതില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തു മാത്രമായിരുന്നുവെന്നാണ്. അവര്‍ക്ക് ഒന്നുമറിയില്ല. ആ വീടിനു പുറത്ത് അവര്‍ക്ക് പരിചിതമായ ഒരു ലോകമേ അല്ലായിരുന്നു. ബാങ്ക് എന്താണ്, ഒരു ചെക്ക് കൊണ്ടു എന്തു ചെയ്യാം അങ്ങിനെ ഓരോന്നും അവര്‍ യാഥാര്ത്ഥ്യമായ് പൊരുത്തപ്പെടാനാവാതെ കുഴങ്ങുന്ന കാഴ്ച്ചയാണ് എന്റെ മനസ്സില്‍ തങ്ങി നിന്നത്. ഭര്‍ത്താവിന്റെ ചുറ്റും ഉപഗ്രഹം പോലെ കറങ്ങുക മാത്രം ചെയ്യുന്ന ഓരോ ഭാര്യമാരും അവരുടെ കുടുംബവും അനുഭവിക്കുന്ന ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണാ സിനിമ.
സൂ,
അച്ചുവേട്ടന്റെ വീടു് പണ്ടു് കണ്ടിരുന്നു. വിധിയുടെ മുന്നിലെ വെറും കളിപ്പാട്ടമായി മാറുന്ന മനുഷ്യാവസ്ഥയുടെ ചിത്രീകരണം ഇഷ്ടപ്പെട്ടിരുന്നു. കെട്ടിയുണ്ടാക്കുന്ന ചീട്ടു കൊട്ടാരം ഒരു നിമിഷം കൊണ്ടു് തകര്‍ന്നു വീഴുന്ന കാഴ്ച.
ഏഷ്യാനെറ്റു് ടെലിക്കാസ്റ്റു ചെയ്ത ബുധനാഴ്ച അതു വീണ്ടും കണ്ടിരുന്നു. കഥയറിഞ്ഞു കൊണ്ടു തന്നെ വീണ്ടും കാണാനായി.
“ ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം." മനോഹരമായ ഒരു സിനിമാ വീണ്ടും കണ്ട സംതൃപ്തി.
അവലോകനം ഇഷ്ടമായി.
ആ ചിത്രത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്...വില്ലന്മാരില്ലാത്ത സിനിമ. അതിലെ ഓരോ കഥാപാത്രത്തിനും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ ന്യായീകരണങ്ങള്‍ ഉണ്ട്.
നമുക്കത് മനസ്സിലാവുകയും ചെയ്യും.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു.
കണ്ടോ, കഞ്ഞിയില്‍ പാറ്റ വീഴും എന്നു കണ്ടിട്ടും ഹരി തേങ്ങ അടിച്ചിരിക്കുന്നു. ഇതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് :-)
പണ്ട് കണ്ടിട്ടുള്ളതാണ്. അന്നേ ഇഷ്ടപ്പെട്ടിരുന്നു. ഇനി വീണ്ടും ടിവിയില്‍ വരുമ്പോള്‍ ഒന്നുകൂടി കാണാം
പഴയ സിനിമയായിരുന്നുവെങ്കിലും, ഇന്നും അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. പാട്ടിനേക്കാളുമേറെ അതിലെ കഥാതന്തു അന്നേ എന്നെ വല്ലാതാകര്‍ഷിച്ചിരുന്നു, പാട്ട് നല്ലതാണെങ്കില്‍ കൂടി...
കുട്ടിക്കാലത്ത് കണ്ടതായി ഓര്‍ക്കുന്നു. സ്വപ്നങ്ങള്‍ സഫലമാകാതെ വേദന സഹിച്ച് മുഖം തലയണയില്‍ അമര്‍ത്തിപ്പിടിക്കുന്ന അച്ചുവേട്ടനെ വീണ്ടും കണ്ടു.
ഹരീ :)
സുല്‍ :)
ഇട്ടിമാളൂ :) പാരമാളു!
ദീപൂ :)
ആഷ :)
ശ്രീ :) കാണൂ. സി. ഡി എടുത്ത്.
കൃഷ് :)
ഹരിശ്രീ :)
അപ്പു :)
കുഞ്ഞന്‍ :)
സഹയാത്രികന് :)
മഴത്തുള്ളീ :)
വക്കാരീ :)
മുരളി മേനോന് :) അങ്ങനെ പല തിരിച്ചറിവും ഉണ്ടതില്‍.
വേണു ജീ :)
മൂര്‍ത്തീ :)
കുതിരവട്ടന്‍ :) കഞ്ഞിയില്‍ പാറ്റ ഇടേണ്ട, തേങ്ങയിട്ടോട്ടെ എന്ന് കരുതിയാവും തേങ്ങ അടിച്ചത്.
എഴുത്തുകാരീ :)
കണ്ണൂരാന്‍ :)
നാടന്‍ :)
എല്ലാവര്ക്കും നന്ദി.
കഴിഞ്ഞാഴ്ച ടീ.വി യില്‍ വന്നപ്പോളാണ് ഞാനും ആദ്യമായി ഈ സിനിമ കാണുന്നത്. എന്നിട്ടും മുഴുവന്‍ കാണുവാന്‍ സാധിച്ചില്ല. അതില്‍ ഇങ്ങനെയൊരു രംഗമുണ്ട്.
മൂത്ത മകളുടെ വിവാഹശേഷം ഒറ്റക്കാവുന്ന അമ്മയും ഇളയ മകളും...മനോവിഷമം മൂലം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ആ അമ്മ ആഹാരത്തില്‍ വിഷം കലര്‍ത്തി ഇളയ മകളെ അത്താഴം കഴിക്കാന്‍ വിളിക്കുന്നു. അമ്മയുടെ കണ്ണുനീരില്‍ നിന്നും എല്ലാം വ്യക്തമായ ആ പെണ്‍കുട്ടി അമ്മയോടിങ്ങനെ പറയുന്നുണ്ട്.
"എനിക്കെല്ലാം മനസിലായമ്മേ...അമ്മ എന്നെ പഠിപ്പിക്കൂ...ഞാനൊരിക്കലും ചേച്ചിയെപോലെയാവില്ല "
എന്നെ വളരെയധികം സ്പര്‍ശിച്ച ഒന്നായിരുന്നു ആ സീന്‍. ഒരു പക്ഷേ ഞാനുമൊരു ചേച്ചിയായതിനാലാവാം.
വളരെ നല്ല സിനിമ...സൂവേച്ചീ ഒരിക്കല്‍ കൂടി ഓര്മിപ്പിച്ചതിനു നന്ദി...:)
നന്നായിട്ടുണ്ട്...
ഇനിയീ സിനിമ കാണുന്നില്ല...
കണ്ടതു പോലെ തോന്നുന്നു ഇപ്പോള്‍..
ഭാവുകങ്ങള്‍...
ബാലചന്ദ്രമേനോന് അഹങ്കാരിയും ബുദ്ധിജീവിയുമൊക്കെ ആകുന്നതിന് മുന്‍പ് എടുത്ത സിനിമയാണെന്ന് തോന്നുന്ന് ഇത്.
പണ്ടെങ്ങോ ദുരദര്‍ശനില്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്. എന്നാലും ആ ഹിറ്റ് പാട്ട് ഇപ്പോഴും കളക്ഷനിലുണ്ട്.
സൂ!
ഒരു ചര്‍വിത ചര്വണത്തിലാവും പലപ്പോഴും ഇത്തരം സിനിമകള്‍ ശ്രദ്ധ പീടിച്ചുപറ്റുന്നത്. സിനിമയിലെ അന്തര്നാടകങ്ങളില്പ്പെട്ട് തിയേറ്ററുകളില്‍ കൂവിത്തോല്പ്പിക്കപ്പെടുന്നത്, ഇങ്ങനെ ശ്രദ്ധേയമാകേണ്ടുന്ന പല ചിത്രങ്ങളുമാണ്. പിന്നെ, സൂവിനെപ്പോലെ പലരും ഇവ കണ്ട് ആസ്വദിക്കുമ്പോഴേക്ക്, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ രംഗമേ വിട്ടിട്ടുണ്ടാവും. നമുക്ക്, വീടിന്റെ സ്വച്ഛതയിലിരുന്ന് കണ്ടാസ്വദിക്കാവുന്ന റ്റെലിഫിലിമുകളുടെ ഒരു നല്ല കാലത്തേയ്ക്ക് നമ്മുടെ റ്റി വി ലോകം പുരോഗമിച്ചെത്തട്ടെയെന്നു നമുക്കാശിക്കാം. അവിടെ വന്‍ നഷ്ടം വരാതെ ഇത്തരം കഥകള്‍ പ്രേക്ഷകരിലേയ്ക്കേത്തിക്കാന് പറ്റും. കണ്ണീര് സീരിയലുകളുടെ കയത്തില്‍ നിന്ന് റിയാലിറ്റി (“റിയാലിറ്റി” ആണോ “റിയല്‍റ്റി“ യാണോ അരങ്ങുവാഴുന്നത് ? ;)) ഷോകളിലൂടെ ഗമിച്ചെത്തട്ടെയെന്ന് നമുക്കാശിക്കാം.
ജാസു :)
സണ്ണിക്കുട്ടന് :)
ദ്രൌപതി :)
സഹ :) എനിക്ക് ടി. വി. യില്‍ കാണുന്നതിനേക്കാളിഷ്ടം തിയേറ്ററില്‍ പോയി കാണാനാണ്. നല്ലതെന്ന് തോന്നുന്നതൊക്കെ കാണാന്‍ പോകാറുണ്ട്. സി. ഡി എടുത്ത് കണ്ടാല്‍, സിനിമാക്കാരുടെ നഷ്ടം ഊഹിക്കാന്‍ പറ്റും.
ചാത്തനേറ്: ഈ സിനിമ പണ്ട് കണ്ടതാ വല്യ ഓര്മയൊന്നുമില്ല കുട്ടിക്കാലത്ത് ചിരിച്ച് കളിച്ച് നടക്കുന്ന സിനിമകളല്ലേ പ്രിയം.
കുട്ടിച്ചാത്താ :) ഇത് പണ്ട് കണ്ടിരുന്നെങ്കില്‍ എനിക്കും ചിലപ്പോള്‍ ഇഷ്ടമാവുമോയെന്ന് സംശയം. :D
സൂ,ഞാന്‍ കണ്ട സിനിമയാണിത്... വളരെ ഇഷ്ടപ്പെട്ട സിനിമയും.. എല്ലാം വളരെ സ്വാഭാവികമായി തന്നെ കൊണ്ടു പോകുന്ന ഒരു കഥ.. അല്ലേ...
പിന്നെ, ആ പാട്ട് ഇപ്പോഴും ഇറ്റയ്ക്കിടെ ഓര്‍മ്മ വരാറുണ്ട്.. നല്ല രാഗവും, രാഗത്തിന്റെ പേര് അറുയാമോ? “ഭാഗ്യശ്രീ”.(വേറെ പേരുണ്ടോ എന്നറിയില്ല..) പിന്നെ, ആ രാഗത്തിലുള്ള വേറൊരു പാട്ടാണ്, “കൈ കുടന്ന നിറയെ തിരുമധുരം തരും..” രണ്ടും ഈണത്തില്‍ ഒരു സാമ്യം തോന്നുന്നില്ലേ..
പി. ആര്. :) നന്ദി. പക്ഷെ രാഗവും താളവും ഒന്നും എനിക്കറിയില്ലല്ലോ. ടി. വി. യില്‍ പറഞ്ഞാലോ എവിടെയെങ്കിലും വായിച്ചാലോ ഓര്‍ത്തുവെക്കും. കൈക്കുടന്ന എന്നത്, ഈ രാഗമാണല്ലേ. ആ പാട്ടും എനിക്കിഷ്ടമാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home