Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 03, 2015

വീടിനുള്ളിലെ ലോകമല്ല പുറത്ത്

രണ്ടു വ്യക്തികൾ വീടുവിട്ടിറങ്ങുകയാണ്. എന്തായിരിക്കും അവരുടെ ലക്ഷ്യം!  രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് രണ്ടുപേരും യാത്രയ്ക്കൊരുങ്ങുന്നത്. ആഷിക്ക് അബുവിന്റെ റാണിക്കും പത്മിനിക്കും, രക്ഷപ്പെടൽ, ഒരുതരത്തിൽ‌പ്പറഞ്ഞാൽ ചിലത് നേടിയെടുക്കലാണ്.  അവരുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആ യാത്ര ആവശ്യമായൊരു സംഗതിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന അവർ യാത്രയിലാണ് കാണുന്നത്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് അവർ ഇറങ്ങിപ്പുറപ്പെടുന്നു. കൂടെ പോയാൽ, പത്മിനിക്കൊരു കൂട്ടിന്റെ ആവശ്യം ഉണ്ടായിരുന്നുവെന്നു തിരിച്ചറിയാം. മിണ്ടാനും പറയാനും തളർച്ച വരുമ്പോൾ താങ്ങാനും. റാണി ധൈര്യവതിയാണ് എന്ന കാര്യത്തിൽ സംശയമില്ല. കണ്ടുമുട്ടിയതിനുശേഷം ഒരുമിച്ചാണ് പോകുന്നതും പോരാടുന്നതും നേടുന്നതും. പത്മിനിയുടെ കൂടെ റാണി ഉണ്ടായത് നന്നായി എന്നു തോന്നി. അല്ലെങ്കിൽ‌പ്പിന്നെ ദൈവം ഉണ്ടായിരിക്കുമായിരിക്കും. ഒരേ ഭാഷക്കാരായതുകൊണ്ടാവണം അവരുടെ യാത്ര ഒരുമിച്ചായത്. ജോലിയ്ക്കു വേണ്ടുന്ന പഠിപ്പുള്ള പത്മിനി ഇറങ്ങിപ്പുറപ്പെടേണ്ടത് ഇതിനായിരുന്നില്ല എന്നുപറയുന്നവരില്ലേ? ഇതാണ് നന്നായത്. ഇതാണ് എപ്പോഴും വേണ്ടത് എന്നുപറയുന്നവരില്ലേ? എന്തായാലും ഇവർ മിടുക്കികൾ ആണെന്ന് പറയുന്നവരില്ലേ?

ഓടടാ ഓട്ടം എനിക്കിഷ്ടപ്പെട്ടില്ല. അതിനുപകരം റാണിക്കും പത്മിനിക്കും വേറെ വേറെ കാഴ്ചകൾ കൊടുക്കാമായിരുന്നു. ‘രാജാവും’ കുറച്ച് അധികം വന്നില്ലേന്നൊരു സംശയം. മാദ്ധ്യമപ്രവർത്തകരെ എന്നും കാണുന്നതാണല്ലോ. പലരും ഇങ്ങനെയല്ല എന്നും പറഞ്ഞേക്കാം.
സ്രിന്റ പറഞ്ഞതാണ് രണ്ടു നല്ല ഡയലോഗുകളും. അതിഷ്ടപ്പെട്ടു. നീ ഇങ്ങോട്ടു വാ എന്നു പറയുന്നത് അവസാനം മതിയായിരുന്നു. ഇവിടെ ഒക്കെ നടക്കുന്നത് അതാണ് എന്നു പറഞ്ഞതിനുശേഷം നീ വന്നാൽ വീട്ടിലും അതാവും എന്നു പറഞ്ഞൂടായിരുന്നോ. ;) ചിരിപ്പിക്കാൻ ശ്രമിച്ചിടത്തൊക്കെ എല്ലാവരും ചിരിച്ചു. അതൊരു വല്യ കാര്യമാണ്. (ഇനി ചിരി വരാത്തവരുണ്ടോന്ന് അറിയില്ല)
സിനിമയിൽ അനാവശ്യമായ കഥാപാത്രം ഏതായിരുന്നു! പിടി കിട്ടുന്നില്ല. ഇല്ലായിരിക്കും. കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, പാട്ടുകൾ....കുഴപ്പമൊന്നുമില്ല.

സിനിമ കണ്ടു പ്രചോദനം കിട്ടിയിട്ടാണ് എല്ലാം ചെയ്തുകൂട്ടിയതെന്നു പറയുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ട് ഞാനും ഒറ്റയ്ക്ക് ഒരു യാത്ര പോയിക്കൂടാതില്ലാതില്ല. അടുത്ത കവല വരെ. അത്രേം ആരോഗ്യമേ ഉള്ളൂ.

ഇത്രേ ഉള്ളൂ ഇപ്പോ. ഓരോരുത്തരും കാണുന്നത് വ്യത്യസ്തമായിട്ടാണെന്ന് പറഞ്ഞതുകേട്ടാണ് കുറച്ച് എഴുതിയേക്കാംന്നുവെച്ചത്. പിന്നെ പത്മിനിയും റാണിയുമൊക്കെ എല്ലാവരിലും ഉണ്ട്. അല്ല...ചിലരിലൊക്കെ ഉണ്ട്.

ഇക്കണ്ട കാഴ്ച ആയിരിക്കില്ല ഈ സിനിമ പിന്നീടു കാണുമ്പോൾ. പിന്നീടു വേറെ എന്തെങ്കിലും കൂട്ടണമെങ്കിലും കുറയ്ക്കണമെങ്കിലും അപ്പോൾ ചെയ്യാം. ഇപ്പോൾ, ഈ സിനിമ എല്ലാ സ്ത്രീകൾക്കും ഒന്നു കാണാവുന്നതാണ്. പുരുഷന്മാർക്കും കാണാം.

എവിടെയൊക്കെ ഓടിരക്ഷപ്പെട്ടാലും പറന്നുനടന്നാലും ഒടുവിലിറങ്ങുന്നത് അപകടത്തിന്റെ വായിലേക്കാണു പെണ്ണുങ്ങളേ എന്നൊരു ഗുണപാഠം അല്ലല്ലോ ഇതിനുള്ളത്. അല്ലേ? ;) അത് ഇടയ്ക്കായതുകൊണ്ട് അല്ലായിരിക്കും. ;))

വീടിനുള്ളിലെ ലോകമല്ല പുറത്ത്. അതു സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തമാണ് എന്നു പറഞ്ഞുകൊണ്ടു നിർത്തുന്നു. നന്ദി. നമസ്കാരം.

Labels:

Monday, November 24, 2014

കണ്ട രണ്ട് ഹിന്ദി സിനിമകൾ

ലഞ്ച് ബോക്സ് (The Lunch Box) എന്ന ഹിന്ദി സിനിമ കണ്ടു. നന്നായിട്ടുണ്ട്. ഒരു വീട്ടമ്മ, ഭർത്താവിനു വേണ്ടി ഡബ്ബാവാലയുടെ കൈയിൽ കൊടുത്തയയ്ക്കുന്ന ലഞ്ച് ബോക്സ് മാറി വേറൊരാളുടെ അടുത്താണ് ദിവസവും എത്തുന്നത്. അവർ ആ പാത്രത്തിൽ കുറിപ്പ് വെച്ച് പരസ്പരം പരിചയപ്പെടുന്നു. ദിവസവും ഭക്ഷണത്തിന്റെ കൂടെ ഓരോ കുറിപ്പ്. അങ്ങനെയങ്ങനെ കഥ പോകുന്നു. ഹൈവേ എന്ന  സിനിമയും കണ്ടു. വളരെ നന്നായിട്ടുണ്ട്. (ഹൈവേ, ചാനലിൽ കണ്ടു. ലഞ്ച് ബോക്സ്, ഡിവിഡി വാങ്ങി കണ്ടു).  ഇത് രണ്ടും ഈ വർഷം കണ്ട ഹിന്ദിസിനിമകളിൽ ഏറ്റവും നല്ല സിനിമകളായി പ്രഖ്യാപിക്കുന്നു. ഇനി ഈ വർഷം തീരാൻ കുറച്ചൂടെ സമയം ഉണ്ട് എന്നാലും.  മുകളിൽ പറഞ്ഞ സിനിമകൾ നിങ്ങൾക്കു കാണണമെങ്കിൽ കാണാം. തലവേദന എന്ന മഹാ‍സംഭവത്തിൽ‌പ്പെട്ട് ഉഴലുന്നതുകൊണ്ട് വിസ്തരിച്ച് ഒന്നും എഴുതുന്നില്ല. (മടി കൂടി വരുന്നുണ്ടോന്നും സംശയം ഇല്ലാതില്ല).

Labels:

Wednesday, April 24, 2013

ഹരിശ്ചന്ദ്രാചി ഫാക്ടറി

ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഫാൽക്കേയുടെ ആദ്യചിത്രം രാജാ ഹരിശ്ചന്ദ്ര ഉണ്ടായതിന്റെ കഥയാണ് ഹരിശ്ചന്ദ്രാചി ഫാക്ടറി (ഹരിശ്ചന്ദ്രന്റെ ഫാക്ടറി) എന്ന മറാത്തി സിനിമയിൽ പറയുന്നത്.

പരേഷ് മൊകാഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ധും‌ഡിരാജ് ഗോവിന്ദ് ഫാൽക്കേയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം. ഉണ്ടായിരുന്ന ബിസിനസ് വിട്ട് അല്ലറച്ചില്ലറ മാന്ത്രികവേലകളുമായി ജീവിതം മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു ഫാൽക്കേ. ടെന്റു കെട്ടി നടത്തിയിരുന്ന സിനിമാപ്രദർശനം ഒരിക്കൽ കാണാൻ ഇടയായി ഫാൽക്കേ. പിന്നെയങ്ങോട്ട് ഫാൽക്കെ സ്വയം അങ്ങനെയൊരു ചിത്രം ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു. കുറേ പുസ്തകങ്ങൾ വാങ്ങി വായിച്ചു മനസ്സിലാക്കി. ഒരു ക്യാമറ വാങ്ങി, ചിത്രങ്ങളെടുത്തുനോക്കി. വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റിട്ടാണ് ഫാൽക്കേ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്.

ഫാൽക്കേയ്ക്ക് ഭ്രാന്തുപിടിച്ചെന്നു കരുതി ആശുപത്രിയിലേക്കും കൂട്ടിക്കൊണ്ടുപോയി ഒരു പ്രാവശ്യം. പിന്നീട് ഫാൽക്കേ ലണ്ടനിൽ പോയിട്ട് സിനിമയെടുക്കുന്നതിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി, ക്യാമറയും മറ്റും വസ്തുക്കളും ഒക്കെ വാങ്ങി അയച്ച് നാട്ടിൽ എത്തുന്നു. വല്യൊരു വീട്ടിൽ ഫാൽക്കേയും കുടുംബവും സിനിമയിലെ താരങ്ങളും ഒക്കെ താമസിക്കുന്നു. ഹരിശ്ചന്ദ്രന്റെ കഥയാണ് ആദ്യം സിനിമയാക്കിയത്.

ആദ്യം എടുത്ത സിനിമ നന്നായി ഓടുന്നു. പിന്നീട് വേറെ പല സിനിമകളും ഫാൽക്കേയുടേതായിട്ട് ഇറങ്ങുന്നു. വിദേശത്ത്, സിനിമയും കൊണ്ടുപോയപ്പോൾ അവിടെത്തന്നെ നിന്ന് ചിത്രങ്ങളെടുത്ത് പണമുണ്ടാക്കാൻ വിദേശികൾ പറയുന്നു. പക്ഷെ  നാട്ടിലേക്ക് തിരിച്ചുപോയി അവിടെ സിനിമയെടുത്ത് കഴിയാനാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് ഫാൽക്കേ തിരികെപ്പോരുന്നു.

അല്പം നർമ്മത്തിലൂടെയാണ് ഫാൽക്കേയുടെ സിനിമാജീവിതക്കഥ പറഞ്ഞിരിക്കുന്നത്. വീട്ടിലെ അലമാര വിൽക്കുന്നതും, വിളക്ക്, മറ്റുവസ്തുക്കൾ ഒക്കെ ഓരോന്നായി ഇല്ലാതാവുന്നതും ഒക്കെ കാണിക്കുന്നുണ്ട്. കണ്ണു വയ്യാതെയാവുന്നുണ്ട് ഫാൽക്കേയ്ക്ക്. പിന്നീട് രണ്ടു കണ്ണടകൾ മാറിമാറി വയ്ക്കുന്നു ഫാൽക്കേ.

വീട്ടിലുള്ളവരുടെ ചിത്രവും, ചട്ടിയിൽ വിത്ത് നട്ട് ഒരു ചെടി വളരുന്നതിന്റെ ചിത്രവുമൊക്കെ എടുക്കുന്നുണ്ട്. എടുത്തിട്ട് കൂട്ടുകാരെയൊക്കെ കാണിക്കുന്നതും ചെടിയുണ്ടാവുന്ന ചലനചിത്രമാണ്. ഭാര്യയും ചെറിയ ആൺമക്കളും (രണ്ട് ആൺകുട്ടികളും ഒരു പെൺ‌കുട്ടിയും ആണുള്ളത്. മകൾ ജനിച്ചിട്ട് കുറച്ചേ ആയുള്ളൂ) ഫാൽക്കേയുടെ കൂടെ എല്ലാ സഹായത്തിനുമുണ്ട്. 

1911- ലാണ് ഈ കഥ നടക്കുന്നത്. 1913 - ലാണ് ഫാൽക്കേയുടെ ആദ്യചിത്രം പുറത്തിറങ്ങുന്നത്.

ഈ ചിത്രത്തിൽ ഫാൽക്കേ ആയി നന്ദു മാധവും, ഭാര്യ സരസ്വതി ആയി വിഭാവരി ദേശ്പാണ്ഡേയും മക്കളായി അഥർവ കർവേയും, മോഹിത് ഗോഖലെയും അഭിനയിക്കുന്നു.

Labels:

Friday, March 30, 2012

ഡാം999




ഡാം 999 എന്ന സിനിമ ഒരു ഡാം പൊളിയുന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ഫ്രെഡി എന്നൊരു നാവികൻ, ഡാം 999 എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് കഥ തുടങ്ങുന്നത്. പിന്നെ വിനയ് എന്നയാളുമായിട്ടുള്ള സൌഹൃദവും ഫ്രെഡിയുടെ പ്രണയവും ഒക്കെ കഥയിൽ വരുന്നു. ഫ്ലാഷ് ബാക്കിലേക്കു പോകുമ്പോൾ, ഭാര്യയെക്കൂട്ടാതെ മകനേയും കൂട്ടി (സാം എന്ന് മകന്റെ പേര്) ഫ്രെഡിയുടേയും ഭാര്യയുടേയും അടുത്ത് എത്തുന്നു വിനയ്. പിന്നെ വിനയ് മകനേയും കൂട്ടി ഡാം ഉള്ള നാട്ടിൽ, തന്റെ അച്ഛന്റെ അടുത്ത് എത്തുന്നു. അദ്ദേഹം ആയുർവേദവിദഗ്ദ്ധനാണ്. ജ്യോതിഷിയുമാണ്. ആ വീട്ടിൽ മീരയുണ്ട്. ഡാം ചോർന്നിട്ട് വെള്ളപ്പൊക്കമുണ്ടായപ്പോൾ, അവൾക്ക് വീട്ടുകാരെയൊക്കെ നഷ്ടപ്പെടുന്നു. അങ്ങനെയാണ് വിനയിന്റെ വീട്ടിൽ അവൾ എത്തുന്നത്. കുട്ടിക്കാലത്താണ് അവിടെ അവൾ എത്തുന്നത്. അവിടെ വളർന്നു വലുതാകുന്നു. വിനയ്‌യും മീരയും പരസ്പരം ഇഷ്ടപ്പെടുന്നു. പക്ഷേ, അവർക്കു മുന്നിൽ ഒരുപാട് ദുശ്ശകുനങ്ങളുണ്ട്. അങ്ങനെ വിനയ് പോയി ഒരു വിദേശിവനിതയെ വിവാഹം കഴിക്കുന്നു. വിനയ് വിചാരിക്കുന്നത്, മീരയുടെ കല്യാണം നടന്നെന്നാണ്. പക്ഷെ അതു സംഭവിക്കുന്നില്ല. സാമിനു പ്രമേഹം ആണ്. ചികിത്സ, വിനയ്‌ന്റെ അച്ഛനും വൈദ്യം പഠിച്ചുമനസ്സിലാക്കിയിട്ടുള്ള മീരയും ഏറ്റെടുക്കുന്നു. അങ്ങനെ പോകുന്നു അവരുടെ കഥ.

ഫ്രെഡിയുടെ പിതാവ്, (അദ്ദേഹം ആ നാട്ടിലെ മേയർ ആണ്.) പഴയ ഡാമിനു പകരം പുതിയ ഡാം നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. പക്ഷെ, ജനങ്ങൾ പ്രതിഷേധിച്ചതിനാൽ അതു നടക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്യുന്നു. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് പുതിയ മേയർ ആവുന്നു. ഫ്രെഡിയുടെ പിതാവിനെ ആരോ കൊന്നതാണ് എന്നുവരുത്തിത്തീർക്കുന്നുണ്ട് അയാൾ. ജനങ്ങളുടെ സഹതാപം നേടാൻ. അയാളുടെ ഭാര്യയെ (ഫ്രെഡിയുടെ സഹോദരിയെ), അയാൾ ജനങ്ങളോട് ഇടപഴകാനും സത്യം പറയാനും സമ്മതിക്കുന്നില്ല. തട്ടിക്കൂട്ടിയ പുതിയ ഡാമിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളുമായി അയാൾ നടക്കുന്നു. ഡാമിന്റെ ചോർച്ചയെപ്പറ്റി അറിയിക്കുന്നുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടേ ജനങ്ങളൊക്കെ അറിയാൻ പാടുള്ളൂ എന്ന് അയാൾ പറയുന്നു. വിനയ്‌ന്റെ ഭാര്യ ആ നാട്ടിലേക്കു വരുകയും, മേയറുമായി അഭിമുഖത്തിനു പോവുകയും, മേയറുടെ ഭാര്യയെ, ഫ്രെഡിയുടെ സഹോദരിയെ, അവിടെനിന്ന് രക്ഷപെടുത്താൻ ഏർപ്പാടു ചെയ്യുകയും ചെയ്യുന്നു.

ഫ്രെഡിയും ഭാര്യയും വിനയ്ന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. അവരൊക്കെക്കൂടെ ഫ്രെഡിയുടെ സഹോദരിയെ രക്ഷപ്പെടുത്തി വിനയ്ന്റെ വീട്ടിൽ ഒളിപ്പിച്ചുതാമസിപ്പിക്കുന്നു. ഡാമിന്റെ ചോർച്ചയെക്കുറിച്ച്, അവൾ പറയുന്നത് ഷൂട്ടു ചെയ്ത് ലോക്കൽ ചാനലുകൾ വഴി ജനങ്ങളെ അറിയിക്കുന്നു. ജനങ്ങളൊക്കെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ തയ്യാറെടുക്കുന്നു. അപ്പോഴേക്കും മേയർ വിവരം അറിഞ്ഞ് ചാനലിന്റെ ഓഫീസിൽ ആളെ വിട്ട് എല്ലാം തല്ലിത്തകർക്കുന്നു.

അവസാനം കുറച്ചുപേർ ചേർന്ന് ജനങ്ങൾ രക്ഷപ്പെടുത്താൻ ഒരു ശ്രമം നടത്തുന്നു. അതും അതുകഴിഞ്ഞും കുറച്ചു കഥ. അതാണ് ഈ സിനിമ.

സിനിമ എനിക്കിഷ്ടമായി. പക്ഷേ, ഒരുപാടു പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്, ഡാം നിൽക്കുന്നിടത്ത് ഇത്ര ജനങ്ങളുടെ ജീവിതംവെച്ചു മാത്രം ഒരു കഥയുണ്ടാക്കിയാൽ മതിയോന്നൊരു സംശയം. ഇതു ഡാമും, അതിന്റെ കഥയും ഒന്നും അല്ലാത്തൊരു കഥയായിപ്പോയോന്നൊരു സംശയം. ഇനി എങ്ങനെ വേണംന്നു ചോദിച്ചാൽ....... വേറെ ആരെങ്കിലും ഒരു സിനിമേം കൂടെ ഡാമിനെക്കുറിച്ച് എടുത്താലേ പറയാൻ പറ്റൂ. ജ്യോതിഷത്തെക്കുറിച്ചും ആയുർവേദത്തെക്കുറിച്ചും നല്ല കാഴ്ചപ്പാടിലാണ് ഈ സിനിമ പറയുന്നത്. വിനയ്‌യുമായി അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്തെങ്കിലും കുഴപ്പം ഉണ്ടാവുന്നുവെന്ന് മീരയ്ക്ക് തോന്നുന്നുണ്ട്. ആ തോന്നലുകളൊക്കെ ശരിയാണെന്ന് പ്രേക്ഷകർക്കും തോന്നുന്നു. അവസാന കുറച്ചു രംഗങ്ങൾ കണ്ടിട്ടു എനിക്കു ടെൻഷൻ ആയി.


രജിത് കപൂർ, വിമല രാമൻ, ഊർമ്മിള ഉണ്ണി, ആഷിഷ് വിദ്യാർത്ഥി എന്നിങ്ങനെ എനിക്കു സിനിമയിൽ കണ്ടു പരിചയമുള്ള മുഖങ്ങൾ ഉണ്ട്. പിന്നെ പാട്ടുകളൊക്കെ ഉണ്ട് ഇതിൽ. കുറച്ചു മലയാളവും ഉണ്ട്.

സംവിധാനം - സോഹൻ റോയ്.

ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!


ഞാൻ കണ്ടുമനസ്സിലാക്കിയതൊക്കെ എഴുതിവെച്ചതാണ്. ഈ എഴുതിയതൊന്നും നിങ്ങൾക്കു മനസ്സിലായില്ലെങ്കിലും ഈ ചിത്രം കാണാത്തവർ കാണുന്നതിൽ കുഴപ്പമൊന്നുമില്ല. എല്ലാരും കണ്ടോ? ഞാൻ കണ്ടെഴുതാൻ ലേശം വൈകിപ്പോയി അല്ലേ?





3-ഡി കണ്ണടയും കിട്ടി. അതും വെച്ചു ഞങ്ങൾ കുറച്ചു ഗ്ലാമറോടെ വീട്ടിലിരുന്നു സിനിമ കണ്ടു. ഇനി വെയിലത്തു പുറത്തിറങ്ങുമ്പോൾ ഞാൻ ആ കണ്ണട വയ്ക്കും. ;)

കടപ്പാട് - റിലയൻസ്, സോഹൻ റോയ്, ഡാം 999 എന്ന സിനിമ, ബിസ് ടിവി നെറ്റ്വർക്ക്.

Labels:

Monday, November 15, 2010

ചിരിസിനിമ

ചാർളി ചാപ്ലിന്റെ സിനിമയാണ് സിറ്റി ലൈറ്റ്സ്. 1931ലാണ് ചിത്രം പുറത്തിറങ്ങിയത്. സംഭാഷണങ്ങളില്ലാത്ത ചിത്രം തന്നെ. ചാർളി ചാപ്ലിന്റെ തമാശകളുമായി ചിത്രം തുടങ്ങുന്നു. ഒരു പാവമായ നായകൻ (ചാപ്ലിൻ) പൂക്കൾ വിൽക്കുന്ന കാഴ്ചയില്ലാത്ത ഒരു പെണ്ണിനെ കാണുന്നു. അവൾ വിചാരിക്കുന്നത് നായകൻ വല്യ പണക്കാരനാണെന്നാണ്. ചാപ്ലിൻ അവളെ കാണുമ്പോൾ അവളുടെ മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നുണ്ട്. അപ്പോ അവൾ വിചാരിക്കുന്നത്, അയാളുടെ കാർ ആണെന്നാണ്. ഒരു പണക്കാരൻ ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ ചാപ്ലിൻ രക്ഷപ്പെടുത്തുന്നു. കുടിക്കുമ്പോൾ അയാൾ വളരെ ദുഃഖിതനായി മാറും. അങ്ങനെ വിഷാദവാനായിട്ട് ആത്മഹത്യ ചെയ്യാൻ വന്നപ്പോഴാണ് ചാപ്ലിൻ കണ്ട് രക്ഷപ്പെടുത്തുന്നത്. അവിടെനിന്ന് അയാളെ ചാപ്ലിൻ അയാളുടെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നു. അവിടെയുള്ള ജോലിക്കാർ ചോദിക്കുമ്പോൾ ചാപ്ലിൻ അയാളുടെ സുഹൃത്താണെന്നു പറയും. ചാപ്ലിനെ സൽക്കരിക്കും. രാത്രി കഴിഞ്ഞ് സ്വബോധത്തിൽ വരുമ്പോൾ അയാൾ ചാപ്ലിനെ മറക്കും. വീട്ടിൽ നിന്നു പുറത്താക്കും. പിന്നെയും കുടിക്കുമ്പോൾ ചാപ്ലിനെ കാണും, ചാപ്ലിനെ കൂട്ടി പാർട്ടിക്കൊക്കെ പോകും. പിന്നെയും മറക്കും, ചാപ്ലിനെ ഓടിക്കും. ചാപ്ലിന് അവസരം കിട്ടിയപ്പോൾ കാറിൽ ഒരിക്കൽ ആ പൂക്കാരിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ വീട്ടിൽ വിടും. അവൾക്ക് കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി ചാപ്ലിൻ ഓരോ ജോലികളൊക്കെ ചെയ്യും. പിന്നീട് ആ പണക്കാരന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവിടെ രണ്ടു കള്ളന്മാർ ഉണ്ടായിരുന്നു. പണക്കാരനോട്, ചാപ്ലിൻ, കുറച്ചു രൂപ വാങ്ങുന്നതൊക്കെ കള്ളന്മാർ കാണും. അവർ പിടിച്ചുപറിയ്ക്കാൻ വരുമ്പോൾ, ചാപ്ലിൻ കുറേ സൂത്രങ്ങൾ ഉപയോഗിച്ച് അവരെ ഓടിക്കും. പക്ഷേ, പോലീസിനു ഫോൺ ചെയ്തതിനാൽ പോലീസ് വരുമ്പോൾ ചാപ്ലിനെയാണ് കാണുന്നത്. ചാപ്ലിനെ പരിശോധിക്കുമ്പോൾ പൈസ കിട്ടുകയും ചെയ്യുന്നു. പണക്കാരൻ കൊടുത്തതാണെന്ന് പറഞ്ഞത് പോലീസ് വിശ്വസിക്കുന്നില്ല. എന്നാലും ചാപ്ലിൻ അവരെ പറ്റിച്ച് അവിടെനിന്ന് രക്ഷപ്പെടുന്നു. എന്നിട്ട് പൈസ, കണ്ണുകാണാത്ത ആ പെണ്ണിനു കൊടുക്കുന്നു. അവിടെനിന്ന് പോകുമ്പോൾ പോലീസ് പിടിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, ആ പെണ്ണിനെ കാണുന്നു. അവൾക്കു മനസ്സിലാവില്ല. അവൾക്കു കാഴ്ച കിട്ടിയതുകണ്ട് ചാപ്ലിൻ സന്തോഷിക്കുന്നു. അവൾ ഒരു പൂവ് കൊടുക്കാൻ നോക്കുമ്പോൾ ചാപ്ലിൻ ഒഴിഞ്ഞുമാറും. പണക്കാരനായ ഒരാളാണ് ചാപ്ലിൻ എന്നാണു അവൾ കരുതിയിരുന്നതെന്ന് ചാപ്ലിന് അറിയാം. പക്ഷേ, ഇപ്പോൾ ചാപ്ലിന്റെ വേഷം അത്ര നല്ലതല്ലല്ലോ. പൂ വാങ്ങാതെ ഒഴിഞ്ഞുമാറുമ്പോൾ അവൾ ചാപ്ലിന്റെ കൈ പിടിക്കുകയും, അവൾക്ക് അതു പഴയ സുഹൃത്ത് ആണെന്ന് മനസ്സിലാവുകയും ചെയ്യുന്നു.

ചിരിക്കാൻ ഒരുപാടുണ്ടെന്ന് പറയുന്നതിലും നല്ലത്, അല്പം കുറച്ചു മാറ്റി നിർത്തിയാൽ ചിരിക്കാനേ ഉള്ളൂ എന്നാണ്. ചാപ്ലിന്റെ സിനിമ ആയതുകൊണ്ട് അതു പറയാനൊന്നുമില്ലല്ലോ. ആത്മഹത്യ ചെയ്യാൻ പോകുന്ന പണക്കാരനെ ചാപ്ലിൻ രക്ഷിക്കാൻ പോകുന്ന രംഗം, പിന്നെ ചാപ്ലിൻ, ഗുസ്തിപിടിക്കുന്ന രംഗം, പിന്നെ പാർട്ടി നടക്കുമ്പോഴുള്ള ഓരോ രംഗങ്ങൾ, ഇവയൊക്കെ കണ്ട് ചിരി നിർത്താൻ പറ്റില്ല. ചാപ്ലിൻ തന്നെയാണ് സംവിധാനം.

ഇതു കണ്ടിട്ട് ഓർമ്മ വന്നത് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയാണ്. അതിൽ നായിക പാട്ടുകാരിയാവുന്നു, ഇതിൽ അങ്ങനെയില്ല. പാട്ടുകാരിയാവുന്നതുകൊണ്ട് നല്ല പാട്ടുണ്ട്, അത്ര തന്നെ. കഥ മിക്കവാറും ഇതൊക്കെത്തന്നെ.

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...

കാണാത്തവരുണ്ടെങ്കിൽ, പറ്റുമെങ്കിൽ, സിറ്റി ലൈറ്റ്സ് കാണുക. ചിരിക്കുക.

തമാശ സിനിമയുടെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം കൂടെ പറയാം. ഇഷ്ടം എന്ന സിനിമയിൽ നെടുമുടി വേണു പണ്ട് സ്നേഹിച്ചിരുന്ന സ്ത്രീയായി ജയസുധ (അവർ തന്നെയല്ലേ?) അവതരിപ്പിച്ച കഥാപാത്രം ഈ സിനിമ ഹിന്ദിയിൽ ചെയ്തപ്പോൾ അവതരിപ്പിച്ചത് ശോഭനയാണെന്ന് നിങ്ങൾക്കറിയുമോ? മേരേ ബാപ് പെഹലേ ആപ് എന്നാണ് സിനിമയുടെ പേര്. കഥയ്ക്കു പറ്റിയ പേര്. അല്ലേ?

Labels:

Tuesday, October 27, 2009

മേം ഔർ മിസ്സിസ് ഖന്ന

മേം(മേ)ഔർ മിസ്സിസ് ഖന്ന (ഞാനും മിസ്സിസ്സ് ഖന്നയും) ഒരു സാധാരണ സിനിമയാണ്.

നായകനും നായികയും കണ്ടുമുട്ടുന്നു. പ്രണയമാവുന്നു, പാട്ടുപാടുന്നു. കല്യാണം കഴിക്കുന്നു. വിദേശത്തേക്ക് പോകുന്നു. നായകന് ജോലിയിൽ പ്രശ്നമാവുന്നു. നായിക ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, നായകന് ജോലി തേടി മതിയാവുന്നു. കൂട്ടുകാരന്റെ നിർദ്ദേശപ്രകാരം കൂട്ടുകാരന്റെ കൂടെ വേറെ സ്ഥലത്തേക്കുപോകുന്നു. പക്ഷേ നായികയെ നാട്ടിലേക്ക് അയക്കാൻ തീരുമാനിക്കുന്നു. നായിക പോകുന്നില്ല. നായകൻ പോയിക്കഴിഞ്ഞപ്പോൾ, നായിക, പണ്ടത്തെ സ്ഥലത്തുതന്നെ നിൽക്കാൻ തീരുമാനിക്കുന്നു. കൂട്ടുകാരിയുടെ സഹായത്തോടെ വേറെ ജോലിയിൽ ചേരുന്നു. പിരിഞ്ഞുജീവിക്കുന്നതിന്റെ കുറച്ചുവിഷമങ്ങൾ ഉണ്ട്. അവിടെ ഒരാൾ നായികയെ പ്രണയിക്കുന്നു. വൺ വേ പ്രണയം. നായകൻ നല്ല നിലയിൽ തിരിച്ചുവരുന്നു. നായികയെ കൂട്ടി പോകുന്നു. ശുഭം.

അഭിനയിക്കുന്നവർ:-
സൽമാൻ ഖാൻ
സൊഹൈൽ ഖാൻ
കരീന കപൂർ
ബപ്പി ലാഹിരി
നൗഹീദ് സൈറൂസി

സം‌വിധാനം - പ്രേം സോണി


തീരെ മോശമല്ലാത്ത പാട്ടുകളുണ്ട്. ബടേ അച്ഛേ ലഗ്തേ ഹേ...എന്ന പഴയ പാട്ട് രണ്ടുവരി, രണ്ടുപ്രാവശ്യം മൂളുന്നുണ്ട്. എനിക്കാ പാട്ട് വല്യ ഇഷ്ടമാണ്. ബാലികാ വധുവിൽ ആണ് ആ പാട്ട്. മലയാളം സിനിമക്കാർ കാണിക്കുന്നതുപോലെ പഴയ പാട്ട് മുഴുവനായിട്ട് കാണിച്ചാലും കുഴപ്പമൊന്നുമില്ല.

കുറച്ച് തമാശകളും കുറച്ച് പ്രശ്നങ്ങളുമായി സിനിമ അങ്ങനെ പോകുന്നു.

ഇതിലെ സന്ദേശം എന്നുപറയുന്നത്, എല്ലാ സാഹചര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ ഒപ്പം തുണയ്ക്കണം. പരസ്പരം ഒരു താങ്ങാണെന്ന് തോന്നിക്കണം. സുഖത്തിൽ ഒരുമിച്ച്, ദുഃഖം വരുമ്പോൾ, അകന്നുമാറിക്കളയരുത്, സ്നേഹം ഉണ്ടാവണം. ഏതു സാഹചര്യവും നേരിടാൻ ധൈര്യം ഉണ്ടാവണം. മറ്റുള്ളവരെ സഹായിക്കാൻ മടിക്കരുത്. നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഏത് പ്രതികൂലസാഹചര്യത്തേയും നേരിടാൻ കഴിയും.


പിന്നെ ഇതിൽ നല്ലൊരു കാര്യം പറയുന്നുണ്ട്.
നിന്നുപോയ ഘടികാരം പോലും ദിവസത്തിൽ രണ്ടു തവണ സമയം കൃത്യമായിട്ട് കാണിക്കും എന്ന്.
അതൊരു ശുഭാപ്തിവിശ്വാസമല്ലേ?

Labels:

Monday, September 24, 2007

ചന്ദനം മണക്കുന്ന പൂന്തോട്ടം

അച്ചുവേട്ടന്റെ വീട്. അതൊരു പഴയ സിനിമയാണ്. പക്ഷെ കാണാന്‍ സാധിക്കുന്നത് ടി. വി. യില്‍ വന്നപ്പോഴാണെന്ന് മാത്രം. അതൊരു സാധാരണസിനിമയല്ലേ എന്നൊരു ആലോചന ഉണ്ടാവും. എനിക്കും ഉണ്ടായി. പക്ഷെ അതിലെ പാട്ടിന്റെ മാധുര്യം മനസ്സില്‍ ഉള്ളതുകൊണ്ടാണ്, ടി. വി യില്‍ വരുന്ന സിനിമകളില്‍ വല്യ താല്പര്യം ഇല്ലാതിരുന്നിട്ടുകൂടെ, കണ്ടേക്കാമെന്ന് വെച്ചത്. ടി. വി യില്‍ വരുന്ന സിനിമകളില്‍, അധികവും, തീയേറ്ററില്‍ പോയി കണ്ടതാവും എന്നുള്ളതുകൊണ്ടും, പഴയത് എന്നുള്ളതുകൊണ്ടും, താല്പര്യം ഉണ്ടാവാറില്ല. ഷാരൂഖ് ഖാന്റെ സിനിമകളോ, അപൂര്‍വ്വം ചില സിനിമകളോ അല്ലാതെ, കാണാന്‍ ഇരിക്കാറുമില്ല. അങ്ങനെ ഒരു ദിവസമാണ് അച്ചുവേട്ടന്റെ വീട് വരുന്നത്. പാട്ടിനോടുള്ള ഇഷ്ടംകൊണ്ട്, പാട്ട് വരുന്നതുവരെ സിനിമയും എന്തായിരിക്കും എന്ന് നോക്കാമെന്ന് വെച്ച് ഇരുന്ന ഞാന്‍, അത് കഴിയുന്നവരെ ഇരിക്കേണ്ടി വന്നു. എന്റെ അഭിപ്രായത്തില്‍ മനോഹരമായ
ചിത്രം.

ബാലചന്ദ്രമേനോന്റെ ഇരുപത്തഞ്ചാമത്തെ ചിത്രമാണത്. കുടുംബകഥകള്‍ ആയതുകൊണ്ട്, പലതും കാണാറുമുണ്ട്. പക്ഷെ, ഈ സിനിമയിലെ പാട്ട് ഇഷ്ടമായി എന്നല്ലാതെ, ഇതെപ്പോഴെങ്കിലും കണ്ടേക്കും, കണ്ടേക്കാം എന്നൊന്നും തോന്നിയിരുന്നില്ല.

ബാലചന്ദ്രമേനോനെക്കൂടാതെ, നെടുമുടി വേണു, രോഹിണി ഹട്ടംഗഡി, രോഹിണി, ആറന്മുള പൊന്നമ്മ, സുമിത്ര, കവിയൂര്‍ പൊന്നമ്മ, തിലകന്‍, ജഗന്നാഥവര്‍മ്മ, മീന എന്നിവരൊക്കെയുണ്ട് ഇതില്‍. കാണാത്തവര്‍ക്ക്, ആരൊക്കെയെന്തെന്നുമാരെന്നുമറിയാന്‍, കാണുക തന്നെ രക്ഷ. മിക്കവാറും പേര്‍ കണ്ടിട്ടുണ്ടാവും. പഴയ സിനിമയല്ലേ? പിന്നെ ഇഷ്ടമാവുന്ന കാര്യം. എനിക്കിഷ്ടമായി. പലര്‍ക്കും ഇഷ്ടമായിക്കാണും. ചിലര്‍ക്ക്
ഇഷ്ടമായിട്ടുണ്ടാവില്ല. ഇനി ആദ്യമായിട്ട് കാണുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമാവില്ല. ഇനി ഒന്നുകൂടെ കാണുമ്പോള്‍ പലര്‍ക്കും ഒന്നുകൂടെ ഇഷ്ടമാവും.

അച്ചുവേട്ടനും കുടുംബവും, പുതിയ വീട്ടിലേക്ക് എത്തുമ്പോഴാണ് കഥ തുടങ്ങുന്നത്. വരുന്ന വഴിയില്‍, കാറില്‍ വെച്ചു തന്നെ, അധികം ലോഗ്യം വേണ്ട എന്നൊരു ബോര്‍ഡ്, ലോകത്തിനുവേണ്ടി അച്ചുവേട്ടന്‍ തൂക്കിയിടുന്നുണ്ട്. അത് ഡ്രൈവറോടുള്ള, വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലാക്കാം. വീട്ടിലെത്തിയ ശേഷം, അച്ചുവേട്ടന്റെ ഭാര്യയുടെ, -രുക്മിണി- സംഭാഷണങ്ങളില്‍ നിന്നും, നാട്ടുകാരോടൊന്നും, അടുപ്പം ഇല്ലായിരുന്നെന്ന് മനസ്സിലാവുന്നുണ്ട്. രണ്ട് പെണ്‍കുട്ടികള്‍. മൂത്തവള്‍ അശ്വതിയും, ഇളയവള്‍ കാര്‍ത്തികയും. അശ്വതിയ്ക്ക് അധികം സ്വാതന്ത്ര്യം പാടില്ലെന്നും, കാര്‍ത്തികയ്ക്ക് സ്വാതന്ത്ര്യം അല്‍പ്പം ആവാമെന്നും അച്ചുവേട്ടന്റെ രീതികളിലൂടെ മനസ്സിലാവുന്നുണ്ട്. ഒരിക്കല്‍ താനുണ്ടാക്കാന്‍ പോകുന്ന വീടിന്റെ പ്ലാന്‍ എടുത്തുനോക്കി, പ്രേക്ഷകരെ, അങ്ങനെയൊരു സ്വപ്നം കാണുന്ന വിവരം അറിയിക്കുന്നുണ്ട്.
താമസിക്കുന്ന വീടും, താന്‍ വരച്ച പ്ലാനും സാമ്യമുണ്ടെന്ന്, സന്തോഷത്തോടെ ഭാര്യയോട് പറയുന്നു. അവരെ വിശദമായി കാണിക്കുന്നു.

ദൂരെ നാട്ടില്‍ ഇരിക്കുന്ന കണ്ണുവയ്യാത്ത അമ്മയെ കാണിക്കുന്നത്, ഫോണ്‍ കണക്ഷന്‍ കിട്ടി, വിളിക്കുമ്പോഴാണ്. പിറന്നാളിന് വരണമെന്ന് അമ്മ ഓര്‍മ്മിപ്പിക്കുന്നു. ഭാര്യയുടെ വീട്ടുകാരുടെ ചെലവില്‍ കഴിയുന്നെന്ന് അനിയനെക്കുറിച്ച്, പരാതിയുണ്ട്, അച്ചുവേട്ടന്. വീട്ടിലെത്തുമ്പോള്‍, ചിലകാര്യങ്ങളൊക്കെപ്പറഞ്ഞ് തര്‍ക്കവും ഉണ്ട് അനിയനുമായി.

പ്രശ്നങ്ങള്‍ തുടങ്ങുന്നത്, അവര്‍ താമസിക്കുന്ന വീടിനടുത്തുള്ള, മെന്‍സ് ഹോസ്റ്റലിലെ അന്തേവാസികളുടെ അച്ചടക്കമില്ലായ്മയെന്ന് അച്ചുവേട്ടന്‍ വിചാരിക്കുന്ന, അവരുടെ സ്വഭാവം കൊണ്ടാണ്. പാട്ട്, കൂത്ത്. രണ്ട് പെണ്‍കുട്ടികളുമായി താമസിക്കുന്ന തന്റെ വീടിനടുത്ത് ഇതൊന്നും പറ്റില്ലെന്നും, വേണ്ടിവന്നാല്‍ നിയമസഹായം തേടുമെന്നും അച്ചുവേട്ടന്‍ അവിടെ പോയി വാര്‍ഡനെ കണ്ട് പറയുന്നു. പിന്നെ അവര്‍ അവരുടേതായ രീതികളും, അച്ചുവേട്ടന്‍ തന്റേതായ രീതികളും ഉപയോഗിച്ച് മത്സരം തുടങ്ങുന്നു. അച്ചുവേട്ടന് മാപ്പ് പറയേണ്ടിവരികയും, വാടക വീട്ടില്‍ വെച്ച് മരിക്കേണ്ടിവരികയും ചെയ്യുന്നു.

പിന്നെ, ആ അമ്മയും മക്കളും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെ കഥ പോകുന്നു. സഹായിക്കേണ്ട പലരും, മുഖം തിരിക്കുകയും, അച്ചുവേട്ടന്‍ ഉള്ളപ്പോള്‍, കാണിച്ചിരുന്ന നന്മ കാണിക്കാതിരിക്കുകയും ചെയ്യുന്നു. അച്ചുവേട്ടന്‍ വെറുത്തിരുന്നവര്‍, സഹായിക്കുന്നതാണ് പിന്നെ കാണുന്നത്. ജോലി, അശ്വതിയ്ക്ക് കിട്ടുകയും, ചെലവിന്റെ കാര്യത്തില്‍, അച്ഛനേക്കാള്‍ കണിശത കാണിക്കുകയും ചെയ്യുന്നു. അശ്വതിയുടെ വിവാഹത്തോടെ, ഒറ്റയ്ക്കാവുന്ന, അമ്മയും ഇളയമകളും, അവരുടെ ഇല്ലായ്മകളും, ആവലാതികളും. എന്തായാലും അവര്‍, എല്ലാം നേരിട്ട്, ജീവിക്കാന്‍ തന്നെ തീരുമാനിക്കുന്നു.

വളരെ, കണിശക്കാരനും, ദേഷ്യക്കാരനും ഒക്കെയാണെങ്കിലും, കുടുംബത്തോട് സ്നേഹമുള്ള അച്ചുവേട്ടന്‍. കുട്ടികളെ ശാസിക്കുമ്പോഴും, അവര്‍ ലോകനീതിയനുസരിച്ച് വളരണമെന്ന് വിചാരിക്കുമ്പോഴും, അച്ചുവേട്ടന് അവരോട് സ്നേഹമുണ്ടെന്ന് മനസ്സിലാവും. പിന്നെ അച്ചുവേട്ടന്റെ ഭാര്യ. അവര്‍, അച്ചുവേട്ടനും, മക്കള്‍ക്കുമിടയില്‍ ജീവിക്കുന്നു. ലോകവിവരം ഇല്ലാതായിപ്പോയി എന്നതാണ് അവരുടെ കുറവ്. അച്ചുവേട്ടന്‍
അവരെ വീട്ടിന് പുറത്തെ ജോലികളൊന്നുംതന്നെ ഏല്‍പ്പിക്കുന്നില്ല. അതൊന്നും അവര്‍ക്കറിയില്ലെന്നൊരു കുറവ് ഒഴിച്ചാല്‍, അവര്‍ നല്ലൊരു അമ്മയും, ഭാര്യയും, മരുമകളുമാണ്. കുട്ടികള്‍, കുറച്ചുകൂടെ സ്വാതന്ത്ര്യം കിട്ടിയാല്‍ക്കൊള്ളാമെന്ന പക്ഷക്കാരാണ്. ആ കണിശത്തിനിടയിലും, കാറ് വാങ്ങി അവരെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ട് അച്ചുവേട്ടന്‍.

ബാലചന്ദ്രമേനോന്‍, ക്യാപ്റ്റന്‍ എന്ന് കൂട്ടുകാരൊക്കെ വിളിക്കുന്ന വിപിന്‍, ഇവരോട്, ആദ്യം ശത്രുതയിലാവുകയും, പിന്നീട് ഒരു സഹായി ആയി മാറുകയുമാണ്.

അല്‍പ്പം തമാശകളും, വളരെ വിഷമം തോന്നുന്ന രംഗങ്ങളും ഉണ്ടിതില്‍. ഈ സിനിമ വെറുതേ കാണരുത്. അച്ചുവേട്ടനും, കുടുംബവും, പുതിയ വാടകവീട്ടിലേക്കെത്തുമ്പോള്‍, വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍, നമ്മളും അകത്തേക്ക് കയറണം. അല്ലെങ്കില്‍, ഈ സിനിമ കണ്ടിട്ട് ഒരു കാര്യവുമില്ല. ഓ...ഒരു സിനിമ എന്നു പറയും തീരുമ്പോള്‍. അത്ര തന്നെ. കണ്ടവര്‍, ഇനിയൊരിക്കല്‍ കാണുമ്പോള്‍, അവരുടെ കൂടെ അകത്തേക്ക് കയറുക. നിങ്ങള്‍, അവരുടെ വീട്ടിലെ ഒരാളായിക്കഴിഞ്ഞു. അവരുടെ ജീവിതത്തിലേക്ക് അലിഞ്ഞുചേരുക. തമാശയൊന്നുമല്ല. അങ്ങനെ ചെയ്തുനോക്കൂ. നിങ്ങള്‍ക്കീ സിനിമ ആദ്യം കണ്ടിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ ഇഷ്ടപ്പെടും തീര്‍ച്ച. ഞാനിപ്പോഴും, അവരുടെ കൂടെയുണ്ട്. അമ്മയും മകളും പുറത്തേക്ക് പോകുന്നിടത്ത്, കഥ നില്‍ക്കുന്നുണ്ട്. ഞാനവരെ കാത്ത്, നില്‍ക്കുന്നുണ്ട്. അവര്‍ തിരിച്ചുവന്ന് വീട് തുറന്ന് കയറുമ്പോള്‍, എനിക്കു കൂടെ കയറമെന്നുണ്ട്. കാരണം, ആ കഥാപാത്രങ്ങളുടെ കൂടെ ആയിപ്പോയി മനസ്സ്. അതുകൊണ്ടു തന്നെ, എനിക്കിപ്പോള്‍ ഒരു ആഗ്രഹമുള്ളത്, ഇതിന്റെ രണ്ടാം ഭാഗം വരണമെന്നാണ്. നല്ല രസമായിരിക്കും.

പിന്നെ പാട്ട്. അതിഷ്ടപ്പെടാതെ പോകുമോ ആര്‍ക്കെങ്കിലും?

ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രിക മെഴുകിയ മണിമുറ്റം,
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം.

ചന്ദനപ്പൂന്തോട്ടമുള്ള, ചന്ദ്രികയുടെ വെളിച്ചം, നിറഞ്ഞുനില്‍ക്കുന്ന മുറ്റമുള്ള, അമ്പിളി, വിളക്കുപോലെ, ഉമ്മറത്തെത്തുന്ന ഒരു വീട്! ആലോചിക്കുമ്പോള്‍ത്തന്നെ സന്തോഷം.

ഇത് ഈ സിനിമയുടെ പരസ്യമല്ല. ശരിക്കുള്ള ഒരു അവലോകനം പോലുമാവില്ല. എന്റേതായ ഭാഷയില്‍ എനിക്കിഷ്ടമായ സിനിമ, നിങ്ങള്‍ക്കും സൌകര്യമുണ്ടെങ്കില്‍ കാണാം എന്ന രീതിയില്‍ പറഞ്ഞു എന്നേയുള്ളൂ. പഴയ സിനിമ ആയതുകൊണ്ടുതന്നെ മിക്കവരും കണ്ടിട്ടുണ്ടാവും. എന്നാലും, ഒന്നുകൂടെ ആസ്വദിച്ച് കാണുക. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമ, പ്രേക്ഷകര്‍, ഇന്നും ഇഷ്ടത്തോടെ സ്വീകരിക്കുന്നുണ്ടെങ്കില്‍, അതിന്, അതിനുള്ള ഗുണം ഉണ്ടാവും, തീര്‍ച്ച.

Labels: