ഞാനും എന്റെ തടിയും
തടി, അഥവാ വണ്ണക്കൂടുതല്‍, എന്നത് ഒരു അനുഗ്രഹമോ ശാപമോ എന്നൊന്നും അറിയില്ല. എന്തായാലും, പണ്ടൊക്കെ, നാവു വടിക്കാന്‍ ചീന്തുന്ന ഈര്‍ക്കിലിന്റെ പകുതി പോലിരുന്ന ഞാന്‍, തെങ്ങുപോലെ ആയത്, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പിടിച്ചില്ലെന്ന് എനിക്ക് മനസ്സിലായി. തടിയെന്നത് മഹാമോശംകാര്യമാണെന്ന് പലരും എന്നെ പറച്ചിലൂടെ ബോധിപ്പിച്ചു. വളരെക്കാലങ്ങള്‍ക്കു ശേഷം കണ്ട മാഷ്, എന്നേയും എന്റെ കസിന്‍സിനേയും കണ്ട ശേഷം, എന്നോട് പറഞ്ഞത്, എന്ത് തടിയാ തടിച്ചത് എന്നാണ്. അപ്പറഞ്ഞ സമയത്ത്, ആ നിന്നയിടം ഒരു റോഡും, അതിലൊരു കുഴിയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഒരു മുങ്ങുമുങ്ങിയേനെ. അതുകഴിഞ്ഞ് ഒരു കസിന്റെ കല്യാണപ്പാര്‍ട്ടിയില്‍ വച്ച്, വേറൊരു മാഷ്, ഇതെന്താ ഇങ്ങനെ? നീയിനി തടിക്കരുതുട്ടോ എന്ന് പറഞ്ഞു പോയപ്പോള്‍, എനിക്കു തോന്നി കാര്യം സീരിയസ്സാണെന്ന്. അസൂയ, അസൂയ എന്ന് എപ്പോഴും പറയാന്‍ പറ്റില്ലല്ലോ.
പിന്നെ, എന്നും രാവിലെ എണീറ്റു സമാധാനിക്കല്‍ ആയി, ആദ്യ ജോലി. ഖുശ്ബു, ടുന്‍ ടുന്‍, കര്‍ണ്ണം മല്ലേശ്വരി, അദ്നാന്‍ സാമി, എന്നിവരൊക്കെ ആയാല്‍ മതി എന്റെ ആരാധനാപാത്രങ്ങള്‍ എന്നു തീരുമാനിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും അനീമിയ ആണെന്നും ഞാനങ്ങുറപ്പിച്ചു. ഇനി പറയുന്നവരോട്, എന്റെ ബുദ്ധിയ്ക്ക് തലയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാണെന്നും, ഒഴുകിപ്പരക്കുകയാണെന്നും ഒരു കാരണം കണ്ടുപിടിച്ചു. എന്നെ അറിയാത്തവരൊക്കെ വിശ്വസിക്കുമല്ലോ.
പക്ഷെ, തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് എന്റെ കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. അത്, തടി കൂടുന്നുണ്ടോന്നുള്ള സംശയമാണോ, അതോ ഐസ്ക്രീമും ചോക്ലേറ്റും ഒക്കെ തട്ടിവിടുന്നതിന്റെ കഥ കേള്‍പ്പിച്ചതിലെ അസൂയയാണോയെന്നറിയില്ല. അങ്ങനെ, അവരെന്നെ ഉപദേശിച്ചു. ഒടുവില്‍, അവരുടെ പ്രേരണ അഥവാ ശല്യം കൊണ്ട്, ഒരു പാര്‍ലറുകാരി നടത്തുന്ന ജിമ്മില്‍ ചേര്‍ന്നു. ഞാനും എന്റെ കൂട്ടുകാരിയും, ഉത്സവത്തിനുപോകുന്ന ഉത്സാഹത്തോടെ പോയി. അവിടെ എന്തൊക്കെയാ പരിപാടി എന്നറിയില്ലല്ലോ. കല്യാണം കഴിഞ്ഞ് വിരുന്നിനു ചെല്ലുന്ന നവദമ്പതികള്‍ക്കു നല്‍കുന്ന പോലെയുള്ള സ്നേഹോഷ്മളമായ സ്വീകരണം കണ്ടപ്പോള്‍, എന്റെ തടിയില്‍ എനിക്ക് അഭിമാനം തോന്നി. അതേ അഭിമാനം എന്റെ കൂട്ടുകാരിക്കും ഉണ്ടെന്ന് കണ്ടപ്പോള്‍ ഇമ്മിണി വല്യ ഒരു അഭിമാനവുമായി ഞങ്ങള്‍ നിന്നു.
വെയിറ്റ് നോക്കുന്ന യന്ത്രം ഞങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍, ആനയ്ക്കു മുന്നില്‍ വച്ച ബട്ടണ്‍ പോലെയുണ്ടെന്ന് എനിക്ക് തോന്നിയ സേം തോന്നല്‍, എന്റെ കൂട്ടുകാരിയ്ക്കും തോന്നിയെന്നത്, അവളുടെ നോട്ടത്തിലൂടെ എനിക്കു മനസ്സിലായി. പാര്‍ലറുകാരി മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സേം പിഞ്ച് കൈമാറിയേനെ. നീയെന്തായാലും കയറിക്കോ, പൈസച്ചെലവ് തന്നെ, ഈ യന്ത്രം കേടായാല്‍ നമുക്കൊന്ന് വാങ്ങിക്കൊടുക്കാമെന്നേ എന്ന മട്ടില്‍ ഞാന്‍ നിന്നു. അവള്‍ കയറി നിന്നു. പാര്‍ലറുകാരി നോക്കി. അതുകഴിഞ്ഞ് എന്റെ ഊഴമായി. ഇതില്‍ എത്രയാ മാക്സിമം എന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. ചോദിച്ചില്ല. ശ്വാസം കഴിച്ചാല്‍, അതിന്റെ സൂചി വേഗം മുന്നോട്ട് പോയാലോന്ന് കരുതി, ഞാന്‍ ശ്വാസമടക്കിപ്പിടിച്ച്, നിന്നു. അവര്‍, അതു നോക്കി, ഒരു ബുക്കില്‍ എഴുതിയിട്ടപ്പോള്‍ എനിക്ക് സമാധാനം ആയി.
അങ്ങനെ, അവര്‍ ഓരോ യന്ത്രത്തിലും കയറി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഗാരന്റി പിരീഡ് കഴിഞ്ഞതാണോന്നുള്ള തോന്നല്‍ അടക്കി, അവരുടെ ഉപദേശം സ്വീകരിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും, അവരോടുള്ള വിദ്വേഷം മറന്ന്, മനസ്സുകൊണ്ട് വെറ്റിലവച്ചു.
നടക്കാനുള്ളതില്‍ കയറി നടക്കാന്‍ തുടങ്ങിയപ്പോള്‍, ഇതുകൊള്ളാമല്ലോന്ന് തോന്നി. ഭയങ്കര നടത്തം. എവിടേം എത്തില്ല. സുഖം. ഇതേ നടത്തം നീട്ടിവലിച്ച്, അമ്പലത്തിലേക്കോ ലൈബ്രറിയിലേക്കോ നടന്നാല്‍, അനുഗ്രഹവും അറിവും കിട്ടും. ഇവിടെ പൈസ കൊടുത്ത് എവിടേം എത്താതെ നടക്കുന്നു. എന്തോ കഥ.
അതുകഴിഞ്ഞ് സ്റ്റെപ്പറില്‍ കയറി. ആദ്യം കയറിയപ്പോള്‍, കര്‍........ എന്നൊരു ഒച്ച കേട്ടു. ഈശ്വരാ ഈ സ്റ്റെപ്പറില്‍ നിന്നു വീണു മരിക്കുന്ന ആദ്യത്തെ ആളാണോ ഞാന്‍ എന്ന് പേടിച്ചു. അതൊന്നും സാരമില്ല, ചെയ്തോളൂ, ചെയ്തോളൂ എന്ന് അവര്‍. നിങ്ങക്കതൊക്കെപ്പറയാം, എനിക്കിനിയും ജീവിതത്തിന്റെ പടികള്‍ കയറാനുള്ളതാണ്, എനിക്കെന്തെങ്കിലും പറ്റിയാല്‍ ആരു സമാധാനം പറയും എന്ന മട്ടില്‍ ഞാന്‍ അതൊക്കെ ഒന്ന് സൂക്ഷ്മം പരിശോധിച്ചു. പിന്നെ ചെയ്യാന്‍ തുടങ്ങി.
പിന്നെ, അവര്‍, ഭക്ഷണകാര്യങ്ങളെക്കുറിച്ച് പറഞ്ഞു. രാത്രി, ഒരു ചപ്പാത്തിയും, കുറച്ച് വെജിറ്റബിള്‍ സാലഡും എന്നു പറഞ്ഞപ്പോള്‍, തമാശ അറിയാത്ത കൂട്ടുകാരി, ഭക്ഷണത്തിനുമുമ്പോ, ഭക്ഷണം കഴിഞ്ഞിട്ടോ എന്ന് ചോദിച്ചു. ചിരി പിടിച്ചുനിര്‍ത്തുന്നത്, ലോകത്തെ ഏറ്റവും വലിയ എക്സര്‍സൈസ് ആണെന്ന് ഞാനന്ന് മനസ്സിലാക്കി. ആ എക്സര്‍സൈസ് ഇല്ലെങ്കില്‍ തടി കേടാവും എന്നും എനിക്ക് തോന്നി.
അന്നത്തെ ദിവസം എങ്ങനെയോ തടിയൂരി. അങ്ങനെ പോകാന്‍ തുടങ്ങി, ദിവസവും. ഒരു മാസമായി. തടി കുറഞ്ഞെന്ന് ആരും പറയാത്തത്, നമ്മള്‍ അവിടെ പോകുന്നതില്‍ ഉള്ള അസൂയ കൊണ്ടാണെന്ന്, ഞാനും കൂട്ടുകാരിയും പറഞ്ഞുറപ്പിച്ചു. അങ്ങനെ, ഒരു മാസം ആയപ്പോള്‍, അവര്‍, വീണ്ടും, വെയിറ്റ് നോക്കുന്ന യന്ത്രം കൊണ്ടുവച്ചു. ഞാന്‍ എല്ലാ മെലിച്ചിലുകാരേയും മനസ്സില്‍ ധ്യാനിച്ച് അതിന്റെ മുകളിലേക്ക്, കയറി. സൂചി, റെക്കോഡ് തകര്‍ക്കാന്‍ പോകുന്ന ഓട്ടക്കാരനെപ്പോലെ ഒരു പോക്ക്. എത്ര മിനുട്ട്, ശ്വാസമടക്കിപ്പിടിച്ച്, നില്‍ക്കാം എന്ന് ഞാന്‍ അവിടെയുള്ള ക്ലോക്കില്‍ നോക്കി നിന്നു. അവര്‍ ബുക്കില്‍ എഴുതിയിടുന്നതുവരെ. രണ്ടരക്കിലോ കുറഞ്ഞിട്ടുണ്ടെന്ന് അവര്‍ പ്രഖ്യാപിച്ചു. പൈസയും കുറഞ്ഞല്ലോ എന്ന് ഞാനും വിചാരിച്ചു. എന്റെ കൂട്ടുകാരി, ഒരു കിലോയേ കുറഞ്ഞുള്ളൂ. അവള്‍ക്കത് പിടിച്ചില്ല. നാളെ മുതല്‍ നമ്മള്‍ പോകേണ്ടെന്നും, വെറുതെയാണെന്നും അവള്‍ പറഞ്ഞു. ഇത് ആദ്യത്തെ ദിവസം തന്നെ പറഞ്ഞിരുന്നെങ്കില്‍, അക്കാശ് കൊണ്ട്, ഐസ്ക്രീം കഴിക്കാമായിരുന്നു എന്നു ഞാനും കരുതി. പിന്നെ ഞങ്ങള്‍ അങ്ങോട്ട് പോയില്ല. അഥവാ, അവരെ വഴിയില്‍ എവിടെയെങ്കിലും വച്ച് കണ്ടാലും, ഇന്നലെ ഞങ്ങള്‍ക്ക് തിമിരം വന്നേയുള്ളൂ എന്ന മട്ടില്‍ നടന്നു. ഞങ്ങളുടെ തടി, ചിക്കുന്‍ ഗുനിയ പോലെ, ഗ്രാഫിനു മുകളിലേക്ക് ഒരൊറ്റപ്പോക്കങ്ങു പോയി. അതു തന്നെ.
Labels: ജീവിതം
27 Comments:
സൂ,
വളരെ നന്നായിരിക്കുന്നു. വായിച്ചു, ആസ്വദിച്ചു. പിന്നെ, ആസ്വദിച്ചു വായിച്ചു!!
അവസാനം വെട്ടിയിട്ട തടിയാകരുത്..!
:"ചിരി പിടിച്ചുനിര്‍ത്തുന്നത്, ലോകത്തെ ഏറ്റവും വലിയ എക്സര്‍സൈസ് ആണെന്ന് ഞാനന്ന് മനസ്സിലാക്കി." :) :) :)hahaaah
ഹഹഹഹ്! എനിക്ക് വയ്യ! :)
ഇത് ഏതു കാലഘട്ടത്തിലെ കഥയാണ്? അനങ്ങാന്‍ വയ്യാണ്ടെ കട്ടിലില്‍ കിടക്കുമ്പോള്‍ ഓര്‍ത്തെഴുതിയതാണോ? അതോ പ്രസന്റാണോ? പ്രസന്റാണെങ്കില്‍ അവസാനത്തെ വരി കണ്‍ഫ്യൂസിംഗ് അല്ലേ? ‘ഒരു പോക്കങ്ങ് പോയി’ എന്ന് എങ്ങിനെ പ്രസന്റ് ടെന്‍സില്‍ പറയുവാനൊക്കും?
ഒരു പഴയ തമാശയാണ് ഓര്‍മ്മ വരുന്നത്. ഒരാള്‍ വണ്ണം കുറയ്ക്കുവാനായി ഡോക്ടറുടെ അടുത്തെത്തി. പക്ഷെ, ഡോക്ടര്‍ പറയുന്ന കഠിനമായ എക്സര്‍സൈസുകളൊന്നും പറ്റില്ലെന്ന് കക്ഷി! സഹികെട്ട ഡോക്ടര്‍ പറഞ്ഞു:“ശരി, എങ്കില്‍ വളരെ എളുപ്പമുള്ള ഒരു എക്സര്‍സൈസുണ്ട്. ചെയ്യുവാന്‍ വളരെയെളുപ്പമാണ്. വെറുതെ തല ഇലത്തോട്ടും വലത്തോട്ടും രണ്ടോ മൂന്നോ തവണ തിരിക്കുക.”
കക്ഷിക്ക് സന്തോഷമായി: “ശരിയാണോ ഡോക്ടര്‍, ഇത്രയും ചെയ്താല്‍ എന്റെ വണ്ണം കുറയുമോ?”
ഡോക്ടര്‍: “കുറയും, ഞാനെഴുതി ഒപ്പിട്ടുതരാം.”
കക്ഷി: “എപ്പോഴൊക്കെയാണ് ഇതു ചെയ്യേണ്ടത്?”
ഡോക്ടര്‍: “അങ്ങിനെയൊന്നുമില്ല, വല്ലവരും ആഹാരം വേണോ എന്നു ചോദിക്കുമ്പോള്‍ മാത്രം!” :)
പൈസ കൊടുത്ത് എവിടേം എത്താതെ നടക്കുന്നു. എന്തോ കഥ. - എന്താ കഥ എന്നല്ലേ ഉദ്ദേശിച്ചത്?
--
സൂവേച്ചീ...
“ഇനി പറയുന്നവരോട്, എന്റെ ബുദ്ധിയ്ക്ക് തലയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാണെന്നും, ഒഴുകിപ്പരക്കുകയാണെന്നും ഒരു കാരണം കണ്ടുപിടിച്ചു. എന്നെ അറിയാത്തവരൊക്കെ വിശ്വസിക്കുമല്ലോ.”
ഇതായിരിക്കും കാരണമെന്നേയ്...അല്ലാതെ...
;)
:))
“രാത്രി, ഒരു ചപ്പാത്തിയും, കുറച്ച് വെജിറ്റബിള്‍ സാലഡും എന്നു പറഞ്ഞപ്പോള്‍, തമാശ അറിയാത്ത കൂട്ടുകാരി, ഭക്ഷണത്തിനുമുമ്പോ, ഭക്ഷണം കഴിഞ്ഞിട്ടോ എന്ന് ചോദിച്ചു.“
ഹി..ഹി..ഹി... ചേച്ച്യേ... കൊള്ളാട്ടാ...രസായിട്ട്ണ്ട്...
:)
സൂവേച്ചി സത്യമാണെങ്കില്‍ ഇനിയും താമസിക്കരുത്.
ഹെല്‍ത്ത് ക്ലബ്ബില്‍ പോകണം. അമിത വണ്ണം അപകടമാണ്
അസൂയയൊന്നുമല്ല ഉപാസന പറയുന്നത്.
:)
ഉപാസന
ഓ പിന്നെ, അത്ര തടിയുണ്ടോ സൂവിന്?
രാവിലെ എണീറ്റ് ഒരര മണിക്കൂറ് സ്പീീീീഡില്‍ നടന്നാല്‍ മതീ ന്നേ, ആര്‍ക്കും പൈസേം കൊടുക്കണ്ട.. :)
രസായി എഴുതിയത്.
മഹിമ :) ആദ്യത്തെ കമന്റിന് നന്ദി.
കുഞ്ഞാ :)
ബിന്ദൂ :)
ഇഞ്ചിപ്പെണ്ണേ :)
ഹരീ :) ഇത് തുടരന്‍ കഥയാണ്.
കുതിരവട്ടന്‍ :)
ശ്രീ :) അതെ അതെ.
വല്യമ്മായീ :)
വഴിപോക്കന്‍ :)
സഹയാത്രികന്‍ :)
സുനില്‍ :) ഉപദേശം സ്വീകരിക്കാം.
പി.ആര്‍ :) അത്രയൊന്നുമില്ല, എന്നാലും ഉണ്ടല്ലോ. നടക്കാനൊന്നും മനസ്സില്ല, അതു തന്നെ.
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
ചാത്തനേറ്: “തമാശ അറിയാത്ത കൂട്ടുകാരി, ഭക്ഷണത്തിനുമുമ്പോ, ഭക്ഷണം കഴിഞ്ഞിട്ടോ ” കൊള്ളാം കലക്കി. കൂട്ടുകാരിക്ക് തമാശ അറീലാന്നാരാ പറഞ്ഞത്?
ഓടോ:തടി കുറയ്ക്കണമെങ്കില്‍ നടന്നാല്‍ പോരാ ആനേം ദില്ബനും കൊച്ച് ത്രേസ്യേം ഒക്കെ ജനിച്ച് കുറച്ച് കാലമായപ്പോഴേ നടക്കാന്‍ തുടങ്ങിയതാ വല്ല കാര്യോണ്ടോ? കുട്ടിച്ചാത്തന്റെ അനിയന്മാര്‍ 90+ 100+ എന്നിങ്ങനെയാ തൂക്കം അങ്ങനെയാവാന്‍ ചാത്തനും എളുപ്പാ കാരണം അവരുതിന്നുന്നതിന്റെ ഇരട്ടി വരെ വേണേല്‍ ചാത്തന്‍ തട്ടും പക്ഷേ ആഴ്ചേല്‍ അഞ്ച് ദിവസം രാവിലെ നാലഞ്ച് കിമി ഓടാന്‍ പോവും രാവിലെ. അതോണ്ടല്ലെ ഇങ്ങനെ സ്ലിം ബ്യൂട്ടനായിരിക്കുന്നേ.
കൊള്ളാം സൂ
ഞാന്‍ ഫ്രീയായി കുറച്ചു ഉപദേശനിര്‍ദേശങ്ങള്‍ തരാം.
ഇടനേരങ്ങളില്‍ ഉള്ള കൊറിക്കല്‍ അവസാനിപ്പിക്കൂ. മൂന്നു നേരം മാത്രം ആഹാരം.
അതില്‍ ഒരു നേരം പഴങ്ങള്‍ മാത്രമാക്കൂ. ആദ്യം അല്പം പ്രയാസം കാണും പിന്നെ ശീലായിക്കോളും. :)
ചായ, കാപ്പി, ബേക്കറി സാധനങ്ങള്‍, ഐസ്ക്രീം, വറുത്ത സാധനങ്ങള്‍ ഒക്കെ വേണോന്നു ആരേലും ചോദിക്കുമ്പോ ആ തലയാട്ടല്‍ എക്സര്‍സൈസ് ചെയ്തോളൂ.
N.B- ente weight maatram chodhikkaruthu. njan angananonnum chodhikkaruthu plz ;)
:) ho... തടി കുറയ്ക്കാന്‍ ഇത്രേം പാടാണല്ലേ... ഇല്ല ഞാന്‍ ആ ശ്രമത്തിനുള്ള ചിന്ത ഉപേക്ഷിച്ചു.
സു അവിടിരിക്ക്.. ഞാന്‍ കുറച്ചുപദേശങ്ങള്‍ തരാം...
ആദ്യത്തെ കാര്യം ഈ തടി എന്നു പറയുന്നത് അത്ര മോശം കാര്യമല്ല. എപ്പഴെങ്കിലും പട്ടിണിക്കാലം വരികയാണെങ്കില്‍ അന്നുപയോഗിക്കാന്‍ വേണ്ടി സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ്..അത്രേയുള്ളു.
പിന്നെ, വിമര്‍ശിക്കുന്നവരോട് 'മനസ്സു വിശാലമാകുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ അത്രയും തന്നെ വിശാലമായ ശരീരവും വേണ്ടേ' എന്നുള്ള സിമ്പിള്‍ ലോജിക് പറയുക.
വെയിറ്റ് നോക്കുന്ന യന്ത്രമാണല്ലോ നമ്മുടെയൊക്കെ പ്രധാനശത്രു.അതിനെ തോല്‍പ്പിക്കാന്‍ ഒരു വഴിയുണ്ട് . അതില്‍ കേറി നിന്നിട്ട് ആരും കാണാതെ കയ്യ് പതുക്കെ നീട്ടി അടുത്തുള്ള് മേശേലോ ഭിത്തിലോ ഒന്ന് അമര്‍ത്തി പിടിക്കുക. അപ്പോള്‍ വെയിറ്റ് കുറച്ചേ കാണിക്കൂ..നമ്മളോടാ കളി...
ഇനി ചില തെറ്റിദ്ധാരണകള്‍:
1)കുടുതല്‍ ഭക്ഷണം കഴിച്ചാല്‍ തൂക്കംകൂടും..
തെറ്റ്..കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദഹിപ്പിക്കാന്‍ വേണ്ടി എനര്‍ജി വേണല്ലോ. അതിനു വേണ്ടി കൂടുതല്‍ ഫാറ്റ് കത്തിക്കണമല്ലോ. അപ്പോള്‍ ഭക്ഷണത്തിന്റെ അളവു കൂടുന്തോറും കത്തിപ്പോകുന്ന ഫാറ്റിന്റെ അളവും കൂടും. എനി സംശയംസ്??
2)കൂടുതല്‍ വ്യായാമിച്ചാല്‍ മെലിയും ..
ദേ പിന്നേം തെറ്റ്.മണിക്കൂറില്‍ പത്തറുപതു കലോറി കുറഞ്ഞു കിട്ടുന്ന വ്യായാമമാണല്ലോ ഉറക്കം.ചറപറാന്നു സംസാരിക്കുകാന്നുള്ളത് അതിലും ഇത്തിരൂടി കൂടിയ വ്യായാമവും. അങ്ങനെയാണെങ്കില്‍ ദിവസം മുഴുവനും ഈരണ്ടു വ്യായാമങ്ങളും മാറി മാറി ചെയ്തോണ്ടിരിക്കുന്ന ഞാന്‍ ഇപ്പോള്‍ എക്സറേ പോലെയായിരുന്നെനേ.. എന്നിട്ടു സംഭവിച്ചതോ...
കമന്റിത്തിരി നീണ്ടു പോയീന്നറിയാം. എന്തു ചെയ്യാനാ ഉപദേശം കൊടുക്കുമ്പോള്‍ ഞാന്‍ നീളം നോക്കറില്ല :-)
കുട്ടിച്ചാത്താ :) ഓടനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. മടിയാണോ കാരണം എന്നറിയില്ല. കുട്ടിച്ചാത്തന്‍ വല്യ സ്പോട്സ്‌മാന്‍ അല്ലേ?
ആഷേ :) കൊറിക്കലൊന്നും ഇല്ല. എന്നാലും തടിയങ്ങ് കൂടി. ആഷ ഒരു സ്ലിം ബ്യൂട്ടി ആവുമെന്ന് എനിക്ക് തോന്നുന്നു. ഒരു ചായ, ഒരു കാപ്പിയേ ഉള്ളൂ. അധികമൊന്നും, ഒരിക്കലുമില്ല. തടി കൂടിയപ്പോള്‍ കുറച്ചതൊന്നുമല്ല. പിന്നെ, ഐസ്ക്രീം. ഞാന്‍ തലയാട്ടാറേ ഇല്ല. ;)
ദീപൂ :) തടിയില്ലാത്തതാണ് നല്ലത്. അസുഖമൊന്നുമില്ലെങ്കില്‍, തടിയുണ്ടെങ്കിലും കുഴപ്പമില്ല.
കൊച്ചുത്രേസ്യ :) കമന്റിന് നന്ദി. നാട്ടുകാരുടേയും, വീട്ടുകാരുടേയും, കൂട്ടുകാരുടേയുമൊക്കെ ഉപദേശങ്ങള്‍ കഴിയുമ്പോള്‍, വേണമെങ്കില്‍, കൊച്ചുത്രേസ്യയുടെ ഉപദേശത്തെക്കുറിച്ച് ആലോചിക്കാം.
സൂ.. വിഷമിക്കണ്ടാട്ടൊ.. ഞാന്‍ ഉണ്ട് കൂട്ടിന്.. നല്ല മനസ്സായതോണ്ടാ വണ്ണം വെക്കുന്നെ.... ;)
സു പറഞ്ഞ അദ്നാന്‍ സാമിയോട് ഉപദേശം തേടൂ. പുള്ളിയെ ഈയ്യിടെ ഒരു ടി വി പരിപാടിയില്‍ കണ്ടു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല ! ഒരു തടിയന് ഇങ്ങനേയും മെലിയാന്‍ പറ്റുമോ ? പുള്ളി 100 കിലോയോളം കുറച്ചു എന്ന് എവിടെയോ വായിച്ചു. അപാരം !!
ഇട്ടിമാളുവിന്റെ നല്ല മനസ്സില്‍ നിന്ന് കുറച്ച് തരണേ. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനാ. ഫ്രീ ആയിട്ട് മതി. കടമായിട്ടു തന്നാല്‍ തിരിച്ചുതരേണ്ടിവരില്ലേ? അതിനു ചെലപ്പോ കഴിഞ്ഞെന്നു വരില്ല.
നാടന്‍, അദ്നാന്‍ സാമിയെ വിളിച്ചിട്ട് കിട്ടിയില്ല. ഇനി കിട്ടുമ്പോള്‍ ചോദിച്ചുനോക്കാം. നന്ദി, ഉപദേശത്തിന്.
:)
കൊച്ചുത്രേസ്യ അപ്പോള്‍ ആരോഗ്യ ശസ്ത്രകുഞ്ഞന്‍ ആണോ ?
ഓടോ: ഇന്നാള് കൈരളീ ടീവീലു പാപ്പാനെ കറക്കിയെറിഞ്ഞ് തട്ടിയ ആനയ്ക്കും ‘ നല്ല വിശാല മായ മനസ്സാ‘ അല്ലേ?
തെറ്റിദ്ധാരണകള്‍ക്ക് മറുപടി:
1: കുടുതല്‍ ഭക്ഷണം കഴിച്ചാല്‍ തൂക്കംകൂടില്ല- ഇതങ്ങനെ വിശ്വസിക്കയൊന്നും വേണ്ടാ എന്നാല്‍ മെല്ലെ മെല്ലെ സമയമെടുത്ത് കഴിച്ചാല്‍ കഴിക്കുന്നതൊന്നും ശരീരത്തില്‍ പിടിക്കൂല. ചവയ്ക്കുന്നതും നല്ല വ്യായാമമല്ലെ. വലിച്ച് വാരിക്കഴിക്കരുത്.കൈപ്പത്തിയില്‍ ചോറ് പുരളരുത്.
വിരലുകള്‍ ഉപയോഗിച്ച് മാത്രം കഴിക്കുക.
2:കൂടുതല്‍ വ്യായാമിച്ചാല്‍ മെലിയൂല്ല- കൃത്യമായതും ചിട്ടയായ വ്യായാമമാണേല്‍ ആരോഗ്യം വയ്ക്കും (സ്റ്റാമിന കൂടും)ദിവസം മൊത്തം ഫ്രഷ് ആകും. അതിനെ മെലിയല്‍ എന്ന് പറയാന്‍ സമ്മതിക്കൂല. കുറച്ച് കാലം ചെയ്തിട്ട് ചുമ്മാ ഇരുന്നാല്‍ ബലൂണ്‍ പോലെ വീര്‍ക്കും നിര്‍ത്തണമെങ്കിലും തുടങ്ങണമെങ്കിലും പതുക്കെ പതുക്കെ മാത്രം.
ദൈവമേ ചാത്തന്റെ ജീവിതരഹസ്യങ്ങളാണേ ആകാശവാണീലിടുന്നത്.
ഇത്തിരിവെട്ടം :)
കുട്ടിച്ചാത്താ :) നല്ല ചോദ്യം. ;) തടിയ്ക്കാന്‍ അങ്ങോട്ട് ഉപദേശം വേണോ? ;)
സൂ... നന്നായിരിക്കുന്നു!
പോസ്റ്റിലെയും കമന്‍റുകളിലെയും നര്‍മം ആസ്വദിച്ചിരിക്കുന്നു.. :)
പിന്നെ, “ജലപാനചികിത്സ” എന്ന് കേട്ടിട്ടുണ്ടായിരിക്കുമല്ലോ?
ഇല്ലെങ്കില്‍, തടി കുറയ്ക്കാന്‍ നല്ല ഒരു പരിപാടി ആണത്. രാത്രി ഒരു പാത്രത്തില്‍ ഒന്നര ലിറ്റര്‍ -6 വലിയ ഗ്ലാസ്- നല്ല കിണറ്റുവെള്ളം (വെയില്‍കൊണ്ടവെള്ളമാണ് ഉത്തമം എന്നു വരാഹമിഹിരാചാര്യര്‍ പറഞ്ഞുവെച്ചിട്ടുണ്ട്; വെയില്‍കൊള്ളാത്തത് വിഷവുമത്രെ!) ഒരു പാത്രത്തീല്‍ (വൃത്തിയുള്ള ചെമ്പുപാത്രമായാല്‍ നന്ന്) എടുത്തുവെച്ച്, രാവിലെ വെറും വയറ്റില്‍ കുടിക്കുക. ആദ്യം ചില അസ്വാരസ്യങ്ങള്‍ തോന്നാം. ഒറ്റയടിക്കു കുടിക്കാന്‍ അല്പം വിഷമവുമുണ്ടാവാം. എങ്കില്‍, അല്പം ഇടവിട്ട് കുടിക്കുക. പിന്നീട്, ഒറ്റയടിക്കും ആക്കാം. എട്ടാഴ്ചകൊണ്ട്, 5-6 കിലോഗ്രാം തൂക്കം കുറഞ്ഞതായി എന്‍റെ ചില സുഹൃത്തുക്കള്‍ അവകാശപ്പെടുന്നുണ്ട്.എങ്കിലും, ഇത് വായിച്ചു ചെയ്യാന്‍ ശ്രമിക്കുന്നത് സ്വന്തം റിസ്കിലാക്കുക! പിന്നെ, ഒരു ദിവസം അഞ്ചു ഗ്ലാസ് വെള്ളം കുടിച്ചുനോക്കിയാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുക തൊലിമിനുപ്പാവും.. അത് ഗാരണ്ടി!
ആശംസകളോടെ, സഹ
സഹ :) എന്നെ വെള്ളം കുടിപ്പിക്കും അല്ലേ? ഇത്രയൊക്കെ വെള്ളം കുടിക്കണമല്ലോയെന്ന് ആലോചിച്ചാലോചിച്ച് ഞാന്‍ മെലിയും. ;)തൊലിമിനുപ്പ്! മനസ്സ് മിനുപ്പിക്കാന്‍ എന്താ ചികിത്സ? ;)
Thadi nallatha, ennaalum svalpam kuranjalum kuzhappamilla.
രജി മാഷേ :)
കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത തടിയൊക്കെ എന്തിനാ സൂ ചേച്ചി കുറക്കുന്നത്..
ഓ:ടോ..ഞാന്‍ ഡയറ്റിങ്ങിലാ..( വീട്ടില്‍ മാത്രം )
Post a Comment
Subscribe to Post Comments [Atom]
<< Home