Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 12, 2012

ഓടുന്ന പടികൾ

ഓടുന്ന പടികൾ എന്നു ഞാൻ പറയുമ്പോൾ നിങ്ങൾ അതിനെക്കുറിച്ചാലോചിച്ചു തലപുണ്ണാക്കേണ്ട. ഓടുന്ന പടികൾ എന്നു പറഞ്ഞാൽ എസ്കലേറ്റർ. നിങ്ങളൊക്കെ എസ്കലേറ്ററിൽ കയറാറുണ്ടാവും അല്ലെങ്കിൽ കയറിയിട്ടുണ്ടാവും അല്ലേ? എന്നാ ഇങ്ങളൊക്കെ ബല്യേ പുല്യേളാണുട്ടോ.

ഞങ്ങൾ പണ്ടൊരിക്കൽ ബംഗളൂരുവിൽ പോയപ്പോഴാണ് എസ്കലേറ്ററിൽ കയറാൻ അവസരം വന്നത്. അത്രയൊന്നും വലുതല്ലാത്ത ഒരു ഷോപ്പിംഗ് സെന്റർ ആയിരുന്നു. അതിനുപോലും എസ്കലേറ്റർ ഉണ്ട്. സിനിമയിലൊക്കെ താരങ്ങൾ എസ്കലേറ്ററിൽ നിന്നു ചിരിച്ചുംകൊണ്ടിറങ്ങിവരുന്നതാണല്ലോ ഞാൻ കണ്ടിട്ടുള്ളത്. എന്റെ ഒരു വിചാരത്തിൽ അതൊരു മഹാസംഭവം ആണ്. വെറുതെ നിന്നുകൊടുത്താൽ മതി. പടി നമ്മളെ മേലോട്ടും താഴോട്ടും കൊണ്ടുപോകും. ഒരു അദ്ധ്വാനവുമില്ല എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി സന്തോഷിച്ച് ഇരുന്നിട്ടുള്ളത്. അങ്ങനെ ബംഗളൂരുവിൽ ഷോപ്പിംഗ്സെന്ററിൽ താഴെ നിന്ന് ഒരു വല്യ പെട്ടി (ട്രോളി ബാഗ്) വാങ്ങി. മുകളിൽ പോകണം. അവിടെനിന്ന് കുട്ടികൾക്കൊക്കെ എന്തെങ്കിലും വാങ്ങാമെന്നു കരുതി. എസ്കലേറ്ററിന്റെ അടുത്തു ചെന്നു. ചേട്ടൻ പെട്ടിയും കൊണ്ട് അതിൽ കയറി. കയറിയതും വീഴാൻ പോയി. പിന്നെ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഞാൻ പേടിച്ചുപോയി. അതിൽ കയറാൻ പോയില്ല. അതിന്റെ കുറച്ചുമാറി ഒരു സെക്യൂരിറ്റി ആൾ ഇരിക്കുന്നുണ്ട്. അയാൾ പറഞ്ഞു, ഒന്നും പേടിക്കാനില്ല, ധൈര്യമായിട്ടു കയറിക്കോ എന്ന്. ചേട്ടൻ വീഴാൻ പോയതുകണ്ടു പേടിച്ച ഞാൻ എസ്കലേറ്ററിന്റെ ഭാഗത്തേക്കു നോക്കുകപോലും ഇല്ല, പിന്നെയല്ലേ അതിൽ കയറൽ എന്ന ഭാവത്തിൽ അയാളെ ഒന്നു നോക്കി, ഷോപ്പിംഗ് സെന്ററിന്റെ മുകളിലേക്കുള്ള പടികൾ സാവധാനം കയറിപ്പോയി. പിന്നെ ഞാൻ എവിടെപ്പോയാലും എസ്കലേറ്ററിൽ കയറുന്നത് എനിക്കലർജിയാണ്, അല്ലെങ്കിൽ അതിൽ കയറരുതെന്ന് ഞങ്ങളുടെ കുടുംബജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട് എന്ന മട്ടിൽ പെരുമാറിത്തുടങ്ങി. ലിഫ്റ്റുണ്ടെങ്കിൽ പിന്നെ എന്തിനു പേടിക്കണം, പടികൾ കയറി വണ്ണം കുറയ്ക്കാതെതന്നെ മുകളിലെത്താമല്ലോ. എവിടുന്നോ ഒരിക്കൽ കയറിയോ എന്നു സംശയം ഉണ്ട്. അതെന്തായാലും പേടിച്ചുവിറച്ചായിരിക്കും.

കഴിഞ്ഞ വർഷം അമ്മയുടെ പിറന്നാൾ പ്രമാണിച്ച് അമ്മയ്ക്കു ഷോപ്പിങ്ങിനു പോകണം. ചേട്ടന് അസുഖം, അപകടം എന്നിവ കാരണം എനിക്ക് അമ്മയോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല. അമ്മയും അച്ഛനും അനിയത്തിയും കൂടെ പോയി. അമ്മയ്ക്ക് പിറന്നാളായാൽ മക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ സമ്മാനം വാങ്ങിക്കൊടുക്കുന്ന പരിപാടിയുണ്ട്. മക്കൾ എന്നുപറഞ്ഞാൽ സ്വന്തം മക്കൾ മാത്രമല്ല. അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ, അമ്മയുടെ സഹോദരങ്ങളുടെ മക്കൾ. ഒരുപാടുപേരുണ്ട്. പിന്നെ പേരക്കുട്ടികളും. ചെറിയ ചെറിയ സമ്മാനങ്ങളാണ് കൊടുക്കുക. അച്ഛന്റെ പിറന്നാളിനും കൊടുക്കും. എല്ലാ പിറന്നാളിനുമില്ല. അങ്ങനെ അവർ ബിഗ് ബസാറിൽ പോയി. എല്ലാർക്കും ഒരുപോലെ സോപ്പും പ്ലേറ്റും വാങ്ങി. പോയി വാങ്ങിവന്നു എന്നു പറയാൻ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു “ഞങ്ങൾ എസ്കലേറ്ററിൽ കയറി”. ഈശ്വരാ! എനിക്കു പേടിയായിപ്പോയി. ഞാൻ അമ്മയെ നല്ലോണം ‘ഉപദേശിച്ചു’.

ഈയടുത്ത് ഞങ്ങൾ ഒരു വല്യ ഷോപ്പിംഗ് മാളിൽ പോയി. അവിടെ എല്ലാ കടയിലും കയറിയിറങ്ങണമെങ്കിൽ തുറക്കുമ്പോൾ പോയാൽ പൂട്ടാനാവുമ്പോൾ തിരികെവരാം. ഞങ്ങൾക്ക് അധികമൊന്നും വാങ്ങാനില്ല. വെറുതെ കറക്കം. എന്തെങ്കിലും ആവശ്യമുള്ളതു വാങ്ങണം. താഴെ കറങ്ങിക്കഴിഞ്ഞ് മുകളിലേക്കു പോകാനൊരുങ്ങി. എസ്കലേറ്റർ വഴി ആളുകൾ പോകുന്നു. എന്താ ഒരു കാഴ്ച. ഞാനും കയറിയിട്ടുതന്നെ കാര്യം എന്ന മട്ടിൽ ചേട്ടന്റെ കൂടെ അതിനടുത്തെത്തി. എല്ലാവരും, കയറിപ്പോകുമ്പോൾ, നിങ്ങളെന്താ നിൽക്കുന്നത്, കയറിപ്പോര് എന്ന മട്ടിൽ കൂൾ കൂളായിട്ടു പോകുന്നു. ഞാൻ എന്റെ പൊങ്ങച്ചസഞ്ചി ചേട്ടന്റെ കൈയിൽ കൊടുത്തു. സ്വയം തന്നെ കേറാൻ പേടി. പിന്നെയല്ലേ ബാഗും പിടിച്ച്. ഞാൻ ഈ എസ്കലേറ്ററിൽ കയറണമെങ്കിൽ ഭർത്താവേ താങ്കൾ ബാഗു ചുമന്നോളണം എന്നു മുന്നറിയിപ്പും കൊടുത്തു. എന്തുവേണമെങ്കിലും ചെയ്യാം, ഭാര്യയൊന്ന് എസ്കലേറ്ററിൽ കയറാൻ പഠിച്ചാൽ മതി എന്ന ഭാവം ചേട്ടന്. എല്ലാ പരദേവതകളേയും വിളിച്ച് കാലെടുത്തുവയ്ക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽനിന്നൊരു പേടിത്തൊണ്ടി പറയും, കയറല്ലേ കയറല്ലേന്ന്. അങ്ങനെ ഞങ്ങൾ പോകുന്നവരേയും നോക്കി മിഴിച്ചുനിന്നു. അപ്പോളതാ ദൈവം പ്രത്യക്ഷപ്പെടുന്നു. മാളിന്റെ സൂപ്പർവൈസർ ആണെന്നു തോന്നുന്നു. ഒരു സ്ത്രീ. എന്നെപ്പോലെയൊക്കെയുണ്ട്. രണ്ടെണ്ണം എസ്കലേറ്റർ ഇന്നുവരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കിനിൽക്കുന്നുണ്ട് കുറേനേരമായി എന്നു കണ്ടു വന്നതാണ്. ചിരിച്ചുംകൊണ്ട് വന്നപ്പോഴേ എനിക്കു മനസ്സിലായി, എന്നെ ഇവർ എസ്കലേറ്ററിൽ കയറ്റും. അവർ അടുത്തെത്തിയപാടേ ഞാൻ പറഞ്ഞു “എനിക്കു പേടിയാണ്.”
“ഒന്നും പേടിക്കാനില്ല. വാ ഞാൻ കൊണ്ടുപോകാം”
“ഈശ്വരാ!“
അവരെന്നെ കൊണ്ടുപോയേ അടങ്ങൂ എന്ന മട്ടിൽ നിന്നു. ചേട്ടൻ ബാഗും പിടിച്ച് തയ്യാറായി നിന്നു. ഞങ്ങളുടെ പിന്നാലെ വരാൻ. അവർ എന്റെ കൈ മുറുക്കെപ്പിടിച്ചു. ഞാനും അവരുടെ കൈ മുറുക്കെപ്പിടിച്ചു. അഥവാ എസ്കലേറ്ററിൽ കാൽ വെയ്ക്കാൻ പറ്റിയില്ലെങ്കിൽ അവരുടെ കൈയിൽ തൂങ്ങിക്കിടക്കാമല്ലോ. എന്റെ ഉള്ളിൽ നിന്നു വിറയ്ക്കുന്നുണ്ട്. അവർ ഒരു കാലു പൊക്കി. ഞാനും കാലു പൊക്കി. അവർ എസ്കലേറ്ററിന്റെ പടിയിൽ കാൽ വെച്ചു. ഞാൻ അവരുടെ കൈ പണിപ്പെട്ട് വിടുവിച്ചു. അവർ അടുത്ത കാലും പടിയിൽ വെച്ചു. ഞാൻ കാൽ ഞങ്ങൾ നിന്നിടത്തുതന്നെവെച്ചു. അവർ ചിരിച്ചുകൊണ്ട് കയറിപ്പോയി. അതിൽ കാൽ വെച്ചാൽ അല്ലെങ്കിലും പിന്നോട്ടെടുക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. അവർ മുകളിലെത്തി. ഞങ്ങൾ താഴെ നിന്നു. പിന്നെ പടിയും ലിഫ്റ്റും നോക്കി നടന്നു. വീട്ടിൽ വന്നയുടനെ ഞാൻ പുസ്തകമെടുത്ത് എസ്കലേറ്റർ കണ്ടുപിടിച്ചതാരാന്നു നോക്കി. എസ്കലേറ്റർ കണ്ടുപിടിച്ചത് ജി. എച്ഛ്. വീലറും, ജെ. ഡബ്ല്യൂ. റെനൊയും. (Gh Wheeler, JW Reno) 1894 -ൽ. അവരോടെപ്പോഴാണ് രണ്ടുപറയാൻ പറ്റുക എന്നറിയില്ല. മോളിലേക്കു പോകേണ്ടിവരും. അതുകൊണ്ട് ഞാനെന്റെ അടുത്ത പുതുവർഷ തീരുമാനത്തിൽ എഴുതി നടപ്പാക്കാൻ തീരുമാനിച്ചു ഒരു കാര്യം.
പുതുവർഷതീരുമാനങ്ങൾ രണ്ടായിരത്തിപ്പതിമൂന്ന്:-
1) എസ്കലേറ്ററിൽ പേടിയില്ലാതെ കയറാൻ പഠിക്കും.
പോരേ?

Labels:

Thursday, February 09, 2012

അടിച്ചു മോളേ

കഴിഞ്ഞ ജൂൺ മാസം. അച്ഛനേം അമ്മയേം സന്ദർശിക്കാൻ പോയതായിരുന്നു. ജൂൺ മാസം എന്നുപറയുമ്പോൾ മഴക്കാലം കൂടെയാണല്ലോ. മഴയെന്നു വെച്ചാൽ എനിക്കു വല്യ ഇഷ്ടമുള്ളൊരു സംഗതിയാണ്. പക്ഷേ, ഇടിയും മിന്നലും ഭയങ്കര പേടിയും. കുട്ടിക്കാലത്ത്, ജനലൊക്കെ അടച്ചിട്ട്, കട്ടിലിൽക്കയറി ചെവിയും പൊത്തി ഇരിക്കുമായിരുന്നു. ഇപ്പോ, പല ജനലുകളിലും വെറും ചില്ലാണ്. അതുകൊണ്ട് മിന്നൽ‌വെളിച്ചം കാണാതിരിക്കില്ല. അച്ഛന്റേം അമ്മേടേം വീട്ടിൽ മരത്തിന്റെ ജനലാണ്. അത് അടച്ചിട്ടാൽ‌പ്പിന്നെ വെളിച്ചം പേടിക്കണ്ട. അന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. ഭീകരമായ ഇടിയും മിന്നലും. ഉച്ചയ്ക്കാണ് ഒരുവിധം ശരിയായത്. അപ്പോ വേഗം ഊണുകഴിച്ചു. ഊണുകഴിഞ്ഞയുടൻ ഞാൻ അമ്മയോടു പറഞ്ഞു, ഞാൻ അനിയത്തിയെ ഒന്നു വിളിക്കട്ടെ എന്ന്. അപ്പോ അമ്മയ്ക്കും അമ്മയുടെ അനിയത്തിയെ വിളിക്കണം. എന്നാൽ‌പ്പിന്നെ അമ്മ പാത്രം കഴുകിക്കോ, ഞാനാദ്യം വിളിക്കട്ടെ, അല്ലെങ്കിൽ ഞാൻ ആദ്യം വിളിക്കട്ടെ, അമ്മ പാത്രം കഴുകിക്കോ എന്നു പറഞ്ഞു. അമ്മ പറഞ്ഞു രണ്ടാളും വിളിച്ചിട്ട് രണ്ടാളും ഒരുമിച്ച് പാത്രം കഴുകാമെന്ന്! അങ്ങനെ, കണക്ഷൻ വിടുവിച്ച് ഇട്ടിരുന്ന ലാൻഡ്ഫോൺ ശരിയാക്കി, ഞാൻ വിളി തുടങ്ങി. (ഇടിയും മിന്നലും വന്നാൽ അപ്പോ ഫോൺ, ടി. വി. ഒക്കെ പൂട്ടിവയ്ക്കുകയാണ് അവരുടെ പതിവ്). വിളിച്ചു വിശേഷങ്ങളൊക്കെ - അവിടെയെന്താ കൂട്ടാൻ, ഇവിടെയെന്താ ഉപ്പേരി ഇതൊക്കെത്തന്നെ വിശേഷങ്ങൾ - പറഞ്ഞും കേട്ടും ചിരിച്ചും ഇരിക്കുമ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. എന്തോ ഒന്ന് എന്നിലൂടെ കടന്നുപോയി. ഫോൺ തെറിച്ചുപോയി. വല്യൊരു ഇടി. ഞാൻ അമ്മേന്നു വിളിച്ചു. അലറി എന്നാവും നല്ലത്.

ഇടിവെട്ടീടുംവണ്ണം ഞാൻ കരഞ്ഞൊച്ച കേട്ട് അമ്മ ഓടിവന്നു.

“ഭഗവാനേ...” അമ്മ വിളിച്ചു.

ഇന്നെന്താ മുപ്പെട്ട ബുധനാഴ്ചയോ!. ‘മിന്നലടിച്ചു, പക്ഷേ, എനിക്കൊന്നും പറ്റീല്ല അമ്മേ’ ന്ന് ഞാൻ പറയുമ്പോഴേക്കും, ഭഗവാനേന്നുള്ള ഡയലോഗിനു പിന്നാലെ അമ്മ അടുത്ത ഡയലോഗും പറഞ്ഞു “നമ്മുടെ ഫോൺ കിടക്കുന്ന കിടപ്പുകണ്ടില്ലേ....”

ഞാൻ മനസ്സിൽ അലറി. ‘ഗോഡ്... കണ്ട്രോൾ ഗിവ് മി.’ ദൈവത്തിന്, ഇംഗ്ലീഷ് അറിയുന്നോര്, അറിയാത്തോര് എന്നൊന്നും വേർതിരിവ് ഇല്ലല്ലോ. ഗ്രാമറൊന്നും നോക്കേണ്ട അതുകൊണ്ട്.

അമ്മ റിസീവർ നിലത്തുനിന്നെടുത്ത് ഫോൺ ശരിയാക്കുന്ന തിരക്കിലായി.

ചേട്ടൻ വന്നു. “എന്താ”

“മിന്നലടിച്ചൂന്ന് തോന്നുന്നു.”

കേട്ടപാടെ ചേട്ടൻ മുറിയിലാകെ പരതൽ തുടങ്ങി.

“ചേട്ടാ, മിന്നലടിച്ചൂന്നാ പറഞ്ഞത്. മിന്നുന്ന പൊന്ന് വീണുപോയീന്നല്ല.”

“ഞാൻ കേട്ടു. നിന്നെ മിന്നലടിച്ചൂന്നല്ലേ പറഞ്ഞത്. അതിവിടെയെങ്ങാൻ ചത്തുകിടപ്പുണ്ടോന്ന് നോക്കിയതാ.”

ദൈവമേ നീയൊരു അഞ്ചാറു കണ്ട്രോൾ ഇങ്ങോട്ടിട്ടോ. ആവശ്യം വന്നേക്കും.

അടിപിടിക്കിടയിൽ അവസാനമെത്തുന്ന പോലീസുകാരനെപ്പോലെ അച്ഛൻ രംഗപ്രവേശം ചെയ്തു. അമ്മയോടും ചേട്ടനോടും ചരിത്രം പറഞ്ഞിട്ട് പുല്ലുവില കിട്ടി. അതുകൊണ്ട് അച്ഛനോട് ഊർജ്ജതന്ത്രം ആയിക്കോട്ടെ എന്നുവിചാരിച്ചു പറഞ്ഞു. “അച്ഛാ, ഞാൻ ഫോൺ ചെയ്തുകൊണ്ടിരുന്നപ്പോൾ എന്തോ ഒരു തരംഗം എന്നിലൂടെ കടന്നുപോയി.”

അച്ഛന്റെ സമാശ്വാസവാക്കുകൾ കേൾക്കാൻ കൊതിച്ചിരുന്ന എന്റെ കാതുകളിലേക്ക്, കുട്ടിക്കാലത്ത്, കുമാരനാശാന്റെ കരുണ ചൊല്ലിത്തന്നുറക്കിയ അച്ഛൻ, യാതൊരു കരുണയുമില്ലാതെ വാക്കുകൾ ചൊരിഞ്ഞു. “തരംഗം കടന്നുപോയിരുന്നെങ്കിൽ നീയിപ്പോൾ തരംഗിണിസ്റ്റുഡിയോയിൽ നിന്നിറങ്ങുന്ന കാസറ്റുപോലെ കറുത്തുപോവില്ലായിരുന്നോ. ഒന്നും സംഭവിച്ചില്ലല്ലോ.”

ദൈവമേ നീയാ കണ്ട്രോളൊക്കെ അവിടെ വെച്ചോ. ഞാനങ്ങോട്ടു വന്നാൽ നിനക്കു തന്നെ ആവശ്യം വരും.

അച്ഛാ... യൂ ...ടൂ‍... (കാർന്നോരേ...താങ്കളും ...എന്നു ദൈവവും).

എനിക്കു മനസ്സിലായി. ഞാൻ ടെസ്റ്റ് ബേബിയാണ്. വെറും ടെസ്റ്റ് ബേബി. രണ്ടാമതൊന്നും ആയില്ലേന്ന് നാട്ടുകാരും വീട്ടുകാരും അച്ഛനോടും അമ്മയോടും ചോദിച്ചപ്പോൾ ഉണ്ടായ ബേബി. അതുകൊണ്ടാണ് ഈ സ്നേഹക്കുറവിന്റെ ആധിക്യം. എന്നാലും ചേട്ടനെങ്കിലും....വേറാരും അപ്പോ വീട്ടിൽ ഇല്ലാഞ്ഞതു നന്നായി. അവരും പറയുന്നതൊക്കെ കേൾക്കാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.

ഫിലിം ഫെസ്റ്റിവലിൽ ബുദ്ധിജീവിസിനിമകൾക്കിടയ്ക്ക് പെട്ടുപോയ സന്തോഷ് പണ്ഡിറ്റിന്റെ സിനിമപോലെ അവഗണിക്കപ്പെട്ട് ഞാൻ നിന്നു. എന്തായാലും, മിന്നൽ ച്യവനപ്രാശം കഴിക്കുന്നില്ലെന്ന് എനിക്കു മനസ്സിലായി. കഴിച്ചിട്ടാണ് വന്നിരുന്നതെങ്കിൽ, എത്താൻ അല്പം ദിവസങ്ങൾ മാത്രം ഉണ്ടായിരുന്ന എന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്നതിനു പകരം, എന്റെ നാല്പത്തൊന്ന് നടത്താനുള്ള പന്തൽ എല്ലാരും കൂടെ ഇട്ടേനെ.

അങ്ങനെ ഒരു മിന്നലിൽ നിന്നും രക്ഷപ്പെട്ട മിടുക്കിക്കുട്ടി(ബുഹഹഹഹ) മഴയൊഴിഞ്ഞ ആകാശം നോക്കി മിന്നലിനു സമർപ്പിച്ച് സന്തോഷത്തോടെ പാട്ടുപാടി.

“തും പാസ് ആയേ...
യൂം മുസ്കുരായേ...
തുംനെ നജാനേ ക്യാ സപ്‌നേ ദിഖായേ..
അബ് തോ മേരാ ദിൽ ജാഗേ ന സോതാ ഹേ...
ക്യാ കരൂം ഹായേ...
കുച്ഛ് കുച്ഛ് ഹോതാ ഹേ....”

Labels:

Monday, August 22, 2011

ആർപ്പുവിളിയും വള്ളപ്പാട്ടും

ഞങ്ങളുടെ കുടുംബത്തിൽ വേളി അഥവാ വിവാഹം കഴിഞ്ഞാൽ‌പ്പിന്നെ കുടിവെപ്പാണ്. വധുവിനെ വരന്റെ വീട്ടിലേക്ക് സ്വീകരിക്കുന്ന പരിപാടി. താലവും വിളക്കും വെച്ച് രണ്ടു കൂട്ടരും കൂടെ വധുവിനേയും വരനേയും വീട്ടിലേക്ക് കയറ്റി പാലും പഴവും കൊടുക്കുക. ഇതാണ് പരിപാടി. ആ സമയത്ത് രണ്ടു കൂട്ടരും മത്സരം പോലെ, സ്ത്രീകൾ കുരവയിടുകയും, പുരുഷന്മാർ രണ്ടു ഭാഗത്തുള്ളവരും മാറിമാറി ആർപ്പുവിളിക്കുകയും ചെയ്യും. എല്ലാ വേളിക്കും പതിവുതന്നെ. പക്ഷെ ഇത്തവണ അല്പം മാറ്റം വന്നു. അഞ്ചാറുമാസം മുമ്പ് അനിയന്റെ (കസിൻ) വിവാഹമായിരുന്നു. വടക്കുള്ള ചെക്കന് തെക്കുള്ള പെണ്ണ്. അതു ഞങ്ങളുടെ കുടുംബത്തിൽ സർവ്വസാധാരണമാണ്. ജാതകവും കുടുംബവും പഠിപ്പും ജോലിയുമൊക്കെ നോക്കുമ്പോൾ പലപ്പോഴും ദൂരവും കൂടും. ഈ അനിയത്തിയുടെ വീട് വള്ളംകളിയുടെ നാട്ടിലാണ്. ആലപ്പുഴയിൽ. വള്ളംകളിയൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്. ടി. വി യിൽ. കടലാസുതോണി എല്ലാ മഴക്കാലത്തും ഉണ്ടാക്കാറുമുണ്ട്. അങ്ങനെ വേളി കഴിഞ്ഞു. കുടിവെപ്പിനു സമയമായി. എല്ലാവരും തൊണ്ടയൊക്കെ ശരിയാക്കി നിന്നു. ഞാൻ കുരവയൊന്നും ഇടേണ്ടെന്നുവെച്ച് മാറിനിന്നു. വെറുതേ ആളുകളെ പേടിപ്പിക്കേണ്ടല്ലോ. അങ്ങനെ കുരവയിടലും ആർപ്പുവിളിയും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾ സർവ്വശക്തിയും പ്രയോഗിച്ച് ആർപ്പ് വിളിക്കുന്നുണ്ട്. അവരു നിർത്തുമ്പോൾ മറ്റവർ വിളി തുടങ്ങും. ഊണുകഴിക്കാത്തവരൊക്കെ ഇതൊന്നു തീർന്നിട്ടുവേണം ഊണുകഴിക്കാൻ എന്ന നിലയിലാണ്. ഊണുകഴിഞ്ഞവർ ഉഷാറോടെ നോക്കിനിൽക്കുന്നു. അപ്പോഴാണ് അതു സംഭവിച്ചത്. വധുവിന്റെ ആൾക്കാർ വള്ളപ്പാട്ട് തുടങ്ങി. അതാണവിടത്തെ പതിവുപോലും. ജനഗണമനയൊഴിച്ച് വേറെയൊന്നും പാടാനറിയാത്ത ഞങ്ങളുടെ ഭാഗക്കാർ (എന്റെ ഫോണുകളൊക്കെ ഓഫാണ് ;)) വള്ളംകളി ആദ്യമായിട്ടു കാണുന്ന വിദേശികളെപ്പോലെ വിവിധരസങ്ങൾ മുഖത്ത് പ്രതിഷ്ഠിച്ചുനിന്നു. അങ്ങനെ ആർപ്പുവിളിയിൽ ഇഞ്ചോടിഞ്ചു പൊരുതിനിന്നവർ വള്ളപ്പാട്ട് തുടങ്ങിയപ്പോൾ നിശബ്ദരായി. തിരുവാതിരക്കളി തുടങ്ങുമ്പോൾ ഇതിന്റെ ചമ്മൽ തീർക്കാം എന്ന ഭാവത്തിൽ ഞങ്ങൾ പെണ്ണുങ്ങളൊക്കെ നിന്നു. കുടിവെപ്പു കഴിഞ്ഞു. ഇനിയും ഉണ്ട് അനിയന്മാരും അനിയത്തിമാരും. എന്തായാലും വള്ളപ്പാട്ട് പഠിക്കാൻ ഞങ്ങളൊക്കെ തീരുമാനിച്ചു. ഇനി അവരൊക്കെ കൊണ്ടുവരുന്നതും അവരെയൊക്കെ കൊടുക്കുന്നതും കൊടുങ്ങല്ലൂരാണെങ്കിൽ, സദ്യ കഴിഞ്ഞിട്ടുമതി കുടിവെപ്പ് എന്നാണെന്റെ അഭിപ്രായം. അവരുടെ രീതി നമുക്കറിയില്ലല്ലോ.

Labels:

Sunday, July 03, 2011

അതല്ലേ നല്ലത്

“ചേട്ടാ”

“എന്താ, സു?”

“ഇന്നു വീടുവൃത്തിയാക്കുകയാണെങ്കിൽ, ഉച്ചഭക്ഷണം പുറത്തുനിന്നാക്കാം. പൊടിപടലങ്ങൾക്കിടയിൽ ശരിയാവില്ല.”

“ഇന്ന് വീടു വൃത്തിയാക്കുന്നില്ലെങ്കിലോ?”

“വൃത്തിയാക്കുന്നില്ലെങ്കിൽ‌പ്പിന്നെ പോകുന്നത് ഉച്ചയ്ക്ക് ആക്കേണ്ടല്ലോ. രാവിലെതന്നെ ടൌണിൽ‌പ്പോയി കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി, ഭക്ഷണവും കഴിച്ചുവരാം.”

“ങ്ങേ!“

Labels:

Wednesday, October 20, 2010

കാലിനൊരു കൊഞ്ഞ്

“ഈ കെ. കെ. ജോസഫ് ഇതല്ല ഇതിലപ്പുറവും ചാടിക്കടക്കും.” എന്നോ മറ്റോ ഉള്ള ഡയലോഗ് കേട്ടിട്ടില്ലേ? വിയറ്റ്നാം കോളനിയിൽ? എന്നിട്ടെന്തു സംഭവിച്ചു? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എല്ലാവരും കൂടെ ഒത്തുകൂടി ചെറിയൊരു സദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ചിലർ തേങ്ങ ചിരവുന്നുണ്ട്, ചിലർ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നുണ്ട്, ചിലർ ടിന്റുമോൻ തമാശകൾ പറയുന്നുണ്ട്. അതിനിടയ്ക്ക്, കാളനും എരിശ്ശേരിയ്ക്കുമുള്ള തേങ്ങയരച്ചുകൊടുത്ത് എന്റെ കർത്തവ്യത്തിനു തൽക്കാലം വിരാമമിട്ട്, ഞാനൊന്ന് അമ്പലത്തിൽ പോയി വരാം എന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു. അതിരാവിലെ എനിക്ക് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് അപ്പോ പോയ്ക്കളയാം എന്നുതോന്നി. സമയം അധികമൊന്നും ആയിട്ടുമില്ല. ഇടനാഴിയിൽ നിന്ന് പടി ഇറങ്ങിയത്, മഴക്കാലത്തെ ചളി, മുറ്റത്തുനിന്ന് അകത്തേക്കെത്താതിരിക്കാൻ ഇട്ടിരിക്കുന്ന ചാക്കിലേക്കാണ്. അതു രണ്ടു ചാക്ക് ഉണ്ടെന്നും അടിയിലെ ചാക്കിൽ, ചാക്കിന്റെ തന്നെ ഭാഗമായ ഒരു ഉണ്ട ഉണ്ടെന്നും മനസ്സിലാക്കുന്നതിനു മുമ്പുതന്നെ ആ ഉണ്ടയിൽച്ചവുട്ടി കാലുളുക്കി ഞാൻ ധീം തരികിട തോം ആയിരുന്നു. വീണതും, നക്ഷത്രങ്ങളൊന്നും എണ്ണാൻ നിൽക്കാതെ, ഞാൻ എട്ടരക്കട്ടയിൽ അലറി. ചിലരൊക്കെ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് ഓടിവരാൻ കഴിഞ്ഞില്ല. ബാക്കിയെല്ലാവരും ഓടിവന്നു. എന്റെ ആങ്ങള ഓടിവന്നപാടേ, അവിടെ ഇല തുടച്ചുകൊണ്ടിരുന്ന, ഞങ്ങളുടെ വീട്ടിലെ സഹായിയോട് ചോദിച്ചു, ഇലയ്ക്കൊന്നും പറ്റിയില്ലല്ലോ സദ്യ വിളമ്പേണ്ടതാണെന്ന്. “ഈശ്വരാ! എനിക്കു കണ്ട്രോൾ തരൂ” എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കരഞ്ഞുകൊണ്ടിരുന്നു. കാലിന്റെ എല്ലു വല്ലതും പൊട്ടിയോന്നറിയാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതാണ് നല്ലതെന്ന് എല്ലാവരും കൂടെ തീരുമാനമായി. പിന്നെ ആരൊക്കെ പോകണമെന്ന് തീരുമാനിച്ചു. എന്നെ എന്തായാലും കൂട്ടുമെന്നുള്ളതുകൊണ്ട് ഞാനും വരും ഞാനും വരും എന്നു പറയേണ്ടിവന്നില്ല.

ഇവളാവുമ്പോൾ വല്യ എക്സ്‌റേ വേണ്ടിവരും അതുകൊണ്ടു സൂപ്പർസ്പെഷ്യാലിറ്റിയിൽത്തന്നെ പോകാമെന്ന് പറയുന്നുമുണ്ട്. ച്യൂയിംഗത്തിന്റെ പരസ്യത്തെ ഓർമ്മിച്ച്, കാലിനു മാത്രമേ വിലങ്ങുള്ളൂ എന്ന മട്ടിൽ രണ്ടു പറഞ്ഞാലോന്ന് തോന്നിയെങ്കിലും എന്റെ കരച്ചിൽ ഏറ്റെടുത്ത് നിർവ്വഹിക്കാൻ ആരേയും കിട്ടാഞ്ഞതുകൊണ്ട് ഞാൻ അതു നിർബ്ബാധം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് പഴയ തമാശയും ഇറക്കുന്നുണ്ട്. പട്ടാളക്കാരൻ ഒരാളോട് :- നിങ്ങളുടെ ഒരു കാലു പോയതിനു നിങ്ങളെന്തിനാണു ഹേ ഇത്രയും കരഞ്ഞു ബഹളമുണ്ടാക്കുന്നത്, അപ്പുറത്ത് ഒരുത്തൻ തല പോയിട്ടും മിണ്ടാതെ കിടക്കുന്നതു കണ്ടില്ലേ” എന്ന തമാശ. ഇതിനൊക്കെ ഒരുമിച്ചു പ്രതികാരം ചോദിച്ചുകൊള്ളാമെന്നു മനസ്സിൽ മൂന്നുവട്ടം ഉറപ്പിച്ചുകൊണ്ടു ഞാൻ കരഞ്ഞുകൊണ്ടിരുന്നു. “എന്റെ കാലേ...കാലേ...കാലേ...”

അങ്ങനെ എല്ലാവരും കൂടെ തൂക്കിയെടുത്ത് കാറിലേക്ക്. പിന്നെ ഹോസ്പിറ്റലിൽ, അവിടെ വീൽച്ചെയറിലേക്ക് പ്രതിഷ്ഠിച്ചു. പിന്നെ, ആദ്യം നഴ്സ്, പിന്നെ ഒരു ഡോക്ടർ, പിന്നെ എക്സ്‌റേ. പിന്നെ ഓർത്തോ എന്ന ബോർഡുള്ള മുറിയ്ക്കു മുമ്പിലേയ്ക്ക്. ഓർത്തോ എന്നു കണ്ടപ്പോൾ എനിക്കു ചിരി വന്നു. ഇതൊക്കെപ്പിന്നെ
ഓർക്കാതിരിക്കുമോ? നിങ്ങളു ബോർഡെഴുതിവെച്ചിട്ടുവേണോ ഓർക്കാൻ എന്നൊക്കെ വിചാരിച്ചു ചിരിച്ചു.

ഓർത്തോ ഡോക്ടർ, ഹാർമ്മോണിയം കട്ടയിൽ സംഗതി നോക്കുന്നതുപോലെ എന്റെ കാല്‍പ്പാദത്തിൽ ഞെക്കി ഇവിടെ വേദനയുണ്ടോ ഇവിടെ വേദനയുണ്ടോന്ന് ചോദിച്ചുകൊണ്ടിരുന്നു. കാലുവാരൽ കഴിഞ്ഞ് പറഞ്ഞു. “പ്ലാസ്റ്റർ ഇടണം.”
“പറ്റൂല.”
“അതെന്താ?”
“പുതിയ ചെരുപ്പുണ്ട്. അതാരിടും?”
“അതു പിന്നെ ഇടാം.”
“പറ്റില്ല. ആദ്യം വാങ്ങിയതു ചെരുപ്പാണെങ്കിൽ ആദ്യം ഞാൻ ആ ചെരുപ്പിടും.”

എന്താ വേണ്ടതെന്ന് എന്റെ കൂടെവന്ന സഹോദരീസഹോദരന്മാരോടും ചേട്ടനോടും ചോദിച്ചു. അവർ ഒരേ സ്വരത്തിൽ, മിലേ സുർ മേരാ തുമാരാ സ്വരത്തിൽ പറഞ്ഞു. “പ്ലാസ്റ്റർ ഇടണം ഡോക്ടറേ. ഇവളുടെ മുഖത്തിനും കൂടെ ഇടണം. ഞങ്ങൾക്കു കുറച്ചു ദിവസം സ്വൈരം കിട്ടും.”

പുര കത്തുമ്പോൾത്തന്നെ വാഴ വെട്ടണം മക്കളേ എന്ന മട്ടിൽ അവരെ അവരെ നോക്കിയിട്ട് ഞാൻ ഇരുന്നു. പ്ലാസ്റ്റർ ഇടേണ്ട എന്ന എന്റെ കടും പിടുത്തത്തിനു വഴങ്ങി, അവസാനം ഡോക്ടർ എഴുത്തിത്തന്ന ഗുളികകളും വാങ്ങി, വീട്ടിലേക്ക്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാനും പറഞ്ഞു ഡോക്ടർ.

ഉച്ചയ്ക്ക് എല്ലാരുടേം കൂടെയിരുന്ന് സദ്യ കഴിക്കാൻ പറ്റിയില്ല. ഒരു പ്ലേറ്റിൽ എല്ലാം കൂടെ എടുത്ത് തന്നത് കഴിക്കേണ്ടിവന്നു. കിടന്നു. വൈകുന്നേരം, കുറേ ആയില്ലേ കിടക്കുന്നു, ഇനി ഒന്നു കവാത്ത് നടത്തിക്കളയാം എന്ന മട്ടിൽ ഒന്നെണീറ്റു നോക്കിയതായിരുന്നു. പോയ വേദനകൾ ഒറ്റയടിക്കു പാഞ്ഞെത്തി. വീണ്ടും നിലവിളിച്ചു. എല്ലാരും ഓടിവന്നു.

പിന്നെ നാട്ടുവൈദ്യനെ വിളിക്കാം എന്നു തീരുമാനമായി. അയാൾ വന്നു. കാലു പിടിച്ച് മൂന്നാലു തിരിയ്ക്കൽ, മറിയ്ക്കൽ, ഒടിയ്ക്കൽ. കാറിന്റെ ഗിയറല്ല, എന്റെ കാലാണു മനുഷ്യാ നിങ്ങളുടെ കൈയിൽ എന്നു പറയണം എന്നുണ്ടായിരുന്നു. എല്ലാം വളരെപ്പെട്ടെന്നായതുകൊണ്ട് പറയാൻ പറ്റിയില്ല. അപ്പോ കരഞ്ഞത് റെക്കോഡ് ചെയ്തുവെച്ചിരുന്നെങ്കിൽ ഞാൻ ഗിന്നസ് ബുക്കിൽ കയറിയേനെ. പിന്നെ എന്തോ ഒരു കുഴമ്പു പുരട്ടി. പിന്നെ ഒരു മരുന്ന്, പ്ലേറ്റിൽ ചാലിച്ച്, അതിൽ വെള്ളശ്ശീല മുക്കിപ്പൊക്കി, അതുകൊണ്ട് കാലിൽ വരിഞ്ഞുകെട്ടി. മൂന്നാലു തുണികൊണ്ട് കെട്ടി.

പിറ്റേന്ന് രാവിലെ ആയപ്പോൾ വേദന പത്തനംതിട്ട കടന്നിരുന്നു. ഞാൻ നടത്തം തുടങ്ങി. ആ വൈദ്യനെ വിളിക്കേണ്ടായിരുന്നു, എന്നാൽ രണ്ടാഴ്ച അടങ്ങിക്കിടന്നോളുമായിരുന്നു എന്നു എല്ലാവരും വിചാരിച്ചു.

ശരിയായി വരുന്നു. മരുന്നടിയ്ക്കാത്ത ആപ്പിൾ, കുരുവില്ലാത്ത മുന്തിരി, ഐസ്ക്രീം എന്നിവയൊക്കെ എടുത്ത് എല്ലാവരും എന്നെ കാണാൻ വരുമെന്നു പ്രതീക്ഷിക്കുന്നു.

എന്ത്? അടിതെറ്റിയാൽ ആനയും വീഴും എന്നു പോരായിരുന്നോ തലക്കെട്ട് എന്നോ? അയ്യടാ!

Labels:

Thursday, May 21, 2009

അങ്ങനേയും ചിലത്

പനി, തലവേദന, തൊണ്ടവേദന
വീട് വൃത്തിയാക്കാൻ ആരോഗ്യമില്ല.
അലങ്കോലമായിക്കിടക്കുന്നു.
നിരാശ, പേടി, വിഷമം
മനസ്സ് വൃത്തിയാക്കാൻ കഴിയുന്നില്ല.
അലങ്കോലമായിക്കിടക്കുന്നു.
മനസ്സായാലും വീടായാലും
ഉള്ളിൽ നന്നായിരിക്കണമെന്നുള്ളൊരാൾക്ക്
അതിനും സാധിക്കുന്നില്ലെങ്കിൽ ഇനിയെന്ത്!
ആകാശമേ,
ഒരു മഴവില്ലെങ്കിലും ഭൂമിയിലേക്കിടുമോ
മനസ്സിനും വീടിനും പകുത്തുകൊടുത്തോളാം.

ഡോക്ടറുടെ അടുത്തുപോയി. ക്ലിനിക്കിൽ ഇരിക്കുമ്പോഴാണ് സംഭവം. ഒരു പെട്ടി ഓട്ടോറിക്ഷ വന്ന് അവിടെ കുറച്ചകലെയായി മുന്നിൽ നിർത്തി. അതിൽനിന്ന് ഡ്രൈവർ ഇറങ്ങി, അവിടെ കുറച്ചകലെയൊരു കടയിൽനിന്ന് ഒരു ചെറിയ ഷെൽഫ് (പുതുതായി ഉണ്ടാക്കിവെച്ച), രണ്ടുമൂന്നാൾക്കാരുടെ സഹായത്തോടെ വണ്ടിയിൽ കയറ്റി. അതുകഴിഞ്ഞ് ഓട്ടോക്കാരൻ, കീശയിൽനിന്ന് കാശെടുത്ത്, എന്തോ കടലാസ്സും എടുത്ത് നോക്കി, ഒരാൾക്കെന്തോ കൊടുക്കുകയും ചെയ്തു. അപ്പോ ഓട്ടോക്കാരന്റെ കൈയിൽനിന്ന് പൈസ താഴെ വീണു. പത്തുരൂപ ആണെന്നു തോന്നി. ഞങ്ങളതൊക്കെ കാണുന്നുണ്ട്. അയാൾ അവിടെത്തന്നെ നിന്ന് എന്തോ കടലാസ് നോക്കുന്നതുകണ്ടപ്പോൾ, പൈസ കണ്ടിട്ടുണ്ടാവുമെന്നും എടുക്കുമെന്നും വിചാരിച്ചു. അയാൾ കടലാസ്സുകൾ നോക്കി, പൈസയും കടലാസുകളും കീശയിലിട്ട്, കടക്കാരനോട് ആംഗ്യവും കാണിച്ച് ഒറ്റപ്പോക്ക്. പിന്നെയാണ് രസം. അയാൾ പൈസ എടുത്തില്ലല്ലോ പാവം, എന്നു വിചാരിക്കുമ്പോഴേക്ക്, ഒരാൾ അവിടെ ആദ്യമേ നിർത്തിയിരുന്ന ബൈക്കിൽ കയറുകയും, തിരിച്ചപ്പോൾ പൈസ കാണുകയും എടുത്തു കീശയിലിടുകയും ചെയ്തു. അതുകഴിഞ്ഞ്, വേറെ ആരെങ്കിലും കണ്ടോന്നല്ല നോക്കുന്നത്, അവിടെ പൈസ വീണത്, വേറെയുണ്ടോന്ന് നോക്കി, ബൈക്കോടിച്ചുപോവുകയും ചെയ്തു. എനിക്കു വയ്യാഞ്ഞിട്ടാണ്. അല്ലെങ്കിൽ ആ പൈസ എടുത്തുകൊണ്ടുവന്ന്, ഓട്ടോക്കാരൻ, ഷെൽഫ് വാങ്ങിക്കൊണ്ടുപോയ കടയിൽ ഏല്‍പ്പിച്ചേനെ. അവർ അയാൾക്കു കൊടുക്കുമോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എന്തായാലും ആ രൂപ ബൈക്കുകാരനു കിട്ടി. അയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ, അത് ഉപയോഗിക്കാം. ഭാഗ്യമില്ലെങ്കിൽ അന്യന്റെ പത്തുരൂപ ഉപയോഗിച്ചതിന് സ്വന്തം നൂറുരൂപ പോകും.

Labels:

Friday, May 08, 2009

ആളു മാറിപ്പോയീ

കുറേ വർഷങ്ങൾക്കുമുമ്പാണ്. ഞാൻ സ്കൂളു കഴിഞ്ഞോന്ന് ഓർമ്മ വരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൊച്ചുകടകളിലേക്കെത്താൻ, ഞങ്ങളുടെ വീട്ടിൽനിന്ന് കുറേ വഴികളുണ്ട്. ശരിയായ റോഡു വഴി പോകുന്നതും, പാടം കടന്ന്, കനാലു വഴി പോകുന്നതുമാണ് ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്. അങ്ങനെ ഒരു ദിവസം ഞാനും എന്റെ സഹോദരിയും കൂടെ, “ടൗണിലേക്ക്” പുറപ്പെട്ടു. ഒട്ടിപ്പോ പൊട്ട്, ക്ലിപ്പുകൾ, അങ്ങനെ ഓരോ കുണ്ടാമണ്ടികളേ ഞങ്ങൾക്ക് വാങ്ങാനുണ്ടാവൂ. അങ്ങനെ ഞങ്ങൾ പാടം വഴി തന്നെ പോയി. ഒക്കെ വാങ്ങി, തിരിച്ചും പാടം വഴി തന്നെ വന്നു. പാടത്തിന്റെ അറ്റത്തേക്ക്, ശരിയായ റോഡ് കാണാം. ആൾക്കാരെയൊക്കെ ഒരുവിധം മനസ്സിലാവും. വെയിലും മഴയും ഒന്നും ഇല്ലെങ്കിൽ. അല്ലെങ്കിൽ പൊരിവെയിലത്തു ശരിക്കും കാണില്ല. മഴയത്തും ശരിക്കും മനസ്സിലാവില്ല. ആ വെയിലത്ത്, ഞങ്ങൾ കളിച്ചും ചിരിച്ചും വരുന്നതിനിടയിൽ ദൂരെ, റോഡിൽ, ഞങ്ങളുടെ അച്ഛന്റെ സഹോദരനെ കണ്ടു. രണ്ടാളും, ‘ദാ വരുന്നുണ്ട്, ഈ വഴിക്കു വിളിക്കാം‘ എന്നും പറഞ്ഞ് മാടിവിളിച്ചു. കൈകൊണ്ടൊക്കെ ആംഗ്യം കാണിച്ചു. കുറച്ചുംകൂടെ അടുത്തെത്തിയപ്പോളാണ് (അടുത്തെത്താൻ റോഡിലേക്ക് കുറേ ദൂരം പിന്നേം ഉണ്ട്) ഞങ്ങൾ ചമ്മിയത്. അത്, അച്ഛന്റെ സഹോദരൻ ആയിരുന്നില്ല. വേറെ ആളായിരുന്നു. മുടിയുടെ സ്റ്റൈലിൽ, ഉയരത്തിൽ, ഒക്കെ സാമ്യം ഉണ്ട്. ഏകദേശം പ്രായവും ഒരുപോലെയെന്നു തോന്നുന്നു. ഞങ്ങൾ കഥ പറയുന്നിതിനിടയ്ക്ക് അത്ര ശ്രദ്ധിച്ചിരുന്നുമില്ല. ഒറ്റനോട്ടത്തിൽത്തന്നെ മാടിവിളിക്കൽ തുടങ്ങിയിരുന്നു. അദ്ദേഹം, അച്ഛന്റെ അനിയത്തിയുടെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്ന ആളായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയാണ് വീട്. രണ്ടാളുള്ളതുകൊണ്ട് ഞങ്ങൾ ചമ്മൽ പപ്പാതിയെടുത്തു. അദ്ദേഹത്തോട് കാര്യം പറയാതെ വന്നാൽ വീട്ടിൽ നിന്ന് വഴക്കുകേട്ടാലോന്ന് കരുതി, അദ്ദേഹം അടുത്തെത്തുന്നതുവരെ, ചമ്മിപ്പമ്മി നടന്നു. അല്ലെങ്കിൽ തോമസ്സുകുട്ടീ വിട്ടോടാന്നേ പറയുമായിരുന്നുള്ളൂ. റോഡും പാടവും വിട്ട്, രണ്ടാളും മൂന്നാമത്തെ വഴിക്ക് വെച്ചുപിടിച്ചേനെ. അടുത്തെത്തിയപ്പോൾ, അദ്ദേഹത്തോട്, കാര്യം വിശദീകരിച്ചു. പിന്നെ വീട്ടിൽ പോയി എല്ലാവരോടും പറഞ്ഞ് ചിരിച്ചു. ഇപ്പോഴോർക്കാൻ കാരണം അച്ഛന്റെ അനിയത്തിയുടെ വിവാഹത്തിന്റെ (30 വർഷം മുമ്പാണ് - 1979ൽ) ആൽബത്തിൽ, ഫോട്ടോയിൽ ഇദ്ദേഹമുണ്ട്. (അതിൽ ഞാനുമുണ്ട്;)) അതു കണ്ടപ്പോൾ ഇക്കാര്യമെല്ലാം ഓർത്തു. ഇനിയിപ്പോ സഹോദരിയെ വിളിച്ചു ചോദിക്കണം, അവൾക്കിതുവല്ലതും ഓർമ്മയുണ്ടോന്ന്. ആളുമാറിപ്പോയ അമളികൾ പലർക്കുമുണ്ടാവും അല്ലേ?

Labels:

Thursday, April 23, 2009

അങ്ങനെയങ്ങനെ

കുറച്ചുദിവസങ്ങളായിട്ട് തിരക്കാണ്. കാര്യമായിട്ടുള്ളതല്ലെങ്കിലും തിരക്ക്, തിരക്ക് തന്നെ. ഒഴുക്കില്‍പ്പെട്ടപോലെയങ്ങനെ പോകും. തിരക്കില്ലാത്തപ്പോൾ, കുളത്തിൽ വീണൊഴുകിനടക്കുന്ന ഇലയാവും. ഒഴുകിയൊഴുകി, ചുറ്റുപാടും കണ്ടാസ്വദിച്ച് ജീവിക്കും. തിരക്കുള്ളപ്പോൾ, കടലിലേക്ക് പോകുന്ന പുഴയിൽ വീണ ഇലയെപ്പോലെ. ഒന്നും കണ്ടുനിൽക്കാനോ നോക്കാനോ സമയം കിട്ടില്ല. ഒക്കെയങ്ങ് വേഗത്തിൽ കടന്നുപോകും. കാഴ്ചകളും അനുഭവങ്ങളും നല്ലതാണെങ്കിൽ കുളത്തിൽക്കിടക്കുന്നത് നല്ലതുതന്നെ. അല്ലെങ്കിൽ ഒന്നുമറിയാതെ ഒഴുകുന്നതാവും നല്ലത്.

വീട്ടുകാരൊക്കെക്കൂടെ ഒത്തുകൂടിയപ്പോ, കസിൻസിന്റെ കൂടെ ചിരിച്ച് ചിരിച്ച് മരിച്ചു. കൂടെ കുട്ടികളുടെ കളിയും ബഹളവും. ഇതെന്താ കഥ ന്ന് കുറച്ചുംകൂടെ മുതിർന്നവർ ചോദിക്കുമ്പോഴാണ്, ഞങ്ങളൊന്നും കുട്ടികളല്ലെന്ന ബോധത്തിലേക്ക് തിരിച്ചുവരുക. കുറേക്കാലം കൂടി കാണുന്നവർക്കാണെങ്കിൽ, വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇത്തവണ ഞങ്ങളെല്ലാം കൂടെ ഒരു ദിവസം ചിരിച്ചത്രയും എല്ലാരും കൂടെ എത്രദിവസം ചിരിച്ചാലും എത്തില്ല. ചക്ക നുറുക്കലും, അപ്പമുണ്ടാക്കലും ചിരിക്കിടയിൽ തീർന്നുകിട്ടി. തിന്നലിന്റെ കാര്യം പറയാത്തതാവും നല്ലത്. ശിവരാത്രി പോലെ, തിരുവാതിര പോലെ ഒരുദിവസം കൂടെ ഉറങ്ങാതെ ഇരുണ്ടു വെളുത്തു.

പിന്നെ ചെറിയൊരു യാത്രയ്ക്കിടയിൽ ഇത്തവണ നല്ലൊരു കാര്യമുണ്ടായി. എപ്പോഴും മോശം കാര്യമൊന്നും ഉണ്ടാവാറില്ല. ചിലതൊക്കെ സാധാരണ യാത്രകൾ. എന്നാലും പലതിലും രസകരമായ അനുഭവങ്ങളുണ്ടാകും. പണ്ടൊരിക്കൽ, വിശന്നവൻ കൈനീട്ടിയപ്പോൾ കൊടുക്കാതിരുന്നിട്ട്, ട്രെയിനിൽ കയറി തട്ടിപ്പിടിച്ചെടുത്തത്, ബ്ലോഗിൽ എഴുതിയിരുന്നു. ഇത്തവണ, നല്ല തിരക്കായിരുന്നു. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത കമ്പാർട്ട്മെന്റ്. അവധിക്കാലം ആയതുതന്നെ കാരണം. എങ്ങനെയൊക്കെയോ സീറ്റൊക്കെ ഒപ്പിച്ചെടുത്തു. അതിനിടയ്ക്ക് പഴമ്പൊരി കണ്ടപ്പോൾ വേണമെന്ന് തോന്നി. ചേട്ടൻ വാങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു ചെറിയ പെൺകുട്ടി, എല്ലാവരുടെ മുന്നിലും കൈയും നീട്ടിവന്നത്. എന്റെ മുന്നിൽ വന്ന്, തിന്നാൻ വേണംന്ന് ആംഗ്യം കാണിച്ചു. എന്റെ കൈയിൽ ബാഗുപോലും കാണാത്തതുകൊണ്ട് മുന്നോട്ട് കടന്നുപോയി. തിരക്കിൽ, കൈ തന്നെ ഒന്ന് മാറ്റിവച്ചാലോന്ന് വിചാരിക്കുമ്പോഴാണോ ബാഗും കൂടെ പിടിക്കേണ്ടത്! ചേട്ടന്റെ കൈയിൽ കിട്ടിയ പഴമ്പൊരിയിൽ നിന്ന് വലിച്ചെടുത്ത്, തിരക്കിൽ, കുട്ടിയെ തോണ്ടിവിളിച്ച് കൊടുത്തു. എനിക്കെന്തോ, പഴയ കടം വീട്ടിയതുപോലെ തോന്നി. ഭക്ഷണം ഇല്ലായിരുന്നെങ്കിൽ, പൈസ കൊടുക്കേണ്ടിവരും, പലപ്പോഴും. ശരിക്കും, അങ്ങനെ ചെയ്യരുത്. കൊച്ചുകുട്ടികളുടെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്. പക്ഷെ, അതൊക്കെ വെറുതേ മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കും. കൈനീട്ടുമ്പോൾ കൊടുത്തുപോകും. പഴമ്പൊരിയ്ക്ക് നല്ല സ്വാദായിരുന്നു.

ഒരു വൃദ്ധൻ പതിവായി വീട്ടിൽ ഭിക്ഷയ്ക്കു വരുമായിരുന്നു. കുറച്ചൊന്നും പോര. നല്ല പൈസ തന്നെ വേണം. എപ്പോ ചോദിച്ചാലും മോളുടെ കല്യാണമാണ്, പൈസ തന്നെ വേണമെന്ന് പറയും. പറഞ്ഞ് പറഞ്ഞ് എട്ടോ പത്തോ മക്കളുടെ കല്യാണത്തിനു വാങ്ങികൊണ്ടുപോയി. പറഞ്ഞപ്പോൾ, അയ‌ൽ‌വക്കത്തെ ചേച്ചി പറഞ്ഞു “മക്കളും മരുമക്കളുമൊന്നുമില്ല. വെറുതേ പറയുന്നതാ.” എന്ന്. അവർക്കറിയാമായിരുന്നെന്ന് തോന്നുന്നു. അല്ലെങ്കിലും മക്കളുടെ കാര്യം പറഞ്ഞത് തട്ടിപ്പാണെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. ആലോചിക്കുമ്പോൾ തോന്നുന്നത്, നമ്മളൊക്കെ എത്ര നല്ല നിലയിലാണെന്ന്. കൈനീട്ടാതെ, വെട്ടിവിഴുങ്ങുന്നുണ്ടല്ലോ, മൂന്നും നാലും നേരം.

അക്ഷയതൃതീയ പിന്നേം വരുന്നുണ്ട്. മാന്ദ്യം എത്രത്തോളമുണ്ടെന്നറിയാൻ, ആഭരണക്കടയുടെ മുന്നിലേക്കൊന്ന് വെറുതേ നോക്കിയാൽ മതി. ഉള്ളിലേക്ക് കാണാൻ പറ്റില്ല, തിരക്കുകൊണ്ട്. മാന്ദ്യം തന്നെ മാന്ദ്യം! നീയെന്തിനാ മടിച്ചുനിൽക്കുന്നത് എന്നാണ് ഇവിടെ ചോദിച്ചത്. ശരിയാണ്. പക്ഷേ, എന്തിനാ കുറേ സ്വർണ്ണം. എല്ലാം ആവശ്യത്തിനേ പാടുള്ളൂ. ഞാൻ തന്നെ ചിലപ്പോൾ ഇത് മാറ്റിയും പറയും. കുറച്ചുവാങ്ങിവെച്ചാൽ, പിന്നെ വിറ്റ് കാശാക്കാമല്ലോ.

പുസ്തകങ്ങൾ കുറച്ചുവാങ്ങി. വായിച്ചു, വായിക്കുന്നു, വായിക്കും, വായിച്ചേക്കാം, എന്ന സ്ഥിതിയിലാണ്.

ഇന്ന് ഐ പി എല്ലിൽ ഷാരൂഖ്ഖാന്റെ ടീം ആണ് കളിക്കുന്നത്. ;)

പിന്നെന്ത്? എന്തൊക്കെയോ ഉണ്ട്. പിന്നേം എഴുതാമല്ലോ.

ചിന്തിക്കേണ്ടത്:-

പാലി:- യോ സഹസ്സം സഹസ്സേന സംഗാമേ മാനുസേ ജിനേ
ഏകം ചഃ ജേയ്യ മത്താനം സ വേ സംഗാമജൂത്തമോ

അതായത്

സംസ്കൃതം :- യഃ സഹസ്രം സഹസ്രേണ സംഗ്രാമേ മാനുഷാൻ ജയേൽ
ഏകം ച ജയേദാത്മാനം സ വൈ സംഗ്രാമജിദുത്തമഃ

ആയിരമായിരം (പത്തുലക്ഷം) മനുഷ്യരെ യുദ്ധത്തിൽ ജയിച്ചവനേക്കാൾ തന്നെത്താൻ ജയിച്ചവനാകുന്നു അധികം ശ്രേഷ്ഠൻ.

എന്ന് ശ്രീബുദ്ധൻ.

ഒക്കെ, പുസ്തകത്തിൽ മലയാളത്തിലായതുകൊണ്ട്, എനിക്കെഴുതാൻ പറ്റി.

Labels:

Friday, January 23, 2009

നൈസ് റ്റു മീറ്റ് യൂ

ഒരു നാലഞ്ച് ദിവസം തുടർച്ചയായിട്ടല്ല്ലാതെ എ ടി എം കാർഡിന് വേണ്ടി കയറിയിറങ്ങിയപ്പോൾ എനിക്കുതോന്നി ബാങ്കുകാരുടെ അഹങ്കാരം അങ്ങനെ വിട്ടുകൊടുക്കരുതെന്ന്. പൈസ കുറച്ചേ അക്കൗണ്ടിൽ ഉള്ളൂ എങ്കിലും എനിക്കും അത് എ ടി എം ഉള്ളിടത്തുപോയി പിൻവലിക്കാൻ ഒരു ആശയുണ്ടാവില്ലേ? ആ ആശയെയാണ് ബാങ്ക് കണ്ടില്ലെന്ന് നടിക്കുന്നത്. അങ്ങനെ ഒരുദിവസം രാവിലെത്തന്നെ ജോലിയൊക്കെ ഒരു വഴിക്കാക്കി ഒരുങ്ങിയിറങ്ങി. ചെക്കും എഴുതി ഒപ്പിട്ടെടുത്തു. എന്റെ പുന്നാരബാഗും എടുത്തു. പൈസ നിറച്ചു കൊണ്ടുവരേണ്ടതല്ലേ. ;) എന്റെ പൈസ കൊണ്ട് ബാങ്ക് അങ്ങനെ തലയുയർത്തിനിൽക്കരുത്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് വല്യ പേടിയും ഇല്ല. അമ്മയുടെ അനിയത്തി ബാങ്ക് ഉദ്യോഗസ്ഥ ആയിരുന്നു. വളന്ററി റിട്ടയർമെന്റ് എടുത്തു. അച്ഛന്റെ അനിയത്തി ഇപ്പോഴും ബാങ്ക് ഉദ്യോഗസ്ഥ ആണ്. അച്ഛന്റെ അനിയന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥ ആണ്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് പുല്ല്. അതുകൊണ്ട് ആ വഴിക്കു ഞാൻ ഒറ്റയ്ക്ക് പോകില്ല, നിവൃത്തിയുണ്ടെങ്കിൽ. ;)

പോയപ്പോൾ ബാങ്ക് തുറന്നുവരുന്നേയുള്ളൂ. കാത്തുനിന്നു. അപ്പോഴേക്കും ഒരു സ്ത്രീയും ഒരാളും പേന രണ്ട് പ്രാവശ്യം കടം ചോദിച്ചു. മൂന്ന് പ്രാവശ്യം ആയാൽ...ആയാൽ... പേന നിങ്ങൾ തന്നെ വെക്കേണ്ടിവരും എന്ന് മനസ്സിലോർത്തു. ബാഗ് തുറയ്ക്കുക, അടയ്ക്കുക. എനിക്കു വേറെ ജോലിയൊന്നുമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ഹേ എന്നൊരു ചോദ്യം അവർ എന്റെ മുഖത്ത് കണ്ട് പേടിച്ചാവണം പിന്നെ ചോദിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോൾ ബാങ്ക് ജോലിക്കാരെല്ലാം ജോലി തുടങ്ങി. ഞാൻ ചെക്ക് ഏൽപ്പിച്ചു. പൈസയും എടുത്ത് നാടുവിടാൻ ആണോന്നൊരു ചോദ്യം, പൈസ തരുമ്പോൾ കാഷ്യറുടെ മുഖത്ത് കണ്ടു. ഇല്ലില്ല പിന്നേം വരും എന്ന് എന്റെ മുഖത്ത് അദ്ദേഹവും വായിച്ചിരിക്കണം. പൈസ കിട്ടിയപ്പോൾ ബാഗ് തുറന്ന് അതിലേക്കിട്ടു.

നല്ല തിരക്കാണ് ബാങ്കിൽ. അവിടെനിന്നിറങ്ങിയപ്പോൾ തോന്നി, ഡ്രൈവിംഗ് ഗുരുവിനെക്കൂടെക്കണ്ട് അനുഗ്രഹം വാങ്ങാം എന്ന്. പഠിച്ചിറങ്ങിയതിനുശേഷം അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. കാറും വാങ്ങി വഴിയിലിറങ്ങി ഓടിച്ചപ്പോൾ, നാട്ടുകാർ ആരെങ്കിലും ഓടിച്ചുകാണും എന്ന് അദ്ദേഹം വിചാരിച്ചുകാണും. അദ്ദേഹം വിചാരിക്കുന്നതുപോലെ ഞങ്ങൾ കാർ വാങ്ങിയൊന്നുമില്ലെന്ന് എനിക്കല്ലേ അറിയൂ.

അദ്ദേഹത്തെക്കണ്ട് കാര്യങ്ങളൊക്കെ ചോദിച്ച്, പറഞ്ഞ് വീട്ടിലെത്തിയപ്പോൾത്തോന്നി, വളരെക്കാലമായി സന്ദർശിച്ചിട്ടില്ലാത്ത ബ്യൂട്ടിപ്പാർലർ സന്ദർശനം നടത്തിക്കളയാം എന്ന്. എല്ലാർക്കും അറിയാവുന്നതുപോലെ സൗന്ദര്യം ഉള്ളത് വർദ്ധിപ്പിക്കാൻ പോകുന്നതാണെങ്കിലും, ഇല്ലാത്തവർക്കും പോകുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ.

അങ്ങനെ പുന്നാരബാഗിൽനിന്ന് പൈസയെടുത്തപ്പോൾ വിചാരിച്ചു, ബാങ്കിൽ നിന്ന് എണ്ണിയിട്ട് പുറത്തിറങ്ങുമ്പോൾ ആരെങ്കിലും അടിച്ചുകൊണ്ടുപോകണ്ട എന്നുകരുതി എണ്ണിയില്ലല്ലോ, ഒന്ന് ചുമ്മാ എണ്ണിക്കളയാം എന്ന്. എണ്ണി. 5000 രൂപയാണ് എടുത്തത്. അഞ്ഞൂറിന്റെ എട്ട് നോട്ടും നൂറിന്റെ പത്ത് നോട്ടും. കാഷ്യർ സ്പീഡിൽ എണ്ണുന്നത് അശ്രദ്ധയോടെ ശ്രദ്ധിച്ചിരുന്നു. ആയിരത്തിന്റെ നോട്ട് തന്നാൽ എനിക്ക് നല്ലത് എന്നുവിചാരിക്കുകയും ചെയ്തിരുന്നു.

എണ്ണി ആദ്യം അഞ്ഞൂറ്- ഒന്ന്, രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്....

പിന്നെ നൂറ് - ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്.....

രണ്ട് പ്രാവശ്യം എണ്ണി. വേറെ ജോലിയൊന്നുമില്ലായിരുന്നു തൽക്കാലം.

രണ്ട് പ്രാവശ്യം മുഴുവൻ എണ്ണിക്കഴിഞ്ഞപ്പോഴാണ് ആകെയുള്ള കുറച്ച് ബുദ്ധി ഓടിയത്.

ഈശ്വരാ....

അഞ്ഞൂറും പത്ത്.
നൂറും പത്ത്.
അപ്പോ ആകെമൊത്തംടോട്ടൽ ആറായിരം.
പിൻ‌വലിച്ചത് അയ്യായിരം.
ആയിരം അധികപ്പറ്റ്. അഥവാ അധികം പറ്റിയത് അല്ലെങ്കിൽ കാഷ്യർക്ക് തെറ്റുപറ്റിയത്.

ഒന്നും കൂടെ എണ്ണി.

പരിഭ്രമമായി. പിന്നെ ആലോചിച്ചപ്പോൾ അധികം പരിഭ്രമമായി. പുന്നാരബാഗ് എടുക്കുന്നത് അത്യാവശ്യത്തിനുമാത്രം. ആയിരം അതിൽ പണ്ടേ ഉണ്ടായിരുന്നില്ല എന്നതിനു ഉറപ്പൊന്നുമില്ല. ഉണ്ടാവും എന്നതിനും ഉറപ്പൊന്നുമില്ല. അച്ഛൻ തന്നത് ഒക്കെ തീർന്നിരുന്നില്ലെങ്കിലോ.

ചേട്ടനെ വിളിച്ചു.

കുരിശ് കോളിംഗ്...

ചേട്ടന്റെ മൊബൈലിൽ തെളിഞ്ഞു.

“ഒരു കാര്യം ഉണ്ട്.”

“എന്താ?”

“ബാങ്കിൽ പോയിരുന്നു.”

“അവിടെ തീവ്രവാദികൾ വന്നോ?”

“ഞാനുള്ളപ്പോൾ വേറെ എന്തിന്?”

“പിന്നെന്താ വിളിച്ചത്?”

“പൈസ അധികം കിട്ടിയോന്ന് സംശയം.”

എന്റെ സംശയങ്ങൾ പറഞ്ഞപ്പോൾ ചേട്ടനും സംശയം. ബാഗിൽ പണ്ട് ഉണ്ടായിരുന്നുവോന്ന് സംശയം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് തിരിച്ചുകൊടുക്കാൻ പോകാതിരുന്നത് എന്നു പറഞ്ഞു. ചിലപ്പോൾ നിന്റെ തന്നെ ആയിരിക്കും എന്ന് ചേട്ടൻ. ഇനിയും സംശയം ഉണ്ടെങ്കിൽ ഇപ്പോൾ പോകണ്ട, വൈകുന്നേരം ബാങ്ക് കണക്കെടുപ്പ് കഴിയുമ്പോൾ ഷോർട്ട് കാണും, അപ്പോ ചെന്നാൽ അവർക്ക് അറിയാൻ കഴിയും എന്നു പറഞ്ഞു. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ട്.

പിന്നെ, വൈകുന്നേരം പോകാമല്ലോന്ന് വിചാരിച്ച് പാർലറിൽ പോയി. കുറേ ദിവസമായി കാണാത്തതിന്റെ ചോദ്യങ്ങളും, ഡ്രൈവിംഗ് പഠിക്കാൻ പോയ കാര്യങ്ങളും ഒക്കെപ്പറഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

വൈകുന്നേരം ചേട്ടൻ വന്നപ്പോൾ കൂടെ ബാങ്കിൽ പോയി നോക്കി. ആദ്യം എ ടി എം കാർഡ് ചോദിച്ചു. രണ്ടുദിവസം കൂടെ കഴിയും കിട്ടാൻ എന്നുപറഞ്ഞു. അതുകഴിഞ്ഞ് കാഷ്യറോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉറപ്പില്ല. കണക്ക് നോക്കിയാലേ അറിയൂ, അര മണിക്കൂർ കൂടെ കഴിയണം എന്നു പറഞ്ഞു. ഫോൺ നമ്പർ
എഴുതിവെക്കാൻ പറഞ്ഞ് , അവിടെനിന്നിറങ്ങി കടയിലൊക്കെപ്പോയി തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വിളിച്ചിട്ടുണ്ട്, ബാങ്കിൽ നിന്ന്. കോളർ ഐഡിയിൽ കിടപ്പുണ്ട് നമ്പർ.

പിന്നെ, പിറ്റേന്ന് രാവിലെ പൈസയും എടുത്ത് പോയിനോക്കുമ്പോൾ അദ്ദേഹം പറഞ്ഞു വിളിച്ചിരുന്നു എന്ന്. അറിഞ്ഞിരുന്നു എന്നു പറഞ്ഞു. ഇപ്പോഴും വിളിച്ചിരുന്നു എന്നു പറഞ്ഞു, ഞാൻ വഴിയിൽ അല്ലേന്ന് പറഞ്ഞു. വെറുതെയല്ല അദ്ദേഹത്തിനു കണക്കു ശരിയാവാത്തത്! കൊടുത്തപ്പോൾ ഒരുപാട് താങ്ക്സ് പറഞ്ഞു. ഞാൻ
നൈസ് ടു മീറ്റ് യൂ എന്നും പറഞ്ഞു. താങ്ക്സ് പറഞ്ഞാൽ എന്തോ പറയണംന്ന് എനിക്കറിയാം. വെറുതേ എനിക്ക് നാലഞ്ചാറ് ഉദാത്തമായ പോസ്റ്റുകൾ ബ്ലോഗിലിടാനുള്ള വിലപ്പെട്ട സമയം ഇങ്ങനെ നിസ്സാരകാര്യങ്ങൾക്ക് ചെലവിടാൻ എന്നെ നിർബ്ബന്ധിപ്പിക്കരുത് എന്നൊരു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാൻ ബാങ്കിൽ നിന്നിറങ്ങി.

ആയിരം രൂപയെന്നത് ബാങ്കിനോ, അത് പോയാൽ കൈയിൽനിന്ന് വെക്കേണ്ട കാഷ്യർക്കോ നിസ്സാരമായിരിക്കും ചിലപ്പോൾ. പക്ഷെ എനിക്കർഹതയില്ലാത്തത്, എന്റേതല്ലാത്തത്, എനിക്ക് അധികപ്പറ്റാണ്. ആയിരമായാലും അഞ്ചുരൂപയാലും. ഒരാഴ്ച മുമ്പാണ്, സൂപ്പർമാർക്കറ്റിൽ വെച്ച്, അവിടെനിന്നുതന്നെ വാങ്ങിയ വസ്തുക്കളുടെ സഞ്ചി, മറന്നുവെച്ച് പോന്നിട്ട് പിറ്റേ ദിവസം പോയി എടുത്തുകൊണ്ടുവന്നത്. നമുക്കുള്ളതൊക്കെ നമുക്കു കിട്ടും. വേറാരും കൊണ്ടുപോകില്ല.

വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ രണ്ട് വർഷമായി യാതൊരു വിവരവും അറിയാത്ത ഒരു സുഹൃത്തിന്റെ ഭർത്താവ് മുന്നിൽ വണ്ടിയിൽ. അവനും സുഹൃത്തുതന്നെ. കുട്ടികളും ജോലിക്കാര്യങ്ങളും വീട്ടുകാര്യവും ഒക്കെ ആയി തിരക്കിലായിരുന്നെന്നും വീട് അവളുടെ മാതാപിതാക്കളുടെ വീടിനടുത്തേക്ക് മാറിയെന്നും, അവൾക്കും ജോലി കിട്ടിയെന്നും വീട്ടിലേക്ക് എല്ലാരും കൂടെ ഒരു ദിവസം വരാമെന്നും പറഞ്ഞു. ഞങ്ങൾ അവർ താമസിച്ചിടത്ത് മൂന്നോ നാലോ പ്രാവശ്യം പോയിരുന്നു. പിന്നെ അവരുടെ നമ്പറും വിളിച്ചുനോക്കിയിരുന്നു. പലരോടും ചോദിച്ചപ്പോഴാകട്ടെ പല മറുപടികളാണ് കിട്ടിയത്. എന്തായാലും നല്ലൊരു കാര്യമായി കണ്ടത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തിരക്കിനിടയ്ക്ക് സൗഹൃദം പലപ്പോഴും കൂടെ ഓടുന്നില്ലെന്ന് മാത്രം.

വീട്ടിലെത്തി ചേട്ടനെ വിളിച്ചു.

“പോയിരുന്നു.”

“എന്തു പറഞ്ഞു.”

“വിളിച്ച കാര്യവും ഷോർട്ട് ആയ കാര്യവും അദ്ദേഹം പറഞ്ഞു. പൈസ കൊടുത്തു. ”

കൂട്ടുകാരിയുടെ ഭർത്താവിനെ കണ്ടകാര്യവും പറഞ്ഞു.

“നീ സൂപ്പർമാർക്കറ്റിൽ കയറി അല്ലേ?”

“എന്താ?”

“ഐസ്ക്രീം തിന്നുന്നുണ്ടെന്ന് ഞാൻ ഊഹിച്ചു. നിനക്ക് പ്രമേഹം വരും കേട്ടോ.”

“വരട്ടേ, വരട്ടേ, അതുവരെ തിന്നാലോ.”


ആത്മഗതം :‌- ഞാനെന്തായിരിക്കണം എന്ന് മറ്റുള്ളവർ കരുതുന്നത് ഞാൻ ചിലപ്പോൾ ആയില്ലെന്നു വരും. പക്ഷെ ഞാൻ എന്തായിരിക്കണം എന്ന് എന്റെ ചില നിയമങ്ങളും രീതികളും ഉണ്ട്. അതനുസരിച്ച് ഞാൻ നടന്നിരിക്കും.

Labels:

Wednesday, April 30, 2008

യാത്രയ്ക്കിടയില്‍

ഞങ്ങളൊരു ദൂരയാത്രയ്ക്കു പോയതായിരുന്നു. എന്നുവിചാരിച്ച്, അമേരിക്കയിലും ആഫ്രിക്കയിലും പോയി എന്നൊന്നും നിങ്ങള്‍ കരുതരുത്. ഇല്ലെന്ന് എനിക്കറിയാം. എന്നാലും പറഞ്ഞുവെന്നേയുള്ളൂ. ഇന്ത്യയില്‍ത്തന്നെ ഒരു അഞ്ഞൂറ് അറുനൂറ് കിലോമീറ്റര്‍ ദൂരം പോയാല്‍ അതൊരു ദൂരയാത്ര തന്നെ. നോര്‍ത്ത് ഇന്ത്യയിലെ ആ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഈ സംഭവം.

റെയില്‍‌വേ സ്റ്റേഷനിലെ ലിസ്റ്റില്‍ ഞങ്ങളുടെ പേരും വയസ്സുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, പെട്ടിയും കുട്ടയുമായി, ഞങ്ങളും ഏതോ ഒരു ട്രെയിനില്‍ കയറുമെന്ന ഭാവത്തില്‍ അവിടെയുള്ള ഇരിപ്പിടങ്ങളില്‍ ഉറച്ചിരുന്നു. ചിലരാണെങ്കില്‍, ആ വലിയ സ്റ്റേഷനില്‍, ഓരോ ട്രെയിന്‍ വരുമ്പോഴും, കറന്റ് കട്ട് സമയത്ത് കൊതുക്, മനുഷ്യനടുത്തേക്ക് പറന്നുനടക്കുന്നതുപോലെ, ഓടിപ്പോവും. ട്രെയിനൊന്നും വരാത്തപ്പോള്‍ അവിടേം ഇവിടേം നടന്നുകളിക്കും. ഞങ്ങള്‍ ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍, ഞങ്ങളുടെ പേരെഴുതിവെച്ച ഒരു ട്രെയിന്‍ വരും, ഞങ്ങളതിലേക്ക് കയറും എന്ന ഭാവത്തിലിരുന്നു. വണ്ടി വന്നു. പക്ഷേ, പറഞ്ഞിരിക്കുന്ന, ഞങ്ങള്‍ കാത്തിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ രണ്ട് പ്ലാറ്റ്ഫോം അപ്പുറത്ത്. ചിക്കന്‍പോക്സ് വന്നവനു കൈ ഒടിഞ്ഞപോലെ ആയി ഞങ്ങളുടെ കാര്യം. ഇഷ്ടം പോലെ ലഗ്ഗേജ്. അതിനിടയ്ക്കൊരു പ്ലാറ്റ്ഫോം മാറ്റവും. ഞങ്ങളെ യാത്രയാക്കാന്‍ ആള്‍ക്കാര്‍ വന്നിരുന്നതിനാല്‍, ഞങ്ങള്‍ കുറച്ചു ബാഗൊക്കെ എടുത്ത് ഓടി. ബാക്കി അവരെടുത്തോട്ടെ എന്ന മട്ടില്‍. ഏതെങ്കിലും ഒരു ഒളിമ്പിക്സില്‍ ഇങ്ങനെ ഓടിയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ കുറച്ച് സ്വര്‍ണ്ണം കിടക്കുമായിരുന്നു എന്ന് ഞാനോര്‍ത്തു. അങ്ങനെ ഒരു ഓട്ടമായിരുന്നു അത്. ഈ ട്രെയിന്‍ പോയാല്‍ പുല്ല് എന്നു വിചാരിച്ചാല്‍പ്പിന്നെ, കുറേ ദിവസത്തേക്ക്, മഴയത്തിട്ടിരിക്കുന്ന നെല്ലുപോലെ അധോഗതിയാവും ഞങ്ങളുടെ കാര്യം. അതുകൊണ്ട് ഓടാതെ വയ്യ. അങ്ങനെ ട്രാക്കില്‍ക്കൂടെ ഓടി. കയറി എന്നു നിങ്ങള്‍ വിചാരിക്കരുത്. കയറാന്‍ നോക്കുമ്പോള്‍ ഒറ്റ വാതിലും തുറന്നിട്ടില്ല. അതിലൂടെ വല്ല വണ്ടിയും ആ സമയത്ത് വന്നാല്‍, ഞങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗവാതില്‍ തുറക്കും എന്നു വിചാരിക്കുമ്പോഴേക്കും വാതില്‍ തുറക്കപ്പെട്ടു. കൊതുകുതിരി കെട്ടുപോയ മുറിയിലേക്ക് കയറുന്ന കൊതുകുകളെപ്പോലെ ഞങ്ങള്‍ അതിനകത്തേക്ക് കയറി.
ഇനി സീറ്റ് കണ്ടുപിടിക്കണം. ലഗ്ഗേജൊക്കെ അവിടെ അടുക്കിയിടണം. ഉറങ്ങണം. പാതിരാത്രി ആയിട്ടുണ്ട്. നമ്പറൊക്കെ നോക്കിയപ്പോള്‍ ശരിക്കുള്ള സ്ഥലത്തേക്ക് തന്നെയാണ് ഓടിക്കയറിയിട്ടുള്ളത്. കൂടെ വന്നവര്‍, ട്രെയിനിനു പുറത്ത് ഒട്ടിച്ച ലിസ്റ്റില്‍ നോക്കി പറഞ്ഞും തന്നു. ലഗ്ഗേജൊക്കെ ഇട്ട് നോക്കുമ്പോള്‍, എന്റേതെന്നു പറഞ്ഞ സീറ്റില്‍ ആരോ കുംഭകര്‍ണ്ണസേവ നടത്തുന്നുണ്ട്. ഞാന്‍ ശൂ, ശൂ എന്ന് ഒച്ചയുണ്ടാക്കിയപ്പോള്‍, ആ രൂപം എണീറ്റു. പുതപ്പൊക്കെ നീക്കി. ഏകദേശം ഒരു പതിനാലു വയസ്സുള്ള കുട്ടിയാണ്. എന്താ എന്നല്ല
അവള്‍ ചോദിച്ചത്.
“ഈ സീറ്റ് ആന്റിയുടേതാണോ?” എന്നാണ്. കൊച്ചുകള്ളീ, അപ്പോ കരുതിക്കൂട്ടി എന്നെ ദേഷ്യം പിടിപ്പിക്കാന്‍ കിടന്നതാണല്ലേ, ഇപ്പോ ഗുഡ്‌നൈറ്റ് ആയത് കൊണ്ട് നിനക്ക് ഗുഡ് ആയി എന്ന മട്ടില്‍ ഞാന്‍ അവളെ നോക്കി. ഇത്രയും “സ്മാര്‍ട്ട്” ആയ എന്നെ നോക്കി ആന്റീക് പീസ് എന്നു വിളിച്ചതിനുള്ള ശിക്ഷയായി, ഞാനെഴുതിയ, എനിക്കു തോന്നിയത് രാവിലെ തര്‍ജ്ജമ ചെയ്ത് പറഞ്ഞുകേള്‍പ്പിക്കാം എന്ന ഭാവത്തില്‍ നിന്ന്, അതെയതെ, ഇതെന്റെ സീറ്റാണ് എന്നു പറഞ്ഞു. ശരി എന്നും പറഞ്ഞ് ഒക്കെ വാരിക്കെട്ടി അപ്പുറത്ത് നടുവിലെ ബര്‍ത്തിലേക്ക് ഓടിക്കയറി. അതും വേറെ ആരുടെയെങ്കിലും ആണോന്ന് ദൈവത്തിനറിയാം. ഉറക്കം വരുന്നതുകൊണ്ട് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോകാതിരിക്കുന്നതാവും നല്ലത് എന്ന് എന്റെ ചെറിയ ബുദ്ധിയ്ക്ക് തോന്നി. എന്റെ സീറ്റ് ഉറപ്പിച്ചു. ചേട്ടന്റെ സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ ആ സീറ്റില്‍ ഒരാള്‍ സുഖമായി ഉറങ്ങുന്നു. ഉറക്കം നടിക്കുകയാണെങ്കില്‍ അല്ലേ ഉണര്‍ത്താന്‍ പറ്റാതെയുള്ളൂ. ഇയാള്‍ ഉറങ്ങുകയാണ് അതുകൊണ്ട് എണീറ്റോളും എന്ന് വിചാരിച്ചു. ചേട്ടന്‍ പറഞ്ഞു കോട്ടുകാരന്‍ ടി.ടി ഇ വരട്ടെ എന്ന്. എനിക്കു പായ കിട്ടി, ഇനി ഉറങ്ങാം എന്ന സ്ഥിതിയില്‍. ചേട്ടനാണെങ്കില്‍ ഊണുകഴിഞ്ഞു, ഇനി പായ കിട്ടണം എന്ന സ്ഥിതിയില്‍. ടി.ടി.ഇ വന്നു. നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന എന്ന മട്ടില്‍ ചേട്ടനെ നോക്കി. ഇതിലാരും നിന്ന് യാത്ര ചെയ്യില്ല ഇറങ്ങിക്കോ എന്നൊരു മട്ടും. ഞാന്‍, എനിക്കു കിട്ടിയ സീറ്റ് ആരും കൊണ്ടുപോകേണ്ട എന്ന് വെച്ച്,
പരസ്യബോര്‍ഡിന്റെ സൈഡില്‍ എഴുതിയ ആളിന്റെ പേരുവെച്ചതുപോലെ, സീറ്റില്‍ ഇരുന്നു, ഇരുന്നില്ല എന്ന മട്ടിലാണ്. ചേട്ടന്റെ സീറ്റ് ഉറപ്പില്ലാത്തതുകൊണ്ട് മുഴുവനായി ഇരിക്കാന്‍ ഒരു മടി. അദ്ദേഹം ചേട്ടനെ നോക്കി, എന്നെ നോക്കി, ലിസ്റ്റ് നോക്കി, എന്നെ നോക്കി, ചേട്ടനെ നോക്കി, ലിസ്റ്റ് നോക്കി. നോക്കണ്ട നോക്കണ്ട, നോക്കി നോക്കി ഡാറ്റ വെറുതേ കളയേണ്ട, എന്റെ ചേട്ടന്റെ സീറ്റിങ്ങെടുത്തോ എന്ന ഭാവത്തില്‍ ഞാനദ്ദേഹത്തെ നോക്കിയതും അദ്ദേഹം ലിസ്റ്റ് ഒന്നുകൂടെ കണ്ണടയുറപ്പിച്ചു നോക്കി. എന്നിട്ട്, ഏഴുദിവസം പട്ടിണികിടന്നവന്റെ മുന്നില്‍ വെച്ച കഞ്ഞിയില്‍ പാറ്റയുണ്ടെന്ന് പറയുന്ന അതേ ഭാവത്തോടെ ചേട്ടനോട് പറഞ്ഞു “ഇയാളുടെ സീറ്റ് അപ്പുറത്താണ്.” പാതിരാത്രി, ദൂരയാത്ര, ലഗ്ഗേജ്, പ്ലാറ്റ്ഫോം മാറ്റം. ഇതൊക്കെക്കൊണ്ട് വട്ടുപിടിച്ച അവസ്ഥയിലായിരുന്ന ഞങ്ങളുടെ ചെവിയിലേക്കാണ് അത് വന്നുവീണത്.
ഞാന്‍ എണീറ്റു. ഞാനും ചേട്ടനും കൂടെ ടിക്കറ്റ് ബുക്ക് ചെയ്തതു മുതല്‍ ട്രെയില്‍ കയറിയതുവരെയുള്ള ചരിത്രം പല ഭാഷകളിലും മാറി മാറി കേള്‍പ്പിച്ചു. നോര്‍ത്ത് ഇന്ത്യ ആണെങ്കിലും ഞങ്ങള്‍ക്ക് ഒന്നുംപേടിക്കാനില്ല. പക്ഷെ സീറ്റ് റിസര്‍വ്വ് ചെയ്തതുകിട്ടിയില്ലെങ്കില്‍ നിങ്ങള്‍ പേടിക്കേണ്ടിവരും എന്നൊക്കെയൊരു ഭാവത്തില്‍ ഞങ്ങള്‍ കുറേ പറഞ്ഞു. അയാള്‍ തര്‍ക്കിച്ചൊന്നുമില്ല. ഞാന്‍ ചേട്ടനോട് റെയില്‍‌‌വേയെപ്പറ്റി കുറേ കുറ്റം പറഞ്ഞു. ഇതൊക്കെ പൈസ അടിച്ചെടുക്കാനുള്ള അടവാണ്. ഇപ്പോ ചേട്ടന്റെ സീറ്റില്‍ ഉറങ്ങുന്നവരോടും വാങ്ങിയിട്ടുണ്ടാകും എന്നൊക്കെപ്പറഞ്ഞു. മലയാളത്തില്‍പ്പറഞ്ഞാല്‍ അയാള്‍ക്കൊന്നും മനസ്സിലാവില്ലല്ലോ. ചേട്ടന്‍ അയാളോട് കുറേ തര്‍ക്കിച്ചു. പറയാനുള്ളതൊക്കെ ഞങ്ങള്‍ പറഞ്ഞു. അയാളെക്കൊണ്ടുള്ള കുറ്റവും ഞാന്‍ ചേട്ടനോടും ഇടയ്ക്കിടയ്ക്ക് പറഞ്ഞു.
പറഞ്ഞുപറഞ്ഞ് അയാള്‍ ചേട്ടനേയും കൂട്ടി, ചേട്ടനൊരു സീറ്റ് ഉണ്ടെന്നു പറഞ്ഞിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ പോകാമെന്നു വിചാരിച്ചപ്പോ, ലഗ്ഗേജൊക്കെ ആരു നോക്കും എന്ന് ചേട്ടന്‍ ചോദിച്ചു. അതുകൊണ്ട് പോയില്ല. ആദ്യം എണീറ്റുപോയ കുട്ടി എന്നെ പുതപ്പിനിടയില്‍ക്കൂടെ നോക്കുന്നുണ്ട്. ഞാനില്ലായിരുന്നെങ്കില്‍ ആന്റിയുടെ സീറ്റും പോയേനെ എന്ന ഭാവത്തില്‍. കുട്ടികള്‍, സമയത്തിനും കാലത്തിനും കിടന്നുറങ്ങണം എന്നൊരു മെസ്സേജ് കണ്ണുകൊണ്ട് ഞാനവള്‍ക്ക് വിട്ടു. അവളതു കണ്ടതായിപ്പോലും ഭാവിച്ചില്ല. ചേട്ടന്‍ വരുന്നതുവരെ എന്റെ സംരക്ഷണം ഏറ്റെടുത്ത മട്ടില്‍, തട്ടിന്‍ പുറത്ത്, പല്ലികള്‍, പാറ്റയെ നോക്കുന്നതുപോലെ, ആത്മാര്‍ത്ഥമായിട്ട് എന്നെ നോക്കിക്കിടന്നു.
ചേട്ടന്‍ വന്നു, അയാളും വന്നു. അപ്പുറത്ത് രണ്ടാള്‍ക്കും സീറ്റുണ്ട്, വാ, എന്നു പറഞ്ഞ് ബാഗുകള്‍ കുറച്ചെണ്ണം എടുത്ത് നടന്നു. ഞാനും കുറച്ചെടുത്തു. കോട്ടും സൂട്ടുമിട്ട്, തീവണ്ടിയില്‍ക്കയറി, സീറ്റുള്ളവനു, സീറ്റില്ലാതെയാക്കിയും, സീറ്റില്ലാത്തവനു സീറ്റ് ഒപ്പിച്ചുകൊടുത്തും, ബാലന്‍സൊപ്പിച്ച്, അങ്ങോട്ടുമിങ്ങോട്ടും, രണ്ട് പെഗ് അടിച്ചതുപോലെ ആടിയാടിനടന്നാല്‍പ്പോര, മര്യാദയ്ക്ക് സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് കൊടുക്കാന്‍ മര്യാദയ്ക്ക് പഠിക്കണം. അതിനു സെന്‍സ് വേണം, സെന്‍സബിലിറ്റി വേണം, എന്നൊരു ഡയലോഗ് അയാളെ നോക്കി മനസ്സില്‍പ്പറഞ്ഞ്, നാഗവല്ലിസ്റ്റൈല്‍ നോട്ടവും പ്രദാനം ചെയ്ത്, വിദേശത്തുനിന്ന് കേരളം കാണാന്‍ വന്നവരുടെ ലഗ്ഗേജും തൂക്കി നടക്കുന്നവരെപ്പോലെ, ഭാരം വഹിച്ചുകൊണ്ട്, ചേട്ടന്റെ പിന്നാലെ നടക്കുമ്പോഴാണ് അദ്ദേഹം പച്ചമലയാളത്തില്‍ ചോദിച്ചത്. “നിങ്ങള്‍ മലയാളികളാണല്ലേ?”
ഞാനെന്റെ കൈയിലെ ഭാരങ്ങളോട് പറഞ്ഞു, എന്നെ നുള്ള്, എന്നെ നുള്ള്. കേട്ടതു സത്യമാണോ, ഞാന്‍ ഏതോ സ്വപ്നത്തിന്റെ വക്കിലാണോന്ന് അറിയണമല്ലോ. മനസ്സിലൊന്ന് നുള്ളി. സത്യം തന്നെ. ഞാനൊന്നു സംഭവങ്ങളെ റീവൈന്‍ഡിലിട്ടു. ഇയാളുടെ കുടുംബക്കാരെക്കുറിച്ച് ഒന്നും ചേട്ടനോട് പറഞ്ഞില്ല. എന്റെ തടി കുറയണമെന്ന മോഹം, ഇയാളോട് തര്‍ക്കിച്ചതിന്റെ പേരില്‍ കുറയില്ല. ഏസിയുടെ തണുപ്പിലും വിയര്‍ത്തു എന്ന വാചകം അനുഭവിച്ചറിഞ്ഞത് അപ്പോഴാണ്. ശ്രീശാന്തിനു ബോളിട്ടുകൊടുത്ത് ക്യാച്ചെടുപ്പിച്ച മിസ്ബയെപ്പോലെ ഞങ്ങളും മറന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയുണ്ടാവും എന്നത്!
അന്ന് ഞങ്ങള്‍ അദ്ദേഹത്തെ നോക്കിച്ചിരിച്ച ചിരിയാണ് ലോകത്തിലെ ഏറ്റവും വലിയ ചമ്മല്‍ച്ചിരി എന്നറിയപ്പെടുന്നത്. ആരും ആ റെക്കോര്‍ഡ് ഭേദിച്ചിട്ടുണ്ടാവില്ല. ;)

വണ്ടി മുന്നോട്ട്,
ചേട്ടന്‍ മുന്നോട്ട്,
ചേച്ചി മുന്നോട്ട്,
പിന്നാരു പിന്നോട്ട്? ;)

Labels: ,

Sunday, April 06, 2008

അനസ്തീഷ്യയുടെ ഓര്‍മ്മയ്ക്ക്

ഇത് നടന്നത് കുറേക്കാലം മുമ്പാണ്. ആശുപത്രി എന്നു കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. രോഗികളെ കാണാന്‍ പോകുന്നതില്‍പ്പോലും ഞാന്‍ നോക്കിയും കണ്ടുമൊക്കെയേ പുറപ്പെടൂ. അസുഖമെന്തെങ്കിലും വന്നാല്‍ ഡോക്ടറെ കാണാന്‍ പോകാന്‍ പോലും മടിയുള്ള എന്നോടാണ്, ഒരു ചെറിയ സംഗതിയാണ് ഈ സര്‍ജറി എന്ന് ഡോക്ടര്‍ പറഞ്ഞത്. പനിയുള്ളവനെ ഐസിലിരുത്തും എന്നു കേള്‍ക്കുന്ന മരവിപ്പോടെ ഞാനിരുന്നു. അങ്ങനെ ദിവസം സമാഗതമായി. ആദ്യമൊന്ന് പരിഭ്രമിച്ചിരുന്നുവെങ്കിലും ആ ദിവസം, തൃശ്ശൂര്‍ പൂരത്തിനു തിക്കിത്തിരക്കി മുന്‍ നിരയിലേക്കു പോകുന്ന ഉഷാറോടെ ഞാന്‍ പുറപ്പെട്ടു. ഭക്ഷണം ഒന്നും കഴിക്കരുത് അന്ന് എന്ന് പറഞ്ഞിരുന്നു. ബകനോട് ഏകാദശി നോമ്പെടുക്കാന്‍ പറയുന്നതുപോലെയൊരു പ്രവര്‍ത്തിയാണെങ്കിലും ഡോക്ടര്‍ പറഞ്ഞതല്ലേന്ന് കരുതി ഒന്നും കഴിച്ചിരുന്നില്ല. വിശന്നിട്ട് പഞ്ചാരിയും പാണ്ടിയും ഒക്കെ തകര്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ എത്തി ഒക്കെ ശരിയാക്കി, പോസ്റ്റ് ഓപ്പറേഷന്‍ മുറി എന്നെഴുതിയതിലേക്ക് കയറ്റിവിടപ്പെട്ടു. ചേട്ടനും അമ്മയും പുറത്തുനില്‍ക്കുന്നുണ്ട്. കുറച്ചും കൂടെ ആള്‍ക്കാര്‍ കൂടെ വേണമായിരുന്നു. എന്നാലേ സംഗതി സീരിയസ്സാണെന്ന് നഴ്സുമാര്‍ക്കും, ആശുപത്രിയില്‍ ഉള്ളവര്‍ക്കും തോന്നൂ എന്ന് എനിക്കു തോന്നി. സാരമില്ല. ഉള്ളവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക തന്നെ.
ആ മുറിയില്‍ പലരും കിടന്ന് കരച്ചിലും പൊരിച്ചിലും ഒക്കെയുണ്ട്. കുറേക്കഴിഞ്ഞാല്‍ എന്റെയും അനുഭവം ഇതൊക്കെയാവും എന്നുള്ളതുകൊണ്ട് ഞാന്‍ ചിരിച്ചില്ല. നഴ്സ് വന്ന് ഒരു ഉടുപ്പ് കൊണ്ടുത്തന്നു. അയ്യേ, ഇത്രേം കാലം ഞാന്‍ മറ്റുള്ളവരുടെ ഉടുപ്പ് ഇട്ടിട്ടില്ല, പിന്നെയല്ലേ, ഇത് എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. പിന്നെ വിചാരിച്ചു, പാവം നഴ്സിന്റെ ബി പി കൂട്ടേണ്ട എന്ന്. ഉടുപ്പിട്ട്, അവര്‍ പറഞ്ഞതുകൊണ്ട് മുടിയൊക്കെ രണ്ടുഭാഗം പിന്നിയിട്ടു. കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനു മീതെ പെര്‍ഫ്യൂം തളിക്കണോന്ന് മനസ്സില്‍ തോന്നിയെങ്കിലും ഈ വേഷത്തില്‍ എനിക്കൊരു ഗെറ്റപ്പൊക്കെയുണ്ടെന്ന് തോന്നി. കുറച്ച് പൌഡറും, ലിപ്സ്റ്റിക്കും, കണ്ണുകളുടെ വശത്തൊട്ടിക്കാന്‍ സ്വര്‍ണ്ണക്കളറുള്ള മുത്തും കൂടെ കിട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടെ അടിപൊളിയാക്കാമെന്ന് കരുതി. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം ആരോ പറഞ്ഞുവെച്ച് പോയിട്ടില്ലേ. എന്റെയൊരു ഭാവമൊക്കെക്കണ്ട്, ഇവള്‍ ഓപ്പറേഷനു വന്നതാണോ അതോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണോന്നൊരു നോട്ടം നഴ്സുമാര്‍ നോക്കുന്നുണ്ട്.
നഴ്സ് അടുത്ത് വന്നു പറഞ്ഞു.
“മാല അഴിക്കണം. അതിടാന്‍ പറ്റില്ല.” ഞാനൊന്ന് ഞെട്ടി. താലിമാല ഒരിക്കലും കഴുത്തില്‍നിന്ന് നീക്കില്ല. തലയില്‍ക്കൂടെ അഴിഞ്ഞുപോകാതിരിക്കാനാണ് ചെറിയ മാലയില്‍ ഇടുന്നതുതന്നെ. എന്നിട്ട് അഴിക്കാന്‍ പറയുന്നു.
“ഏയ്, അത് അഴിക്കാന്‍ പറ്റില്ല.”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. തിയേറ്ററിലേക്ക് കയറ്റില്ല.”
പിന്നേ...ഇതിലും വല്യ തീയറ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൈരളി, ശ്രീ, സവിത, കവിത. എന്നിട്ടല്ലേ ഇത്. മാല അഴിക്കില്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു.
“ഭര്‍ത്താവിനെ വിളിക്കും.”
ഈശ്വരാ! ഇവരുടെ ഭര്‍ത്താവ്, ഈ ഹോസ്പിറ്റലിന്റെ ഗുണ്ടയാണോ, വിളിക്കും എന്ന് പേടിപ്പിക്കാന്‍. എന്നോടാ കളി.
“എന്തിന്?”
“മാല അഴിച്ചുകൊടുക്കാലോ.”
അമ്പടീ...ഭയങ്കരീ...കുടുംബ ബിസിനസ്സാ അല്ലേ?
“ദാ...അവിടെ കൌണ്ടറിനടുത്ത് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭര്‍ത്താവിന്റേയോ അമ്മയുടേയോ കൈയില്‍ കൊടുത്തിട്ടു വരൂ.”
ഹാവൂ. അപ്പോ ചേട്ടനെയാണ് വിളിക്കും എന്ന് പറഞ്ഞത്.
ആ വലിയ മുറിയുടെ സൈഡില്‍ ഒരു ചെറിയ മുറിയുണ്ട്. വലിയ കൈപ്പത്തിയില്‍ നിന്ന് ആറാം വിരല്‍ തൂങ്ങിനില്‍ക്കുന്നതുപോലെ. അതിനൊരു കൌണ്ടറും. ചേട്ടനും അമ്മയും നില്‍ക്കുന്നുണ്ട്. അവരുടെ ആശങ്കയൊക്കെക്കണ്ടാല്‍, ഓപ്പറേഷന്‍ നടത്തുന്നത് അവര്‍ക്കാണെന്ന് തോന്നും. കൌണ്ടറില്‍ തല കാണിച്ചു. മാല അഴിക്കാന്‍ പറയുന്നു എന്നു പറഞ്ഞു. അഴിച്ചോ എന്ന് പറഞ്ഞപ്പോള്‍ അഴിച്ചുകൊടുത്തു. ചേട്ടനു എന്റെ സ്റ്റൈലൊക്കെ കണ്ടപ്പോള്‍ ക്യാമറ കൈയില്‍ ഇല്ലാഞ്ഞത് മോശമായിപ്പോയി എന്നൊരു തോന്നലുണ്ടെന്ന് എനിക്കു തോന്നി.
കുറേക്കഴിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് നയിക്കപ്പെട്ടു. അവിടെ ആര്‍ഭാടത്തില്‍ ഇട്ടിരിക്കുന്ന ഓപ്പറേഷന്‍ ടേബിള്‍ കണ്ടപ്പോള്‍, പൊട്ടക്കുളത്തിലേക്ക് ചാടുന്ന തവളെയെപ്പോലെ ഡൈവിംഗ് നടത്തിയാലോന്ന് എനിക്ക് തോന്നി. പിന്നെ നഴ്സുമാരെയൊക്കെ കണ്ടപ്പോള്‍ വേണ്ടെന്ന് വച്ചു. അവരെയൊക്കെ നോക്കി ഉള്ള ഇരുപത്തെട്ട് പല്ലും കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനസ്സ് ഡോണ്ടു ഡോണ്ടു പറഞ്ഞു. അതുകൊണ്ട് നവരസങ്ങളും, ജഗതി പറഞ്ഞ എക്സ്ട്രാ രസങ്ങളും വിട്ട്, സ്വന്തമായിട്ട് ഒന്നുണ്ടാക്കി മുഖത്തിട്ടു. കോപ്പിറൈറ്റ് പേടിക്കേണ്ടല്ലോ.
അനസ്തീഷ്യസ്പെഷലിസ്റ്റ് ഇഞ്ജക്ഷന്‍ തന്നു. ഡോക്ടര്‍ എന്റെ ചെവിയിലേക്കൊരു പാട്ടുപാടി. ഇതിന്റെ സംഗതിയൊന്നും ശരിയല്ല, മാറ്റിപ്പാടൂ എന്ന് പറയുന്നതിനുമുമ്പ് ഞാന്‍ ഏതോ ലോകത്തെത്തിയിരുന്നു. ഡോക്ടര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് ഞാന്‍ വടിയായിട്ടില്ല എന്ന് മനസ്സിലായത്.
പിന്നേയും പഴയ റൂമില്‍ എത്തി. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വന്നിട്ട് പങ്കെടുത്ത് കഴിഞ്ഞവരെപ്പോലെയായി അവസ്ഥ. വന്നപ്പോഴുള്ള ഉഷാറൊക്കെ പോയി. അവിടെ അപ്പുറവും ഇപ്പുറവും കിടന്ന് കുറേയെണ്ണം കരയുന്നുണ്ട്. പെണ്ണുങ്ങളുടെ പേരു നശിപ്പിക്കും ഇതുങ്ങളൊക്കെ എന്ന് വിചാരിച്ചു. അപ്പഴാണ് എനിക്കും എന്തൊക്കെയോ വേദനയുണ്ടെന്ന് മനസ്സിലായത്. ഞാനും അവരുടെ സംഘത്തില്‍ ചേര്‍ന്നു. തൊണ്ട എട്ടരക്കട്ടയ്ക്കിട്ട് അലറി.
“അമ്മേ......”
ആശുപത്രി ഞെട്ടിവിറച്ചു എന്നൊക്കെ എഴുതാം. പിന്നേ...ആശുപത്രിയ്ക്ക് രോഗികള്‍ കരഞ്ഞാല്‍ പുല്ല്!

അനസ്തീഷ്യസ്പെഷലിസ്റ്റിനെ ഒന്ന് കണ്ടിരുന്നെങ്കില്‍.......
“മനുഷ്യനു ഇത്രേം കൈപ്പിഴ പറ്റരുത്” എന്ന് പറയാമായിരുന്നു എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. ബുഹഹഹഹ.

Labels: ,

Sunday, February 17, 2008

ഹെന്റമ്മോ.........

ഫെബ്രുവരി 15 വൈകുന്നേരം 5.30 അടുക്കളയില്‍ ചായയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ചേട്ടന്‍ ജോലിയും കഴിഞ്ഞ് വന്നേയുള്ളൂ.
“സു, നീ പാമ്പിനെ കണ്ടിട്ടുണ്ടോ?”
“പിന്നെ കാണാതെ.”
അര മണിക്കൂര്‍ നിര്‍ത്താതെ പറയാനൊരു വിഷയം കിട്ടിയ സന്തോഷത്തില്‍, പാമ്പിനെക്കുറിച്ചും, വീട്ടില്‍ പണ്ട് കയറിവരാറുണ്ടായിരുന്ന ചേരപ്പാമ്പിനെക്കുറിച്ചും, കുളത്തില്‍ കാണുന്ന മണ്ടലിപ്പാമ്പിനെക്കുറിച്ചും, പിന്നെ ഗമ കുറയ്ക്കണ്ടാന്ന് കരുതി, മൃഗശാലകളിലും, പാമ്പുവളര്‍ത്തുകേന്ദ്രത്തിലും കാണുന്ന പാമ്പുകളെക്കുറിച്ചും, ചാനലില്‍ കാണുന്ന പാമ്പുകളെക്കുറിച്ചും ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. ചായ തിളയ്ക്കുന്നുണ്ട്. പാമ്പെന്ന് പറഞ്ഞാല്‍ പുല്‍ക്കൊടിയാണെന്ന ഭാവത്തില്‍ ചേട്ടന്റെ അടുത്ത ചോദ്യത്തിന് കാതോര്‍ത്തു. ഒന്നും കേള്‍ക്കുന്നില്ല.
“ഇപ്പോ എന്താ പാമ്പിനെക്കുറിച്ച് പറയാന്‍? വരുന്നവഴിയില്‍ കണ്ടോ?”
“ഇല്ല. ഇപ്പോ നിന്റെ പിന്നിലുണ്ട്. നിനക്ക് പേടിയൊന്നുമില്ലല്ലോ.”
“എന്റമ്മോ...”
തിരിഞ്ഞുനോക്കുമ്പോള്‍, അടുക്കള കഴിഞ്ഞ് ടി വി വച്ചിരിക്കുന്ന മുറിയില്‍ ഒരു വല്യ പാമ്പിന്റെ കുട്ടിപ്പാമ്പ്. അത് മിനുസമുള്ള പ്രതലത്തില്‍ നിന്ന് എങ്ങോട്ടും പോകാന്‍ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നു.
ചേട്ടനോട് പറഞ്ഞു, “ഞാന്‍ ചായയൊക്കെ വയ്ക്ക്യല്ലേ, ഇനിയിപ്പോ അതിന്റെ പിന്നാലെ പോയാല്‍ നേരം വെറുതേ പോകും. ചേട്ടന്‍ ആ ചൂലുകൊണ്ട് ഒന്ന് തോണ്ടിക്കളയ്. ഹും...ഇതൊക്കെയൊരു പാമ്പാണോ? ഇതിനെയൊക്കെ ചേട്ടന്‍ കൈകാര്യം ചെയ്താല്‍ മതി.” എന്നുവെച്ചാല്‍ വല്ല മൂര്‍ഖനോ രാജവെമ്പാലയോ വന്നാല്‍ “തോണ്ടിക്കളയാനേ” എന്റെ ഗമ അനുവദിക്കൂ എന്ന്. ;)
ചേട്ടന്‍ ഒരു ചൂലെടുത്ത് അതിനെ ഓടിച്ചു വന്നു.
“ഭാഗ്യം വൈകുന്നേരം തന്നെ കണ്ടത്. ഇല്ലെങ്കിലോ?”
ചേട്ടന്‍ ഒന്നും മിണ്ടിയില്ല. പിന്നെ കുറച്ച് കഴിഞ്ഞ് പതുക്കെപ്പറഞ്ഞു.

“അത് പോയെന്ന് എനിക്കു വല്യ വിശ്വാസമില്ല. ചൂലിന്റെ ഉള്ളിലേക്ക് കയറി. ഞാന്‍ പറമ്പില്‍ കൊണ്ടുചെന്ന് തട്ടിയിട്ടൊന്നും പോയപോലെ എനിക്കു തോന്നിയില്ല.” എന്ന്!

ഇനിയിപ്പോ ഞാന്‍ വിശ്വസിച്ച് എങ്ങനെ ആ ചൂലെടുക്കും എന്ന് വിചാരിച്ച് പിറ്റേന്ന് പകല്‍ ആ ചൂലെടുത്ത്, ചേകവന്മാര്‍ കാണിക്കുന്ന വാള്‍പ്പയറ്റ് പോലെ ഒരു ചൂല്‍പ്പയറ്റ് നടത്തി. ഒന്നും കണ്ടില്ല. ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ അത് “ശൂ...ശൂ...” എന്ന് വിളിക്കുമായിരിക്കും. ;)

Labels:

Tuesday, January 15, 2008

ചില ജന്മങ്ങള്‍

ഞായറാഴ്ച ആയിട്ട് വെറുതേ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു, ഞാനും ചേട്ടനും. കുറച്ച് ദൂരത്തുള്ള ടൌണിലേക്ക് പോയി വരാമെന്ന് വിചാരിച്ച് ബസ്സില്‍ കയറി. സീറ്റുള്ള ബസ്സില്‍ കയറാം എന്നു പറഞ്ഞപ്പോള്‍ എല്ലാവരും എന്നോട് പറയുന്നതുപോലെ എല്ലാ ബസ്സിലും സീറ്റുണ്ടാവും എന്ന് ചേട്ടനും പറഞ്ഞു. ബസ്സില്‍, നിന്നു യാത്ര ചെയ്യുക എന്നുപറഞ്ഞാല്‍ എനിക്ക് നടന്നുപോയാലും വേണ്ടില്ല, എത്ര ദൂരത്തായാലും എന്നു തോന്നും.

ഭാഗ്യത്തിന് കയറിയപാടേ സീറ്റ് കിട്ടി. അറ്റത്ത്. ഇരുന്നു. അടുത്തുള്ളവള്‍ വല്യ ഗൌരവത്തിലാണ്. ഞാന്‍ അതിലും വല്യ ഗൌരവത്തില്‍ ഇരുന്നു. എന്തിനു കുറയ്ക്കണം. കാക്കപ്പൊന്നാണെങ്കിലും നമ്മള്‍ നമ്മുടെ പവറൊന്നും കുറയ്ക്കേണ്ടല്ലോ.

അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം. വല്യ സംഭവം ഒന്നുമല്ല. കുറേ, കുറേ എന്നുപറഞ്ഞാല്‍ അഞ്ച്, ചെറുതും വലുതുമായ കുട്ടികള്‍, ഒരമ്മ, അതിന്റെ കൈയില്‍ ഒരു കൈക്കുഞ്ഞ്, ഇത്രേം പേര്‍ കയറി. ഒക്കെ പിച്ചയെടുത്ത് ജീവിക്കുന്നവര്‍. ജനിച്ചയന്ന് കുളിച്ചിട്ടുണ്ടാവും. അത്രയ്ക്കും മുഷിഞ്ഞ വേഷം, ക്ഷീണിച്ച കോലം. അല്ലാതെ പിന്നെ നാലുനേരം മൂക്കുമുട്ടെ തിന്ന് ഏമ്പക്കം വിടുന്ന എന്നെപ്പോലെ ഇരിക്കില്ലല്ലോ.

കയറി വന്നുനിന്നത് എന്റെയടുത്ത്. കാരണം ബസ്സിലെ സീറ്റിന്റെയടുത്തുള്ള തൂണില്‍ ചാരിയാണ് എന്റെ ഇരുപ്പ്. എല്ലാംകൂടെ വന്ന് അതില്‍പ്പിടിച്ചു. എനിക്കൊന്നും തോന്നിയില്ല. അതുങ്ങളുടെ നില്‍പ്പും, വര്‍ത്തമാനവും കണ്ടപ്പോള്‍, ഞാന്‍ കോളേജില്‍ പോകുന്ന കാലം ഓര്‍ക്കുകയും ചെയ്തു. ഞങ്ങളും അങ്ങനെ ഒരുമിച്ച് പിടിച്ച് നിന്ന് അയ്യോ അയ്യോ എന്നൊക്കെപ്പറയുമായിരുന്നു. അട്ടഹസിക്കുകയും ചെയ്യുമായിരുന്നു.

അവര്‍ വന്നു നിന്ന് ബസ് വിട്ടതും എന്റെ അടുത്ത് ഇരുന്ന കുട്ടി (കുട്ടിയൊന്നുമല്ല. എന്നേക്കാളും പ്രായം കുറവായതുകൊണ്ട്, കുട്ടി.) പറഞ്ഞു, എല്ലാത്തിനോടും ഡ്രൈവറുടെ സീറ്റിനു പിറകില്‍ ഉള്ള സ്ഥലത്ത് പോയി നില്‍ക്കാന്‍ പറ എന്ന്. പിന്നേ... അവളു പറയുന്നതു കേള്‍ക്കാന്‍ എന്നെ അവളുടെ വേലക്കാരിയായിട്ട് അപ്പോയിന്റ് ചെയ്തിരിക്ക്യല്ലേ. ഞാന്‍ അങ്ങനെയൊന്ന് എന്റെ ചെവിയില്‍ എത്തിയതേയില്ല എന്ന
ഭാവത്തില്‍ ഇരുന്നു.

അവള്‍ക്കു പേടി. ഈ കുളിക്കാത്ത, വൃത്തിയില്ലാത്ത, പൈസയില്ലാത്ത കുട്ടികള്‍, സ്റ്റൈല്‍ ഇല്ലാത്ത കുട്ടികള്‍, ഞങ്ങളുടെ നടുവിലേക്ക് നില്‍ക്കട്ടെ എന്നു പറഞ്ഞാലോയെന്ന്. അവളുടെ പെര്‍ഫ്യൂമടിച്ച കുപ്പായം ചീത്തയാവില്ലേ. അവളെ പുറത്തുനിന്നോ ബസ്സിനകത്തുനിന്നോ ആരെങ്കിലും നോക്കാനുണ്ടെങ്കില്‍, ഈ കുട്ടികളുടെ അടുത്തൊക്കെ നിന്നാല്‍ അവളുടെ വില പോയില്ലേ.

ആ കുട്ടികള്‍ കേട്ടോയെന്നറിയില്ല, അവള്‍ പറഞ്ഞത്. അതുങ്ങള്‍, അല്പം കഴിഞ്ഞ്, കയറിയ അതേ ഉഷാറോടെ മുന്നിലേക്ക് പോയി, അവിടെ പിടിച്ചുനിന്ന് ആഹ്ലാദിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ക്കെന്തറിയാം ഈ “വല്യവരുടെ” കാര്യം!

എനിക്ക് വളരെ സന്തോഷമായി. എന്തിനു? നിങ്ങള്‍ ആലോചിക്കും, അവരൊക്കെ മുന്നോട്ട് പോയതുകൊണ്ടാവും എന്ന്. അല്ലല്ല. എന്റെ ചുരിദാറിനും, മാലയ്ക്കും, മോതിരങ്ങള്‍ക്കും, വളകള്‍ക്കും, കമ്മലിനും, ഒക്കെ എന്തൊരു വില. എന്തൊരു ബഹുമാനമാണ് കിട്ടിയത്. അതൊക്കെ ഇല്ലായിരുന്നെങ്കില്‍, അവള്‍, ഞാനും കയറിയപാടേ എന്നോട് ഇവിടെ ഇരിക്കാന്‍ പറ്റില്ല, മുന്നിലെങ്ങാനും പോയി നില്‍ക്ക് എന്നു പറയില്ലായിരുന്നോ? ഹോ...ഞാന്‍ സന്തോഷംകൊണ്ട് കോരിത്തരിച്ചു. ഒരു കരിക്കട്ടയ്ക്ക്, കാക്കപ്പൊന്നിനു ഇത്രേം സന്തോഷിക്കാന്‍ കിട്ടിയാല്‍പ്പിന്നെ വെറുതേ വിടണോ. ഞാനങ്ങ് സന്തോഷിച്ചു.

ഒരു രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഞാന്‍ അവളോട് എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. ഇപ്പോ ഞാന്‍ മിക്കവാറും നിശ്ശബ്ദമായിട്ട് സഹിക്ക്യേ ഉള്ളൂ ഒക്കെ. പറഞ്ഞാലേ ഗതിയുള്ളൂ എന്നുള്ള അവസരങ്ങളില്‍ മാത്രം പ്രതികരിക്കാറുണ്ട്.

പിന്നെ ആലോചിച്ചപ്പോള്‍ അവളെയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചെലപ്പോ എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിലും ഇതേ പറയുമായിരുന്നുള്ളൂ എന്ന് ഞാനോര്‍ക്കുകയും ചെയ്തു. :) (സ്മൈലി, സ്മൈലി)

എനിക്കന്നത്തെ ദിവസം തല പുകഞ്ഞ് പോയിക്കിട്ടി. ആ പുക മാറുമ്പോഴേക്കും വേറൊരു പുക തലയിലേക്ക് കയറി. അതുമാറുമ്പോഴേക്ക് വേറൊരു പുക തലയിലേക്ക് വന്നു. ഒക്കെക്കൂടി മതിയായിപ്പോയപ്പാ. (വക്കാരിയപ്പാ, എവിടെപ്പോയപ്പാ?)

Labels:

Saturday, October 13, 2007

ഞാനും എന്റെ തടിയും

തടി, അഥവാ വണ്ണക്കൂടുതല്‍, എന്നത് ഒരു അനുഗ്രഹമോ ശാപമോ എന്നൊന്നും അറിയില്ല. എന്തായാലും, പണ്ടൊക്കെ, നാവു വടിക്കാന്‍ ചീന്തുന്ന ഈര്‍ക്കിലിന്റെ പകുതി പോലിരുന്ന ഞാന്‍, തെങ്ങുപോലെ ആയത്, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പിടിച്ചില്ലെന്ന് എനിക്ക് മനസ്സിലായി. തടിയെന്നത് മഹാമോശംകാര്യമാണെന്ന് പലരും എന്നെ പറച്ചിലൂടെ ബോധിപ്പിച്ചു. വളരെക്കാലങ്ങള്‍ക്കു ശേഷം കണ്ട മാഷ്, എന്നേയും എന്റെ കസിന്‍സിനേയും കണ്ട ശേഷം, എന്നോട് പറഞ്ഞത്, എന്ത് തടിയാ തടിച്ചത് എന്നാണ്. അപ്പറഞ്ഞ സമയത്ത്, ആ നിന്നയിടം ഒരു റോഡും, അതിലൊരു കുഴിയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഒരു മുങ്ങുമുങ്ങിയേനെ. അതുകഴിഞ്ഞ് ഒരു കസിന്റെ കല്യാണപ്പാര്‍ട്ടിയില്‍ വച്ച്, വേറൊരു മാഷ്, ഇതെന്താ ഇങ്ങനെ? നീയിനി തടിക്കരുതുട്ടോ എന്ന് പറഞ്ഞു പോയപ്പോള്‍, എനിക്കു തോന്നി കാര്യം സീരിയസ്സാണെന്ന്. അസൂയ, അസൂയ എന്ന് എപ്പോഴും പറയാന്‍ പറ്റില്ലല്ലോ.

പിന്നെ, എന്നും രാവിലെ എണീറ്റു സമാധാനിക്കല്‍ ആയി, ആദ്യ ജോലി. ഖുശ്ബു, ടുന്‍ ടുന്‍, കര്‍ണ്ണം മല്ലേശ്വരി, അദ്നാന്‍ സാമി, എന്നിവരൊക്കെ ആയാല്‍ മതി എന്റെ ആരാധനാപാത്രങ്ങള്‍ എന്നു തീരുമാനിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും അനീമിയ ആണെന്നും ഞാനങ്ങുറപ്പിച്ചു. ഇനി പറയുന്നവരോട്, എന്റെ ബുദ്ധിയ്ക്ക് തലയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാണെന്നും, ഒഴുകിപ്പരക്കുകയാണെന്നും ഒരു കാരണം കണ്ടുപിടിച്ചു. എന്നെ അറിയാത്തവരൊക്കെ വിശ്വസിക്കുമല്ലോ.

പക്ഷെ, തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് എന്റെ കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. അത്, തടി കൂടുന്നുണ്ടോന്നുള്ള സംശയമാണോ, അതോ ഐസ്ക്രീമും ചോക്ലേറ്റും ഒക്കെ തട്ടിവിടുന്നതിന്റെ കഥ കേള്‍പ്പിച്ചതിലെ അസൂയയാണോയെന്നറിയില്ല. അങ്ങനെ, അവരെന്നെ ഉപദേശിച്ചു. ഒടുവില്‍, അവരുടെ പ്രേരണ അഥവാ ശല്യം കൊണ്ട്, ഒരു പാര്‍ലറുകാരി നടത്തുന്ന ജിമ്മില്‍ ചേര്‍ന്നു. ഞാനും എന്റെ കൂട്ടുകാരിയും, ഉത്സവത്തിനുപോകുന്ന ഉത്സാഹത്തോടെ പോയി. അവിടെ എന്തൊക്കെയാ പരിപാടി എന്നറിയില്ലല്ലോ. കല്യാണം കഴിഞ്ഞ് വിരുന്നിനു ചെല്ലുന്ന നവദമ്പതികള്‍ക്കു നല്‍കുന്ന പോലെയുള്ള സ്നേഹോഷ്മളമായ സ്വീകരണം കണ്ടപ്പോള്‍, എന്റെ തടിയില്‍ എനിക്ക് അഭിമാനം തോന്നി. അതേ അഭിമാനം എന്റെ കൂട്ടുകാരിക്കും ഉണ്ടെന്ന് കണ്ടപ്പോള്‍ ഇമ്മിണി വല്യ ഒരു അഭിമാനവുമായി ഞങ്ങള്‍ നിന്നു.

വെയിറ്റ് നോക്കുന്ന യന്ത്രം ഞങ്ങളുടെ മുന്നില്‍ വച്ചപ്പോള്‍, ആനയ്ക്കു മുന്നില്‍ വച്ച ബട്ടണ്‍ പോലെയുണ്ടെന്ന് എനിക്ക് തോന്നിയ സേം തോന്നല്‍, എന്റെ കൂട്ടുകാരിയ്ക്കും തോന്നിയെന്നത്, അവളുടെ നോട്ടത്തിലൂടെ എനിക്കു മനസ്സിലായി. പാര്‍ലറുകാരി മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സേം പിഞ്ച് കൈമാറിയേനെ. നീയെന്തായാലും കയറിക്കോ, പൈസച്ചെലവ് തന്നെ, ഈ യന്ത്രം കേടായാല്‍ നമുക്കൊന്ന് വാങ്ങിക്കൊടുക്കാമെന്നേ എന്ന മട്ടില്‍ ഞാന്‍ നിന്നു. അവള്‍ കയറി നിന്നു. പാര്‍ലറുകാരി നോക്കി. അതുകഴിഞ്ഞ് എന്റെ ഊഴമായി. ഇതില്‍ എത്രയാ മാക്സിമം എന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. ചോദിച്ചില്ല. ശ്വാസം കഴിച്ചാല്‍, അതിന്റെ സൂചി വേഗം മുന്നോട്ട് പോയാലോന്ന് കരുതി, ഞാന്‍ ശ്വാസമടക്കിപ്പിടിച്ച്, നിന്നു. അവര്‍, അതു നോക്കി, ഒരു ബുക്കില്‍ എഴുതിയിട്ടപ്പോള്‍ എനിക്ക് സമാധാനം ആയി.

അങ്ങനെ, അവര്‍ ഓരോ യന്ത്രത്തിലും കയറി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഗാരന്റി പിരീഡ് കഴിഞ്ഞതാണോന്നുള്ള തോന്നല്‍ അടക്കി, അവരുടെ ഉപദേശം സ്വീകരിച്ചു. ഐശ്വര്യാറായിക്കും, പ്രീതി സിന്റയ്ക്കും, അവരോടുള്ള വിദ്വേഷം മറന്ന്, മനസ്സുകൊണ്ട് വെറ്റിലവച്ചു.

നടക്കാനുള്ളതില്‍ കയറി നടക്കാന്‍ തുടങ്ങിയപ്പോള്‍, ഇതുകൊള്ളാമല്ലോന്ന് തോന്നി. ഭയങ്കര നടത്തം. എവിടേം എത്തില്ല. സുഖം. ഇതേ നടത്തം നീട്ടിവലിച്ച്, അമ്പലത്തിലേക്കോ ലൈബ്രറിയിലേക്കോ നടന്നാല്‍, അനുഗ്രഹവും അറിവും കിട്ടും. ഇവിടെ പൈസ കൊടുത്ത് എവിടേം എത്താതെ നടക്കുന്നു. എന്തോ കഥ.
അതുകഴിഞ്ഞ് സ്റ്റെപ്പറില്‍ കയറി. ആദ്യം കയറിയപ്പോള്‍, കര്‍........ എന്നൊരു ഒച്ച കേട്ടു. ഈശ്വരാ ഈ സ്റ്റെപ്പറില്‍ നിന്നു വീണു മരിക്കുന്ന ആദ്യത്തെ ആളാണോ ഞാന്‍ എന്ന് പേടിച്ചു. അതൊന്നും സാരമില്ല, ചെയ്തോളൂ, ചെയ്തോളൂ എന്ന് അവര്‍. നിങ്ങക്കതൊക്കെപ്പറയാം, എനിക്കിനിയും ജീവിതത്തിന്റെ പടികള്‍ കയറാനുള്ളതാണ്, എനിക്കെന്തെങ്കിലും പറ്റിയാല്‍ ആരു സമാധാനം പറയും എന്ന മട്ടില്‍ ഞാന്‍ അതൊക്കെ ഒന്ന് സൂക്ഷ്മം പരിശോധിച്ചു. പിന്നെ ചെയ്യാന്‍ തുടങ്ങി.

പിന്നെ, അവര്‍, ഭക്ഷണകാര്യങ്ങളെക്കുറിച്ച് പറഞ്ഞു. രാത്രി, ഒരു ചപ്പാത്തിയും, കുറച്ച് വെജിറ്റബിള്‍ സാലഡും എന്നു പറഞ്ഞപ്പോള്‍, തമാശ അറിയാത്ത കൂട്ടുകാരി, ഭക്ഷണത്തിനുമുമ്പോ, ഭക്ഷണം കഴിഞ്ഞിട്ടോ എന്ന് ചോദിച്ചു. ചിരി പിടിച്ചുനിര്‍ത്തുന്നത്, ലോകത്തെ ഏറ്റവും വലിയ എക്സര്‍സൈസ് ആണെന്ന് ഞാനന്ന് മനസ്സിലാക്കി. ആ എക്സര്‍സൈസ് ഇല്ലെങ്കില്‍ തടി കേടാവും എന്നും എനിക്ക് തോന്നി.

അന്നത്തെ ദിവസം എങ്ങനെയോ തടിയൂരി. അങ്ങനെ പോകാന്‍ തുടങ്ങി, ദിവസവും. ഒരു മാസമായി. തടി കുറഞ്ഞെന്ന് ആരും പറയാത്തത്, നമ്മള്‍ അവിടെ പോകുന്നതില്‍ ഉള്ള അസൂയ കൊണ്ടാണെന്ന്, ഞാനും കൂട്ടുകാരിയും പറഞ്ഞുറപ്പിച്ചു. അങ്ങനെ, ഒരു മാസം ആയപ്പോള്‍, അവര്‍, വീണ്ടും, വെയിറ്റ് നോക്കുന്ന യന്ത്രം കൊണ്ടുവച്ചു. ഞാന്‍ എല്ലാ മെലിച്ചിലുകാരേയും മനസ്സില്‍ ധ്യാനിച്ച് അതിന്റെ മുകളിലേക്ക്, കയറി. സൂചി, റെക്കോഡ് തകര്‍ക്കാന്‍ പോകുന്ന ഓട്ടക്കാരനെപ്പോലെ ഒരു പോക്ക്. എത്ര മിനുട്ട്, ശ്വാസമടക്കിപ്പിടിച്ച്, നില്‍ക്കാം എന്ന് ഞാന്‍ അവിടെയുള്ള ക്ലോക്കില്‍ നോക്കി നിന്നു. അവര്‍ ബുക്കില്‍ എഴുതിയിടുന്നതുവരെ. രണ്ടരക്കിലോ കുറഞ്ഞിട്ടുണ്ടെന്ന് അവര്‍ പ്രഖ്യാപിച്ചു. പൈസയും കുറഞ്ഞല്ലോ എന്ന് ഞാനും വിചാരിച്ചു. എന്റെ കൂട്ടുകാരി, ഒരു കിലോയേ കുറഞ്ഞുള്ളൂ. അവള്‍ക്കത് പിടിച്ചില്ല. നാളെ മുതല്‍ നമ്മള്‍ പോകേണ്ടെന്നും, വെറുതെയാണെന്നും അവള്‍ പറഞ്ഞു. ഇത് ആദ്യത്തെ ദിവസം തന്നെ പറഞ്ഞിരുന്നെങ്കില്‍, അക്കാശ് കൊണ്ട്, ഐസ്ക്രീം കഴിക്കാമായിരുന്നു എന്നു ഞാനും കരുതി. പിന്നെ ഞങ്ങള്‍ അങ്ങോട്ട് പോയില്ല. അഥവാ, അവരെ വഴിയില്‍ എവിടെയെങ്കിലും വച്ച് കണ്ടാലും, ഇന്നലെ ഞങ്ങള്‍ക്ക് തിമിരം വന്നേയുള്ളൂ എന്ന മട്ടില്‍ നടന്നു. ഞങ്ങളുടെ തടി, ചിക്കുന്‍ ഗുനിയ പോലെ, ഗ്രാഫിനു മുകളിലേക്ക് ഒരൊറ്റപ്പോക്കങ്ങു പോയി. അതു തന്നെ.

Labels:

Monday, January 24, 2005

അഭിമന്യു.

അമ്മയായിന്നെന്റെ കൂട്ടുകാരി,
അഛനായിന്നെന്റെ കൂട്ടുകാരന്‍,
ഈ ഭൂമിയിലേക്കു വന്നുപിറന്നൊരാ,
പൊന്‍മണിമുത്തിനെ ഞാന്‍ എന്നു കാണും?
ഇന്നു എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആണ്. അഭിമന്യു എന്നു ഞാന്‍ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആ കുഞ്ഞുവാവ സന്തോഷങ്ങളും ദു:ഖങ്ങളും ആശകളും നിരാശകളും നിറഞ്ഞ ഈ ഭൂമിയിലേക്കു അല്‍പം മുന്‍പാണു വന്നത്. "നീയെന്നുവരുമെന്നോര്‍ത്തുകൊണ്ടു ദൂരെ ദൂരെയൊരമ്മ" എന്ന പാട്ടിനൊരവസാനമായി അവന്‍ വന്നു. എന്റെ അഭിമന്യു. എന്റെ മാത്രം! അല്ല അവനെ സ്നേഹിക്കാന്‍ മാത്രം മനസ്സുള്ള എല്ലാവരുടേയും !!!

Labels: ,