Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 25, 2008

പങ്കനും ചിന്നിയും

പണ്ടുപണ്ടൊരു ദേശത്ത് കുറേ ജീവികള്‍ ഉണ്ടായിരുന്നു. അവരില്‍ നല്ല കൂട്ടുകാരായിരുന്നു, പങ്കനാനയും ചിന്നിയുറുമ്പും. കൂട്ടുകാരെന്ന് പറഞ്ഞാല്‍ വളരെ സ്നേഹമുള്ള കൂട്ടുകാര്‍. കളിച്ച് ചിരിച്ച്, കിട്ടുന്നതും പങ്കുവെച്ച് അവരങ്ങനെ സുഖമായി ജീവിച്ചു. വലുപ്പച്ചെറുപ്പമൊന്നും അവര്‍ക്കൊരു പ്രശ്നമല്ലായിരുന്നു. ബാക്കിയുള്ള ജന്തുക്കള്‍ക്കൊക്കെ അതിശയമായിരുന്നു ഈ സ്നേഹം.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മനുഷ്യന്‍ വന്ന്, ആനയെ അയാളുടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. കൂട്ടുകാരെയെല്ലാം പിരിയാന്‍ നല്ല വിഷമം ഉണ്ടായിരുന്നെങ്കിലും, മനുഷ്യന്‍ കൊടുത്ത പഴവും, ശര്‍ക്കരയും, തേങ്ങയും ഒക്കെ ഓര്‍ത്തപ്പോള്‍, പങ്കനാനയ്ക്ക് അയാളുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് തോന്നി. ചിന്നിയെ പിരിയാന്‍ വയ്യല്ലോ. അതുകൊണ്ട് ചിന്നിയേയും കൂടെ കൂട്ടി. അങ്ങനെ മനുഷ്യന്റെ നാട്ടില്‍, അയാളുടെ വീട്ടിലെത്തി. മനുഷ്യരുടെ തിരക്കൊക്കെ കണ്ടപ്പോള്‍, സൂക്ഷിച്ച് ഇരിക്കണമെന്ന് ചിന്നിയോട് പങ്കന്‍ പറഞ്ഞു. പങ്കനു കിട്ടിയ സ്വീകരണത്തില്‍ ചിന്നിയ്ക്ക് വളരെ സന്തോഷമായി.

അങ്ങനെ, പങ്കന്‍ ഉത്സവത്തിനും ആഘോഷങ്ങള്‍ക്കും ഒക്കെ പോയി. എല്ലാവരുടേയും ബഹുമാനവും സ്നേഹവും ഒക്കെ കണ്ട് കണ്ട് പങ്കന് അല്പം അഹങ്കാരം വന്നു. താന്‍ വല്യ ആളാണെന്ന ഭാവം വന്നു. പങ്കനപ്പോള്‍ ഓര്‍ത്തത്, ചിന്നിയെ ഇനിയെന്തിനു കൂടെക്കൂട്ടണം, തനിക്ക് ഇത്രേം ചെറിയ ജീവിയുടെ കൂട്ടൊന്നും ആവശ്യമില്ല, തന്നെപ്പോലെയുള്ള ആനകളെ ഇഷ്ടം പോലെ കാണുന്നുണ്ടല്ലോ, ഇനി കൂട്ട് അവരോട് മതി എന്നാണ്. പങ്കന്റെ മനസ്സില്‍ അങ്ങനെയൊരു ചീത്ത വിചാരം വന്നു.

പിന്നെ പങ്കന്‍ എങ്ങോട്ട് പോകുമ്പോഴും, ചിന്നി കൂടെ വരണ്ട എന്നു പറഞ്ഞു. എനിക്ക് നോക്കാനൊന്നും പറ്റില്ല, തിരക്കിലൊന്നും വരേണ്ട, ഇവിടെയെവിടെയെങ്കിലും ഇരുന്നാല്‍ മതി എന്നു പറഞ്ഞു. പാവം ചിന്നി. പങ്കനോടുള്ള കൂട്ടുകെട്ട് കൊണ്ടാണ് സ്വന്തം നാടും വിട്ട് കൂടെപ്പോന്നത്. പക്ഷെ പങ്കന്‍ പറയുന്നത്, തന്നോടുള്ള സ്നേഹത്തിലാണെന്ന് കരുതി ചിന്നി എവിടേയും പിന്നെ കൂടെ പോയില്ല. പങ്കന്‍ പോയി വരുന്നതും കാത്ത്, മനുഷ്യന്റെ വീട്ടില്‍, കിട്ടുന്നതും തിന്ന് ഇരിക്കും. പങ്കന്‍ വന്നാല്‍ പോയ വിശേഷങ്ങളൊക്കെ ചോദിക്കും. പങ്കന്‍ വല്യ അഹങ്കാരത്തില്‍ എല്ലായിടത്തും കിട്ടിയ സ്വീകരണങ്ങളും, ഭക്ഷണത്തിന്റെ കാര്യങ്ങളും ഒക്കെപ്പറയും. ഇടയ്ക്ക്, നീ വേണമെങ്കില്‍ പഴയ സ്ഥലത്തേക്ക് മടങ്ങിപ്പോയ്ക്കോന്നൊക്കെ പങ്കനാന പറയും. കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് ചിന്നി പോവാന്‍ വിചാരിക്കുകകൂടെയില്ല.

അങ്ങനെയിരിക്കെ ഒരുദിവസം, മനുഷ്യന്റെ കുട്ടികള്‍ വന്ന് പങ്കനെ ഉപദ്രവിച്ചു. പങ്കന് നല്ല ദേഷ്യം വന്ന് ഒരു തട്ടുകൊടുത്തു. അവര്‍ വീണു, പരിക്കുപറ്റി, വീട്ടുകാരോട് കാര്യം പറഞ്ഞു. പങ്കന് നല്ല അടിയും കിട്ടി. അവന്‍ പിറ്റേന്ന് മനുഷ്യന്‍ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍, പോകാന്‍ കൂട്ടാക്കാതെ വാശിയില്‍ നിന്നു. മനുഷ്യന്‍ അവനെ കെട്ടിയിട്ട് പോയി. ഒരു ഭക്ഷണവും കൊടുത്തില്ല. ചിന്നിയ്ക്ക് വിഷമമായി. ചിന്നി, നുള്ളിപ്പെറുക്കിക്കിട്ടുന്നതൊക്കെ കൊണ്ടുക്കൊടുത്തു. പങ്കനാനയ്ക്ക് അതൊന്നും മതിയാവില്ലല്ലോ. പാവം. അഹങ്കാരമൊക്കെ തീര്‍ന്നു, നിലവിളിയായി. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയാല്‍ മതിയെന്നായി. ഒടുവില്‍ ചിന്നിയോട് മാപ്പ് പറഞ്ഞു.

ചിന്നി പറഞ്ഞു, അതൊന്നും സാരമില്ല എന്ന്. ചങ്ങലയില്‍ നിന്ന് അഴിച്ചെടുക്കാന്‍ ചിന്നിയ്ക്ക് ശ്രമിക്കാന്‍ കൂടെ ശക്തിയില്ലായിരുന്നു. ചിന്നി പോയി, സ്വന്തം നാട്ടിലെ കൂട്ടുകാരെയൊക്കെ വിളിച്ചുകൊണ്ടുവന്നു. മനുഷ്യന്റെ വീട്ടിലെ എല്ലാവരും ഉറങ്ങുമ്പോള്‍, മൃഗങ്ങളും ജീവികളുമൊക്കെ ബുദ്ധിമുട്ടിയാണെങ്കിലും പങ്കനാനയുടെ ചങ്ങലക്കെട്ട് അഴിച്ചുകൊടുത്തു. എന്നിട്ട് എല്ലാവരും കൂടെ നാട്ടിലേക്ക് യാത്രയായി.

നാട്ടിലെത്തിയപ്പോള്‍, കഥയൊക്കെ അറിഞ്ഞ മറ്റു കൂട്ടുകാരും, വലിയ മൃഗങ്ങളും ഒക്കെ പങ്കന്‍ ചെയ്തത് മോശമായി എന്ന് പറഞ്ഞു. ചിന്നിയുടെ കൂട്ട് വേണ്ടാന്ന് വിചാരിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞു. പങ്കനാനയ്ക്ക് തന്റെ തെറ്റ് മനസ്സിലായി. ചിന്നിയില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ വീട്ടില്‍ പട്ടിണി കിടന്ന് മരിച്ചേനെ എന്ന് പങ്കന് തോന്നി. വീണ്ടും അവര്‍ നല്ല കൂട്ടുകാരായി സുഖമായി ജീവിച്ചുപോന്നു.

നല്ലകാലം വരുമ്പോള്‍‍ കൂട്ടുകാരെ ഒരിക്കലും മറക്കരുതെന്നും തള്ളിപ്പറയരുതെന്നും, അത് തെറ്റാണെന്ന്, പങ്കനും, അഥവാ, തള്ളിപ്പറഞ്ഞാലും സ്നേഹം അവിടെ തീരരുതെന്നും ചിന്നിയും ലോകത്തുള്ള എല്ലാ കൂട്ടുകാരോടും പറയുന്നു.

Labels:

7 Comments:

Blogger വിനയന്‍ said...

‘മ്യഗങ്ങളും‘‘ ജീവികളും‘ എന്ന് എന്തിന് വേറേ ഉപയോഗിക്കുന്നു, മ്യഗങ്ങളും ജീവികളല്ലേ ? മനുഷ്യനും ഒരു ജീവി തന്നെ(ഇതെല്ലാം ജീവ ഗണത്തില്‍ പെടുന്നു)(കുട്ടി കഥയാകുമ്പോള്‍ തെറ്റ് പാടില്ല.“ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍.................

ഒരു പ്രാവും ഉറുമ്പും കൂട്ടുകാരായ കഥ ഓര്‍മ വരുന്നു.

Mon Feb 25, 12:41:00 pm IST  
Blogger സു | Su said...

വിനയന്‍ :) മാറ്റി.

Mon Feb 25, 03:24:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...
ഇത്തവണത്തെ എഡീഷന്‍ കുട്ടിക്കഥ ആണല്ലോ. ഏതായാലും കൊള്ളാം.
:)

Mon Feb 25, 04:54:00 pm IST  
Blogger CHANTHU said...

നന്നായി. കുട്ടികള്‍ വായിക്കുന്നുണ്ടോ ആവോ. കുട്ടികള്‍ക്കു വേണ്ടി ഒരു വിഭാഗം ബ്ലോഗില്‍ അത്യാവശ്യമാണ്‌.

Mon Feb 25, 06:35:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :)

ശ്രീ :)

ചന്തു :) കുട്ടികള്‍ വായിക്കാതെയെന്താ? വായിക്കും. ഇപ്പോ വായിച്ചില്ലെങ്കിലും എന്നെങ്കിലും വായിക്കും.

Wed Feb 27, 04:35:00 pm IST  
Blogger ചീര I Cheera said...

സൂ ഇത് നന്നായി ട്ടൊ. കുട്ടിക്കഥകളും എന്തായാലും വേണം.

മഷിത്തണ്ട് എന്ന ബ്ലോഗ് കണ്ടിട്ടില്ലേ ചന്തൂ?

Wed Feb 27, 06:12:00 pm IST  
Blogger സു | Su said...

പി. ആര്‍ :)

Thu Feb 28, 02:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home