Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 30, 2008

നവംബറിലെ ദുഃഖം








ദൂരത്താണെങ്കിലുമെല്ലാവരും
പ്രാർത്ഥിച്ചിരുന്നൂ നിങ്ങൾക്കുവേണ്ടി
പോരാടുവാനുറച്ചു നിങ്ങൾ
മുന്നോട്ടു കാലടികൾ വച്ചപ്പോഴും
എല്ലാരുമെവിടെയും പ്രാർത്ഥിച്ചിരിക്കും
തങ്ങളെ കാത്തിടും സോദരർക്കായ്.
നന്മയ്ക്കായ് നിങ്ങൾ പോരാടുമ്പോൾ,
ജീവൻ ത്യജിക്കേണ്ടി വന്നുവല്ലോ.
ഓരോ ജീവനും കാക്കുന്ന നിങ്ങളെ
ലോകം മുഴുവനും ആദരിക്കും.
ഇല്ലിനി, നിങ്ങളീ ഭൂമിയിലെങ്കിലും
ഓർമ്മകളെന്നുമുണർന്നീടട്ടെ.
നിങ്ങളെയോർക്കുമ്പോൾ അഭിമാന-
മെങ്കിലും പൊഴിക്കാതെ വയ്യ കണ്ണീർപ്പൂവുകൾ.

മുംബൈയിൽ 26/11/2008 നു നടന്ന തീവ്രവാദിആക്രമണത്തിൽ, അവരെ ചെറുത്ത് നിന്ന് ജനങ്ങൾക്കുവേണ്ടി പോരാടിയ എല്ലാ വീരന്മാർക്കും അഭിനന്ദനങ്ങൾ.


ധീരതയോടെ പോരാടി, മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ ജീവൻ ത്യജിക്കേണ്ടിവന്ന എല്ലാവർക്കും ആദരാഞ്ജലികൾ. നിങ്ങളെയോർത്ത് ഞങ്ങളൊക്കെ അഭിമാനിക്കുന്നു.


മക്കൾ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും സ്നേഹം.

ബുധനാഴ്ച വൈകുന്നേരം കറന്റ് പോയ സമയത്താണ് ഞങ്ങൾ, മുംബൈയിൽ പോകുന്ന കാര്യത്തെക്കുറിച്ച് അരമണിക്കൂർ ചർച്ച ചെയ്തത്. ബുധനാഴ്ച രാത്രിയാണ് അക്രമം തുടങ്ങുന്നത്. ഞാൻ എന്തോ പുസ്തകം വായിക്കുകയായിരുന്നു. അതുകഴിഞ്ഞ് ഉറക്കവും. അതുകൊണ്ട് അറിഞ്ഞില്ല. അറിയുന്നത്, പിറ്റേന്നു രാവിലെയാണ്. “ഓ...ഇതൊക്കെ അങ്ങനെ പോകും, നമ്മുടെ പോലീസും പട്ടാളവും ഒക്കെയുണ്ടല്ലോ” എന്നായിരുന്നു എന്റെ കരുതൽ. ഉച്ചയ്ക്കും തീരാഞ്ഞപ്പോൾ ഒരു പരിഭ്രമം. വൈകുന്നേരമായപ്പോൾ, ഞാൻ കരുതിയതുപോലെ നിസ്സാരമല്ല കാര്യങ്ങൾ എന്നു മനസ്സിലായി. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മോളെ വിളിച്ചു. അവൾ മുംബൈയിലാണ് പഠിക്കുന്നത്. ‘ഹലോ’ ന്നും പറഞ്ഞ് ചിരിക്കുന്നു! ഇങ്ങനെ കുറേ വിളി വന്നതാണെന്ന മട്ടിൽ. കുറച്ചു സമാധാനമായി. പുറത്തൊന്നും ഇറങ്ങരുതെന്നു പറഞ്ഞു. ഇപ്പഴത്തെ കുട്ടികളല്ലേ, എല്ലാർക്കും കൂടെ പോയി ചിത്രമൊക്കെ എടുത്തുവരാംന്ന് പറഞ്ഞാലോ. പിന്നെ ചാനലുകൾ മാറ്റിമാറ്റി ഒരിരുപ്പായിരുന്നു. വെടിയൊച്ച, തീ, പുക. അതിനുള്ളിലൊക്കെ പെട്ടവരെയൊക്കെ കുറിച്ചോർക്കുമ്പോൾ എന്താ ഒരു വിഷമം എന്നു പറയാൻ വയ്യ. വെറും കാഴ്ച്ചക്കാരെ സംബന്ധിച്ച് എന്തായാലും അനേകം മണിക്കൂറിനുശേഷം ഒക്കെയവസാനിച്ചു. നഷ്ടപ്പെട്ടവർക്കോ? അവർക്ക് പുതിയൊരു ജീവിതം തുടങ്ങുന്നേയുള്ളൂ. അവരുടെ ജീവിതത്തിലെ ശൂന്യത ഒരിക്കലും തീരാൻ പോകുന്നില്ല. അവർക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. നമ്മുടെ രാജ്യത്തിലേക്ക് അതിഥികളായി വന്ന ചിലരുണ്ട്. അവരെ വേണ്ടപോലെ രക്ഷിക്കാനും ആദരിക്കാനും വന്നെത്തുമ്പോഴുള്ള അതേ സന്തോഷത്തോടെ തിരിച്ചയയ്ക്കാനും നമുക്ക് കഴിഞ്ഞില്ല. അതിൽ ലജ്ജിക്കുക. ജീവൻ കളഞ്ഞും, അപകടത്തിലേക്ക് ഓടിയടുത്തും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തുനിഞ്ഞ ധീരരായ ചിലരുണ്ട്. അവരെയോർത്ത് അഭിമാനിക്കുക.

Labels: ,

6 Comments:

Blogger ചീര I Cheera said...

ആദരാഞ്ജലികള്‍, അശ്രുക്കള്‍.

Sun Nov 30, 02:48:00 pm IST  
Blogger ശ്രീ said...

മരണമടഞ്ഞ എല്ലാവര്‍ക്കും ആദരഞ്ജലികള്‍...

Sun Nov 30, 05:17:00 pm IST  
Blogger റിനുമോന്‍ said...

എല്ലാവർക്കും ആദരാഞ്ജലികൾ...

Mon Dec 01, 11:26:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

സു ചേച്ചി. ഇവിടെയും അതെ...ഒന്നും അറിഞ്ഞില്ല രാത്രി. പിറ്റേന്ന് ഓഫീസില്‍ വന്നു TVയില്‍ കണ്ടപ്പോള്‍ ആണ് ഭീകരാവസ്ഥ മനസ്സിലായത്..സങ്കടം മാത്രം ബാക്കി...
ഏറ്റവും സങ്കടം, അവര്‍ എന്റെ ബാത്ത് റൂമില്‍ എത്തി, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് SMS അയച്ച sthreeയെ പറ്റിയാണ്

Mon Dec 01, 01:34:00 pm IST  
Blogger മുസാഫിര്‍ said...

നിങ്ങളുടെ നാളേക്കു വേണ്ടി ഞങ്ങളുടെ ‘ഇന്നുകള്‍’ കൊടുത്തു.(we gave our todays for your tomorrows) എന്നു സൈനികരുടെ സിമിത്തേരിയില്‍ എഴുതി വച്ചിരിക്കുന്നു.അനുസ്മരണക്കുറിപ്പ് നന്നായി.

Mon Dec 01, 02:21:00 pm IST  
Blogger Anil cheleri kumaran said...

ആദരഞ്ജലികള്‍...

Tue Dec 02, 01:54:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home