Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 09, 2008

എന്തെങ്കിലുമാവട്ടെ

ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി എന്നു കേട്ടിട്ടുണ്ടോ? അസുഖം വന്നു കിടക്കുമ്പോഴാണ് എണീറ്റാൽ ഞാൻ മലമറിക്കും എന്ന രീതിയിൽ കാര്യങ്ങൾ പോകുന്നത്. ഇഞ്ചിയുടെ കഥയിൽ പറഞ്ഞതുപോലെയാണ് അസുഖം വന്നുകിടക്കുമ്പോൾ ഞാൻ ചിന്തിച്ചുകൂട്ടുന്നത്. എന്നാൽ അസുഖം വന്നാൽ പുതച്ചുമൂടിക്കിടക്കുകയാണെന്ന് ആരും കരുതരുത്. ഒരു നൂറു ജോലിയുണ്ടാകും. അതൊക്കെ ഞാൻ തന്നെ ചെയ്യണം.

എന്തിരൻ എന്ന സിനിമ വരുന്നുണ്ടത്രേ. മമ്മുക്കയും ലാലേട്ടനും, ഇങ്ങനെ എന്തരോ എന്തോ എന്ന സ്ഥിതിയിൽ കാര്യങ്ങൾ നീക്കിയാൽ മലയാളസിനിമ എല്ലായിടത്തുനിന്നും ഔട്ടാകും. ഞാൻ മുന്നറിയിപ്പ് തന്നില്ലെന്നുവേണ്ട. കുറച്ച് കാശുമുടക്കി നല്ലൊരു സിനിമ നിർമ്മിച്ചാലെന്താ കുഴപ്പം? കഥ ഞാൻ തരില്ലേ? ;) അല്ലെങ്കിൽ രജനീകാന്ത് വർഷത്തിൽ ഒരു സിനിമയും നിർമ്മിച്ച് സകലരേം തൂത്തുവാരിക്കൊണ്ട് ആ വഴിക്കുപോകും.

ആത്മയുടെ (ചേച്ചിയാണോ അനിയത്തിയാണോന്ന് ദൈവത്തിനറിയാം), ബ്ലോഗ് പോസ്റ്റ് വായിച്ചു. മൂത്തവരെക്കേറി പേരു വിളിക്കാനൊരു മടി. അല്ലാതെ എനിക്കു വയസ്സു കുറവാണെന്നു തെളിയിക്കാനൊന്നുമല്ല. ;) എന്റെ യഥാർത്ഥവയസ്സ് പ്രൊഫൈലിൽ ഉള്ളതുതന്നെയാ. അതു ബ്ലോഗർ. കോം ഓരോ വർഷവും കൂടുമ്പോൾ ഒന്നു കൂട്ടിക്കൊണ്ടിരുന്നോളും. എന്തെങ്കിലുമാവട്ടെ. ആത്മ ജി (എല്ലാരേം ജി ചേർത്തുവിളിച്ചാൽ നോ പ്രോബ്ലം ജി ആയില്ലേ?) ഗൈഡിന്റെ കഥ പറഞ്ഞപ്പോഴാണ്, അത് വായിച്ചിരുന്നു, പിന്നേം വായിച്ചേക്കാം എന്നു തോന്നിയത്. ചേട്ടനോട് ഗൈഡ് എന്നു പറഞ്ഞപ്പോൾ നീയെന്തു പരീക്ഷയ്ക്കാ പോകുന്നതെന്നു ചോദിച്ചു. പുസ്തകത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഛായ്! എന്നു വിചാരിച്ചുകാണും. ഒരു ഡിസൈനർ സാരി വാങ്ങിത്തരണം എന്നുപറയുന്നിടത്താണ് നൂറുറുപ്പ്യേന്റെ പുസ്തകം. നാണക്കേടു തന്നെ. പോരാത്തതിനു പുതിയൊരു സാരിക്കടയുണ്ടെന്ന് ഒരിക്കൽ ചേട്ടൻ പറഞ്ഞിട്ട് ഞാൻ കേട്ട ഭാവം കാണിച്ചില്ല. ;) ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഗൈഡ് വാങ്ങാൻ പോയി. വാങ്ങി. അടുത്ത വീട്ടിലെ ആന്റി ചോദിച്ചു എങ്ങോട്ടാ പോയതെന്ന്. പൊരിവെയിലത്തേ. ഒരു അത്യാവശ്യം ഉണ്ടായിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞു. ഒരു പുസ്തകം വാങ്ങാനാണ് പോയതെന്നുപറഞ്ഞാൽ അവരപ്പോ ഗുരുവായൂരപ്പനെ വിളിച്ചാലോ. ഉച്ചപ്പൂജേം കഴിഞ്ഞ്, ഫ്രീ ആക്കിയപ്പോൾ ഉറങ്ങുന്ന ഭഗവാനെ വെറുതേ എണീപ്പിക്കും. അക്ഷരവൈരികൾ. അവർക്കറിയ്യോ പുസ്തകത്തിന്റെ വില. ജോലിയൊക്കെക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോൾ ആകെ ഒരു പുക. പണ്ടുവായിച്ചപോലെയൊന്നുമില്ല. എപ്പഴെങ്കിലും തീർക്കാം. പനിയും മടിയും ഒന്നിച്ചുവന്നാല്‍പ്പിന്നെ നോക്കണ്ട ഒന്നും.


ഹരിശ്രീ എന്ന ബ്ലോഗർ വിവാഹിതനാവുന്നു. മറ്റെല്ലാ ബ്ലോഗരേയും പോലെയല്ലേന്നു ചോദിച്ചാൽ അല്ല. ഹരിശ്രീയും അനിയൻ ശ്രീയും എന്റെ ബ്ലോഗ് വായിച്ചാൽ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുപോകും, സമയം കിട്ടുമ്പോളെങ്കിലും. അല്ലാതെ പെട്ടിക്കടയിൽ തൂക്കിയിട്ട പുസ്തകം പോലെ ഒന്നോടിച്ച് നോക്കീട്ട് പോകില്ല. ഹരിശ്രീയുടെ ജീവിതപങ്കാളിയും ഇനി എന്റെ ബ്ലോഗ് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ വിവാഹത്തിനുപോകണ്ടേന്ന് ചോദിച്ചാൽ, ആഗ്രഹമൊക്കെയുണ്ട്. ആരു കൊണ്ടുപോകും? ആർക്കും ഒഴിവില്ല. ഒറ്റയ്ക്ക് പോകുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല. എന്നാലും ശീലമില്ലാത്തതുകൊണ്ട് പോകാൻ തോന്നുന്നില്ല. എന്തായാലും അവർക്ക് ആശംസകൾ.

വെറുതേ ഒരു ഭാര്യയ്ക്കുശേഷം കണ്ട പടം ഫാഷൻ ആണ്. രണ്ടു പടങ്ങളും തമ്മിൽ എന്തൊരു വ്യത്യാസം! മധുർ ഭണ്ടാർക്കർ എന്നുകേട്ടതുകൊണ്ടാണ് കണ്ടേക്കാംന്ന് കരുതിയത്. എനിക്കിഷ്ടപ്പെട്ടു. ഫാഷൻലോകത്തെ ഫാഷനില്ലാത്ത ഉള്ളുകള്ളികൾ ആണ് സിനിമ. അവരുടെ യഥാർത്ഥജീവിതം. മധുർ ഭണ്ടാർക്കർ പറഞ്ഞതുകൊണ്ട് അതൊക്കെ ശരി തന്നെ ആയിരിക്കും. പ്രിയങ്ക ചോപ്ര നന്നായി അഭിനയിച്ചിട്ടുണ്ട്. ഇനിയിപ്പോ ഷാരൂഖ് ഖാന്റെ ഒരു സിനിമ വരാൻ പോകുന്നുണ്ട്. അതാണ് ഒരു ആശ്വാസം. ;)

കാവ്യാമാധവന്റെ കല്യാണം തീരുമാനിച്ചു. അതിനും പോയാൽ കൊള്ളാമെന്നൊക്കെയുണ്ട്. പക്ഷെ എന്നെ ആരു വിളിക്കും? കുവൈറ്റിലെത്തിയാൽ കാവ്യ എന്റെ ബ്ലോഗ് വായിക്കുമായിരിക്കും. (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!)

തിരിച്ചറിവ് :- ലോകംന്നു പറയുന്നത് ആകെയൊരു ചുറ്റിക്കളിയാണ്. പണവും പവറും ഉണ്ടെങ്കിലേ വിലയുള്ളൂ. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുകയെങ്കിലും വേണം. ;)
എന്തെങ്കിലുമാവട്ടെ.

Labels:

9 Comments:

Blogger ഉപാസന || Upasana said...

ഹരിശ്രീയും അനിയൻ ശ്രീയും എന്റെ ബ്ലോഗ് വായിച്ചാൽ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുപോകും, സമയം കിട്ടുമ്പോളെങ്കിലും. അല്ലാതെ പെട്ടിക്കടയിൽ തൂക്കിയിട്ട പുസ്തകം പോലെ ഒന്നോടിച്ച് നോക്കീട്ട് പോകില്ല.

ഞാനിത്ര പ്രതീക്ഷിച്ചില്ല.
ഇല്ലാത്ത സമയമുണ്ടാക്കി ആ സമയം പോരാതെ പിന്നെ സമയമുണ്ടാക്കി സമയവും തരവും സമയം പോലെ ഒത്ത് വന്നാല്‍ സമയം ഒന്നുമൊരു പ്രശ്നമാകാതെ ലാവിഷായിട്ട് സമയമെടുത്ത് കുത്തിയിരുന്നു എന്തെങ്കിലുമെഴുതാറേയുള്ളൂ ഞാന്‍. അത് കൊണ്ട് വായിച്ചാലും സമയമില്ലാത്തത് കൊണ്ട് മിണ്ടാതെ പോണു. എന്റെ പേര് വിട്ടതില്‍ രണ്ട് കയ്യും പൊക്കി പ്രതിഷേധിക്കുന്നു
:-)
ഉപാസന

Sun Nov 09, 12:13:00 PM IST  
Blogger സു | Su said...

ഹിഹി. ഞാൻ പേരു വിട്ടിട്ടൊന്നുമില്ലല്ലോ. ഉപാസന മിണ്ടാതെ പോകുംന്നും പറഞ്ഞില്ലല്ലോ. അവരു മിണ്ടീട്ടുപോകും എന്നു പ്രത്യേകിച്ചു പറഞ്ഞു എന്നേയുള്ളൂ. ഞാനെന്താ തോക്കുപിടിച്ചിട്ടുണ്ടോ രണ്ടു കൈയും പൊക്കാൻ. ;) താഴെയിട്ടു വേഗം കല്യാണത്തിനു പോയാട്ടെ. ഇപ്പൊപ്പോയാലേ നേരത്തിനും കാലത്തിനുമെത്തി ഉത്സാഹിക്കാൻ പറ്റൂ. സമയം കളയേണ്ട.

Sun Nov 09, 01:46:00 PM IST  
Blogger കരീം മാഷ്‌ said...

ഞാനും രോഗിയാണ്‌
ഹോം സിക്ക്നസ്സ്.
വായന കുറവാണ്‌.വായിച്ചാല്‍ (അഭി)പ്രായം പറയാതെ പോകാറില്ല.
ഇപ്പോള്‍ ബ്ലോഗു വായിച്ചു കമണ്ടെഴുതുന്നതു അന്തസ്സിനു കുറവാണെന്നാണു തോന്നുന്നത്?
അല്ലങ്കില്‍ വിവാദം ഉണ്ടാവണം.

Sun Nov 09, 07:15:00 PM IST  
Blogger സതീശ് മാക്കോത്ത്| sathees makkoth said...

പെട്ടിക്കടയിൽ തൂക്കിയിട്ട പുസ്തകം പോലെ ഒന്നോടിച്ച് നോക്കീട്ട് പോകില്ല.
:)

Sun Nov 09, 08:34:00 PM IST  
Blogger ഹരീഷ് തൊടുപുഴ said...

ഈ ചേച്ചീടെ ഓരോരോ തോന്നലുകളേ....
പാവം ചേച്ചി!!!!

Sun Nov 09, 08:36:00 PM IST  
Blogger P.R said...

ബൈ ദ ബൈ.. പനി, ചുമ ഇത്യാദി ശല്യങ്ങള്‍ മാറീല്യേ?
അഭിനയിയ്ക്കാനാണ് പാട്, പ്രത്യേകിച്ചു അറിയില്ലെങ്കീ ആ പണിയ്ക്കു പോകാത്തതാ നല്ലത്.

Mon Nov 10, 09:24:00 AM IST  
Blogger സു | Su said...

കരീം മാഷേ :) ബ്ലോഗ് വായിക്കാൻ സമയം കണ്ടെത്തുന്നതുതന്നെ വല്യ കാര്യം.

സതീശ് :)

ഹരീഷ് :) ഉറങ്ങുമ്പോഴാണ് പാവം. ;)

പി. ആർ. :) ശല്യങ്ങൾ കൂടെയുണ്ട്. വയ്യ. എന്നാലും വെറുതെയിരിക്കാനും വയ്യ.

Tue Nov 11, 01:40:00 PM IST  
Blogger ശ്രീ said...

സൂവേച്ചീ...
കുറച്ചു വൈകിയാണെങ്കിലും ഇങ്ങെത്തി. ചേട്ടന്റെ വിവാഹത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള കമന്റ് കണ്ടിരുന്നു; നന്ദി. കല്യാണം പ്രമാണിച്ച് ഞാനും ഒരാഴ്ച നാട്ടിലായിരുന്നു.
:)

Tue Nov 18, 09:22:00 AM IST  
Blogger സു | Su said...

ശ്രീ :) വിവാഹമൊക്കെ ഭംഗിയായി നടന്നെന്നു കരുതുന്നു. ഇഡ്ഡലിപുരാണം നടന്നില്ലല്ലോ അല്ലേ? ;)

Wed Nov 19, 01:48:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home